YouTube Content Provider
* Blogger * Translator * Traveler

നാമറിയാത്ത യസീദികള്‍

by Julius Manuel
434 പേർ വായിച്ചു
🛑 You are not allowed to use this text content for YouTube Videos without permission 🛑

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സുഹൃത്ത് അയച്ചു തന്ന വീഡിയോ ക്ലിപ്പില്‍ നിന്നാണ് യസീദികളെ കുറിച്ച് കൂടുതല്‍ അറിയണം എന്ന ആഗ്രഹം തലപൊക്കിയത് . ഒരു പെണ്‍കുട്ടിയെ നഗര മധ്യത്തില്‍ വെച്ച് ആയിരത്തോളം വരുന്ന ജനക്കൂട്ടം ആക്രമിച്ച് കൊല്ലുന്ന ഒരു ഭീകര ദൃശ്യം ആയിരുന്നു അത് !! അതിക്രൂരമായ മര്‍ദനത്തിനൊടുവില്‍ ബോധരഹിതയായ അവളുടെ തലയില്‍ ഒരു വലിയ കോണ്‍ക്രീറ്റ് പാറ കൊണ്ട് ഇടുന്നതോടെ ക്ലിപ്പ് അവസാനിക്കുന്നു . മൊബൈലില്‍ പകര്‍ത്തിയ ഈ ദൃശ്യം എവിടെ നിന്ന് ? ആര് ? എപ്പോള്‍ പകര്‍ത്തി എന്ന് അറിയാന്‍ മനസ്സ് കൊതിച്ചു . കാരണം ഇത്തരം ക്രൂരത ഒരു പെണ്‍കുട്ടിയോട് ചെയ്യാന്‍ അവള്‍ എന്ത് അപരാധമാണ് ചെയ്തത് ? കുറച്ച് പ്രയാസപ്പെട്ടെങ്കിലും അന്ന് തന്നെ അതിന് ഉത്തരം കിട്ടി . പെണ്‍കുട്ടിയുടെ പേര്‍ Du’a Khalil Aswad (دعاء خليل أسود) എന്നാണ് . പ്രായം വെറും പതിനെഴ് ! യസീദി കുലത്തില്‍ പെട്ട അവളെ കൊന്നത് യസീദികള്‍ തന്നെയാണ് . കാരണം അവള്‍ ഒരു സുന്നി മുസ്ലീം യുവാവിനെ പ്രണയിച്ചു മതം മാറി ഇസ്ലാമായി !!! കൊല്ലപ്പെടുന്ന യസീദികളെ കേട്ട് പരിചയമുണ്ടായിരുന്ന നമ്മുക്ക് കൊല്ലുന്ന യസീദി തികച്ചും അപരിചിത്വം ഉളവാക്കും . (https://en.wikipedia.org/wiki/Murder_of_Du’a_Khalil_Aswad)

ഇവരെക്കുറിച്ച് നാം ഇപ്പോള്‍ കുറെ കാര്യങ്ങള്‍ കേട്ടിട്ടുണ്ട് . സത്യത്തില്‍ എഴുതപ്പെട്ട ചരിത്രം ഏറ്റവും കുറവുള്ള ഒരു വിഭാഗമാണ് ഇവര്‍ . അത് കൊണ്ട് തന്നെ ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്ന ഒട്ടു മിക്ക വിവരങ്ങളും വാമൊഴിയാണ്. അതില്‍ തെറ്റും ശരിയും ഉണ്ട് . എങ്കിലും വാസ്തവുമായി പൊരുത്തം ഉണ്ട് എന്ന് എനിക്ക് തോന്നുന്ന വിവരങ്ങള്‍ ആണ് താഴെ കുറിക്കുന്നത് .

യസീദികളുടെ സംസാര ഭാഷ പൊതുവേ പെര്‍ഷ്യനും ബലൂചിയും ആയി ബന്ധമുള്ള Kurmanji എന്ന കുര്‍ദ് വകഭേതം ആണ് . ഇവരുടെ ഉത്ഭവം ആണ് ഇപ്പോള്‍ പൊതുവേ തര്‍ക്കവിഷയം ആയി നിലകൊള്ളുന്നത് . ലോകത്തിലെ ഏറ്റവും പുരാതന മതം എന്ന് യസീദികള്‍ സ്വയം പറയുമ്പോള്‍ തന്നെ ഇത് ഇസ്ലാമില്‍ നിന്നും വിഘടിച്ചു പോയ തല തിരിഞവര്‍ ആണെന്ന് ചിലര്‍ കരുതുന്നു . സത്യത്തില്‍ യസീദികള്‍ ആരെന്നരിയുവാന്‍ ആദ്യം ഇവരുടെ വിശ്വാസം എന്താണ് എന്ന് അറിയണം . നമ്മുക്ക് അതൊന്ന് നോക്കാം .

