“use it or lose it” എന്നത് പ്രകൃതിയുടെ നിയമമാണ് എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഒരു മെക്സിക്കന്‍ മത്സ്യം . മെക്സിക്കന്‍ ടെട്രാ (Mexican tetra, Astyanax mexicanus ) എന്ന മീന്‍ പ്രകൃതിയിലെ അത്ഭുതങ്ങളില്‍ ഒന്നാണെങ്കിലും ഡാര്വിന് പറഞ്ഞിട്ട് പോയ convergent എവലൂഷനും parallel എവലൂഷനും ജീവിക്കുന്ന തെളിവ് കൂടിയാണ് ഇവ . ഇനി എന്താണ് കാര്യം എന്ന് നോക്കാം .
മെക്സിക്കന്‍ ടെട്രാ എന്നത് അമേരിക്കയുടെ ദക്ഷിണ ഭാഗങ്ങളിലും മെക്സിക്കയിലും കാണുന്ന ഒരു സാധാരണ മീന്‍ ആണ് (നീളം 12 cm ) . അധികം താഴ്ച്ചയില്ലാത്ത പുഴകളിലും കുളങ്ങളിലും ഇവ മാന്യമായി ഇരതേടി ജീവിക്കുന്നു . ഇവയെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ഒരു കൂട്ടം ഗവേഷകര്‍ പല തരം ആവാസവ്യവസ്ഥകളില്‍ ഈ മീനുകളെ കണ്ടെത്തുകയുണ്ടായി . കുളങ്ങള്‍ , കായലുകള്‍ , ഗര്‍ത്തങ്ങള്‍ , പുഴകള്‍ അങ്ങിനെ വിവിധ സ്ഥലങ്ങള്‍ . പക്ഷെ മെക്സിക്കോയിലെ കുറ്റാകൂരിരുട്ട് നിറഞ്ഞ ഒരു ഗുഹയിലെ കുഞ്ഞരുവിയില്‍ ഇവയുടെ ഒരു കൂട്ടത്തെ കണ്ടെത്തിയ ഗവേഷകര്‍ പക്ഷെ ഒരു കാര്യം കണ്ടു ഞെട്ടി . കാരണം ആ ഗുഹയില്‍ ജീവിക്കുന്ന മെക്സിക്കന്‍ ടെട്രകള്ക്കൊന്നും കണ്ണ് കാണില്ലായിരുന്നു . ഒന്ന് കൂടി സൂക്ഷിച്ചു പഠിച്ചപ്പോള്‍ അവര്‍ വീണ്ടും ഞെട്ടി കാരണം അവയ്ക്ക് കണ്ണ് കാണില്ല എന്ന് മാത്രമല്ല , കണ്ണ് എന്ന അവയവം പോലും ഇല്ലായിരുന്നു ! അതായത് മെക്സിക്കന്‍ ടെട്ര എന്ന ഈ മത്സ്യം ഭൂമിയില്‍ രണ്ടു വിധത്തില്‍ ജീവിക്കുന്നു , കണ്ണില്ലാത്ത ഒരു കൂട്ടരും കണ്ണുള്ള വേറൊരു കൂട്ടരും .
കണ്ണില്ലാത്ത മെക്സിക്കന്‍ ടെട്ര
കണ്ണില്ലാത്ത ടെട്രകളുടെ മൂന്ന് കൂട്ടങ്ങളെയാണ് ഗവേഷകര്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളത് . എങ്ങിനെയാണ് ഇവറ്റകളുടെ കണ്ണ് “പോയത് ” എന്നതിന് പല സിദ്ധാന്തങ്ങളും ശാസ്ത്രഞ്ഞര് മുന്നോട്ട് വെയ്ക്കുന്നുണ്ട് . അവയില്‍ ചിലത് നമ്മുക്ക് നോക്കാം ( expensive tissue hypothesis ) . ഒരു ഭീമന് ഗുഹകളുടെ ഉള്ളിലൂടെ ഒഴുകുന്ന അരുവികളിലാണ് അന്ധ ടെട്രകള്‍ കൂടുതലും ജീവിക്കുന്നത് . അവിടെ രണ്ടു കാര്യങ്ങള്‍ക്ക് കാര്യമായ കുറവ് ഉണ്ട് . ഒന്ന് സൂര്യപ്രകാശം , രണ്ട് ഓക്സിജന്‍ . ഇവിടെ ശരീരത്തിന് ആവശ്യമായ് ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന ഓക്സിജന്റെ കുറവ് മീനുകള്‍ക്ക് വലിയ പ്രശ്നമാണ് . ഇരതേടി കൂടുതല്‍ ദൂരം സഞ്ചരിക്കുവാന്‍ ധാരാളം ഊര്‍ജം ആവശ്യമാണ് . അപ്പോള്‍ എന്താണ് ഒരു വഴി ? നമ്മുടെ മൊബൈലിലെ ചാര്‍ജ് പത്തു ശതമാനത്തിനും താഴെ എത്തിയാല്‍ നാം എന്താണ് ചെയ്യുക ? ഒന്നുകില്‍ ബ്രൈറ്റ്നെസ്സ് കുറച്ചു വെക്കും അല്ലെങ്കില്‍ ഡിസ്പ്ലേ ഓഫ് ചെയ്ത് വെക്കും . കാരണം മൊബൈലില്‍ ഏറ്റവും കൂടുതല്‍ ചാര്‍ജ് തിന്നുന്ന ഒരു ഭാഗം അതിന്റെ ഡിസ്പ്ലേ ആണ് . നമ്മുടെ ടെട്ര മീനുകളും അത് തന്നെ ചെയ്തു . ഡിസ്പ്ലേ ഓഫ് ചെയ്തു ( ഇത് ഒരു ദിവസം രാവിലെ ചെയ്ത കാര്യമല്ല , നീണ്ട കാലങ്ങള്‍ കൊണ്ടാണ് )! ഗവേഷകരുടെ പഠനത്തില്‍ (Damian Moran, Seafood Technologies Group, Nelson, New Zealand) ഈ മീനുകള്‍ക്ക് പൂര്‍ണ്ണ അന്ധകാരത്തില്‍ കണ്ണുകള്‍ വെറും പാഴ് വസ്തുവാണ് . മാത്രവുമല്ല ഇതുമായി ബന്ധപ്പെട്ട photoreceptive സെല്ലുകളും ന്യൂറോണുകളും (neurons) പതിനഞ്ചു മുതല്‍ ഇരുപത് ശതമാനം വരെ ഊര്‍ജ്ജം ഉപയോഗിക്കുകയും ചെയ്യും . അപ്പോള്‍ എല്ലാം കൊണ്ടും കണ്ണ് ഇരുട്ടത്ത് ഒരു ബാധ്യത ആയി മാറി . അങ്ങിനെ കാലാകാലങ്ങളായി ഗുഹയില്‍ ജീവിച്ചു വന്ന ടെട്രാ മീനുകള്‍ പതുക്കെ പതുക്കെ കണ്ണുകള്‍ അടച്ചു , പിന്നീട് അന്ധരായി , ശേഷം ആ അവയവം തന്നെയും ഉപേക്ഷിച്ചു . അതായത് ഒന്നുകില്‍ ഉപയോഗിക്കുക, ആവശ്യമില്ലെങ്കില്‍ കളയുക എന്ന പ്രകൃതി നിയമം ആ അന്ധകാരം നിറഞ്ഞ ഗുഹകളില്‍ ആരുമറിയാതെ പാലിക്കപ്പെട്ടു ! പായലുകളും ചത്ത ജലജീവികളും ആണ് അന്ധ ടെട്രകളുടെ ഇപ്പോഴത്തെ ആഹാരം . ഇത് മാത്രമല്ല pleiotropy എന്ന മറ്റൊരു പ്രതിഭാസവും ഇത്തരം മീനുകളില്‍ പ്രകടമാണത്രേ ! അതായത് കണ്ണുകളുടെ പ്രവര്‍ത്തനത്തിനായി പ്രവര്‍ത്തിച്ചിരുന്ന സെല്ലുകള്‍ ഇപ്പോള്‍ പണിയില്ലാതെ വന്നതിനാല്‍ പുതിയ ജോലിക്ക് നിയോഗിക്കപ്പെട്ടു എന്നാണ് പറയുന്നത് . ഇപ്പോള്‍ അവര്‍ രുചി അറിയുന്ന പണിയാണ് ചെയ്യുന്നത് . ഇരുട്ടത്ത് അതാണല്ലോ ആവശ്യം ! സൂര്യപ്രകാശത്തിന്റെ അഭാവം ഇവയുടെ നിറത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് .
