കണ്ടെത്തൂ നമ്മുടെ കാണ്ടാമരത്തെ !

കണ്ടെത്തൂ നമ്മുടെ കാണ്ടാമരത്തെ ! 1

ഏകദേശം മുപ്പത് വർഷങ്ങൾക്ക് മുൻപ് കോട്ടയം ജില്ലയിലെ കുടമാളൂർ യു പി സ്‌കൂളിൽ നീല നിക്കറും വെളുത്ത (രാവിലെ മാത്രം ) ഷർട്ടുമിട്ട് ചോറ്റുപാത്രവും ചുമന്ന് പഠിക്കാൻ പോകുന്ന കാലം . ഇന്ന്, വിശുദ്ധയായ അൽഫോൻസാമ്മയുടെ വീടിന് മുൻപിലൂടെയുള്ള മണ്ണുപാതയിലൂടെയാണ് അന്ന് പോക്കുവരവ് . ആ വീടിനടുത്തുള്ള മീനച്ചിലാർ മറികടക്കുവാൻ ഒരു നീളൻ തടിപ്പാലമായിരുന്നു അന്നുണ്ടായിരുന്നത് . ഒരു നാൾ അതുവഴി വന്നപ്പോളതാ പാലം പൊളിക്കുന്നു ! പുതിയ സിമന്റ് പാലം നിർമ്മിക്കുവാനാണ് പഴയ തടിപ്പാലം പൊളിക്കുന്നത് . തൊട്ടു താഴെമാറി മണ്ണും ചെളിയും കൊണ്ടൊരു ഡാo പണിതീർത്തിട്ടുണ്ട് . അതിനുമുകളിലൂടെയാണ് താൽക്കാലിക വഴി . വെള്ളം വറ്റിക്കുവാനുള്ള പണികളെല്ലാം ആളുകൾ ചെയ്യുന്നുണ്ട് . കൂട്ടുകാരൻ അനിൽ പറഞ്ഞു , നാളെ നമ്മുക്ക് ആറിന്റെ അടി കാണാം ! പറഞ്ഞതുപോലെ പിറ്റേദിവസം ആറിന്റെ അടികാണുവാനുള്ള ആകാംക്ഷയിൽ വന്നപ്പോഴതാ നല്ല ആൾക്കൂട്ടം ! എന്നത്തേയും പോലെ മുതിർന്നവരുടെ കാലിനിടയിലൂടെ ഞുളച്ചു കയറി നോക്കുമ്പോഴതാ ആറൊക്കെ വറ്റിവരണ്ടു കിടക്കുന്നു . പക്ഷെ ജലമെല്ലാം വറ്റിയപ്പോൾ പുതിയൊരു സാധനം തെളിഞ്ഞു വന്നിട്ടുണ്ട് . ഒരു ഭീമാകാരനായ മരത്തടി . എന്നുവെച്ചാൽ ഇത്രയും ആളുകൂടാനുള്ള വലിപ്പം അതിനുണ്ടായിരുന്നു എന്നോർമ്മവേണം . ആദിയും അന്തവും ഇല്ലാത്ത, നീളവും വീതിയും തിട്ടപ്പെടുത്തുവാൻ പറ്റാത്ത ഒരു ഭീമൻ മരം ! ആ വന്മരത്തിന്റെ ഏതോ ഒരു ഭാഗം മാത്രമാണ് മുകളിൽ തെളിഞ്ഞു കാണുന്നത് . തൊട്ടടുത്തുനിന്ന ഒരു ചേട്ടൻ പറഞ്ഞു ഇതാണ് പിള്ളേരേ കാണ്ടാമരം ! ഒന്നും പിടികിട്ടിയില്ല . വീട്ടിൽ ചെന്ന് പപ്പയോടു ചോദിച്ചു. പപ്പ പറഞ്ഞതിതാണ് . “കാണ്ടാമരമെന്നാൽ പണ്ടെന്നോ ഉണ്ടായിരുന്ന കൂറ്റൻ മരമോ അതിന്റെ ഭാഗമോ ആണ് . ഏതോ വലിയ പ്രളയത്തിലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കൊണ്ടോ അത് കടപുഴകി വീണതാണ് . നമ്മുടെ പറമ്പിലും എന്റെ ചെറുപ്പത്തിൽ കുഴിയെടുത്തപ്പോൾ ഞാനിതുപോലുള്ളത് കണ്ടിട്ടുണ്ട് . ” കഥ അവിടം കൊണ്ടവസാനിച്ചു . ഇന്നും വിശുദ്ധ അൽഫോൻസാമ്മയുടെ വീട് കാണുവാൻ കുടമാളൂരിലെത്തുവർക്കറിയില്ല ഈ ഭീമൻ കാണ്ടാമരത്തിന് മുകളിലൂടെയാണ് തങ്ങൾ പോകുന്നത് എന്ന് ! ഇതേപോലുള്ള അനുഭവങ്ങൾ നമ്മളിൽ പലർക്കും പലപ്പോഴായി ഉണ്ടായിട്ടുണ്ടാവാം . പക്ഷെ നാമൊരിക്കലും ചിന്തിച്ചിട്ടില്ല , കാണ്ടാമരമെന്നാൽ നമ്മുടെ ചരിത്രമാണെന്ന് !

