Marajó – ആമസോണ്‍ പ്രസവിച്ച ദ്വീപ്

Marajó - ആമസോണ്‍ പ്രസവിച്ച ദ്വീപ് 1

ഭൂമിയിലെ ഒട്ടുമിക്ക നദികളിലും ദ്വീപുകളുണ്ട് . ഇത്തരം നദീദ്വീപുകള്‍ ചിലപ്പോള്‍ നദിയുടെ കൂടെത്തന്നെ പിറവിയെടുത്തതാവാം അല്ലെങ്കില്‍ ഭൂമികുലുക്കത്തില്‍ രൂപപ്പെട്ടതാകാനും വഴിയുണ്ട് . ഇത്തരം നദീദ്വീപുകളില്‍ ഭീമനാണ് ബ്രഹ്മപുത്രയിലെ മജുലി (Mājuli). എന്നാല്‍ വേറെ ചില തുരുത്തുകള്‍ ഉണ്ട് , നദി പ്രസവിക്കുന്ന ദ്വീപുകള്‍ ! . പുഴ വഹിച്ചുകൊണ്ട് വരുന്ന എക്കലുകള്‍ അടിഞ്ഞാണ് (Alluvial) ഈ ദ്വീപുകള്‍ കാലാന്തരത്തില്‍ പിറവിയെടുക്കുന്നത് . ഇത്തരം നദീജന്യ (Fluvial) ദ്വീപുകളില്‍ ഏറ്റവും വലുതാണ്‌ ആമസോണ്‍ നദിയുടെ അറ്റ്ലാന്‍റ്റിക്ക് അഴിമുഖത്തുള്ള മരായൊ . ആമസോണിലെ ഈ എക്കല്‍ ദ്വീപ് വലിപ്പത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് രാജ്യത്തിന്‍റെ അത്ര തന്നെയുണ്ട്‌ ! (40,100ചതുരശ്ര കി . മീറ്റര്‍ )

Advertisements

Marajó - ആമസോണ്‍ പ്രസവിച്ച ദ്വീപ് 2

ആമസോണ്‍ തള്ളിക്കളയുന്ന എക്കലിന്റെയും ജലത്തിന്റെയും അളവ് അറിയണമെങ്കില്‍ ജാനുവരി മുതല്‍ ജൂണ്‍ വരെ നദിയുടെ അഴിമുഖത്ത് ചെന്നാല്‍ മതി . കടല്‍ ജലത്തെ കിലോമീറ്റകറോളം പുറത്തേക്ക് തള്ളിയോഴുകുന്ന ആമസോണ്‍ ശുദ്ധജലം കടല്‍തീരം മുഴുവനും കീഴടക്കിയിരിക്കുന്നത് കാണാം ! സ്ഥിരമായുള്ള എക്കലിന്റെ സാന്നിധ്യം കാരണം ജലത്തിന്‍റെ നിറം തന്നെ നദിയുടെ പേരായി മാറിയ ചരിത്രമാണ് ചൈനയിലെ മഞ്ഞ നദിക്കുള്ളത് (“Yellow River”).

