YouTube Content Provider
* Blogger * Translator * Traveler

ആ പാദങ്ങൾ ……

by Julius Manuel
151 പേർ വായിച്ചു
🛑 You are not allowed to use this text content for YouTube Videos without permission 🛑

കട്ടൻകാപ്പിയും കുടിച്ച് രാവിലെ എട്ടുമണിയോടെ അവൻ വീട്ടിൽ നിന്നിറങ്ങും .  ചുവന്ന ബൈക്കിലിരുന്ന് പോകുന്ന ആ ചെറുപ്പക്കാരനെ  നാട്ടുകാർക്കെല്ലാം അറിയാം . പൊടിമീശയും വെച്ച് പെട്രോൾ ടാങ്കിന് മുകളിൽ രണ്ട് ബുക്കുകളും തിരുകി സാവധാനം പള്ളിയുടെ മുൻപിലൂടെ വണ്ടിയോടിക്കുന്ന അവൻ തന്റെ നാടുകഴിയുന്ന ആ നിമിഷം വണ്ടിയുടെ വേഗത ഇരട്ടിപ്പിക്കും . വീട്ടിൽ നിന്നിറങ്ങുമ്പോൾ തലയിലുണ്ടായിരുന്ന  കറുത്ത ഹെൽമറ്റ്  ആ സമയം മുന്നിലെ റിയർവ്യൂ മിററിന്റെ കമ്പിയിൽ കിടന്ന് നട്ടംതിരിയുന്നുണ്ടാവും . പട്ടണത്തിലേക്ക് പോകുന്ന പ്രധാന റോഡിലേക്കുള്ള കവലയിൽ മാത്രം വണ്ടി ചെറുതായൊന്ന് വേഗതകുറയ്ക്കും . പിന്നെ മിന്നല് പോലൊരു പോക്കാണ് .  സർക്കാര് വക കോളേജിലെത്താതെ ആ ഇരുചക്രവാഹനം നിൽക്കില്ല . നേരെ പ്രസാദ് ചേട്ടന്റെ കടയിലേക്കാണ് വണ്ടിയുരുണ്ടുചെല്ലുക . അവിടെയാണ് സംഘം ചേരൽ . ഒന്നോ രണ്ടോ ക്ലാസുകളിൽ കയറും . അല്ലെങ്കിൽ എവിടെങ്കിലും കറങ്ങാൻ പോകും . രാത്രിയിൽ കുരിശുവരയ്ക്കു മുന്നേ വീട്ടിൽ ഹാജർ .അവന്റെ  മൂന്നുവർഷത്തെ ബിരുന്ദപഠനം ഇങ്ങനെയൊക്കെത്തന്നെയാണ് മുന്നോട്ട് പോയത് . ഈ യാത്രകളിക്കിടയിൽ സ്ഥിരമായൊരാൾ അവന്റെ ബൈക്കിന് പിറകിൽ ഉണ്ടായിരുന്നു ,  അജീഷ്.  തടിയൻ കയറിയിരുന്നാൽ ഇന്ധനം ഇരട്ടി ചിലവാകും .   പക്ഷെ സുഹൃത്താണ് , സഹപാഠിയാണ് നാട്ടുകാരനും  കൂടെയാണ് . അജീഷില്ലാതെ വണ്ടിയോടിച്ചാൽ പിറകിലൊരു ശൂന്യതയായിരുന്നു അവന് .

