ഗര്‍ത്തങ്ങളിലെ വിസ്മയലോകം !

ഗര്‍ത്തങ്ങളിലെ വിസ്മയലോകം ! 1

നിരപ്പായ ഭൂവില്‍ പൊടുന്നനെ കാണപ്പെടുന്ന, ചെറുതും വലുതുമായ കുഴികളെ ആണ് സിങ്ക് ഹോളുകള്‍ എന്ന് വിളിക്കുന്നത്‌ . ചുണ്ണാമ്പു പാറകള്‍ പോലെ എളുപ്പം ദ്രവിച്ചുതീരുന്ന ഭൗമോപരിതലം പൊടുന്നനെയോ സാവധാനമോ ഇടിഞ്ഞു വീണാണ് സാധാരണ ഇത്തരം കുഴികള്‍ രൂപമെടുക്കുന്നത് . ഭൂഗർഭഗുഹകളുടെ മേല്‍ത്തട്ട് ഇടിഞ്ഞു വീണും ഇത്തരം ഗര്‍ത്തങ്ങള്‍ രൂപമെടുക്കാറുണ്ട് . ഇതുപോലുള്ള  ചില കുഴികൾ  ചിലപ്പോള്‍ ജലം നിറഞ്ഞ് അപകടം നിറഞ്ഞ വന്‍ ഗര്‍ത്തങ്ങള്‍ ആയി രൂപപ്പെടാറുണ്ട് . മെക്സിക്കോയിലെ Zacatón (El Zacatón sinkhole ) ആണ് ഇത്തരത്തില്‍ ജലം നിറഞ്ഞ് നില്‍ക്കുന്ന ഏറ്റവും ആഴമേറിയ സിങ്ക് ഹോള്‍ . കൊടും വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഇതിനു ഏകദേശം 319 മീറ്റര്‍ ആഴം ഉണ്ട് . സാഹസിക ഡൈവിംഗ് ഇഷ്ട്ടപ്പെടുന്നവരുടെ പറുദീസയാണ് ഇത്തരം ഗര്‍ത്തങ്ങള്‍ . Zacate പുല്ലുകളാല്‍ രൂപപ്പെട്ട അനേകം ചെറു തുരുത്തുകള്‍ ഈ കുഴിയുടെ ഉപരിതലത്തില്‍ പൊന്തിക്കിടക്കുന്നുണ്ട് . കാറ്റത്ത്‌ പുല്ലിനോടോപ്പം ഇത്തരം ചെറു ദ്വീപുകളും വനാന്തരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗര്‍ത്തത്തില്‍ ഒഴുകി നടക്കും ! എന്തായാലും സാധാരണ കാണാന്‍ സാധിക്കാത്ത ഇത്തരം പ്രതിഭാസങ്ങള്‍ ഒറ്റപ്പെട്ടു കിടക്കുന്ന സിങ്ക് ഹോളുകള്‍ക്ക് മനുഷ്യരുടെ ഇടയില്‍ ഒരു മാന്ത്രിക പരിവേഷം തന്നെ ചാര്‍ത്തികൊടുത്തിട്ടുണ്ട്  . 1994 ല്‍ പ്രശസ്ത മുങ്ങല്‍ വിദഗ്ദനായിരുന്ന Sheck Exley , Zacatón സിങ്ക് ഹോളില്‍ 270 മീറ്റര്‍ താഴെ ജലത്തിന്‍റെ അമിത മര്‍ദത്താല്‍ കൊല്ലപ്പെട്ടിരുന്നു . എന്നാല്‍ ഒപ്പം ചാടിയ കൂട്ടുകാരന്‍ Jim Bowden, 282 മീറ്റര്‍ വരെ ചെന്ന് ലോക റെക്കോര്‍ഡ് സ്ഥാപിച്ചു . അതിനു ശേഷം ഇവിടെയ്ക്കുള്ള പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടുണ്ട് . NASA തങ്ങളുടെ ഉപകരണങ്ങളുടെ പരീക്ഷണ വേദിയായി ഈ ഗര്‍ത്തം ഇപ്പോള്‍ ഉപയോഗിച്ച് വരുന്നു .

