ഐസ്ലാണ്ടിന്റെ തലസ്ഥാനമായ റേയ്ക്ക്ജാവിക്കിനു അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു നിര്‍ജ്ജീവ അഗ്നിപര്‍വ്വതമാണ് Thrihnukagigur. പ്രാദേശിക ഭാഷയില്‍ അര്‍ഥം Three Peaks Crater എന്നാണ് . ക്രിസ്തുവിനും ഇരുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇത് അവസാനമായി തീ തുപ്പിയത് എന്ന് കരുതപ്പെടുന്നു . ഇനി ഒരിക്കലും ഇവന് കലി തുള്ളാന്‍ സാധ്യത ഇല്ല എന്ന് തന്നെയാണ് വിദഗ്ദമതം . വലിയ പര്‍വ്വതാരോഹണ വൈദഗ്ദ്യം ഇല്ലാതെ തന്നെ ഈ പര്‍വ്വതത്തിന്റെ മുകളില്‍ എത്താന്‍ ആര്‍ക്കും സാധിക്കും . 1974 ല്‍ ഗുഹാപര്യവേഷകനായ Árni B Stefánssont ആണ് ഈ മലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആധുനിക ലോകത്തിനു വെളിപ്പെടുത്തിയത് . അദ്ദേഹം തന്നെയാണ് ഈ പര്‍വ്വതത്തിന്റെ ടൂറിസം സാധ്യത സര്‍ക്കാരിനെ ബോധ്യപ്പെടുതിയതും .
മാഗ്മ ചേംബര്‍
അഗ്നിപര്‍വ്വതത്തിനുള്ളില്‍ ലാവ കെട്ടിക്കിടക്കുന്ന തടാകമാണ് മാഗ്മ അറ . ദ്രവരൂപത്തിലുള്ള ഉരുകിയ ശിലകള്‍ കനത്ത മര്‍ദ്ദത്തിലാണ് കൊടും ചൂടില്‍ ഈ അറയ്ക്കുള്ളില്‍ കെട്ടിക്കിടക്കുന്നത് . കിട്ടുന്ന അവസരത്തില്‍ ഈ അറ മുകളിലേയ്ക്ക് പൊട്ടിയോഴുകിയാല് നാം അതിനെ അഗ്നിപര്‍വ്വത സ്ഫോടനം എന്ന് വിളിക്കും . ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും ഒന്ന് മുതല്‍ പത്തു കിലോമീറ്റര്‍ ആഴത്തില്‍ വരെ മാഗ്മ ചേംബര്‍ കണ്ടേക്കാം . അതായത് മാഗ്മ ചേംബറിന് മുകളിലാണ് ഒരു അഗ്നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത് . ഒരു അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നതോടെ മാഗ്മ അറ കാലിയാവുന്നു . പക്ഷെ സജീവ അഗ്നിപര്‍വ്വതങ്ങളില്‍ ഈ അറയിലേക്ക് വീണ്ടും ഭൂഗർഭഃകുഴലുകള് വഴി ലാവ ഒഴുകി എത്തുകയും , കനത്ത സമ്മര്‍ദത്തിനു അടിമപ്പെട്ടു പഴയ വികൃതി വീണ്ടും ആവര്‍ത്തിക്കുകയും ചെയ്യും . എന്നാല്‍ ചില അഗ്നിപര്‍വ്വതങ്ങള്‍ പൊട്ടിത്തെറിച്ചു കഴിഞ്ഞാല്‍ ഒഴിഞ്ഞ അറയിലേക്ക് മുകളിലെ മണ്ണും ഭിത്തിയും ഇടിഞ്ഞ് വീണ് ഒരു വന്‍ ഗര്‍ത്തം അവിടെ രൂപമെടുക്കും . മിക്ക അഗ്നിപര്വ്വതങ്ങലുടെയും ആകാശ ചിത്രത്തില്‍ കാണുന്ന കുഴി ഇങ്ങനെ രൂപം കൊണ്ടതാണ് . എന്നാല്‍ ഇവിടെയാണ് Thrihnukagigur അഗ്നിപര്‍വ്വതം വ്യത്യസ്തനാകുന്നത് . കക്ഷിയുടെ മാഗ്മ അറ കാലിയാവുകയും ചെയ്തു എന്നാല്‍ ഭിത്തിയോട്ടു ഇടിഞ്ഞു വീണും ഇല്ല ! ഫലമോ പര്വ്വതതിനുള്ളില് ഒന്നാന്തരം ഒരു അറ ! ഇനിയൊട്ടു ലാവ ഈ അറയിലേക്ക് ഒഴുകിയെത്താനുള്ള സാധ്യതയും ഇല്ല എന്നാണ് വിദഗ്ദമതം . അതായത് ഒരു അഗ്നിപര്‍വ്വതത്തിന്റെ ഒഴിഞ്ഞ മാഗ്മ ചേംബറില്‍ നിങ്ങള്‍ക്ക് ഇറങ്ങി കാണണമെങ്കില്‍ അത് ഇവിടെയാകാം ! ഭൂമിയില്‍ മറ്റൊരിടത്തും ഇല്ലാത്ത ഒരു വ്യത്യസ്ത യാത്ര ! അതും അഗ്നിപര്‍വ്വതത്തിന്റെ ഗര്‍ഭപാത്രത്തിലേക്ക് !!!