പ്രപഞ്ചത്തിന് ഒരു സൃഷ്ടി കര്‍ത്താവ് ഉണ്ട് . ഈ അത്യുന്നതനായ ദൈവം പ്രപഞ്ചത്തിന് പുറത്തു എവിടെയോ ആണ് ഉള്ളത് . അതുകൊണ്ട് തന്നെ അദ്ദേഹവുമായി നമ്മുക്ക് നേരിട്ട് ബന്ധപ്പെടാന്‍ മാര്‍ഗം ഒന്നും ഇല്ല . ഈ ദൈവം ആദ്യം എഴു മാലാഖമാരെ സൃഷ്ട്ടിച്ചു . ഓരോ ദിവസവും ഓരോരുത്തരെ വീതം അങ്ങിനെ ആഴ്ചയിലെ ഏഴു ദിവസവും ഏഴു മാലാഖമാരുടെ പേരില്‍ ആയി . ഇതില്‍ ആദ്യം സൃഷ്ട്ടിക്കപ്പെട്ട താവൂസ് മാലാഖയാണ് പ്രധാനി . ഞായരാഴ്ച ഉടലെടുത്ത ഈ മാലാഖയില്‍ നിന്നാണ് ബാക്കി ആറു പേരെയും ദൈവം സൃഷ്ട്ടിച്ചത് . അതായത് ഈ ഏഴു പേരും സത്യത്തില്‍ ഒന്നാണ് അത് താവൂസ് മാലാഖയാണ് . ഈ മാലാഖയെ പ്രകാശവും ആയും അതുവഴി സൂര്യനുമായും അവര്‍ ബന്ധപ്പെടുത്തുന്നു . ഈ മാലാഖയാണ് നാം കാണുന്ന ദൃശ്യ പ്രപഞ്ചം സൃഷ്ടിച്ചത് . അത് കൊണ്ട് തന്നെ ഈ ലോകത്തിന്‍റെ നാഥന്‍ താവൂസ് മാലാഖയാണ് . പ്രപഞ്ചത്തിന് പുറത്തുള്ള പരമോന്നത ദൈവവും ആയി നമ്മുക്കുള്ള ഏക ബന്ധം തവൂസ് മാത്രമാണ് . അത് കൊണ്ട് തന്നെ താവൂസിനോട് പറയുന്നത് ദൈവത്തിന്‍റെ അടുക്കല്‍ എത്തും . മാലാഖമാരെ കൂടാതെ പിന്നെ ഒട്ടനവധി സൃഷ്ടികള്‍ ദൈവം നടത്തി . അതിലൊന്നാണ് മനുഷ്യന്‍ . ആദത്തെ സൃഷ്ടിച്ചു കഴിഞ്ഞപ്പോള്‍ ദൈവം മാലാഖമാരെ ഒന്ന് പരീക്ഷിച്ചു . ആദത്തെ വണങ്ങാന്‍ പറഞ്ഞു . പക്ഷെ ദൈവത്തെ അല്ലാതെ ആരെയും വണങ്ങില്ല എന്ന് താവൂസ് പറഞ്ഞു . അങ്ങിനെ അദ്ദേഹം പരീക്ഷണത്തില്‍ വിജയിച്ചു . അങ്ങിനെ നമ്മുക്കും ദൈവത്തിനും ഇടയിലെ ഏക കണ്ണിയായി താവൂസ് മാലാഖ മാറി .

