തൂങ്ങിക്കിടക്കുന്ന ശവപ്പെട്ടികൾ !

തൂങ്ങിക്കിടക്കുന്ന ശവപ്പെട്ടികൾ  ! 1

മരിച്ച പൂർവികരെ അടക്കം ചെയ്യുവാൻ ഭൂമിയിലെ വിവിധജനവർഗ്ഗങ്ങൾ ഒട്ടനവധി രീതികൾ അവലംബിച്ചിട്ടുണ്ട് . മണ്ണിൽ കുഴിച്ചിടുക , ദഹിപ്പിക്കുക , കഴുകൻമ്മാർക്കോ , മറ്റു സഹജീവികൾക്കോ ആഹാരമാക്കുക , മമ്മി ആക്കി സൂക്ഷിക്കുക അല്ലെങ്കിൽ ഉണക്കി സൂക്ഷിക്കുക, ഭരണിയിൽ ഇറക്കി വെയ്ക്കുക , കടലിൽ ഒഴുക്കി വിടുക അങ്ങിനെ നിരവധി രീതികൾ ലോകമെമ്പാടും നിലവിൽ ഉണ്ടായിരുന്നു . എന്നാൽ ദക്ഷിണ ചൈനയിൽ അടുത്തകാലത്ത് മാത്രം ഗവേഷകരുടെ ശ്രദ്ധയിൽപെട്ട ശ്മശാനത്തിന് മറ്റൊരു പ്രത്യേകതയാണ് ഉണ്ടായിരുന്നത് . ഇവിടെ മൃതശരീരങ്ങൾ ഭൂമിയിലുമല്ല ആകാശത്തിലുമല്ല അടക്കം ചെയ്തിരിക്കുന്നത് , പകരം കിഴക്കാംതൂക്കായ കൂറ്റൻ മലകളുടെ ചെരുവിൽ തിരശ്ചീനമായി തടികൊണ്ട് നിർമ്മിക്കപ്പെട്ട പ്ലാറ്റഫോമിൽ ആണ് ശവപ്പെട്ടികൾ സ്ഥാപിച്ചിരിക്കുന്നത് ! ഇത് ഇന്നും ഇന്നലെയുമായി സംഭവിച്ചതല്ല മറിച്ച് ക്രിസ്തുവിനും മുൻപേയുള്ള പെട്ടികൾ (Zhou dynasty) മുതൽ ഇന്നേക്ക് നാനൂറ് വർഷങ്ങൾ പിറകിൽ വരെയുള്ള അസ്ഥികൾ വരെ ഈ ത്രിശങ്കു സ്വർഗ്ഗത്തിൽ കണ്ടെത്തിയിട്ടുണ്ട് ! ദക്ഷിണചൈനയിൽ (Sichuan and Yunnan Province) പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഇത്തരം തൂങ്ങുന്ന ശവകുടീരങ്ങൾക്ക് സമാനമായി ഫിലിപ്പീൻസിലും (Luzon ദ്വീപ്) , ഇന്തോനേഷ്യയിലും (സുലെവസി ദ്വീപ് ) വിരലിലെണ്ണാവുന്നത്രയും സ്ഥലങ്ങളിൽ കൂടി ഇത്തരം രീതിയിൽ അടക്കം ചെയ്തിരിക്കുന്ന പെട്ടികൾ ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട് . ഇതിന്റെ ചൈനീസ് പേര് xuanguan എന്നാണ് അർഥം “
തൂങ്ങുന്ന ശവപ്പെട്ടി “

Advertisements

ആരാണ് ഇതിന്റെ പിറകിൽ ?

ചൈനയിലെ തൂങ്ങുന്ന ശവകുടീരങ്ങളിൽ ഒട്ടുമിക്കതും ബോ ഗോത്രക്കാരുടെ (Bo people) പണിയാണ് എന്നാണു മിക്ക ചൈനീസ് ഗവേഷകരും കരുതുന്നത് . ദക്ഷിണചൈനയിലെ കുന്നിഞ്ചെരുവുകളിൽ താമസമാക്കിയിരുന്ന ഇവരെ മിങ് (Ming Dynasty) ചക്രവർത്തിമാർ നിശ്ശേഷം ഇല്ലായ്മ്മ ചെയ്തു എന്നാണ് കരുതുന്നത് . എന്നാൽ വേണ്ടത്ര തെളിവുകൾ ഇല്ലാത്തതിനാൽ ഈ വംശക്കാരുടെ തിരോധാനം ചൈനീസ് ഹിസ്റ്ററിയിലെ ഒരു കടംകഥയാണ് . സൈനിക ആക്രമണത്തിൽ ചിതറിക്കപ്പെട്ട ഇവർ ഒളിച്ചോടി മറ്റു വംശക്കാരുടെ ഇടയിൽ പാർക്കുകയും പിന്നീട് അതിൽ ലയിച്ചു തീരുകയും ചെയ്തതാവാനാണ് സാധ്യത .

മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്‌താൽ പോസ്റ്റുകൾ ഓഫ്‌ലൈനിലും വായിക്കാം !

