ബൈക്കൽ – ശുദ്ധജല സമുദ്രം !

ബൈക്കൽ  - ശുദ്ധജല സമുദ്രം ! 1

ചരിത്രാതീതകാലത്ത് ദക്ഷിണസൈബീരിയ നിറയെ ഇടതൂർന്ന വനങ്ങളായിരുന്നു . പട്ടാപ്പകൽ പോലും സൂര്യപ്രകാശം കടന്ന് ചെല്ലാൻ മടിക്കുന്ന നിബിഡവനങ്ങളിൽ മനുഷ്യരും മൃഗങ്ങളും പരസ്പ്പരം പോരടിച്ചു ജീവിച്ചിരുന്നു . പക്ഷെ, ഈ ആദിമമനുഷ്യരെയും മൃഗങ്ങളെയും കനത്ത ഭീതിയിലാഴ്ത്തുന്ന മറ്റൊരു ജീവി കൂടി ഈ വനങ്ങളിൽ വിഹരിച്ചിരുന്നു ! ഒരു പടുകൂറ്റൻ പക്ഷിയായിരുന്നു അത് ! അവന്റെ ചിറകടിയേറ്റാൽ പാറകൾ പൊട്ടിച്ചിതറും ….. അതിന്റെ ചൂടേറ്റാൽ മരങ്ങൾ കത്തിച്ചാമ്പലാകും …. അവന്റെ നോട്ടം മനുഷ്യരെ മൃതപ്രായരാക്കും ….. പലരും ആ പക്ഷിയെ വധിക്കുവാൻ ശ്രമിച്ചെങ്കിലും അവരെല്ലാം കൊല്ലപ്പെട്ടു . അങ്ങിനെ ഇരിക്കെ ഒരു വീരൻ ജനിച്ചു . ചെറുപ്പകാലത്തെ അവന്റെ ധീരപ്രവൃത്തികൾ കണ്ടവർ , അവൻ വളരുമ്പോൾ തങ്ങളെ ഭീതിയിലാഴ്ത്തുന്ന ഭീമൻ പക്ഷിയെ കൊല്ലും എന്ന് കരുതി . വിചാരിച്ചതുപോലെ ഒരുനാൾ അവൻ ആ പക്ഷിയുമായി ഏറ്റുമുട്ടി . ഒരു ഭീകര യുദ്ധം തന്നെയായിരുന്നു അത് . മലകൾ പൊട്ടിപ്പിളർന്നു … പാറകൾ ചിതറി ….. വനത്തിൽ തീ കത്തിപ്പടർന്നു . ചൂട് സഹിക്കാനാവാതെ ജനങ്ങൾ ദൂരേയ്ക്ക് പലായനം ചെയ്തു . അകലെനിന്ന് അവർ തങ്ങളുടെ വീരനും, പക്ഷിയുമായുള്ള യുദ്ധം കണ്ടുകൊണ്ടിരുന്നു . അവസാനം അവൻ പക്ഷിയെ വധിച്ചു ! ഒരു ഭീമൻ ഉൽക്ക കണക്കെ അവൻ വനത്തിനുള്ളിലേക്ക് പതിച്ചു . അതോടെ കാട് കത്തിയമരാൻ തുടങ്ങി . തീജ്വാലകൾ മാനം മുട്ടെ ഉയർന്നു . ജനങ്ങൾ ആകാശത്തിലേക്ക് നോക്കി നിലവിളിച്ചു … ബൈക്കൽ …. ബൈക്കൽ …!!!!! അതോടു കൂടി കനത്ത മഴ തുടങ്ങി . തീ കെട്ടടങ്ങി . കത്തിനശിച്ച വനത്തിൽ ജലം നിറഞ്ഞുകവിഞ്ഞു . അങ്ങിനെ അതൊരു കൂറ്റൻ തടാകമായി മാറി . ഓടിപ്പോയവർ തിരികെ വന്ന് തടാകതീരത്ത് താമസമുറപ്പിച്ചു . എന്താണ് ബൈക്കൽ എന്നത് എന്ന് ഇന്നും ആർക്കും അറിയില്ല . പക്ഷെ അന്നുമുതൽ ഇന്നോളം ആ സ്ഥലത്തിന്റെയും തടാകത്തിന്റെയും പേര് ബൈക്കൽ എന്നാണു . പതുക്കെ തടാകം എന്നാൽ ബൈക്കൽ എന്നായി മാറി !!!!

