ഭൂമി താങ്ങുന്ന മരം !- Tree of Life

ഭൂമി താങ്ങുന്ന മരം !- Tree of Life 1

മരങ്ങൾക്ക് മനുഷ്യമനസുകളിൽ ഇത്രയധികം പ്രാധാന്യം വന്നതെങ്ങനെ എന്ന് പലരും മുൻപേ ചിന്തിച്ച കാര്യമാണ് . ഭൂമിയിലെ സകലമതങ്ങളിലും വളരെയധികം പ്രാധാന്യമുള്ള ഒരു വിശുദ്ധമരമെങ്കിലും ഉണ്ടാവും . ബൈബിൾ അനുസരിച്ചും ആധുനിക ഏലിയൻ സിദ്ധാന്തം അനുസരിച്ചും മനുഷ്യൻ ഭൂമിയിൽ എത്തുന്നതിനും മുന്നേ മരങ്ങൾ ഇവിടുണ്ട് . ഏദനിൽ ഉണ്ടായിരുന്നതും , കോമൺസെൻസ് ഉള്ളതുമായ (നൻമയും തിൻമയും തിരിച്ചറിയാൻ കഴിവുള്ള ) ഒരു മരമാണ് ബൈബിളിലെ ആദ്യപുസ്തകത്തിലെ നായകൻ . മനുഷ്യന്റെയും മറ്റു പ്രൈമേറ്റുകളുടെയും പൊതുപൂർവ്വികർ കൂടുതൽ സമയവും മരങ്ങളിൽ ചിലവഴിച്ചിരുന്നതിനാൽ മരം എന്നത് ഹോമോസാപ്പിയനുകളുടെ ബുദ്ധിയുടെ അകത്തളങ്ങളിൽ ട്രാപ്പ് ചെയ്തു കിടക്കുന്ന ഒരു ഓർമ്മയാണ് എന്ന് ചില പരിണാമ ഗവേഷകർ കരുതുന്നു . കേരളത്തിലെ ആൽമരങ്ങളും , വിശുദ്ധവനങ്ങളായ കാവുകളും ഈ സിദ്ധാന്തങ്ങളിലെ മലയാളി സാന്നിധ്യമാണ് . ഹൈന്ദവ – ബുദ്ധമതങ്ങളിലെ ബോധിവൃക്ഷമാണ് (अश्वत्थ) ഇക്കൂട്ടത്തിൽപെടുന്ന മറ്റ് ഭാരതീയ വ്യക്ഷങ്ങൾ .

Advertisements

എന്താണ് ഒരു വലിയ മരത്തിന്റെ പ്രത്യേകത ? അതിന്റെ തലപ്പുകൾ അങ്ങ് ആകാശത്തെ തഴുകിനിൽക്കും ( സ്വർഗ്ഗം ), അതിന്റെ തടി നമ്മുക്ക് മുഖാമുഖവും സമാസമവും ആണ് ( ഭൂമി ), ഇനി അതിന്റെ വേരുകളാവട്ടെ ചൂഴ്ന്നിറങ്ങി ഭൂമിയുടെ ഗർഭപാത്രത്തിലേക്കു പോകുന്നു ( പാതാളം ) . ചുരുക്കത്തിൽ പുരാണങ്ങളിലെ മൂന്നുലോകങ്ങളുമായി ഒരേസമയം ബന്ധം പുലർത്തുകയും , മൂന്നു ലോകങ്ങളിൽ ഒരേസമയത് ജീവിക്കുകയും ചെയ്യുന്ന ഒരേയൊരു ഭൗമനിവാസിയാണ് വൃക്ഷം ! ഇങ്ങനെയൊക്കെയുള്ള ചിന്തകളാവാം പഴയകാലങ്ങളിൽ മനുഷ്യരെ world tree എന്ന സങ്കൽപ്പത്തിലേക്കു നയിച്ചത് . അതായത് വേരുകളാൽ ഭൂമിയെ താങ്ങിനിർത്തുകയും , ശിഖരങ്ങളാൽ ഭൂമിക്കു തണലേകുകയും ചെയ്യുന്ന ഒരു പടുകൂറ്റൻ വൃക്ഷരാജൻ ! ഒട്ടുമിക്ക യൂറോപ്യൻ , ലാറ്റിനമേരിക്കൻ പുരാണങ്ങളിലും ഇങ്ങനെയൊരു വൃക്ഷത്തെപ്പറ്റി പരാമർശമുണ്ട് . ജീവന്റെ വൃക്ഷം (tree of life) ഇതിന്റെ മറ്റൊരു വേർഷനോ അല്ലെങ്കിൽ മറ്റൊരു പേരോ വൃക്ഷമോ ആകാം . ബൈബിളിൽ ഉൽപ്പത്തിയിൽ തന്നെ ഈ വൃക്ഷവും പ്രത്യക്ഷപ്പെടുന്നുണ്ട് (Etz Chaim עץ חיים ). ബൈബിളിൽ പെടാത്ത ഈനോക്കിന്റെ ബുക്ക് പ്രകാരം അവസാന വിധിനാളിൽ ഈ രണ്ടാമത്തെ മരത്തിന്റെ ഫലം നമ്മുക്ക് തിന്നാൻ കിട്ടും .

