എണ്ണ രാച്ചുക്ക്

എണ്ണ രാച്ചുക്ക് 1

ആൻഡീസ്‌ പർവ്വത നിരകളുടെ കിഴക്കേ ചെരുവിലെ നിബിഡവനങ്ങളിൽ അനേകം ഗുഹകൾ മറഞ്ഞിരുപ്പുണ്ട് . പ്രദേശവാസികളായ ഷുവാർ ഇന്ത്യൻസിന് (Shuar) ഇവയെക്കുറിച്ച് അത്യാവശ്യം ധാരണയൊക്കെയുണ്ട് . പക്ഷെ ഈ പ്രദേശങ്ങളിൽ ട്രെക്കിങ്ങിനും , പര്യവേഷണങ്ങൾക്കും മറ്റും വനയാത്ര നടത്തിയിരുന്ന വെള്ളക്കാർക്ക് പക്ഷെ ഈ ഗുഹകൾ പേടിസ്വപ്നം തന്നെയായിരുന്നു . ഒരു മനുഷ്യന്റെ നിലവിളി ശബ്ദം പോലെ തോന്നിക്കുന്ന അലർച്ച കേട്ട് , ഈ ഗുഹകളിൽ അന്തിയുറക്കത്തിന് ചെന്ന ആളുകൾ പല തവണ പേടിച്ചോടിയിട്ടുണ്ട് . പല യാത്രികരും അവരുടെ കുറിപ്പുകളിൽ ആൻഡീസിലെ അലറുന്ന ഗുഹകളെപ്പറ്റി പരാമർശിച്ചിട്ടുണ്ട് . ഇത്തരം ഗുഹകളിൽ താരതമ്യേന അറിയപ്പെടുന്ന ഒന്നാണ് ഇക്വഡോറിലെ Cueva de los Tayos . മേൽപ്പറഞ്ഞ ഷുവാർ ജാതികൾ വള്ളികൾ കൊണ്ട് നിർമ്മിച്ച ഏണികളും മുളകൾ കൊണ്ടുള്ള പന്തങ്ങളുമായി ഈ ഗുഹകളിൽ ഇറങ്ങിച്ചെല്ലും . എന്തിനെന്നോ ? ഈ ഗുഹയിൽ പ്രജനനം നടത്തുന്ന ഒരിനം പക്ഷിയുണ്ട് . അവയുടെ കുഞ്ഞുങ്ങളെ പിടിക്കുവാനാണ് രാത്രിയുടെ മറവിൽ അവർ ഗുഹയിലിറങ്ങുന്നത് . മുതിർന്ന പക്ഷികൾ രാത്രിയിൽ ഇരതേടുവാൻ പുറത്തേക്ക് പോകുന്ന തക്കത്തിനാണ് ഇവർ കുഞ്ഞുങ്ങളെ അപഹരിക്കുന്നത് . ഇവരുടെ കൂടെ ഒരുനാൾ ഈ ഗുഹയിലിറങ്ങിയ ഒരു യാത്രികനാണ് പലരെയും പേടിപ്പിച്ചിരുന്ന നിലവിളി ശബ്ദത്തിന്റെ യഥാർത്ഥ ഉടമയെ തിരിച്ചറിഞ്ഞത് . അത് മറ്റാരുമല്ല ….. മേൽപ്പറഞ്ഞ പക്ഷികൾ തന്നെ ! ഗുഹയുടെ പേര് പോലും ആ പക്ഷികളെ ബന്ധപ്പെടുത്തിയാണ് ഇട്ടിട്ടിരിക്കുന്നത് , അർഥം …. “Cave of the Oilbirds” !