പക്ഷെ അന്നൊരു ദിവസം അജീഷ് വന്നില്ല . അതുകൊണ്ട് തന്നെ അവന്റെ വണ്ടി അന്ന് സാവധാനമാണ് പോയത് . കവലയിലെത്തി . അറിയാതെ വണ്ടി ചവുട്ടി നിർത്തി . ഇന്ന് പോകണമോ എന്നായിരുന്നു അവന്റെ ചിന്ത . പെട്ടന്ന് മിന്നലുപോലൊരു വാഹനം മുന്നിലൂടെ കടന്നു പോയി . സ്‌കൂട്ടി പോലെന്തോ ഒരു വണ്ടി . ഒരു പെണ്ണാണെന്ന് മനസിലായി .  അവന്റെ വണ്ടിയും പതുക്കെ മുന്നോട്ടുരുണ്ടു . അവളെ മറികടക്കാനായി വലത്തേക്ക് വെട്ടിച്ചപ്പോൾ മിന്നായം പോലെ അവളുടെ കാലുകൾ അവൻ കണ്ടു . നല്ല സുന്ദരമായ വൃത്തിയുള്ള പാദങ്ങൾ  ! അവൻ മുഖത്തേക്കു നോക്കിയതേയില്ല . ആ കാലുകൾ തന്നെ നോക്കിക്കൊണ്ട് അവളെ മറികടന്നു പോയി . വലതുവശത്തെ കണ്ണാടി അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ച് അവളുടെ മുഖമൊന്ന് കാണാൻ അവൻ ശ്രമിച്ചു . ഹെൽമെറ്റുണ്ട് . കൂടാതെ കാറ്റടിക്കാതിരിക്കുവാൻ ഷാളുകൊണ്ട് വായ് മൂടിയിരിക്കുന്നു . അവൻ വേഗതകൂട്ടി കടന്നുപോയി . പക്ഷെ ആ വെളുത്ത് ഉരുണ്ട പാദങ്ങൾ അവന്റെ മനസ്സിൽ നിന്നും പോയില്ല . അടുത്ത ദിവസ്സം അജീഷ് കൂടെയുണ്ടായിരുന്നു . പതിവില്ലാതെ കവലയിൽ ചവുട്ടിനിർത്തിയത് കണ്ട് അവൻ ദേഷ്യപ്പെട്ടു . സമയം പോയിരിക്കുന്നു . പക്ഷെ അവൻ ഇടവും വലവും  നോക്കി ഒരു രണ്ടുമിനിറ്റ് ഒന്നും മിണ്ടാതെ വണ്ട് ചവുട്ടി നിർത്തി അതേപടി അവിടെ നിന്നു . പിന്നെ മനസില്ലാമനസോടെ  വണ്ടിയെടുത്തു . ഒച്ചിഴയുന്നതുപോലുള്ള ആ  ഡ്രൈവിങ് കണ്ട് അജീഷ് അത്ഭുതപ്പെട്ടു . പൊടുന്നനെ കണ്ണാടിയിൽ വീണ്ടും ആ രൂപം പ്രത്യക്ഷപ്പെട്ടു ! അവൻ പതുക്കെ ബൈക്ക് ഇടത്തേക്ക് തിരിച്ചു . അവളുടെ വണ്ടി സാവധാനം  മുന്നോട്ടു കയറി വന്നു . മുഖത്ത് നോക്കാതെ വീണ്ടും പാദങ്ങളിലേക്കാണ് അവന്റെ കണ്ണുകൾ പാഞ്ഞത് . വേറെ ചെരുപ്പാണ് . നഖങ്ങളിൽ നിറങ്ങൾ പുരണ്ടിരിക്കുന്നു . താളത്തിനൊത്ത് ചലിപ്പിക്കുമാറ് വിരലുകൾ അനങ്ങുന്നുണ്ട് . കണ്ണുകൾ പതുക്കെ അവളുടെ  മുഖത്തേക്ക് സഞ്ചരിച്ചു . പെട്ടന്ന് അവൾ തലവെട്ടിച്ച് ഒന്ന് നോക്കി . ചിരിക്കുകയായിരുന്നോ ? എന്തായിരുന്നു ആ മുഖഭാവം ? ഒന്നും വ്യക്തമല്ല . പക്ഷെ അവൾ തന്നെയും ശ്രദ്ധിച്ചു എന്നവന് മനസിലായി . അവൾ പെട്ടന്ന് മറികടന്ന് പോയി . കൂടെ ഒന്ന് രണ്ട് വേറെ വണ്ടികളും .

