* Blogger * Translator * Traveler * Vloger

Kazimierz Nowak എന്ന പോളിഷ് ഫോട്ടോ ജേർണലിസ്റ്റ് ശരിക്കും ഇരുണ്ട ഭൂഖണ്ഡമായിരുന്ന ആഫ്രിക്കയുടെ വിരിമാറിലൂടെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ ഒറ്റയ്ക്ക് യാത്ര ചെയ്തു !

by Julius Manuel
94 പേർ വായിച്ചു

1930 കളിലെ ആഫ്രിക്ക ഒന്ന് സങ്കല്പ്പിച്ചു നോക്കൂ ! തികച്ചും അപരിചിതവും ദുരൂഹവുമായ സ്ഥലങ്ങൾ …. അതിർത്തികളില്ലാത്ത രാജ്യങ്ങൾ ….. ഇനിയും പുറംലോകം അറിഞ്ഞിട്ടില്ലാത്ത ജനവർഗ്ഗങ്ങൾ , അജ്ഞാതമായ ഊടു പാതകൾ …. വഴികളിൽ മാംസഭോജികളായ മൃഗങ്ങളും അതിലും കാടൻമാരായ ഗോത്രവർഗ്ഗങ്ങളും . സ്പാനിഷ് , ഫ്രഞ്ച് , ബ്രിട്ടീഷ് , ഇറ്റാലിയൻ അധിനിവേശങ്ങളും യുദ്ധങ്ങളും ….. ഒരു സഞ്ചാരിക്ക് ഒരിക്കലും സങ്കല്പിക്കാൻപോലും പറ്റാത്ത യാത്ര ! പക്ഷെ Kazimierz Nowak എന്ന പോളിഷ് ഫോട്ടോ ജേർണലിസ്റ്റ് ഈ കാലയളവിൽ അന്ന് ശരിക്കും ഇരുണ്ട ഭൂഖണ്ഡമായിരുന്ന ആഫ്രിക്കയുടെ വിരിമാറിലൂടെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ ഒറ്റയ്ക്ക് യാത്ര ചെയ്തു ! ഒരു തവണയല്ല , രണ്ടു പ്രാവിശ്യം ! ബോട്ടിലും സൈക്കിളിലും, വഞ്ചിയിലും , കുതിരപ്പുറത്തും , കാൽനടയായും സഞ്ചരിച്ചു തീർത്തത് നാൽപ്പതിനായിരം കിലോമീറ്റർ ! ഇതിനിടക്ക് അദ്ദേഹം എടുത്ത ഫോട്ടോകളുടെ എണ്ണം ഏകദേശം പതിനായിരം ! സൈക്കിൾ സഞ്ചാരികളുടെ കാരണവരായ നൊവാക് എന്ന അത്ഭുതത്തെ നമ്മൊക്കൊന്നു പരിചയപ്പെടാം .