ടെട്രകള്‍ ഇന്ന് ഒരു അക്വേറിയം പെറ്റ് ആണ് . കണ്ണ് കാണാവുന്നവയെയും, കണ്ണില്ലാത്തവയെയും ഒരുമിച്ചാണ് പലരും അക്വേറിയത്തില്‍ ഇട്ടു വളര്‍ത്തുന്നത് . തീറ്റ ഇട്ടുകൊടുത്താല്‍ കണ്ണില്ലാത്തവയാണ് കാഴ്ച്ചയുള്ളവയെക്കാള് വേഗത്തില്‍ പാഞ്ഞടുത് ആദ്യം ഭക്ഷണം അകത്താക്കുന്നത് !
അന്ധകാര ലോകത്തിലെ മലയാളി സാന്നിധ്യം !
ലോകമെമ്പാടുമുള്ള കാഴ്ചയില്ലാത്ത മീനുകളുടെ ലോകത്തിലേക്ക് കേരളത്തില്‍ നിന്നും നിലവില്‍ ഉള്ള കുറച്ചു പേരേ പരിചയപ്പെടാം .
1. കിണറുകള്‍ തോറും സഞ്ചരിക്കുന്ന Horaglanis abdulkalami ( അബ്ദുള്‍ കലാം സാറിന്റെ ബഹുമാനാര്‍ഥമാണ് ഈ പേര് നല്‍കിയത് ).
3.8cm നീളമുള്ള ഇവയ്ക്ക് രക്തവര്‍ണ്ണമാണ് ദേഹത്തിനു ഉള്ളത് . Dr ബിജോയ് നന്ദന്റെയും (CUSAT), പ്രൊഫ : K. K സുരേഷ് ബാബുവിന്റെയും (Jimma University in Ethiopia) നേതൃത്വത്തില്‍ ഉള്ള സംഘം ആണ് തൃശൂരിലെ (Cava, Irinjalakuda 10°20’47.50”N,76°12’03.50”E ) ഒരു ആഴമേറിയ കിണറ്റില്‍ നിന്നും ഇവയെ കണ്ടെത്തിയത് (2012) . ടെട്രകളെ പോലെ തന്നെ ഇവയ്ക്കും കണ്ണ് എന്ന അവയവം ഇല്ല . ചെകിളകള്‍ മാത്രമല്ല , മുഖത്തെ തൊലിയിലെ ചെറു സുഷിരങ്ങള്‍ വഴിയും ഇവ ശ്വസിക്കും എന്നതാണ് പ്രധാന പ്രത്യേകത . മറ്റൊരു അത്ഭുതം എന്താണെന്ന് വെച്ചാല്‍ ഭൂഗർഭജല കുഴലുകള്‍ വഴി (water channels through the laterite rocks) ഇവയ്ക്ക് ഒരു കിണറില്‍ നിന്നും മറ്റൊരു കിണറ്റില്‍ നിന്നും സഞ്ചരിക്കാം എന്നുള്ളതാണ് ! catfish വര്‍ഗ്ഗത്തിലാണ് ഇവ ഉള്‍പ്പെടുന്നത് .
2. Monopterus trichurensis. അബ്ദുള്‍ കലാമിയെ കണ്ടെത്തിയ അതേ ടീമാണ് തൃശൂരില്‍ നിന്നും ഈ അന്ധ ഈലിനെ കണ്ടെത്തിയത് .
3. തൃശൂരിലെ തന്നെ Parappukara (10°13’N, 76°15’E) യില്‍ നിന്നും പ്രൊഫ : K. K സുരേഷ് ബാബു കണ്ടെത്തിയ catfish ഇനത്തില്‍ പെട്ട മറ്റൊരു അന്ധമത്സ്യമാണ് Horaglanis alikunhii .
4. കുരുടൻമുഷി എന്നും വിളിക്കുന്ന Horaglanis_krishnai യെ കണ്ടെത്തിയത് (കൃഷ്ണ മേനോന് 1950) കോട്ടയം ജില്ലയിലെ മുണ്ടക്കയത്തെയും ഏറ്റുമാനൂരിലെയും കിണറുകളില്‍ നിന്നാണ് . കിണറുകള്‍ തോറും സഞ്ചരിക്കുന്ന സ്വഭാവം ഇവയ്ക്കും ഉണ്ട് .
പ്രധാന ചിത്രം :
കണ്ണുള്ളതും ഇല്ലാത്തതും ആയ മെക്സിക്കന്‍ ടെട്രാകള്‍ ഒരുമിച്ചു അക്വേറിയത്തില്‍ ജീവിക്കുന്നത് .
ഭൂമിയിലെ എല്ലാ അന്ധ മത്സ്യങ്ങളുടെയും ലിസ്റ്റ് ഈ ലിങ്കില്‍ ഉണ്ട് >> https://en.wikipedia.org/wiki/Blind_fish