ജീവനുള്ള കല്ലുകള്‍ !

ജീവനുള്ള കല്ലുകള്‍ ! 1

റുമേനിയയിലെ ഒരു ചെറുഗ്രാമമാണ് Costesti. എന്നാല്‍ ഈ ഗ്രാമം ഇപ്പോള്‍ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു .ഇവിടെയുള്ള കുറച്ചു കല്ലുകള്‍ കാണുവാനായി ആണ് ഇപ്പോള്‍ ആളുകള്‍ ഇങ്ങോട്ട് ഒഴുകുന്നത്‌ . എന്താണ് ഈ കല്ലുകളുടെ പ്രത്യേകത ? മറ്റൊന്നുമല്ല , ഇവയ്ക്ക് ജീവനുണ്ട് എന്നാണ് ചിലര്‍ അവകാശപ്പെടുന്നത് ! നെറ്റി ചുളിക്കേണ്ട …. അവര്‍ ഇത് പറയുവാനുള്ള കാരണം ഇതൊക്കെയാണ് …. ഒന്ന് ഈ കല്ലുകള്‍ വളരുന്നുണ്ട്‌ ! …. മറ്റൊന്ന് …. ഈ കല്ലുകള്‍ പെരുകുന്നുമുണ്ട് ! ഇത്രയും പോരെ കാരണം . ജീവനുള്ള കല്ലുകള്‍ എന്ന തലക്കെട്ടോടെ റുമേനിയന്‍ വിനോദ സഞ്ചാര വകുപ്പിലെ ചില ബുദ്ധിജീവികള്‍ ഒരു ആര്‍ട്ടിക്കിള്‍ എഴുതി . ഇപ്പോള്‍ ഈ കല്ലുകളെ കെട്ടിപ്പിടിച്ച് ഫോട്ടോ എടുക്കാന്‍ തിരക്കോട് തിരക്ക് ! ഒരു വിനോദ സഞ്ചാരിക്ക് ഇത്രയും മതി … പക്ഷെ നമ്മുക്ക് പോരല്ലോ ….. ഇതെന്താണ് സംഭവം എന്നറിയേണ്ടേ ?

Advertisements

മണ്ണും കല്ലുകളും പാറകളും ഒട്ടനവധി തരം ഉണ്ടെന്ന് അറിയാമല്ലോ . രൂപപ്പെടുന്ന രീതിയനുസരിച്ചും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ വൈവിധ്യത്തിനനുസരിച്ചും ഇവയെ പലതായി തരം തിരിച്ചിരിക്കുന്നു . അവയൊക്കെ നാം സ്കൂളുകളില്‍ പഠിച്ചവയായതിനാല്‍ വീണ്ടും വിവരിക്കുന്നില്ല . പകരം നമ്മുക്ക് ഒരൊറ്റ പാറയില്‍ നിന്നും കഥ തുടങ്ങാം . കനത്ത മഞ്ഞും കാറ്റും മഴയും ഏറ്റു കിടക്കുന്ന ഒരു പാറയില്‍ എന്തൊക്കെ മാറ്റം ഉണ്ടാവാം . പ്രകൃതിയുടെ മേല്‍പ്പറഞ്ഞ ആക്രമങ്ങളില്‍ പാറയുടെ ഏറ്റവും പുറത്തെ പാളികളില്‍ നിന്നും ചെറുതരികള്‍ ( കണ്ണില്‍ കാണാന്‍ പോലും പറ്റാത്തവ ) പാറയില്‍ നിന്നും വേര്‍പെടുന്നു . കാറ്റിലും കനത്ത വെള്ളപ്പാച്ചിലിലും ഇവ ഒട്ടനവധി ദൂരം സഞ്ചരിച്ചേക്കാം . ജലത്തില്‍ ചിലപ്പോള്‍ അയോണ്‍ രൂപത്തില്‍ ആവാം ഇവ കെട്ടുപിണഞ്ഞു കിടക്കുന്നത് . ജലത്തിന്‍റെ ഒഴുക്കിനെ ആരെങ്കിലും എതിരിടുമ്പോള്‍ ( മറ്റു പാറകള്‍ , നദിയിലെ വളവ് , ആഴം കൂടി ഒഴുക്ക് കുറഞ്ഞ സ്ഥലം ) ഇവ അവിടെ അടിഞ്ഞു കൂടുന്നു . കാലക്രെമേണ തരികല്‍ക്കിടയിലെ ജലാംശം വറ്റുകയും അവയുടെ കാഠിന്യം കൂടുകയും ചെയ്യും . ഇങ്ങനെ അനേകം തരികള്‍ ഒരേ സ്ഥലത്ത് അടിഞ്ഞു കൂടി അവിടെ മറ്റൊരു ശില ജനിക്കും . അവയാണ് അവസാദശിലകള്‍ .

