സൈബീരിയൻ പര്യവേഷണങ്ങൾ

സൈബീരിയൻ പര്യവേഷണങ്ങൾ 1

ആയിരത്തി അറുന്നൂറുകളില്‍ റഷ്യാക്കാര്‍ക്കിടയില്‍ ഒരു കിംവദന്തി പരന്നു . അങ്ങ് കിഴക്ക് സൈബീരിയന്‍ മഞ്ഞു മരുഭൂമികള്‍ക്കപ്പുറം ഒരു നദിയുണ്ടത്രേ ! Pogycha എന്നാണ് പേര് . ധാരാളം നീര്നായകളും മറ്റു ജലജീവികളും നിറഞ്ഞ അവിടം വേട്ടക്കാര്‍ക്ക് ഒരു സ്വപ്നഭൂമി ആയിരുന്നു .ജലജീവികളുടെ തോലും കൊഴുപ്പും (sable fur, walrus ivory and silver ore) സൈബീരിയയിലെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങള്‍ ആയിരുന്നു അന്ന് . റഷ്യയുടെ കിഴക്കേ അതിര്‍ത്തി എവിടെ എന്ന് സത്യത്തില്‍ അന്ന് ആര്‍ക്കും അറിയില്ലായിരുന്നു . സൈബീരിയന്‍ മഞ്ഞ് സാമ്രാജ്യത്തിനപ്പുറം അമേരിക്ക ഉണ്ടെന്ന് അറിയാം , പക്ഷെ അമേരിക്കന്‍ വന്കരയ്ക്കും സൈബീരിയയ്ക്കും ഇടയില്‍ സമുദ്രം ഉണ്ടോ എന്നും അതോ അമേരിക്ക, സൈബീരിയന്‍ മണ്ണിന്‍റെ തുടര്‍ച്ച ആണോ ഇനിയും അഥവാ ഇതിനു രണ്ടിനും ഇടയില്‍ മറ്റൊരു ഭൂവിഭാഗം ഉണ്ടോ എന്നുമുള്ള കാര്യങ്ങളില്‍ അന്ന് തീര്‍ത്തും വ്യക്തത ഇല്ലായിരുന്നു . രാജ്യത്തിന്‍റെ വലിപ്പം ചോദിച്ചാല്‍ , ഭൂമിയുടെ അതിരുകള്‍ വരെ എന്നായിരുന്നു അന്ന് റഷ്യക്കാര്‍ പറഞ്ഞിരുന്നത് . അതിരുകള്‍ തേടിയും , ഭക്ഷണത്തിനായി അലഞ്ഞും , ചക്രവര്ത്തിയോട് കലഹിച്ചും ഒട്ടേറെപ്പേര്‍ കിഴക്കോട്ടു യാത്ര തിരിച്ചെങ്കിലും ഭൂരിഭാഗം പേരും മടങ്ങി വന്നില്ല . ചിലര്‍ അവിടെ നല്ല ഭൂമി കണ്ടെത്തിയെന്നും അവിടെ താമസം ആക്കിയെന്നും കഥകള്‍ പ്രചരിച്ചു . ശരിക്ക് പറഞ്ഞാല്‍ ആര്‍ക്കും ഒരു വ്യക്തമായ ചിത്രം ഉണ്ടായിരുന്നില്ല .

Advertisements

1642 മുതല്‍ പലരും രഹസ്യത്തിന്റെ ചുരുളുകള്‍ അഴിക്കുവാന്‍ കിഴക്കന്‍ യാത്രകള്‍ നടത്തി . പക്ഷെ എല്ലാം തന്നെ പരാജയമടഞ്ഞു . മഞ്ഞും, തണുപ്പും, പ്രതികൂല കാലാവസ്ഥയും തന്നെയായിരുന്നു പ്രധാന തടസം . 1647 ല്‍ ഫെടോട്ട് , സെമ്യോണ്‍ ടെസ്നേവ് (Fedot Alekseyev, Semyon Ivanovich Dezhnev) എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം Chukchi മുനമ്പ്‌ ചുറ്റി (ഭൂപടത്തില്‍ ഏഷ്യയുടെ കിഴക്കേ അല്ലെങ്കില്‍ വലത്തേ അറ്റത്ത്‌ തള്ളി നില്‍ക്കുന്ന ഉപദ്വീപ്. ഇതിന്‍റെ കിഴക്കേ അറ്റം ഇപ്പോള്‍ ഇവരുടെ ബഹുമാനാര്‍ഥം Dezhnev മുനമ്പ്‌ എന്നാണ് അറിയപ്പെടുന്നത് ) കടല്‍ യാത്രക്ക് പുറപ്പെട്ടു എങ്കിലും കനത്ത ഐസ് പാളികള്‍ അവരുടെ യാത്ര മുടക്കി . പ്രസിദ്ധമായ വടക്കന്‍ കപ്പല്‍ പാതയാണ് (Northern Sea Route or Northeast Passage) അവര്‍ യാത്രയ്ക്ക് തിരഞ്ഞെടുത്തിരുന്നത് . അറ്റ് ലാന്ട്ടിക് സമുദ്രത്തില്‍ നിന്നും ( സാങ്കേതികമായി Kara Sea യില്‍ നിന്നും ) പസഫിക്കിലേക്ക് പൂര്‍ണ്ണമായും ആര്‍ട്ടിക് സമുദ്രത്തിലൂടെ റഷ്യയുടെ വടക്കന്‍ തീരത്തിന് സമാന്തരമായി കിടക്കുന്ന കടല്‍ റൂട്ട് ആണ് ഇത് . വര്‍ഷത്തില്‍ ഒന്നോ രണ്ടോ മാസങ്ങള്‍ മാത്രമാണ് ഈ റൂട്ടില്‍ ഐസ് (fast ice) ഒഴിവായി ലഭിക്കുന്നത് . ആദ്യ ശ്രമം പരാജയപ്പെട്ടു എങ്കിലും അടുത്ത വര്ഷം(1648) വീണ്ടും നൂറോളം ആളുകളെയും കൂട്ടി പരമ്പരാഗതമായ koch ബോട്ടുകളില്‍ ടെസ്നേവ് സംഘം യാത്ര തിരിച്ചു. പൂര്‍ണ്ണമായും തടി കൊണ്ട് നിര്‍മ്മിക്കുന്ന koch ബോട്ടുകള്‍ മഞ്ഞു പാളികള്‍ക്കിടയിലൂടെ സഞ്ചരിക്കുവാന്‍ പ്രത്യേകം രൂപ കല്‍പ്പന ചെയ്തതാണ് . സാധാരണയായി ഒന്നോ രണ്ടോ പായ്മരങ്ങള്‍ കാണും . ടെസ്നേവ് സംഘത്തില്‍ പെണ്ണായി Alekseyev’s Yakut എന്നയാളുടെ ഭാര്യയും ഉണ്ടായിരുന്നു . തികച്ചും ദുരന്തമായി മാറിയ ആ യാത്രയെക്കുറിച്ച് രക്ഷപെട്ടവര്‍ നല്‍കിയ അറിവുകള്‍ മാത്രമേ ഇന്ന് നമ്മുക്ക് ഉള്ളൂ . ആദ്യ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ രണ്ടു ബോട്ടുകള്‍ മഞ്ഞു പാളികളില്‍ ഇടിച്ച് തകര്‍ന്നു . മുങ്ങിചാവാതെ രക്ഷപെട്ടവരെ കരയില്‍ ഉണ്ടായിരുന്ന തദ്ദേശ വാസികള്‍ ശത്രുക്കള്‍ ആയി കണ്ട് കൊന്നു കളഞ്ഞു . വേറെ രണ്ടു ബോട്ടുകള്‍ കൊടുംകാറ്റില്‍ കൂട്ടം തെറ്റുകയും പിന്നീട് എന്നന്നേക്കുമായി അപ്രത്യക്ഷമാവുകയും ചെയ്തു . തകര്‍ന്ന വേറെ ചില ബോട്ടുകളിലെ ആളുകളെ മറ്റു ബോട്ടുകളിലേക്ക് കയറ്റിയതിനാല്‍ അവ അമിതഭാരത്താല്‍ എപ്പോള്‍ വേണമെങ്കിലും മുങ്ങും എന്ന സ്ഥിതിയില്‍ ആയി . ഒക്ടോബറില്‍ ഫെഡോട്ടിന്‍റെ ബോട്ട് കൊടുംകാറ്റിലും കനത്ത മൂടല്‍മഞ്ഞിലും എന്നന്നേയ്ക്കുമായി അപ്രത്യക്ഷമായി .

