ഫ്ലോറിഡയിലെ ഇരുളര്‍ !

ഫ്ലോറിഡയിലെ ഇരുളര്‍ ! 1
തേണ്‍ ഫ്ലോറിഡ നിറയെ തടാകങ്ങള്‍ ആണ് . മനുഷ്യ നിര്‍മ്മിതവും അല്ലാത്തതും ,, ചെറുതും വലുതുമായ അനേകം തടാകങ്ങള്‍ . ജോലിയും കറക്കവും കഴിഞ്ഞ് രാത്രി പത്തര മണിയോടെയാണ് ഞാന്‍ തിരികെ വീട്ടില്‍ എത്താറ്. വീട് എത്തുന്നതിനു കുറെ മുന്‍പേ ഞാന്‍ കാറില്‍ നിന്നും ഇറങ്ങും. ഒരു ചെറു നടത്തത്തിനു വേണ്ടിയാണ് . അപ്പോള്‍ കൂടെയുള്ള അളിയന്‍ പകുതി കാര്യമായും ബാക്കി തമാശയായും ഒരു കാര്യം ചെവിയില്‍ മന്ത്രിക്കും . ” നടക്കുന്നത് കൊള്ളാം .. മുതല പിടിക്കാതെ നോക്കണം ! ”

Advertisements

നടക്കുന്ന വഴിയുടെ ഇരുവശവും ചെറു തടാകങ്ങള്‍ ഉണ്ട് . നല്ല രീതിയില്‍ തെരുവ് വെളിച്ചം ഉണ്ടെങ്കിലും അതിനപ്പുറമുള്ള തടാകതീരങ്ങള്‍ ഇരുളില്‍ തന്നെയായിരിക്കും . കുറ്റിച്ചെടികള്‍ക്കിടയില്‍ നിന്നും രാത്രിഞ്ചരനായ റാക്കൂണുകള്‍ ( raccoons) ചിലപ്പോള്‍ ഒളിഞ്ഞു നോക്കും . നടപ്പാതയില്‍ ശരിക്ക് നോക്കി നടന്നില്ലെങ്കില്‍ വഴി ക്രോസ് ചെയ്യുന്ന ഏതെങ്കിലും പാമ്പിന്‍റെ തലയില്‍ ചവിട്ടും . പൊടുന്നനെ വെള്ളത്തിലേക്ക്‌ ചാടുന്ന ഇഗ്വാന ചിലപ്പോഴൊക്കെ എന്നെ ഞെട്ടിക്കാറുണ്ട് . പക്ഷെ നിശാപക്ഷികളുടെ ചിലപ്പും കേട്ടുള്ള രാത്രി നടത്തം ആസ്വദിക്കലാണ് പരമമായ ലക്‌ഷ്യം . കോട്ടയം ജില്ലയിലെ അപ്പര്‍ കുട്ടനാട് ഭാഗത്ത്‌ ജനിച്ച് വളര്‍ന്ന നമ്മുക്ക് ഇതൊക്കെ ജീവിതത്തിന്‍റെ ഭാഗമായിരുന്നല്ലോ . പക്ഷെ അവിടെയില്ലാതിരുന്ന ഒരു അപകടം പക്ഷെ ഇവിടെ ഉണ്ട് ! സാക്ഷാല്‍ മുതല ! കഴിഞ്ഞ ആഴ്ചയാണ് ഇതേ വഴിയില്‍ നിന്നും ഒരെണ്ണത്തെ ഏമാന്മാര്‍ പിടികൂടിയത് . അതാണ്‌ ഇപ്പോള്‍ കൂടുതല്‍ സൂക്ഷിക്കണം എന്ന് അളിയന്‍ ഉപദേശിക്കാന്‍ കാരണം . അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം ഞാന്‍ ഫ്ലോറിഡയിലെ കാട്ടിലാണോ താമസം എന്ന് ? അല്ലേയല്ല , പക്ഷെ ലോക പ്രശസ്തമായ ഒരു കൂറ്റന്‍ ചതുപ്പ് നിലം ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത് . ഇജ്ജാതി മൃഗങ്ങള്‍ ഒക്കെയും അവിടെ നിന്നും ചാടി വരുന്നതാണ് . ഈ ചതുപ്പ് സമുദ്രത്തില്‍ പെരുമ്പാമ്പുകളെ പിടിച്ച് നടക്കുന്ന രണ്ടു തമിഴ് ആദിവാസികളെയാണ് നാം ഇവിടെ പരിചയപ്പെടുവാന്‍ പോകുന്നത് !

