ഒരു വൈമാനികന്റെ തിരോധാനം !

ഒരു വൈമാനികന്റെ തിരോധാനം ! 1

1978 ഒക്ടോബർ ഇരുപത്തി ഒന്ന് ശനിയാഴ്ച . ഇരുപതു വയസുമാത്രം പ്രായമുള്ള Frederick Valentich എന്ന അത്ര പരിചയസമ്പത്തോന്നും അവകാശപ്പെടാനില്ലാത്ത ഒരു ചെറുപ്പകാരൻ , Cessna 182 Skylane എന്ന നാല് സീറ്റ് – ഒറ്റ എഞ്ചിൻ ചെറു വിമാനത്തിൽ ആസ്ത്രേലിയക്കും ടാസ്മാനിയക്കും ഇടയിലുള്ള ബാസ് ഉൾക്കടലിന് (Bass Strait) മുകളിലൂടെ പറക്കുകയാണ് . കിംഗ്‌ ഐലണ്ട് ആണ് പയ്യന്റെ ലക്‌ഷ്യം . സൂര്യൻ അസ്തമിക്കുന്നതിനു തൊട്ടു മുൻപാണ് (6:19 PM) ഫെഡറിക്ക് വിക്ടോറിയയിലെ Moorabbin വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടത്‌ . വളരെ ശാന്തമായി പ്രശ്നങ്ങൾ ഒന്നുമില്ലാതെ യാത്ര തുടങ്ങിയതിനാൽ ചെറുപ്പകാരൻ സന്തോഷത്തിലായിരുന്നു . മണി ഏഴു കഴിഞ്ഞു . സൂര്യൻ കടലിൽ മുങ്ങിത്താണു . പെട്ടന്നാണ് ഫെഡറിക്ക് ഒരു കാര്യം ശ്രദ്ധിച്ചത് ! തന്റെ തലയ്ക്ക് മുകളിൽ അതാ മറ്റൊരു വിമാനം ! ഞെട്ടിപ്പോയ ഫെഡറിക്ക് ഉടൻ തന്നെ മെൽബൻ എയർ ഫ്ലൈറ്റ് സർവീസും ആയി ബന്ധപ്പെട്ടു ( Melbourne Air Flight Service ). എയർ ട്രാഫിക് കണ്ട്രോളർ Steve Robey ആയിരുന്നു ലൈനിൽ വന്നത് .

Advertisements

ഫെഡറിക്ക് : അയ്യായിരം അടിക്കു താഴെ വേറെ ട്രാഫിക്ക് ഉണ്ടോ ?
സ്റ്റീവ് : ഇതുവരെ ഒന്നും ഇല്ല
ഫെഡറിക്ക് : പക്ഷെ എനിയ്ക്ക് മറ്റൊരു എയർ ക്രാഫ്റ്റ് കാണുവാൻ സാധിക്കുന്നുണ്ട്
സ്റ്റീവ് : എന്ത് തരം വിമാനമാണ് ?
ഫെഡറിക്ക് : വ്യക്തമായി പറയാൻ സാധിക്കില്ല . നാല് തിളങ്ങുന്ന ലൈറ്റുകൾ മാത്രമാണ് കാണുവാൻ സാധിക്കുന്നത് . എനിക്ക് ആയിരം അടിയ്ക്ക് മുകളിൽ ആണ് അതുള്ളത്‌ .
സ്റ്റീവ് : അതൊരു വലിയ എയർ ക്രാഫ്റ്റ് ആണെന്ന് ഉറപ്പാണോ ?
ഫെഡറിക്ക് : സ്ഥിരീകരിക്കാൻ സാധിക്കുന്നില്ല .. അസാമാന്യ വേഗതയാണ് അതിന് . ഈ ഭാഗത്ത്‌ എയർ ഫോഴ്സ് വിമാനങ്ങൾ ഉണ്ടോ ?
സ്റ്റീവ് : ഞങ്ങളുടെ അറിവിൽ ഇല്ല .
ഫെഡറിക്ക് : അത് കിഴക്ക് നിന്നും വളരെ വേഗത്തിൽ എന്നെ സമീപിക്കുകയാണ് …… ഇപ്പോൾ എന്റെ മുകളിൽ ഉണ്ട് . അവൻ ഗെയിം കളിയ്ക്കുകയാണോ ? രണ്ടു മൂന്ന് തവണ എന്റെ നേരെ മുകളിൽ വന്നു …………..
സ്റ്റീവ് : നിങ്ങൾ ഏതു ഉയരത്തിൽ ആണ് ഇപ്പോൾ ഉള്ളത് ?
ഫെഡറിക്ക് : നാലായിരത്തി അഞ്ഞൂറ് . നില്ക്കൂ ……….. അതൊരു വിമാനം ആണെന്ന് തോന്നുന്നില്ല !! ……………………………. അതൊരു …………….
സ്റ്റീവ് : പിന്നെന്താണ് ?
ഫെഡറിക്ക് : അതെന്നെ കടന്നു മുന്നോട്ടു പോയി …… നല്ല നീളമുണ്ട് …… വേഗത നിർണ്ണയിക്കാനാവുന്നില്ല .
സ്റ്റീവ് : അതെന്താണ് എന്ന് ഒന്നുകൂടി വിശദീകരിക്കാമോ ?
ഫെഡറിക്ക് : ആ വസ്തു എന്റെ മുകളിൽ ചുറ്റി കറങ്ങുകയാണ് ……. അല്ല … ഞാനും ഇപ്പോൾ അതിനെ വലം വെയ്ക്കുകയാണ് എന്ന് തോന്നുന്നു . ഒരു ഗ്രീൻ ലൈറ്റ് ഇപ്പോൾ തെളിഞ്ഞിട്ടുണ്ട് . ആ വസ്തു മുഴുവനും വെട്ടി തിളങ്ങന്നു ! ……………………………… ഇതെന്താണ് എന്ന് പറയാമോ ? …. മിലിട്ടറി എയർക്രാഫ്റ്റ് അല്ലെന്ന് ഉറപ്പാണോ ? ………. നില്ക്കൂ ……. ഇപ്പോൾ അത് കാണുന്നില്ല …..!!!
സ്റ്റീവ് : കാണുന്നില്ല എന്ന് ഉറപ്പാണോ ? നിങ്ങൾ എങ്ങോട്ടാണ് പോകുവാൻ ഉദ്യേശിക്കുന്നത് ?
ഫെഡറിക്ക് : കിംഗ്‌ ദ്വീപിലെക്കാണ് പോകേണ്ടത് ….. അതാ ആ വസ്തു വീണ്ടും എന്റെ നേർക്ക്‌ വരുന്നു !! …………….. അതൊരു വിമാനമേ അല്ല !!!!! …… അതൊരു ……………….. ……………
സ്റ്റീവ് : പറയൂ എന്താണത് ? ……….
ഫെഡറിക്ക് : ………………………………………………………………… ……………………… (നിശബ്ദത)…………………..