Advertisements

ഭൂമിയിലെ ഏറ്റവും പഴക്കമേറിയതും , ആഴമേറിയതുമായ (1,642 m) ബൈക്കൽ (by-kahl) എന്ന ശുദ്ധജല തടാകത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള മംഗോളിയൻ ഐതിഹ്യമാണ് ഇത് (www.bww.irk.ru/) . ഭൗമോപരിതലത്തിലെ മുഴുവൻ ശുദ്ധജലത്തിന്റെയും ഇരുപതു ശതമാനത്തോളം പേറുന്ന ബൈക്കൽ തടാകം റഷ്യയുടെ മംഗോളിയൻ അതിർത്തിക്കടുത്താണ് സ്ഥിതി ചെയ്യുന്നത് . ജിയോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ കഴിഞ്ഞ ഇരുപത്തിയഞ്ച് മില്യൺ വർഷങ്ങളായി ഈ തടാകം ചെറിയ വ്യത്യാസങ്ങളോടു കൂടി ഇവിടെ തന്നെ നിലനിൽക്കുന്നു എന്നാണ് . അതായത് തടാകങ്ങളുടെ കാരണവർ ആണ് ബൈക്കൽ . Pliocene യുഗത്തിന്റെ അവസാനമാവണം പലതായി കിടന്ന ചെറു തടാകങ്ങൾ ഒരുമിച്ച് ചേർന്ന് ഭീമൻ ബൈക്കൽ രൂപമെടുത്തത് . ഇതൊരു rift lake ആണ് . അതായത് ഭൂമിയിലെ ഒരു വിള്ളലിൽ ജലം കെട്ടിക്കിടന്നാണ്‌ ബൈക്കൽ ഇന്നത്തെ രീതിയിൽ ഒരു തടാകമായി പരിണമിച്ചത് . ഈ വിള്ളലിന് കാരണമായ ഭൂഗർഭചലനങ്ങൾ ഇക്കാലത്തും തുടർന്ന് പോരുന്നതിനാൽ തടാകവും പരിസരവും ഇന്നും ചെറു ഭൂകമ്പങ്ങൾക്ക് വേദിയാവാറുണ്ട് ( രണ്ടായിരം ചെറു ചലനങ്ങൾ പ്രതിവർഷം ). സമുദ്ര നിരപ്പിൽ നിന്നും തടാകത്തിന്റെ അടിത്തട്ടിലേക്ക് 1,186.5m ദൂരമാണ് ഉള്ളതെങ്കിലും ഭൂഗർഭചലനങ്ങൾ കൊണ്ട് രൂപമെടുത്ത എക്കൽ (sediment) പിന്നെയും പത്തു