All about GOLD – സ്വര്‍ണ്ണം -അറിയേണ്ട എല്ലാ കാര്യങ്ങളും

All about GOLD – സ്വര്‍ണ്ണം -അറിയേണ്ട എല്ലാ കാര്യങ്ങളും 1
സ്വര്‍ണ്ണം , അത് കണ്ടുപിടിച്ച കാലം മുതൽ മനുഷ്യന്റെ ബുദ്ധിയെ ഭ്രമിപ്പിച്ചു കൊണ്ടിരിക്കുന്ന ലോഹമാണ് . മനുഷ്യ നേത്രങ്ങൾക്ക് വിരുന്നൊരുക്കുന്ന മഞ്ഞയുടെ മായാ വർണ്ണമുള്ള മറ്റൊരു ലോഹവും ഭൂമിയിൽ ഇല്ല . ഈ അതുല്യ ലോഹം കയ്യിൽ കൊണ്ട് നടക്കാത്തവരായി ആരുമില്ല എന്ന് തന്നെ പറയാം . സ്വർണ്ണ ആഭരണങ്ങൾ ഉപയോഗിക്കാത്തവർ ചിരിക്കേണ്ട , നിങ്ങളുടെ കയ്യിലിരിക്കുന്ന സ്മാർട്ട് ഫോണിൽ സ്വര്‍ണ്ണം ഉണ്ട് !! ( There is 1gm of gold in about 35-40 mobile phones >> https://tinyurl.com/ly4zvdm )
ഈ ലോഹത്തിന് പ്രത്യേകതകൾ മാത്രമേ ഉള്ളൂ . നമ്മെ ആകർഷിക്കുന്ന മഞ്ഞ നിറമുള്ള ഒരേ ഒരു ലോഹം ഗോൾഡ്‌ ആണ് . സാധാരണ ഊഷ്മാവിൽ മറ്റു രാസ പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത ഈ ലോഹം മണ്ണിൽ ഇതേ അവസ്ഥയിൽ തന്നെയാണ് കിടക്കുന്നത് . എത്ര നേർത്ത ഘനത്തിൽ വേണമെങ്കിലും ഈ ലോഹത്തെ നമ്മുക്ക് അടിച്ചു പരത്താം . അതായത് ഒരു ഔണ്‍സ് ഗോൾഡ്‌ കൊണ്ട് , അഞ്ച് മൈക്രോണ്സ് വണ്ണമുള്ള ഒരു നൂൽ കമ്പി നിർമ്മിച്ചാൽ അതിന് 50 മൈൽ നീളമുണ്ടായിരിക്കും !! അതുകൊണ്ടാണ് ആഭരണങ്ങൾ ഉണ്ടാക്കുവാൻ സ്വര്‍ണ്ണംധാരാളമായി ഉപയോഗിക്കുന്നത് .
All about GOLD – സ്വര്‍ണ്ണം -അറിയേണ്ട എല്ലാ കാര്യങ്ങളും 2
ഗോൾഡിനെ അടിച്ചു പരത്തി സുതാര്യമാക്കാൻ വരെ (transparent) സാധിക്കും ! ഇത്തരം ഷീറ്റുകൾ ഇൻഫ്രാ റെഡ് വികിരിണങ്ങളെ അതി ശക്തമായി പ്രതിഫലിപ്പിക്കും . അതിനാൽ ബഹിരാകാശ യാത്രികരുടെ സ്യൂട്ട് നിർമ്മിക്കുവാൻ ഇത്തരം സുതാര്യ ഗോൾഡ്‌ ഷീറ്റുകൾ ഉപയോഗിക്കുന്നുണ്ട് . സംശുദ്ധ സ്വര്‍ണ്ണം ആഭരണങ്ങൾ നിർമ്മിക്കുവാൻ തക്ക കട്ടിയുള്ളത് അല്ല . പക്ഷെ ഗോൾഡ്‌ ഉപയോഗിച്ച് എളുപ്പത്തിൽ ലോഹ സങ്കരങ്ങൾ ഉണ്ടാക്കിയെടുക്കുവാൻ സാധിക്കും . അതിനാൽ അനുയോജ്യമായ ലോഹങ്ങളുമായി കൂട്ടിയിണക്കി പല കട്ടിയിലും വിവിധ വർണ്ണങ്ങളിലും സ്വര്‍ണ്ണ ആഭരണങ്ങൾ ഉണ്ടാക്കിയെടുക്കുവാൻ സാധിക്കും .അതായത് മഞ്ഞ നിറത്തിൽ മാത്രമല്ല , ചുവപ്പ് , വെള്ള , കറുപ്പ് തുടങ്ങി വിവിധ വർണ്ണങ്ങളിൽ ഗോൾഡ്‌ ഒർണ്ണമെന്റ്സ് നിർമ്മിക്കുവാൻ സാധിക്കും!
All about GOLD – സ്വര്‍ണ്ണം -അറിയേണ്ട എല്ലാ കാര്യങ്ങളും 3
മുകളിലെ ടേബിൾ നോക്കിയാൽ ഏതൊക്കെ ലോഹങ്ങൾ ഗോൾഡുമായി ചേർത്താണ് വിവിധ വർണ്ണങ്ങളിൽ ഉള്ള ആഭരണങ്ങൾ ഉണ്ടാക്കിയെടുക്കുന്നത്‌ എന്ന് മനസ്സിലാക്കാം. വില കൂടിയ ഫ്ലൂട്ട് (സംഗീത ഉപകരണം ) റോസ് ഗോൾഡ്‌ കൊണ്ട് നിർമ്മിക്കാറുണ്ട്.