1897 ൽ പോളണ്ടിലെ Stryj എന്ന ചെറുഗ്രാമത്തിലാണ് നൊവാക്ക് ജനിച്ചത് . തന്റെ ഗ്രാമത്തിലെ കുന്നുകളും പുഴകളും ഏറെ നേരം നോക്കിനിന്ന് ആസ്വദിക്കുമായിരുന്ന കൊച്ചു നൊവാക് തന്റെ പതിനഞ്ചാമത്തെ വയസിൽ വത്തിക്കാനിലേക്ക് ഒരു യാത്ര നടത്തി . തന്റെയുള്ളിൽ ഒരു സഞ്ചാരി വീർപ്പുമുട്ടി കഴിയുന്നുണ്ട് എന്ന സത്യം ആ യാത്രയിലാണ് അദ്ദേഹത്തിന് മനസിലായത് . പിന്നീട് യുവാവായ നോവാക്കിന് Poznan എന്ന സ്ഥലത്ത് ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലി കിട്ടി . അതൊരു തരമാക്കിയ അദ്ദേഹം അക്കാലയളവിൽ ഒരു സൈക്കിളിൽ പോളണ്ട് മുഴുവനും സഞ്ചരിച്ചു . 1922 ൽ വിവാഹിതനായ (Maria Gorcik) അദ്ദേഹത്തിന് രണ്ടു കുട്ടികളും ജനിച്ചു ( Elisabeth , Romuald ) . ജീവിതബുദ്ധിമുട്ടുകൾ കൂടിവരുന്നതിനനുസരിച്ചു നൊവാക് ഓഫീസിൽ കൂടുതൽ സമയം ജോലിനോക്കി തുടങ്ങി . മിച്ചം വെക്കുന്ന കാശുകൊണ്ട് യാത്രക്കുള്ള ചിലവുകൾ കൈകാര്യം ചെയ്യാം എന്നായിരുന്നു കണക്കുകൂട്ടൽ . പക്ഷെ അതുകൊണ്ടു കാര്യങ്ങൾ നടക്കില്ല എന്ന് താമസിയാതെ തന്നെ ബോധ്യപ്പെട്ടു . അപ്പോഴാണ് സുഹൃത്തുക്കളിൽ ഒരാൾ ഒരു വഴി പറഞ്ഞത് . യാത്രകൾക്കിടയിൽ ഫോട്ടോകൾ എടുക്കുക , കൂട്ടത്തിൽ അൽപ്പം വിവരണങ്ങളും . അത് പ്രമുഖ പത്രങ്ങൾക്ക് അയച്ചു കൊടുക്കുക . അവർ പ്രതിഫലം നൽകും . നൊവാക് യാത്രയിലാണെകിൽ പോലും കാശ് വീട്ടിൽ എത്തിക്കൊള്ളും . ഐഡിയ നോവാക്കിന് നന്നേ ബോധിച്ചു .

അങ്ങിനെ ജോലി ഉപേക്ഷിച്ച അദ്ദേഹം 1925 ൽ ഒരു യൂറോപ്യൻ പര്യടനത്തിനായി ഇറങ്ങി . ഹംഗറി , ഓസ്ട്രിയ , ഇറ്റലി , ബെൽജിയം , ഹോളണ്ട് , റൊമാനിയ , ഗ്രീസ് , ടർക്കി തുടങ്ങിയ രാജ്യങ്ങൾ ആ യാത്രയിൽ നൊവാക് സന്ദർശിച്ചു . ഭൂരിഭാഗവും സൈക്കിളിൽ തന്നെയായിരുന്നു യാത്ര . പിന്നീട് ഉത്തരാഫ്രിക്കയിലെ Tripolitania (ലിബിയ ) ആയിരുന്നു അദ്ദേഹത്തിന്റെ ലക്‌ഷ്യം. പക്ഷെ പെട്ടന്നുണ്ടായ യുദ്ധവും മോശമായ ആരോഗ്യസ്ഥിതിയും കാരണം ആ യാത്ര മുഴുമിപ്പിക്കാതെ നൊവാക് തിരികെയെത്തി . പക്ഷെ ആഫ്രിക്കൻ സഫാരി എന്ന തീപ്പൊരി മനസ്സിൽ പടരാൻ ആ യാത്ര കാരണമായി എന്ന് പറയാം . പിന്നീട് ഫ്രാൻസിലേക്ക് ഒരു യാത്ര പോയെങ്കിലും ആഫ്രിക്കയായിരുന്നു മനസ് നിറയെ . ഇരുണ്ട ഭൂഖണ്ഡത്തെ കുറിച്ച് അന്ന് ലഭ്യമായിരുന്ന സകല രേഖകളും പുസ്തകങ്ങളും യാത്രാവിവരണങ്ങളും തേടി പിടിച്ചു വായിച്ചു .

