നസ്രായൻ അഥവാ യോഹന്നാന്റെ പിൻഗാമി

നസ്രായൻ അഥവാ യോഹന്നാന്റെ പിൻഗാമി 1

ഭാഷയ്ക്കനുസരിച്ച് മാത്രമല്ല , മതത്തിനനുസരിച്ചും അർത്ഥം മാറുന്ന ഒരു പേരാണ് Nazar . ഹിന്ദിയിലും , ഉർദുവിലും , അറബിക്കിലും , പേർഷ്യനിലും ഉള്ള അർത്ഥങ്ങൾ നിങ്ങൾ തന്നെ കണ്ടെത്തിക്കൊള്ളൂ , പക്ഷെ ഇതേ വാക്കിന്റെ ഹീബ്രുവിലുള്ള (נָזַר) അർത്ഥത്തിൽ നിന്നാണ് ഈ പോസ്റ്റ് സമാരംഭിക്കുന്നത് . പവിത്രീകരിക്കപ്പെട്ടവർ, അല്ലെങ്കിൽ വേർതിരിക്കപ്പെട്ടവർ എന്നൊക്കെയാണ് ഈ വാക്കിന് ഹീബ്രുവിലുള്ള അർത്ഥം . ഈ പേരിൽ ഒരു വ്രതവും ഉണ്ട് ജൂതർക്ക് . ഇത്തരം വ്രതം ഉൾപ്പടെ നിഷ്ഠയായ , മത -സാമൂഹിക ജീവിതചര്യകൾ , കൊണ്ട് നടന്നിരുന്ന അനേകം ഗ്രൂപ്പുകൾ അന്ന് അതായത് ക്രിസ്തുവിന്റെ കാലത്ത് ഗലീലിയൻ പാലസ്തീൻ ദേശങ്ങളിൽ ഉണ്ടായിരുന്നു . എസിനീയർ , ഫരീസിയർ ഒക്കെ ഇത്തരം ഗ്രൂപ്പുകൾ ആയിരുന്നു . ഇക്കൂട്ടത്തിൽ ഒരു വിഭാഗമായിരുന്നു തങ്ങൾ എന്ന് അവകാശപ്പെടുന്ന ഒരു മതവിഭാഗം ഇപ്പോഴും ഈ ഭൂമിയിൽ അവശേഷിക്കുന്നുണ്ട് . അവരാണ് Mandaeans (മാൻഡിയൻസ്). മുൻപ് പറഞ്ഞ നാസിർ വ്രതം അനുഷ്ഠിക്കുന്നവർ എന്നർത്ഥത്തിൽ , ക്രിസ്തുവിന്റെ കാലത്തുതന്നെ അവർ നസറായൻസ് (അല്ലെങ്കിൽ Nasurai) എന്ന് അറിയപ്പെട്ടിരുന്നു എന്ന് ഇവർ അവകാശപ്പെടുന്നു . ഇത്തരം ഒരുമാതിരി ഗ്രൂപ്പുകളെ യേശു (യേഹ്ശുവാ എന്ന് ഹീബ്രു ) പേരെടുത്തു വിമർശിക്കുന്നുണ്ട് ബൈബിളിൽ . പക്ഷെ അദ്ദേഹം വിമർശനത്തിൽ നിന്നും ഒഴിവാക്കിയ രണ്ടു ഗ്രൂപ്പുകളിൽ ( എസിനീയരും , നസറായരും) ഏതെങ്കിലും ഒന്നിലാകാം യേശു ഉൾപ്പെട്ടിരുന്നത് എന്ന് കരുതുന്ന ഗവേഷകർ ഉണ്ട് . പക്ഷെ മാൻഡിയൻസിനു യാതൊരു സംശയവുമില്ല , യേശു ഒന്നാംതരം നസറായൻ തന്നെ ! പക്ഷെ യേശുവിനെ കൂടെക്കൂട്ടി ആളുകളിക്കാനല്ല ഇവർ ഇത് പറയുന്നത് എന്ന് അറിയുമ്പോഴാണ് മാൻഡിയൻസ് എന്ന് ഇപ്പോൾ അറിയപ്പെടുന്ന ഈ മതം നമ്മെ വിസ്‌മയിപ്പിക്കുന്നത് !

