ആമസോണിലെ യുദ്ധം !

ആമസോണിലെ യുദ്ധം ! 1

17,162.95 ചതുരശ്രകിലോമീറ്റർ വിസ്താരമുള്ള Manu National Park, ഒരു ജൈവമണ്ഡലവും , വേൾഡ് ഹെറിറ്റേജ് സൈറ്റും കൂടിയാണ് . ബ്രസീലിലെ ആമസോൺ വനങ്ങളുടെ തുടർച്ചയായി ആണ് പെറുവിലെ ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത് . ഇടതൂർന്ന് വളരുന്ന നിബിഢവനങ്ങളും , ചെറു പുഴകളും അരുവികളും , അനേകജാതി പക്ഷിമൃഗാദികളും ചേർന്ന് ഒന്നാംതരമൊരു ജംഗിൾ ബുക്ക് ഫീൽ തരുന്ന ഈ വനമേഖല പക്ഷെ നൂറ്റാണ്ടുകളായി ഒരു അസ്വസ്ഥമേഖലയാണ് . ഇന്നോളം മനുഷ്യൻ കടന്നുചെല്ലാത്ത , നട്ടുച്ചക്കുപോലും കൂരിരുട്ടു തോന്നിപ്പിക്കുന്ന വനപ്രദേശങ്ങൾ നിറഞ്ഞ ഈ ജൈവമണ്ഡലത്തിൽ എന്താണ് അസ്വസ്ഥത എന്ന് നാം ചിന്തിച്ചേക്കാം . അതിനു മുൻപ് ഈ അടുത്ത് നടന്ന ഒരു സംഭവത്തിലേക്ക് ഒന്ന് ശ്രദ്ധതിരിക്കാം .

Advertisements

ഹെലിക്കോപ്റ്ററിലേയ്ക്ക് അമ്പുകൾ തൊടുത്തു വിടുന്ന ആമസോൺ വർഗ്ഗങ്ങളേ യൂടൂബിൽ കണ്ടു നാം കുറെ ആസ്വദിച്ചാണ് . ബ്രസീലിലും പെറുവിലുമായി ഡസൻ കണക്കിന് മനുഷ്യവർഗ്ഗങ്ങൾ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നുണ്ട് . മറ്റു പുറം നാട്ടുകാരെ കണ്ടാൽ ആക്രമിക്കുന്ന ഇവരെ, ഒട്ടും ശല്യപ്പെടുത്താതെ അവരെ അവരുടെ പാടിന് വിടുന്ന “No- Contact ” പോളിസിയാണ് ബ്രസീലിയൻ -പെറൂവിയൻ സർക്കാരുകൾ കഴിഞ്ഞ കുറെ വർഷങ്ങളായി തുടർന്ന് പോരുന്നത് . ” First – contact ” എന്ന അപകടകരമായ സ്ഥിതിവിശേഷം ഒഴിവാക്കുവാനാണ് നോ കോണ്ടാക്ട് പോളിസി കൈക്കൊണ്ടത് എന്നതാണ് സത്യം . നൂറ്റാണ്ടുകളായി തുടരുന്ന ഒറ്റപ്പെടൽ സമ്മാനിച്ച കുറഞ്ഞ രോഗപ്രതിരോധശേഷി, ഈ മനുഷ്യവർഗ്ഗങ്ങളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കിയേക്കും . പുറംനാട്ടുകാരിൽ നിന്നും ലഭിക്കുന്ന രോഗാണുക്കൾ ഇവരെ സമൂലം തകർത്തുകളയും . ആദ്യ കോണ്ടാക്റ്റിൽ തന്നെ ഇവർക്ക് ഫ്ലൂ പോലുള്ള രോഗങ്ങൾ പിടികൂടാൻ ഏറെ സാധ്യതയുണ്ട് . ഒരു ഗോത്രത്തിലെ അമ്പതു ശതമാനം പേരെ ഇല്ലാതാക്കുവാൻ ഇത് ധാരാളം മതിയെന്നാണ് വിദഗ്ദരുടെ അഭിപ്രായം . സ്പാനിഷുകാർ കൊണ്ടുവന്ന വസൂരി, ഇൻകാ സാമ്രാജ്യം തന്നെ തകർത്തത് ചരിത്രമാണല്ലോ . എന്നാൽ ഫസ്റ്റ് കോണ്ടാക്ട് , ലാസ്റ്റ് കോണ്ടാക്റ്റ് ആയി മാറും എന്നുള്ള ബോധംകൊണ്ടൊന്നുമല്ല ഈ വർഗ്ഗങ്ങൾ നമ്മെ ആ പരിസരത്തേക്ക് പോലും അടുപ്പിക്കാത്തത് . ആ കാരണമറിയാൻ നാം വീണ്ടും മേൽപ്പറഞ്ഞ മനു ദേശീയോദ്യാനത്തിലേക്ക് തന്നെ പോകണം .