കിലോമീറ്ററോളം ആഴത്തിൽ ഉള്ളതായി പരീക്ഷണങ്ങൾ തെളിയിക്കുന്നു . അതായത് തടാകത്തിന്റെ ആഴത്തിനെക്കാൾ പതിനൊന്ന് കിലോമീറ്റർ താഴെയാണ് വിള്ളലിന്റെ അടിത്തട്ട് ! ഈ വിള്ളലാവട്ടെ പ്രതിവർഷം രണ്ടു സെന്റീമീറ്റർ എന്ന കണക്കിൽ വിടരുന്നുമുണ്ട് . അതിനാൽ തന്നെ ഇതൊരു കടലിന്റെ ഉത്ഭവമായി കരുതുന്നവരും കുറവല്ല . ബൈക്കൽ തടാകത്തിന്റെ സെഡിമെൻറ്റുകളിൽ ഗ്യാസ് ഹൈഡ്രേറ്റുകൾ (gas hydrates) ഉള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട് . ഉറഞ്ഞ ജലതൻമാത്രകൾക്കിടയിൽ മറ്റു വാതകങ്ങൾ കുടുങ്ങി കിടക്കുന്ന അവസ്ഥയാണിത് . കണ്ടാൽ ഐസ് പോലിരിക്കും . മീഥെയിനും , ഹൈഡ്രജൻ സൾഫൈഡും , കാർബൺ ഡൈ ഓക്സൈഡും ആണ് ഇങ്ങിനെ സാധാരണ ട്രാപ്പായി കിടക്കാറ് . ഇത്തരം ട്രാപ്പുകൾ പൊട്ടിച്ച് ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് കലർന്നാൽ വൻ കാലാവസ്ഥ വ്യതിയാനങ്ങൾ ഉണ്ടായേക്കാം എന്ന് കരുതപ്പെടുമ്പോൾ തന്നെ , കാർബൺ ഡൈ ഓക്സൈഡ് പോലുള്ള വാതകങ്ങളെ ഇതുപോലുള്ള ഹൈഡ്രേറ്റ് കുരുക്കിൽ പെടുത്തി കടലിന്റെയോ തടാകങ്ങളുടെയോ അടിത്തട്ടിൽ നിക്ഷേപിക്കാം എന്നും ചിന്തിക്കുന്ന ഗവേഷകർ ഉണ്ട് . ഇതിനും പുറമെ ഇത്രയും ആഴമുണ്ടായിട്ടും ഒരു well-oxygenated ജല വിതരണമാണ് ബൈക്കൽ തടാകത്തിലാകമാനം കാണപ്പെടുന്നത് (https://academic.oup.com/…/Climate-Change-and-the-World-s-S…)

