നടക്കും മരങ്ങൾ !

നടക്കും മരങ്ങൾ ! 1

പീറ്റർ ജാക്സന്റെ Lord of the Rings എന്ന എപിക് ഫിക്ഷൻ മൂവി കണ്ടവർ എല്ലാം Ents എന്ന , നടക്കുകയും സംസാരിക്കുകയും ചെയ്യുന്ന മരങ്ങളെ ഓർക്കുന്നുണ്ടാവും . ഏകാന്തതയിൽ ചില വൃക്ഷങ്ങളെ നോക്കി നിൽക്കുമ്പോൾ ഇവ ഒന്ന് മിണ്ടിയിരുന്നു എങ്കിൽ എന്ന് ചില നിമിഷങ്ങളിൽ നാം ചിന്തിച്ച് പോകാറുണ്ട് . എന്നാൽ ഇത്രയൊക്കെ ഒരു മരം ചെയ്യും എന്ന് നാം പ്രതീക്ഷിക്കുന്നില്ലെങ്കിലും ഇക്വഡോറിലും മറ്റു ചില ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും കാണപ്പെടുന്ന ചില കാട്ടുപനമരങ്ങൾ (Socratea exorrhiza, the Walking Palm or Cashapona) “അത്യാവശ്യം ” നടക്കും എന്നാണ് ചില ഗവേഷകരുടെ കണ്ടുപിടുത്തം !

Advertisements

പാലിയോ ബയോളജിസ്റ്റായ Peter Vrsansky , ഇക്വഡോറിന്റെ തലസ്ഥാനമായ Quito യിൽ നിന്നും 100km തെക്ക് മാറി സ്ഥിതി ചെയ്യുന്ന സുമാകോ പരിസ്ഥിതി മേഖലയിൽ (Sumaco Biosphere Reserve ) നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത് . ഇവിടെയുള്ള ടൂറിസ്റ്റ് ഗൈഡുകൾ സുമാകോ , നടക്കും മരങ്ങളുള്ള മാന്ത്രിക വനമാണെന്നും പറഞ്ഞ് വിനോദ സഞ്ചാരികളെ ഇങ്ങോട്ടേയ്ക്ക് കൊണ്ടുവരാൻ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയെങ്കിലും മിക്ക ഗവേഷകരും ഇതത്ര കാര്യമായി എടുത്തിരുന്നില്ല.

500 ൽ പരം പക്ഷി ജാതികളും 6000 ൽ അധികം തരം സസ്യലതാദികളും 600 ൽ പരം ചിത്രശലഭ വിഭാഗങ്ങളും നിറഞ്ഞ നിബിഡവനമായ സുമാകോ ഒരു UNESCO സംരക്ഷിത പ്രദേശവും കൂടിയാണ് . ഇവിടെയുള്ള പാം മരങ്ങൾ ശരിക്കും ” നടക്കുക ” അല്ല , മറിച്ച് മണ്ണിലൂടെ നിരങ്ങി മാറുകയാണ് ചെയ്യുന്നത് എന്നാണ് Vrsansky പറയുന്നത് .

നമ്മുടെ കണ്ടൽ ചെടികൾക്കും മറ്റും കാണുന്ന Buttress roots (stilt roots or prop roots) ആണ് ഈ മരങ്ങളെ ഇങ്ങനെ തെന്നിമാറാൻ സഹായിക്കുന്നത് . മണ്ണൊലിപ്പും ചതുപ്പും നിറഞ്ഞ സ്ഥലങ്ങളിൽ വളരുന്ന മരങ്ങളെ മറിഞ്ഞു വീഴാതെ നിൽക്കാൻ സഹായിക്കുന്നത് , മണ്ണിന് മുകളിൽ കാണുന്ന ഇത്തരം ബട്രസ് വേരുകൾ ആണ് .