1879 മുതൽ 1912 വരെയുള്ള കാലയളവിലാണ് ആമസോൺ മേഖലയുടെ ഇന്നത്തെ അവസ്ഥക്ക് പ്രധാനകാരണമായ Amazon Rubber Boom എന്ന പ്രതിഭാസം അരങ്ങേറുന്നത് . കൊളംബസ് പോലുള്ള സഞ്ചാരികൾ റബ്ബർ എന്ന ഒഴുകുന്ന “വെളുത്ത ” സ്വർണ്ണത്തെ യൂറോപ്പിൽ പരിചയപ്പെടുത്തിയതോട് കൂടി ആമസോൺ നദീതടത്തിലേക്ക് തോട്ടം മുതലാളിമാരുടെയും കച്ചവടക്കാരുടെയും വൻ ഒഴുക്ക് തന്നെയുണ്ടായി . വൻതോതിൽ റബ്ബർ പ്ലാന്റേഷനുകൾ വെച്ച് പിടിപ്പിക്കപ്പെട്ടു. ബ്രസീലിലെയും പെറുവിലെയും പല ചെറുകിടനഗരങ്ങളും ഈ മനുഷ്യപ്രവാഹത്തിന്റെ പരിണിതഫലമെന്നോണം അക്കാലയളവിൽ കൂണ് പോലെ മുളച്ചുപൊങ്ങിതായാണ് . എന്നാൽ റബ്ബർതോട്ടങ്ങൾക്കായി ആമസോണിലെ സ്വാഭാവികവനങ്ങൾ വെട്ടിവെളുപ്പിക്കാനും , അങ്ങിനെ ഉണ്ടാക്കിയെടുത്ത തോട്ടങ്ങളിലെ പണികൾ ചെയ്യുവാനും മുതലാളിമാർക്ക് വലിയ ലേബർ ഫോഴ്സ് തന്നെ ആവശ്യമായി വന്നു . തോട്ടങ്ങളുടെ പരിരക്ഷണം , വനങ്ങളിലൂടെയും മലകളിലൂടെയുമുള്ള പുതിയ പാതകളുടെ നിർമ്മാണം , നദികളിലൂടെയുള്ള ചരക്കു നീക്കം അങ്ങിനെ ഒട്ടനവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു . എന്നാൽ വിജനവും , എത്തിപ്പെടാൻ നന്നേ പ്രയാസമേറിയതുമായ ആമസോൺ വനങ്ങളിൽ ഇതിനുവേണ്ട തൊഴിലാളി സമൂഹത്തെ കിട്ടുവാൻ നന്നേ പ്രയാസമായിരുന്നു . അപ്പോഴാണ് പ്രത്യേകിച്ചൊരു “തൊഴിലും” ഇല്ലാതെ കാടുകൾ തോറും കയറിയിറങ്ങി വേട്ടയാടിയും മീൻപിടിച്ചും കഴിഞ്ഞുകൂടുന്ന ആമസോൺ വനഗോത്രങ്ങളെ തോട്ടമുടമകൾ ഉന്നം വെച്ചത് . അതിൽപെട്ട മിക്ക ജാതികളെയും അവർ ബലം പ്രയോഗിച്ച് തോട്ടം തൊഴിലാളികളാക്കി മാറ്റി . എന്നാൽ ചെറുത്ത് നിന്ന ഗോത്രങ്ങൾക്ക് ചില്ലറ നഷ്ടമൊന്നുമല്ല സംഭവിച്ചത് . അന്ന് ആമസോൺ വനങ്ങളിലൊഴുകിയ രക്തമൊക്കെയും അടുത്ത വെള്ളപ്പൊക്കത്തിൽ തേഞ്ഞുമാഞ്ഞില്ലാതായി . ഏതുവിധേയനെയും രക്ഷപെട്ട ആമസോൺ സന്തതികൾ ആരും ചെന്നുകയറാൻ ഇടയില്ലാത്ത ഉൾവനങ്ങളിലേക്കു പിൻവലിഞ്ഞില്ലാതായി . ആമസോൺ വന്യതയുടെ ഗർഭപാത്രത്തിലേക്ക് അവർ പിൻവാങ്ങി . അങ്ങിനെ നൂറ്റാണ്ടുകൾ പുറംലോകം കാണാതെ അവർ പ്രകൃതിയിൽ അലിഞ്ഞിറങ്ങി സ്വസ്ഥമായിത്തന്നെ കഴിഞ്ഞു കൂടി . അന്ന് കിട്ടിയ ഭീതി ഇപ്പോഴും ഉള്ളിൽ ഉള്ളതുകൊണ്ടാവണം , പുറത്തുനിന്ന് ആരെക്കണ്ടാലും അവർ ശരഹാരത്താൽ സ്വീകരിക്കുന്നത് . ആയിരത്തിഎണ്ണൂറുകളുടെ അവസാനമുണ്ടായ ഈ റബർ ബൂം ബ്രസീലിലും പെറുവിലും മറ്റു തെക്കേഅമേരിക്കൻ രാജ്യങ്ങളിലുമായി പടർന്നുകിടക്കുന്ന ആമസോൺ ബെൽറ്റിൽ രണ്ടുതരം ആദിവാസി ഗോത്രങ്ങളെ സൃഷ്ടിച്ചു . തോട്ടത്തിൽ പണിയെടുത്ത് മറ്റു വർഗ്ഗങ്ങളുമായി ഇണങ്ങി നാട്ടിൽ തന്നെ താമസമാക്കിയവരാണ് ആദ്യത്തേത് . ഇതിൽ പലകൂട്ടരും അതിന് മുൻപ് ഒറ്റപ്പെട്ട് ജീവിച്ചിരുന്നവർ ആണ് . ചെറുത്തുനിന്നെങ്കിലും തോറ്റു കാട്ടിലേക്ക് പിൻവാങ്ങിയവരാണ് രണ്ടാമത്തേത് . ഇവരുടെ കൂടെ പലനൂറ്റാണ്ടുകളായി ഒറ്റപ്പെട്ട് ജീവിക്കുന്ന വർഗ്ഗങ്ങൾ വേറെയും ഉണ്ട് . പെറുവിലെ മനു ദേശീയോദ്യാനത്തിലെ ബഫർ സോണുകളിൽ കാണുന്ന പല ഗ്രാമങ്ങളും ആദ്യഗ്രൂപ്പിൽ പെടുന്ന ഗോത്രങ്ങളുടേതാണ് . ഇപ്പോഴും ഒറ്റപ്പെട്ടു ജീവിക്കുന്ന , രണ്ടാമത്തെ ഗ്രൂപ്പിൽ പെടുന്ന ഗോത്രവർഗ്ഗങ്ങൾ പെറൂവിയൻ ആമസോണിൽ തന്നെ ഏകദേശം പതിനഞ്ചോളം വരും .