അവൾ തന്നെ ശ്രദ്ധിച്ചു എന്ന തോന്നൽ അവനിൽ ആവേശമുയർത്തി . രാത്രിമുഴുവനും അവളുടെ ഭാവം എന്തായിരുന്നു എന്ന് ചിന്തിച്ച് ചിന്തിച്ച് അവന് ഉറക്കം വന്നതേയില്ല . എട്ട് പതിനഞ്ച് , അതാണ് സമയം . അവൾ ആ വഴി വരുന്ന സമയം !  അന്നാദ്യമായി അവൻ  കണ്ണാടിയുടെ മുൻപിൽ കുറച്ചുസമയം ചിലവഴിച്ചു . ഏത് ഷർട്ടാണ് തനിക്കു ചേരുന്നത് എന്ന് അമ്മയോട് ചോദിച്ചത് വീട്ടിലെല്ലാർക്കും വലിയ ചിരിയുളവാക്കി . ” എന്നാടാ ” എന്ന അപ്പന്റെ ചോദ്യത്തിലെ എല്ലാ അക്ഷരങ്ങൾക്കുമിടയിൽ അസാധാരണ നീളമുണ്ടായിരുന്നു . ആവേശത്തോടെ കാല് കവച്ച് ബൈക്കിൽ ഇരുന്നപ്പോൾ പക്ഷെ മുഖം വാടി . അജീഷ് ! . എങ്ങിനെ ഇവനെ ഒഴിവാക്കാം എന്നായി ചിന്ത . ഉം വഴിയുണ്ട് . അവന്റെ കുബുദ്ധി പ്രവർത്തിച്ചു തുടങ്ങി .  വണ്ടി നേരെ അജീഷിന്റെ വീടിന് മുന്നിലേയ്ക്കുരുണ്ടു . “എടാ ഞാൻ മറന്ന് പോയി , ഇന്നൊരു കല്യാണമുണ്ട് പോയെ പറ്റൂ . നീ ബസിന് പൊയ്ക്കോ ”  പാവം അജീഷ് അതും വിശ്വസിച്ച് തിരികെ കയറിപ്പോയി . അവൻ നേരെ കവലയിലേക്ക് വണ്ടി പറപ്പിച്ചു . കുറച്ചു മുന്നോട്ടു മാറ്റി വണ്ടി നിർത്തി . താമസിച്ചില്ല അവളുടെ വണ്ടി എത്തിക്കഴിഞ്ഞു ! തന്റെ ബൈക്ക് കണ്ടതും അവൾ വേഗത കുറച്ചത് അവൻ ശ്രദ്ധിച്ചു . അവൻ പതുക്കെ വണ്ടിയെടുത്തു . സാവധാനം അവളുടെ വലതുവശം വഴി ഒപ്പമെത്തി . ഇന്ന് നഖങ്ങളിലെ നിറങ്ങൾ മാറിയിട്ടുണ്ട് . ആദ്യം കണ്ട ചെരുപ്പാണ് ഇട്ടിരിക്കുന്നത് . മുഖം കാണാനൊരു പരിശ്രമം നടത്തി നോക്കി . അവൾ പഴയതുപോലെ ഒന്ന് തിരിഞ്ഞു നോക്കി . ഷാളുകൊണ്ട് മറച്ച മുഖത്തിൽ തിളങ്ങുന്ന രണ്ടു കണ്ണുകൾ അവൻ കണ്ടു . അതെ , അവൾ ചിരിക്കുകയാണ് ! പല ദിവസങ്ങൾ ഈ കളി തുടർന്നു . പിറകിലിരുന്ന അജീഷിന് ഒന്നും മനസിലായതുമില്ല .

