ഇഴയുന്ന വിനോദം !

ഇഴയുന്ന വിനോദം ! 1

രണ്ടായിരത്തിയെട്ട് മെയ് മുപ്പത് . സസ്യനിബിഡമായ ഇന്തൊനെഷ്യൻ ബൊർണിയൊ വനങ്ങളിലേയ്ക്ക് ഒരു റിസേർച്ച് ടീം സർവ്വവിധസന്നാഹങ്ങളുമായി കയറിപ്പോയി . എണ്ണപ്പനകൃഷി നടത്തുന്ന ഒരു കമ്പനിക്കായി ആ വനത്തെക്കുറിച്ച് പഠിക്കുകയായിരുന്നു അവരുടെ ലക്ഷ്യം . അവിടെ കൃഷിതുടങ്ങിയാൽ ഉണ്ടാവുന്ന പരിസ്ഥിതിപ്രശ്നങ്ങൾ , അവിടെയുള്ള ആദിവാസികളുടെ നിലനിൽപ്പ് , സസ്യമൃഗാദികളുടെ ഭാവി ഇതൊക്കെ പഠിക്കാനാണ് അവർ തിങ്ങിനിറഞ്ഞ ബോർണിയോ വനങ്ങളിലേക്ക് കയറിയത് . പൊതുവേ ആസ്‌ത്രേലിയൻ ജൈവമണ്ഡലവും , ഏഷ്യൻ പരിസ്ഥിതിയും മുഖാമുഖം നിൽക്കുന്ന ബോർണിയൻ കാടുകളിൽ മറ്റൊരിടത്തും കാണാനാവാത്ത മൃഗങ്ങളും ചെടികളും ധാരാളമുണ്ട് . അന്നുച്ചയോടെ ഒരു മലകയറ്റത്തിന് മുൻപായി ചെറു വിശ്രമത്തിനായി അരുവിയുടെ ഓരംപറ്റി തമ്പടിച്ചപ്പോഴാണ് സംഘങ്ങളിലൊരാൾ ജലത്തിൽ നിന്നും തലയുയർത്തി തങ്ങളെത്തന്നെ വീക്ഷിക്കുന്ന ഒരു ജീവിയെ കണ്ടത് . പാമ്പിനെപ്പോലെ നല്ല നീളം , ചൈനീസ് ഡ്രാഗന്റെ മുഖം , ദിനോസറിന്റെ തലയെടുപ്പ് , മുതലയുടെ ഭാവം . ദ്വീപുകാരുടെ ഭാഷയിൽ ഒരു കാടൽ (Kadal) അല്ലെങ്കിൽ വെറുമൊരു ഓന്ത് . എല്ലാവരെയും മാറിമാറി നോക്കിയ ആ ജന്തുവിന്റെ കുറെ ചിത്രങ്ങൾ ആരൊക്കെയോ ഒരു രസത്തിന് എടുത്തു . ഒരു മണിക്കൂറോളം അവരെത്തന്നെ നോക്കി വെള്ളത്തിൽ നിലയുറപ്പിച്ച ആ ജീവി , അവർ ക്യാമ്പ് വിടുന്നതിന് തൊട്ടുമുൻപ് അപ്രത്യക്ഷമായി .

Advertisements

പിന്നീട് ദിവസങ്ങൾക്ക് ശേഷം യാത്രയും പര്യവേഷണവുമൊക്കെകഴിഞ്ഞു തങ്ങളുടെ യാത്രാചിത്രങ്ങൾ വീണ്ടും കണ്ടുരസിക്കുന്നതിനിടെ വെള്ളത്തിൽ നിന്നും തങ്ങളെതന്നെ നോക്കി നിന്ന ആ ജീവി ഏതെന്നറിയാൻ നെറ്റിലൊന്ന് ചികഞ്ഞുനോക്കിയ അവർ ശരിക്കൊന്ന് ഞെട്ടി . ഉരഗലോകത്തിലെ അപൂർവ്വജീവിയായ ചെവിയില്ലാ ഗൗളി അഥവാ Earless monitor lizard ആയിരുന്നു അത് . 1877 ലെ ആദ്യ ദർശനത്തിന് ശേഷം പിന്നീടിങ്ങോട്ട് വിരലിലെണ്ണാവുന്നത്ര അവസരങ്ങളിൽ മാത്രം വന്യതയിൽ വെച്ച് മനുഷ്യൻ കണ്ടിട്ടുള്ള ഒരു ജീവി . ലോകമെമ്പാടുമുള്ള നൂറോളം ലൈവ് സ്പെസിമനുകൾ , പണ്ട് ജീവനോടെ കിട്ടിയ ഏതാനും പല്ലികളുടെ പിൻതലമുറക്കാർ ആണ് . ചുരുക്കത്തിൽ ഈയൊരു നൂറു വർഷങ്ങൾക്കിടയിൽ ഇവറ്റകളെ അവയുടെ ആവാസവ്യവസ്ഥയിൽ നേരിട്ട് കണ്ട് ഫോട്ടോയെടുത്ത ആദ്യ പര്യവേഷകരായിമാറി അവർ !

