ഭൂഗര്‍ഭ നഗരങ്ങള്‍ / അറകള്‍ / നിര്‍മ്മിതികള്‍

ഭൂഗര്‍ഭ നഗരങ്ങള്‍ / അറകള്‍ / നിര്‍മ്മിതികള്‍ 1

പുരാതന കാലത്ത് ജലവും ഭക്ഷണവും മറ്റു സൗകര്യങ്ങളും തേടി നടന്നിരുന്ന മനുഷ്യര്‍ ഇതെല്ലാം ഒരുമിച്ചു കിട്ടുന്ന സ്ഥലങ്ങള്‍ കണ്ടുപിടിച്ച് അവിടെ വാസമുറപ്പിച്ചു . ഇത്തരം സ്ഥലങ്ങളിലേക്ക് കൂടുതല്‍ ആളുകള്‍ ആകര്‍ഷിക്കപ്പെടുകയും അവിടുത്തെ ജനസംഖ്യ ക്രമേണ വര്‍ധിച്ച് അതൊരു ചെറു പട്ടണമായി രൂപപ്പെടുകയും ചെയ്തു . എന്നാല്‍ ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാതെ അലഞ്ഞ് നടന്നിരുന്ന നാടോടി വര്‍ഗ്ഗങ്ങള്‍ ഇത്തരം സ്ഥിരതാമാസക്കാര്‍ക്ക് വെല്ലുവിളിയായി തീര്‍ന്നു . ഭക്ഷണത്തിനും ജലത്തിനും സൌകര്യങ്ങള്‍ക്കും വേണ്ടി ആക്രമണങ്ങള്‍ പതിവായി തീര്‍ന്നപ്പോള്‍ നഗരവാസികള്‍ കോട്ട മതിലുകള്‍ നിര്‍മ്മിച്ചു . എന്നാല്‍ ഇത്തരം പ്രധിരോധ രീതികളെയും തകര്‍ക്കാന്‍ ശേഷിയുള്ള ആയുധങ്ങളുമായി ശത്രുക്കള്‍ വന്നപ്പോള്‍ അവര്‍ പകച്ചു നിന്നു . ഒരു നഗരമോ ഗ്രാമമോ ആക്രമിച്ചാല്‍ തദ്ദേശവാസികളെ അപ്പാടെ കൊന്നു തീര്‍ക്കുന്ന കാടന്‍ നിയമങ്ങള്‍ ഉള്ള കാലത്ത് ചിലര്‍ മാറി ചിന്തിച്ചു തുടങ്ങി . ശത്രുക്കള്‍ ആക്രമിച്ചാല്‍ അവരുടെ കണ്ണില്‍ പെടാതെ ഒളിയ്ക്കണം . ഓടിയോളിച്ചിട്ടു കാര്യമില്ല . ഓടിയാല്‍ ഒന്നുകില്‍ സമുദ്രം വരെ അല്ലെങ്കില്‍ ഏതെങ്കിലും അപ്രാപ്യമായ പര്‍വ്വതങ്ങളുടെ താഴ്വര വരെ . മിന്നല്‍ വേഗത്തില്‍ പായുന്ന കുതിരപ്പടയാളികളുടെ കയ്യില്‍ നിന്നും രക്ഷപെടുക അസാധ്യം .

Advertisements

അങ്ങിനെ ആലോചിച്ച് തലകുമ്പിട്ടു നില്‍ക്കുപോള്‍ ആര്‍ക്കോ തോന്നി ഭൂമിക്കടിയിലെയ്ക്ക് രക്ഷപെട്ടാലോ എന്ന് . മുകളിലേയ്ക്ക് പടുത്തുയര്‍ത്തിയ രമ്യഹര്‍മ്മങ്ങള്‍ക്ക് പകരം അതുപോലെ തന്നെ ഭൂമിക്കടിയില്‍ നിര്‍മ്മിക്കുക ! അങ്ങിനെ ഭയചകിതരായ ചിലര്‍ ഭൂമിക്കടിയില്‍ വാസസ്ഥലങ്ങള്‍ പണിതു തുടങ്ങി . അനേകര്‍ കൂടിയപ്പോള്‍ അത് മറ്റൊരു ഭൌമാന്തര നഗരമായി മാറി ! മുകളിലേയ്ക്ക് പണിയുന്നതിനേക്കാള്‍ കടുപ്പമായിരുന്നു താഴേയ്ക്കുള്ള നിര്‍മ്മാണം . കരിമ്പാറകളെ അവര്‍ ഭിത്തികളായി രൂപപ്പെടുത്തി . ഭൌമാന്തരനദികളെ ജലസ്രോതസുകള്‍ ആക്കി . പടുകൂറ്റന്‍ ഗര്‍ത്തങ്ങളില്‍ വായൂ ദ്വാരങ്ങള്‍ സ്ഥാപിച്ചു . വര്‍ഷങ്ങള്‍ കഴിഞ്ഞു കൂടാനുള്ള ധാന്യങ്ങള്‍ ഭൂമിക്കടിയിലെ അറപ്പുരകളില്‍ ശേഖരിച്ചു . മാലിന്യങ്ങളും വിസര്‍ജ്യങ്ങളും ഭൂമിക്കടിയില്‍ തന്നെ കുഴിച്ചുമൂടി .

