Dian Fossey- മനുഷ്യനെക്കാള്‍ ഗോറില്ലയെ സ്നേഹിച്ചവള്‍

Dian Fossey- മനുഷ്യനെക്കാള്‍ ഗോറില്ലയെ സ്നേഹിച്ചവള്‍ 1
റുവാണ്ടക്കും കോംഗോക്കും ഉഗാണ്ടക്കും ഇടയിലാണ് വിശാലമായ Volcanoes ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത് . അഞ്ച് അഗ്നിപര്‍വ്വതങ്ങള്‍ക്കിടയില്‍ കിടക്കുന്ന ഈ വനസാമ്രാജ്യം അന്യംനിന്ന് പോകാറായ മൌണ്ടന്‍ ഗൊറില്ലകളുടെ അവസാന തുരുത്താണ് . പല്ലിനും നഖത്തിനും ഇറച്ചിക്കും തോലിനും വിനോദത്തിനുമായി മില്ല്യന്‍ കണക്കിന് മൃഗങ്ങള്‍ വധിക്കപ്പെട്ടിട്ടുള്ള ഈ ഇരുണ്ട വനമേഖലയ്ക്ക് പറയാന്‍ നിരവധി ദുരന്ത കഥകള്‍ ഉണ്ട് . റുവാണ്ടന്‍ വംശീയകലാപ വേളയില്‍ ഏറെക്കുറെ നശിപ്പിക്കപ്പെട്ട ഈ പരിസ്ഥിതി മേഖല ഇപ്പോള്‍ മുറിവുകള്‍ ഉണങ്ങി പൂര്‍വ്വസ്ഥിതി പ്രാപിച്ചു വരുന്നതെ ഉള്ളൂ . ഇതിനുള്ളില്‍ ഒരു സെമിത്തേരി ഉണ്ട് . വേട്ടക്കാരാല്‍ വധിക്കപ്പെട്ട മൌണ്ടന്‍ ഗൊറില്ലകളെ അടക്കിയിരിക്കുന്ന ഇവിടെ ഒരു മനുഷ്യ സ്ത്രീയെക്കൂടി സംസ്ക്കരിച്ചിരിക്കുന്നു ! ഡയാൻ ഫൊസി എന്ന അമേരിക്കന്‍ വനിതയാണ്‌ അത് . പതിനെട്ടു വര്‍ഷങ്ങള്‍ ഗൊറില്ലകളെ സംരക്ഷിക്കുവാന്‍ അവരുടെ കൂടെ കൂടി അവരെ പോലെ തന്നെ ജീവിച്ച ഫോസി  അവസാനം അതെ കാരണങ്ങള്‍ കൊണ്ട് തന്നെ അത്ജാതരുടെ കയ്യാല്‍ വധിക്കപ്പെട്ടു .