എവെര്‍ ഗ്ലേഡ്സ് (Everglades)

പ്രശസ്തനായ സ്പാനിഷ് യാത്രികനായ Juan Ponce de León ആണ് അമേരിക്കയുടെ തെക്കേ അറ്റത്തുള്ള ഉപദ്വീപിന് ഫ്ലോറിഡ എന്ന് നാമകരണം ചെയ്തത് . ഒരു ഈസ്റ്റര്‍ കാലത്ത് ആണ് ഇന്നത്തെ ഫ്ലോറിഡയുടെ തെക്കന്‍ തീരത്ത് അദ്ദേഹം കപ്പലിറങ്ങിയത് . അതിനാല്‍ പുതിയ സ്ഥലത്തിന് അദ്ദേഹം La Florida എന്ന് പേര് നല്‍കി . സ്പെയിനില്‍ ഈസ്റ്റര്‍ പൂക്കാലമാണ് . സ്പാനിഷില്‍ Pascua Florida (Festival of Flowers) എന്നാണ് ഈസ്റ്റര്‍ അറിയപ്പെടുന്നത് . എന്നാല്‍ താന്‍ കണ്ടുപിടിച്ച പുതിയ സ്ഥലം അദ്ദേഹത്തിന് കാര്യമായി ഇഷ്ട്ടപെട്ടില്ല . കടല് പോലെ പരന്ന് കിടന്നിരുന്ന കൂറ്റന്‍ ചതുപ്പാണ്‌ അദ്ദേഹത്തിന്‍റെ സന്തോഷമോക്കെയും കളഞ്ഞത് . പക്ഷെ പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പേ ഈ ചതുപ്പിനു ഇരു വശത്തും മനുഷ്യര്‍ താമസമുറപ്പിച്ചിരുന്നു . ഒക്കീചോബീ ( Okeechobee ) തടാകത്തിനു ചുറ്റും Calusa വര്‍ഗ്ഗക്കാരും , ഞാന്‍ താമസിക്കുന്ന Broward കൌണ്ടിയില്‍ Tequesta കളും ആയിരുന്നു ഉണ്ടായിരുന്നത് . വേട്ടയാടിയും മീന്‍ പിടിച്ചും താമസിച്ചിരുന്ന ഇവര്‍ പിന്നീടുണ്ടായ സ്പാനിഷ് അധിനിവേശത്തില്‍ ഭാഗീകമായി തകര്‍ന്നു പോകുകയുണ്ടായി . അതിനും ശേഷം ആയിരത്തി എണ്ണൂറുകളിലാണ് വെള്ളക്കാര്‍ ഇവിടെ (സ്ഥിരമായി ) താമസിക്കാന്‍ എത്തുന്നത്‌ . ചതുപ്പ് നിലം വറ്റിച്ച് ഉണങ്ങിയ കര ഉണ്ടാക്കിയെടുക്കല്‍ ആണ് അവര്‍ ആദ്യമായി ചെയ്തത് . ഒക്കിചോബീ തടാകത്തില്‍ നിന്നും വരുന്ന ജലം ഫ്ലോറിഡ കടലിടുക്കിലേക്ക് ഒഴുകുന്നത്‌ മൂലമാണ് എവെര്‍ ഗ്ലേഡ്സ് (Everglades) എന്ന ഈ ചതുപ്പ് ആവാസവ്യവസ്ഥ രൂപം കൊണ്ടത്‌ എന്ന് അവര്‍ മനസ്സിലാക്കി . ചെറിയ തടയണകള്‍ കെട്ടിയും കൈത്തോടുകള്‍ പണിതും ഇങ്ങോട്ടേക്ക് ഉള്ള ജലത്തിന്‍റെ ഒഴുക്ക് നിയന്ത്രിക്കാന്‍ പറ്റിയതോട്കൂടി താമസിക്കുവാന്‍ പറ്റിയ വരണ്ട കരഭൂമി അവര്‍ വേണ്ടെടുത്തു . പക്ഷെ അതോടു കൂടി എവെര്‍ ഗ്ലേഡ്സ് എന്ന ഈ നീര്‍ത്തടം എന്നന്നേക്കും ആയി അപ്രത്യക്ഷമാകും എന്ന് തിരിച്ചറിഞ്ഞതോട് കൂടി വിശാലമായ എവെര്‍ ഗ്ലേഡ്സ് നാഷണല്‍ പാര്‍ക്ക് എന്ന സംരക്ഷിത മേഖലക്ക് അവര്‍ രൂപം കൊടുത്തു . ഇന്ന് മില്ല്യന്‍ കണക്കിന് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ലോകപ്രശസ്തമായ നീര്‍ വനമാണ് എവെര്‍ ഗ്ലേഡ്സ് .