ഇനിയാണ് കഥയുടെ തിരിവ് . മഴ വെള്ളത്തിലും ഒഴുകുന്ന ജലത്തിലും അയോണ്‍ രൂപത്തിലും കൊളോയ്ഡുകളായും അടങ്ങിയിരിക്കുന്ന സൂക്ഷ്മശിലകള്‍ പരസ്പ്പരം ഒട്ടിച്ചേരുന്നതിനു പകരം മറ്റൊരു വസ്തുവില്‍ ആണ് പറ്റിപ്പിടിക്കുന്നതെങ്കിലോ ? ആ വസ്തു ഉള്ളില്‍ കേന്ദ്രമായി ചുറ്റും ശിലകള്‍ വന്നു ഒട്ടിപിടിക്കുകയും പുതിയൊരു ശില രൂപപ്പെടുകയും ചെയ്യും . ഇതിനെ സംഹതികൾ (Concretions) എന്നാണ് വിളിക്കുന്നത്‌ . ഇത്തരം സംഹിതികളില്‍ ധാരാളം ധാധുക്കള്‍ (Minerals) ഉണ്ടാവും . ധാധുക്കള്‍ക്കിടയിലെ സ്ഥലത്താണ് സൂക്ഷ്മശിലകള്‍ അടിഞ്ഞുകൂടുന്നത് . അതായത് ഇത്തരം സംഹിതികളുടെ ഉള്ളില്‍ ധാധുക്കള്‍ക്കിടയില്‍ ധാരാളം ശൂന്യ സ്ഥലങ്ങള്‍ ഉണ്ടാവും . നല്ല മിനുമിനുത്ത പ്രതലമാവും ഇത്തരം ശിലകള്‍ക്ക്‌ ഉണ്ടാവുക . ഉരുണ്ടും , സിലിണ്ടര്‍ രൂപത്തിലും മറ്റുമാണ് ഇവ സാധാരണ കാണപ്പെടുന്നത് . പ്രത്യേക കണങ്ങൾക്കു ചുറ്റുമായി ഉരുണ്ടുകൂടുന്ന സിമന്റു പദാർഥങ്ങളാണ് സംഹതികളായിത്തീരുന്നത്. കാൽസൈറ്റ്, ഡോളമൈറ്റ്, അയൺ ഓക്സൈഡ് തുടങ്ങിയുള്ള ഏതു സിമന്റു പദാർഥത്തിന്റെയും സംഹതികൾ ഉണ്ടാവാം.

ഇതുപോലുള്ള സംഹിതികള്‍ ആണ് സത്യത്തില്‍ റുമേനിയയിലെ “ജീവനുള്ള ” കല്ലുകള്‍ ! മഴ പെയ്യുമ്പോള്‍ അകത്തെ ശൂന്യ സ്ഥലത്തിലേക്ക് ധാരളം ധാധുക്കള്‍ അടങ്ങിയിട്ടുള്ള മഴവെള്ളം ഇറങ്ങിചെല്ലുകയും തല്ഫലമായി ഉണ്ടാവുന്ന മര്‍ദത്തില്‍ സൂക്ഷ്മശിലകല്‍ക്കിടയിലെ വിടവ് വര്‍ദ്ധിക്കുകയും കല്ല്‌ സ്വല്പ്പം വീര്‍ക്കുകയും ചെയ്യും ! അവസാദശിലകള്‍ ഉണ്ടാവുന്നതിനു മുന്‍പുള്ള പ്രക്രിയ്യ ആയതിനാല്‍ വീണ്ടും വീണ്ടും സൂക്ഷ്മ ശിലകള്‍ ഈ കല്ലുകളിലേക്ക് അടിഞ്ഞു കൂടുകയും , കൂടുതലായി അടിഞ്ഞു കൂടുന്ന സ്ഥലം വീര്‍ത്തു വരുകയും ഒരു വേള ആ ഭാഗം അടര്‍ന്നു വീണു മറ്റൊരു ശിലക്ക് ജന്മ്മം കൊടുക്കുകയും ചെയ്യും . ചുരുക്കത്തില്‍ ഇത്തരം സംഹിതികള്‍ വളരുകയും ചെയ്യും ” പ്രസവിക്കുകയും ” ചെയ്യും . കാരണം അന്വേഷിക്കുന്നില്ലെങ്കില്‍ ഇതും മറ്റൊരു ” അത്ഭുതമായി” നാം കരുതുകയും ചെയ്യും .

ഇത്തരം സംഹിതികള്‍ ഫോസില്‍ അന്വേഷകര്‍ക്ക് ഒരു നിധി തന്നെയാണ് . കാരണം മിക്ക ഫോസിലുകളും ഇത്തരം കോണ്‍ക്രീഷനുകളുടെ ഉള്ളില്‍ നിന്നുമാണ് ലഭിച്ചിട്ടുള്ളത് . അതായത് സൂക്ഷ്മശിലകളും ധാധുക്കളും പറ്റിപ്പിടിക്കുന്നത് കൂടുതലും ഫോസിലുകളുടെ ചുറ്റും ആണ് . സംഹിതികളുടെ കോര്‍ ഒരു ഫോസില്‍ ആകാന്‍ സാധ്യത കൂടുതല്‍ ആണ് . അതിനാല്‍ ഇത്തരം ശിലകള്‍ എവിടെ കണ്ടാലും ഫോസില്‍ ഗവേഷകര്‍ അത് തല്ലിപ്പൊട്ടിച്ചു നോക്കിയിരിക്കും . എന്നാല്‍ ചില സംഹിതികളുടെ അകക്കാമ്പ് ചിലപ്പോള്‍ ദ്രവിച്ചും പോകാറുണ്ട് . അങ്ങിനെ വന്നാല്‍ ഇത്തരം ശിലകളുടെ അകം ചിലപ്പോള്‍ പോള്ളയായിരിക്കും ! ഇവയെ ജിയോഡുകള്‍ എന്ന് വിളിക്കും .

റുമേനിയയിലെ “വളരും ” കല്ലുകളെ Trovants എന്നാണ് വിളിക്കുന്നത്‌ . മറ്റു മിക്ക രാജ്യങ്ങളിലും ഇത്തരം കല്ലുകള്‍ ഉണ്ട് . അവയുടെ മിനുത്ത പ്രതലവും പ്രത്യേകതയുള്ള ആകൃതിയും സഞ്ചാരികളെ ആകര്‍ഷിക്കാറുണ്ട്‌ . ന്യൂസിലാണ്ടിലെ Koekohe ബീച്ചിലെ Moeraki Boulders ഇതിന് ഏറ്റവും പ്രശസ്തമായ ഉദാഹരണമാണ് .

Advertisements

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