രണ്ടായിരത്തിപതിനൊന്നിലാണ് മേൽവിവരിച്ച സംഭവങ്ങളുടെ ബാക്കി ഭാഗം തുടങ്ങുന്നത് . പെറുവിലെ Las Piedras നടിയുടെ തീരത്ത് ട്രെക്കിങ്ങിനായി എത്തിയ കുറച്ചു സഞ്ചാരികൾ നദിയുടെ മറുഭാഗത്ത് ഒരു കൂട്ടം ആദിവാസികളെ കണ്ടു . ഏകദേശം രണ്ട് മണിക്കൂറുകളോളം നദീതീരത്ത് ചിലവഴിച്ച ആദിവാസികൾ പൊടുന്നനെ കാട്ടിലേക്ക് അപ്രത്യക്ഷമാവുകയും ചെയ്തു . കിട്ടിയഫോട്ടോകൾ വെച്ച് അത് Mashco-Piro എന്നറിയപ്പെടുന്ന ആദിവാസികൾ ആവണം എന്ന് അനുമാനിക്കപ്പെട്ടു . പെറൂവിയൻ ആമസോണിൽ ഒറ്റപ്പെട്ട് ജീവിക്കുന്ന പതിനഞ്ചു ഗ്രൂപ്പുകളിൽ ഒന്നാണത് . വീണ്ടും രണ്ടാഴ്ചക്ക് ശേഷം ഇതേ വർഗ്ഗത്തിൽപ്പെട്ട കുറച്ചു പേർ വനാതിർത്തിയിലുള്ള ഒരു ഗ്രാമത്തിൽ പ്രത്യക്ഷപ്പെട്ടു . ആഹാരവും , ആയുധങ്ങളും ഒക്കെയാണ് അവർ ഗ്രാമവാസികളോട് ആവശ്യപ്പെട്ടത് . ഗ്രാമത്തിലെ ആളുകളുടെ ഭാഷയോട് വളരെയധികം സാമ്യമുള്ള ഭാഷയായിരുന്നു അവർ സംസാരിച്ചിരുന്നത് . അന്ന് രാത്രി ആ ഗ്രാമത്തിലെ ആടുകളും , കൃഷിയായുധങ്ങളും മറ്റും മോഷണം പോകുകയും ചെയ്തു . എന്നാൽ ഇതൊരു സാധാരണ സംഭവമാണെന്നും ഉൾവനങ്ങളിൽ വെച്ച് തങ്ങൾ ഇത്തരം ഗ്രൂപ്പുകളിൽപെട്ടവരെ കണ്ടുമുട്ടാറുണ്ടെന്നും അവർ ഇത്തരം സാധനങ്ങൾ ആവശ്യപ്പെടാറുണ്ടെന്നും ഗ്രാമവാസികൾ പറഞ്ഞു . എന്നാൽ അവർ പുറത്തിറങ്ങി വന്ന് ആവശ്യപ്പെട്ടതും മോഷ്ട്ടിച്ചതും സാധാരണമല്ലെന്നും പറഞ്ഞു . എന്നാൽ അതെ വർഷം ജൂണിൽ ഏകദേശം നൂറോളംപേരടങ്ങുന്ന ഒരു ഗ്രൂപ് വീണ്ടും നദീതീരത്ത് പ്രത്യക്ഷപ്പെട്ടു . സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിരുന്ന ആ സംഘം ആഴ്ച്ചകളോളം നദീതീരത്ത് താമസിക്കുകയും മീൻപിടിക്കുകയും ചെയ്തു . നദീതീരത്തു തന്നെ താമസിച്ചു വന്നിരുന്ന Yine ഗോത്രക്കാരോട് , പഴങ്ങളും , ആയുധങ്ങളും അവർ ആവശ്യപ്പെട്ടു . അവർ എന്തിനെയോ ഭയക്കുന്നതായി Yine ഗ്രാമമുഖ്യൻ അന്ന് തന്നെ സംശയം പ്രകടിപ്പിച്ചു .