Advertisements

പല കാര്യങ്ങളിലും ഭൂമിയിലെ മറ്റു പക്ഷികളിൽ നിന്നും വേറിട്ട് നിൽക്കുന്നവയാണ് ഓയിൽ ബേർഡുകൾ (Steatornis caripensis) . നമ്മുടെ രാച്ചുക്കുകളുടെ ജാതിയിൽ പെടുമെങ്കിലും , ഇവരെ സ്വഭാവവിശേഷങ്ങൾ മൂലം ഒരു പ്രത്യേക ഉപവിഭാഗത്തിലാണ് ഇപ്പോൾ പെടുത്തിയിരിക്കുന്നത് . ഈ പക്ഷികൾ പൊതുവെ രാത്രിഞ്ചരന്മാരാണ് (nocturnal ) . രാത്രിയിൽ ഇരതേടി നടക്കുന്ന പക്ഷിജാതികൾ പലതുണ്ടെങ്കിലും അവയൊക്കെ പാമ്പിനെയും പഴുതാരയെയും , തവളകളെയും , പ്രാണികളെയും പിടിച്ചു വിശപ്പകറ്റുന്നവരാണ് . എന്നാൽ ഓയിൽ ബേർഡുകൾ തികച്ചും വെജിറ്റേറിയനുകളാണ് . എണ്ണപ്പനക്കുരുവാന് മുഖ്യാഹാരം . ഇങ്ങനെ രാത്രിയിൽ പുറത്തിറങ്ങി പഴം മാത്രം ഭക്ഷിക്കുന്ന രണ്ടേ രണ്ടു പക്ഷികളെയെ ഇതുവരെ നാം തിരിച്ചറിഞ്ഞിട്ടുള്ളൂ . ഇക്കൂട്ടത്തിൽ രണ്ടാമൻ ന്യൂസിലൻഡിലെ കാകാപോ (kakapo) ആണ് . ഭൂമിയിലെ ഏറ്റവും ഭാരംകൂടിയ തത്തയായ കാകാപോ പക്ഷെ പറക്കില്ല . ചുരുക്കത്തിൽ രാത്രിയിൽ പറന്നു പുറത്തിറങ്ങി പൂവും കായും പഴവും മാത്രം ഭക്ഷിക്കുന്ന (fructivore) ഏക പക്ഷിയാണ്‌ നമ്മുടെ ഓയിൽ ബേർഡ് അഥവാ എണ്ണ രാച്ചുക്ക് ( ഈ പേര് ഇന്ന് രാവിലെ ഞാൻ കൊടുത്തതാണ് ) . രാത്രിവിഹാരത്തിനായി പ്രത്യേകം തയ്യാറാക്കിയ നേത്രങ്ങൾ സ്വന്തമായുള്ളത് കൂടാതെ എക്കോലൊക്കേഷൻ (echolocation) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന അപൂർവ പക്ഷികളിൽ ഒന്ന് എന്ന പേരും എണ്ണ രാച്ചുക്കിന് സ്വന്തം ! ഇതിനായി ഇവർ പുറപ്പെടുവിക്കുന്ന 2 kHz ആവൃത്തിയുള്ള ഹൈ പിച്ച് ക്ലിക്കിങ് വോയിസ് ആണ് ഗുഹയുടെ ഭിത്തികളിൽ തട്ടി പ്രതിധ്വനിച്ച് നിലവിളി ശബ്ദമായി രൂപാന്തരപ്പെടുന്നത് . കൂടാതെ മണം തിരിച്ചറിഞ്ഞാണ് ഇവ പഴങ്ങൾ ഭക്ഷിക്കുന്നത് എന്നും പഠനങ്ങൾ പറയുന്നു . അത്യാവശ്യം തടിയും തൂക്കവുമുള്ള കുഞ്ഞു എണ്ണ രാച്ചുക്കുകളെ വനനിവാസികൾ തിളച്ച വെള്ളത്തിലിട്ടു പുഴുങ്ങി അവയുടെ ദേഹത്തുള്ള എണ്ണ വേർതിരിച്ച് എടുത്തു ഉപയോഗിച്ചിരുന്നു എന്ന കേട്ടുകേൾവിയിൽ നിന്നാണ് ഇവയ്ക്ക് ഓയിൽ ബേർഡുകൾ എന്ന നാമം കൈവന്നത് .
യൂറോപ്പിൽ നിന്നും മറ്റും കിട്ടിയ ഫോസിലുകൾ പറയുന്നത് ഇവ ഒരുകാലത്ത് ഭൂമിയൊട്ടാകെ കാണപ്പെട്ടിരുന്നു. എന്നാണ് . ഇപ്പോൾ ദക്ഷിണ അമേരിക്കയുടെ ഉത്തരഭാഗങ്ങളിലാണ് ഇവ കാണപ്പെടുന്നത് . പൂർണ്ണമായും പകൽ ഗുഹകളിലാണ് താമസമെങ്കിലും ഇവ ഇടയ്ക്കിടെ മരങ്ങളിലും രാത്രിയുറങ്ങാറുണ്ട് എന്ന് പഠനങ്ങൾ പറയുന്നു . ഗുഹകൾ സുരക്ഷിത താവളമാകയാൽ അവിടെ പകൽ മുഴുവനും കലപില ശബ്ദംകൂട്ടി ആകെയൊരു അംഗൻവാടി സെറ്റപ്പിലായിരിക്കും ഇവർ ചിലവഴിക്കുക . എന്നാൽ മരങ്ങളിൽ ചേക്കേറുന്നവർ ശത്രുക്കളെ ഭയന്ന് നിശ്ശബ്ദമായി പകൽ ചിലവഴിക്കും .

വെനിസ്വലയിലെ Guácharo Cave National Park , ഓയിൽ ബേർഡുകൾക്കായി നീക്കിവെച്ചിരിക്കുകയാണ് . ഈ പാർക്കിൽ സ്ഥിതിചെയ്യുന്ന ലൈം സ്റ്റോൺ ഗുഹയിൽ പതിനായിരക്കണക്കിന് എണ്ണ രാച്ചുക്കുകൾ പകലുറക്കം നടത്തുന്നുണ്ട് . ഇവ വൈകുന്നേരങ്ങളിൽ ഒച്ചകൂട്ടി പുറത്തേക്ക് പോകുന്നത് കാണുവാൻ അനേകം സന്ദർശകർ അവിടെ എത്താറുണ്ട് . ഭൂമിയിലെ ഏറ്റവും വലിയ ഓയിൽ ബേർഡ് കോളനിയും ഇതുതന്നെയാണ് ( ഏകദേശം പതിനെണ്ണായിരം പക്ഷികൾ ).

ചിത്രവും കൂടുതൽ വീഡിയോകളും : http://www.hbw.com/ibc/species/oilbird-steatornis-caripensis

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