Advertisements

കാണ്ടാമരം , അല്ലെങ്കിൽ മരപ്പൂതൽ എന്നൊക്കെവിളിക്കുന്ന ഇത്തരം തടികൾ കേരളത്തിലങ്ങോളമിങ്ങോളം മണ്ണിനടിയിൽ ചിതറിക്കിടപ്പുണ്ട് . കിണറുകളോ വൻകുഴികളോ എടുക്കുമ്പോൾ ഇത്തരം മരഭാഗങ്ങൾ പലർക്കും കിട്ടിയിട്ടുണ്ട് . സെമികാർബണൈസ്ഡ് ആയ ചില തടിക്കഷ്ണങ്ങൾ കത്തിക്കാനും , പുകയുണ്ടാക്കി കൊതുകിനെ തുരത്താനും നമ്മുടെ പൂർവ്വികർ ഉപയോഗിച്ചിരുന്നു . പക്ഷെ ഇതെന്താണെന്നോ ഇതെങ്ങിനെ മണ്ണിനടിയിൽ എത്തിയെന്നോ നമ്മിൽ പലരും ഒരിക്കൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല . ലഭ്യമായ തെളിവുകളനുസരിച്ച് പതിനയ്യായിരം വർഷങ്ങൾക്ക് മുൻപ് നമ്മുടെ ഇടനാടും തീരപ്രദേശങ്ങളുമൊക്കെ കൊടും വനങ്ങളായിരുന്നു . നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ആ ചരിത്രാതീതകാലത്തെ നിബിഡവനത്തിൽ നമ്മുക്കിന്നും അറിഞ്ഞുകൂടാത്തയിനം പടുകൂറ്റൻ വൃക്ഷങ്ങളും സസ്യങ്ങളും നിലനിന്നിരുന്നു . അക്കാലത്തിന് ശേഷമുണ്ടായ ഏതോ മഹാപ്രളയത്തിൽ ഈ വനത്തിന്റെ മുപ്പതു ശതമാനത്തിൽ കൂടുതൽ ജലത്തിനടിയിലായിപ്പോകുകയും പുതിയൊരു പരിസ്ഥിതി ഉടലെടുക്കുകയും ചെയ്തു . അന്നും അതിന് മുൻപും മൺമറഞ്ഞുപോയ മരമുത്തച്ഛൻമ്മാരാണ് ഇന്ന് കാണ്ടാമരമായും മരപ്പൂതലായും പല സ്ഥലങ്ങളിലും ഉയർത്തെഴുന്നേൽക്കുന്നത് !
ഭൂമിയിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നിന്നും കിട്ടിയ ചരിത്രശേഷിപ്പുകളുടെ എണ്ണം വളരെക്കുറവാണ് . സ്റ്റാമ്പും , നാണയശേഖരവുമല്ലാതെ മറ്റൊരു ഹോബി ഒരു കാലം വരെ നമ്മുക്കില്ലായിരുന്നു എന്നത് ഒരു കാരണമാണ് . പിന്നെ വർഷാവർഷം നാടുമുഴുവൻ കഴുകിവൃത്തിയാക്കി കടന്നു പോകുന്ന വെള്ളപ്പൊക്കം ഫോസിലുകളുടെ ലഭ്യത കുറച്ചു എന്നതും ഒരു സത്യം തന്നെ . വിശ്വേട്ടൻ പറഞ്ഞതുപോലെ ” 500 വർഷത്തിനു മുമ്പുള്ള നമ്മുടെ നാടിന്റെ ചരിത്രത്തെക്കുറിച്ചറിയാൻ ശാസ്ത്രീയമായ ചരിത്രസാമഗ്രികൾ നിലവിൽ അപൂർവ്വമാണു്. നമ്മുടെ നാടിന്റേയും നാട്ടുകാരുടേയും പൂർവ്വകാലചരിത്രം എങ്ങനെയായിരുന്നു എന്നറിയാൻ ശേഷിക്കുന്ന ഒരേ ഒരു വഴി നമ്മുടെ കാൽക്കീഴിലുള്ള മണ്ണു മുഴുവൻ കുഴിച്ചെടുത്തു പരിശോധിക്കുക എന്നതാണു്. എന്നാൽ, ഇതൊട്ടും പ്രായോഗികമല്ല എന്നു് നമുക്കെല്ലാം അറിയാം. ” എന്നാൽ അതിനൊരു സന്ദർഭം ഇപ്പോൾ വന്നുചേർന്നിരിക്കുകയാണ് . നമ്മുടെ നാടിന്റെ ചരിത്രം ചികഞ്ഞെടുക്കുവാൻ നമ്മുക്കൊരുത്തർക്കും കിട്ടുന്ന സുവർണ്ണാവസരം !
ഈ അവസരത്തെ കുറിച്ച് നമ്മുക്ക് അറിവ് തന്നത് Kiran Kannan ആണ് .