ക്രിസ്തുവിനും ആറു നൂറ്റാണ്ടുകൾക്ക് മുന്നേ ഈ തടാകതീരങ്ങളിൽ മനുഷ്യവാസം ആരംഭിച്ചിരുന്നു . ചൈനീസ്- മംഗോളിയൻ സാമ്രാജ്യങ്ങൾ തമ്മിലുണ്ടായ Han–Xiongnu യുദ്ധം (133 B.C. to A.D. 89) ഈ തടാകതീരങ്ങളിലായിരുന്നു അരങ്ങേറിയത് . എന്തിന് ! ക്രിസ്തുപോലും ഇവിടം സന്ദർശിച്ചിരുന്നതായി (T. W. Atkinson 1861) ആണ് ചില ഗോത്രങ്ങളുടെ വിശ്വാസം ! (http://www.livescience.com/57653-lake-baikal-facts.html). ഇവിടം സന്ദർശിച്ച ആദ്യ യൂറോപ്യൻ Kurbat Ivanov എന്ന റഷ്യക്കാരനാണ് (1643).

തെക്കു കിഴക്ക് ഭാഗത്തു നിന്നും തടാകം സന്ദർശിക്കുന്ന Selenga നദിയാണ് ഇവിടെ കാണുന്ന ജലത്തിന്റെ പകുതിയും സംഭാവന ചെയ്യുന്നത് . ബാക്കി പകുതി ബൈക്കലിൽ വന്നു ചേരുന്ന മുന്നൂറ്റി മുപ്പതോളം ചെറു പുഴകളുടെ വകയാണ് . ഇതെല്ലാം ഇവിടെ തന്നെ അടിഞ്ഞു കൂടിയിരുന്നെങ്കിൽ ബൈക്കൽ ഭൂമിയിലെ ഏറ്റവും വലിയ ഉപ്പ് തടാകമായി മാറിയിരുന്നേനെ ! പക്ഷെ ഇവിടുത്തെ സകല ലവണങ്ങളെയും വഹിച്ചുകൊണ്ട് പുറത്തേക്ക് ഒഴുകുന്ന Angara നദി ബൈക്കലിനെ ഒരു ശുദ്ധജല തടാകമായി നിലനിർത്തുന്നു . നല്ല തെളിമയാണ് തടാക ജലത്തിന് . പറ്റിയ കാലാവസ്ഥയിൽ 130 അടി ആഴം വരെ കാണാം എന്നാണ് CNN Traveler (www.cntraveler.com/…/lake-baikal-russia-maphead-ken-jennings) പറയുന്നത് . പടുകൂറ്റൻ തടാകമായതിനാൽ ഒരു സമുദ്രത്തിൽ ഉള്ളതുപോലെ തന്നെ ഭീമൻ തിരകളും, കൊടുങ്കാറ്റുകളും, ചുഴലികളും മറ്റും ഇവിടെയുമുണ്ട് . പല സീസണുകളിൽ വീശുന്ന കാറ്റുകൾ തടാകതീരങ്ങളിലെ കാലാവസ്ഥയെ ഗണ്യമായി ബാധിക്കും എന്നതിനാൽ വിവിധയിനം ബൈക്കൽ കാറ്റുകൾക്കു പ്രാദേശിക നാമങ്ങൾ ചാർത്തി കൊടുത്തിട്ടുണ്ട് . Verkhovik, Gorny, Sarma, Shelonnik, Barguzin, Kultuk എന്നിങ്ങനെയാണ് ആ പേരുകൾ (www.bww.irk.ru/baikalclimate/baikalwinds.html). ബൈക്കൽ കാലാവസ്ഥയുടെ വൈവിധ്യം ഇത്തരം പേരുകളിൽ തന്നെ ദൃശ്യമാണ് . 27 ദ്വീപുകൾ തടാകത്തിൽ തലയുയർത്തി നിൽപ്പുണ്ട് . പലതും വിജനമാണ് . ഏറ്റവും വലിയ ദ്വീപായ Olkhon തുരുത്തിൽ ആയിരത്തി അഞ്ഞൂറോളം Buryats വർഗ്ഗക്കാർ ( ഇവർ മംഗോളുകളുടെ ഉപവിഭാഗമാണ് ) അധിവസിക്കുന്നുണ്ട് . 730 ചതുരശ്രകിലോമീറ്റർ വിസ്താരമുള്ള ഈ ദ്വീപിനുള്ളിൽ തടാകങ്ങളും , നാലായിരം അടി ഉയരമുള്ള Zhima മലയും, എന്തിന് ഒരു ചെറിയ മരുഭൂമി പോലും ഉണ്ട് ! ഭൂമിയിലെ തടാക-ദ്വീപുകളിൽ ( lake-bound island) വലിപ്പം കൊണ്ട് നാലാം സ്ഥാനത്താണ് Olkhon ദ്വീപ് !

