കാനഡയിലെ റ്റോറണ്ടോയിലെ റോയല്‍ ഓണ്ടാരിയോ മ്യൂസിയം . പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി ചരിത്ര ഗവേഷകര്‍ അവിടെ ഒത്തുകൂടിയിരിക്കുകയാണ് . എന്താണ് സംഭവിച്ചത് എന്ന് നൂറ്റാണ്ടുകളായി ചരിത്രാന്വേഷികള്‍ പരതിക്കൊണ്ടിരുന്ന ഒരു ദുരന്തയാത്രയുടെ അവസാന ഭാഗമാണ് അദ്ദേഹത്തിന്റെ അധരങ്ങളില്‍ നിന്നു തന്നെ കേള്‍ക്കുവാന്‍ ആളുകള്‍ ഒത്തുകൂടിയിരിക്കുന്നത് . അവസാനം അകാംക്ഷക്ക് വിരാമമിട്ടുകൊണ്ട് സ്റ്റീഫന്‍ ഹാര്‍പ്പര്‍ പ്രഖ്യാപിച്ചു ……
” നാം അത് കണ്ടെത്തിയിരിക്കുന്നു ! ആര്‍ട്ടിക്കിലെ തണുത്ത കടലില്‍ ആണ്ടുകിടക്കുന്നത് എറിബസ് എന്ന കപ്പല്‍ തന്നെയാണ് ! ”
ആളുകള്‍ ഒന്നടങ്കം എഴുന്നേറ്റു നിന്ന് കരഘോഷം മുഴക്കി . നെടുവീര്‍പ്പിട്ടുകൊണ്ട് അവര്‍ ചിന്തിച്ചു …… ക്യാപ്റ്റന്‍ ജോണ്‍ ഫ്രാങ്ക്ലിന്റെ യാത്രക്ക് ഇതോടെ ഉത്തരം ലഭിക്കും .
വടക്ക് പടിഞ്ഞാറന്‍ കപ്പല്‍ പാത എന്നത് കൊളംബസിന്റെ കാലം മുതലേ നാവികരുടെ സ്വപ്നമായിരുന്നു . അറ്റ്ലാന്ട്ടിക്കില്‍ നിന്നും പസഫിക്കിലേക്ക് ആര്‍ട്ടിക് സമുദ്രം വഴി ഒരു കപ്പല്‍ റൂട്ട് ! അതായത് ഇംഗ്ലണ്ടില്‍ നിന്നും കടല്‍ മാര്‍ഗ്ഗം ഗ്രീന്‍ലാന്‍ഡിനും കാനഡയ്ക്കും ഇടയിലൂടെ ഉത്തരധ്രുവത്തില്‍ കടന്ന് അതുവഴി അലാസ്ക്കയില്‍ എത്തിച്ചേരുക . ഗ്രീന്‍ലാന്‍ഡിനും അപ്പുറമുള്ള ഹിമാസാഗരം കടക്കുക ദുഷ്ക്കരമാണെങ്കിലും സാഹസികരായ പര്യവേഷകര്‍ക്ക് അന്നും ഇന്നും അതൊന്നും ഒരു പ്രശ്നമാവില്ല . ഇതേ ലക്ഷ്യം വെച്ചാണ് 1845 ല്‍ ക്യാപ്റ്റന്‍ ഫ്രാങ്ക്ലിന് നൂറില്‍പ്പരം വരുന്ന നാവികരോടൊപ്പം , HMS Erebus HMS Terror എന്ന രണ്ടു കപ്പലുകളില്‍ ഇംഗ്ലണ്ടില്‍ നിന്നും യാത്ര തിരിച്ചത് . ഇത് രണ്ടും റോയല്‍ നേവിയുടെ തടിക്കപ്പലുകള്‍ ആയിരുന്നു . മെയ് പത്തൊന്‍പതാം തീയതി രാവിലെ തന്നെ കപ്പലുകള്‍ തുറമുഖം വിട്ടു . നൂറ്റിപ്പത്ത് നാവികരും ഇരുപത്തിനാല് ഓഫീസര്‍മ്മാരും അപ്പോള്‍ ഇരു കപ്പലുകളിലും ആയി ഉണ്ടായിരുന്നു . പിന്നീട് Rattler , Barretto Junior എന്നീ രണ്ടു കപ്പലുകള്‍ കൂടി ഇവരുടെ ഒപ്പം കൂടി .
