YouTube Content Provider
* Blogger * Translator * Traveler

ഒറ്റപ്പെട്ട കടല്‍ പാറകള്‍

by Julius Manuel
45 പേർ വായിച്ചു
🛑 You are not allowed to use this text content for YouTube Videos without permission 🛑

ഒറ്റപ്പെട്ട ദ്വീപുകളും പാറക്കൂട്ടങ്ങളും സമുദ്രത്തില്‍ ധാരാളം ഉണ്ട് . എന്നാല്‍ വിശാലമായ കടല്‍പ്പരപ്പില്‍ ഒരു കരിങ്കല്‍പാറ ഒറ്റപ്പെട്ടു തല ഉയര്‍ത്തി നിന്നാലോ ? അത് കാണുവാന്‍ അത്ഭുതവും ആകാംക്ഷയും നമ്മുക്ക് ഉണ്ടാവും . ഇതില്‍ ഒട്ടനവധി പാറകളും സീ സ്റ്റാക്കുകള്‍ (sea stack) എന്നറിയപ്പെടുന്ന പ്രകൃതി നിര്‍മ്മിതികള്‍ ആണ് . ഇത്തരം പല പാറകളും തൊട്ടടുത്തുള്ള ഏതെങ്കിലും ദ്വീപുമായോ കരയുമായോ കടലിനടിവഴി ബന്ധപ്പെട്ടിരിക്കും . ഇതിനു ചുറ്റുമുള്ള പാറകളും മറ്റും പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് തിരയുടെ ആക്രമണത്തില്‍ നശിച്ചു പോയതാണ് . എന്നാല്‍ മറ്റു ചില പാറകള്‍ കടലിനടിയിലെ കൂറ്റന്‍ പവിഴപ്പുറ്റുകളുടെ ഉയരം കൂടിയ ഭാഗമായിരിക്കും . ഇത്തരം ഒറ്റയാന്‍ പാറകള്‍ കടലില്‍ അവിടെയും ഇവിടെയുമായി ഒട്ടനവധി ഉണ്ടെങ്കിലും കൂട്ടത്തില്‍ പ്രശസ്തരായ രണ്ടു പാറകളെയാണ് നാം ഇവിടെ പരിചയപ്പെടാന്‍ പോകുന്നത് .

Ball’s pyramid

ആസ്ത്രെലിയയ്ക്കും ന്യൂസിലണ്ടിനും ഇടയില്‍ Lord Howe ദ്വീപ് സമൂഹങ്ങള്‍ക്കിടയിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സീ സ്റ്റാക്ക് ആയ ബോള്‍സ് പിരമിഡ് സ്ഥിതി ചെയ്യുന്നത് . സത്യത്തില്‍ ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൊട്ടിത്തെറിച്ചു പോയ ഒരു അഗ്നിപര്‍വ്വതത്തിന്‍റെ ബാക്കിയാണ് ഈ ഒറ്റയാന്‍ പാറ ! ഈ പാറ ആദ്യം കണ്ടുപിടിച്ചു റിപ്പോര്‍ട്ട് ചെയ്ത Henry Lidgbird Ball ന്‍റെ പേരില്‍ ആണ് ഇത് അറിയപ്പെടുന്നത് . 562 m ഉയരത്തില്‍ തെന്നുന്ന പാറകളോട് കൂടി സ്ഥിതി ചെയ്യുന്ന ഈ പാറ രാജാവിനെ കീഴടക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ 1965 ല്‍ മാത്രമാണ് ആദ്യ സംഘം ഇതിനു മുകളില്‍ കാലുകുത്തിയത് . എന്നാല്‍ ഉയരക്കാരന്‍ എന്ന ബഹുമതി മാത്രമല്ല ബോള്‍സ് പിരമിഡ് പേറുന്നത് . ഭൂമിയില്‍ മറ്റൊരിടത്തും ഇല്ലാത്ത ഒരു പ്രാണി വര്‍ഗ്ഗം ഈ ചെറു പാറക്കൂട്ടത്തില്‍ ജീവിച്ചിരിക്കുന്നുണ്ട് ! Lord Howe Island stick insect എന്നറിയപ്പെടുന്ന ഈ പ്രാണി ലോകത്ത് ആകെ ഇരുപതിനാലെണ്ണം മാത്രമേ അവശേഷിച്ചിട്ടുള്ളൂ , അതാകട്ടെ ബോള്‍സ് പിരമിടിലും Lord Howe ദ്വീപിലും മാത്രം കാണപ്പെടുന്ന Melaleuca howeana എന്നയിനം ചെടിയുടെ കീഴിലും ! എന്തായാലും ഈ ഇരുപത്തിനാലില്‍ രണ്ടു ജോഡിയെ ഗവേഷകര്‍ ആസ്ത്രേലിയന്‍ മെയിന്‍ലാണ്ടിലേക്ക് (Melbourne Zoo) കൊണ്ടുവന്ന് വളര്‍ത്തുന്നുണ്ട് . അവിടെ വിജയകരമായി പെറ്റുപെരുകിയാല്‍ ഈ ജീവി അന്യംനിന്നു പോകില്ല എന്ന് നമ്മുക്ക് ആശ്വസിക്കാം !

Rockall

അയര്‍ലണ്ടിനും ഐസ്ലണ്ടിനും ഇടയിലാണ് പതിനേഴ്‌ മീറ്റര്‍ ഉയരമുള്ള റോക്കോള്‍ സ്ഥിതി ചെയ്യുന്നത് . കടലിനടിവഴി ഹെലന്‍ പവിഴപ്പുറ്റുമായി ആണ് ഇത് ബന്ധപ്പെട്ടിരിക്കുന്നത് . മറ്റു ഒറ്റയാന്‍ പാറകളില്‍ നിന്നും വ്യത്യസ്തമായി റോക്കോളിനു ഉള്ള പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ഈ പാറയുടെ മുകളിലെ ഒരു സ്ഥലത്തിന് വേറെ പേര് കൊടുത്തിട്ടുണ്ട്‌ എന്നതാണ് ! Hall’s Ledge എന്ന ഈ സ്ഥലം പാറയുടെ മുകളില്‍ നിന്നും ഏകദേശം നാല് മീറ്റര്‍ താഴെയാണ് ! 1975 ല്‍ ശാസ്ത്രലോകത്തിനു അതുവരെ പരിചയമില്ലായിരുന്ന ഒരു പുതിയ ധാധു ഇവിടെ നിന്നും കണ്ടെത്തി . bazirite (BaZrSi3O9) എന്നാണ് ഇതിന്‍റെ പേര് . ഈ പാറയാണ്‌ താഴെ ചിത്രത്തില്‍ കാണുന്നത് .
ഇത്തരം ഒറ്റപ്പെട്ട പാറകള്‍ക്ക് ഇതുപോലെ രസകരമായ ശാസ്ത്രവും ചരിത്രവും ഉണ്ട് . sea stack എന്ന് സെര്‍ച്ച്‌ ചെയ്‌താല്‍ ബാക്കിയുള്ളവ കൂടി നിങ്ങളുടെ മുന്‍പില്‍ എത്തും !

🛑 You are not allowed to use this text content for YouTube Videos without permission 🛑

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.

MORE POSTS

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More