ക്യാരറ്റും 916 ഉം

നിങ്ങൾ ഡയമണ്ട് വാങ്ങിക്കുവാൻ ചെല്ലുമ്പോൾ പറയുന്ന കാരറ്റും ഗോൾഡ്‌ മേടിക്കുമ്പോൾ പറയുന്ന കാരറ്റും രണ്ടും രണ്ടാണ് ! ഡയമണ്ടിലെ കാരറ്റ് തൂക്കത്തെ ആണ് സൂചിപ്പിക്കുന്നത് . നിങ്ങളുടെ ആഭരണത്തിൽ ഏഴു സെന്റ്‌ ഡയമണ്ട് ഉണ്ടന്നാണ് പറയുന്നതെങ്കിൽ അതിനർത്ഥം 14 മില്ലി ഗ്രാം ഡയമണ്ട് തൂക്കം ആ ആഭരണത്തിൽ ഉണ്ടെന്നാണ് . താഴത്തെ ചിത്രം നോക്കുക .

Advertisements

All about GOLD – സ്വര്‍ണ്ണം -അറിയേണ്ട എല്ലാ കാര്യങ്ങളും 4

All about GOLD – സ്വര്‍ണ്ണം -അറിയേണ്ട എല്ലാ കാര്യങ്ങളും 5

ഇനി ഗോൾഡിൽ വന്നാൽ കാരറ്റ് ശുദ്ധതയുടെ അളവാണ് . തനി തങ്കം (ശുദ്ധ സ്വര്‍ണ്ണം 24 കാരറ്റ് ആണ് . 22 കാരറ്റ് എന്നാൽ 91.6 ശതമാനം ഗോൾഡും ബാക്കി മറ്റു ലോഹങ്ങളും എന്നാണർത്ഥം