Advertisements

ഇവരുടെ അഭിപ്രായത്തിൽ മോശ , പഴയനിയമത്തിൽ ഈജിപ്തിൽ അടിമകളായിരുന്ന യാക്കോബിന്റെ അഥവാ ഇസ്രായേലിന്റെ സന്തതികളെ പരിചയപ്പെടുത്തിയ യാഹ്‌വെ എന്ന ഡയറ്റി സത്യത്തിൽ ദൈവം അല്ല ! മറിച്ച് സാക്ഷാൽ പിശാചാണ് !! അതായത് , അതുവരെ എൽ -എലിയോൺ (അത്യുന്നതൻ ) അല്ലെങ്കിൽ എൽ ശദ്ദായി എന്ന് വിളിച്ചിരുന്ന ദൈവം പൊടുന്നനെ യാഹ്‌വെ ആയി രൂപാന്തരപ്പെട്ടത് ഇവർ അംഗീകരിച്ചിട്ടില്ല എന്ന് സാരം . ഇക്കാണുന്ന സകലമാന പ്രപഞ്ചത്തിന്റെയും സൃഷ്ടാവും എന്നാൽ അതിനുമപ്പുറം എവിടെയോ യാതൊരു സൃഷ്ട്ടിക്കും നേരിട്ട് കാണാനോ ബന്ധപ്പെടാനോ സാധിക്കാത്ത അത്യുന്നതൻ പെട്ടെന്നൊരു ദിവസം ഇറങ്ങി വന്ന് യാക്കോബിന്റെ സന്തതികളുടെ ലോക്കൽ ദൈവമായി മാറി എന്ന് ഇവർക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് . വിശദമായി പറഞ്ഞാൽ യാഹ്‌വെ അല്ല എൽ എലിയോൺ എന്ന അത്യുന്നതൻ . അതിനാൽ തന്നെ യാഹ്‌വെ പറഞ്ഞു വിട്ടു എന്ന് ജൂതർ കരുതുന്ന സകല പ്രവാചകൻമാരും ഇവർക്ക് വ്യാജപ്രവാചകർ ആണ് . പക്ഷെ ഈ സീരീസിൽ വന്നു എന്ന് ക്രിസ്ത്യാനികളും , മറ്റൊരു വിധത്തിൽ മുസ്ലീങ്ങളും കരുതുന്ന സ്നാപക യോഹന്നാൻ ( ക്രിസ്‌തുവിന്‌ സമകാലീനനായ ജോൺ ദി ബാപ്റ്റിസ്റ്റ് ) ഇവരുടെ നിരീക്ഷണത്തിൽ സ്വൽപ്പം വ്യത്യസ്തനാണ് . അദ്ദേഹം സാക്ഷാൽ അത്യുന്നതന്റെ ആള് തന്നെ എന്നാണ് ഇവർ കരുതുന്നത് . ഇവരുടെ ഈ ഒരു വിശ്വാസം കൊണ്ട് തന്നെ മാൻഡിയൻസിന്റെ ഉത്ഭവം സ്നാപകയോഹന്നാന്റെ കാലത്താവാം എന്ന് ചില ചരിത്രകാരൻമാർ കരുതുന്നുണ്ട് . സ്നാപകന്റെ മരണശേഷം യേശുവിന്റെ കൂടെ ചേരാതിരുന്ന ജോണിന്റെ ശിഷ്യർ ആവാം ഇവർ എന്ന് ചിലർ കരുതുന്നു . ഇവരുടെ വിശ്വാസത്തിൽ മുൻപ് പറഞ്ഞതുപോലെ യേശുവും ഒരു നസറായൻ ആയിരുന്നു. പക്ഷെ അതുവരെ ഇവർ കൊണ്ടുനടന്ന സകലതിനെയും യേശു തള്ളിപ്പറഞ്ഞു എന്നകാരണത്താൽ ഇവർ യേശുവിനെയും വ്യാജപ്രവാചകരുടെ കൂട്ടത്തിൽ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . പക്ഷെ യേശു , പിതാവ് എന്ന് വിളിക്കുന്ന ആൾ, സാക്ഷാൽ അത്യുന്നതൻ തന്നെയെന്ന് ഇവർക്ക് യാതൊരു സംശയവും ഇല്ല .

ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തുമത ചരിത്രം പഠിച്ചാൽ ഒരു ജന്മം തീരും . ഇടിയപ്പത്തിന്റെ കെട്ടഴിക്കുന്നതുപോലുള്ള പണിയാണ് അത് . ജ്ഞാനവാദികൾ എന്നൊരു കൂട്ടർ ഈ ഭാഗത്ത് പ്രത്യക്ഷപ്പെടുന്നതാണ് പ്രശ്നം . ജ്ഞാനവാദികളിൽ ഭൂരിഭാഗവും നാം മുന്നേ പറഞ്ഞ “അത്യുന്നതന്റെ” ആളുകളാണ് . അവർ, യേശുക്രിസ്തു പറഞ്ഞ “പിതാവ് ” അല്ലെങ്കിൽ കുരിശിൽ കിടന്ന് വിളിച്ച “എൽ ” സാക്ഷാൽ അത്യന്നതൻ എന്ന എൽ എലിയോൺ തന്നെയെന്ന് കരുതുന്നു . പക്ഷെ പുതിയ നിയമത്തിൽ ഒരിടത്തും യാഹ്‌വെ എന്ന പേര് നേരിട്ട് പരാമർശിക്കാത്തതിനാൽ (ബൈബിൾ പുതിയനിയമം എഴുതപ്പെട്ടത് കോയിനെ ഗ്രീക്കിലാണ് ), യേശു യാഹ്‌വെക്കു എതിരായിരുന്നു എന്നും ഇവരിൽ ചിലർ കരുതുന്നു . അക്കൂട്ടത്തിൽ നസ്രായൻസ് എന്നൊരു വിഭാഗവും ഉണ്ട് . ഈ വിഭാഗത്തിൽ പെട്ടവരാണ് കപ്പൽ കയറി കേരളത്തിൽ ഒന്നാം നൂറ്റാണ്ടിൽ എത്തിയത് എന്നും , ഇവരുടെ വിശ്വാസം കണ്ടാണ് വാസ്കോഡഗാമ “ഇവരും ക്രിസ്ത്യാനികളോ ? എന്ന് അത്ഭുതം കൂറിയത് എന്നും കരുതുന്ന കേരള ഗവേഷകരും ഉണ്ട് . പറങ്കികൾ വന്ന് “കുളം ” തോണ്ടുന്നതിന് മുൻപേയുള്ള ക്രിസ്ത്യാനികൾ സാക്ഷാൽ നസ്രായൻസ് തന്നെയെന്നും ഇവർ കരുതുന്നു .