ഇവരുടെ പിന്മുറക്കാരിൽ ചിലരെ കണ്ടെത്തിയതായി ചില ചൈനീസ് സൈറ്റുകളിൽ കാണുന്നുണ്ട് . ഇവരെക്കൂടാതെ Guyue എന്ന വർഗ്ഗക്കാരും ഇത്തരം “ശവസംസ്‌കാരം ” നടത്തിയിരുന്നു . രണ്ടായിരം വർഷങ്ങൾക്ക് മുൻപേയുള്ള പെട്ടികൾ ഇവരുടെ പൂർവ്വികരുടേതാണ് . ഈ രണ്ടുകൂട്ടരും നൂറ്റാണ്ടുകൾക്ക് മുന്നേ ഇന്തോനേഷ്യൻ ദ്വീപുകളിൽ നിന്നും കുടിയേറിയവർ ആണ് . ഇവരുടെ പൂർവ്വികർ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന സ്ഥലത്ത് തന്നെയാണ് ഇന്തോനേഷ്യയിലെയും ഫിലിപ്പീൻസിലെയും തൂക്കു പെട്ടികൾ സ്ഥിതിചെയ്യുന്നത് .

ഇതെങ്ങിനെ സാധിച്ചു ?

ഇതിനിപ്പോഴും ശരിയായ ഉത്തരമില്ല . നിലത്തുനിന്നും പത്തു മീറ്റർ മുതൽ നാനൂറ് മീറ്റർ വരെ ഉയരത്തിൽ ആണ് ശവപ്പെട്ടികൾ സ്ഥാപിച്ചിട്ടുള്ളത് . കുത്തനെയുള്ള പാറകളുടെ ചെരുവിൽ ഇപ്പോൾ പോലും ഇങ്ങനെയൊന്ന് ചെയ്യാൻ നാം നന്നേ ബുദ്ധിമുട്ടും . കയറുകൾ ധാരാളം ഉപയോഗിച്ചിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട് . സ്‌കഫോൾഡിങ് നടത്തിയിട്ടുണ്ട് എന്നുറപ്പാണ് . പക്ഷെ ഏത് രീതിയിൽ എങ്ങിനെ പാറകൾ തുളച്ചു എന്നും മറ്റും തെളിവുകളുടെ അടിസ്ഥാനത്തിൽ ഇപ്പോഴും വിശദീകരിക്കാൻ സാധിച്ചിട്ടില്ല . മിക്കതും നദികളുടെ തീരങ്ങളിലെ കുന്നിഞ്ചെരുവുകളിലാണ് നിർമ്മിച്ചിരിക്കുന്നത് . ദേവദാരുവിനു സമാനമായ Nanmu എന്ന തടിയാണ് പെട്ടി നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത് . മിക്കതും ഒറ്റത്തടി അകം പൊള്ളയാക്കി എടുത്തിരിക്കുകയാണ് . ഏഴു മീറ്ററോളം നീളം ഉണ്ടാവും . ബലം കൂട്ടാൻ ചെമ്പ് തകിടുകൾ അടിച്ചു ചേർത്തിട്ടുണ്ട് . എന്നാൽ പല അറകളുള്ള , ഒന്നിൽ കൂടുതൽ പേരെ അടക്കിയിട്ടുള്ള ഭീമൻപെട്ടികളും ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട് . എല്ലാത്തിനും ചതുരാകൃതിയും അല്ല . കപ്പലിന്റെയും ബോട്ടിന്റെയും വീടിന്റെയും ഒക്കെ ആകൃതിയിൽ ശവപ്പെട്ടികൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട് . എന്തായാലും പെട്ടികൾ താഴേന്നു കയറ്റിയതാണോ അതോ മുകളിൽ നിന്നും കെട്ടിയിറക്കിയതാണോ എന്നൊന്നും ഇപ്പോൾ തെളിഞ്ഞിട്ടില്ല .

Advertisements

എന്തിന് ചെയ്തു ?

പലകാരണങ്ങളാണ് ഗവേഷകർ നിരത്തുന്നത് . ആ പ്രദേശത്തെ ഗുഹാചിത്രങ്ങളിൽ നിന്നും മറ്റു പുരാവസ്തുക്കളിൽ നിന്നും കിട്ടിയ ഏകദേശ ധാരണവെച്ച് ബോ വർഗ്ഗക്കാരുടെ സംസ്കാരത്തെ വേർതിരിച്ചെടുക്കുവാൻ പലരും ഇപ്പോൾ ശ്രമിക്കുന്നുണ്ട് . എഴുത്തുകാരനായ Li Jing പറയുന്നത് , വന്യജീവികളുടെയും മറ്റു ഗോത്രക്കാരുടെയും ആക്രമണങ്ങളിൽ നിന്നും തങ്ങളുടെ പൂർവ്വികരുടെ ശവശരീരങ്ങൾ രക്ഷിക്കുക എന്നതാവാം പ്രധാന ഉദ്യേശം എന്നാണ് . പലതട്ടുകൾ സ്വർഗ്ഗത്തിലേക്കുള്ള ചവിട്ടുപടികളെ പ്രതിനിധാനം ചെയ്യുന്നു . സമൂഹത്തിലെ ഉന്നതർ ഏറ്റവും മുകളിൽ സ്വർഗ്ഗത്തിനോട് അടുത്ത് വിശ്രമിക്കുന്നു . ബാക്കിയുള്ളവർ ബഹുമതിക്കനുസരിച്ച് താഴേക്കും . ഇവർ പുനർജന്മത്തിൽ വിശ്വസിച്ചിരുന്നവർ ആകാനും സാധ്യത ഉണ്ട് .

പുതിയ പോസ്റ്റുകളുടെ അപ്‌ഡേറ്റ്സ് ലഭിക്കുവാൻ
ഫേസ്ബുക്ക് പേജ് പിന്തുടരൂ ….

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