പിന്നീട് ഗ്രീന്‍ലാന്‍ഡിന് സമീപമുള്ള ഒരു ദ്വീപില്‍ നാല് കപ്പലുകളും നങ്കൂരം ഇട്ടു . രാറ്റ്ലര്‍ എന്ന കപ്പലില്‍ ഉണ്ടായിരുന്ന കാളകളെ കശാപ്പ് ചെയ്ത് ഉണക്കി ഇറച്ചി ആക്കി എറിബസിലേക്കും ടെററിലേക്കും മാറ്റി . രണ്ടാമത് വന്ന കപ്പലുകളില്‍ ഉണ്ടായിരുന്ന ആഹാര സാധനങ്ങളും വസ്ത്രങ്ങളും മറ്റു ഉപകരണങ്ങളും കൂടി മാറ്റിയതോടെ ഇരു കപ്പലുകളും ആര്‍ട്ടിക് സമുദ്രത്തിലേക്ക് കടക്കുവാന്‍ തയ്യാറായി . നാവികര്‍ തങ്ങളുടെ വീടുകളിലേക്ക് അവസാനമായി കത്തുകള്‍ എഴുതി . ഇനി Rattler , Barretto Junior എന്നീ കപ്പലുകള്‍ തിരികെ പോകും . രോഗം ബാധിച്ച കുറച്ചു പേരെക്കൂടി ക്യാപ്റ്റന്‍ തിരകെ വിട്ടതോട് കൂടി യാത്രയുടെ അവസാനം അംഗസംഖ്യ 129 ആയി മാറി .
ഈ കപ്പലുകളുടെ പിന്നീടുള്ള യാത്ര സകല കപ്പല്‍ യാത്രകളിലും വെച്ച് ദുരൂഹത നിറഞ്ഞതായി മാറി . അതേ വര്‍ഷം ജൂലൈ അവസാനം ഇരു കപ്പലുകളും ഗ്രീന്‍ലാന്‍ഡിനും ബഫിന് ദ്വീപിനും ( Baffin Island) ഇടയിലുള്ള കടലിടുക്കില്‍ കാലാവസ്ഥ മാറുവാന്‍ കാത്തു കിടക്കുന്നത് കണ്ടതായി രണ്ടു തിമിംഗലവേട്ട കപ്പലുകള്‍ ഇംഗ്ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്തു . പക്ഷെ അതായിരുന്നു അവരെക്കുറിച്ച് മറ്റുള്ളവര്‍ക്ക് അവസാനം കിട്ടിയ വിവരം . മൂന്ന് വര്‍ഷങ്ങള്‍ (1848) കഴിഞ്ഞതോടെ ക്യാപ്റ്റന്‍ ഫ്രാങ്ക്ലിന്റെ ഭാര്യ കപ്പലുകള്‍ അന്വേഷിച്ചു പോകുന്നവര്‍ക്ക് വന്‍ തുക ഓഫര്‍ ചെയ്തു . ഇംഗ്ലണ്ടിനു അഭിമാനമാകേണ്ട കപ്പല്‍ യാത്രക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ പൊതുജനങ്ങള്‍ക്കും താല്‍പ്പര്യം കൂടിയതോട് കൂടി അനേകം കപ്പലുകള്‍ ഗ്രീന്‍ലാന്‍ഡിലേക്ക് വെച്ച് പിടിച്ചു . പരസ്പ്പര വിരുദ്ധമായ അനേകം കഥകള്‍ അതോടു കൂടി യൂറോപ്പില്‍ പ്രചരിച്ചു . ക്യാപ്റ്റന്‍ ഇപ്പോഴും യാത്രയിലാണെന്നും തെക്കേ അമേരിക്ക ചുറ്റി തിരികെ വരുമെന്നും ചിലര്‍ പറഞ്ഞു . കപ്പലുകള്‍ തകര്‍ന്നെന്നും എല്ലാവരും മുങ്ങി മരിച്ചെന്നും വേറെ ചിലര്‍ പറഞ്ഞു . വിശപ്പ് മൂത്ത് അങ്ങോട്ടും ഇങ്ങോട്ടും കൊന്നു തിന്നാണ് ഏവരും കൊല്ലപ്പെട്ടതെന്നും കിംവദന്തി പരന്നു .