അന്ന് രാത്രി അവനുറങ്ങിയില്ല . അവളുടെ മുഖം എങ്ങിനെയിരിക്കും എന്നായിരുന്നു ചിന്തമുഴുവനും . എങ്ങിനെ അവളോട് മിണ്ടും ? അവളെവിടാണ് പഠിക്കുന്നത് ?  നൂറ് ചോദ്യങ്ങൾ . അന്ന് ഏഴുമണിക്ക് തന്നെ റെഡിയായി അവൻ വെളിയിലിറങ്ങി . നേരെ അജീഷിന്റെ വീട്ടിലെത്തി .  അവനോട് മുഴുവൻ കാര്യങ്ങളും പറഞ്ഞു . ” കാല് കണ്ട് ഒരു പെണ്ണിനെ ഇഷ്ടപ്പെടുകയോ ?”  അജീഷിന് വാട്ടുകപ്പ പോലെ ഈ കാര്യവും ദഹനക്കേടുണ്ടാക്കി . “തിരിച്ച് നിന്റെ കാലൊന്ന് കാണിച്ചുകൊടുത്താൽ ഇതിനൊരു തീരുമാനം ഉണ്ടാവും ” അവനെ കളിയാക്കിയ അജീഷ് പക്ഷെ താമസിയാതെ തന്നെ കാര്യം സീരിയസാണ് എന്ന് മനസിലാക്കി . “നമ്മുക്കിന്നവളെ ഓവർ ടേക്ക് ചെയ്ത് വണ്ടി നിർത്തിക്കാം , പേരും നാളും സകല ചരിത്രവും ചോദിക്കുന്ന കാര്യം ഞാനേറ്റു ” അജീഷ് അവന് ധൈര്യം നൽകി . സമയം എട്ട് പതിനഞ്ച് . റിയർ വ്യൂ മിററിൽ താമര വിരിയുന്നതുപോലെ അവളുടെ സ്‌കൂട്ടി പ്രത്യക്ഷപ്പെട്ടു . പതിവുപോലെ അവനും വണ്ടി പിറകെയെടുത്തു . ഇന്ന് പാദുകങ്ങൾ വേറെയാണ് . നഖങ്ങളിലെ നിറങ്ങൾ മങ്ങിയിരിക്കുന്നു . അവൻ വണ്ടി ഇടത്തേക്ക് തിരിച്ച് അവളുടെ മുന്നിൽ ബ്രെക്കിട്ട് നിർത്തി . അവളും വണ്ടി നിർത്തി . പക്ഷെ തടിയൻ അജീഷ് കാല് കവച്ച് വണ്ടിയിൽ നിന്നിറങ്ങാനെടുത്ത സമയംകൊണ്ട് അവൾ വണ്ടിയെടുത്ത് കടന്നു കളഞ്ഞു . വേണ്ടിയിരുന്നില്ല എന്നവന് തോന്നി . അവൾക്കിഷ്ടപ്പെട്ടുകാണില്ല . നാശം .

“നീ പറഞ്ഞതുപോലെ കാല് കൊള്ളാം … അതുപോലാണ് മുഖമെങ്കിൽ തകർക്കും ”  അജീഷ് അവനെ ആശ്വസിപ്പിക്കാൻ എന്തൊക്കെയോ പുലമ്പി . ” നാളെ നീ വരേണ്ട  ഞാൻ ഒറ്റയ്ക്ക് സംസാരിച്ചോളാം ” അവൻ അജീഷിനോടായി പറഞ്ഞു . നാളെയൊന്നാകാൻ ഒരു യുഗമെടുത്തതായി അവനു തോന്നി . അടുത്ത ദിവസ്സം  വീണ്ടും എട്ട് പതിനഞ്ച് . മിററിന് വലിപ്പം പോരെന്ന് തോന്നിയതിനാൽ അവൻ വണ്ടി, അവൾ വരുന്ന ദിശയിലേക്ക് തിരിച്ചിട്ട് നോക്കിയിരുപ്പായി . സമയമിഴഞ്ഞുനീങ്ങി . അവൾ വന്നില്ല . ഇനി വേറെ വഴി പോയോ ? അതോ നേരത്തെ പോയോ ? അവന്  ആധിയായി . ഇന്നലെ കാണിച്ചത് ഇഷ്ടപ്പെട്ടു കാണില്ല . അതോ കൂട്ടത്തിലൊരാൾ ഉണ്ടായിരുന്നത് കൊണ്ടാണോ ? രണ്ടു മണിക്കൂർ അതെ ഇരുപ്പിരുന്നിട്ട് അവൻ തിരികെ വീട്ടിലേയ്ക്ക് പോയി . ഇന്ന് സമരമാണെന്ന് കള്ളം മൊഴിഞ് നേരെ കട്ടിലിൽ കയറി കിടന്നു . ആകെ നിരാശ തോന്നിയ ദിവസം .  അടുത്ത ദിവസ്സം ഏഴുമണിക്ക് തന്നെ അവൻ കവലയിൽ അവളെക്കാത്ത് കിടപ്പായി . പക്ഷെ അന്നും അവൾ വന്നില്ല . അവനാകെ ഭ്രാന്ത് പിടിച്ചു . തന്നെ ഒഴിവാക്കിയാതാണോ ? ഇല്ല , ആ കണ്ണുകൾ അവൻ കണ്ടതാണ് . ഇനി എന്തെങ്കിലും അപകടം ? ആരോട് ചോദിക്കും ? എവിടെ അന്വേഷിക്കും ? അടുത്ത നാല് ദിവസങ്ങൾക്കൂടി അങ്ങിനെ കടന്നുപോയി . അവളെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല . അങ്ങിനെ ഒരു മാസം കഴിഞ്ഞു .

