നിര്‍ഭാഗ്യവാനായ പര്യവേഷകന്‍ !

നിര്‍ഭാഗ്യവാനായ പര്യവേഷകന്‍ ! 1
ട്ടുമിക്ക ആഫ്രിക്കന്‍ പര്യവേഷണങ്ങളും ആരംഭിക്കുന്നതിനു മുന്‍പ് നൈല്‍ നദീതടത്തെക്കുറിച്ച് ആധികാരികമായ കുറിപ്പ് തയ്യാറാക്കിയ എഴുത്തുകാരനാണ് Leo Africanus . സ്പെയിനിലെ മുസ്ലീം ഭരണകാലത്ത് ഗ്രനഡയില്‍ ജനിച്ച് അടിമയായി റോമിലെത്തുകയും പിന്നീട് പോപ്‌ ലിയോ പത്താമെന്റെ ഇഷ്ടതോഴനാകുകയും ചെയ്ത ലിയോ , എഴുതിയ ആഫ്രിക്കന്‍ കുറിപ്പുകള്‍ വായിച്ചിട്ടാണ് ഓരോ യാത്രികരും ആഫ്രിക്കയുടെ ഇരുളിലേക്ക് കാലെടുത്തു വെച്ചിരുന്നത് . അലക്സാണ്ടര്‍ ഗോര്‍ഡന്‍ ലയിംഗും ആ പതിവ് തെറ്റിച്ചില്ല . പക്ഷെ അദ്ദേഹത്തിന്‍റെ ലക്‌ഷ്യം Timbuktu എന്ന ആഫ്രിക്കന്‍ നഗരമായിരുന്നു . ഇന്നത്തെ മാലിയില്‍ ഉള്ള Timbuktu , ഒരു സമ്പന്ന നഗരമാണ് എന്ന അറിവാണ് ലൈയിങ്ങിനെ അങ്ങോട്ട്‌ ആകര്‍ഷിച്ചത് . അത് ഒരു പരിധിവരെ ശരിയുമായിരുന്നു . ഒരു കാലത്ത് ഇസ്ലാമിന്‍റെ ആഫ്രിക്കന്‍ തലസ്ഥാനമായിരുന്നു Timbuktu . അറബികളും ആഫ്രിക്കന്‍ കാപ്പിരികളും മാത്രം അറിഞ്ഞിരുന്ന ഇന്നത്തെ മാലിയിലേക്ക് അന്ന് ഒരു യൂറോപ്യനും എത്തിച്ചേര്‍ന്നിരുന്നില്ല .

Advertisements

സ്കോട്ടിഷ് യാത്രികനായിരുന്ന ലയിംഗ് നൈജര്‍ നദിയുടെ ഉറവിടവും കൂട്ടത്തില്‍ Timbuktu നഗരത്തിലേക്കുള്ള വഴിയും കണ്ടുപിടിക്കാം എന്ന് കരുതിയാണ് യാത്ര തിരിച്ചത് . 1825 ജൂലൈ പതിനാറിന് യാത്ര തിരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ കല്യാണം കഴിഞ്ഞ് വെറും രണ്ടേരണ്ടു ദിവസങ്ങള്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ ! ലിബിയയിലെ ട്രിപോളിയില്‍ വെച്ചായിരുന്നു കല്യാണം .
വിശാലമായ സഹാറ മരുഭൂമി വടക്ക് നിന്നും തെക്കോട്ട്‌ മുറിച്ചു കടന്ന, അറിയപ്പെടുന്ന ആദ്യ യൂറോപ്യനായി മാറി അദ്ദേഹം . കൂട്ടിന് വഴികാട്ടിയായി സഹാറന്‍ മരുഭൂവിലെ നാടോടി ഗോത്രങ്ങളില്‍ ഒന്നായ Tuareg ലെ ഒരു പ്രധാനിയും ഉണ്ടായിരുന്നു . സഹാറന്‍ പ്രദേശത്തെ അതിപുരാതന നഗരമായ Ghadames ല്‍ അദ്ദേഹം എത്തിച്ചേര്‍ന്ന വഴി ഇന്നും വ്യക്തമല്ല . ഒക്ടോബര്‍ ഇരുപത്തി അഞ്ചിനാണ് ഇവര്‍ അവിടെ എത്തിയത് എന്നാണ് ഇപ്പോള്‍ കരുതപ്പെടുന്നത് . പോകുന്ന വഴികളില്‍ കാണുന്ന കാപ്പിരികള്‍ തന്നെ അത്ഭുതത്തോടെ നോക്കുന്നതായും അവര്‍ കാണുന്ന ആദ്യ വെള്ളകാരന്‍ താനാണെന്നും ലയിംഗ് ഭാര്യക്ക്‌ കത്തുകള്‍ എഴുതി . പക്ഷെ അദ്ദേഹം സ്വപ്നം പോലും കാണാതിരുന്ന ഒരു ദുരന്തം വഴിയില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു !

ലയിങ്ങിനും മുന്നേ ഇതേ വഴി കടന്നു പോയ Mungo Park എന്ന യൂറോപ്യന്റെ പ്രേതമായിരുന്നു അത് ! ആഫ്രിക്കന്‍ ഗോത്രങ്ങള്‍ക്കിടയില്‍ പാര്‍ക്ക് എന്ന വെള്ളക്കാരന്റെ പേര് “Ruthless Murderer “എന്നായിരുന്നു എന്നറിയുമ്പോള്‍ തന്നെ കാര്യങ്ങള്‍ ഊഹിക്കാവുന്നതേ ഉള്ളൂ . ഇഷ്ടമില്ലാത്ത കാപ്പിരികളെ ചറപറാ വെടിവെച്ചു തള്ളി ” പര്യവേഷണം ” നടത്തിയ പാര്‍ക്കും ഒരു സ്കോട്ട്ലണ്ട് കാരനായിരുന്നു . നൈജര്‍ നദീതീരങ്ങളില്‍ വെള്ളക്കാര്‍ക്ക് അത്യാവശ്യം “നല്ലപേര് ” സമ്പാദിച്ച് വെച്ച് പാര്‍ക്ക് കടന്നു പോയ അതെ വഴികളില്‍ കൂടി ആയിരുന്നു ലയിഗും നടന്നു നീങ്ങിയത് . അതിനാല്‍ തന്നെ ആഫ്രിക്കന്‍ ഗോത്രങ്ങളില്‍ നിന്നും കനത്ത എതിര്‍പ്പാണ് ലയിങ്ങിനു നേരിടേണ്ടി വന്നത് . 1826 ജാനുവരി പത്തിന് അദ്ദേഹം Tuareg ഗോത്രക്കാരുടെ ഒരു കച്ചവട സംഘത്തോടൊപ്പം ചേര്‍ന്ന് യാത്ര തുടര്‍ന്നു . പക്ഷെ യാത്രക്കിടയില്‍ അവര്‍ അനേകം ആക്രമണങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നു . കച്ചവട സംഘങ്ങള്‍ക്ക് നേരെ ഇത്തരം ആക്രമങ്ങള്‍ അന്ന് പതിവായിരുന്നു എങ്കിലും കവര്‍ച്ചക്കാര്‍ ലയിങ്ങിനെ കണ്ടിട്ടാണ് ആക്രമണം നടത്തിയത് എന്നായിരുന്നു കൂട്ടത്തിലുള്ള കച്ചവടക്കാര്‍ കരുതിയിരുന്നത് . ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പേ മണ്ണടിഞ്ഞ പാര്‍ക്കിനോടുള്ള വിരോധം അത്രക്കുമുണ്ടായിരുന്നു എന്നതാണ് സത്യം .