അങ്ങിനെ ചില ജനതകള്‍ വര്‍ഷങ്ങളോളം ഇത്തരം രഹസ്യ അറകളില്‍ കഴിഞ്ഞു കൂടി . ഭീതിയകന്നപ്പോള്‍ എപ്പോഴോ അവര്‍ പുറത്തു വന്നിരിക്കണം . പിന്നീട് പലരും തിരിച്ചെത്തിയതുമില്ല . അങ്ങിനെ പല രഹസ്യ നഗരങ്ങളുടെയും പുറം വാതിലുകള്‍ കാലക്രമേണ മണ്ണിടിഞ്ഞും അല്ലാതെയും അടഞ്ഞു . പതിറ്റാണ്ടുകളോളം പല മനുഷ്യജാതികള്‍ക്ക് അഭയകെന്ദ്രമായിരുന്ന ഇത്തരം രഹസ്യനഗരങ്ങള്‍ പുതുതലമുയ്ക്ക് അത്ജാതമായിതീര്‍ന്നു . വീണ്ടും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആധുനിക മനുഷ്യന്‍ അവന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ഭൂമി തുരന്നപ്പോള്‍ അവരുടെ മുന്നില്‍ ഭൂതകാലത്തിന്റെ രഹസ്യ അറകള്‍ തുറന്നു ! ഇങ്ങനെ നമ്മുക്ക് മുന്നില്‍ തുറന്ന് കിട്ടിയ , ചില രഹസ്യ നഗരങ്ങളെ നമ്മുക്കൊന്ന് പരിചയപ്പെടാം ………. ഇതില്‍ ചിലത് ആക്രമങ്ങളെ ഭയന്ന് നിര്‍മ്മിച്ചതാണെങ്കില്‍ ചിലത് വന്യ മൃഗങ്ങളില്‍ നിന്നുള്ള രക്ഷക്കും മറ്റു ചിലത് പ്രകൃതി ക്ഷോഭങ്ങളെ നേരിടാനും വേറെ ചിലത് ഖനികളില്‍ പ്രാര്‍ഥനക്കും മറ്റും ആയും ആണ് . കച്ചവടത്തിനും ജല വിനിയോഗത്തിനും ഭൂഗര്‍ഭ അറകള്‍ മനുഷ്യന്‍ നിര്‍മ്മിച്ചിട്ടുണ്ട് .

🏀 Derinkuyu underground city (ടര്‍ക്കി )

