മലമുകളിലെ വ്യാളികൾ !

മലമുകളിലെ വ്യാളികൾ ! 1
https://youtu.be/UFZhjfQIrFw

ദേവൻമാർ മുകളിലാണ് , അല്ലെങ്കിൽ സ്വർഗ്ഗം മുകളിലാണ് എന്ന സങ്കൽപ്പത്തിൽ നിന്നാവണം പ്രാചീന ഗോത്രങ്ങൾ തങ്ങളുടെ യാഗ ബലികളും മറ്റും മലമുകളിൽ വെച്ച് നടത്തിയിരുന്നത് . അവിടാകുമ്പോൾ സ്വർഗ്ഗത്തോട് കൂടുതൽ അടുത്തായിരിക്കും എന്നവർ കരുതിയിരിക്കും . അതുപോലെ തന്നെ ലോകത്തിന്റെ നാനാഭാഗത്തുമുള്ള അസാമാന്യവലിപ്പമുള്ള ചിത്രപ്പണികളും “മുകളിൽ ഉള്ളവർ ” നേരെ ചൊവ്വേ കണ്ടോട്ടെ എന്ന വിചാരത്തിൽ നിന്നാകാനും സാധ്യത ഉണ്ട് . ഏതാണ്ട് ഇതുപോലൊക്കെ തന്നെയാണെങ്കിലും ഉദ്യേശം എന്തായിരുന്നു എന്ന് ഇന്നും ഗവേഷകർക്ക് നിർവചിക്കാൻ ബുദ്ധിമുട്ടുള്ള ചില പ്രാചീന നിർമ്മിതികളാണ് effigy mound എന്നറിയപ്പെടുന്നത് . ഭൂമിയിൽ നിന്ന് കുറച്ചു ഉയരത്തിൽ മണ്ണുകൊണ്ട് നിർമ്മിക്കുന്ന തട്ടുകളെ Mound എന്നും അത്തരം നിർമ്മിതികൾക്ക് മൃഗങ്ങളുടെയോ മനുഷ്യന്റെയോ രൂപസാദൃശ്യം ഉണ്ടെങ്കിൽ അവയെ എഫിജി മൗണ്ട് എന്നും വിളിക്കും . മധ്യ അമേരിക്കയിലും വടക്കേ അമേരിക്കയിലും ആണ് ഇത്തരം കൃത്രിമ മണ്ണ് നിർമ്മികൾ കൂടുതലായും കണ്ടു പിടിക്കപ്പെട്ടിട്ടുള്ളത് . ഇതിൽ തന്നെ ഏറ്റവും പ്രശസ്തം ചിത്രത്തിൽ കാണുന്ന Great Serpent Mound ആണ് . ഇത് ഒഹായോയിലെ (Ohio) Serpent Mound crater എന്ന താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത് . ഈ താഴ്വരയാകട്ടെ ചരിത്രാതീതകാലത്തേ ഒരു ഉൽക്കാപതനത്താൽ (Permian Period) രൂപമെടുത്തതും ആണ് . ഉൽക്കാപതനത്തിന്റെ  ഫലമായി ഗർത്തത്തിന്റെ നടുഭാഗം ഉയർന്നു വന്നിരുന്നു . അവിടെയാണ് ഈ സർപ്പ നിർമ്മിതി സ്ഥിതിചെയ്യുന്നത് . ഉൽക്കകൾ സ്വർഗ്ഗത്തിൽ നിന്നും വീഴുന്നു എന്ന റെഡ് ഇന്ത്യൻ വിശ്വാസം ആകാം ഇവിടെ തന്നെ മണ്ണിൽ ഭീമാകാരനായ ഒരു സർപ്പത്തെ വരയ്ക്കുവാൻ ഇന്നും അത്ഞാതരായ പ്രാചീന കലാകാരൻമാരെ പ്രേരിപ്പിച്ചത് എന്ന് ഗവേഷകർ കരുതുന്നു . അതുമല്ലെങ്കിൽ വരണ്ടു വിജനമായ താഴ്വര അവരുടെ ശ്രദ്ധയെ ആകർഷിച്ചിരിക്കാം .