സൈബീരിയൻ പര്യവേഷണങ്ങൾ 2

1653 ല്‍ സംഘത്തിലെ ഏക വനിത ആയിരുന്ന , Mrs Yakut നെ Koryaks എന്ന തദേശവാസികള്‍ക്കിടയില്‍ നിന്നും ടെസ്നേവ് രക്ഷപെടുത്തി . അവരുടെ ഭാഷയില്‍ വൈറ്റമിന്‍ C യുടെ അഭാവം മൂലം ഉണ്ടാകുന്ന scurvy (ശീതപിത്തം, രക്തപിത്തം) മൂലമാണ് ഫെഡോട്ട് മരിച്ചത് . ക്യാപ്റ്റന്‍ ഇല്ലാത്ത ബോട്ടിനെ കോര്‍യാക്കുകള്‍ ആക്രമിക്കുകയും മിക്കവരെയും കൊലപ്പെടുത്തുകയും ചെയ്തു . ബാക്കിയുള്ളവര്‍ എങ്ങോട്ടോ അപ്രത്യക്ഷരായി . ഇന്നത്തെ റഷ്യയുടെ കിഴക്കേ അറ്റത്തെ നഗരമായ Anadyr നു അടുത്തെവിടെയോ വെച്ച് ടെസ്നേവിന്റെ ബോട്ടും കൊടുംകാറ്റില്‍ തകര്‍ന്നു . രക്ഷപെട്ടവരില്‍ ചിലര്‍ പത്തു ആഴ്ച്ചയോളം നടന്ന് Anadyr നദിയുടെ അഴിമുഖം വരെ എത്തി . അപ്പോള്‍ അവര്‍ ഏകദേശം പന്ത്രണ്ട് പേര്‍ മാത്രമായി ചുരുങ്ങിയിരുന്നു . പഴകി ദൃഡത കൈവന്ന തടികള്‍ (driftwood) ഉപയോഗിച്ച് ചെറിയ വള്ളങ്ങള്‍ നിര്‍മ്മിച്ച്‌ അവര്‍ നദിയിലൂടെ യാത്ര തുടങ്ങി . കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന ഹിമ സാമ്രാജ്യത്തില്‍ നിന്നും രക്ഷപെട്ട് പച്ചപ്പും ജലവും കിട്ടുന്ന കോര്‍ണിഫറസ് വനങ്ങളില്‍ അഭയം പ്രാപിക്കാന്‍ പോയ അവരെകുറിച്ചും പിന്നീട് വിവരമൊന്നും കിട്ടിയില്ല . നദിയുടെ മുകള്‍ ഭാഗത്ത്‌ ഏകദേശം മുന്നൂറ്റി ഇരുപതോളം മൈല്‍ മാറി അവര്‍ നിര്‍മ്മിച്ച കുടിലുകള്‍ വേട്ടക്കാരായ Anaouls പിന്നീട് കണ്ടെടുത്തു . എന്നാല്‍ ഈ പണിക്കൊന്നും പോകാതെ അധികം ദൂരം യാത്ര ചെയ്യാതെ ഊര്‍ജ്ജം സംഭരിച്ച് ടെസ്ന്യെവും സഹചാരികളും രക്ഷപെട്ടു . പിന്നീടുള്ള വര്‍ഷങ്ങള്‍ പ്രദേശ വാസികളുമായി ചേര്‍ന്ന് സൈബീരിയയിലെ സസ്യ -ജന്തു ജാലങ്ങളെ കുറിച്ച് പഠിക്കുവാനാണ്‌ അദ്ദേഹം ശ്രമിച്ചത് . അതിനിടെ Anadyr നദീ മുഖത്ത് ലക്ഷക്കണക്കിന്‌ വാല്‍ രസുകള്‍ (സീലുകളോടു സാമ്യമുള്ള ആനയുടേതു പോലയുള്ള കൊമ്പുകളുള്ള ജീവിയാണ് വാൽറസ് (Walrus) പ്രസവിക്കുന്ന ഒരു മേഖല (walrus rookery ) കണ്ടെത്തിയത് നല്ലൊരു വരുമാനവും ആയി . അവയുടെ കൊമ്പുകള്‍ക്ക് നല്ല ഡിമാന്റ് ആയിരുന്നു . 1659 ല്‍ ഇനിയുള്ള പര്യവേഷണങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വവും Kurbat Ivanov ന് അദ്ദേഹം കൈമാറി ( ഇവാനോവാണ് ബൈക്കല്‍ തടാകം കണ്ടെത്തിയത് ) . മോസ്ക്കോയില്‍ തിരിച്ചെത്തിയ അദ്ദേഹം 1672 ല്‍ അന്തരിച്ചു . ഏഴു ബോട്ടുകളില്‍ ടെസ്ന്യെവിന്റെ ബോട്ട് ഇന്നത്തെ ബെറിംഗ് കടലിടുക്ക് ( അലാസ്ക്കയ്ക്കും റഷ്യക്കും ഇടയിലുള്ള കടല്‍ ) കടന്ന് അമേരിക്കന്‍ മണ്ണില്‍ എത്തി എന്നും തകര്‍ന്ന കപ്പലുകളില്‍ നിന്നും രക്ഷപെട്ടവര്‍ അവിടെ ആദ്യത്തെ റഷ്യന്‍ ഗ്രാമം സ്ഥാപിച്ചു എന്നും ഇന്ന് ചിലര്‍ വിശ്വസിക്കുന്നു . അതുകൊണ്ട് ഉള്‍ക്കടലിന് ടെസ്ന്യോ വിന്റെ പേരാണ് നല്‍കേണ്ടത് എന്നും അവര്‍ കരുതുന്നു . എന്തായാലും ടെസ്ന്യെവ് സംഘത്തില്‍ ഉണ്ടായിരുന്നവര്‍ സ്ഥാപിച്ചു എന്ന് കരുതപ്പെടുന്ന സെറ്റില്‍ മെന്റുകള്‍ തേടി നിരവധി പര്യവേഷകര്‍ വീണ്ടും അങ്ങോട്ടേക്ക് യാത്ര തിരിച്ചിരുന്നു . 1764–1765 കാലയളവില്‍ ഭൂപര്യവേഷകനായ Nikolai Daurkin കണ്ടെത്തിയതെന്ന് കരുതപ്പെടുന്ന ഒരു ഗ്രാമം ഇത്തരത്തില്‍ ഒന്നായിരുന്നു എന്ന് ചിലരെങ്കിലും ഇപ്പോള്‍ കരുതുന്നു . സത്യത്തില്‍ Anian കടലിടുക്ക് എന്ന് പാശ്ചാത്യര്‍ വിളിച്ചിരുന്ന ( അങ്ങിനെ ഒന്ന് എഷ്യയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ ഉണ്ടെന്ന് ഒരു ഊഹം മാത്രം ആയിരുന്നു ) ഇന്നത്തെ ബെറിംഗ് കടലിടുക്കില്‍ കൂടി യാത്ര ചെയ്ത ആദ്യ വെള്ളകാരന്‍ താനാണെന്ന് ടെസ്ന്യെവിനു അറിയില്ലായിരുന്നു എന്നതാണ് വാസ്തവം !