All about GOLD – സ്വര്‍ണ്ണം -അറിയേണ്ട എല്ലാ കാര്യങ്ങളും 6

All about GOLD – സ്വര്‍ണ്ണം -അറിയേണ്ട എല്ലാ കാര്യങ്ങളും 7

മുകളിലെ സമവാക്യം നോക്കുക . അതായത് 100 gm (Mm) ഭാരമുള്ള ഒരു ആഭരണത്തിൽ 91.6 (Mg) ശതമാനം ശുദ്ധ സ്വര്‍ണ്ണം ഉണ്ടെങ്കിൽ നമുക്ക് കിട്ടുന്ന ഉത്തരം 22 എന്നാണു. ചില ആഭരണങ്ങളിൽ 22/20K എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ഇതിനർത്ഥം , ആഭരണത്തിന്റെ ഏറ്റവും മുകൾ ഭാഗം 22 കാരറ്റും താഴോട്ട് 20 കാരറ്റും എന്നാണ് . ഉന്നത നിലവാരം പുലർത്തുന്ന ജൂവലറികളിൽ ശുദ്ധത നിർണ്ണയിക്കാവുന്ന X-Ray മെഷീനുകൾ ഉണ്ടാവും .

ഹാൾമാർക്കിങ്

ഏത് ജൂവലറിയുടെയും പരസ്യം കണ്ടാൽ നാം കേൾക്കുന്ന വാക്കുകൾ ആണ് BIS , ഹാൾ മാർക്കിംഗ് , 916 എന്നിവ . ഇതെന്താണെന്ന് നോക്കാം . BIS എന്നാൽ Bureau of Indian Standards എന്ന അസോസിയേഷൻ എന്നാണ് അർത്ഥമാക്കുന്നത് . 1986 ൽ Ministry of Consumer Affairs, Food & Public Distribution കീഴിൽ ആണ് ഇത് സ്ഥാപിതമായത് . ഇന്ത്യയിൽ വില്ക്കപ്പെടുന്ന ആഭരണങ്ങളുടെ ശുദ്ധത നിശ്ചയിക്കുന്നത് ഇവരാണ് . 2000 ത്തിൽ ആണ് ആഭരണങ്ങളിൽ ഇവർ ഹാൾ മാർക്കിംഗ് മുദ്ര പതിപ്പിക്കൽ ആരംഭിച്ചത് . അതിനായി BIS അംഗീകരിച്ചിരിക്കുന്ന ഹാൾ മാർക്കിംഗ് സെന്ററുകൾ രാജ്യത്തുടനീളം സ്ഥാപിച്ചിട്ടുണ്ട് . ജൂവലറികൾ തങ്ങൾ നിർമ്മിക്കുന്ന ആഭരണങ്ങൾ ഈ സെന്ററുകളിൽ കൊണ്ടുപോയി BIS മുദ്ര പതിപ്പിക്കുകയാണ് ചെയ്യുന്നത് .

All about GOLD – സ്വര്‍ണ്ണം -അറിയേണ്ട എല്ലാ കാര്യങ്ങളും 8

അങ്ങിനെ മുദ്ര ചെയ്യപ്പെട്ട ഒരു ആഭരണത്തിൽ അഞ്ച് പ്രത്യേക മാർക്കിങ്ങുകൾ ഉണ്ടാവും (മുകളിലെ ചിത്രം നോക്കുക ). ഒന്ന് ത്രികോണ ആകൃതിയിൽ ഉള്ള BIS ലോഗോ ആണ് . പിന്നീട് കാണുന്നത് മൂന്ന് അക്കമുള്ള ഒരു നമ്പർ ആയിരിക്കും . ഇത് സ്വര്‍ണ്ണ ആഭരണത്തിന്റെ ശുദ്ധത ആണ് സൂചിപ്പിക്കുന്നത് . താഴത്തെ ടേബിളിൽ നിന്നും ഈ നമ്പർ എത്ര കാരറ്റിനെ ആണ് സൂചിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാം . ഇനി വരുന്നത് , നിങ്ങൾ ഗോൾഡ്‌ വാങ്ങിക്കുവാൻ ചെന്നിരിക്കുന്ന കടയുടെ ലോഗോ ആണ് . ഇനി വരുന്നത് ഹാൾ മാർക്കിംഗ് സെന്ററിന്റെ ലോഗോ ആണ് . എവിടെയാണ് ആഭരണം ഹാൾ മാർക്ക് ചെയ്തത് എന്ന് ഇതിൽ നിന്നും പിടികിട്ടും . ഏറ്റവും അവസാനം, ഹാൾ മാർക്ക് ചെയ്ത വർഷം ആണ് ആലേഖനം ചെയ്തിരിക്കുന്നത് .

