എന്‍റെ കുഞ്ഞിനെ നീ വിരിയിക്കണം

എന്‍റെ കുഞ്ഞിനെ നീ വിരിയിക്കണം 1

പ്രസവിക്കാന്‍ പെണ്ണുങ്ങള്‍ക്ക്‌ മടി കൂടിവരുന്ന സാഹചര്യങ്ങളില്‍ ഈ പണി മറ്റു ജീവികളെ ഏല്‍പ്പിക്കുന്ന കാര്യം ഗവേഷകര്‍ ആലോചിക്കുവാന്‍ തുടങ്ങിയിട്ട് നാളേറെ ആയി . സ്വീഡനിലെ ഒരു കൂട്ടം ശാസ്ത്രഞ്ഞര്‍ ഇങ്ങനെയാണ് വിചാരിക്കുന്നത് . ഒരു കൂട്ടം ലേഡി ചിമ്പുകളെ ഒരു പരീക്ഷണ ശാലയില്‍ വളര്‍ത്തുക . കുട്ടികളെ ആവശ്യമുള്ള ദമ്പതികള്‍ അതിനാവശ്യമായ ബീജം , അണ്ഡം തുടങ്ങിയ അസംസ്കൃത വസ്തുക്കളുമായി അവിടെ എത്തുക . ഏതെങ്കിലും ഒരു മിടുക്കി ചിമ്പാന്‍സിയുടെ ഗര്‍ഭപാത്രത്തില്‍ ഇതെല്ലാം നിക്ഷേപിച്ച് പ്രസവിപ്പിച്ച് കുട്ടികളെ മാതാപിതാക്കള്‍ക്ക് തിരികെ കൊടുക്കുന്ന കാര്യം അവര്‍ ചെയ്തുകൊള്ളും . സംഭവം പക്ഷെ ഇപ്പോഴും അണ്ടര്‍ ടെസ്റ്റിങ്ങില്‍ ആണ് . പക്ഷെ ഇതുപോലെ അല്ലെങ്കിലും ഏറെക്കുറെ മുഴുവന്‍ പ്രസവ ജോലികളും മറ്റു വര്‍ഗ്ഗത്തില്‍ പെട്ട ജീവികളെ ഏല്‍പ്പിക്കുന്ന വിരുതന്‍ ജീവികള്‍ ഈ പ്രകൃതിയില്‍ അനേകമുണ്ട് . കാക്കയെ പറ്റിക്കുന്ന കുയിലിനെ തന്നെയാണ് നമ്മുക്ക് ആദ്യം ഓര്‍മ്മ വരിക . എന്നാല്‍ ഇതേ കാര്യം ഒരു ഹോളിവുഡ് ഹൊറര്‍ ഫിലിമിനെ വെല്ലുന്ന രീതിയില്‍ ചെയ്യുന്ന ഒരു ജീവിയെ ആണ് നാം ഇനി പരിചയപ്പെടുവാന്‍ പോകുന്നത് . കക്ഷിയുടെ ഔദ്യോഗിക നാമം Emerald cockroach wasp (Ampulex compressa) എന്നാണ് .

Advertisements
തൊരു ചെറിയ വണ്ട്‌ അല്ലെങ്കില്‍ പ്രാണി ആണ് . പച്ചയും നീലയും കലര്‍ന്ന തിളങ്ങുന്ന ശരീരം ഉള്ളതിനാല്‍ ജൂവല്‍ വണ്ട്‌ എന്നും ഇതിനെ വിളിക്കും . ഇതിന്‍റെ പെണ്‍വര്‍ഗ്ഗത്തിന് വിഷം കുത്തിവെക്കാനുള്ള ഒരു ചെറു മുള്ള് (stinger, or sting) കൂടിയുണ്ട് ശരീരത്തില്‍ . ഇണചേര്‍ന്ന് കഴിഞ്ഞ് മുട്ടയിടാനുള്ള സമയം എത്തിക്കഴിഞ്ഞാല്‍ പെണ്‍പ്രാണികള്‍ പിന്നെ ചെയ്യുന്ന പണി അത്യാവശ്യം “ആരോഗ്യമുള്ള ” ഒരു പാറ്റയെ അന്വേഷിച്ച് കണ്ടുപിടിക്കുക എന്നതാണ് . ഒരു പാറ്റയെ കാണുന്ന മാത്രയില്‍ പിന്നില്‍ നിന്നും ഒരൊറ്റ ആക്രമണമാണ് . വിഷമുള്ളുകൊണ്ടുള്ള ആദ്യ കുത്ത് പാറ്റയുടെ നാഡീവ്യൂഹത്തിലാണ് (ganglion) പ്രഹരമേപ്പിക്കുക . അതോടു കൂടി പാറ്റക്ക് മുന്‍കാലുകളുടെ ചലന ശേഷി നഷ്ട്ടപ്പെടും ! പിന്നെ സൗകര്യം കിട്ടിയതിനാല്‍ അടുത്ത കുത്ത് കൃത്യം തലച്ചോറിനാണ് (head ganglia) കൊടുക്കുന്നത് . അതോടെ പിന്നെ ചുറ്റും നടക്കുന്നത് എന്താണ് എന്ന്‍ പാവം പാറ്റക്ക് ഒരു ബോധവും ഉണ്ടാവില്ല . ഇര ശരിക്കും ഒരു സോംബി ആയി മാറും എന്നാണ് ഗവേഷകര്‍ പറയുന്നത് . രക്ഷപെടണം എന്ന ചിന്ത ഇനി ഒരിക്കലും അതിനുണ്ടാവില്ല . വണ്ടിന്റെ അടുത്ത നീക്കം പാറ്റയുടെ രണ്ടു കൊമ്പുകളും ഒടിക്കുക എന്നതാണ് . ഇതോടെ പാതി മരിച്ച പാറ്റയെ കഥാ നായകന്‍ ഒരു വിധത്തില്‍ വലിച്ച് തന്‍റെ മാളത്തിലേക്ക് കൊണ്ട് പോകും . തന്‍റെ ഇരട്ടിയോളം വലിപ്പമുള്ള ഒരു ജീവിയുടെ ദേഹത്താണ് ജൂവല്‍ വണ്ട് ഈ പരാക്രമണങ്ങള്‍ ഒക്കെയും കാട്ടിയത് എന്നും ഓര്‍ക്കണം .