എന്തായാലും ലേഡി ഫ്രാങ്ക്ലിന് മരിക്കുന്നത് വരെ ഭര്‍ത്താവ് മടങ്ങി വരും എന്ന് തന്നെയാണ് വിശ്വസിച്ചിരുന്നത് . വര്‍ഷങ്ങള്‍ നൂറ്റാണ്ടിനു വഴി മാറിയെങ്കിലും ഫ്രാങ്ക്ലിന് സംഘം എവിടെപോയി എന്നത് ഒരു കുഴയ്ക്കുന്ന പ്രശ്നമായി തന്നെ തുടര്‍ന്നു . അനേകം ആളുകള്‍ ഇതിനു പിറകെ പോയി കിട്ടാവുന്ന വിവരങ്ങള്‍ ശേഖരിച്ചതിന്റെ ഫലമായി ഗവേഷകര്‍ക്ക് ചിത്രം ഏറെക്കുറെ വ്യക്തമായി തുടങ്ങി . പല ദ്വീപുകളിലായി നാവികരുടെ കുഴിമാടങ്ങള്‍ പിന്നീട് കണ്ടുകിട്ടി . കൂട്ടത്തില്‍ ചിലര്‍ എഴുതി വെച്ച കുറിപ്പുകളും ലഭിച്ചതോട് കൂടി കപ്പലുകള്‍ തകര്‍ന്ന് ഒറ്റയടിക്കല്ല അവര്‍ കൊല്ലപ്പെട്ടത് എന്ന് മനസിലായി . മാസങ്ങള്‍ കൊണ്ട് രോഗംകാരണവും പട്ടിണി മൂലവും തണുപ്പ് മൂലവും ആണ് അവര്‍ പലപ്പോഴായി മരണത്തിനു കീഴടങ്ങിയത് . കപ്പലുകള്‍ ഹിമാപ്പാളികളില്‍ കുടിയതോട് കൂടി അവര്‍ കപ്പലുകള്‍ ഉപേക്ഷിച്ചു ഏതെങ്കിലും ദ്വീപുകളില്‍ ഇറങ്ങിയിട്ടുണ്ടാവാം . അവിടെ നിന്നും തോണികളിലും നടന്നും കനേഡിയന്‍ മെയിന്‍ ലാന്‍ഡില്‍ എത്താനാവും അവര്‍ ശ്രമിച്ചത് . പക്ഷെ പട്ടിണിയും അനാരോഗ്യവും ശീതപിത്തവും അവരുടെ യാത്ര അവസാനിപ്പിച്ചിരിക്കാം .
കുഴിമാടങ്ങളില്‍ നിന്നും കിട്ടിയ നോട്ടുകളില്‍ നിന്നും Beechey ദ്വീപില്‍ മൂന്ന് നാവികരെ അടക്കം ചെയ്തിട്ടുണ്ട് എന്ന് പിടികിട്ടി . കിംഗ് വില്ല്യം ദ്വീപിനടുത്ത് എവിടെയോ ആണ് 1846 സെപ്റ്റംബറില്‍ കപ്പലുകള്‍ കുടുങ്ങിയത് . ക്യാപ്റ്റന്‍ ഫ്രാങ്ക്ലിന് 1847 ജൂണ്‍ പതിനൊന്നിനു ഇന്നും അത്ജാതമായ ഏതോ വിജനതയില്‍ വെച്ച് മരണമടഞ്ഞു . 1848 ഏപ്രില്‍ വരെ ആരൊക്കെയോ ജീവനോടെ ഉണ്ടായിരുന്നു എന്നും അവരുടെ കുറിപ്പുകളില്‍ നിന്നും മനസ്സിലാക്കാം . ലോകത്ത് ഇന്ന് വരെയും വേറൊരു യാത്രക്കും കിട്ടാത്ത തുടര്‍ അന്വേഷണങ്ങലാണ് ഫ്രാങ്ക്ലിന് യാത്രക്ക് കിട്ടിയത് . അവസാനം 2008 ഓഗസ്റ്റ് പതിനഞ്ചിന് കനേഡിയന്‍ സര്‍ക്കാരിന്റെ ഏജന്‍സി അയ Parks Canada ഒരു ഗംഭീരം പര്യവേഷണത്തിന് തുടക്കം കുറിച്ചു . 2014 ഒക്ടോബര്‍ ഒന്നിന് HMS Erebus ന്റെ അവശിഷ്ടങ്ങള്‍ അവര്‍ കണ്ടെത്തി . 2016 സെപ്റ്റംബര്‍ പതിനാറിന് HMS Terror ന്റെ ഭാഗങ്ങളും അവര്‍ക്ക് കണ്ടെത്താനായി . കിംഗ് വില്ല്യം ദ്വീപിനു അടുത്തായിരുന്നു ദുരന്തം സംഭവിച്ചത് .
നിങ്ങള്‍ ഇത് വായിച്ചു കൊണ്ടിരിക്കുമ്പോഴും Sir Wilfrid Laurier എന്ന ഐസ് ബ്രേയ്ക്കര്‍ കിംഗ് വില്ല്യം ദ്വീപില്‍ ബാക്കി ഭാഗങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ് .
James Clark Ross തന്റെ അന്ട്ടാര്‍ട്ടിക്ക് യാത്രകള്‍ക്ക് (1841) ഉപയോഗിച്ചത് ഫ്രാങ്ക്ലിന് ഉപയോഗിച്ച ഇതേ രണ്ടു കപ്പലുകള്‍ ആയിരുന്നു . റോസ് , താന്‍ കണ്ടുപിടിച്ച റോസ് ദ്വീപിലെ രണ്ട് പര്‍വ്വതങ്ങള്‍ക്ക് തന്റെ രണ്ടു കപ്പലുകളുടെ പേരുകളാണ് കൊടുത്തത് . ഇതില്‍ മൌണ്ട് എറിബസ് (Mount Erebus) ഭൂമിയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സജീവ അഗ്നിപര്‍വ്വതമാണ് .