വൈറ്റ് ഗോൾഡ്

കേരളത്തിലെ മിക്ക ജൂവലറികളിലും വൈറ്റ് ഗോൾഡ്‌ എന്ന പേരില് വില്ക്കപ്പെടുന്നത് യഥാർത്ഥ വൈറ്റ് ഗോൾഡ്‌ അല്ല എന്ന് ആദ്യമേ ഓർത്തോളൂ . . ഗോൾഡിനു പുറമേ നിക്കൽ , സിങ്ക് , ടിൻ , കോപ്പർ , മാൻഗനീസ് , പലേഡിയം എന്നീ ലോഹങ്ങൾ ചേർത്താണ് ഒറിജിനൽ വൈറ്റ് ഗോൾഡ്‌ നിർമ്മിക്കുന്നത് . എന്നാൽ നമ്മുടെ കടകളിൽ വില്ക്കുന്നത് റോഡിയം പൂശിയ (പ്ലേറ്റ് ചെയ്ത ) 22 കാരറ്റ് യെല്ലോ ഗോൾഡ്‌ ആണ് . ഇതിന് തിളക്കം കൂടുതൽ ആയതിനാലും യഥാർത്ഥ വൈറ്റ് ഗോൾഡ്‌ നിർമ്മിക്കുന്നതിനേക്കാൾ എളുപ്പത്തിൽ ഉണ്ടാക്കാം എന്നതിനാലും റോഡിയം പ്ലേറ്റഡ്‌ ആഭരണങ്ങൾ ആണ് ഇന്ത്യയിൽ വ്യാപകമായി വില്ക്കപ്പെടുന്നത് . നിക്കൽ ചേർത്തുള്ള വൈറ്റ് ഗോൾഡ്‌ ചിലർക്ക് സ്കിൻ അലർജി ഉണ്ടാക്കാറുണ്ട് .

Advertisements

ആഭരണങ്ങളുടെ വില – പണിക്കൂലിയും പണിക്കുറവും !

പണിക്കൂലി എന്നാൽ നിങ്ങൾ വാങ്ങുവാൻ പോകുന്ന മനോഹരമായ ആഭരണം അങ്ങിനെ നിർമ്മിചെടുക്കുവാൻ പണിക്കാരന് കൊടുത്ത കൂലി ( കൂട്ടത്തിൽ നിങ്ങൾ കൊണ്ട എസി യുടെ ചാർജും കടയുടെ വാടകയും ചിലപ്പോൾ കൂട്ടാൻ സാധ്യത ഉണ്ട് ) . ഇനി പണി കുറവ് അഥവാ വെയ്സ്റ്റേജ് . നാം ഒരു പവൻ സ്വര്‍ണ്ണ കട്ട , തട്ടാന് കൊടുത്ത് ഒരു വള പണിയുവാൻ പറഞ്ഞാൽ തിരികെ കിട്ടുമ്പോൾ വളക്കു ഒരു പവൻ തൂക്കം ഉണ്ടാവില്ല . ഇത് വളയുടെ നിർമ്മാണ ഘട്ടത്തിൽ പൊടിയായും മറ്റും നഷ്ട പെടുന്നതാണ് . ഈ തൂക്ക വ്യത്യാസത്തെ ഗോൾഡ്‌ റേറ്റ് കൊണ്ട് ഗുണിച്ചാൽ പണിക്കുറവു ലഭിക്കും . ഇതിന്റെ കൂടെ സർക്കാരിന് കൊടുക്കേണ്ട റ്റാക്സ് കൂട്ടിയാൽ നിങ്ങൾ മേടിക്കുന്ന ആഭരണത്തിന്റെ വിലയായി .

