മനുഷ്യന് എന്നാണ് സംഘം ചേര്‍ന്നുള്ള യുദ്ധവും ആക്രമണ പരമ്പരകളും ആരംഭിച്ചത് ? ചരിത്രപരമായ തെളിവുകള്‍ തപ്പിയാല്‍ ഏഴായിരം വര്‍ഷങ്ങള്‍ പിറകില്‍ വരെ തെളിവുകള്‍ ലഭിക്കുന്നുണ്ട് . അതില്‍ ഏറ്റവും പ്രധാനം തല്ഹൈമിലെ മരണക്കുഴി ആണ് (Talheim Death Pit) . 1983 ല്‍ ജര്‍മ്മനിയിലെ Talheim ല്‍ നിന്നും കണ്ടെത്തിയ ഈ കുഴിയില്‍ നിന്നും മുപ്പത്തിനാല് ആളുകളുടെ അവശിഷ്ടങ്ങളാണ് ലഭിച്ചത് . ഇതില്‍ പതിനാറു കുട്ടികളും ഒന്‍പതു ആണുങ്ങളും ഏഴു സ്ത്രീകളും ആയിരുന്നു ഉള്‍പ്പെട്ടിരുന്നത് . വേറെ രണ്ടുപേരുടെ ലിംഗനിര്‍ണ്ണയം സാധിച്ചിട്ടില്ല . തലയിലും ദേഹത്തും മാരകമായ മുറിവുകളേറ്റാണ് എല്ലാവരും കൊല്ലപ്പെട്ടത് . ഇതില്‍ പതിനെട്ടുപേരുടെ തലയോടുകള്‍ മൂര്‍ച്ചയുള്ള ആയുധമേറ്റാണ് തകര്‍ന്നിരിക്കുന്നത് . ബാക്കിയുള്ളവരുടെതാകട്ടെ ശക്തിയേറിയ അടിയേറ്റും. പേടിച്ച് പലായനം ചെയ്യുന്നതിനിടെയാവാം ഇവര്‍ ആക്രമണത്തിന് ഇരയായത് എന്നാണ് അനുമാനം . ഇതിനു സമാനമാണ് ഓസ്ട്രിയയിലെ Schletz-Asparn ശവക്കുഴിയും . മുഴുവനുമായി പുറത്തെടുക്കുവാന്‍ ഇതുവരെ സാധിച്ചിട്ടില്ല എങ്കിലും ഏകദേശം മുന്നൂറോളം പേര് ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടാവാം എന്നാണ് കണക്കാക്കുന്നത് . സംഭവം നടന്നിട്ടുണ്ടാവുക ഏകദേശം ഏഴായിരം വര്‍ഷങ്ങള്‍ മുന്‍പും ! ഇതിലും ഭീകരമാണ് ജര്‍മ്മനിയിലെ Herxheim ലെ കണ്ടെത്തല്‍ . ഇവിടെ കുഴിച്ചിട്ടിരിക്കുന്ന അഞ്ഞൂറോളം പേരുടെ ശരീരങ്ങളും തലകളും വേറിട്ടാണ് കിടക്കുന്നത് . തടവുകാരായി പിടിച്ച ശേഷം കഴുത് വെട്ടിയതാവാം എന്നാണ് അനുമാനിക്കുന്നത് . ക്രിസ്തുവിനും അയ്യായിരം വര്‍ഷങ്ങള്‍ പിറകിലാണ് ഇത് സംഭവിച്ചത് .
ഭക്ഷണത്തിന് വേണ്ടിയല്ലാതെയുള്ള കരുതിക്കൂട്ടിയ സംഘടിതമായ ആക്രമണം മനുഷ്യന് മാത്രമേ ഉള്ളൂ എന്നൊന്നും തെറ്റിദ്ധരിക്കരുത് . സിംഹങ്ങള്‍ കൂട്ടംകൂടി ഇരയെ പിടിക്കുന്ന രീതിയെയല്ല സംഘടിത ആക്രമണം എന്ന് ഇവിടെ പറയുന്നത് . വൈരാഗ്യം മനസ്സില്‍ സൂക്ഷിച്ച് വര്‍ഷങ്ങള്‍ കൊണ്ട് സ്വന്തം വര്‍ഗ്ഗത്തില്‍ തന്നെയുള്ള ജീവികളെ കൊല്ലുന്ന കോള്‍ഡ് ബ്ലഡഡ് അറ്റാക്ക് ആണ് ഉദ്യേശിക്കുന്നത് . ഹേയ് … ഇത് മനുഷ്യന് മാത്രമേ പറ്റൂ എന്ന് പറയാന്‍ വരട്ടെ . നമ്മുടെ അടുത്ത ബന്ധുക്കളായ ചിമ്പാന്‍സികള്‍ ഇക്കാര്യത്തില്‍ നമ്മുക്ക് തൊട്ടു താഴെ വരും .