അങ്ങിനെ ആയിരത്തി അറുന്നൂറുകളുടെ അവസാനമായി . റഷ്യയില്‍ മഹാനായ പീറ്റര്‍ ആണ് (Peter the Great 1672–1725) സ്സാര്‍ ചക്രവര്‍ത്തി . ഇനിയും ശൂന്യമായി കിടക്കുന്ന റഷ്യയുടെ കിഴക്കന്‍ പ്രദേശങ്ങളുടെ ഭൂപടം നോക്കി അദ്ദേഹം നെടുവീര്‍പ്പിട്ടു . അവിടെയൊക്കെ എന്താണ് ? കടലോ, കരയോ, വനമോ അതോ വെറും മഞ്ഞു മാത്രമോ ? കിഴക്കന്‍ ഭാഗങ്ങളില്‍ പോകാന്‍ താല്‍പ്പര്യമുള്ള പര്യവേഷകരെയും , നാവികരെയും അദ്ദേഹം വന്‍തോതില്‍ പ്രോത്സാഹിപ്പിച്ചു . അക്കാദമികള്‍ സ്ഥാപിച്ച് കഴിവുള്ളവരെ വളര്‍ത്തിയെടുക്കുവാന്‍ തുടങ്ങി . ഗണിത ശാസ്ത്രഞ്ഞന്‍ ആയ ലെബ്നീസിന്റെ (കാല്‍ക്കുലസില്‍ പരിചയപ്പെട്ട അതേ Gottfried Leibniz) പിന്തുണയോടെ Russian Academy of Sciences സ്ഥാപിച്ചു . ആ സമയത്ത് Daniel Gottlieb Messerschmidt എന്നൊരു പ്രകൃതി ഗവേഷകന്‍ ചക്രവര്ത്തിയുമായി അടുപ്പത്തിലായി (1716) . കൃത്യം നാല് വര്‍ഷങ്ങള്‍ക്ക്‌ ശേഷം സൈബീരിയയിലെ ചെടികളെ കുറിച്ച് പഠിക്കാനായി (”collect rarities and medicinal plants”) ചക്രവര്‍ത്തിയുടെ സഹായത്തോടു കൂടി ഒരു പര്യവേഷണം ഡാനിയേല്‍ ആരംഭിച്ചു . ഏഴു വര്‍ഷങ്ങളോളം നീണ്ടു നിന്ന ആ യാത്ര ശാസ്ത്രലോകത്തിനു ഒരു വന്‍ മുതല്‍ക്കൂട്ടായിരുന്നു . ചരിത്രത്തിലെ ആദ്യത്തെ മാമത്ത് ഫോസില്‍ സൈബീരിയയില്‍ നിന്നും ഡാനിയേല്‍ കണ്ടെത്തിയത് ഈ യാത്രയിലായിരുന്നു . അന്ന് അദ്ദേഹം വിവരങ്ങള്‍ ഡയറിയില്‍ എഴുതാന്‍ ഉപയോഗിച്ച രീതിയും മറ്റും പിന്നീട് നൂറ്റാണ്ടുകളോളം ഗവേഷകര്‍ പിന്തുടര്‍ന്ന ഒന്നായിരുന്നു . അനേകം ജീവികളും, ചെടികളും, സ്ഥലങ്ങളും ഡാനിയേലിന്റെ തൂലികയിലൂടെ പുറം ലോകം അറിഞ്ഞു . ഈ യാത്രയില്‍ അദ്ദേഹം പ്രശസ്ത ഭൌമശാസ്ത്രഞ്ഞന്‍ ആയ Philip Johan von Strahlenberg നെ കണ്ടുമുട്ടി . യൂറല്‍ പര്‍വ്വത നിര ഏഷ്യയുടെയും യൂറോപ്പിന്റെയും അതിര്‍ത്തി ആയി നിശ്ചയിക്കാനുള്ള ഐഡിയ (“Ural border” idea) ഇദ്ദേഹത്തിന്‍റെ ആയിരുന്നു . പിന്നീടുള്ള യാത്രകള്‍ ഇവര്‍ ഒരുമിച്ചായിരുന്നു . ബെയ്ക്കല്‍ തടാകത്തിന്റെ കിഴക്കേ അറം വരെ ആ യാത്ര നീണ്ടു . പക്ഷെ ഇത്തരം കഠിന യാത്രകള്‍ ദാനിയെലിനെ പാടെ തളര്‍ത്തിയിരുന്നു . പിന്നീട് സെയിന്‍റ് പീറ്റര്‍സ് ബര്‍ഗില്‍ തിരികെ എത്തിയെങ്കിലും (1728) ഒരു ജോലിക്ക് പോകുവാനുള്ള ആരോഗ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല . 1735 ല്‍ പട്ടിണി മൂലം ആ ഗവേഷകന്‍ അന്തരിച്ചു .