പുതിയ പോസ്റ്റുകളുടെ അപ്‌ഡേറ്റ്സ് ലഭിക്കുവാൻ
ഫേസ്ബുക്ക് പേജ് പിന്തുടരൂ ….


അതോടെ ഫെഡറിക്കും ആയുള്ള ബന്ധം സ്റ്റീവിനു നഷ്ടപ്പെട്ടു (Time 07 :12:49). പിന്നീട് യാതൊരു വിധ ബന്ധങ്ങളും വിവരങ്ങളും കിട്ടാഞ്ഞതിനാൽ ഫെഡറിക്കിനെ തേടി മറ്റൊരു വിമാനം പിറകെ പാഞ്ഞു . പക്ഷെ ആ ചെറുപ്പകാരനും വിമാനവും അതിനോടകം എവിടെയോ പോയി മറഞ്ഞു കഴിഞ്ഞിരുന്നു ! കരയിലും വായുവിലും ജലത്തിലും ഒക്ടോബർ ഇരുപത്തി അഞ്ചാം തീയതി വരെ വിമാനത്തിനായി തിരഞ്ഞെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല . Bureau of Air Safety Investigation 1982 ൽ പ്രസിദ്ധീകരിച്ച റിപ്പോര്ട്ട് പ്രകാരം ഫെഡറിക്കിന്റെ തിരോധാനത്തിന്റെ കാരണം ഇപ്പോഴും അത്ജാതമാണ് . “The reason for the disappearance of the aircraft has not been determined,” but that the outcome was “presumed fatal” (Aircraft Accident 1982).

അഭ്യൂഹങ്ങൾ 

ഇരുപതു വയസു പ്രായമുണ്ടായിരുന്ന ഫ്രെഡിക്ക് ആകെ 150 മണിക്കൂർ പറക്കൽ പരിശീലനം മാത്രമാണ് ലഭിച്ചിരുന്നത് . (which meant he could operate at night but only “in visual meteorological conditions” [Aircraft Accident 1982]). അതായത് രാത്രി പറക്കലിന് വേണ്ടത്ര പരിശീലനം അയാൾക്ക് ഉണ്ടായിരുന്നില്ല . വിദ്യാഭ്യാസ കുറവ് കാരണം Royal Australian Air Force രണ്ടു തവണ ഫ്രെഡിയുടെ അപേക്ഷ തള്ളിക്കളഞ്ഞിരുന്നു . പഠിത്തത്തിൽ ആകട്ടെ ആയാൾ തീരെ പിറകിലും ആയിരുന്നു . പരിശീലന പറക്കലിനിടയിൽ ഇദ്ദേഹം പല തവണ അപകടങ്ങളിൽ ചെന്ന് പെട്ടിട്ടും ഉണ്ട് . അതായത് ഇപ്പോഴും ഒരു അപകടം പ്രതീക്ഷിക്കേണ്ട ആൾ ആയിരുന്നു ഫ്രെഡി !(Sheaffer 2013; “Valentich” 2013).