അത്യപൂര്‍വ്വമായ ആവാസവ്യവസ്ഥ !

ഭൂമിയില്‍ ഇവിടെ മാത്രം വസിക്കുന്ന ഫ്ലോറിഡ പാന്തര്‍ (Florida panther) എന്ന മാര്‍ജാരജീവിയാണ് എവെര്‍ ഗ്ലേഡ്സ് നാഷണല്‍ പാര്‍ക്കിന്‍റെ പ്രത്യേകത . ലോകത്ത് ചീങ്കണ്ണികളും മുതലകളും ഒരേ ആവാസവ്യവസ്ഥയില്‍ പ്രകൃതിയില്‍ തന്നെ ഒരുമിച്ചു വസിക്കുന്ന ഒരേയൊരു സ്ഥലമാണ് എവെര്‍ ഗ്ലേഡ്സ് ! വംശനാശ ഭീഷണി നേരിടുന്ന അമേരിക്കന്‍ ക്രോക്കഡയില്‍ ആണ് അമേരിക്കന്‍ അലിഗെറ്ററും ആയി ചങ്ങാത്തത്തില്‍ ഇവിടെ കഴിയുന്നത്‌ . എന്തായാലും അതീവ ശ്രദ്ധയോടെ സംരക്ഷിക്കുന്നതിനാലാവാം ഇവിടെയുള്ള എല്ലാ ജീവികളുടെയും എണ്ണം വര്‍ഷാവര്‍ഷം കൂടി വരുന്നത് .

ഫ്ലോറിഡയിലെ ഇരുളര്‍ ! 2

Advertisements

ബര്‍മ്മീസ് പെരുമ്പാമ്പുകള്‍ ഫ്ലോറിഡയില്‍ !

തെക്ക് കിഴക്കന്‍ ഏഷ്യയില്‍ ഉള്ള ബര്‍മ്മീസ് പൈതണുകള്‍ എങ്ങിനെ ഫ്ലോറിഡയില്‍ എത്തി എന്നുള്ളത് ഉത്തരമില്ലാ ചോദ്യമാണ് . ആരെങ്കിലും വളര്‍ത്താന്‍ കൊണ്ടുവന്നതാകാം . എന്തായാലും ഈ ജീവി ഇപ്പോള്‍ ഇവിടുത്തെ ആവാസവ്യവസ്ഥക്ക് തന്നെ ഭീഷണി ആയിരിക്കുകയാണ് . ആയിരകണക്കിനു പെറ്റുപെരുകിയ പെരുമ്പാമ്പുകള്‍ ഇവിടുത്തെ ചെറു ജീവികളെ അപ്പാടെ വിഴുങ്ങി തീര്‍ക്കും എന്ന ഘട്ടത്തില്‍ ആണ് ജനങ്ങളും അധികൃതരും കൂടി ഒരുമിച്ച് ഇവറ്റകളെ പിടികൂടാന്‍ തന്നെ തീരുമാനിച്ചത് . അതിനായി വര്‍ഷാവര്‍ഷം പാമ്പ്‌ പിടുത്ത മത്സരം തന്നെ നടത്തി (http://pythonchallenge.org) . പലരും സ്വന്തമായി ” വികസിപ്പിച്ചെടുത്ത ” ഉപകരങ്ങള്‍ കൊണ്ടാണ് മത്സരത്തില്‍ പങ്കെടുത്തത് . പക്ഷെ സംഗതി അത്ര ഏറ്റില്ല . ആയിരകണക്കിന് ആളുകള്‍ ഒരു മാസം പയറ്റിയിട്ടു കിട്ടിയത് വെറും നൂറ്റിയറുപത് ബാര്‍മ്മാക്കാരെ ആണ് . പങ്കെടുത്ത ആരും തന്നെ പാമ്പ്‌ പിടുത്തക്കാര്‍ ആയിരുന്നില്ല എന്നതും വേണ്ടത്ര പരിശീലനം ഇല്ലാതിരുന്നതും ആണ് പ്രധാന കാരണം . അവസാനം അധികൃതര്‍ ഒരു തീരുമാനത്തില്‍ എത്തി . പാമ്പ്‌ പിടുത്തം ” പണി ” അറിയാവുന്നവരെ തന്നെ ഏല്‍പ്പിക്കണം . അവര്‍ കണ്ടെത്തിയത് നമ്മുടെ സ്വന്തം ഇരുളര്‍ വര്‍ഗ്ഗക്കാരെ ആണ് . വിഷമെടുക്കാനായി വെറും കയ്യാല്‍ കുറ്റിക്കാട്ടില്‍ കയ്യിട്ടു സാക്ഷാല്‍ മൂര്‍ഖനെ പിടിക്കുന്ന ഇരുളര്‍ തന്നെയാണ് ഈ പണിക്കു യോജിച്ചത് എന്ന് കണ്ടെത്തിയത് ഇന്ത്യയില്‍ നേരത്തെ തന്നെ ഗവേഷണങ്ങള്‍ നടത്തിയിരുന്ന ഹെര്‍പ്പെറ്റോലജിസ്റ്റ് (herpetologist) Romulus Whitaker ആണ് . തമിഴ്‌നാട്ടിലെ ഇരുള ജാതിയില്‍ നിന്നും സദയ്യനും വടിവേല്‍ ഗോപാലനും ( Masi Sadaiyan and Vadivel Gopal ) ആണ് കടല്‍ താണ്ടി പൈത്തന്‍ വേട്ടക്കായി ഈ മാസം എത്തിയത് . എന്തായാലും പണി ഏറ്റു . രണ്ടാഴ്ചകൊണ്ട് ഇരുവരും പതിനാലെണ്ണത്തിനെ ചാക്കില്‍ കേറ്റി കഴിഞ്ഞു ! കൂട്ടത്തില്‍ പതിനാറടി നീളമുള്ള ഒരു ഭീകരനും പെടും ! അധികൃതര്‍ ആവേശത്തിലാണ് . ഇരുവരെയും കൂടുതല്‍ ആളുകളെ കൂടി ഈ പണി പഠിപ്പിക്കുവാന്‍ അവര്‍ നിര്‍ദേശിച്ചിരിക്കുകയാണ് . ഇങ്ങനെ പോയാല്‍ ഏതാനും മാസങ്ങള്‍ കൊണ്ട് പെരുമ്പാമ്പുകളുടെ കാര്യത്തില്‍ ഒരു തീരുമാനം ആകും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത് .