അടുത്തത് പ്രശസ്തനായ വൈറ്റസ് ബെറിങ്ങിന്റെ (Vitus Bering) ഊഴമായിരുന്നു . റഷ്യയുടെ ആദ്യ ഔദ്യോഗിക സമുദ്ര പര്യവേഷണം (first Russian naval scientific expedition) ആയിരുന്നു, First Kamchatka Expedition. 1724 ല്‍ മഹാനായ പീറ്റര്‍ കമ്മീഷന്‍ ചെയ്ത ഈ യാത്രയുടെ പ്രധാന ഉദ്യേശം റഷ്യക്കും അമേരിക്കന്‍ ഭൂഗണ്ടത്തിനും ഇടയില്‍ എന്താണ് ഉള്ളത് എന്ന് കണ്ടുപിടിക്കല്‍ ആയിരുന്നു . രണ്ടു വര്‍ഷം നീണ്ടുനിന്ന ഈ യാത്രയില്‍ കുതിരകളെയും നായ്ക്കളെയും ബോട്ടുകളെയും കപ്പലുകളെയും യാത്രക്കായി ഉപയോഗിച്ചു. Chukchi കടല്‍ വരെ നീണ്ട ഈ പര്യവേഷണം ഒരു വന്‍ വിജയമായി കരുതപ്പെടുന്നു . അലാസ്ക്കന്‍ മണ്ണില്‍ കാലു കുത്തിയില്ല എങ്കിലും റഷ്യയ്ക്കും അമേരിക്കന്‍ വന്കരയ്ക്കും ഇടയില്‍ കടലാണ് ഉള്ളത് എന്ന് ഉറപ്പുക്കുവാന്‍ ഈ യാത്ര സഹായകമായി . അനേകം ദ്വീപുകളും ഭൂവിഭാഗങ്ങളും കടലുകളും ഈ യാത്രയില്‍ കണ്ടുപിടിയ്ക്കപ്പെട്ടു . ഏറെക്കുറെ പൂര്‍ണ്ണമായും ബ്ലാങ്ക് ആയി കിടന്ന റഷ്യയുടെ കിഴക്കന്‍ മേഖല (Eastern Siberia) നന്നായി മാപ്പ് ചെയ്യുവാനും ഇതോടെ സാധിച്ചു . 480 റൂബിള്‍ ആയിരുന്നു ഈ യാത്രയില്‍ ബെറിങ്ങിന്റെ വാര്‍ഷിക ശമ്പളം . Archangel Gabriel ആയിരുന്നു അദ്ദേഹത്തിന്‍റെ കപ്പല്‍ ( ആകെ മൂന്ന് കപലുകള്‍ ). ബെറിങ്ങിനെ സംബന്ധിച്ചിടത്തോളം ഔദ്യോഗിക ജീവിതത്തില്‍ ഈ യാത്ര വന്‍ നേട്ടമുണ്ടാക്കി . ക്യാപ്റ്റന്‍ – കമാണ്ടര്‍ (captain-commander) എന്ന പദവിയിലേക്ക് അദ്ദേഹം ഉയര്‍ത്തപ്പെട്ടു.