പക്ഷെ തങ്ങളുടെ കണ്ടുപിടുത്തതിന്റെ പ്രാധാന്യവും , അപകടവും ഒരേസമയം തിരിച്ചറിഞ്ഞ അവർ തങ്ങളുടെ റിസേർച്ച് പേപ്പറിൽ (2012) പല്ലിയെ കണ്ടെത്തിയ സ്ഥലമോ കോർഡിനേറ്റുകളോ മറ്റെന്തെങ്കിലും സൂചനകളോ മനപ്പൂർവ്വം കൊടുത്തില്ല . പക്ഷെ ബോർണിയോ എന്ന പേര് മാത്രം മതിയായിരുന്നു ആ സാധുജീവികളുടെ ജാതകം തിരുത്തിയെഴുതാൻ ! Herpetoculture എന്ന ലോകവ്യാപകമായ വിനോദം ഗുണവും ദോഷവും ഒരേപോലെയുള്ള ഒരു ഹോബിയാണ് . പല്ലികളെയും , മറ്റ് ഉരഗജീവികളെയും ജീവനോടെ വളർത്തുന്ന ഹോബിയാണ് ഹെർപ്പച്ചോകൾച്ചർ . ഗവേഷകർ ഇത് പഠനത്തിനായി ചെയ്യുമ്പോൾ സാധാരണക്കാർക്കിത് ചെറുഭ്രാന്തോട് കൂടിയ വിനോദമാണ് , അപൂർവ്വ ജീവികൾ കൈവശമാക്കുന്നത് ഒരു അന്തസ്സാണ്. ശീതരക്തവാഹകരായ ഈ ജീവികളെ പ്രത്യേകം ഉണ്ടാക്കിയെടുത്ത പരിസ്ഥിതിയിൽ വേണം വീട്ടിൽ വളർത്തുവാൻ . ചിലതിന് ഇങ്കുബേറ്റർ പോലുള്ള സംവിധാനങ്ങളും വേണ്ടിവരും . പക്ഷെ അപൂർവജീവികളെ സ്വന്തമാക്കുക എന്ന ഭ്രാന്ത് ഇത്തരം ജീവികളുടെ ലോകവ്യാപകമായ കള്ളക്കടത്തലിന് കാരണമാകും . ഇതിന്റെ ഇടനിലക്കാർ ഇത്തരം ജീവികളെ അവയുടെ പരിസ്ഥിതിയിൽ നിന്നും തായ്‌വേരുൾപ്പടെ പിഴുതെടുത്ത് കരിഞ്ചന്തയിൽ കൊടും വിലയ്ക്ക് വിൽക്കും .

നമ്മുടെ ചെവിയില്ലാ പല്ലിക്കും ഇതേഗതിയുണ്ടായി . ബോർണിയൻ വനങ്ങളിലേക്ക് കൂട്ടമായെത്തിയ അന്താരാഷ്ട്ര മൃഗവിൽപ്പനക്കാർ പ്രദേശവാസികളുടെ കൂട്ടുപിടിച്ച് വെള്ളത്തിൽ ഒന്നുമറിയാതെ തലയുയർത്തിനിന്ന സകല പല്ലികളെയും പിടിച്ച് ചാക്കിനകത്താക്കി . പക്ഷെ ഗവേഷകർ ഇക്കാര്യമറിയുന്നത് ലോകത്തിലെ ഏറ്റവും വലിയ ഉരഗജീവി മേളയായ Terraristika റെപ്‌റ്റൈൽ ഫെയർ തുടങ്ങിയപ്പോഴാണ് . മേളയോടനുബന്ധിച്ച് പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് പോസ്റ്റുകളിൽ €5,000 പൗണ്ടിനാണ് ചെവിയില്ലാ ഗൗളികൾ വിൽപ്പനക്കെത്തിയത് . ഇന്തോനേഷ്യയിലും മറ്റും ഇവറ്റകളുടെ വിൽപ്പന നിരോധിച്ചിട്ടുണ്ട് എങ്കിലും യൂറോപ്പിൽ നിരോധനം ഇല്ല എന്നത് വില്പനക്കാർക്ക് സൗകര്യമായി . പക്ഷെ കാര്യങ്ങൾ കൈവിട്ട് പോകുന്നതിന് മുൻപ് ഈ ജീവിയെ IUCN റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തണം എന്നാണ് ഗവേഷകർ ആവശ്യപ്പെടുന്നത് . അങ്ങനെവന്നാൽ അമേരിക്കയുൾപ്പടെ പലരാജ്യങ്ങളിലും ഇതിന്റെ വിപണനം സ്വാഭാവികമായി ഒരു കുറ്റകൃത്യമായി പരിഗണിക്കപ്പെടും . ഈ ഡിസംബർ പന്ത്രണ്ടിന് നടക്കാൻ പോകുന്ന അടുത്ത ഉരഗമേളക്ക് മുൻപായി നിയമങ്ങൾ നടപ്പിൽ വരുത്താനാണ് ഗവേഷകർ ശ്രമിക്കുന്നത് . ഇതിനോടകം തന്നെ വില്പനയ്ക്കായുള്ള പല്ലികളെ കാട്ടിൽ നിന്നും വേട്ടക്കാർ ഇപ്പോൾ തന്നെ പിടിച്ച് കടൽകടത്തിയിട്ടുണ്ടാവണം . അങ്ങിനെ വന്നാൽ ഏതാനും വർഷങ്ങൾക്കകം ഇവറ്റകൾ ഭൂമിയിലെ സ്വാഭാവികപരിസ്ഥിതിയിൽ നിന്നും അപ്രത്യക്ഷമാവുകയും ചെയ്യും .