പ്രസാദ് ചേട്ടന്റെ കടയിലെ മുനിപോലുള്ള അവന്റെ ഇരുപ്പ് കൂട്ടുകാർക്ക് അസ്വസ്ഥതയുണ്ടാക്കി . അവസാനം അജീഷ് കാര്യം എല്ലാവരോടും പറഞ്ഞു . “നിനക്കവളുടെ വണ്ടിയുടെ നമ്പർ അറിയാമോ ? എന്റെ അമ്മാവൻ ഈ വകുപ്പിലാണ് പറഞ്ഞാൽ അഡ്രസ് പൊക്കിയെടുക്കാം ” കൂട്ടികാരിലൊരാളുടെ ആഹ്വാനം കെട്ടവന്റെ കണ്ണുകൾ തിളങ്ങി . പക്ഷെ അവനുണ്ടോ വണ്ടിയുടെ നമ്പർ നോക്കിയത് ?  ആയിരം പേരെ നിർത്തിയാലും അവനവളുടെ കാലുകൾ തിരിച്ചറിയും പക്ഷെ വണ്ടിയുടെ നമ്പർ ? അവൻ നിരാശയോടെ മുഖം പൊത്തി . ” എനിക്കറിയാം ! ” അജീഷാണത് പറഞ്ഞത് . കണക്കിൽ പൊതുവെ മുൻപിലുള്ള അജീഷ് നൂറുകണക്കിന് ഫോൺ നമ്പറുകൾ മനഃപാഠമാക്കിയവനാണ് . ഉടൻ  ബൈക്കുകൾ  സ്റ്റാർട്ടായി . ” നീ ഇവിടിരുന്നോ ഞങ്ങൾ പോയിട്ടുവരാം ” കൂട്ടുകാർ പോയി മറയുന്നത് അവൻ നോക്കിയിരുന്നു . അവനു തീരെ പ്രതീക്ഷയുണ്ടായിരുന്നില്ല . പിറ്റേ ദിവസം അവൻ കോളേജിൽ പോയില്ല . വീട്ടിൽ മടിപിടിച്ചിരുന്നു . പക്ഷെ വൈകുന്നേരത്തോടെ അജീഷ് കോളേജിന് സമീപത്തെ ബൂത്തിൽ നിന്നും ഫോൺ വിളിച്ചു . ” എടാ അവളുടെ അപ്പന്റെ പേരിലാണ് വണ്ടി . അഡ്രസ് കിട്ടിയിട്ടുണ്ട് . നാളെ രാവിലെ തന്നെ നീ വീട്ടിലേയ്ക്ക് വാ , നമ്മുക്ക് പോകാം ”