ഫ്ലോറിഡയിലെ ഇരുളര്‍ ! 3

ഇവിടുത്തെ പ്രാദേശിക ന്യൂസ് ചാനലുകള്‍ എല്ലാം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ഇരുളര്‍ ഇപ്പോള്‍ പ്രശസ്തരാണ് ….. ( ഫ്ലോറിഡയില്‍ എങ്കിലും ! ). നമ്മുടെ നാട്ടില്‍ എവിടെയോ ഇവരെ കൊണ്ടുവന്ന് ഒരു ഗ്രാമത്തിലെ പാമ്പുകളെ മുഴുവനും പിടിച്ചതായി ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വാര്‍ത്ത കണ്ടതായി ഓര്‍ക്കുന്നു . കൂടുതല്‍ അറിയാവുന്നവര്‍ പങ്കുവെക്കുമല്ലോ ?

ഇരുളര്‍

കേരളത്തില്‍ പാലക്കാട്ടെ അട്ടപ്പാടിയിലാണ് ഇരുളരുടെ ഊരുകള്‍ കാണുന്നത്. ഇരുള ഭാഷയില്‍ സംസാരിക്കുന്ന ഇവരുടെ ഊരുമുഖ്യന്‍ ‘മൂപ്പനെന്ന്’ അറിയപ്പെടുന്നു. റാഗി, തുവര, തിന, ചോളം എന്നിവയൊക്കെ കൃഷിചെയ്തിരുന്ന ഇരുളര്‍ക്ക് ഇന്ന് ആടുവളര്‍ത്തലാണ് പ്രധാന വരുമാനം. ആടുകളുടെ പാല്‍ ഇവര്‍ കുടിക്കാറില്ല. അത് ആട്ടിന്‍കുട്ടികള്‍ക്കുള്ളതാണ്. ഇരുളര്‍ മലയും താഴ്വാരങ്ങളും കയറിയിറങ്ങി മേച്ച് ആടുകളെ വളര്‍ത്തുന്നു. ആടുകള്‍ ഇറച്ചിപ്പരുവമാകുമ്പോള്‍ അവയെ വിറ്റ് കിട്ടുന്ന വരുമാനമാണ് ജീവിക്കാന്‍ വക നല്‍കുന്നത്. മല്ലീശ്വരന്‍ മുടി എന്ന മലയുടെ മുകളില്‍ വസിക്കുന്നതായി വിശ്വസിക്കപ്പെടുന്ന മല്ലീശ്വരന്‍ കടവുള്‍ സ്വാമിയാണ് ഇരുളരുടെ പ്രധാന ആരാധനാ മൂര്‍ത്തി. ( കടപ്പാട് : മാതൃഭൂമി )

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