Santikhiri – തായ്‌ലൻഡിലെ ചൈന

Santikhiri - തായ്‌ലൻഡിലെ ചൈന 1

വടക്കൻ തായ്‌ലൻഡിൽ മ്യാൻമാറിനോട് ചേർന്നു കിടക്കുന്ന അതിമനോഹരമായ ഒരു മലയോര ഗ്രാമമാണ് , മുൻപ് Mae Salong എന്നറിയപ്പെട്ടിരുന്ന Santikhiri. ഇന്നൊരു വിനോദസഞ്ചാരകേന്ദ്രമായി മാറിയ ഈ സുന്ദരൻ ഗ്രാമം ഇപ്പോൾ തായ് -സ്വിറ്റ്സർലാൻഡ് എന്നാണ് അറിയപ്പെടുന്നത് . പക്ഷെ കുറച്ചു കാലം മുൻപ് വരെയും വിദേശസഞ്ചാരികളോട് തീരെ അടുപ്പം കാണിക്കാതിരുന്ന പ്രദേശവാസികൾ ഇപ്പോൾ ടൂറിസം ഒരു വരുമാനമാർഗ്ഗമായി സ്വീകരിച്ചു കഴിഞ്ഞു . നമ്മുടെ മൂന്നാറിലേത് പോലെ അടുക്കുകളായി കാണുന്ന തേയിലത്തോട്ടങ്ങളോ , മഞ്ഞുമൂടിയ കുന്നിൻചെരുവുകളോ അല്ല ഇവിടെ നമ്മുടെ ശ്രദ്ധയെ ആകർഷിക്കുന്നത് . തായ്‌ലൻഡിലെ മറ്റു സ്ഥലങ്ങളിലെ ആളുകളുമായി ഇവിടുത്തുകാർക്കുള്ള രൂപവ്യത്യാസം നമ്മൾ പ്രത്യേകം ശ്രദ്ധിക്കും . അവർ സംസാരിക്കുന്ന ഭാഷ ചൈനീസ് ആണെന്ന് അറിയുമ്പോൾ നമ്മുടെ കൗതുകം ഇരട്ടിക്കും . അതെ, തായ്‌ലൻഡിലെ ഈ ലിറ്റിൽ ചൈനക്ക് കുറച്ചു ചരിത്രം നമ്മോടു പറയുവാനുണ്ട് .Santikhiri - തായ്‌ലൻഡിലെ ചൈന 2

Advertisements

1949 ൽ ചൈനീസ് ആഭ്യന്തരയുദ്ധം ഏറെക്കുറെ അവസാനിച്ചെങ്കിലും രാജ്യത്തിന്റെ പല വിദൂരഭാഗങ്ങളിലും കീഴടങ്ങാൻ തയ്യാറല്ലാതിരുന്ന കുമിന്താങ് (Kuomintang -KMT) പോരാളികൾ അപ്പോഴും പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു . ദക്ഷിണ ചൈനയിലെ Yunnan പ്രവിശ്യയിൽ പോരാട്ടത്തിൽ ഏർപ്പെട്ടിരുന്ന , KMT യിലെ 93 ആം ഡിവിഷൻ ആയിരുന്നു അതിൽ പ്രധാനികൾ . ചിയാങ് കൈഷക്കിന്റെ (Chiang Kai-shek) ഒട്ടുമിക്ക അനുയായികളും , ബാക്കിയുള്ള സേനയിലെ അംഗങ്ങളും അപ്പോൾ തായ്‌വാനിൽ അഭയംപ്രാപിച്ചു കഴിഞ്ഞിരുന്നു . എന്നാൽ മാവോയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയോട് പൊരുതി നിൽക്കാൻ കഴിയാതെ വന്നപ്പോൾ KMT യിലെ മുൻപ് പറഞ്ഞ 93 ആം ഡിവിഷൻ അന്നത്തെ ബർമയിലെ ഉൾവനങ്ങളിലേക്കു പതുക്കെ പതുക്കെ പിൻവാങ്ങി . അനേകദിവസങ്ങൾ കാൽനടയായി മറ്റൊരു ലോങ്ങ് മാർച്ചു നടത്തിയാണ് അവർ അത് സാധിച്ചെടുത്ത് . അവിടെ അനധികൃതമായി ഓപിയം (Opium) വ്യാപാരം നടത്തിയാണ് സൈന്യം തങ്ങളുടെ ചെലവുകൾക്ക് വേണ്ട വക കണ്ടെത്തിയിരുന്നത് . എന്നാൽ ബർമ്മ, താമസിയാതെ തങ്ങളുടെ മണ്ണിൽ ഒരു വിദേശ സേന തമ്പടിച്ചിട്ടുണ്ട് എന്ന് തിരിച്ചറിയുകയും ആക്രമണം ആരംഭിക്കുകയും ചെയ്തു . അതോടു കൂടി ഡിവിഷനിലെ മുഴുവൻ സൈനികരും തായ്വാനിലെക്കു ചേക്കേറുവാൻ അന്താരാഷ്ട്രതലത്തിൽ സമ്മർദം ഉണ്ടായി . അതിനു വഴങ്ങി ഒട്ടേറെ സൈനികർ തായ്വാനിലെക്കു പോയെങ്കിലും ജനറൽ Tuan Xi-Wen ന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന നാലായിരത്തോളം സൈനികർ അതിന് വിസമ്മതിച്ചു . ബർമ്മയിൽ നിൽക്കകളി ഇല്ലാതായതോടുകൂടി കൂടി അവർ മറ്റൊരു നീണ്ടയാത്രയിലൂടെ നാം തുടക്കത്തിൽ പറഞ്ഞ തായ്‌ലൻഡിലെ അതിർത്തി പ്രദേശമായ Mae Salong ൽ എത്തി അവിടെ തമ്പടിച്ചു (1961) . എന്നാൽ ഇവിടെ അവർക്കു രണ്ടു ശത്രുക്കളെ ഒരുമിച്ചു അഭിമുഖീകരിക്കേണ്ട ഗതികേടാണ് ഉണ്ടായതാണ് . പുറത്തു നിന്നും ചൈനീസ് പട്ടാളം ഇവരെ വേട്ടയാടിയപ്പോൾ തായ്‌ലൻഡിലെ കമ്യൂണിസ്റ് പാർട്ടിയും ഇവർക്കെതിരെ തിരിഞ്ഞു . അതോടു കൂടി തായ്‌ലൻഡിലെ കമ്യൂണിസ്റ്റു വിരുദ്ധ സർക്കാർ KMT യുമായി ഒരു ധാരണയിൽ എത്തി . ഇവർക്ക് തായ് പൗരത്വം കൊടുക്കാം പകരം ഇവർ തായ്‌ലൻഡ് സേനയുമായി ചേർന്ന് കമ്യൂണിസ്റ്റ് ആക്രമണം ചെറുക്കണം .

