കടല്‍ മനുഷ്യരുടെ രഹസ്യം

കടല്‍ മനുഷ്യരുടെ രഹസ്യം 1

” അവര്‍ കടലില്‍ നിന്നാണ് വരുന്നത് ……… വെട്ടുകിളികളെപ്പോലെ എണ്ണിയാലൊടുങ്ങാത്തത്രയുണ്ട് ! ……… ഇന്നുവരെ ആര്‍ക്കും അവരെ തടയാനായിട്ടില്ല ! …….”

ഈജിപ്ത്തിലെ Medinet Habu ക്ഷേത്രത്തില്‍ റംസസ് മൂന്നാമന്‍ ഫറവോ രേഖപ്പെടുത്തിയ വരികളാണിത് . സ്വാഭാവികമായും ആരാണിവര്‍ എന്നറിയാന്‍ ഏതൊരാള്‍ക്കും അകാംക്ഷയുണ്ടാവും . കടലില്‍ നിന്ന് പുരാതന ഈജിപ്ത് ആക്രമിക്കുവാന്‍ എത്തിയ ഇവരെ പറ്റി മുന്‍പ് വേറെയും രണ്ട് ഫറവോമാര്‍ രേഖപ്പെടുത്തിയിട്ടുണ്ട് . റംസസ് രണ്ടാമനും ( Kadesh രേഖകള്‍ ), പിന്നെ Merneptah യും (Great Karnak Inscription) . ക്രിസ്തുവിന് മുന്‍പ് 1210 മുതല്‍ 1100 വരെയുള്ള വര്‍ഷങ്ങളിലാണ് ഈ കടല്‍ മനുഷ്യര്‍ ഈജിപ്തിനെ ആക്രമിക്കുവാന്‍ ഏതാണ്ട് മൂന്നോളം പ്രാവിശ്യം എത്തിയത് . കടലില്‍ നിന്നു വരുന്നു എന്നതല്ലാതെ ഇവര്‍ ആരെന്നോ എവിടെ നിന്നും വരുന്നൂ എന്നോ എന്തിന് ഈജിപ്ത് ആക്രമിച്ചു എന്നോ ഈ മൂന്ന് രാജക്കന്മ്മാരും രേഖപ്പെടുത്തിയിട്ടില്ല എന്നതിനാല്‍ ഇവര്‍ ആരെന്ന് ഇപ്പോഴും ചരിത്ര ഗവേഷകര്‍ക്ക്‌ അറിയില്ല എന്നതാണ് സത്യം . അതിനാല്‍ തന്നെ ചരിത്രത്തിലെ ഏറ്റവും ദുരൂഹത നിറഞ്ഞ മനുഷ്യവംശമായി പലരും ഇവരെ കാണുന്നു .

Advertisements

ഫ്രഞ്ച് ഈജിപ്തോളോജിസ്റ്റായ Emmanuel de Rougé ആണ് ഇവരെ കടല്‍ മനുഷ്യര്‍ എന്ന് ആദ്യം വിളിച്ചത് (peuples de la mer അതായത് “peoples of the sea”) .
തോണികളിലും ചെറു കപ്പലുകളിലുമായി യുദ്ധതിനെത്തിയ ഇവര്‍ പല ഗോത്രങ്ങളില്‍ പെടുന്നവര്‍ ആണെന്ന് രേഖകള്‍ സമര്‍ഥിക്കുന്നു . Sherden, Sheklesh, Lukka, Tursha , Akawasha എന്നിങ്ങനെ പല പേരുകള്‍ പറയുന്നുണ്ടെങ്കിലും ഈ പേരുകള്‍ മറ്റൊരു സ്ഥലത്തെയും രേഖകളില്‍ ഇതുവരെയും കണ്ടുകിട്ടിയിട്ടില്ലാത്തതിനാല്‍ ഇവര്‍ ഏത് ദേശക്കാര്‍ ആണെന്ന് കണ്ടുപിടിക്കുവാന്‍ ബുദ്ധിമുട്ടാണ് . റംസസ് ദി ഗ്രേറ്റ്‌ എന്നറിയപ്പെടുന്ന റംസസ് രണ്ടാമന്‍ ആണ് ഇവരെ നേരിട്ട ആദ്യ ഫറവോ . അദ്ദേഹം ഇവരെ താന്‍ നിശേഷം തോല്‍പ്പിച്ചു എന്നും ഇനി ഒരിക്കലും ഇവരുടെ ശല്യം ഉണ്ടാവില്ല എന്നും രേഖപ്പെടുത്തി എങ്കിലും മകന്‍ Merenptah യുടെ കാലത്ത് ഇവര്‍ വീണ്ടും ആക്രമിച്ചു . പക്ഷെ രണ്ടാം ആക്രമണത്തില്‍ ഇവരെ നേരിടാന്‍ ഫറവോയുടെ സൈന്യത്തില്‍ ആദ്യ ആക്രമണത്തില്‍ തടവുകാരായി പിടിച്ചവരും ( അവരുടെ മക്കളും ?) ഉണ്ടായിരുന്നു എന്നതാണ് രസം . Merenptah, കടല്‍ മനുഷ്യരുമായി കൊടിയ യുദ്ധം തന്നെ നടത്തി എന്നാണ് രേഖകളില്‍ കാണുന്നത് . ഇവര്‍ നൈല്‍ നദീമുഖത്ത് എത്തുന്നതുവരെ ഈജിപ്ഷ്യന്‍ സൈന്യം കാത്തു കിടന്നു എന്നും മുഴുവന്‍ കപ്പലുകളും കടലിടുക്കില്‍ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ എല്ലാ വശത്ത് നിന്നും പോടുന്നനെ ആക്രമിച്ച് അവരെ കടലില്‍ തന്നെ മുക്കിക്കളഞ്ഞു എന്നുമാണ് Merenptah എഴുതിയിരിക്കുന്നത് .