അങ്ങിനെ 1931 നവംബർ നാലിന് നൊവാക് തന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആ നീണ്ടയാത്രയ്ക്ക് തുടക്കം കുറിച്ചു . കുറച്ചു സ്വർണ്ണം (ഏത് രാജ്യത്തും എന്തിനു ആദിവാസികളുടെ ഇടയിൽ പോലും ഇതിനു വില കിട്ടുമല്ലോ ) , ഒരു പേന ,ക്യാമറ (35 mm Contax camera, പുറത്തിറങ്ങിയ ആദ്യ ബാച്ചിലെ ക്യാമെറ തന്നെയാണ് അദ്ദേഹം സ്വന്തമാക്കിയത് ) , സൈക്കിൾ , പിന്നെ നോവാക്കിന്റെ സ്വന്തം ഭാഷയിൽ പറഞ്ഞാൽ ഉറച്ച മനോധൈര്യം ! ഇത്രയുമായിരുന്നു അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നത് . ആദ്യം Poznan എന്ന സ്ഥലത്തേക്ക് ബസിലും പിന്നീട് റോമിലേക്ക് ട്രെയിനിലും ആയിരുന്നു യാത്ര . ശേഷം സൈക്കിളിൽ നേപ്പിൾസിൽ എത്തിച്ചേർന്നു . പിന്നീട് ബോട്ടിൽ മെഡിറ്ററേനിയൻ കടന്ന് ട്രിപ്പോളിയിൽ എത്തി. നവംബർ ഇരുപത്തിയാറിനാണ് ട്രിപ്പോളിയിൽ നിന്നും നൊവാക്ക് തന്റെ ഏഴു വർഷം പഴക്കമുള്ള സൈക്കിളിൽ ആഫ്രിക്കൻ യാത്ര ആരംഭിച്ചത് . വെള്ളക്കാർ മുൻപ് കണ്ടിട്ടില്ലാത്ത ചെറുഗ്രാമങ്ങളും , കുന്നിൻ ചെരിവുകളും , അരുവികളും , കാടുകളും , പുൽമേടുകളും കടന്നുള്ള ആ യാത്രയിൽ അനേകം ജനവർഗ്ഗങ്ങളെയും അദ്ദേഹം കണ്ടുമുട്ടി . ഏവരുമായി നല്ല സൗഹൃദത്തിൽ ബന്ധം സ്ഥാപിച്ച അദ്ദേഹം രാത്രിയിൽ മരക്കൊമ്പുകളിലും ഗോത്രവർഗ്ഗക്കാരുടെ കൂടെ അവരുടെ കുടിലുകളിലും മറ്റുമായി അന്തിയുറങ്ങി . അവരുടെ നാടോടിക്കഥകളും അനുഭവങ്ങളും ക്ഷമയോടെ കേട്ടിരുന്ന നോവാക്കിനെ ഏവർക്കും പെട്ടന്ന് തന്നെ ഇഷ്ട്ടമായി . താനെടുത്ത ഫോട്ടോകളും കുറിപ്പുകളും അപൂർവ്വമായി കണ്ടുമുട്ടാറുണ്ടായിരുന്ന മിഷനറിമാരുടെ കയ്യിൽ അദ്ദേഹം ഏൽപ്പിച്ചു . അതെല്ലാം മുറക്ക് തന്നെ പോളണ്ടിലെയും മറ്റു യൂറോപ്യൻ രാജ്യങ്ങളിലെയും പത്രങ്ങളിൽ എത്തുകയും ചെയ്യുന്നുണ്ടായിരുന്നു . വെള്ളപട്ടാളക്കാർ നിറഞ്ഞ സൈനിക ക്യാംപുകൾ നോവാക്കിനു തീരെ താൽപ്പര്യം ഉണ്ടായിരുന്നില്ല . അവരെ ഒഴിവാക്കി മിഷനറികളുടെ കൂടെയും ഗോത്രവർഗ്ഗക്കാരുടെ കൂടെയുമാണ് അദ്ദേഹം കൂടുതലും താമസിച്ചത് . തദ്ദേശീയരുമായുള്ള ഭാഷാവിനിമയം നടത്താൻ മിഷനറിമാർ സഹായകമായിരുന്നു എന്നതായിരുന്നു പ്രധാന കാരണം .