ഭൂമിയിലെ ഏറ്റവും വലിയ അണ്ടര്‍ഗ്രൌണ്ട് സിറ്റി ആണ് തുര്‍ക്കിയിലെ Nevşehir പ്രവിശ്യയില്‍ ഉള്ളത് . പുരാതന Cappadocia ഭാഗത്ത്‌ ധാരാളം രഹസ്യ നഗരങ്ങള്‍ ഉണ്ടെങ്കിലും 1969 ല്‍ കണ്ടുപിടിച്ചവയാണ് ഏറ്റവും വലുത് . ഭൂമിക്ക് മുകളിലെ ആധുനിക നഗരം വിപുലീകരിയ്ക്കുന്നതിന്റെ ഭാഗമായി ചില കെട്ടിടങ്ങള്‍ തകര്‍ക്കുന്ന സമയത്താണ് പഴയ രഹസ്യ നഗരത്തിലേക്കുള്ള കിളിവാതില്‍ തുറന്ന് കിട്ടിയത് . അറുപത് മീറ്റര്‍ താഴ്ചയില്‍ ഇരുപതിനായിരം ആളുകള്‍ക്ക് കന്നുകാലികള്‍ സഹിതം ജീവിയ്ക്കാനുള്ള സെറ്റ് അപ് ഉണ്ടായിരുന്നു ഈ അണ്ടര്‍ വേള്‍ഡില്‍ ! ചെറിയ ചാപ്പലുകളും ( ക്രിസ്ത്യന്‍ പള്ളി ), ധാന്യപ്പുരകളും , അടുക്കളകളും , കളിസ്ഥലങ്ങളും ഉള്‍പ്പടെ ഏകദേശം നാല് ലക്ഷത്തിഅറുപതിനായിരം ചതുരശ്ര മീറ്റര്‍ ആണ് ഇതിന്‍റെ വിസ്തീര്‍ണ്ണം ! ഇവിടെ 371 അടി താഴ്ച്ച വരെ പടവുകള്‍ ഉണ്ട് . ചെറുതും വലുതുമായി ഇത്തരം ഇരുന്നൂറോളം നഗരങ്ങള്‍ ഈ ടര്‍ക്കിഷ് പ്രവിശ്യയില്‍ ഇത് വരെ കണ്ടു പിടിച്ചിട്ടുണ്ട് . ഇവയില്‍ ചിലതിന്‍റെ നിര്‍മ്മാണം ബൈസന്റയിന്‍ കാലഘട്ടത്തില്‍ ആണ് . പിന്നീട് ഓട്ടോമന്‍ തുര്‍ക്കികളെ പേടിച്ച് ഗ്രീക്ക് ക്രിസ്ത്യാനികള്‍ ചിലത് നിര്‍മ്മിച്ച്‌ ഇതില്‍ താമസിച്ചിരുന്നു . വേറെ ചില ചെറു നഗരങ്ങള്‍ ക്രിസ്തുവിനു മുന്‍പും ഇവിടെ ഉണ്ടായിരുന്നു . അഞ്ചു നിലകള്‍ വരെയുള്ള ഈ നഗരങ്ങളില്‍ പള്ളികള്‍ ഏറ്റവും താഴത്തെ അഞ്ചാം നിലയില്‍ ആയിരുന്നു .

ക്രിസ്തുവിനു മുന്‍പ് ഉണ്ടായിരുന്ന Phrygians തുടങ്ങി , പിന്നീട് വന്ന സൌരാഷ്ട്രീയര്‍ , ഗ്രീക്ക് ക്രിസ്ത്യാനികള്‍ അങ്ങിനെ പലരും ഇവിടുത്തെ രഹസ്യ നഗരങ്ങളില്‍ അഭയം പ്രാപിക്കുകയും , ഉപയോഗിക്കുകയും , വിപുലീകരിയ്ക്കുകയും ചെയ്തിട്ടുണ്ട് . 1923 ല്‍ ഗ്രീസും തുര്‍ക്കിയും ആളുകളെ പരസ്പ്പരം കൈമാറ്റം ചെയ്യുന്നത് വരെയും ( Population exchange between Greece and Turkey) ഈ നഗരങ്ങളില്‍ ഗ്രീക്ക് ക്രിസ്ത്യാനികള്‍ ഒളിവില്‍ പാര്‍ത്തിരുന്നു . പിന്നീട് 1960 കളില്‍ മാത്രമാണ് ഈ രഹസ്യ നഗരങ്ങള്‍ പുറം ലോകത്തിനു വെളിപ്പെട്ടത്

Advertisements

🏀 ബൈജിംഗ് ഭൂഗര്‍ഭ നഗരം ( Dixia Cheng, ചൈന )

സോവിയറ്റ് യൂണിയന്‍റെ ആണവ ആക്രമണത്തെ ഭയന്ന് മാവോയുടെ നിര്‍ദേശാനുസരണം (1970s) നിര്‍മ്മിച്ചാണ് ഈ ഭൂഗര്‍ഭ നഗരം . ബൈജിംഗ് നഗരത്തിന് കീഴെ ഏകദേശം മുപ്പതു കിലോമീറ്ററോളം നീളത്തില്‍ ആണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത് . അന്നത്തെ നാല്‍പ്പതു ശതമാനത്തോളം ബീജിംഗ് നിവാസികളെ ഉള്‍ക്കൊള്ളുവാന്‍ പാകത്തിലായിരുന്നു ഇതിന്‍റെ നിര്‍മ്മാണം . സ്കൂളുകള്‍ , കടകള്‍ , സ്റോറുകള്‍ , ഹോട്ടലുകള്‍ എന്നുവേണ്ട കുട്ടികള്‍ക്കുള്ള കളി സ്ഥലങ്ങള്‍ വരെ ഇതില്‍ നിര്‍മ്മിച്ചിട്ടുണ്ട് . സാധാരണ ഷോപ്പുകള്‍ എന്ന് തോന്നിക്കുന്ന തൊണ്ണൂറോളം പ്രവേശന കവാടങ്ങള്‍ ഇതിനു ഉണ്ട് . ഏകദേശം 300,000 ആളുകള്‍ ഇതിന്‍റെ നിര്‍മ്മാണത്തില്‍ പങ്കെടുത്തു എന്ന് കരുതപ്പെടുന്നു . 2008 ല്‍ അറ്റകുറ്റപ്പണികള്‍ നടത്താനായി അടച്ച ഇതില്‍ ഇപ്പോള്‍ പൊതുജനങ്ങള്‍ക്കു പ്രവേശം ഇല്ല എന്ന് കേള്‍ക്കുന്നു .