താവൂസ് മാലാഖ പ്രകാശമാണ് അതുപോലെ പ്രകാശത്തിലെ ഏഴു നിറങ്ങള്‍ ഏഴു മാലാഖമാരും . അങ്ങിനെ താവൂസ് മഴവില്ലിന്റെ മാലാഖയായി . ഏഴു നിറങ്ങള്‍ പേറി നടക്കുന്ന മയില്‍ അദ്ദേഹത്തിന്‍റെ ചിഹ്ന്നവും ! യസീദി സമുദായത്തില്‍ ജീവിച്ചു മരിച്ചാല്‍ മാത്രമേ ഒരാളുടെ ആത്മാവ് രക്ഷപെടുകയുള്ളൂ . അത് കൊണ്ട് തന്നെ ഒരു കാരണവശാലും മതം മാറുന്ന പ്രശ്നമേയില്ല . സമുദായത്തില്‍ ജനിച്ച് പിന്നീട് മതം മാറുന്നവരുടെ ആത്മാവ് നശിക്കും . അങ്ങിനെ ചെയ്യുന്നവര്‍ ജീവിച്ചിരിക്കാന്‍ പാടില്ല . ഈ വിശ്വാസമാണ് ഖലീല്‍ ആസ്വാദ് എന്ന പെണ്‍കുട്ടിയുടെ വധത്തില്‍ കലാശിച്ചത് . എന്നാല്‍ 2007 ഏപ്രിലില്‍ നടന്ന ഈ ഓണര്‍ കില്ലിംഗ് സത്യത്തില്‍ ഒട്ടനവധി യസീദികളുടെ മരണത്തിലാണ് കലാശിച്ചത് . വീഡിയോ പുറത്തു വന്നതോട് കൂടി ഇതര സമുദായങ്ങളുടെ രോഷം ആളിക്കത്തി . 2007 Mosul massacre ഇതിന്‍റെ ഭാഗം ആയിരുന്നു . ബസില്‍ ഉണ്ടായിരുന്ന ക്രിസ്ത്യാനികളെയും മുസ്ലീമുകളെയും ഇറക്കി വിട്ട് ബാക്കി ഉണ്ടായിരുന്ന യസീദികളെ അക്രമികള്‍ വെടിവെച്ചു കൊന്നു .

ഇവര്‍ സാത്താന്‍ ആരാധകരാണോ ? സാത്താന്‍ തെറ്റിന്റെ പ്രതീകമാണ് എങ്കില്‍ താവൂസ് മലക്ക് പക്ഷെ നല്ലവനാണ് . ഇതല്ല പ്രശ്നം . ഇസ്ലാം വിശ്വാസത്തിലും ക്രിസ്ത്യന്‍ വിശ്വാസത്തിലും ഉള്ള സാത്താന്‍, താവൂസ് മാലാഖയുടെ ചില സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നു എന്നതാണ് പ്രശ്നം . അപ്പോള്‍ ഇത് യാസീദികളുടെ പ്രശ്നം അല്ല മറ്റുള്ളവരുടെ വിശ്വാസത്തിന്‍റെ പ്രശ്നം ആണ് ( തല്‍ക്കാലം അങ്ങോട്ട്‌ കടക്കുന്നില്ല ) .

യാസീദികള്‍ ഹിന്ദുക്കള്‍ ആണോ ?

ഹിന്ദു മതം മെസപ്പെട്ടോമിയയില്‍ വേരൂന്നിയത് ആണെങ്കില്‍ ബന്ധം ഉണ്ടാവാം . ദേവന്മ്മാരും അസുരന്മ്മാരും പേര്‍ഷ്യന്‍ സൌരാഷ്ട്ര മതത്തിലും ഉണ്ട് . പക്ഷെ ഇവിടുത്തെ നായകര്‍ അവിടെ വില്ലന്മ്മാര്‍ ആണെന്ന് മാത്രം . യാസീദികളുടെ മയിലും നമ്മുടെ മുരുകനും തമ്മില്‍ ബന്ധം ഒന്നും ഇല്ല . അവരുടെ ദൈവ സങ്കല്‍പ്പവും ഹൈന്ദവ സങ്കല്‍പ്പവും ആയി യോജിക്കുന്നുമില്ല . പക്ഷെ അവരുടെ ചില ആചാര രീതികള്‍ക്ക് ഇന്ത്യയും ആയി ബന്ധം ഉണ്ട് . അവരുടെ വിശ്വാസ രീതികള്‍ക്ക് ഇസ്ലാമും ആയും ക്രൈസ്തവതയും ആയി ബന്ധം ഉണ്ട് . അവസാനത്തെ രണ്ടു വിഭാഗക്കാര്‍ അവരെ അകറ്റാന്‍ ശ്രമിക്കുമ്പോള്‍ ഹിന്ദുക്കള്‍ ആവരെ കൂടെക്കൂട്ടുവാന്‍ ശ്രമിക്കുന്നു .

തമിഴ്നാട്ടിലെ പേര്‍ഷ്യക്കാര്‍ !