യാത്ര
ആരോഗ്യമുള്ള ഏതൊരാള്‍ക്കും പ്രയാസമില്ലാതെ തന്നെ ഈ യാത്ര തരപ്പെടുത്താം . വാഹനം എത്തുന്ന സ്ഥലത്ത് നിന്നും (Blue Mountains Country Park ) ഏകദേശം മുക്കാല്‍ മണിക്കൂര്‍ വലിയ ആയാസമില്ലാതെ കയറിയാല്‍ (3 km ) ചേംബറിന്റെ മുകളില്‍ എത്താം . പടവുകളും വരികളും കെട്ടി സുരക്ഷിതമാക്കിയ വഴിയാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത് . കൂടാതെ പ്രകൃതി സൌന്ദര്യം വേണ്ടുവോളം ആസ്വദിക്കുകയും ആവാം . ഇതല്ലാതെ ഹെലികോപ്ടറില്‍ എത്താനുള്ള സൗകര്യവും ഉണ്ട് . അറയുടെ താഴ്ച നൂറ്റിയിരുപത് മീറ്റര്‍ ആണ് . താഴേയ്ക്ക് കേബിള്‍ ലിഫ്റ്റ് ഉണ്ട് . അരമുക്കാല്‍ മണിക്കൂര്‍ അഗ്നിപര്‍വ്വതത്തിനുള്ളില്‍ ചിലവഴിച്ചാല്‍ തന്നെ അഞ്ചോ ആറോ മണിക്കൂറുകള്‍ കൊണ്ട് ഈ അത്ഭുത യാത്ര തീര്‍ക്കാവുന്നതേ ഉള്ളൂ . അറയ്ക്കുള്ളില്‍ ഇപ്പോഴും ഒരേ തണുപ്പാണ് . ഏകദേശം അഞ്ചോ ആറോ ഡിഗ്രീ .
അറയ്ക്കുള്ളില്‍
ചേംബറില്‍ ഇറങ്ങാല്‍ മൂന്ന് വിടവുകളാണ് നിലവില്‍ ഉള്ളത് . അതില്‍ ഒന്നിലാണ് ലിഫ്റ്റ് ഘടിപ്പിച്ചിട്ടുള്ളത് . മൂന്ന് ബാസ്ക്കറ്റ് ബോള്‍ കളങ്ങളുടെ വലിപ്പമുണ്ട് ഈ അറയ്ക്ക് . ഉയരം പറഞ്ഞാല്‍ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി പൂര്‍ണ്ണമായും ഇതിനുള്ളില്‍ ഇറക്കി വെയ്ക്കാം ! വിവിധതരം പാറകളാല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന അറയുടെ ഭിത്തികളില്‍ പ്രകാശം പതിക്കുമ്പോള്‍ വിവിധ വര്‍ണ്ണങ്ങള്‍ ആണ് നമ്മുക്ക് മുന്നില്‍ വിരിയുക . ശരിക്കും ഭൂമിക്കുള്ളില്‍ ഒരു മായാപ്രപഞ്ചമായിരിക്കും ഇത് !
ഫോട്ടോ :Pixabay