Marajó ദ്വീപ് ഒറ്റക്കല്ല സ്ഥിതി ചെയ്യുന്നത് കൂട്ടത്തില്‍ അനേകം ചെറു ദ്വീപുകളും അങ്ങിങ്ങായി ചിതറിക്കിടപ്പുണ്ട് . ദ്വീപിന്‍റെ കിഴക്കേയറ്റം സാവന്നാ പുല്‍മെടുകളാല്‍ നിറഞ്ഞിരിക്കുന്നു . അവിടെ ഫാമുകളും, കൃഷിയിടങ്ങളും (fazenda) ധാരാളം ഉണ്ട് . ദ്വീപിനുള്ളിലെ തടാകമായ Arari ഇവിടെയാണ്‌ സ്ഥിതിചെയ്യുന്നത് . വേനല്‍ക്കാലത്ത് പക്ഷെ ഈ തടാകം എണ്‍പത് ശതമാനവും വറ്റി വരണ്ടു പോകും . ഇവിടെയുള്ള ചതുപ്പില്‍ ധാരാളം പോത്തുകള്‍ (water buffalo) മേഞ്ഞു നടക്കുന്നു . ദ്വീപിന്‍റെ പടിഞ്ഞാറ് ഭാഗം മുഴുവനും várzea എന്നയിനം കാടുകളാണ് . ആമസോണില്‍ വെള്ളപ്പൊക്കത്തില്‍ വന്നടിയുന്ന മണ്ണില്‍ തഴച്ചു വളരുന്ന ഇടതൂര്‍ന്ന പച്ചപ്പിനെയാണ് várzea എന്ന് വിളിക്കുന്നത്‌ . ഇരുപതോളം ചെറു പുഴകളുള്ള ഈ കൂറ്റന്‍ ദ്വീപിന്‍റെ വടക്കുഭാഗം മുഴുവനും ചതുപ്പാണ്‌ . ഇവിടെ വെള്ളപ്പൊക്കക്കാലത്ത് മീറ്ററുകളോളം ജലം ഉയരും . അതിനാല്‍ തന്നെ തടികളാല്‍ ഉയര്‍ത്തിക്കെട്ടിയ പ്ലാറ്റ്ഫോമുകള്‍ ഉള്ള palafita എന്ന രീതിയിലുള്ള വീടുകളാണ് ഇവിടെയുള്ളത് . ദ്വീപിലെ ഏറ്റവും വലിയ ജനവാസകേന്ദ്രം Breves ആണ് .

ദ്വീപില്‍ ക്രിസ്തുവിനും നാനൂറു വര്‍ഷങ്ങള്‍ക്കു മുന്‍പേ മനുഷ്യവാസം ഉണ്ടായിരുന്നതായി തെളിവുകള്‍ സൂചിപ്പിക്കുന്നു . ക്രിസ്തുവിനും ആയിരം വര്‍ഷങ്ങള്‍ക്കു ശേഷം ഈ തുരുത്തില്‍ ജീവിച്ചിരുന്ന Marajoara വര്‍ഗ്ഗക്കാരില്‍ നിന്നുമാണ് ദ്വീപ് പേര് കടംകൊണ്ടത് . അനേകം ഗോത്രങ്ങളായി ജീവിച്ചിരുന്ന ആ വര്‍ഗ്ഗങ്ങള്‍ പോര്‍ട്ടുഗീസുകാരുടെ വരവോടെ സാംക്രമികരോഗങ്ങള്‍ പിടിപെട്ട് നാമാവിശേഷമായി . എന്നാല്‍ 1918 ലെ സ്പാനിഷ് ഫ്ലൂവിന്റെ സമയത്ത് ഇവിടെ ഒരൊറ്റ മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല . ദ്വീപിലെ ഇന്നത്തെ ജനസംഖ്യ രണ്ടരലക്ഷമാണ് . തിരക്കിലാത്ത ബീച്ചുകളുടെ സാന്നിധ്യം കാരണം മരായൊ ഇന്ന് ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രമാണ് . Soure എന്ന് പേരുള്ള ദ്വീപിലെ സമുദ്രതീരനഗരത്തില്‍ എത്തണമെങ്കില്‍ Belém പട്ടണത്തില്‍ നിന്നും ബോട്ടുമാര്‍ഗം എത്തിച്ചേരണം . ബെത് ലഹെമിന്റെ പോര്‍ട്ടുഗീസ് ഭാഷാപ്രയോഗമാണ് ബെലെം .