ശ്രീ Viswa Prabha യുടെയും Kiran Kannan ന്റെയും പോസ്റ്റിൽ നിന്ന് :

” പ്രകൃതിവാതകം വിതരണം ചെയ്യാൻ ഗ്യാസ് അതോറിട്ടി ഓഫ് ഇന്ത്യാ ലിമിറ്റെഡ് (GAIL) ഇപ്പോൾ കൊച്ചിയിൽ നിന്നും വിവിധ മേഖലകളിലൂടെ മൂന്നര മീറ്ററോളം ആഴത്തിൽ ചാലുകളെടുത്തുകൊണ്ടിരിക്കയാണു്. ജലസേചനപദ്ധതികളുടെ കനാലുകൾക്കൊഴികെ മുമ്പൊരിക്കലും ഇത്ര വമ്പിച്ച അളവിലും നീളത്തിലും ഒരു മണ്ണെടുപ്പു് കേരളത്തിൽ നടന്നിട്ടില്ല. കേരളത്തിലെ പ്രാചീന കാലാവസ്ഥാവ്യത്യാനങ്ങളെക്കുറിച്ചും തൃശൂർ മുതൽ ആലപ്പുഴ വരെ വ്യാപകമായി കാണപ്പെടുന്ന അർദ്ധഫോസിൽ മരത്തടികളെ കുറിച്ചും പഠിക്കാനുദ്ദേശിക്കുന്നവർക്ക് ഗെയ്ൽ പൈപ്പ്ലൈൻ ചാലെടുക്കുന്നതിന് ഒപ്പം നടന്നാൽ വളരെ എളുപ്പമായിരിക്കും . ഉപരിതലത്തിൽ നിന്നും ഒന്നര മുതൽ മൂന്ന് മീറ്റർ ആഴത്തിലാണ് കുഴിയെടുപ്പ് നടക്കുന്നത് . കാലാവസ്ഥാവ്യത്യാനങ്ങളുടെ കയ്യൊപ്പുകൾ ഈ പ്രദേശത്തെ മണ്ണിനടിയിൽ പല പല അടുക്കുകളിലായി കക്കകളും ശംഖുകളും അനേകം സബ് ഫോസിലൈസ്ഡ് മരത്തടികളായും കാണാവുന്നതാണ് . തൃശൂർ ജില്ലയിലെ പുഞ്ച നിലങ്ങളിലൊക്കെ കാര്ബണേറ്റഡ് മരത്തടികളുടെ വലിയ ശേഖരമുണ്ട് . വലിയ വേരുകൾ , തടികൾ , പലപ്പോഴും ആകൃതിനഷ്ടപ്പെടാത്ത ഇലകൾ പോലും ലഭ്യമാണ് . സ്വതന്ത്രമായി ഇങ്ങനെ ഒരു പഠനം നടക്കണമെങ്കിൽ ഫോസിൽ ഖനനത്തിനും അനുമതികൾക്കുമൊക്കെയായി ധാരാളം സമയവും പണവും ആവശ്യമായി വരും . മൂന്നരമീറ്ററുകൾക്കുള്ളിൽ പ്രാചീനജൈവഫോസിലുകളൊന്നും ലഭിച്ചെന്നു വരില്ല. പക്ഷേ, നമുക്കൊന്നും ചരിത്രബോധത്തോടെ പരിശോധിച്ചുനോക്കാൻ ഇടവരുത്താതെ മണ്ണിനടിയിൽ പോയ്‌മറഞ്ഞ പല ലൊട്ടുലൊടുക്കുവസ്തുക്കളും നാം ചവിട്ടിനടന്നുപോകുന്ന ഇതേ മണ്ണിനടിയിലുണ്ടാവാം. ഒരു പക്ഷേ ഇതിനുമുമ്പ് ഒരു മനുഷ്യനും ഒരിക്കലും കണ്ണിൽ പെടാൻ ഇടയില്ലാതിരുന്ന വസ്തുക്കളാവാം അവിടെയുണ്ടാകാവുന്നതു്. നൂറുകൺക്കിനു കിലോമീറ്ററുകൾ കുഴിക്കുമ്പോൾ ഒന്നോ രണ്ടോ ഇടത്തുമാത്രമാകാം അത്തരമൊരു ചരിത്രപ്രധാനമായ ‘തൊണ്ടി‘ കണ്ടെടുക്കപ്പെടുന്നതു്. എങ്കിലും, അവയിൽ ചിലതിന്റെ ഒരു ചെറുസൂചനപോലും പിന്നീടേക്കു് ലോകചരിത്രത്തിൽ തന്നെ സാംഗത്യമുള്ള വലിയൊരു പര്യവേക്ഷണത്തിലേക്കുള്ള താക്കോൽപ്പഴുതാവാം.