1932 ലെ വിശുദ്ധവാരത്തിൽ Maradah മരുപ്പച്ചയിൽ എത്തിയ അദ്ദേഹത്തെ കണ്ട് അവിടെയുണ്ടായിരുന്ന ഇറ്റാലിയൻ അധികൃതർ മൂക്കത്തു വിരൽവെച്ചു . സൈക്കിളിൽ ഒറ്റയ്ക്ക് ഒരാൾ പോളണ്ടിൽ നിന്നും അവിടെ എത്തി എന്നത് അന്നും ഇന്നും അവിശ്വസനീയം തന്നെ ആയിരുന്നു . കൊളോണിയൽ ചിന്താഗതി വെച്ച് പുലർത്താതിരുന്ന നോവാക്കിന് വെള്ളക്കാരായ മറ്റു പര്യവേഷകരിൽ നിന്നും കാര്യമായ സഹായം ലഭിച്ചില്ല . എന്നാൽ പത്രങ്ങൾ ഫോട്ടോകൾക്കും വിവരണങ്ങൾക്കുമുള്ള പ്രതിഫലം കൃത്യമായി തന്നെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിച്ചിരുന്നു . കൂടാതെ ഇറ്റാലിയൻ പട്ടാളം വഴി സൈക്കിളിന് പുതിയ ടയറുകളും സ്പെയർ പാർട്സുകളും അവർ എത്തിച്ചു കൊടുത്തു . ഒരു നാട്ടു ചന്തയിൽ നിന്നും സാധനങ്ങൾ വാങ്ങി; പോകുന്ന വഴിയിലെ കവലകളിൽ കൂടിയ വിലയ്ക്ക് വിറ്റാണ് അദ്ദേഹം തന്റെ ചിലവ് കാശ് കണ്ടെത്തിയിരുന്നത് . വന്യമൃഗങ്ങൾ മനുഷ്യരെ അടക്കിവാണിരുന്ന ആഫ്രിക്കൻ വനാന്തരങ്ങളിൽ കൂടെയും സാവന്ന പുൽമേടുകളിലൂടെയും പരന്ന മണൽ കാടുകളിലൂടെയും നടന്നും സൈക്കിൾ ചവുട്ടിയും അദ്ദേഹം മുന്നോട്ടു തന്നെ നീങ്ങി . മലേറിയയും മറ്റു രോഗങ്ങളും വേട്ടയാടിയെങ്കിലും “മുന്നോട്ട് !” എന്ന മന്ത്രം ഉരുവിട്ട് ആ ഏകാന്ത യാത്രികൻ സഞ്ചരിച്ചുകൊണ്ടേയിരുന്നു . നോവാകിന്റെ ഒരു കുറിപ്പ് കൂട്ടത്തിൽ വായിക്കുന്നത് ആ മനോനില മനസിലാക്കാൻ ഉപകരിക്കും …..

“A rag of road and away in front of me. Maybe the next letter will be more interesting, maybe I can even take a picture, as lion eats for breakfast or something like that. Yes, I am entering a country where every step of my life is dying, and yet, despite the difficult days of my coming, some mighty force is propelling me towards the distant Negro countries, I have no power to resist it. ”