അന്ന് ഉദിക്കില്ലായെന്ന് സൂര്യൻ ശാഠ്യo പിടിക്കുന്നതായി അവനു തോന്നി . ബൈക്കിന്റെ ഇരമ്പൽ കേട്ടതോടെ പല്ലുപോലും തേയ്ക്കാതെ അജീഷ് പിറകിൽ സ്ഥാനം പിടിച്ചു . അധികം ദൂരെയല്ല അവളുടെ വീട് . സ്പീഡിന്റെ കാഠിന്യം കാരണം അജീഷ് പിറകിൽ പേടിച്ച് വിരണ്ടാണിരുന്നത് . ഒരു ചെറു ഗ്രാമം . ഒരു മാടകട തുറന്നു വരുന്നതേയുള്ളൂ . മിൽമ പാൽ വിൽക്കുന്നതിനാൽ ആയാൾ  നേരത്തെ തുറക്കും .  ഒരു ഗ്ളാസ്  ഹോർലിക്സ് ഓർഡർ ചെയ്ത് ബെഞ്ചിൽ കിടന്ന പത്രം വെറുതെ നോക്കി ഒരു ഊളച്ചിരിയോടെ അവൻ കടക്കാരനോട് ചോദിച്ചു . ചേട്ടാ ഈ അഡ്രസ് അറിയുമോ ? ബ്ലോക്കിന്റെ പിറകിലെ പേജിൽ കുറിച്ചിരുന്ന വിലാസം വായിച്ചിട്ട് ആയാൾ ചോദിച്ചു . “ഓ ! നിങ്ങൾ കൊച്ചിനെ കാണാൻ വന്നതാണല്ലേ ? നമ്മുടെ റോസിനെ ? ” ങേ ഈയാൾ നമ്മൾ പെണ്ണുകാണാൻ വന്നവരാണെന്ന് തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു ? അജീഷ് പറഞ്ഞു ”  ചേട്ടാ അതല്ല , ഞങ്ങൾ അവളുടെ കൂടെ പഠിക്കുന്നവരാണ് . ” ങാ .. മനസിലായി പിള്ളേരെ . കാര്യങ്ങൾ വഷളാണ് . നിങ്ങൾ പാല് കുടിച്ചിട്ട് നേരെ പൊയ്ക്കൊളൂ , ആ വളവ് തിരിഞ്ഞാൽ  വലത് ആദ്യം കാണുന്ന ഓടിട്ട വീട് ” അജീഷ് അയാളോട് പോയി എന്തൊക്കെയോ കുശുകുശുക്കുന്നതു കണ്ടു .