🏀 കിഷിലെ അക്വാ ഡക്ട്റ്റ് (ഇറാന്‍ )

അതെ … നമ്മള്‍ വിസ ചേഞ്ച്‌ ചെയ്യാന്‍ പോയിരുന്ന അതേ കിഷ് . ഇറാന്‍റെ തന്ത്ര പ്രധാനമായ ദ്വീപ് അയ കിഷ് പണ്ടും അങ്ങിനെ തന്നെ ആയിരുന്നു . അസീറിയന്‍ – എലോമൈറ്റ് കാലങ്ങളില്‍ ഇത് തിരക്ക് പിടിച്ച ഒരു പോര്‍ട്ട്‌ ആയിരുന്നു . പക്ഷെ ഇപ്പോളുള്ള ഭൂഗര്‍ഭ ടണല്‍ നിര്‍മ്മിച്ചിട്ട് ആയിരം കൊല്ലങ്ങളെ ആയിട്ടുള്ളൂ . ദ്വീപിലെ വിവിധ ഭാഗങ്ങളിലേക്കുള്ള ജല വിതരണത്തിനും ചരക്കു നീക്കത്തിനും വേണ്ടിയാണ് അന്ന് ഇത് നിര്‍മ്മിച്ചത് . ഈ ടണലുകള്‍ വഴി ദ്വീപിലെ ഏതു കോണിലും എത്തിച്ചേരാനാകും . ഇത് സന്ദര്‍ശിക്കുവാന്‍ നിയന്ത്രണങ്ങള്‍ ഉണ്ട് . ഇതിലും ആളുകള്‍ക്ക് ജീവിക്കുവാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട് .

🏀 ആസ്ത്രേല്യയിലെ Coober Pedy

ഇവിടെ മനുഷ്യര്‍ ഇപ്പോഴും ഭൂമിക്കടിയില്‍ തന്നെയാണ് വാസം . ആക്രമണം പേടിച്ചിട്ടൊന്നും അല്ല . ഒടുക്കത്തെ ചൂട് ആണ് കാരണം . ഭൂമിക്കടിയില്‍ ഉള്ള ഇത്തരം വീടുകളെ dugout എന്നാണ് വിളിയ്ക്കുക . ഇത്തരം അറകളില്‍ ഇവര്‍ സ്ഥിരമായി വസിക്കാറില്ല . പകല്‍ സമയത്തെ ചൂടില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി മാത്രമാണ് ഈ സെറ്റ് അപ് . ധാരാളം ഖനികള്‍ ഉള്ള ഇവിടെയും മറ്റു സ്ഥലങ്ങളിലും ഇത്തരം dugout ധാരാളം ഇന്നും ഉപയോഗത്തില്‍ ഉണ്ട് . ആസ്ത്രേല്യയിലെ വിദൂര പട്ടണങ്ങളില്‍ ഒന്നായ ഇവിടുത്തെ ഭൂഗര്‍ഭ വീടുകളും മറ്റും കാണുവാന്‍ ഇപ്പോള്‍ ധാരാളം സഞ്ചാരികള്‍ എത്തുന്നുണ്ട് .

🏀 Wieliczka ഉപ്പു ഖനി ( ഹോളണ്ട് )

പതിമൂന്നാം നൂറ്റാണ്ടില്‍ ഖനനം ആരഭിച്ച ഇത് ലോകത്തിലെ ഏറ്റവും പഴയ ഉപ്പു ഖനികളില്‍ ഒന്നാണ് . ഇവിടുത്തെ തൊഴിലാളികള്‍ ഉപ്പു പാറകള്‍ (Halite) തുരന്നും ചീകിയെടുത്തും നാല് പള്ളികള്‍ ആണ് ഇതിനകത്ത് നിര്‍മ്മിച്ചെടുത്തത് . കൂടാതെ അനേകം രൂപങ്ങളും ! ആഴ്ചകളോളം ഇതിനകത്ത് പണിയെടുക്കുന്ന ആളുകള്‍ക്കായാണ് ഈ പള്ളികള്‍ തീര്‍ത്തത് . ഈ ഖനി 2007 വരെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു . ഇപ്പോള്‍ ഭൂഗര്‍ഭ പള്ളികള്‍ കാണാന്‍ സഞ്ചാരികളുടെ തിരക്കാണ് . രണ്ടാം ലോക യുദ്ധകാലത്ത് ഇത് നാസികളുടെ താവളം ആയിരുന്നു .ഇതിനു തൊട്ടടുത്തുള്ള Bochnia ഖനിയില്‍ പള്ളികളും വോളിബോള്‍ , ബാസ്കറ്റ് ബോള്‍ , ഹാന്‍ഡ്‌ ബോള്‍ കോര്‍ട്ടുകളും ഹോട്ടലുകളും വരെ ഉണ്ട് .