ബെറിങ്ങിന്റെ ഒന്നാം യാത്ര

1724 ഡിസംബറില്‍ ആണ് പീറ്റര്‍ ചക്രവര്‍ത്തി ബെറിംഗിനോട്‌ ഈ യാത്രയുടെ മേല്‍നോട്ടം വഹിക്കുവാന്‍ ഏല്‍പ്പിച്ചത് എങ്കിലും യാത്രയ്ക്കുള്ള കപ്പലുകളുടെ പണി നേരത്തെ തന്നെ ആരംഭിച്ചിരുന്നു . റഷ്യയുടെ കിഴക്കേ അറ്റത്ത്‌ ( ഭൂപടത്തില്‍ വലത്തേ അറ്റത്ത്‌ ) കീഴോട്ടു തൂങ്ങി കിടക്കുന്ന Kamchatka ഉപദ്വീപില്‍ എത്തിച്ചേരാന്‍ പണ്ട് മുതലേ ഉപയോഗിച്ചിരുന്നത് ലെന (Lena) നദിയുടെ കൈവഴികളെ ആണ്. സൈബീരിയൻ പര്യവേഷണങ്ങൾ 3എന്നാല്‍ റഷ്യയും ചൈനയിലെ Kangxi ചക്രവര്‍ത്തിയും തമ്മില്‍ ഒപ്പുവെച്ച Nerchinsk ഉടമ്പടി പ്രകാരം (1689) ബെറിംഗ് സംഘത്തിനു ആ റൂട്ട് രാഷ്ട്രീയമായി അപ്രാപ്യമായിരുന്നു . അവസാനം സെയിന്‍റ് പീറ്റര്‍സ് ബര്‍ഗില്‍ നിന്നും നദി മാര്‍ഗ്ഗവും കരമാര്‍ഗ്ഗവും Okhotsk എന്ന കിഴക്കന്‍ തുറമുഖ പട്ടണത്തില്‍ ഏതാനും അവിടെ നിന്നും കപ്പല്‍ മാര്‍ഗ്ഗം ലക്ഷ്യത്തില്‍ എത്തിച്ചേരാനും ബെറിംഗ് തീരുമാനിച്ചു . 1725 ജാനുവരിയില്‍ ബെറിംഗ് സംഘത്തിലെ ഷിരിക്കൊവും (Chirikov) കൂട്ടരും ആദ്യം യാത്ര തിരിച്ചു . കുറച്ചും കടലാസു പണികള്‍ ബാക്കി ഉണ്ടായിരുന്നതിനാല്‍ ബെറിംഗ് പിന്നീടാണ് യാത്ര തുടങ്ങിയത് . ഇരു സംഘങ്ങളും യാത്രയുടെ ആദ്യ പാദത്തില്‍ കുതിര വണ്ടികളെയാണ് കൂടുതലായും ആശ്രയിച്ചത് . പിന്നീട് Vologda യില്‍ വെച്ച് ഇരു സംഘങ്ങളും ഒരുമിച്ചു . ശേഷം യൂറല്‍ പര്‍വ്വത നിരകള്‍ മറികടന്ന് ( Ural mountains) സൈബീരിയയുടെ ചരിത്രപരമായ കേന്ദ്രം ആയ Tobolsk ല്‍ എത്തി . അപ്പോഴേക്കും അവര്‍ ഏതാണ്ട് 1750 മൈലുകള്‍ കരമാഗ്ഗം താണ്ടിയിരുന്നു . ചരക്കുകള്‍ നീക്കുവാനും കപ്പലുകളുടെ അറ്റകുറ്റപണികള്‍ക്കുമായി ബെറിംഗ് കൂടുതല്‍ ആളുകളെ അവിടെവെച്ച് സംഘത്തിലേയ്ക്ക് ചേര്‍ത്തു . അങ്ങിനെ മേയ് പതിനാലോടെ ആ വന്‍ പര്യവേഷണ സംഘം Irtysh നദിയുടെ തീരങ്ങളിലൂടെ മുന്നോട്ട് നീങ്ങി . സെപ്തംബര്‍ ഇരുപത്തി ആറിന് സംഘം Ilimsk എന്ന ചെറുപട്ടണത്തില്‍ എത്തിച്ചേര്‍ന്നു . ( 1970 കളില്‍ Ust-Ilimsk ജല സംഭരണിയുടെ നിര്‍മ്മാണത്തോടെ ഈ പട്ടണം ഇപ്പോള്‍ ജലത്തിനടിയില്‍ ആയി ) . ലെന നദിയുടെ തീരത്തുള്ള Ust-Kut പട്ടണത്തില്‍ അവര്‍ ശീതകാലം ചിലവഴിച്ചു . അപ്പോഴേയ്ക്കും ലെന നദി പൂര്‍ണ്ണമായും ഐസ് ആയി മാറിയിരുന്നു .

Advertisements

1726 ലെ വസന്തകാലം എത്തിച്ചേരുന്നത് വരെ അവര്‍ Ust-Kut ല്‍ കഴിഞ്ഞു കൂടി . പിന്നീട് സംഘം Yakutsk ല്‍ എത്തിച്ചേര്‍ന്നു . അവിടെ വെച്ച് അവര്‍ നാലായി തിരിഞ്ഞു . ജൂലായില്‍ Spangberg ഉം ഇരുന്നൂറോളം ആളുകളും ചരക്കുകളുടെ ഭൂരിഭാഗവും ആദ്യമേ യാത്ര തിരിച്ചു . തൊട്ട് പിറകെ Fyodor Kozlov നയിച്ച ഒരു ചെറു സംഘവും പുറപ്പെട്ടു . ആദ്യമേ തന്നെ Okhotsk തുറമുഖത്ത് എത്തി കപ്പലുകള്‍ റെഡിയാക്കുകയായിരുന്നു ഇരു ഗ്രൂപുകളുടെയും ചുമതല . ഇവര്‍ പിന്നീട് ഉപയോഗിച്ച മൂന്ന് കപ്പലുകളില്‍ Fortuna എന്ന കപ്പല്‍ ഈ സംഘങ്ങള്‍ ചെന്ന ശേഷം ഉണ്ടാക്കിയെടുത്തതാണ് എന്നതാണ് രസകരം . പിന്നീട് ആഗസ്റ്റോടെ ബറിങ്ങും യാത്ര തിരിച്ചു. അവസാനം ഷിരിക്കൊവും സംഘവുമാണ് തുറമുഖത്ത് എത്തിയത് . കൂടുതല്‍ ഫ്രഷ്‌ ആയ ആഹാര സാധനങ്ങള്‍ ലഭിക്കുവാന്‍ വേണ്ടിയാണ് ഷിരിക്കൊവ് അവസാനം വരെ കാത്തു നിന്നത് . Okhotsk തുറമുഖത്തേക്ക് ഉള്ള യാത്ര സംഘങ്ങളെ ശരിക്കും വലയ്ക്കുക തന്നെ ചെയ്തു . ഐസ് പാളികള്‍ക്ക്‌ മീതെയുള്ള യാത്ര മനുഷ്യരെയും മൃഗങ്ങളെയും ഒരു പോലെ ബാധിച്ചു . ഇരുപതോളം കുതിരകള്‍ ചത്തൊടുങ്ങി . ചരക്കുകളുടെ അമിത ഭാരത്താല്‍ Fyodor Kozlov ന്‍റെ ആദ്യ സംഘത്തിന് നിശ്ചിത സമയത്തിനുള്ളില്‍ തുറമുഖത്ത് എത്താന്‍ കഴിഞ്ഞില്ല . തണുപ്പിന്‍റെ കാഠിന്യം സംഘാഗങ്ങളെ രോഗത്തിന് അടിമകളാക്കി . തണുത്തുറഞ്ഞ ഐസ് പാളികള്‍ക്ക്‌ മുകളിലൂടെ ഏകദേശം 685 മൈലുകലാണ് അവര്‍ ചരക്കുകളും കൊണ്ട് നടന്ന് തീര്‍ത്തത് ! ഷിരിക്കൊവിന്റെ സംഘം 27 ടണ്‍ ധാന്യ പൊടികള്‍ ആണ് ചുമന്ന് എത്തിച്ചത് !