അവനൊന്നും  മനസിലായില്ല . പക്ഷെ നേരെ എങ്ങിനെ കയറിച്ചെല്ലും ? പക്ഷെ അജീഷിന് കൂസലില്ല . ” വേണ്ടിയെടുക്കെടാ ” തടിയൻ ആജ്ഞാപിച്ചു . വളവു കഴഞ്ഞതും ഓടിട്ട വീടിന് മുന്നിലെത്തിയതും ഒരുമിച്ചു കഴിഞ്ഞു . വീടിന്റെ സിറ്റ് ഔട്ടിൽ ആരൊക്കെയോ ഇരിപ്പുണ്ട് . അവളുടെ വണ്ടി ഒരു മരത്തിൽ ചാരി വെച്ചിരിക്കുന്നത് അവൻ കണ്ടു . കൂസലില്ലാതെ വണ്ടിയിൽനിന്നിറങ്ങി മുറ്റത്തേക്ക് നടന്ന അജീഷിന്റെ പിന്നാലെ അവൻ ഒരു യന്ത്രം പോലെ നടന്നു . അവിടെയിരുന്നു ഒരാളോട് തങ്ങൾ റോസിനെ കാണാൻ വന്നവരാണെന്ന് അജീഷ് നേരെ കയറി തട്ടിവിട്ടു . ”  അകത്തോട്ടു കയറിക്കോളൂ ” ഒരാൾ പറഞ്ഞു . ” നീ പോയി കണ്ടിട്ട് വാ ” ഞാൻ വണ്ടിയുടെ അടുത്ത് കാണും ” അതും പറഞ്ഞുകൊണ്ട് അജീഷ് രംഗം വിട്ടു . അവനൊന്നും മനസിലായില്ല . ഒരാൾ എഴുന്നേറ്റ് കൂടെ വന്നു . അവൻ അയാളുടെ കൂടെ അകത്തേക്ക് പോയി . അവിടെ ഒരു കട്ടിലിൽ ഒരു പെണ്ണ് കിടപ്പുണ്ട് . അവൻ അടുത്തേക്ക് ചെന്നു . പുതപ്പിനിടയിലൂടെ അവളുടെ കാലുകൾ അവൻ കണ്ടു . പക്ഷെ അവളുടെ മുഖം കണ്ടവൻ ഒന്ന് ഞെട്ടി . തലയിൽ ഒരു മുടിപോലുമില്ല ! പക്ഷെ കണ്ണുകൾക്ക് അതേ തിളക്കം ! മുടിയില്ലാത്തതാണ് അവൾക്ക് ഭംഗിയെന്ന് തോന്നി . അത്രക്കാകർഷകമായ മുഖം . “വരുമെന്ന് കരുതിയില്ല ” വളരെ ബുദ്ധിമുട്ടിയാണ് അവളത് പറഞ്ഞത് . അവനൊന്നും മനസിലായില്ല . “മോനേതാ ? ” ആ ചോദ്യം കേട്ട് അവൻ തിരിഞ്ഞു നോക്കി . അവളുടെ അമ്മയാണ് . ” ഞാൻ പറഞ്ഞില്ലേ , ആ ബൈക്കിൽ ? ” അവൾ അമ്മയോടായി പറഞ്ഞു . ” ഓ പിടികിട്ടി . മോൻ ചിലപ്പോൾ വരുമെന്നവൾ പറഞ്ഞിരുന്നു , ഇരിക്ക് ഞാൻ കാപ്പിയെടുക്കാം ” ഇത്രയും പറഞ്ഞവർ അകത്തേക്ക് പോയി . അവൻ ആകെ വിരണ്ടുപോയി . എന്താണിതൊക്കെ ? ” ഞാ …. ൻ  ‘അമ്മ …യോട് പറഞ്ഞിരുന്നു …… എന്നെ….. ഇഷ്ടപ്പെടുന്ന ഒരാളുണ്ട് , വണ്ടിയിൽ കാത്തിരിക്കുന്ന … ഒരാൾ …… എനിക്ക് തോന്നി …. കാണാതായാൽ …… വരുമെന്ന് ……… ” അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി . അവനൊന്നും പറയാനുണ്ടായിരുന്നില്ല . അവളുടെ  അമ്മ  കാപ്പിയുമായി മടങ്ങിയെത്തി . ” മോനെ അവൾക്ക് ക്യാൻസറാണ് , ഒന്ന് രണ്ട് കൊല്ലമായി . ഇപ്പോൾ തീരെ വയ്യ ” അതുകേട്ട് അവന്റെ വായിലെ വെള്ളവും ധമനികളിലെ  രക്തവും ഉറഞ്ഞുപോയി . ” ഈയാൾക്കെന്നെ കിട്ടില്ലെടോ ” കരഞ്ഞുകൊണ്ടവളൊരു തമാശ പറഞ്ഞു .  ” പേര് .. പറയാമോ ” അവൾ വിക്കി വിക്കി ചോദിച്ചു . ” ജൂലിയസ് …..  ജൂലിയസ് മാനുവൽ ” അവനും വാക്കുകൾ തപ്പിത്തടവി .

എത്ര മണിക്കൂറുകൾ അവിടെയിരുന്നു എന്നവന് അറിയില്ല . വേദനയുണ്ടെങ്കിലും അവൾ വാ തോരാതെ സംസാരിച്ചു . എന്ത് ക്യാൻസറെന്നോ , എവിടാണെന്നോ അവൻ ചോദിച്ചില്ല . അതറിയേണ്ട കാര്യം അവനില്ലായിരുന്നു . അജീഷ് പുറത്ത് വീട്ടുകാരോട് എന്തെക്കെയോ പറഞ്ഞുകൊണ്ട് സമയം ചിലവഴിച്ചു . വൈകുന്നേരം ഇറങ്ങാൻ നേരം അവൾ ചോദിച്ചു ” ഇനി വരുമോ ? ” ” വരും നാളെ വരും ” അവന്റെ ഉത്തരത്തിനൊരു വാശിയുണ്ടായിരുന്നു . പിന്നീടുള്ള ആറു ദിവസങ്ങൾ അവനവിടെ പോയി  അവൾക്ക് കൂട്ടിനിരുന്നു . അവളുടെ വീട്ടുകാർ ഒരു കുടുംബാഗമെന്നതുപോലെ അവനോട് പെരുമാറി . അവൾ എങ്ങിനെയും സന്തോഷിക്കട്ടെ എന്നവർ തീരുമാനിച്ചുകാണും . ദിവസങ്ങൾ കഴിയുംതോറും അവളുടെ ശബ്ദം നേർത്തുനേർത്തു വന്നു . അവസാനം അവൾ തീരെ മിണ്ടാതായി . അവനെ കാണുമ്പോൾ ചിരിച്ചെന്ന് വരുത്തിത്തീർക്കും . അവൻ പറയുന്നതൊക്കെ കണ്ണിൽ തന്നെ നോക്കി കേട്ടുകൊണ്ട് കിടക്കും .