All about GOLD – സ്വര്‍ണ്ണം -അറിയേണ്ട എല്ലാ കാര്യങ്ങളും 9

ഒരുമാതിരി ലായനികളിൽ ഒന്നിനും ഗോൾഡ്‌ എന്നാ ലോഹത്തെ ഉരുക്കുവാനുള്ള ശേഷി ഇല്ല. പക്ഷെ nitro-hydrochloric acid എന്ന Aqua regiaലായനിയിൽ ഇട്ടാൽ ഗോൾഡ്‌ ലയിച്ചു തീരും . ഗോൾഡ്‌ മാത്രമല്ല പ്ലാറ്റിനവും ഇതിൽ ലയിക്കും . ഇതിൽ മാത്രമല്ല , സയനൈടിലും മെർക്കുരിയിലും ഗോൾഡ്‌ ലയിക്കും .
ഗോൾഡ്‌ സാന്ദ്രത (Density) വളരെ കൂടിയ ലോഹമാണ് . അതിനാൽ ഭൂമിയിലെ ഗോൾഡ്‌ മുഴുവനും കിടക്കുന്നത് ഭൂമിയുടെ ഏറ്റവും അകത്തെ കോറിൽ ആണ് . (ഭൂമിയുടെ അക കാമ്പ് തിളച്ചു മറിയുന്നതിനാൽ ഘനം കൂടിയവ എല്ലാം താഴേക്ക് അടിയും ) . ഇത് ഒരിക്കലും കുഴിചെടുക്കുവാൻ സാധിക്കില്ല . ഭൌമോപരിതലത്തിൽ നിന്നും നാം കുഴിച്ചെടുക്കുന്ന ഗോൾഡ്‌ മിക്കതും ആകാശത്തിൽ നിന്നും വീണ ഉൽക്കകളിൽ നിന്നും ലഭിച്ചവയാണ് (supernova nucleosynthesis process) . ഇതുവരെ 174,100 ടണ് ഗോൾഡ്‌ കുഴിച്ചെടുത്തു കഴിഞ്ഞു എന്നാണ് കണക്ക്. ഇത് ലഭ്യമായത്തിന്റെ 90 ശതമാനം വരും ! ഇതിൽ അമ്പതു ശതമാനവും ആഭരണങ്ങൾ ഉണ്ടാക്കുവാനാണ് വിനിയോഗിച്ചത് ! ഭൂമിയിലെ സമുദ്ര ജലത്തിലും നല്ല തോതിൽ ഗോൾഡ്‌ അടങ്ങിയിട്ടുണ്ട് . പക്ഷെ ലാഭകരമായ രീതിയിൽ അത് വേർതിരിച്ചെടുക്കുവാൻ ഇത് വരെ കഴിഞ്ഞിട്ടില്ല .
ലോകമെമ്പാടും ഗോൾഡ്‌, ജ്യൂസിലും മറ്റ് ആഹാര പദാർത്ഥങ്ങളിലും ഉപയോഗിക്കുന്നുണ്ട് . നേരത്ത പാളികൾ (Gold Leaf) ആയി ഇടുകയാണ് ചെയ്യുന്നത് . ഗോൾഡ്‌ തിന്നാൽ ഒരു രുചിയും ഇല്ല , ഒരു പോഷകവും കിട്ടില്ല …ശരീരത്തിന് ഒരു മാറ്റവും ഉണ്ടാക്കില്ല . അകത്തു കയറിയത് പോലെ തന്നെ പുറത്തേക്ക് പോകുകയും ചെയ്യും ! വില കൂട്ടാം എന്ന് മാത്രം! . . ഗോൾഡ്‌ നേർത്ത നൂലാക്കി വില കൂടിയ തുണി തുന്നാൻ ഉപയോഗിക്കുന്നുണ്ട് . ഇൻഫ്രാ റെഡ് വികിരണങ്ങൾ തടയുവാൻ കൃത്രിമ ഉപഗ്രഹങ്ങളുടെ പുറത്ത് കവചമായി പൂശാറുണ്ട് . (ബഹിരാകാശ യാത്രികരുടെ ഉടുപ്പിലും ഗോൾഡ്‌ കോട്ട് ചെയ്യുന്നുണ്ട് ) . വില കൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നല്ലൊരു വൈദ്യുത ചാലകമായി ഗോൾഡ്‌ സേവനം അനുഷ്ടിക്കുന്നുണ്ട് . Goldschläger, Gold Strike, Goldwasser തുടങ്ങിയ മുന്തിയ ഇനം മദ്യങ്ങളിൽ ഗോൾഡ്‌ ഉണ്ട് !