Advertisements

കോണിക്കൽ ആകൃതിയിൽ ഉള്ള കൃത്രിമ കുന്നുകൾ (Mound ) ഒട്ടനവധി മധ്യ അമേരിക്കയിൽ കണ്ടെത്തിയിട്ടുണ്ട് . ഇവയിൽ മിക്കതും സെമിത്തേരികൾ ആയിരുന്നു . എന്നാൽ ഇത്തരം കുന്നുകൾ കൂടാതെ മലമുകളിൽ കാണപ്പെടുന്ന നിർമ്മിതികൾ മിക്കതും ഏതെങ്കിലും മൃഗത്തെയോ പക്ഷിയെയോ പ്രതിനിധാനം ചെയ്യുന്ന കൂറ്റൻ നിർമ്മിതികൾ ആയിരുന്നു . എന്നാൽ ഇതൊന്നും തന്നെ മൃതദേഹം ദഹിപ്പിക്കാനോ അടക്കം ചെയ്യാനോ ഉപയോഗിച്ചിരുന്നില്ല എന്ന് പഠനങ്ങൾ തെളിയിക്കുന്നു . ക്രിസ്തുവിനു ശേഷം മൂന്നാം നൂറ്റാണ്ടു മുതലാവാം (Late Woodland Period AD 350-1300) ഇതിന്റെ നിർമ്മാണം എന്ന് കരുതപ്പെടുന്നു . എന്നാൽ തകർന്നു പോയ ചില നിർമ്മിതികൾ ക്രിസ്തുവിനും മുന്നേ ഏഴു നൂറ്റാണ്ടുകൾ കൂടി പഴക്കം കാണിക്കുന്നുണ്ട് . ആയിരത്തിൽ അഞ്ഞൂറുകളിൽ Hernando de Soto (1539–42) പോലുള്ള പര്യവേഷകർ റെഡ് ഇന്ത്യക്കാരുടെ മൺകൂനകൾ ആയിരക്കണക്കിന് കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട് എങ്കിലും എഫിജി കുന്നുകൾ തുലോം കുറവ് ആയിരുന്നു എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട് . എന്നാൽ വലിപ്പക്കുറവുള്ള ഏകദേശം പതിനയ്യായിരത്തോളം എഫിജി മലകൾ നശിച്ചു പോയിട്ടുണ്ട് എന്നാണ് ഇപ്പോൾ കരുതുന്നത് . പക്ഷെ എഫിജി നിർമ്മിതിയുടെ ഉദ്യേശം മറ്റെന്തോ ആയിരുന്നു എന്ന് മിക്കവരും കരുതുന്നു .

സർപ്പം , പക്ഷികൾ , കരടി , മാൻ , ആമ , പോത്ത് തുടങ്ങിയവയുടെ രൂപങ്ങൾ ആയിരുന്നു കൂടുതലും ഉണ്ടായിരുന്നത് . ഈ രൂപങ്ങളിലുള്ള സ്പിരിറ്റുകളെ പ്രാചീന അമേരിക്കൻ വർഗ്ഗങ്ങൾ ആരാധിച്ചിരുന്നതിനാൽ ദേവാരാധന തന്നെയായാകാം ഇതിൻെറ ലക്ഷ്യം എന്നാണ് മിക്ക ചരിത്രകാരൻമ്മാരും കരുതുന്നത് . ഇതിന്റെ ചുറ്റും കൂടി നിന്നാവാം പ്രാർത്ഥിച്ചിരുന്നത് . എങ്കിലും ഇതിന്റെയൊക്കെ അസാമാന്യ വലിപ്പമാണ് നമ്മെ അതിശയിപ്പിക്കുന്നത് . ” മുകളിലുള്ളവർ ” കണ്ടോട്ടെ എന്നുള്ള ധാരണയാവാം ഹേതു എന്ന് തന്നെയാണ് മിക്കവരും കരുതുന്നത് . ഏറ്റവും വലിയ പക്ഷി നിർമ്മിതിയുടെ വിങ്സ്പാൻ 190 മീറ്റർ ആണ് ! (Madison, Wisconsin).

വായിൽ മുട്ടയും പിടിച്ച് ഇഴയുന്ന സർപ്പമായ Great Serpent Mound ന്റെ നീളം 400 മീറ്ററും !ആകാശത്തിലുള്ള ചില നക്ഷത്രങ്ങളുടെയും നക്ഷത്ര വ്യൂഹങ്ങളുടെയും സ്ഥാനമനുസരിച്ചാണ് Great Serpent Mound ന്റെ നിർമ്മാണം എന്ന് സമർത്ഥിക്കുന്ന ഗവേഷകരും ഉണ്ട് . AD 1070 ആണ് ഇതിന്റെ നിർണ്ണയിക്കപ്പെട്ട ഏകദേശ നിർമ്മാണ കാലം . 1054 ൽ ആണ് ക്രാബ് നെബുല രൂപപ്പെടുവാൻ കാരണമായ സൂപ്പർനോവ വിസ്ഫോടനം നടന്നത് . ഇതിന്റെ തെളിച്ചം രണ്ട് ദിവസങ്ങളോളം പകലുപോലും ഭൂമിയിൽ ദൃശ്യമായിരുന്നു . 1066 ൽ ഹാലിയുടെ വാൽ നക്ഷത്രവും ഇതിന്റെ മുകളിൽ ഉണ്ടായിരുന്നു . അന്ന് ആകാശത്ത് മിന്നിമറിഞ്ഞ രൂപങ്ങൾ കണ്ടു വിരണ്ട ഗോത്രങ്ങൾ ദേവ പ്രീതിക്ക് നിർമ്മിച്ചതാകാം ഇതെന്ന് ചിലർ വാദിക്കുന്നു . എന്നാൽ ഡ്രാക്കോ നക്ഷത്രവ്യൂഹത്തിലെ നക്ഷത്രങ്ങളുടെ സ്ഥാനമനുസരിച്ചാണ് സർപ്പത്തിന്റെ നിർമ്മാണം എന്നാണ് വേറെ ചില ഗവേഷകർ കരുതുന്നത് . എന്തായാലും നിർമ്മാണകാരണവും നിർമ്മിച്ചവരും ഇന്നും തിരശീലക്കു പിറകിലാണ് . തൽക്കാലം 39°1′33.09″N83°25′49.60″W എന്ന കോർഡിനേറ്റുകൾ ഗൂഗിൾ എർത്തിൽ പേസ്റ്റ് ചെയ്‌താൽ ഈ സർപ്പത്തെ നമ്മുക്കും കാണാം .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