ജൈവവൈവിധ്യം മൂലം ബൈക്കൽ തടാകത്തെ ” Galapagos of Russia” എന്നാണ് ചിലർ വിളിക്കുന്നത് . ഇവിടെ ജീവിക്കുന്ന ജീവികളിൽ എൺപതു ശതമാനവും ഭൂമിയിൽ ഇവിടെ മാത്രം കാണപ്പെടുന്ന എൻഡമിക് വർഗ്ഗങ്ങളാണ് . ബൈക്കൽ സീൽ എന്നറിയപ്പെടുന്ന nerpa (Pusa sibirica) യാണ് ഇവിടുള്ള ജീവികളിൽ പ്രമുഖൻ . ഭൂമിയിലെ ഏക പൂർണ്ണ ശുദ്ധജല സീലുകളാണ് നേർപ്പകൾ. ഇത്രയും ഉൾഭാഗത്തെ ഒരു തടാകത്തിൽ സീലുകൾ എങ്ങിനെ ഉടലെടുത്തു അല്ലെങ്കിൽ എത്തിപ്പെട്ടു എന്നത് ഇന്നും കുഴയ്ക്കുന്ന ഒരു ചോദ്യമാണ് . പണ്ട് തടാകത്തിന് കടലുമായി ബന്ധം ഉണ്ടായിരുന്നു എന്ന് ചിലർ അനുമാനിക്കുന്നു . ചെതുമ്പൽ ഇല്ലാതെ , സുതാര്യ ശരീരമുള്ള Baikal oilfish(Comephorus) ആണ് നമ്മുടെ ശ്രദ്ധയാകർഷിക്കുന്ന മറ്റൊരു ജീവി . ഇതും omul (Coregonus migratorius) എന്ന സാൽമൺ വിഭാഗത്തിൽ പെടുന്ന വെളുത്ത മീനുമാണ് ബൈക്കൽ സീലിന്റെ പ്രധാന ആഹാരം . ഓമുൾ ഒരുകാലത്ത് തടാകതീരത്തുള്ളവരുടെ പ്രധാന വരുമാന മാർഗമായിരുന്നു എങ്കിലും ഇന്നത് വംശനാശം നേരിടുകയാണ് . ഈ പറഞ്ഞ മൂന്ന് ജീവികളും ബൈക്കൽ തടാകത്തിൽ മാത്രം കാണപ്പെടുന്നവയാണ് . ഇതുകൂടാതെ കരടികളും , റെയിൻ ഡിയറുകളും , ചെന്നായ്ക്കളും മറ്റും തടാകതീരങ്ങളിൽ അലഞ്ഞുതിരിയുന്നുണ്ട് . എണ്ണൂറോളം വർഷങ്ങൾ പഴക്കമുള്ള വൃക്ഷങ്ങൾ തടാകതീരത്തെ അലങ്കരിക്കുന്നുണ്ട് . ഇതിൽ Angara pine ഇവിടെ മാത്രം വളരുന്ന വൃക്ഷജാതിയാണ് .

ലോകപ്രശസ്തമായ ട്രാൻസ് സൈബീരിയൻ തീവണ്ടിപ്പാതയുടെ ഉപ -ഭാഗമായ Circum-Baikal Railway , ഈ തടാകതീരത്തുകൂടെയാണ് കടന്നുപോകുന്നത് . 84 km നീളമുള്ള ഈ പാത തന്നെയാണ് തടാകം കാണുവാൻ ഏറ്റവും അനുയോജ്യം . ബൈക്കൽ തടാകത്തെ പറ്റിയുള്ള ഒരു ഔട്ട്ലൈൻ മാത്രമാണിത് . ഒരു പരന്ന വായനയ്ക്ക് മുന്നോടിയായി മാത്രം ഇതിനെ കാണുക . കൂടുതൽ കാര്യങ്ങൾ പുസ്തകങ്ങളിലും വെബ്ബിലുമായി കിടപ്പുണ്ട് .

Advertisements

തടാകത്തിന്റെ കണക്കുകൾ

*Volume: 5,521 cubic miles of water (23,013 cubic kilometers). This volume is approximately equivalent to all five of the North American Great Lakes combined, according to Geology.com.

*Maximum depth: 5,354 feet (1,632 meters). Its lowest point lies more than 4,000 feet (1,219 m) below sea level, according to Smithsonian magazine.

*Average depth: 2,442 feet (744 m), according to Smithsonian magazine.

*Surface area: 12,248 square miles (31,722 square km), according to Smithsonian magazine. This area puts it in seventh place worldwide in terms of surface area, according to Geology.com.

*Length: 397 miles (640 km), according to Lake Baikal.org.

*Maximum width: 49 miles (79.5 km), according to Baikal World Web.

*Average width: 29 miles (47 km), according to Baikal World Web.

*Minimum width: 16 miles (25 km), according to Baikal World Web.

*Coastline area: 1,300 miles (2,100 km), according to Lake Baikal.org.

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