കടൽമൂടിയ കാടുകൾ

കടൽമൂടിയ കാടുകൾ 1

നിലവിൽ ഭൂമിയിലെ പുരാതന സസ്യവർഗ്ഗങ്ങളിൽ ഒന്നാണ് സൈപ്രസ് വൃക്ഷവംശം (Cupressaceae) . ഇരുന്നൂറു മില്യൺ വർഷങ്ങൾക്ക് മുൻപ് , അഖണ്ഡ ഭൂഖണ്ഡമായിരുന്ന പാൻജിയായുടെ (Pangaea) കാലത്തു തന്നെ ഇവർ ഭൂമിയിൽ തളിരിട്ടു തുടങ്ങിയിരുന്നു. ഇന്ന് അന്റാർട്ടിക്ക ഒഴികെയുള്ള വൻകരകളിലൊക്കെ വളരുന്ന ഈ വർഗ്ഗം , ഹിമയുഗത്തിന് മുൻപ് ഭൂമിയിലെ നിറസാന്നിധ്യമായിരുന്നു . ലഭ്യമായ ഫോസിലുകളും, 122 സൈപ്രസ് ജാതികളുടെ DNA കളുമാണ് ഗവേഷകരെ ഈ അനുമാനത്തിലെത്തിച്ചത് . എന്നാൽ ഇന്ന് ഈ മരങ്ങൾ നമ്മുടെ ശ്രദ്ധയാകർഷിക്കുന്നത് മറ്റൊരു വിധത്തിലാണ് . ഭൂമിയിലെ പലഭാഗങ്ങളിൽ നിന്നും മണ്മറഞ്ഞുപോയ പഴയ സൈപ്രസ് വനങ്ങൾ പതുക്കെ പതുക്കെ തലയുയർത്തി നോക്കാൻ തുടങ്ങിയിരിക്കുന്നു . ഭീമൻ ഹിമാനികൾക്കടിയിലും , സമുദ്രത്തിനടിയിലും മറ്റും പെട്ടുപോയ പുരാതന സൈപ്രസ് കാടുകളാണ് ഇപ്പോൾ നമ്മുട മുന്നിൽ ഹിമയുഗത്തിന്റെ നറുമണവുമേറി മരക്കുറ്റികളുടെ രൂപത്തിൽ തെളിഞ്ഞു വരുന്നത് .

Advertisements

പുഴപോലെ ഒഴുകിമാറുന്ന അലാസ്‌ക്കൻ ഹിമാനിയായ Mendenhall Glacier ന്റെ അടിത്തട്ടിൽ നിന്നാണ് ആദ്യ സൈപ്രസ് കുറ്റികൾ ഓക്സിജൻ ശ്വസിച്ചത് . ഹിമാനി പിൻവാങ്ങുന്ന സ്ഥലങ്ങളിൽ കണ്ട സൈപ്രസ് തടികൾ പഴയ അതെ അപ് റൈറ്റ് പൊസിഷനിൽ തന്നെയായിരുന്നു നിന്നിരുന്നത് . പലതും വേരുകൾ പോലും അതേപടി നിലനിർത്തിയിട്ടുണ്ട് . തുടക്കത്തിൽ പൈൻ മരങ്ങളാകാം എന്ന് തെറ്റിദ്ധരിച്ചെങ്കിലും തുടർ പഠനങ്ങൾ ഇവ ആയിരം വർഷങ്ങളെങ്കിലും പഴക്കമുള്ള സൈപ്രസ് മരങ്ങളുടേതാവാം എന്ന് ഉറപ്പിച്ചു . ഹിമാനി കൂടുതൽ പ്രദേശങ്ങളിൽ നിന്നും പിൻവാങ്ങുന്നതോടെ ഇത്തരം കൂടുതൽ മരങ്ങൾ ഉയർത്തെഴുന്നെറ്റേക്കാം എന്നാണ് കരുതപ്പെടുന്നത് .

ഇതിനു നേരെ വിപരീതദിശയിലാണു Taku ഹിമാനിയുടെ പോക്ക് . ഇന്ന് നിലനിൽക്കുന്ന കോട്ടൻവുഡ്‌ മരങ്ങളുടെ മുകളിലേക്കാണ് ഈ ഹിമാനി ഒഴുകിക്കയറുന്നത് . അതായത് മുൻപ് പറഞ്ഞ സൈപ്രസ് മരങ്ങൾ എങ്ങിനെ മഞ്ഞിനടിയിലായി എന്ന് ഗവേഷകർക്ക് ലൈവ് ആയി പഠിക്കാനുള്ള സൗകര്യമാണ് Taku ഹിമാനി ഇപ്പോൾ ഒരുക്കിത്തരുന്നത് .