ഇവര്‍ ആരെന്നോ എവിടെ നിന്നും വരുന്നൂ എന്നോ മൂന്നു ഫറവോമാരില്‍ ആരും തന്നെ രേഖപ്പെടുത്താതിരുന്നത് ഈ കടല്‍ മനുഷ്യര്‍ മൂന്ന് പേര്‍ക്കും നേരത്തെ തന്നെ അറിയാവുന്ന വര്‍ഗ്ഗം ആണ് എന്നതാകാം കാരണം . അതായത് പ്രത്യേകിച്ചൊരു ആമുഖം ആവശ്യമില്ലാത്തവര്‍ ആയിരുന്നു അവര്‍ എന്ന് പലരും കരുതുന്നു .

ആരാണിവര്‍ ?

ഈ ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല . പല ഗവേഷകരും പല രീതിയിലാണ് ഇവരെ വ്യാഖ്യാനിക്കുന്നത് . എവിടെനിന്നെങ്കിലും പലായനം ചെയ്ത ഒരു വര്‍ഗ്ഗമോ അല്ലെങ്കില്‍ വര്‍ഗ്ഗങ്ങളോ കടലില്‍ അഭയം പ്രാപിച്ചതാവാം എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു . അതുമല്ലെങ്കില്‍ മെഡിറ്ററേനിയന്‍ ദ്വീപ് നിവാസികള്‍ ആവാം . മഹത്തായ ട്രോജന്‍ യുദ്ധത്തില്‍ പങ്കെടുത്ത ഗ്രീക്ക് ജാതികളില്‍ പലരും വിവിധ ഗ്രീക്ക് ദ്വീപുകളില്‍ നിന്നും വന്നവര്‍ ആയിരുന്നു . ഒഡീസിയൂസിന്‍റെ രാജ്യമായ ഇത്താക ഒരു ദ്വീപ് രാഷ്ട്രമാണ് . കടല്‍ യുദ്ധത്തില്‍ പ്രാവീണ്യം നേടിയിട്ടുള്ള ഇവര്‍ ആരെങ്കിലും ആവാം ഈജിപ്ത് ആക്രമിച്ച കടല്‍ മനുഷ്യര്‍ എന്ന് ചിലര്‍ കരുതുന്നുണ്ട് . മറ്റൊരു സാധ്യത ഹീബ്രു ബൈബിളില്‍ ഉടനീളം പരാമര്‍ശിക്കുന്ന ഫിലിസ്ത്യര്‍ ആണ് . ഇവരെ കടല്‍ മനുഷ്യര്‍ എന്ന് വിളിക്കുന്ന ചില രേഖകള്‍ കൂട്ടിവായിച്ചു ഇവരാകാം ഈജിപ്തിലെ ആക്രമണകാരികള്‍ എന്ന് മറ്റു ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നു . ഇവരുടെ പ്രധാന ദേവനായ Dagan ഒരു മത്സ്യദേവന്‍ കൂടിയാണ് . എന്തായാലും രേഖകളുടെ അഭാവത്തില്‍ ഇവര്‍ ആരെന്ന് ഉള്ളത് കുറെക്കാലത്തേക്ക് ഒരു രഹസ്യം തന്നെ ആയിരിക്കും .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