Marajó Archipelago പരിസ്ഥിതി സംരക്ഷണ മേഖല

മരാജോ ദ്വീപും ചുറ്റുമുള്ള മൂവായിരത്തോളം ചെറുതുരുത്തുകളും ഉള്‍പ്പെടുന്ന ഈ ജൈവമേഖലയില്‍ മഴക്കാടുകളും സാവന്നമേടുകളും ചതുപ്പ് നിലങ്ങളും , പുഴകളും , ചെറു ദ്വീപുകളും , കണ്ടല്‍വനങ്ങളും , ഉപ്പ് നിലങ്ങളും ഉള്‍പ്പെടുന്നു . ഇവിടെ ധാരാളം കാണുന്ന പോത്തിന്‍കൂട്ടങ്ങള്‍ പക്ഷെ നമ്മുടെ നാട്ടുകാരാണ് . പണ്ടെങ്ങോ ഇന്ത്യയില്‍ നിന്നും മൃഗങ്ങളെ കയറ്റി വന്ന ഒരു കപ്പല്‍ ദ്വീപിനടുത്ത് വെച്ച് അപകടത്തില്‍ പെട്ടപ്പോള്‍ രക്ഷപെട്ട പോത്തുകളുടെ പിന്‍ഗാമികള്‍ ആണ് ഇന്നിവിടെ കൂട്ടം കൂട്ടമായി അലഞ്ഞുതിരിയുന്നത് എന്നത് കൌതുകകരമാണ് .

Pororoca എന്ന ആമസോണ്‍ പ്രതിഭാസം

ഭൂമിയില്‍ ചിലയിടങ്ങളില്‍ മാത്രം കാണപ്പെടുന്ന കൗതുകകരമായ ഒരു പ്രതിഭാസമാണിത് . ആമസോണ്‍ നദിയുടെ അഴിമുഖത്ത് രൂപപ്പെടുന്ന തിരമാലകള്‍ നദിയുടെ ഒഴുക്കിനെതിരായി എണ്ണൂറോളം കിലോമീറ്ററുകള്‍ ഉള്ളിലേക്ക് സഞ്ചരിക്കുന്ന അത്ഭുതകാഴ്ചയാണിത് ! ചിലപ്പോള്‍ നാല് മീറ്ററോളം ഉയരുന്ന തിരകള്‍ ഉണര്‍ത്തുന്ന മായകാഴ്ചകാണാന്‍ മരാജയില്‍ സഞ്ചാരികള്‍ കൂട്ടമായി എത്തും . ഈ തിരകളിലൂടെ ആമസോണ്‍ നദിക്കുള്ളിലെക്കുള്ള സര്‍ഫിംഗ് ഏറ്റവും അപകടം പിടിച്ച കായിക വിനോദമാണ്‌ . കൂറ്റന്‍ പാറകളും തടിക്കഷ്ണങ്ങളും ആണ് അപകടം വരുത്തി വെയ്ക്കുന്നത് . എങ്കിലും വര്‍ഷാവര്‍ഷം സര്‍ഫിംഗ് ടൂര്‍ണ്ണമെന്റുകള്‍ ഇവിടെ നടത്താറുണ്ട്‌ . മുപ്പത്തിയേഴ് മിനിട്ട് കൊണ്ട് പന്ത്രണ്ടര കിലോമീറ്റര്‍ സര്‍ഫിംഗ് നടത്തിയതാണ് ഇപ്പോഴുള്ള റെക്കോര്ഡ് . Pororoca ആണ് ചിത്രത്തില്‍ കാണുന്നത്.

Advertisements

Marajó - ആമസോണ്‍ പ്രസവിച്ച ദ്വീപ് 3

 

Foot note : ആമസൊണിന്റെ അഴിമുഖത്തിരിക്കുന്ന Marajó ദ്വീപിലാണ് ഈ പോത്ത്പൊലീസ് റോന്ത് ചുറ്റുന്നത് . ചെളിയും ചതുപ്പും നിറഞ്ഞ ദ്വീപിൽ പിന്നെന്തുചെയ്യും ? 1990 ലാണ് നാലരലക്ഷത്തോളം വരുന്ന പോത്തുകളിൽ കൊള്ളാവുന്നവയെ പോലീസിലെടുക്കാൻ തീരുമാനിച്ചത് . (https://www.nytimes.com/2015/06/21/world/americas/to-soften-image-brazilian-police-ride-in-atop-horned-beasts.html)

Marajó - ആമസോണ്‍ പ്രസവിച്ച ദ്വീപ് 4

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