കൊളംബിയയിലെ Zipaquirá ഉപ്പു കത്തീഡ്രല്‍ ഇതിനു സമാനമായ ഭൂഗര്‍ഭ നിര്‍മ്മിതികളില്‍ ഒന്നാണ് . ഇരുന്നൂറു മീറ്റര്‍ താഴ്ചയിലാണ് ഈ പള്ളി ഖനിക്കുള്ളില്‍ നിര്‍മ്മിച്ചിരിക്കുന്നത് .

🏀Leavenworth, Kansas, USA

ഇത് ടണലുകളുടെ ഒരു നെറ്റ്‌വര്‍ക്ക് ആണ് . നഗരത്തിന്‍റെ പല ഭാഗങ്ങളിലും ഇതിനു വാതിലുകള്‍ ഉണ്ട് . മിക്കതും പഴയ കടകളുടെ പിന്നാമ്പുറത്തെയ്ക്കാണ് . പക്ഷെ ആരാണ് നിര്‍മ്മിച്ചത് എന്ന് മാത്രം അറിയില്ല . അമേരിക്കന്‍ അഭ്യന്തര യുദ്ധ കാലത്ത് രക്ഷപെട്ട നീഗ്രോ അടിമകള്‍ ഒളിച്ചിരിക്കുവാനായി നിര്‍മ്മിച്ചതാകണം എന്ന് ചിലര്‍ കരുതുന്നു . അതല്ല , മദ്യ നിരോധന കാലത്ത് കള്ളക്കടത്തുകാര്‍ നിര്‍മ്മിച്ചതാകണം എന്നും അനുമാനം ഉണ്ട് . ( ചില വാതിലുകള്‍ പഴയ മദ്യ ശാലകളുടെ പിന്നാമ്പുറത്താണ് അവസാനിക്കുന്നത് !!! ) . കാനഡയിലെ Saskatchewan ല്‍ ഉള്ള Moose Jaw ഇത്തരം ഒന്നാണ് .

🏀 Setenil de las Bodegas, സ്പെയിന്‍

ഇത് ഒരു പൂര്‍ണ്ണ ഭൂഗര്‍ഭ നഗരം അല്ല . ഇവിടുത്തെ വീടുകള്‍ മലകളില്‍ തുരന്നു ഉണ്ടാക്കിയിരിക്കുകയാണ് . മാത്രവുമല്ല മൂവായിരത്തോളം ആളുകള്‍ ഇപ്പോഴും അവിടെ ഇത്തരം തുരന്നുണ്ടാക്കിയ വീടുകളില്‍ ജീവിക്കുന്നുമുണ്ട് . റോമക്കാരാന് ഈ പണി തുടങ്ങി വെച്ചത് എന്ന് കരുതപ്പെടുന്നു .

🏀 Shanghai Tunnels, Oregon, അമേരിക്ക

പട്ടണത്തിലെ സകല കച്ചവട സ്ഥാപനങ്ങളെയും , ബിയര്‍ പാര്‍ലറുകളെയും ബന്ധിപ്പിച്ചിരുന്ന ഈ ടണല്‍ ശൃംഗല ചരക്ക് നീക്കത്തിനും പിന്നീട് വേശ്യാവൃത്തിക്കും ഉപയോഗിച്ചിരുന്നു . ഇന്ന് പ്രേത സിനിമകളുടെ പ്രധാന ലൊക്കേഷന്‍ ആണിത് .

ഇനിയും ഒരുപാടുണ്ട് ( ഉദാ: Central Government War Headquarters, UK) . അതുപോലെ തന്നെ ആധുനിക മനുഷ്യന്‍ നിര്‍മ്മിച്ച മോഡേണ്‍ ഭൂഗര്‍ഭ നിലയങ്ങളും ( ഉദാ : The Indoor City or La Ville Souterriane കാനഡ ) .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