കുഴിക്കുന്നിടത്തെല്ലാം ഉറപ്പായും കണ്ടെത്താവുന്ന ഖനികളല്ല ചരിത്രത്തിന്റെ പ്രാക്തനസൂക്ഷിപ്പുകൾ. പക്ഷേ, വയ്ക്കോൽത്തുറുവിലെ സൂചി പോലെ തപ്പിപ്പോയാൽ, ഒരിടത്തെങ്കിലും നമ്മെയൊക്കെ അത്ഭുതപ്പെടുത്താവുന്ന വമ്പൻ നിധികൾ കാത്തിരിക്കുന്നുണ്ടാവാം. 1500 കൊല്ലം മുമ്പു് പൂർണ്ണമായും നഷ്ടപ്പെട്ടുവെന്നു കരുതിയിരുന്ന ഭാസന്റെ നാടകങ്ങൾ 100 കൊല്ലം മുമ്പു് തിരുവിതാംകൂറിൽ നിന്നു കണ്ടെടുത്തതും 1986-ൽ ട്യൂബിങ്ങൻ സർവ്വകലാശാലയിൽ ഹ്രസ്വസന്ദർശനത്തിനു പോയ ഒരു മലയാളം അദ്ധ്യാപകൻ (Scaria Zacharia) അവിടെ അനാഥമായിക്കിടന്നിരുന്ന ഒരു ചാക്കിൻകെട്ടിൽനിന്നും മുമ്പ് ആർക്കും ധാരണയില്ലാതിരുന്ന ഒട്ടനവധി ഗുണ്ടർട്ട് കൃതികൾ കണ്ടെടുത്തതുമെല്ലാം തികച്ചും യാദൃച്ഛികമായിട്ടായിരുന്നു. നരവംശശാസ്ത്രത്തിൽ ഇന്നു് ലോകപ്രസിദ്ധമായ പല ഫോസിലുകളും ഇതുപോലെ ആകസ്മികമായ കണ്ടെത്തലുകളായിരുന്നു. അത്തരം അമൂല്യസാമഗ്രികളുടെ ആദ്യത്തെ തുമ്പു കണ്ടുപിടിച്ച സാധാരണ മനുഷ്യർ വരെ ഇന്നു് ആ ഫോസിലുകൾക്കൊപ്പം പ്രസിദ്ധരാണു്. കേരളത്തിൽ നെടുനീളം വ്യാപിപ്പിക്കാവുന്ന ഒരു നിധി തേടൽ യജ്ഞം നമുക്കും തുടങ്ങാം?