ആഭരണങ്ങളുടെ ശുദ്ധത കണ്ടുപിടിക്കാം !

ഇതിന് ഉരച്ചു നോക്കുകയോ , ജൂവലറിയിൽ പോയി മെഷീൻ ടെസ്റ്റ്‌ നടത്തുകയോ ഒന്നും വേണ്ട ! രണ്ടു ചെറു വഴികൾ പറഞ്ഞു തരാം .

All about GOLD – സ്വര്‍ണ്ണം -അറിയേണ്ട എല്ലാ കാര്യങ്ങളും 10

മുകളിലെ ചിത്രത്തില്‍ നിന്നും , തനി തങ്കത്തിന്റെ നിറം റെഡ് -യെല്ലോ (മഞ്ഞ-ചുവപ്പ് ) ആണെന്ന് മനസ്സിലാക്കാം . 22 കാരറ്റിന്റെ നിറം തനി മഞ്ഞയും , 20/ 18കാരറ്റിന്റെത് മങ്ങിയ മഞ്ഞയും ആണ് . ചെമ്പിന്റെ അംശം കൂട്ടിയാൽ ചുവപ്പ് നിറം കണ്ണിൽ പെടും ! (ത്രികോണത്തിന്റെ വലം ഭാഗം ) . വെള്ളിയുടെ അംശം കൂടുതൽ ഉള്ളത് കൊണ്ടാണ് ചില ആഭരണങ്ങളുടെ നിറം മങ്ങി ഇരിക്കുന്നത് . അതായത് ചില 916 ആഭരണങ്ങളുടെ മങ്ങിയ നിറത്തിന് കാരണം , ഗോൾഡിന്റെ കുറവല്ല , 91.6 ശതമാനം ഗോൾഡും പിന്നെയുള്ളതിൽ ചെമ്പിനോടൊപ്പം വെള്ളിയും കാണും എന്നതിനാലാണ് . പക്ഷെ ഈ നിറമൊക്കെ നമ്മുക്ക് പിടികിട്ടണമെങ്കിൽ ജൂവലറികളിലെ വർണ്ണപ്രപഞ്ചത്തിൽ നിന്നും പുറത്തിറങ്ങി നോക്കണം . (ബില്ലടിക്കാതെ അതിനു തരമില്ല ).
ഈ വിദ്യക്കൊരു പോരായ്മ്മയുള്ളത് കടയിലെ ആഭരണങ്ങളെല്ലാം ഡ്രം പോളിഷ് കഴിഞ്ഞാണ് വരുന്നത് . .പോളിഷ് ചെയ്ത സ്വർണം എല്ലാ കാരറ്റും ഒരേ കളർ ആയിരിക്കും.
അടുത്ത വഴി പലർക്കും അറിയാവുന്ന ഒന്നാണ് . കല്ലോ , മുത്തോ ഇല്ലാത്ത ഗോൾഡ്‌ ആഭരണങ്ങൾ മാത്രമേ ഈ പരീക്ഷണത്തിന്‌ ഉപയോഗിക്കാവൂ . ആദ്യം ബില്ലിൽ നോക്കി ആഭരണത്തിന്റെ തൂക്കം നോട്ട് ചെയ്ത് വെക്കുക . ഒരു അളവ് ജാറിൽ ( അല്ലെങ്കിൽ മരുന്ന് കുടിക്കുവാൻ ഉപയോഗിക്കുന്ന, മില്ലി ലിറ്റർ അളവ് കോലുള്ള പ്ലാസ്റ്റിക് അടപ്പ് ) അനുയോജ്യമായ അളവിൽ വെള്ളം നിറക്കുക . ജലത്തിന്റെ അളവ് കുറിച്ച് വെക്കുക . നിങ്ങളുടെ ആഭരണം വെള്ളത്തിൽ ഇടുക . ഇപ്പോൾ വെള്ളത്തിന്റെ മാറിയ അളവ് കുറിച്ച് വെക്കുക .
All about GOLD – സ്വര്‍ണ്ണം -അറിയേണ്ട എല്ലാ കാര്യങ്ങളും 11
ഉദാഹരണത്തിന് , 38gm ഉള്ള ഒരു മാല വെള്ളത്തിൽ ഇട്ടപ്പോൾ 2.2ml ജലം ഉയർന്നു എന്ന് കരുതുക . മുപ്പത്തി എട്ടിനെ (38) 2.2 കൊണ്ട് ഹരിക്കുക . ഉത്തരം 17.27 …
ശുദ്ധമായ തങ്കമാണ് ഇട്ടതെങ്കിൽ ലഭിക്കേണ്ട ഉത്തരം 19 ആണ് . 22K ആണെങ്കിൽ 17.5 ഉം , 20K ആണെങ്കിൽ 16.5 ഉം 18K ആണെങ്കിൽ 15.5 ഉം ഉത്തരമായി ലഭിക്കും . അതായത് മേൽ പറഞ്ഞ പരീക്ഷണത്തിലെ ആഭരണം 22 കാരറ്റ് ആണ് . ഇതാണ് ഡെൻസിറ്റി ടെസ്റ്റ്‌ .