ഇനി എങ്ങിനെയാണ് ഈ പാം മരങ്ങൾ ” നടക്കുന്നത്” എന്ന് നോക്കാം . മണ്ണൊലിപ്പും വരൾച്ചയും ആണ് ഈ മരങ്ങളെ നടക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ ആയി Vrsansky വിലയിരുത്തുന്നത് . മരത്തിന്റെ അടിയിലെ ഒരു ഭാഗത്തെ മണ്ണ് ഒലിച്ച് പോകുകയോ അല്ലെങ്കിൽ ജലലഭ്യത കുറയുകയോ ചെയ്താൽ മരങ്ങൾ മറുവശത്തെ വേരുകൾ അസാധാരണമായി നീട്ടി തുടങ്ങും . മറുവശത്തെ വേരുകൾ മണ്ണിൽ നിന്നും വേർപെടുത്തി ഉണക്കിക്കളയുകയും ചെയ്യും ! ഇതിനിടെ മറുവശത്തെ വേരുകൾ ഉറച്ച മണ്ണിൽ എത്തിയിട്ടുണ്ടാവും . ഇനിയാണ് രസം . ഉറച്ച മണ്ണിൽ ആഴ്ന്നിറങ്ങിയ പുതു വേരുകൾ മരത്തെ പതുക്കെ അങ്ങോട്ട് വലിക്കാൻ തുടങ്ങും . മറുവശത്തെ വേരുകൾ പിടുത്തം വിട്ട് നില്ക്കുന്നതിനാൽ മരം പതുക്കെ പുതു വേരുകളുടെ ദിശയിൽ നിരങ്ങി മാറാൻ ആരംഭിക്കും. ദിവസം രണ്ടോ മൂന്നോ സെന്റീമീറ്റർ എന്ന കണക്കിൽ വർഷം ഇരുപത് മീറ്റർ വരെ ഈ മരങ്ങൾ ഇങ്ങനെ തെന്നി മാറും എന്നാണ് Vrsansky പറയുന്നത് . ലോകത്ത് എവിടെ കൊണ്ട് വെച്ചാലും ഈ മരങ്ങൾ ” നടക്കും” എന്ന് കരുതരുത് . “ഗതികെട്ടാൽ” മാത്രമേ ഇവർ ഇതിന് മുതിരുകയുള്ളൂ .

എന്തായാലും നടക്കും മരങ്ങളെ അന്വേഷിച്ച് കൊടും കാട്ടിലേക്ക് കയറിയ Vrsansky യും കൂട്ടുകാരൻ Thierry Garcia യും പുതിയ ഒന്ന് രണ്ട് വെള്ളച്ചാട്ടങ്ങളും ഒരു തവള വർഗ്ഗത്തെയും കണ്ടു പിടിച്ചു എന്നതാണ് കൗതുകകരം . കൂടുതൽ ഉള്ളിലേക്ക് കയറുവാൻ ശ്രമിച്ചെങ്കിലും ഇതൊരു മാന്ത്രിക വനമാണെന്നും , വിചിത്ര രോഗങ്ങൾ പരത്തുന്ന പ്രാണികൾ ധാരാളം ഉണ്ടെന്നും പറഞ്ഞ് കൂടെ ഉണ്ടായിരുന്ന നാട്ടുകാരനായ വഴികാട്ടി അവരെ തടയുകയാണ് ഉണ്ടായത് . പക്ഷെ ഇക്വഡോറിലെ വന നശീകരണത്തിന്റെ തോത് വെച്ച് നോക്കിയാൽ സുമാകോ ജൈവമേഖല നശിക്കാൻ അധികനാൾ വേണ്ടി വരില്ല . ഇവർ കയറിയ “മാന്ത്രിക” വനമാകട്ടെ സ്വകാര്യ ഭൂമിയാണ് താനും . എന്തായാലും ആർക്കും വേണ്ടാതെ കിടന്ന ഈ പ്രൈവറ്റ് മാന്ത്രിക വനത്തിന്റെ മൂന്നൂറ് ഹെക്ടറോളം കോർ ഏരിയ Garcia ഹെക്ടറിന് അഞ്ഞൂറ് ഡോളർ മുടക്കി സ്വന്തമായി വാങ്ങി സംരക്ഷിക്കാൻ തുടങ്ങിക്കഴിഞ്ഞു. ഗവേഷകർക്കിടയിൽ ഇപ്പോഴും തർക്കം ബാക്കിയായ നടക്കും മരത്തിന്റെ രഹസ്യം താമസിയാതെ ചുരുൾ നിവരുമെന്ന് പ്രതീക്ഷിക്കാം.

Advertisements

References
1.http://www.bbc.com/…/20151207-ecuadors-mysterious-walking-t…
2. http://www.odditycentral.com/…/these-walking-trees-in-ecuad…
3. https://en.wikipedia.org/wiki/Socratea_exorrhiza

നമ്മുടെ നാട്ടിലെ കണ്ടൽ ചെടികളും വല്ലപ്പോഴും ” നടക്കാറുണ്ടന്ന് ” ചില പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട് .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