പ്രീ – കൊളംബിയൻ കാലത്ത് ദക്ഷിണ അമേരിക്കയിൽ ഇത്രയും തന്നെ പ്രാധാന്യം കല്പിച്ചിരുന്ന ഒരു മരമാണ് Ceiba . മായൻ വിശ്വാസമനുസരിച്ച് ഭൂമിയെ താങ്ങിനിർത്തുന്നത് ഒരു പടുകൂറ്റൻ Ceiba വൃക്ഷമാണ് . അതിന്റെ ശാഖകളാണ് ആമസോൺ വനങ്ങളിൽ കാണുന്ന മറ്റു Ceiba മരങ്ങൾ . അതുകൊണ്ടു തന്നെ പണ്ടുമുതലേ ഈ വൃക്ഷങ്ങൾ അവർ മുറിക്കാറുണ്ടായിരുന്നില്ല . ഇപ്പോൾ പോലും അനധികൃത മരംവെട്ടുകാർ ഈ മരങ്ങൾ ഒഴിവാക്കിയാണ് വനം വെട്ടിവെളുപ്പിക്കുന്നത് ! മാത്രമല്ല വിശ്വാസമനുസരിച്ച് ഈ മരങ്ങൾക്ക് നമ്മുടെ വിചാരങ്ങളും , മരത്തിന് ചുറ്റും നടക്കുന്ന കാര്യങ്ങളും സ്വർഗ്ഗത്തിലേക്ക് അപ്‍ലോഡ് ചെയ്യാനും , പാതാളത്തിലേക്ക് ഡൌൺലോഡ് ചെയ്യാനും സാധിക്കും ! ഈ സങ്കൽപ്പമാണ് ജെയിംസ് കാമറൂൺ തന്റെ അവതാർ എന്ന ചിത്രത്തിലേക്ക് ആവാഹിച്ചത് . ചിത്രത്തിൽ രണ്ടുതരം വൃക്ഷങ്ങൾ ഉണ്ട് ആത്മാക്കളുടെ വൃക്ഷവും (Na’vi name: Vitraya Ramunong), ശബ്ദങ്ങളുടെ വൃക്ഷവും (Na’vi name: Utral Aymokriyä) .

ദക്ഷിണ അമേരിക്കയിൽ ചെന്നാൽ Ceiba എന്ന പേര് കേട്ട് നാം മടുക്കും . നഗരങ്ങൾ , ഷോപ്പുകൾ, മലകൾ , കുന്നുകൾ , ആളുകൾ , ഉൽപ്പന്നങ്ങൾ എന്നിങ്ങനെ സകലസ്ഥലത്തും ഈ പേരുണ്ടാവും . മായൻ കാലത്തെ ഏറ്റവും വലിയ സ്റ്റെപ് പിരമിഡായ Temple of the Cross ൽ ചെന്നാൽ ഒത്തനടുക്ക് കുരിശാകൃതിയിൽ ഒരു Ceiba മരത്തടി കാണാൻ സാധിക്കും . അവരുടെ വിശ്വാസത്തിൽ ഭൂമിയുടെ കേന്ദ്രവും ജീവനും ഇവിടാണ് ഉള്ളത് . ഗ്വോട്ടിമാലയുടെ ദേശീയവൃക്ഷവും Ceiba തന്നെയാണ് . നൂറ്റാണ്ടുകളായി വിശുദ്ധപദവി കയ്യാളുന്നതിനാൽ ദക്ഷിണ അമേരിക്കയിൽ പലയിടത്തും അഞ്ഞൂറിലേറെ വർഷങ്ങൾ പഴക്കമുള്ള ഒട്ടനവധി Ceiba വൃക്ഷങ്ങൾ കാണാൻ സാധിക്കും . പ്രശസ്തമായ ചില Ceiba വൃക്ഷങ്ങളെ കമന്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

NB : നമ്മുടെ പഞ്ഞി മരം ഈ വകുപ്പിൽ പെടും (Ceiba pentandra)

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