Advertisements

[yotuwp type=”videos” id=”ewsTFYCJDYw” ]

പുരാതന മായൻ ജനതയാണ്  ജലമില്ലാതെ കാലിയായി കിടന്ന സിങ്ക് ഹോളുകള്‍ക്ക് ഒരു പ്രയോജനം കണ്ടു പിടിച്ചത് . മാലിന്യങ്ങളും , ബലി കൊടുത്ത മനുഷ്യരുടെയും മൃഗങ്ങളുടെയും അവശിഷ്ട്ടങ്ങളും തള്ളുവാനാണ് അവര്‍ സിങ്ക് ഹോളുകള്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത് . എന്നാല്‍ മിക്ക സിങ്ക് ഹോളുകള്‍ക്കും ഭൂഗര്‍ഭ ജലപാതകളും ആയി നേരിട്ട് ബന്ധം ഉണ്ടായിരുന്നതിനാല്‍ ഇതൊക്കെ അണ്ടര്‍ ഗ്രൌണ്ട് വാട്ടര്‍ സിസ്റ്റം മലിനപ്പെടുത്താന്‍ മാത്രമേ ഉപകരിച്ചുള്ളൂ .

എന്നാല്‍ ഇത്തരം ഗര്‍ത്തങ്ങളില്‍ ഏറ്റവും ദുരൂഹത നിറഞ്ഞത്‌ ദക്ഷിണ അമേരിക്കയില്‍ വെനിസ്വലയും മെക്സിക്കോയും ഉള്‍പ്പെടുന്ന Tepuis മല നിരകളിലാണ് ഉള്ളത് . Tepuis എന്ന വാക്കിന്‍റെ അര്‍ഥം “house of the gods” എന്നാണ് . നിരപ്പായ സമനിലങ്ങളില്‍ തികച്ചും ഒറ്റപ്പെട്ടാവും Tepuis നിലകൊള്ളുന്നത് . കുത്തനെ ഉള്ള ഭിത്തികളും നിരപ്പായ ഉപരിതലവും ഉള്ള ടേബിള്‍ ടോപ്‌ മലകള്‍ ആണ് Tepuis മലകള്‍ . മുകളിലാവട്ടെ നട്ടുച്ചയ്ക്ക് പോലും സൂര്യപ്രകാശം കടന്നു ചെല്ലാന്‍ മടിയ്ക്കുന്ന നിബിഡ വനങ്ങളും ! ഇതുപോലൊരു Tepuis ആയ Auyantepui യില്‍ നിന്നാണ് ഭൂമിയിലെ ഏറ്റവും ഉയരമേറിയ ജലപാതമായ എയ്ഞ്ചല്‍ ഫോള്‍സ് താഴേയ്ക്ക് പതിക്കുന്നത് . ഇതിനു സമാനമായ ഒരു മലയാണ് ആര്‍തര്‍ കോനന്‍ ഡോയലിന്റെ ലോസ്റ്റ്‌ വേള്‍ഡില്‍ പ്രതിപാദിച്ചിരിക്കുന്നത് . ഇത്തരം മലകളുടെ മുകള്‍ ഭാഗം മിക്കവാറും താഴെ നിന്നും വ്യത്യസ്തമായി മറ്റൊരു ആവാസവ്യവസ്ഥയില്‍ ആയിരിക്കും നിലനില്‍ക്കുന്നത് . അങ്ങനെയുള്ള മാന്ത്രിക വനത്തില്‍ കൂറ്റന്‍ ഗര്‍ത്തങ്ങളും അതിനുള്ളില്‍ കൂരിരുട്ടു നിറഞ്ഞ കൊടും വനങ്ങളും ഉണ്ടങ്കില്‍ ആ ലോകം നമ്മുടെ ഭാവനക്കും അപ്പുറമായിരിക്കും . ദേവന്മ്മാരുടെ ഇരിപ്പിടം എന്ന് നാട്ടുകാരും , അന്യഗ്രഹ ജീവികളുടെ ലാണ്ടിംഗ് സ്റ്റേഷന്‍ എന്ന് വേറെ ചിലരും, ഏറ്റവും നിഗൂഡമായ സ്ഥലം എന്ന് പര്‍വ്വതാരോഹകരും വിളിക്കുന്ന ഈ സ്ഥലമാണ് സരിസരിനാമ ഗര്‍ത്തങ്ങള്‍ (Sarisarinama sinkholes) . ഭൂമിയിലെ ഏറ്റവും വിസ്മയം നിറഞ്ഞ ഭൂവിഭാഗങ്ങളില്‍ ഒന്നായ സരിസരിനാമ എന്ന Tepuis ല്‍ ഒന്നല്ല നാല് കൂറ്റന്‍ സിങ്ക് ഹോളുകള്‍ ആണ് വനത്തിനുള്ളില്‍ മറഞ്ഞിരിക്കുന്നത് ! നാലിനും ഏറെക്കുറെ വൃത്താകൃതി ആണ് ഉള്ളത് . ( അതിനാല്‍ തന്നെ ഇത് സ്വയം ഉണ്ടായവ അല്ല എന്ന് വാദിക്കുന്നവരും  ഉണ്ട് ) . ഏറ്റവും വലിയ ഗര്‍ത്തത്തിന് (Sima Humboldt) ഏകദേശം ആയിരത്തി ഒരുന്നൂറു അടി വീതിയും അത്രയും തന്നെ ആഴം ഉണ്ടെന്ന് കരുതപ്പെടുന്നു . ഈ ഭീമന്‍ ഗര്‍ത്തങ്ങളുടെ ആകാശ കാഴ്ച ഒരു വിസ്മയം തന്നെയാണ് . 1961 ല്‍ പൈലറ്റ്‌ Harry Gibson ആണ് ഇവയെ ആകാശത്ത് നിന്നും കണ്ട ആദ്യ മനുഷ്യന്‍ .