കോളേജുകളിലെ ഭാഷാ/ചരിത്ര/ശാസ്ത്രഗവേഷണവകുപ്പുകൾ മുതൽ വിക്കിപീഡിയ ഉപയോക്താക്കളും ഓപ്പൺ സ്റ്റ്രീറ്റ് മാപ്പ് എഡിറ്റർമാരും മീഡിയാപ്രവർത്തകരും ശാസ്ത്രസാഹിത്യപരിഷത്തും ഗ്രാമീണ വായനശാലാസമിതികളും സ്കൂൾവിദ്യാർത്ഥികളും അടക്കം പ്രാദേശികചരിത്രത്തിൽ ആകൃഷ്ടരായ തദ്ദേശീയരായ സാധാരണക്കാർ വരെയുള്ളവർക്കും പങ്കെടുക്കാവുന്ന ഒരപൂർവ്വ പഠനാവസരത്തെപ്പറ്റിയാണു് Kiran Kannan നിർദ്ദേശിക്കുന്നതു്.

Advertisements

ഈ അവസരം പിന്നെ അടുത്തകാലത്തെന്നെങ്കിലും ലഭിച്ചെന്നു വരില്ല.

*നമ്മുക്കെന്ത് ചെയ്യാനാവും ?

1 . ഈ വിഷയത്തിൽ താല്പര്യമുള്ള , സന്നദ്ധരായ ആളുകളെ, പ്രത്യേകിച്ച് കോളേജ് , സ്‌കൂൾ അധ്യാപകർ , ചരിത്ര -പുരാവസ്തു ഗവേഷകർ , ജിയോളജി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ എന്നിവരെ ഈ വിവരം അറിയിക്കുക ( പോസ്റ്റ് ഷെയർ ചെയ്തോ , കമന്റിൽ മെൻഷൻ ചെയ്തോ ഇത് എളുപ്പം ചെയ്യാം )

2 . സ്‌കൂളുകൾക്കും കോളേജുകൾക്കും ഇതൊരു പ്രൊജക്റ്റായി എടുക്കാവുന്നതാണ് . അതിനായി സ്കോളർ ഗൂഗിൾ പരിശോധിച്ചാൽ ഈ വിഷയങ്ങളിൽ ഇതിനു മുൻപ് നടന്ന ചില പഠനങ്ങളുടെ പിയർ റിവ്യൂ കഴിഞ്ഞ റിസർച്ച് പേപ്പറുകൾ ലഭ്യമാണ് . പ്രാദേശികമായി സ്‌കൂളുകൾക്കും കോളേജുകൾക്കും എളുപ്പത്തിൽ ഫോസിൽ ശേഖരണത്തിന് ഗെയിൽ വാതക പൈപ്പ് ലൈനിന് ചാല് കീറുന്നിടത്ത് പോയാൽ മതിയാകും .

3 . നിങ്ങൾക്ക് തന്നെ ഇതിൽ പങ്കുചേരണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അതിന് മാർഗ്ഗനിർദ്ദേശം തരാൻ കെൽപ്പുള്ളവരെ ഈ പോസ്റ്റിലേക്ക് ടാഗ് ചെയ്യുന്നുണ്ട് അവർ സഹായിക്കും .

ശ്രീ Kiran Kannan ഇട്ട പോസ്റ്റിലെ വിവരങ്ങൾ കഴിവതും ഉൾക്കൊള്ളിച്ചാണ് ഈ പോസ്റ്റ് തയ്യാറാക്കിയത് . ഇതിലെ ഓരോവാക്കിന്റെയും ക്രെഡിറ്റ് പൂർണ്ണമായും കിരണിനും , ശ്രീ വിശ്വപ്രഭ സാറിനും അവകാശപ്പെട്ടതാണ് . (കിരണിന്റെ ഒറിജിനൽ പോസ്റ്റിലേക്കുള്ള ലിങ്ക് >> https://m.facebook.com/story.php?story_fbid=1587844244581446&id=100000676579254)

കേരളചരിത്രം മാറ്റിമറിക്കാൻ കെൽപ്പുള്ള ഒരു മഹാസംഭവമായി ഇതിനെ മാറ്റണമെങ്കിൽ നിങ്ങളുടെ ഓരോരുത്തരുടെയും സഹകരണം കൂടിയേ തീരൂ . അതുകൊണ്ടു ദയവായി മാക്സിമം ഷെയർ ചെയ്യുക .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