അങ്ങിനെ 1934 ഏപ്രിലിൽ അദ്ദേഹം ആഫ്രിക്കയുടെ തെക്കേ അറ്റത്തുള്ള കേപ് ടൗണിൽ (Cape Agulhas )എത്തിച്ചേർന്നു ! ഇത്രയും ദൂരം മാസങ്ങളെടുത്ത് സൈക്കിളിൽ നമ്മളാണ് ഈ യാത്ര നടത്തിയതെങ്കിൽ ഇനി എന്താണ് ചെയ്യാൻ പോകുന്നത് ? അടുത്ത തുറമുഖത്ത് നിന്നും ഒരു കപ്പൽ പിടിച്ച് വിജയശ്രീലാളിതനായി തിരികെ വീട്ടിലേക്ക് പോകും ! പക്ഷെ നോവാക്കുണ്ടോ വിടുന്നു !!! കക്ഷി സൈക്കിൾ വീണ്ടും എതിർ ദിശയിലേക്ക് തിരിച്ചു ! ഇനി ആഫ്രിക്കയുടെ തെക്കേ അറ്റത്തു നിന്നും എതിർ ദിശയിൽ വടക്കോട്ട്‌ ! പക്ഷെ വേറെ വഴിയിൽ കൂടെയാണ് എന്ന് മാത്രം ! പക്ഷെ ഈ യാത്രയിൽ നോവാക്കിന്റെ സൈക്കിൾ തകർന്നു പൊളിഞ്ഞു . പിന്നീട് ഒരു കുതിരപ്പുറത്തായിരുന്നു അദ്ദേഹത്തിന്റെ യാത്ര . രണ്ടു കുതിരകളെയാണ് അദ്ദേഹം ഉപയോഗിച്ചത് (Rysia and Żbika) . ഒന്നിനെ സവാരിക്കും മറ്റേതിനെ സാധനങ്ങൾ ചുമക്കുന്നതിനും ഉപയോഗിച്ചു . പിന്നീട് Kasai നദിയിലൂടെ സഞ്ചരിക്കുവാൻ കുതിരകളെ വിട്ടിട്ട് ഒരു നാടൻ വഞ്ചി മേടിച്ചു . Poznan എന്ന് അദ്ദേഹം പേരിട്ട ആ വഞ്ചി മലവെള്ളപാച്ചിലിൽ പാറയിൽ തട്ടി തകർന്നു . ശേഷം അനേകം മൈലുകളോളം കാൽനടയായി സഞ്ചരിച്ച് Leopoldville യിൽ എത്തി . അവിടെ നിന്നും മറ്റൊരു സൈക്കിൾ സംഘടിപ്പിച്ച് , ഫിലിമുകളും ആവശ്യസാധനങ്ങളും വാങ്ങി വീണ്ടും യാത്ര തുടർന്നു . അങ്ങിനെ സഹാറാ മരുഭൂമിയും താണ്ടി 1936 നവംബറിൽ തന്റെ അഞ്ചു വർഷത്തെ നാല്പതിനായിരം കിലോമീറ്റർ യാത്ര അവസാനിപ്പിച്ചു നൊവാക് താൻ യാത്ര തുടങ്ങിയിടത്തു തന്നെ തിരികെ എത്തി !

All five years – a long time, but when I think about the past years, I think they were only a short dream. Dream about jungle, desert, freedom … and if not for the thousands of pictures I did in Africa, I might not even believe it was just a wonderful dream! ”

തിരികെയെത്തിയ അദ്ദേഹം മീറ്റിങ്ങുകളിലും യൂണിവേഴ്സിറ്റികളിലും മറ്റും തന്റെ യാത്രകളെ പറ്റിയുള്ള ക്ളാസുകൾ എടുത്തും ഫോട്ടോകൾ പ്രദർശിപ്പിച്ചും ആണ് ശിഷ്ടകാലം കഴിച്ചു കൂട്ടിയത് . പക്ഷെ നീണ്ട യാത്ര അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാക്കിയിരുന്നു . അവസാനം 1937 ഒക്ടോബർ പതിമൂന്നിന് തന്റെ എല്ലാ യാത്രകളും കാഴ്ചകളും അവസാനിപ്പിച്ച് നൊവാക് കാലത്തിന്റെ തിരശീലക്ക് പിന്നിലേക്ക് വിടവാങ്ങി . ഏറെക്കാലം അധികമാരും അറിയാതെ കിടന്നിരുന്ന ഈ അതുല്യ യാത്ര പുറം ലോകം കാണിച്ചത് Łukasz Wierzbicki ആണ് . നോവാക്കിന്റെ ഫോട്ടോകളും വിവരണങ്ങളും ശേഖരിച്ച് പുറത്തിറക്കിയ പുസ്തകം (Bicycle and walk across the Black Sea) ജനശ്രദ്ധ പിടിച്ചുപറ്റി . ഇന്ന് ലോകം മുഴുവനുമുള്ള സൈക്കിൾ യാത്രികരുടെ സ്വപ്‍നകഥാപാത്രമാണ് Kazimierz Nowak.

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.