മാളത്തില്‍ എത്തിയാല്‍ പിന്നെ പാറ്റയെ മലര്‍ത്തി കിടത്തും . ഇരയുടെ വയറിന്‍റെ മുകളില്‍ ഏകദേശം രണ്ടു മില്ലീ മീറ്ററോളം വലിപ്പമുള്ള ഒരു മുട്ട ഇട്ടു വെക്കും . ശേഷം തന്‍റെ ജോലി പൂര്‍ത്തിയാക്കി മാളത്തിനു പുറത്തെത്തുന്ന പ്രാണി, ചെറു കല്ലുകള്‍ ഉന്തി തള്ളി വെച്ച് മാളം ഭാഗീകമായി അടച്ചു വെക്കും . മറ്റു ശത്രുക്കള്‍ കയറാതിരിക്കുവാനാണിത് . ബോധമില്ലാതെ കിടക്കുന്ന പാറ്റയുടെ വയറ്റിന് മുകളില്‍ വെച്ചിട്ടുപോയ മുട്ട മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ വിരിയും . ലാര്‍വ രൂപത്തില്‍ പുറത്തിറങ്ങുന്ന കുഞ്ഞു വണ്ട്‌ പതുക്കെ പതുക്കെ പാറ്റയുടെ ശരീരം ഭക്ഷിച്ചു തുടങ്ങും . തിന്നു തിന്ന് വയറു തുളച്ചു അകത്തു കയറുന്ന ലാര്‍വ പിന്നെ അവിടെ താമസം തുടങ്ങും . ഇങ്ങനെയൊക്കെ ഇഞ്ചിഞ്ചായി ഭക്ഷണമായികൊണ്ടിരിക്കുമ്പോഴും പാവം പാറ്റക്ക് ഒരു മൂന്ന് നാല് ദിവസങ്ങള്‍ കൂടി ജീവന്‍ ഉണ്ടാവും . അപ്പോഴേക്കും ലാര്‍വ , പ്യൂപ്പല്‍ (pupal) അവസ്ഥയില്‍ നിന്നും കൊക്കൂണ്‍ (cocoon) ആയി മാറും . അവസാനം പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പുതിയ ജൂവല്‍ വണ്ട്‌ തിന്നു തീര്‍ത്ത പാറ്റയുടെ ശരീരത്തില്‍ നിന്നും പുറത്തു വരും !
ഒട്ടനവധി ജീവികള്‍ മറ്റു ജീവികള്‍ക്കിട്ട് ഇത്തരം ” പണികള്‍ ” കൊടുക്കാറുണ്ട് എങ്കിലും ജൂവല്‍ വണ്ട്‌ കാണിക്കുന്നതുപോലെ സോംബിയാക്കല്‍ വളരെ വിരളമാണ് എന്ന് ഗവേഷകര്‍ പറയുന്നു . തന്‍റെ ജീവിതത്തില്‍ ഒരു ഭാഗം മറ്റൊരു ജീവിയുടെ ശരീരത്തില്‍ വളര്‍ന്ന് അതിനെ തന്നെ ആഹാരമാക്കുന്ന ഇത്തരം ജീവികളെ Parasitoid എന്നാണ് വിളിക്കുന്നത്‌ .

Photo by Ram Gal

Added : നമ്മുടെ നാട്ടിലെ വേട്ടോനും (വേട്ടാവളിയനും ) ഇതേ പ്രാണിയുടെ വംശക്കാരാണ് .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