ഭൂമിയിലെ ഏറ്റവും ആഴമുള്ള സ്വർണ്ണ ഖനി !!

ദക്ഷിണാഫ്രിക്കയിലെ Gauteng പ്രവിശ്യയിലെ Mponeng Gold Mine ആണ് ഇന്ന് ലോകത്തിലെ ഏറ്റവും ആഴമുള്ള സ്വർണ്ണ ഖനി . 3,400m താഴ്ചയുള്ള ഇതിനു രണ്ടര മൈൽ വിസ്താരമുണ്ട് . ഒരു ടണ്‍ പാറയിൽ നിന്നും ഒരു പവൻ (8 ഗ്രാം ) സ്വർണ്ണം ആണ് ഇവിടെ നിന്നും ലഭിക്കുക . Mponeng എന്നാൽ പ്രാദേശിക സോതോ ഭാഷയിൽ ‘look at me’ എന്നാണ് അർഥം . ഖനിയുടെ മുകളിൽ നിന്നും താഴെ വരെ എത്തിച്ചേരാൻ ഒരു മണിക്കൂർ സമയം വേണം . ഇതിനുള്ളിൽ അറുപത്തി അഞ്ച് ഡിഗ്രീ താപനില ഉള്ളതിനാൽ മുഴുവൻ സമയവും Slurry ice (made up of millions of ice “micro-crystals” typically 0.1 to 1 mm in diameter) formed and suspended within a solution of water) താഴേക്കു പമ്പ്‌ ചെയ്തു താപനില മുപ്പത് ഡിഗ്രി വരെ താഴ്ത്തിയാണ് ഖനി പ്രവർത്തിക്കുന്നത് . carbon-in-pulp (CIP) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സ്വർണ്ണത്തെ ഇവർ വേർതിരിച്ചെടുക്കുന്നത് .
ഇനിയുമേറെയുണ്ട് സ്വർണ്ണക്കഥകൾ . പക്ഷെ ഒരു വഴി പോകുമ്പോൾ ഇത്രയും മതി അല്ലേ ?

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