Advertisements

സത്യത്തില്‍ ഫോസി  തുടക്കത്തിൽ ഒരു ഗവേഷകയോ യാത്രികയോ അല്ല . ആഫ്രിക്ക കാണാന്‍ വന്ന് ഗൊറില്ലകളെ അറിയാതെ സ്നേഹിച്ച് അവസാനം അവരുടെ കൂടെ തന്നെ ജീവിച്ച ഒരു മൃഗസ്നേഹിയാണ് അവര്‍ . ഫോസി  Mikeno പര്‍വ്വതത്തിന്റെ താഴ്വാരങ്ങളില്‍ എത്തുമ്പോള്‍ അവിടം വേട്ടക്കാരുടെ പറുദീസാ ആയിരുന്നു . ഒരിക്കല്‍ ഒരു വേട്ട നേരിട്ട് കണ്ട അവര്‍ പക്ഷെ ഞെട്ടിപ്പോയി . ഒരു റുവാണ്ടന്‍ പ്രഭുവിന് വേണ്ടി ഒന്നോ രണ്ടോ കുട്ടി ഗൊറില്ലകളെ വേട്ടയാടുകയായിരുന്നു ചിലര്‍ . പക്ഷെ ഇരുപതോളം മുതിര്‍ന്ന കുരങ്ങുകളെ കൊന്ന ശേഷമാണ് ഒരു കുട്ടിഗൊറില്ലയെ അവര്‍ക്ക് തൊടാനായത്‌ ! ഇത് ഫൊസിയെ  ശരിക്കും കരയിപ്പിച്ചു . നമ്മുടെ കുട്ടിയെ ആരെങ്കിലും തട്ടിയെടുക്കാന്‍ വന്നാല്‍ നാമും ഇത് താന്നെയല്ലേ ചെയ്യുക ? അന്ന് മുതല്‍ വേട്ടക്കാരോട് യുദ്ധം പ്രഖ്യാപിച്ച അവര്‍ പിന്നെ തിരകെ പോയില്ല . മലകളുടെ അടിവാരങ്ങളില്‍ ചെറു കുടിലുകള്‍ കെട്ടി അവിടെ താമസമാക്കി . കൂട്ടിന് ചില നാട്ടുകാരെയും കിട്ടി . ഒരു അമേരിക്കന്‍ വനിത കുരങ്ങുകളെ രക്ഷിക്കാന്‍ കൊടുംകാട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്നു എന്ന് കേട്ട ചില ഗവേഷകരും ലേഖകരും അവരെ സന്ദര്‍ശിക്കുവാന്‍ എത്തി . വേട്ടക്കാര്‍ക്കെതിരെ ഒരു ചെറു ഗ്രൂപ്പ് ഉണ്ടാക്കിയ അവര്‍ വേട്ടക്കാരെ വേട്ടയാടാന്‍ തുടങ്ങി . വേട്ടക്കാരുടെ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍ പക്ഷെ അവരെ സഹായിച്ചില്ല . അതിനാല്‍ അവര്‍ അവരുടെതായ വഴികള്‍ തേടി .

ഡയാൻ  ഫൊസിയുടെ  സംഘം ശരിക്കും മറ്റൊരു വേട്ട സംഘം തന്നെ ആയിരുന്നു . സര്‍വ്വ വിധ ആയുധങ്ങളുമായി കാട്ടില്‍ കറങ്ങി നടക്കുന്ന അക്രമകാരികളെ നേരിടാന്‍ അതെ രീതിയില്‍ തന്നെ ഫൊസിയും  സംഘവും തയ്യാറായി . ഒരു വര്‍ഷം മാത്രം ആയിരത്തോളം വേട്ടക്കാരെയാണ് അവര്‍ പിടികൂടി അധികൃതര്‍ക്ക് കൈമാറിയത് ! ഇതിനിടെ ഫൊസി  ഗൊറില്ലകളുമായി ചങ്ങാത്തത്തില്‍ ആയി . തിരിച്ചറിയാന്‍ കുരങ്ങുകളുടെ സംഘങ്ങള്‍ക്കും പ്രധാന കുരങ്ങുകള്‍ക്കും അവര്‍ പേരിട്ടു . അവരില്‍ ഫൊസിയുടെ പ്രിയങ്കരന്‍ ആയിരുന്നു ഡിജിറ്റ് . പന്ത്രണ്ടു വയസുള്ള ഒരു ഗോറില്ല യുവാവ് . പക്ഷെ ഇതിനോടകം ഫൊസി  , മേഖലയില്‍ ഹീറോയിന്‍ ആകുന്നതിനു പകരം വെറുക്കപ്പെട്ട ആളായി മാറുകയാണ് ചെയ്തത് .വേട്ടകൊണ്ട് ജീവിച്ചവരും അവരുടെ ബന്ധുക്കളും ജയിലില്‍ ആയവരും അതിനാല്‍ തന്നെ പട്ടിണിയില്‍ ആയവരും അവർക്കെതിരെ തിരിഞ്ഞു  .