നമ്മുക്ക് മരത്തിൽ നിന്ന് വീണ കുട്ടിഅണ്ണാനെയോ , പറക്കമുറ്റാത്ത തത്തയെയോ കിട്ടിയാൽ എന്ത് ചെയ്യും ? എടുത്തുവളർത്തി പരിപാലിക്കും ശരിയല്ലേ ? ഇതുപോലെ തന്നെയാണ് കാട്ടിൽ പലവിധകാര്യങ്ങൾക്കായി പോകുന്ന ചിലർക്ക് ചിലത് കിട്ടുന്നത് . പക്ഷെ ഇവിടെ ഇവർക്ക് ലഭിക്കുന്നത് മനുഷ്യക്കുട്ടികളെയാണ് എന്ന് മാത്രം . നമുക്കറിയാത്ത പലവിധകാരണങ്ങളാൽ കാട്ടിൽ ഒറ്റപ്പെട്ടുപോകുന്ന ഇത്തരം കുട്ടികളെ Yine വർഗ്ഗക്കാർ എടുത്ത് വളർത്താറുണ്ട് . ഇവരെല്ലാം തന്നെ മുൻപറഞ്ഞ ഒറ്റപ്പെട്ട ഗോത്രങ്ങളിൽ പെടുന്ന കുട്ടികൾ ആയിരിക്കും . ഇങ്ങനെയുള്ള കുട്ടികളിൽ നിന്നും നരവംശശാസ്ത്രജ്ഞർ Mashco-Piro വർഗ്ഗക്കാരുടെ ഭാഷ ഏറെക്കുറെ മനസ്സിലാക്കി വെച്ചിട്ടുണ്ട് . ഇവരുടെ ഭാഷയ്ക്ക് Yine ഗോത്രഭാഷയുമായി സാമ്യമുള്ളതിനാൽ ആശയവിനിമയം ഏറെക്കുറെ സാധ്യമാണ് . അതിനാൽ ജന്മനാതന്നെ Yine വംശജനായ Romel Ponciano , നദീതീരത്ത് പ്രത്യക്ഷപ്പെട്ട Mashco-Piro വർഗ്ഗക്കാരുമായി പതുക്കെ പതുക്കെ ചങ്ങാത്തം സ്ഥാപിച്ചെടുത്തു . എന്നാൽ അവരുടെ മുൻപിൽ വെച്ച് അവരെ Mashco-Piro എന്ന് വിളിക്കുന്നത് മരണതുല്യമായ പ്രവൃത്തിയാണെന്നു റൊമേൽ നമ്മെ ഓർമ്മിപ്പിക്കുന്നു . കാരണം ആ വാക്കിന്റെ അർഥം “ഊരുതെണ്ടികൾ ” എന്നാണത്രെ ! അതിനാൽ റോമേൽ അവരെ “സഹോദരർ” എന്നർത്ഥമുള്ള “Nomole” എന്നാണ് അഭിസംബോധന ചെയ്തത് . അവർ തിരിച്ച് റൊമേലിന്‌ ഇട്ട പേര് “Yotlotle” എന്നായിരുന്നു . അർഥം ” വലിയ നീർനായ “! അവർ ബഹുമാനാർത്ഥമാണ് അങ്ങിനെ വിളിക്കുന്നത് . ആരൊക്കെയോ അവരെ വനത്തിനുള്ളിൽ വെച്ച് ആക്രമിച്ചു എന്നും , അങ്ങിനെ ഓടി രക്ഷപെട്ട് നദീതീരത്ത് എത്തിയതാണെന്നും അവർ റൊമേലിനോട് പറഞ്ഞു . അതിനാൽ തങ്ങൾക്ക് ആയുധം വേണമെന്ന് അവർ ആവശ്യപ്പെട്ടു .