ഇതിനോടനുബന്ധിച്ചുള്ള ഒരു ഫ്ലോറിഡാക്കഥകൂടി പറയാം . പണ്ട് ഏതോ ഉരഗപ്രേമിയുടെ കയ്യിൽ നിന്നും ഒന്നിലേറെ ബർമീസ് പെരുമ്പാമ്പുകൾ ദക്ഷിണഫ്ളോറിഡയിൽ എവിടെയോ വെച്ച് പുറത്ത് ചാടിപ്പോയി . പൊതുവെ ചതുപ്പ് നിലങ്ങളിൽ വസിക്കുന്ന ബർമീസ് പൈതണുകൾക്കു വിശാലമായ എവർഗ്ലെഡ് ചതുപ്പുനിലം നല്ലൊരു താവളമായി . അവറ്റകളവിടെ വലിയ ശല്യമൊന്നും ഉണ്ടാക്കാതെ പെറ്റുപെരുകി . വരണ്ട പ്രദേശങ്ങൾ വെറുത്തിരുന്നു ബർമൻ പാമ്പുകൾ പുറത്തേയ്ക്ക് ഇഴഞ്ഞുവന്ന് ആരെയും ശല്യപ്പെടുത്തിയതുമില്ല . ഇതിനിടെ കപ്പലുകയറിയോ അല്ലാതെയോ കുറച്ച് ഇന്ത്യൻ പെരുമ്പാമ്പുകളും ഇവിടെ വന്നു പെട്ടു . പക്ഷെ പൊതുവെ മരക്കൊമ്പിൽ തൂങ്ങിക്കിടന്ന് ശീലമുള്ള ഇവർ ഈ ചതുപ്പിൽ നിലനിൽക്കില്ല എന്നാണ് ഗവേഷകർ കരുതിയത് . പക്ഷെ പ്രകൃതി വലിയൊരു അത്ഭുതം ഒളിപ്പിച്ച് വെച്ചത് അവിടെയായിരുന്നു .പതിവിലും കൂടുതൽ തവണ പെരുമ്പാമ്പുകളെ റോഡിലും കൃഷിയിടങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളിലും കണ്ടു തുടങ്ങിയതോടുകൂടെയാണ് സംശയം ഉടലെടുത്തത് . ബർമൻ പാമ്പുകൾ വെള്ളം വെറുത്തുതുടങ്ങിയോ എന്ന് ആദ്യം സംശയിച്ചു . പക്ഷെ കരയിൽ നിന്നും പിടികൂടിയ പാമ്പുകളുടെ വിശദപരിശോധനയാണ് ഗവേഷകരെ ശരിക്കും ഞെട്ടിച്ചത് . ഇന്ത്യൻ മരപ്പാമ്പുകളും ബർമീസ് ചതുപ്പ് നാഗങ്ങളും തമ്മിൽ ഇണചേർന്ന് പുതിയൊരു സൂപ്പർ പാമ്പ് വർഗ്ഗം അവിടെ ജന്മം കൊണ്ടിരിക്കുന്നു ! ഇങ്ങനെ ജനിച്ച സൂപ്പർ പാമ്പുകൾ ചതുപ്പിലും ജീവിക്കും,  ഉണങ്ങിയ കരയിലും ജീവിക്കും ! പണി പാളി !

Photo : REPTILES4ALL/SHUTTERSTOCK

Advertisements

മോണിറ്റർ ലിസാർഡിനെ വിൽക്കാൻ വെച്ചിരിക്കുന്ന ഒരു FB ഗ്രൂപ്പ് : https://www.facebook.com/groups/452518084927186/

 

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