ലയിങ്ങിന്റെതായി കണ്ടെടുത്ത ചില കുറിപ്പുകളില്‍ നിന്നും അദ്ദേഹം യാത്രക്കിടയില്‍ നിരന്തര രോഗങ്ങള്‍ക്കും ആക്രമങ്ങള്‍ക്കും വിധേയനായിരുന്നു എന്ന് വ്യക്തമാകുന്നുണ്ട് . മേയ് മാസത്തില്‍ ഏതോ ഒരു രാത്രി ലയിങ്ങിന്റെ ജീവിതം തന്നെ തകര്‍ത്ത ആക്രമണം ഉണ്ടായി . സ്വന്തം കൂടാരത്തില്‍ ഉറങ്ങിയിരുന്ന ലയിങ്ങിനു ആക്രമണം ശരിയായ രീതിയില്‍ തടുക്കാന്‍ കഴിഞ്ഞില്ല .നിര്‍ഭാഗ്യവാനായ പര്യവേഷകന്‍ ! 2 വെളുപ്പിനെ മരണാസന്നനായി അദ്ദേഹത്തെ മറ്റൊരു ഗോത്രക്കാര്‍ കണ്ടെടുക്കുമ്പോള്‍ ദേഹത്ത് ഇരുപതോളം ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു . ഒരു കയ്യ് വെട്ടേറ്റു അറ്റ് തൂങ്ങിയ നിലയിലും ആയിരുന്നു . ലയിങ്ങിനെ , വഴികാട്ടിയായിരുന്ന നാടോടി തന്നെയാണ് ചതിച്ചത് എന്നാണ് മിക്ക ചരിത്രകാരന്മാരും കരുതുന്നത് . എന്തായാലും ആഫ്രിക്കന്‍ പ്രകൃതിചികിത്സകള്‍ വഴി ജീവന്‍ നിലനിര്‍ത്തിയ അദ്ദേഹം മറ്റൊരു സംഘത്തോടൊപ്പം മാസങ്ങള്‍ക്ക് ശേഷം തന്‍റെ ലക്ഷ്യസ്ഥാനമായ Timbuktu വില്‍ എത്തിച്ചേര്‍ന്നു . ലയിംഗ് അവസാനമായി എഴുതിയ കുറിപ്പുകളില്‍ നിന്നും വ്യക്തമാകുന്നത് അദ്ദേഹം അവിടെ മൂന്നു ദിവസങ്ങള്‍ ചിലവഴിക്കാന്‍ തീരുമാനിച്ചു എന്നാണ് . പക്ഷെ അടുത്തകാലത്ത് കിട്ടിയ തെളിവുകള്‍ അനുസരിച്ച് ലയിംഗ് ഏതാണ്ട് ഒരുമാസകാലം നഗരത്തില്‍ ഉണ്ടായിരുന്നു എന്നാണ് . അതിനു ശേഷം മറ്റേതോ സംഘത്തോടൊപ്പം തിരികെ യാത്രയായ അദ്ദേഹത്തെകുറിച്ച് പിന്നീടൊരു വിവരവും ലഭിച്ചിട്ടില്ല . ലഭ്യമായ വിവരങ്ങള്‍ വെച്ച് അദ്ദേഹം കൊല്ലപ്പെട്ടിരിക്കും എന്ന് തന്നെയാണ് മിക്ക ഗവേഷകരും കരുതുന്നത് . അനേക വര്‍ഷങ്ങള്‍ക്കു ശേഷം നഗരത്തില്‍ കാലുകുത്തിയ ഫ്രഞ്ച് സൈന്യമാണ്‌ ലയിങ്ങിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തപ്പിയെടുത്തത് . എന്തായാലും പിന്നീടുണ്ടായ അനേകം സാഹസിക യാത്രകള്‍ക്ക് അലക്സാണ്ടര്‍ ഗോര്‍ഡന്‍ ലയിംഗ് (Alexander Gordon Laing ) ഒരു വഴികാട്ടിയായി തീര്‍ന്നു .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