ഈ tepui യുടെ താഴ്‌വാരങ്ങളിൽ  താമസിക്കുന്ന റെഡ് ഇന്ത്യക്കാര്‍ ഈ ഗര്‍ത്തങ്ങളില്‍ മനുഷ്യമാംസം തിന്നു ജീവിക്കുന്ന ഒരു പുരാതന സത്വം ഉള്ളതായി വിശ്വസിക്കുന്നു . അത് മനുഷ്യനെ തിന്നുമ്പോള്‍ ഉണ്ടാക്കുന്ന ശബ്ദമാണ് സരിസരി !!!! എന്തായാലും ഭീതി നിറഞ്ഞ ഈ വനത്തിലേക്കും അതിലെ കൂറ്റന്‍ കുഴികളിലെക്കും ആദ്യമായി ഒരു പര്യവേഷണ സംഘം എത്തിയത് 1974 ല്‍ മാത്രമാണ് . കുഴികളിലേക്ക് വടം കെട്ടിയിറങ്ങിയ അവര്‍ക്ക് പക്ഷെ ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍ തടസ്സം സൃഷ്ടിച്ചു . താഴേക്കു ചെല്ലും തോറും കുഴികളുടെ വിസ്താരം കൂടി വന്നതിനാല്‍ കെട്ടിയ വടങ്ങള്‍ പിൻബലമില്ലാതെ   വായുവില്‍ കിടന്നാടി . ഒരു വിധത്തില്‍ മരമുകളില്‍ ഇറങ്ങിയ അവര്‍ പ്രകാശം കിട്ടുന്നതിനും ഭാവിയില്‍ ഹെലിക്കോപ്ടര്‍ ഇറക്കുന്നതിനുമായി കുറെ മരങ്ങള്‍ പാടെ മുറിച്ചു കളഞ്ഞു . വിവരംകെട്ട ഈ പ്രവര്‍ത്തി ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി . നശിക്കപ്പെട്ട അപൂര്‍വ്വ സസ്യങ്ങളെയും ജന്തുക്കളെയുംഓര്‍ത്ത് ശാസ്ത്രലോകം പരിതപിച്ചു . രണ്ടു വര്‍ഷം കഴിഞ്ഞ് കുറേക്കൂടി സജ്ജമായി വേറൊരു സംഘം എത്തിയെങ്കിലും അവര്‍ക്കും ഗര്‍ത്തത്തിലെ പ്രതികൂലമായ പരിസ്ഥിതിയില്‍ കാര്യമായി ഒന്നും ചെയ്യാനായില്ല . വീണ്ടും അനേകം പര്യവേഷണ സംഘങ്ങള്‍ ഇതേ വഴി എത്തിയെങ്കിലും ആര്‍ക്കും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ഇടം കൊടുക്കാതെ സരിസരിനാമ ഗര്‍ത്തങ്ങള്‍ ഇന്നും അജയ്യരായി നിലകൊള്ളുന്നു . ചെന്നെത്താനുള്ള പ്രയാസം തന്നെയാണ് പ്രധാന കാരണം .