നദീതീരത്തുള്ള ഇവരുടെ പ്രത്യക്ഷപ്പെടൽ ഒട്ടേറെ വൈകാരിക രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു . ഗ്രാമവാസികൾ എടുത്തുവളർത്തിയ കുട്ടികൾ വളർന്ന് വലുതായിരിക്കുന്നു . തങ്ങളുടെ ബന്ധുക്കളെ കാണുവാൻ അവർ നദിയുടെ മറുതീരത്ത് എത്തിച്ചേർന്നു . ഒരുപക്ഷെ അപ്പുറത്ത് നിൽക്കുന്നത് തങ്ങളുടെ അടുത്ത സഹോരനോ സഹോദരിയോ ആവാം ! പക്ഷെ റൊമേലിനോട് മാത്രമാണ് അവർ അടുത്തതും സംസാരിച്ചതും . ദിവസങ്ങൾക്കുള്ളിൽ അവർ അപ്രത്യക്ഷമാവുകയും ചെയ്തു . ഈ നാടകതുല്യമായ സംഭവങ്ങളുടെ അടുത്തഭാഗം ബ്രസീലിയൻ അതിർത്തിക്കുള്ളിലായിരുന്നു അരങ്ങേറിയത് . രണ്ടായിരത്തിപതിനാല് ആഗസ്റ്റിൽ ബ്രസീലിലെ Envira നദിയുടെ തീരത്ത് Nomole വർഗ്ഗത്തിൽ പെട്ട ( ഇനി നമുക്കും അവരെ അങ്ങിനെ വിളിക്കാം ) കുറച്ചുപേർ Simpatia ഗ്രാമത്തിനടുത്തു പ്രത്യക്ഷപ്പെട്ടു . അമ്പും വില്ലുമേന്തിയ ഏഴോളം നഗ്നരായ ആളുകളാണ് Ashaninka ഗോത്രക്കാരുടെ അടുത്തെത്തിയത് . തങ്ങൾ ഒരു ഭീകരമായ ഏറ്റുമുട്ടൽ കഴിഞ്ഞു വരികയാണെന്നും കൂട്ടത്തിലുണ്ടായിരുന്നവർ വധിക്കപ്പെടുകയോ ചിതറിക്കപ്പെടുകയോ ചെയ്തിട്ടുണ്ടാവണമെന്നും അവർ അറിയിച്ചു . ശത്രുക്കളെ നേരിടാൻ പറ്റിയ ആയുധങ്ങൾ തങ്ങൾക്ക് വേണം എന്നായിരുന്നു അവരുടെ ആവശ്യം . ഇവരുടെ വിവരണത്തിൽ നിന്നും രണ്ടായിരത്തി പതിനൊന്നുമുതൽ ഇവർ പുറംലോകവുമായി ബന്ധപ്പെടുവാൻ ശ്രമിച്ചതിന്റെ കാരണങ്ങൾ വ്യക്തമായി തുടങ്ങി .

Advertisements

ലാറ്റിനമേരിക്കൻ മയക്കുമരുന്ന് മാഫിയ ആണ് Nomole പറയുന്ന ശത്രുക്കൾ ! ആമസോൺ വനാന്തരങ്ങൾ മുഴുവനും അരിച്ചുപെറുക്കി എണ്ണപര്യവേഷണം നടത്തുന്ന കമ്പനികൾ തങ്ങളുടെ സൗകര്യാർത്ഥം അനേകം ചെറു റോഡുകൾ ഈ ജൈവമണ്ഡലത്തിൽ പുതുതായി നിർമ്മിച്ചിട്ടുണ്ട് . ഉൾവനങ്ങളോളം ചെന്നെത്തുന്ന ഇത്തരം റോഡുകൾ പക്ഷെ ഇപ്പോൾ ഉപയോഗിക്കുന്നത് അനധികൃത മരംവെട്ടുകാരും ഡ്രഗ് കാർട്ടലും ആണ് . സ്വാഭാവികമായും വനാന്തരങ്ങളിൽ സ്വസ്ഥമായി ജീവിക്കുന്ന ഒറ്റപ്പെട്ട ഗോത്രക്കാർ റിയാക്റ്റ് ചെയ്യുകയും പ്രതികരിക്കുകയും ചെയ്യും . അമ്പും വില്ലും മാത്രം കൈമുതലായുള്ള ഇവരെ കൊന്നുകളയാൻ അത്യാധുനിക ആയുധങ്ങൾ കൈവശമുള്ള ഡ്രഗ് മാഫിയക്ക് അധികസമയമൊന്നും വേണ്ട . നൂറുകണക്കിന് വർഷങ്ങളായി ഉൾവനങ്ങളിൽ തമ്പടിച്ചിരുന്ന Nomole പോലുള്ള വർഗ്ഗങ്ങൾ പതുക്കെപ്പതുക്കെ പുറത്തേക്ക് വന്നു തുടങ്ങിയതിന്റെ കാരണവും ഇതുതന്നെയാണ് .