ഇനി രണ്ടായിരത്തി അഞ്ചിലെ ഹറിക്കേൻ കത്രീനയാണ് തുടർ പഠനത്തിന് നമ്മുക്ക് അവസരം ഉണ്ടാക്കിത്തന്നത് . ഈ കൊടുങ്കാറ്റ്‌ അമേരിക്കൻ തീരങ്ങളുടെ ഘടനയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട് . ഈ വായൂപാതത്തിനു ശേഷം അലബാമൻ തീരങ്ങളിൽ മീൻപിടിക്കുവാൻ പോയവരാണ് ഒരു പ്രത്യേക സ്ഥലത്ത് കടൽജീവികളുടെ “പെരുപ്പം” ശ്രദ്ധിച്ചത് . അവരിൽ നിന്നും വിവരങ്ങൾ മനസിലാക്കിയ ചില ലോക്കൽ ഡൈവേഴ്‌സ് കാര്യങ്ങളുടെ നിജസ്ഥിതിയറിയാൻ മുങ്ങാകുഴിയിട്ടു നോക്കിയെങ്കിലും അറിഞ്ഞ വിവരങ്ങൾ ആരോടും പങ്കുവെച്ചില്ല . ഏതെങ്കിലും പഴയ കപ്പലിന്റെ അവശിഷ്ടങ്ങളാവാം കടലിനടിയിൽ എന്ന തെറ്റിദ്ധാരണയാണ് വിവരങ്ങൾ മൂടിവെക്കുവാൻ അവരെ പ്രേരിപ്പിച്ചത് . പിന്നീട് വർഷങ്ങൾക്ക് ശേഷം (2012) കാര്യങ്ങൾ “മണത്തറിഞ്ഞ ” ചില ഗവേഷകർ ആ പ്രദേശത്തു കാര്യമായി തന്നെ മുങ്ങിത്തപ്പി . പതിനെട്ടു മീറ്റർ താഴെ , ഏതാണ്ട് 1.3 ചതു: കിലോമീറ്റർ ചുറ്റളവിൽ സൈപ്രസ് മരക്കുറ്റികൾ നിറഞ്ഞ മറ്റൊരു ലോകമാണ് അവർ അവിടെ കണ്ടത് . കൃത്രിമ പവിഴപ്പുറ്റുകളായി മാറിയ , ദ്രവിച്ച മരക്കുറ്റികളുടെ രുചി പിടിച്ച ജലജീവികളാണ് മുക്കുവരുടെ ശ്രദ്ധയാകർഷിച്ച ചാകര ഒരുക്കിയത് . അതുകൊണ്ടു തന്നെ ഈ പുരാതന വനം ഏതാനും വർഷങ്ങൾക്കുള്ളിൽ ഇവർ തിന്നു തീർക്കും എന്നാണ് കരുതപ്പെടുന്നത് .

അറിയപ്പെടുന്ന ഡെൻഡ്രോക്രോണോലോജിസ്റ്റ് (dendrochronologist) ആയ ( മരങ്ങളുടെ വാർഷിക വളയങ്ങളെ പറ്റിയുള്ള പഠനം ) Grant Harley യുടെ പഠനത്തിൽ ഈ സൈപ്രസ് മരക്കുറ്റികൾക്ക് ഏതാണ് 52,000 വർഷങ്ങളോളം പഴക്കമുണ്ട് . Wisconsin Glacial യുഗത്തിൽ (മുൻപും ) സമുദ്രനിരപ്പ് നന്നേ താഴ്ന്ന നിലയിലായിരുന്നപ്പോൾ ഉരുത്തിരിഞ്ഞ വനമാകണം ഇതെന്നാണ് അനുമാനം . പിന്നീട് ആയിരം വർഷങ്ങൾ കൊണ്ട് 25 മീറ്ററാണ് ജലനിരപ്പ് ഉയർന്നത് .

“These stumps are so big, they’re upwards of two meters in diameter — the size of trucks, They probably contain thousands of growth rings.”

Advertisements

എന്നാണ് ഹാർലിയുടെ അഭിപ്രായം . പഠനത്തിനായി ഒരു ഭാഗം അറുത്തെടുക്കുന്നതാണ് ചിത്രത്തിൽ കാണുന്നത് (Credit: Ben Raines). ഇതുമായി ബന്ധപ്പെട്ട പൂർണവിവരങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ…

 

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