എന്തായാലും ഫ്രെഡിയുടെ തിരോധാനം ധാരാളം അഭ്യൂഹങ്ങൾക്കും വിവാദങ്ങൾക്കും തിരികൊളുത്തി . ഫ്രെഡിക്ക് നേരെ വന്ന അത്ജാത്ത വസ്തു ഏതാണ് എന്നതായിരുന്നു പ്രധാന പ്രശ്നം . ഏതെങ്കിലും ശത്രു വിമാനം ആവാം എന്ന് ചിലർ വാദിച്ചപ്പോൾ ഏത് ശത്രു എന്നത് ഒരു കിട്ടാ കഥ ആയി മാറി . ചിലർ അതൊരു അന്യഗ്രഹ ജീവികളുടെ വാഹനം (UFO ) ആകാനാണ് സാധ്യത എന്ന് പറഞ്ഞു . അതൊരു വിമാനം അല്ല എന്ന് ഫ്രെഡി പറഞ്ഞതാണ് അങ്ങിനെ കരുതാൻ കാരണം . മാത്രവുമല്ല ഫ്രെഡി അപ്രത്യക്ഷ്യമായ രാത്രിയിൽ ആസ്ത്രേലിയൻ തീരങ്ങളിൽ വേറെ ചിലരും UFO കണ്ടതായി റിപ്പോര്ട്ട് ചെയ്തിരുന്നു . എന്നാൽ ചിലർ ഇത് ഫ്രെഡി കരുതിക്കൂട്ടി ചെയ്തത് ആണ് എന്ന് കരുതുന്നു . എലിയൻ കഥകളിലും മറ്റും അയാൾക്ക് ഉണ്ടായിരുന്ന താൽപ്പര്യം ആണ് അങ്ങിനെ ചിന്തിക്കാൻ കാരണം . താൻ ഒരു സ്പേസ് ഷിപ്‌ ആകാശത്ത് കണ്ടതായി ഫ്രെഡി പിതാവിനോട് നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു എന്ന അറിവ് ഈ അഭ്യൂഹത്തിന് ശക്തി കൂട്ടി (Sheaffer 2013; “Valentich” 2013) . മാത്രവുമല്ല കിംഗ്‌ ദ്വീപിലേയ്ക്ക് പോകുവാനായി ഫ്രെഡി പറഞ്ഞ കാരണങ്ങൾ കള്ളമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു . തന്നെയുമല്ല ദ്വീപിലെ എയർ ട്രാഫിക്കിൽ ഫ്രെഡി വിവരം അറിയിച്ചിരുന്നുമില്ല (“Disappearance” 2013). പക്ഷെ ഫ്രെഡി മരിച്ചു എന്ന് തന്നെ എല്ലാവരും കരുതുന്നു .

Graveyard spiral

മരണ ചുഴി എന്നറിയപ്പെടുന്ന ഈ പ്രതിഭാസം പരിശീലന കുറവുള്ള വൈമാനികർക്ക് അനുഭവപ്പെടുവാൻ സാധ്യത ഉള്ള ഒരു കാര്യമാണ് . സൂര്യാസ്തമയത്തിനു തൊട്ടു ശേഷം ആണ് ഇത് അനുഭവപ്പെടുക . പൊടുന്നനെ ചക്രവാളം ഇല്ലാതാകുന്ന ആകാശം പൈലറ്റുകൾക്ക് തങ്ങളുടെ സ്ഥാനത്തെ കുറിച്ച് തെറ്റായ തോന്നൽ ഉളവാക്കും . റെഫറൻസിനു മറ്റു വസ്തുക്കൾ ആകാശത്ത് ഇല്ലാത്തതാണ് കാരണം . ഇത് അണ്ടർ വാട്ടർ ഡൈവർ മാര്ക്കും അനുഭവപ്പെടാറുണ്ട് . ഇത് വൈമാനികന് ചെറിയ മാനസിക വിഭ്രാന്തി ഉണ്ടാക്കുകയും വിമാനം ഒരേ സ്ഥലത്ത് തന്നെ ദിശയറിയാതെ ചുറ്റി തിരിയാൻ ഇടയാക്കുകയും അവസാനം ചുറ്റിത്തിരിഞ്ഞു ക്രാഷ് ലാൻഡ് ചെയ്യുകയും ചെയ്യും . സൂര്യൻ അസ്തമിച്ചതിനു ശേഷം ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ചൊവ്വ , ശുക്രൻ തുടങ്ങിയ ഗ്രഹങ്ങളോ അല്ലെങ്കിൽ സിറിയസ് നക്ഷത്രമോ ആവാം മരണ ചുഴിയിൽ പെട്ട ഫ്രെഡി കണ്ട പ്രകാശങ്ങൾ എന്നാണ് വിദഗ്ദർ കരുതുന്നത് . എന്തായാലും ഫ്രെഡി ഇപ്പോഴും ഒരു പ്രഹേളികയായി അവശേഷിക്കുന്നു .


മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്‌താൽ പോസ്റ്റുകൾ ഓഫ്‌ലൈനിലും വായിക്കാം !


If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