അങ്ങിനെയിരിക്കെ ഫോസിയുടെ പ്രിയങ്കരനായ ഡിജിറ്റ് വേട്ടക്കാരുടെ ആക്രമണത്തില്‍ വധിക്കപ്പെട്ടു . തന്‍റെ കുടുംബത്തെ രക്ഷിക്കുന്നതിനിടയില്‍ ആണ് ആഴത്തിലുള്ള പരിക്കുകള്‍ ഏറ്റ ഡിജിറ്റ് കൊല്ലപ്പെട്ടത് . വേട്ടക്കാര്‍ അവന്‍റെ രണ്ട് കൈപ്പത്തികളും വെട്ടിയെടുത്തു . ഗോറില്ലകളുടെ കൈപ്പത്തികള്‍ കൊണ്ടുള്ള ആഷ്ട്രേയ്ക്ക് അന്ന് ഇരുപത് ഡോളര്‍ ആയിരുന്നു വില ! അത് ഫോസിയുടെ സമനില തെറ്റിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു . Dian Fossey- മനുഷ്യനെക്കാള്‍ ഗോറില്ലയെ സ്നേഹിച്ചവള്‍ 2പിടികൂടിയ വേട്ടക്കാരെ വളരെ മോശമായ രീതിയില്‍ ആണ് ഫോസിയും കൂട്ടരും കൈകാര്യം ചെയ്യുന്നത് എന്ന ആരോപണം ഉയര്‍ന്നു . വേട്ടക്കാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന കൊച്ചു കുട്ടികള്‍ക്ക് പോലും ഫോസി  , പാഠം പഠിപ്പിക്കാനെന്ന പേരില്‍ കനത്ത ശിക്ഷകള്‍ കൊടുത്തു എന്ന് ചിലര്‍ ആരോപിക്കുന്നുണ്ട് . കാട്ടിലെ ഗൊറില്ലകളെ പ്രാണനെക്കാളേറെ സ്നേഹിച്ച അവർ  പക്ഷെ ചുറ്റുമുള്ള കറുത്ത കാപ്പിരികളെ കുരങ്ങുകളെക്കാള്‍ താഴെയുള്ളവര്‍ ആയി ആണ് കണ്ടത് എന്ന് ശത്രുക്കള്‍ ആരോപിച്ചു . എന്തായാലും ശത്രുക്കളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വന്ന ഒരു നാള്‍ ഡയാൻ ഫൊസി  വധിക്കപ്പെട്ടു ! (December 26, 1985) . കാട്ടിനുള്ളിലെ കുടിലിനുള്ളില്‍ മരിച്ചു കിടക്കുമ്പോള്‍ അവര്‍ക്ക് അന്‍പത്തിമൂന്ന് വയസ് മാത്രമായിരുന്നു പ്രായം ! അവരുടെ മുഖം വെട്ടിപ്പൊളിച്ചിരുന്നു .  മോഷണമായിരുന്നില്ല അക്രമികളുടെ ലക്‌ഷ്യം . പക്ഷെ  ആര് എന്തിന് ചെയ്തു എന്നത് ഇപ്പോഴും ഉത്തരം കിട്ടാതെ കിടക്കുന്നു .

Gorillas in the Mist എന്നപേരിൽ വധിക്കപ്പെടുന്നതിന് രണ്ടുവർഷം മുന്നേ ഫോസി ഒരു പുസ്തകമെഴുതിയിരുന്നു . മൗണ്ടൻ ഗൊറില്ലകളെക്കുറിച്ച് താൻ നടത്തിയ പഠനങ്ങളായിരുന്നു അതിലുണ്ടായിരുന്നത് . മരണശേഷം ഇതേ പേരിൽ  ഫോസേയെക്കുറിച്ചുള്ള ഒരു ചലച്ചിത്രവും ഇറങ്ങിയിരുന്നു .

ഒരു മൃഗസ്നേഹിക്ക് മൃഗങ്ങളെ മാത്രമേ സ്നേഹിക്കാന്‍ പറ്റൂ പക്ഷേ ഒരു മനുഷ്യ സ്നേഹിക്ക് മനുഷ്യനെയും മൃഗങ്ങളെയും സ്നേഹിക്കാന്‍ കഴിയും എന്നാണ് ഫോസിയെക്കുറിച്ച് ചിലര്‍ പറയുന്നത് . ഇതായിരുന്നു ഫോസി തന്റെ ഡയറിയിൽ കുറിച്ചിട്ടിരുന്ന അവസാന വാക്കുകൾ ..

Advertisements

When you realize the value of all life, you dwell less on what is past and concentrate more on the preservation of the future.

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