മൂന്ന് കപ്പലുകള്‍ ആയിരുന്നു യാത്രയ്ക്കായി ഉപയോഗിച്ചിരുന്നത് . Fortuna (English: Fortune), Vostok (English: East), Archangel Gabriel എന്നിവയായിരുന്നു അവ . ആദ്യത്തേത് രണ്ടും ചരക്കുകള്‍ നീക്കുവാനാണ് ഉപയോഗിച്ചത് . ആയുധങ്ങളും നാലോളം പീരങ്കികളും ഉണ്ടായിരുന്ന ഗബ്രിയേല്‍ ആയിരുന്നു ബെറിങ്ങിന്റെ കപ്പല്‍ . 1727 ജൂണോടെ Spangberg ന്‍റെ നേതൃത്വത്തില്‍ ഉള്ള ആദ്യ കപ്പല്‍ യാത്ര തിരിച്ചു . തൊട്ടുപിറകെ ഷിരിക്കൊവും ബാക്കിയുള്ളവരും ആഹാര സാധനങ്ങളും ആയി അടുത്ത കപ്പലില്‍ പുറപ്പെട്ടു . അവസാനം എല്ലാവരും Lower Kamchatka പോസ്റ്റില്‍ എത്തിച്ചേര്‍ന്നു . അപ്പോഴേയ്ക്കും യാത്ര തുടങ്ങിയിട്ട് മൂന്നു വര്‍ഷങ്ങളോളം ആയിരുന്നു . Lower Kamchatka പോസ്റ്റും യാത്ര തുടങ്ങിയ സെയിന്‍റ് പീറ്റര്‍സ് ബര്‍ഗും തമ്മിലുള്ള ദൂരം ആറായിരം മൈല്‍ ആയിരുന്നു . 1728 ജൂലായില്‍ ബെറിംഗ് തന്‍റെ കപ്പല്‍ പര്യവേഷണം ആരംഭിച്ചു . തീരത്തോട് ചേര്‍ന്ന് വടക്ക് കിഴക്കായി ആയിരുന്നു കപ്പലിന്‍റെ യാത്ര . വീണ്ടും വടക്കോട്ട്‌ യാത്രചെയ്ത് അവര്‍ ഇപ്പോള്‍ ബെറിംഗ് കടലിടുക്ക് എന്ന് വിളിക്കുന്ന ഭാഗത്ത്‌ എത്തി . ഓഗസ്റ്റ് എട്ടാം തീയതി വടക്കന്‍ Chukotka യിലെ എസ്കിമോകള്‍ ആയ chukchi കളുടെ ഒരു വള്ളം കപ്പലിനെ സമീപിച്ചു . കപ്പലിന്‍റെ വരവിന്‍റെ കാരണം ആരായാല്‍ ആയിരുന്നു ഉദ്യേശം . എട്ടുപേര്‍ അടങ്ങുന്ന അവര്‍ കപ്പലിന് അരികിലേക്ക് വരാന്‍ വിസമ്മതിച്ചു . എങ്കിലും കൂട്ടത്തില്‍ ഒരാള്‍ മൃഗത്തോലുകൊണ്ട് നിര്‍മ്മിച്ച ഒരു ബലൂണിന്റെ സഹായത്തോടെ നീന്തി കപ്പലിന് വളരെ അടുത്ത് എത്തി . ഇനിയും വടക്കോട്ട്‌ നീങ്ങിയാല്‍ കൂടുതല്‍ ദ്വീപുകള്‍ കാണാനാവും എന്ന് അയാളുടെ സംസാരത്തില്‍ നിന്നും ബെറിങ്ങിനു മനസ്സിലായി . ഊഹിച്ചതുപോലെ തന്നെ ഒരു വലിയ ദ്വീപ് കണ്ണില്‍പ്പെട്ടു . ബെറിംഗ് അതിന് St. Lawrence ദ്വീപ് എന്ന് പേര് നല്‍കി . ചുക്ചികളെ കണ്ട സ്ഥലത്തിന് ഷിരിക്കൊവ് Cape Chukotsky എന്നും നാമകരണം ചെയ്തു . കര , നേരത്തേതു പോലെ കിഴക്കോട്ട് തള്ളുന്നതിനു പകരം പടിഞ്ഞാറോട്ട് ഉള്‍വലിയുന്നത്‌ ബെറിംഗ് ശ്രദ്ധിച്ചു . സത്യത്തില്‍ അവര്‍ ഏഷ്യയുടെ വടക്ക് കിഴക്കേ മൂലയില്‍ എത്തിയിരുന്നു . കാര്യം പിടി കിട്ടാഞ്ഞതിനാല്‍ വീണ്ടും വടക്കോട്ട്‌ യാത്ര ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു . എന്നാല്‍ കനത്ത ഐസ് പാളികള്‍ അവരുടെ യാത്ര മുടക്കി . അതോടെ ആഗസ്റ്റ്‌ പതിനാറോടെ ബെറിംഗ് തന്‍റെ കപ്പലായ ഗബ്രിയേലിനെ വീണ്ടും തിരികെ Kamchatka യിലെയ്ക്ക് തിരിച്ചു. പക്ഷെ കനത്ത മഞ്ഞും കൊടുംകാറ്റും കപ്പലിനെ ആടിയുലച്ചു. പലപ്പോഴും ഭാഗ്യം കൊണ്ടും മാത്രമാണ് കപ്പല്‍ കരയില്‍ ഇടിച്ച് തകരാതെ രക്ഷപെട്ടത് . ഒരു വിധത്തില്‍ അവര്‍ കപ്പലിനെ Kamchatka നദിയുടെ അഴിമുഖത് എത്തിച്ചു. തിരികെ പോകാം എന്ന് ബെറിങ്ങിനോട് ചിലര്‍ പറഞ്ഞു . ടെസ്ന്യെവിനു പറ്റിയ അബദ്ധം നമ്മുക്ക് ഉണ്ടാവരുത് . കണ്ട വിവരങ്ങള്‍ യഥാവിധം ഡോക്യുമെന്റുകള്‍ ആക്കി കൊട്ടാരത്തില്‍ എത്തിക്കണം . എങ്കിലേ പാരിതോഷികവും പേരും പെരുമയും ലഭിക്കുകയുള്ളൂ .

