രക്തം വാര്‍ക്കുന്ന മഞ്ഞുമല !

രക്തം വാര്‍ക്കുന്ന മഞ്ഞുമല ! 1

അന്‍പത്തിനാല് കിലോമീറ്ററോളം നീളമുണ്ട് അന്‍റ്റാര്‍ട്ടിക്കയിലെ ടെയ്‌ലര്‍ ഹിമാപ്പാളിക്ക് . ദക്ഷിണ ധ്രുവത്തിലെ ടെയ്‌ലര്‍ താഴ്വരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് . 1901–04 കാലഘട്ടങ്ങളിലെ ബ്രിട്ടീഷ് നാഷണല്‍ അന്‍റ്റാര്‍ട്ടിക്ക് പര്യവേഷണത്തില്‍ ആണ് ഈ ഗ്ലെയ്സ്യര്‍ ആധുനിക മനുഷ്യന്‍ കണ്ടെത്തിയത് . എന്നാല്‍ ഈ കൂറ്റന്‍ മഞ്ഞുമല ഒളിപ്പിച്ചു വെച്ചിരുന്ന മറ്റൊരു മഹാത്ഭുതം നാം കണ്ടെത്തിയത് 1911 ല്‍ ആസ്ത്രേല്യന്‍ ജിയോളജി സ്റ്റായിരുന്ന ഗ്രിഫിത്ത് ടെയ്‌ലറിന്റെ കണ്ണുകളിലൂടെ ആയിരുന്നു . ചെറിയൊരു ജലപാതമായിരുന്നു വിശാലമായ മഞ്ഞു മരുഭൂവില്‍ അദ്ദേഹം കണ്ടത് . പക്ഷെ വെളുത്ത് തുടുത്ത അന്റ്റാര്‍ട്ടിക്കന്‍ മഞ്ഞില്‍ നിന്നും പുറത്തു ചാടുന്ന ജലത്തിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു , നല്ല ചുവപ്പ് നിറം !!!

Advertisements

ഒട്ടനവധി വിശദീകരണങ്ങള്‍ ഗവേഷകര്‍ ഇതിനു നല്‍കുന്നുണ്ട് എങ്കിലും ഒരു ഏകാഭിപ്രായം ഇപ്പോഴും ഈ ചുവപ്പ് നിറത്തിന്റെ ഉത്ഭവത്തിന്റെ കാര്യത്തില്‍ ഇല്ല എന്നതാണ് ശരി . ആദ്യം കരുതിയത്‌ ചുവന്ന ആല്‍ഗകളുടെ (Rhodophyta ) സാന്നിധ്യമാണ് ജലത്തിന്‍റെ നിറത്തിന് കാരണം എന്നായിരുന്നു . എന്നാല്‍ പിന്നീട് നടന്ന ഗവേഷണങ്ങള്‍ അത് തെറ്റാണ് എന്ന് തെളിയിച്ചു . അധികമായി ചേര്‍ന്നിരിക്കുന്ന അയണ്‍ ഓക്സയിഡാണ് ഇപ്പോള്‍ ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . മറ്റൊരു അത്ഭുതം എന്തെന്നാല്‍ മഞ്ഞില്‍ നിന്നും പുറത്തു ചാടുന്നത് ശുദ്ധജലമല്ല എന്നതാണ് ! ഒന്നാന്തരം ഉപ്പുവെള്ളമാണ് ചുവന്ന നിറത്തില്‍ പൊട്ടിയൊലിക്കുന്നത് .

അതിന്‍റെ കാരണം തേടിയപ്പോള്‍ ആണ് മറ്റൊരു കൌതുകം പുറത്തു വന്നത് . ടെയ്‌ലര്‍ ഹിമാപ്പാളിയ്ക്കടിയില്‍ ഒരു പുരാതന തടാകം മറഞ്ഞു കിടപ്പുണ്ട് ! അതിന്‍റെ പഴക്കമോ , ഏകദേശം രണ്ടു മില്ല്യന്‍ വര്‍ഷങ്ങളും ! അന്ന് ഭൂമിയിലെ ജലനിരപ്പ് ഇന്നത്തെത്തിലും മുകളിലായിരുന്നു . പിന്നീട് ധ്രുവങ്ങള്‍ തണുത്തു ഉറഞ്ഞപ്പോള്‍ അന്നത്തെ കടല്‍ ജലം അകത്തു കുടുങ്ങിപ്പോയതാണ് . ഈ ജലം അന്തരീക്ഷവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ആണ് രക്തവര്‍ണ്ണമായി മാറുന്നത് . അങ്ങനെയെങ്കില്‍ അന്നത്തെ ആല്‍ഗകളും ഏകകോശ ജീവികളും ഒരു പക്ഷെ ആ ചരിത്രാതീത ജലശേഖരത്തില്‍ ഇപ്പോഴും ഉണ്ടാവില്ലേ ? (Snowball Earth hypothesis എന്നാണ് ഈ തിയറിയെ വിളിക്കുന്നത്‌ . ) സത്യത്തില്‍ ഗവേഷകര്‍ക്ക്‌ ഇത് പൊട്ടി പുറത്തേക്കൊഴുകുന്ന നിധി കുംഭമാണ് . ഇത്തരം ഭൌമാന്തര തടാകങ്ങളിലെ ജലം ശേഖരിക്കാനായി മഞ്ഞുമലകള്‍ തുരന്നു ലക്ഷങ്ങള്‍ ചിലവഴിക്കേണ്ട ആവശ്യമേയില്ല . തടാകം സ്വയം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഇവിടെ . മാത്രവുമല്ല ഇതേ അവസ്ഥയില്‍ യൂറോപ്പ പോലുള്ള ഉപഗ്രഹങ്ങളില്‍ ജലം കെട്ടിക്കിടപ്പുണ്ട്. ജീവന്‍റെ ആദ്യ രൂപം അന്റ്റാര്‍ട്ടിക്കയിലെ പ്രാചീന തടാകത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നു എങ്കില്‍ യൂറോപ്പയിലും സമാന അവസ്ഥയിലുള്ള മറ്റു ഗ്രഹങ്ങളിലും അതിനുള്ള സാധ്യത ഉണ്ടോ എന്ന് പഠിക്കുവാനും സാധിക്കും . കുറ്റാകൂരിരുട്ടത്ത് ഒരല്‍പം പ്രാണവായു പോലും ഇല്ലാത്തയിടത്ത് ജീവന്‍റെ കണിക നിലനില്‍ക്കുന്നു എങ്കില്‍ !! ??? എന്തായാലും ഈ രക്തജലപാതം നമ്മോട് എന്തൊക്കെയോ പറയുവാന്‍ ആഗ്രഹിക്കുന്നുണ്ട് ……

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