ഇനി കടലിലേയ്ക്ക് പോകാം . കരയില്‍ മാത്രമല്ല സിങ്ക് ഹോളുകള്‍ ഉണ്ടാവുന്നത് . കടലിലും ഉണ്ട് ഇത്തരം അനേകം എണ്ണം . അവയെ ബ്ലൂ ഹോളുകള്‍ എന്നാണ് വിളിക്കുക . പടുകൂറ്റന്‍ കുഴികളിലെ ജലത്തിന്‍റെ കടുംനീല നിറമാണ് ഈ പേരിനു ആധാരം (only the deep blue color of the visible spectrum can penetrate such depth and return after reflection.) കടലില്‍ മുങ്ങിക്കളിക്കുന്നവരുടെ ഇഷ്ട്ട കേന്ദ്രമാണ് ഇത്തരം കടല്‍ക്കുഴികള്‍ . ഇത്തരത്തില്‍ ഏറ്റവും വലുത് ബഹാമാസിലെ Dean’s Blue Hole ആണ് . ഏറ്റവും പ്രശസ്തം പക്ഷെ ബെലിസിലെ The Great Blue Hole ഉം ആണ് . ഇത് അറ്റ്ലാന്റിക് സമുദ്രത്തിലെ Belize Barrier Reef Reserve System എന്ന World Heritage Site നു ഉള്ളിലാണ് സ്ഥിതി ചെയ്യുന്നത് . ലോകത്തിലെ ഏറ്റവും നല്ല scuba diving സൈറ്റുകളില്‍ ഒന്നാണിത് . 125m ആണ് ഇതിന്റെ ആഴം. 2012 ല്‍ Discovery Channel ഇതിനെ The 10 Most Amazing Places on Earth ല്‍ ഒന്നാമനായി ഉള്‍പ്പെടുത്തിയിരുന്നു.. കഴിഞ്ഞ ഹിമയുഗത്തിലാണ് ഇത്തരം കടല്‍ ഗുഹകള്‍ രൂപാന്തരം പ്രാപിച്ചത്. അന്ന്, അതായത് 2.8 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് കടല്‍ നിരപ്പ് ഇന്നതെതില്‍ നിന്നും 120m താഴെ ആയിരുന്നു. ഏറ്റവും രസകരമായ വസ്തുത, പല Blue Holes ന്റെയും ചെറിയ പോക്കറ്റുകളില്‍ ശുദ്ധ ജലവും ട്രാപ് ആയി കിടക്കുന്നുണ്ട് എന്നുള്ളതാണ് .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