എന്നാല്‍ ബെറിംഗ് വിടാന്‍ ഒരുക്കമല്ലായിരുന്നു . വേനല്‍ക്കാലം വന്നതോടെ അദ്ദേഹം കപ്പലിനെ വീണ്ടും കിഴക്കോട്ടു നയിച്ചു . എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കര കാണാഞ്ഞതിനാല്‍ അദ്ദേഹം മടങ്ങി . ഇതിനിടെ Fortuna പല തവണ വരികയും പോകുകയും ചെയ്തു കൊണ്ടിരുന്നു . ഓരോ തവണയും പുതിയ ഭക്ഷണ സാമഗ്രികളും കപ്പലിന്‍റെ അറ്റകുറ്റ പണികള്‍ക്ക് വേണ്ട സാമഗ്രികളും കൊണ്ടായിരുന്നു അതിന്‍റെ വരവ് . വേണ്ടി വന്നാല്‍ ഒരു പുതിയ കപ്പല്‍ നിര്‍മ്മിക്കാനുള്ള എല്ലാ വസ്തുക്കളും ഫോര്ചൂണായില്‍ ഉണ്ടായിരുന്നു . റഷ്യക്കും അമേരിക്കന്‍ വന്കരക്കും ഇടയില്‍ കര മാര്‍ഗ്ഗം ഇല്ല എന്ന് പിടികിട്ടിയതോടെ ബെറിംഗ് തന്‍റെ ആദ്യ പര്യവേഷണം അവസാനിപ്പിച്ചു . അങ്ങിനെ അവസാനം 1730 രണ്ടാം മാസത്തില്‍ തന്‍റെ റിപ്പോര്‍ട്ടുകളും ആയി അദ്ദേഹം റഷ്യന്‍ തലസ്ഥാനത്ത് എത്തി . ആയിരം റൂബിളും captain-commander പദവിയും ആണ് അദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത് . Spangberg നും Chirikov നും ക്യാപ്റ്റന്‍ പദവികളും ലഭിച്ചു . ബെറിങ്ങിന്റെ പര്യടനം റഷ്യക്ക് പല ഗുണങ്ങള്‍ സമ്മാനിച്ചു . ഒന്നാമതായി കിഴക്കന്‍ സൈബീരിയ നന്നായി മാപ് ചെയ്യുവാനും മാസസ്സിലാക്കുവാനും സാധിച്ചു . കിഴക്കന്‍ മേഖലയിലെ തദ്ദേശവാസികളുമായി നല്ല ബന്ധം തുടങ്ങാന്‍ ഇത് കാരണം പറ്റി . ഏതൊക്കെ വര്‍ഗ്ഗങ്ങള്‍ ആണ് കിഴക്കന്‍ മൂലയില്‍ ഉള്ളത് എന്ന് പിടികിട്ടി . അവസാനമായി അമേരിക്കന്‍ വന്‍കര വേര്‍പെട്ടു നില്‍ക്കുന്നു എന്ന സത്യം സ്ഥിരീകരിയ്ക്കപ്പെട്ടു . പക്ഷെ യാത്രക്കിടയില്‍ പതിനഞ്ചോളം ജോലിക്കാരുടെ ജീവന്‍ നഷ്ടപ്പെടുത്തി എന്നത് ഈ യാത്രയുടെ ദുഖമായി അവശേഷിക്കുന്നു .

സൈബീരിയൻ പര്യവേഷണങ്ങൾ 4
Mikhail Spiridonovich Gvozdev ആയിരുന്നു അടുത്ത സാഹസികന്‍ . 1732 ല്‍ ബെറിങ്ങിനു സാധിക്കാത്ത ഒരു കാര്യം പക്ഷെ മിഖായേല്‍ സാധിച്ചു . തന്‍റെ യാത്രയ്ക്കിടയില്‍ അദ്ദേഹത്തിന് അലാസ്ക്കന്‍ തീരം കാണുവാന്‍ സാധിച്ചു . ബെറിങ്ങിന്റെ പഴയ സഹാചാരികളെയും കൂട്ടിയാണ് മിഖായേല്‍ , ടെസ്ന്യെവ് മുനമ്പിലേയ്ക്ക് യാത്ര തിരിച്ചത് . സെയിന്‍റ് ഗബ്രിയേല്‍ എന്ന കപ്പലില്‍ ഇന്നത്തെ അലാസ്ക്കയിലെ പ്രിന്‍സ്‌ ഓഫ് വെയില്‍സ് മുനമ്പിനു അടുത്തുവരെ പോകുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു . അതോടെ ബെറിംഗ് കടലിടുക്ക് ഏകദേശം പൂര്‍ണ്ണമായും മനസിലാക്കുവാന്‍ റഷ്യയ്ക്ക് കഴിഞ്ഞു .