Santikhiri - തായ്‌ലൻഡിലെ ചൈന 3

എന്തായാലും പിന്നീട് അനേക വർഷങ്ങൾ ഇവർ തായ് സേനയിൽ ചേർന്ന് യുദ്ധം ചെയ്തു . ഇപ്പോൾ യുദ്ധം അവസാനിച്ചു . സൈനികരിൽ ചിലർ തായ് പെണ്ണുങ്ങളെ സഖികളാക്കി ജീവിതം ആരംഭിച്ചു . മറ്റു ചിലർ അതിർത്തി കടന്നെത്തിയ വേറെ ചില ചൈനീസ് പെണ്ണുങ്ങളെ തന്നെ ജീവിത സഖികളാക്കി . എങ്കിലും ജീവിത രീതിയും ഭാഷയും വസ്ത്രധാരണവും ഒക്കെയും ചൈനീസ് മാതൃകയിൽ തന്നെ തുടരാൻ ഇവർ ഇപ്പോഴും ശ്രദ്ധിക്കുന്നുണ്ട് . Little Home Guesthouse ന്റെ (www.maesalonglittlehome.com) ഉടമസ്ഥനായ Mr Somboon പറയുന്നു …

“I fought the Chinese. I fought in Myanmar. I fought in Laos. I fought until I was 50 years old, when I was tired of fighting, So I stopped fighting and retired.”

ദേശീയപാത 1089 നോട് ചേർന്ന് ഈ ചെറിയ ചൈനീസ് ഗ്രാമത്തിന്റെ സ്ഥാപകനായ ജനറൽ Tuan Xi-Wen ന്റെ ശവകുടീരം നമ്മുക്ക് കാണാം . ഹെറോയിൻ നിർമ്മാതാക്കൾ എന്ന പേര് മാറ്റിയെടുക്കാനാണ് ഇപ്പോൾ ഇവിടുത്തുകാരുടെ ശ്രമം. വിനോദ സഞ്ചാരകേന്ദ്രമെന്ന നിലയിലേക്കുള്ള മാറ്റം അതിലേക്കുള്ള ചവിട്ടുപടിയായി ആണ് നിവാസികൾ കരുതുന്നത് . ഇവരെ കൂടാതെ Akha എന്ന ചൈനീസ് മലയോര ഗോത്രവിഭാഗക്കാരും ഇവിടെ താമസിക്കുന്നുണ്ട് .

Image: Wiki, kudumomo (Flickr).

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