ഇനി നമ്മുക്ക് മാൻഡിയൻസിലേക്കു തിരികെ വരാം . യേശുവിന്റെ കാലത്തുണ്ടായിരുന്ന നസറായൻസും , ഒന്നും രണ്ടും മൂന്നും നൂറ്റാണ്ടുകളിലെ ചരിത്രരേഖകളിൽ കാണുന്ന നസറായൻസും ഒന്നുതന്നെയാണെന്നും അവരുടെ പിൻഗാമികളാണ് തങ്ങളെന്നും എന്നാണ് വർത്തമാനകാല മാൻഡിയൻസ് അവകാശപ്പെടുന്നത് . പൂർവികർ എന്ന് ഇവർ അവകാശപ്പെടുന്ന നസ്രായൻസിനെ മറ്റൊരു വിഭാഗം തന്നെയായി ആണ് ആദ്യനൂറ്റാണ്ടുകളിൽ പലരും കണ്ടിരുന്നത് . മൂന്നാം നൂറ്റാണ്ടിൽ പേർഷ്യയിൽ എഴുന്നൂറോളം കല്ലുകളിൽ Kartēr എന്ന സൗരാഷ്ട്രിയൻ പുരോഹിതൻ എഴുതിപ്പിടിപ്പിച്ച രേഖകളിൽ ക്രിസ്ത്യാനികളെയും , നസ്രായൻസിനെയും രണ്ടു വ്യത്യസ്ത മതക്കാരായി ആണ് അവതരിപ്പിച്ചിരിക്കുന്നത് . എന്നാൽ പോർട്ടുഗീസ് മിഷനിമാർക്കുണ്ടായ തെറ്റിദ്ധാരണ മൂലം Christiani S. Ioannis എന്നാണ് ചില പുസ്തകങ്ങളിൽ ഇവരെക്കുറിച്ച് പരാമർശിക്കുന്നത് . യോഹന്നാന്റെ ശിഷ്യരാണ് ഇവർ എന്നാണ് അവർ കരുതിയത് . കൂടാതെ ഖുർആനിൽ മൂന്നുതവണ പരാമശിക്കപ്പെടുന്ന Sabians ഇവർതന്നെയെന്ന് ചില മുസ്‌ലിം ഗവേഷകരും കരുതുന്നുണ്ട് .

ജ്ഞാനവാദവുമായി (Gnosticism) അടുത്ത ബന്ധംപുലർത്തുന്ന ഇവരുടെ വിശ്വാസങ്ങൾക്ക് ആധുനിക ഏലിയൻ വാദികളുടെ ആരോപണങ്ങളുമായി അടുത്ത ബന്ധമുണ്ട് . ഉദാഹരണമായി മനുഷ്യശരീരം നിർമ്മിച്ചിരിക്കുന്നത് ഈ പ്രപഞ്ചത്തിനകത്തുള്ള ഒരു സൂപ്പർ പവ്വർ ഡയറ്റിയാണ് . ഇത് മറ്റാരുമല്ല സാക്ഷാൽ പിശാച് തന്നെ ! പക്ഷെ നമ്മിലുള്ള ആത്മാവ് പക്ഷെ പിശാചിനാൽ നിർമ്മിതമല്ല . അത് പ്രപഞ്ചത്തിന് പുറത്തുള്ള ഹൈയസ്റ്റ് സുപ്പീരിയർ ഡയറ്റിയായ എൽ എലിയോണിന്റെ ആണ് .

Kartēr ലിഖിതങ്ങളുടെ പൂർണവിവരങ്ങൾ ഈ ലിങ്കിൽ ഉണ്ട് (http://www.iranicaonline.org/articles/kartir#pt3)

Advertisements

Link >>>>> https://www.facebook.com/story.php?story_fbid=483844951967670&id=100010265083841

മാൻഡിയൻസ് മരിച്ചവർക്കുള്ള പ്രാർത്ഥന ചൊല്ലുന്ന ഭാഗമാണ് ചിത്രത്തിൽ ഉള്ളത് . യേശുവിനെ തള്ളിക്കളയുന്ന ഇവർ പക്ഷെ കുരിശെന്തിന് ഉപയോഗിക്കുന്നു എന്നത് മറ്റൊരു കൗതുകം !!!!

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