ബെറിങ്ങിന്റെ അന്ത്യയാത്ര

എന്നാല്‍ Mikhail Gvozdev അലാസ്ക്കന്‍ കര കണ്ടെത്തിയ കാര്യം St. പീറ്റര്‍സ് ബര്‍ഗില്‍ അറിഞ്ഞിരുന്നില്ല . ഇതേ സമയം ബെറിംഗ് തന്‍റെ രണ്ടാം പര്യവേഷണത്തിന് കോപ്പ് കൂട്ടി . തന്‍റെ പഴയ സഹചാരികള്‍ ആയ Spangberg നെയും Chirikov നെയും ഇപ്രാവിശ്യവും കൂടെ കൂട്ടിയിരുന്നു . കൂടാതെ പകുതി വഴിയില്‍ നിന്നും പഴയ ഗവേഷകനായ Daniel Gottlieb Messerschmidt ന്‍റെ ശിഷ്യന്‍ Georg Wilhelm Steller ഉം സംഘത്തോടൊപ്പം ചേര്‍ന്നു . ദാരിദ്ര്യം മൂലം മരിച്ച ഗുരുവിന്‍റെ ഭാര്യയായിരുന്നു സ്റെല്ലാറിന്റെ പത്നി . ലോകം ഇത് വരെ കണ്ട ഏറ്റവും വലിയ പര്യവേഷണ സംഘമായിരുന്നു ബെറിങ്ങിന്റെ രണ്ടാം ദൌത്യത്തില്‍ ഉണ്ടായിരുന്നത് . എന്നാല്‍ കിട്ടിയ പുരസ്കാരങ്ങള്‍ ബെറിങ്ങിന്‍റെ സ്വഭാവത്തെ ഏറെക്കുറെ മാറ്റിയിരുന്നു . ഷിരിക്കൊവും ആയും സ്പാന്ബെര്‍ഗും ആയും ആശയപരമായി കലഹിച്ചാണ് യാത്ര മുന്നോട്ടു നീങ്ങിയത് . വഴിയിലുടനീളം എസ്കിമോകളുമായി (Koryaks) ബെറിംഗ് ഏറ്റുമുട്ടി . ബെറിങ്ങിന്റെ ആളുകളെ അവര്‍ വധിക്കുകയും ചെയ്തു . കൊലയാളികളെ കണ്ടെത്താന്‍ ബെറിംഗ് തടവുകാരുടെ മേല്‍ പീഡനമുറകള്‍ നടപ്പിലാക്കിയതോടെ സ്റെല്ലാര്‍ , ബെറിങ്ങുമായി മാനസികമായി അകല്ച്ചയിലായി . വഴിയിലുടനീളം പ്രകൃതി പഠനത്തിനായി സമയം കണ്ടെത്തിയ സ്റെല്ലാറിന്റെ നോട്ടുകള്‍ ശാസ്ത്രലോകത്തിന് ഒരു വന്‍ മുതല്‍ക്കൂട്ടായിരുന്നു . ഇപ്രാവിശ്യം St. Peter എന്ന കപ്പലില്‍ ആയിരുന്നു ബെറിംഗ് . 1741 ജൂലായില്‍ ബെറിംഗ് അലാസ്കയിലെ രണ്ടാമത്തെ ഉയരം കൂടിയ പര്‍വ്വതമായ St. ഏലിയാസ്‌ കണ്ടെത്തി . അതോടു കൂടി അമേരിക്കന്‍ വന്‍കരയില്‍ കാലുകുത്തുക എന്ന ഉദ്യേശം സാധിച്ച ബെറിംഗ് തിരികെ പോകാന്‍ ഒരുങ്ങി . പക്ഷെ ഇതിനോടകം ധാരാളം ആളുകള്‍ രോഗം മൂലം മരിച്ചിരുന്നു . ബറിങ്ങും ക്ഷീണിതനായി കാണപ്പെട്ടു . തിരികെ വരുന്ന വഴി Kodiak എന്ന ഭീമന്‍ ദ്വീപും ബെറിംഗ് കണ്ടെത്തി . അലാസ്ക്കന്‍ ഉള്‍ക്കടലിലെ Kayak ദീപും ബെറിംഗ് കണ്ടെത്തുകയും അവിടെ ഇറങ്ങുകയും ചെയ്തു . ഷിരിക്കൊവിന്റെ നേതൃത്വത്തില് ഉണ്ടായിരുന്ന രണ്ടാം സംഘവും ഇതുപോലെ അനേകം ദ്വീപുകള്‍ കണ്ടെത്തി . തന്‍റെ സഹാചാരികളെ പോലെ തന്നെ കഠിനമായ ശീതപിതം (scurvy) ബാധിച്ച ബെറിംഗ് അപ്പോഴേയ്ക്കും തീര്‍ത്തും അവശനായി കഴിഞ്ഞിരുന്നു . അത്യുഗ്രന്‍ കൊടുംകാറ്റില്‍ ബെറിംഗ് നയിച്ച കപ്പല്‍ കമാണ്ടര്‍ ദ്വീപുകളില്‍ ഒരിടത്ത് ഇടിച്ച് കയറി . ബെറിംഗ് ഉള്‍പ്പടെ ഉള്ളവര്‍ എല്ലാം ദ്വീപില്‍ ഇറങ്ങി അവിടെ അഭയം പ്രാപിച്ചു . പക്ഷെ രോഗം മൂര്‍ച്ചിച്ച അവസ്ഥയില്‍ ബെറിങ്ങിനു അധികം മുന്നോട്ടു പോകുവാന്‍ വിധി സമ്മതിച്ചില്ല . അങ്ങിനെ അവസാനം തന്‍റെ നീണ്ട യാത്രകള്‍ അവസാനിപ്പിച്ച് ലോകം കണ്ട ഏറ്റവും സാഹസികനായ പര്യവേഷകരില്‍ ഒരാളായിരുന്ന വൈറ്റസ് ബെറിംഗ് കമാണ്ടര്‍ ദ്വീപുകളിലെ വിജനമായ ഒരു കോണില്‍ വെച്ച് അന്ത്യശ്വാസം വലിച്ചു . അദ്ദേഹത്തിന്‍റെ കല്ലറ , ഇന്ന് Bering Island എന്നറിയപ്പെടുന്ന ദ്വീപില്‍ ഇന്നും നിലനില്‍ക്കുന്നു . ആ യാത്രയില്‍ ബെറിംഗ് ഉള്‍പ്പടെ 29 പേരാണ് മരണമടഞ്ഞത് . ഒരു കാര്യത്തിലും ആദ്യം കണ്ടത് എന്ന് ബെറിങ്ങിന്റെ മിക്ക കണ്ടുപിടിത്തങ്ങളിലും അവകാശപ്പെടുവാന്‍ ഇല്ലെങ്കിലും ഇന്നും അലാസ്ക്കന്‍ തീരങ്ങളിലെ മിക്ക സ്ഥലങ്ങളുടെയും പേര് ബെറിംഗ് എന്ന് തന്നെയാണ് . ( ക്യാപ്റ്റന്‍ ജെയിംസ്‌ കുക്ക് ടെസ്ന്യെവിന്റെ കണ്ടുപിടുത്തം അറിയാതെയാണ് ഉള്‍ക്കടലിന് Bering Strait എന്ന പേര് നല്‍കിയത് ) . Bering Sea, Bering Island, Bering Glacier , Bering Land Bridge തുടങ്ങിതെല്ലാം ബെറിങ്ങിന്റെ പേരില്‍ ആണ് ഇപ്പോള്‍ അറിയപ്പെടുന്നത് .

സൈബീരിയൻ പര്യവേഷണങ്ങൾ 5

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