Gombe Chimpanzee War
ഗവേഷകയായ Jane Goodall ആണ് തന്റെ അന്‍പത്തി അഞ്ചു കൊല്ലത്തെ പഠനം കൊണ്ട് ചിമ്പാന്‍സികളുടെ ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത് . Gombe Stream ദേശീയോദ്യാനം ടാന്‍സാനിയയിലെ ടാങ്കനിക്ക തടാകത്തിനരികെ കിടക്കുന്ന വനഭൂമിയാണ് . ചിമ്പാസികളും , ബബൂണ്‍ കുരങ്ങുകളും , കൊളോബസ് വാനനരന്മ്മാരും നിറഞ്ഞ നിത്യഹരിത വനമാണ് ഗോമ്പേ നാഷണല്‍ പാര്‍ക്ക് . ചിമ്പന്‍സികളെ കുറിച്ച് പഠിക്കുവാന്‍ Goodall വര്‍ഷങ്ങളോളം ഇവിടെ താമസിച്ചു റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ഇന്നിവിടം ലോകപ്രശസ്തമാണ് . ചിമ്പുകള്‍ക്ക് തീറ്റ കൊടുത്തും മറ്റും അവറ്റകളുമായി കൂട്ടം കൂടിയ Jane പതുകെ ആ വനത്തിലെ ഒരു പ്രത്യേക ഗ്രൂപ്പ് ചിമ്പാന്‍സികളെ മാത്രം ശ്രദ്ധിക്കുവാന്‍ തുടങ്ങി . അവയുടെ എല്ലാ രീതികളും പഠന വിധേയമാക്കി ക്കഴിഞ്ഞ ഒരുവേള അവര്‍ ഒരു കാര്യം ശ്രദ്ധിച്ചു . ഒറ്റ കൂട്ടമായി നടന്നിരുന്ന ആ ചിമ്പാന്‍സി കൂട്ടം പതുക്കെ രണ്ടായി പിരിയുവാന്‍ തുടങ്ങിയിരിക്കുന്നു . എന്താണ് കാരണം എന്നത് ഇന്നും അത്ജാതമാണ് . പതുക്കെ രണ്ടായി മാറിയ ആ കൂട്ടം പിന്നീട് താമസം ആ വനത്തിലെ രണ്ടു വിവിധ കോണുകളിലേയ്ക്ക് മാറ്റി . Jane രണ്ടിനും ഓരോ പേരുമിട്ടു . വലിയ ഗ്രൂപ്പ് Kasakela എന്നും ചെറുത് Kahama എന്നും . വലിയ കസാകേല ഗ്രൂപ്പ് വനത്തിന്റെ വടക്ക് ഭാഗത്ത് താവളം ഉറപ്പിച്ചപ്പോള്‍ ചെറിയ സംഘമായ കഹാമ തെക്ക് ദിശയിലേക്ക് തിരിഞ്ഞു .
കാര്യങ്ങള്‍ അവിടം കൊണ്ട് അവസാനിച്ചില്ല . ഇരു സംഘങ്ങളും പിന്നീട് പരസ്പ്പരം ആക്രമണ പരമ്പര തന്നെ അഴിച്ചു വിട്ടു . ഒറ്റക്ക് കിട്ടുന്ന ശത്രുഗ്രൂപ്പ്കാരനെ അവര്‍ കൂട്ടം കൂടി ആക്രമിച്ചു മുറിവേല്‍പ്പിച്ചു കൊന്നു കളഞ്ഞു . ഒന്നും രണ്ടും ദിവസങ്ങളല്ല ഇവര്‍ ഇത് തുടര്‍ന്നത് . 1974 മുതല്‍ 1978 വരെ നാല് വര്‍ഷങ്ങളാണ് ഈ ചിമ്പാന്‍സി ഗ്രൂപ്പുകള്‍ തമ്മില്‍ പോരടിച്ചത് ! 1974 ജനുവരി ഏഴാം തീയതി ആണ് ആദ്യ ആക്രമണം നടന്നത് . കസകേല ഗ്രൂപ്പിലെ ആറു ആണുങ്ങള് ചേര്‍ന്ന് കഹാമ സംഘത്തിലെ “Godi” എന്ന ആണ് ചിമ്പാന്സിയെ ആണ് ആക്രമിച്ചത് . ( എല്ലാ ചിമ്പുകള്ക്കും Jane പേര് നല്കിയിട്ടുണ്ടായിരുന്നു ). മരത്തില്‍ നിന്നും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ആണ് ഗോഡിയെ ശത്രുക്കള്‍ ആക്രമിച്ചത് . മാരകമായി മുറിവേറ്റ ഗോഡി അവിടെ വെച്ച് തന്നെ മരണപ്പെട്ടു . പിന്നീട് തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടന്നു . അവസാനം നാല് കൊല്ലങ്ങള്‍ കൊണ്ട് കസകേല ഗ്രൂപ്പ് കഹാമ സംഘത്തെ നാമാവിശേഷമാക്കി കളഞ്ഞു ! കസകേലക്ക് നഷ്ടമായത് ആകെ ഒരു ചിമ്പിനെ മാത്രമാണ് . തോറ്റ കഹാമയുടെ കീഴില്‍ ഉണ്ടായിരുന്ന പ്രദേശങ്ങള്‍ കസകേല സ്വന്തമാക്കി . പക്ഷെ കാര്യങ്ങള്‍ അവിടം കൊണ്ട് തീര്‍ന്നില്ല . കസക്കെലക്ക് ഭീഷണിയായി പുതിയ ഒരു ഗ്രൂപ്പ് രംഗത്ത് വന്നു . പേര് Kalande. അംഗസംഖ്യ കൂടുതല്‍ ഉണ്ടായിരുന്ന കലാണ്ടേ ഗ്രൂപ്പിനോട് ജയിക്കാന്‍ കസക്കെലക്ക് കഴിഞ്ഞില്ല . അതിനാല്‍ തന്നെ പുതിയതായി കിട്ടിയ പ്രദേശങ്ങളും വൃക്ഷങ്ങളും കലെണ്ടാക്ക് വിട്ടു കൊടുത്ത് കസക്കേല പഴയ ഉത്തര ദിക്കിലേക്ക് പിന് വലിഞ്ഞു .
യുദ്ധവും വഴക്കുമായി ഗോമ്പേ വനത്തിലെ വടക്ക് ഭാഗത്ത് കസക്കേല സംഘം ഇപ്പോഴും ഉണ്ട് . നമ്മള് നാഷണല്‍ ജ്യോഗ്രഫിക്കല്‍ ചാനലില്‍ മിക്കവാറും കാണുന്ന ചിമ്പാന്‍സികള്‍ കസക്കേല ഗ്രൂപ്പിലെ ഇളം തലമുറക്കാരാണ് . ലോകത്ത് ഏറ്റവും കൂടുതല്‍ പഠന വിധേയമാക്കിയട്ടുള്ളതും ഏറ്റവും അധികം ചിത്രീകരിക്കപ്പെട്ടിട്ടുള്ളതുമായ മൃഗസംഘം കസക്കേല ചിമ്പാന്‍സി ഗ്രൂപ്പ് ആണ് . ചിമ്പുകളെ കുറിച്ച് ഇപ്പോള്‍ നമ്മുക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും കസക്കേല സംഘത്തെ നിരീക്ഷിച്ച് ഗവേഷകര്‍ കണ്ടെത്തിയതാണ് . വൈരവും വിദ്വേഷവും മനുഷ്യന്റെ കുത്തകയല്ല എന്ന് തെളിയിച്ചുകൊണ്ട് കസക്കേല ചിമ്പുകള്‍ ഇപ്പോഴും ഗോമ്പേ വനത്തിലെ ഇടതൂര്‍ന്ന മഴക്കാടുകളില്‍ ജീവിക്കുന്നു .
Jane യുടെ പഠനങ്ങള്‍ അംഗീകരിക്കാന്‍ ആദ്യം ഗവേഷകര്‍ മടികാണിചെങ്കിലും തുടച്ചയായ പഠനങ്ങള്‍ അവരുടെ കണ്ടുപിടുതത്തെ സാധൂകരിച്ചു .
Killer ape hypothesis
മനുഷ്യന്റെ പൂര്‍വ്വികര്‍ മറ്റു വര്‍ഗ്ഗങ്ങളെ നശിപ്പിച്ചാണ് ഹോമോ സാപ്പിയന്‍സ് എന്ന ഒറ്റ വര്‍ഗ്ഗമായി തീര്‍ന്നത് എന്ന തിയറിയാണ് Killer ape hypothesis. മനുഷ്യന് മാത്രമല്ല മറ്റു പ്രൈമേറ്റ് വര്‍ഗ്ഗങ്ങള്‍ക്കും ഇത്തരം അഗ്രസീവ് സ്വഭാവം ഉണ്ട് എന്നാണ് ഇതിന്റെ ഉപത്ജാതാവ് Raymond Dart കരുതുന്നത് . മനുഷ്യന്റെ കാര്യത്തില്‍ ഈ തിയറി അംഗീകരിക്കപ്പെട്ടിട്ടില്ല എങ്കിലും മറ്റു പ്രൈമേറ്റ്കളുടെ കാര്യത്തില്‍ ഇത് ശരിയാവാം എന്ന് Gombe Chimpanzee War തെളിയിക്കുന്നു എന്ന് ചില ഗവേഷകര്‍ കരുതുന്നു
Image: Alexa_Photos @ Pixabay