അന്നൊരു ദിവസം അവനു പോകാൻ സാധിച്ചില്ല . രാത്രിയിൽ പോകണെമന്നുണ്ടായിരുന്നു . പക്ഷെ എന്തുപറഞ്‌ വീട്ടിൽ നിന്നിറങ്ങും ? വെളുപ്പിനെവരെ അവൻ ഉറങ്ങാതെ കഴിച്ചുകൂട്ടി . അതിരാവിലെ തന്നെ അജീഷിനെയും കൂട്ടി അവളുടെ വീട്ടിലേക്ക് പറന്നു . പക്ഷേ ആ കടയുടെ അടുത്തെത്തിയപ്പോഴേക്കും അവൻ അപകടം മണത്തു . വഴി നിറയെ ആളുകൾ ! അവളുടെ വീട്ടിലേയ്ക്ക് വണ്ടി പോകില്ല . അവനു കാര്യം മനസിലായി . നേരെ കടയിലേക്ക് കയറിച്ചെന്നു . ” അവള് പോയെല്ലോടാ മക്കളേ ” കടക്കാരൻ ഉച്ചത്തിൽ പറഞ്ഞു . എപ്പോൾ ? അജീഷ് ചോദിച്ചു . ” ഇന്നലെ വൈകുന്നേരം, ഇന്ന് വൈകുന്നേരം അടക്കും ”

അവൻ ആ കടയിലെ ബെഞ്ചിൽ ഇരുന്നു . ഇല്ല അകത്തു കയറി അവളെ തനിക്കു കാണേണ്ട . ആ താളം പിടിക്കുന്ന വിരലുകളും , ചിരിക്കുന്ന മുഖവും …. അതങ്ങിനെ തന്നെ മനസ്സിൽ ഇരിക്കട്ടെ . ഞാൻ മരിക്കുമ്പോഴേ അവളും മരിക്കൂ ……….

ഇന്നീ നാൽപ്പത്തൊന്നാം വയസിൽ ഇതിലെ മൂന്ന്  പ്രധാന കഥാപാത്രങ്ങളിൽ അവൻ മാത്രമേ ജീവിച്ചിരിപ്പുള്ളൂ . അജീഷ് ഏതാനും വർഷങ്ങൾക്ക് മുൻപ് മരണമടഞ്ഞു .

വരയ്ക്കാൻ കഴിവുണ്ടായിരുന്നുവെങ്കിൽ ആദ്യം ജീവൻ തുടിക്കുന്ന അഞ്ചു വിരലുകളും , ചിരിക്കുന്ന ഒരു മുഖവും അവൻ വരച്ചേനെ . പക്ഷെ ഇപ്പോൾ അവളുടെ മുഖം അവ്യക്തമാകാൻ തുടങ്ങിയിരിക്കുന്നു . കാലം മനസ്സിനെ കീഴ്പ്പെടുത്താൻ തുടങ്ങിക്കാണണം . അവന് ദൈവം ഉണ്ടെന്ന് വിശ്വസിച്ചേ പറ്റൂ … കാരണം ….. അവനൊന്നുകൂടെ അവരെ കാണണം ….  ആ പാദങ്ങളുടെ ഉടമയെയും …. ആ തടിയനെയും ……

 

🛑 You are not allowed to use this text content for YouTube Videos without permission 🛑

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.

MORE POSTS

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More