എന്തായാലും നാം ആദ്യം പറഞ്ഞ ” ഫസ്റ്റ് കോണ്ടാക്റ്റ് ” മൂലം ബ്രസീലിൽ പ്രത്യക്ഷപ്പെട്ട നോമോളുകൾക്കു ഫ്ലൂ ബാധിക്കുകയുണ്ടായി . ഇത്തരം വർഗ്ഗങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ബ്രസീലിയൻ ഏജൻസിയായ Funai (www.funai.gov.br) മുൻകൈ എടുത്ത് ഇവരെ ചികിൽസിക്കുകയും , ആരോഗ്യം വീണ്ടെടുത്ത ശേഷം ഇവർ തിരികെ വനത്തിലേക്ക് മടങ്ങുകയും ചെയ്തു . പക്ഷെ കാര്യങ്ങൾ അവിടം കൊണ്ട് അവസാനിച്ചില്ല . രണ്ടായിരത്തിപ്പതിനാല് ഡിസംബറിൽ പെറുവിലെ വിദൂര ഗ്രാമമായ Monte Salvado ആക്രമിച്ചുകൊണ്ടാണ് Nomole വർഗ്ഗം പകവീട്ടിയത് . അവർ നൂറിൽക്കൂടുതൽ എണ്ണം ഉണ്ടായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു . നിസാരപരുക്കുകളോടെ ആളുകൾ രക്ഷപെട്ടുവെങ്കിലും ആ ഗ്രാമം മുഴുവനും അവർ നശിപ്പിച്ചുകളഞ്ഞു . ഉൾവനങ്ങളിൽ അവർക്കെതിരെയുണ്ടായ ആക്രമണങ്ങളുടെ പ്രതികാരമാവാം ഇതെന്നാണ് നിഗമനം . അവർക്ക് മരംവെട്ടുകാരും , മാഫിയ ഗ്യാങ്ങും , പുറത്തുള്ള ഗ്രാമവാസികളുമെല്ലാം ഒരുപോലെയാണ് . അല്ലെങ്കിൽ ഇതെല്ലാം തിരിച്ചറിയുവാനുള്ള ശേഷി അവർക്കില്ല എന്നതാണ് സത്യം . മറ്റൊരാക്രമണത്തിൽ ഒരു ചെറുപ്പക്കാരൻ ഇവരുടെ അമ്പേറ്റ് കൊല്ലപ്പെട്ടതോടു കൂടി . സർക്കാർ അതീവ ജാഗ്രത പുറപ്പെടുവിച്ചു . ആക്രമണത്തിന് ഇരയായ ഗ്രാമങ്ങൾ എല്ലാം തന്നെ പൂർണ്ണമായും ഒഴിപ്പിച്ചു .
ഭൂമിയിലുള്ള സകല ആദിവാസികളെയും പോലെത്തന്നെ പരിസ്ഥിതിസ്നേഹം പറയുമ്പോൾ മാത്രം പരാമർശിക്കപ്പെടുന്ന ഒരു പേരാണ് ഇവരുടേത് . പെറുവിലെ ഒരു മുൻ മന്ത്രി ഒറ്റപ്പെട്ടു ജീവിക്കുന്ന ആദിവാസികൾ ആമസോണിൽ ഇല്ല എന്ന് വരെ വാദിച്ചിട്ടുണ്ട് . കാരണം ഉണ്ടെന്നു പറഞ്ഞാൽ ആ വനം സംരക്ഷിക്കപ്പെടേണം , പിന്നെ ഈ പറയുന്ന മയക്കുമരുന്ന് വ്യാപാരവും എണ്ണഖനനവും എങ്ങിനെ നടക്കും ? എന്തായാലും ഏറ്റവും പുതിയ വിവരമനുസരിച്ച് പെറൂവിയൻ സർക്കാർ ഒറ്റപ്പെട്ട ഗോത്രങ്ങൾ താമസിക്കുന്ന വനങ്ങളെ അഞ്ച് വ്യത്യസ്ത മേഖലകളായി തിരിച്ച് അവയ്ക്ക് ആയുധമേന്തിയ ഗാർഡുകൾ ഉൾപ്പെടെയുള്ള പരിരക്ഷ ഉറപ്പാക്കാനുള്ള ഒരു പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട് (http://www.andina.com.pe/…/noticia-ministerio-cultura-evalu…) . അത് ഫലംകാണുമെന്ന് പ്രതീക്ഷിക്കാം . മുകളിൽ കാണുന്നത് 2011 ൽ ഇവർ നദീതീരത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ എടുത്ത ചിത്രമാണ് .

വിവരങ്ങളെല്ലാം തന്നെ ഗാർഡിയൻ പത്രം പലപ്പോഴായി പ്രസിദ്ധീകരിച്ച പല ആർട്ടിക്കിളുകളിൽ നിന്നും ശേഖരിച്ച് ഒന്നാക്കിയെടുത്താണ് .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