വായിക്കുന്നതിനു മുന്‍പ് ഓര്‍ക്കുക ഇതൊരു hypothesised വാദം ആണ് . ഈ തിയറിയുടെ തുടര്‍ ഗവേഷണങ്ങള്‍ ഇപ്പോഴും നടക്കുന്നതേയുള്ളൂ . മുഖ്യധാരാ ഗവേഷകര്‍ ഇപ്പോഴും ഇക്കാര്യത്തില്‍ ഒരു തീര്‍പ്പില്‍ ആയിട്ടില്ല . പക്ഷെ നമ്മുടെ യാസീദികളുമായി ബന്ധപ്പെടുത്തി ചിലര്‍ ഈ ഗവേഷണ പ്രബന്ധം ഉയര്‍ത്തിക്കാട്ടാറുണ്ട് . അതുകൊണ്ട് ഈ തിയറി എന്താണ് എന്ന് അറിയുന്നത് വളരെ നല്ലതാണ് . (കഥയുടെ എല്ലാവശവും ചരിത്ര വിദ്യാര്‍ഥി അറിഞ്ഞിരിക്കണം )

ഭൂമിയിലെ ആദ്യത്തെ പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ പേര്‍ ഏലാം എന്നാണ് . ചില ചരിത്ര രേഖകളില്‍ എലാം , Susiana എന്നാണ് അറിയപ്പെടുന്നത് . എലാമിന്റെ തലസ്ഥാനം ആയ Susa നഗരത്തില്‍ നിന്നും ആണ് ഈ പേര് ആവിര്‍ഭവിച്ചത് . ലോകത്ത് മറൊരു ഭാഷയും ആയി നേരിട്ട് ബന്ധം ഇല്ലാത്തത് ആണ് Elamite ഭാഷ എന്നാണ് ചില പണ്ഡിതര്‍ കരുതുന്നത് . ( Ilam എന്നത് ഇപ്പോഴത്തെ ഇറാന്‍റെ 31 പ്രവിശ്യകളില്‍ ഒന്നാണ് ). ഏലോം ആദ്യം പ്രത്യക്ഷപ്പെടുന്നത് പുരാതന സുമേറിയന്‍ രാജാക്കന്മ്മാരുടെ ലിസ്റ്റില്‍ കിഷ് രാജാവായ Enmebaragesi യെ പറ്റി പറയുമ്പോള്‍ ആണ് ( BC 2650) . അദേഹം എലോം കീഴടക്കിയതായി ആണ് രേഖ പറയുന്നത് . Shutrukids (BC.1210–1100) രാജാക്കന്മ്മാരുടെ കാലത്താണ് എലോം സാമ്രാജ്യം അതിന്‍റെ ഉച്ചകോടിയില്‍ എത്തിയത് . ബാബിലോണ്‍ സാമ്രാജ്യത്തിന്‍റെ തകര്‍ച്ചയുടെ കാലത്ത് ഇവര്‍ക്ക് കുറച്ചു സൈനിക വിജയങ്ങള്‍ ഉണ്ടായെങ്കിലും , ആ സമയത്ത് ശക്തിയാര്‍ജിച്ച അസ്സീറിയന്‍ ചക്രവര്‍ത്തി Ashur-Dan I നോട്‌ പരാജയപ്പെട്ടു . അതോടെ തകര്‍ച്ച തുടങ്ങിയ എലോം സാമ്രാജ്യം പിന്നീടുള്ള നൂറ്റാണ്ടുകളില്‍ കൂടുതല്‍ തോല്‍വികള്‍ ഏറ്റു വാങ്ങിക്കൊണ്ടിരുന്നു . അവസാനം (640 BC) എലോം രാജാവായ Khumma-Khaldash മൂന്നാമനെ ആസ്സീറിയന്‍ ചക്രവര്‍ത്തി Ashurbanipal, യുദ്ധത്തില്‍ തടവുകാരനായി പിടിച്ചതോടെ എലോം രാജ്യം ചരിത്രപരമായി തുടച്ചു നീക്കപ്പെട്ടു . എലാമുകളില്‍ ഒരു വിഭാഗം ആളുകളെ തടവുകാരായി പിടിക്കുകയും ചെയ്തു . ബാക്കിയുള്ളവര്‍ പ്രാണരക്ഷാര്‍ത്ഥം തങ്ങളുടെ രാജ്യത്ത് നിന്നും പലായനം ചെയ്തതോടു കൂടി എലാമുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ചിതറിക്കപ്പെട്ടു . ഈ പലായനം ചെയ്ത എലാമുകളാണ് ഇവിടെ പറയാന്‍ പോകുന്ന തിയറിയുടെ കാതല്‍ . ചിതറിക്കപ്പെട്ട എലാമുകളുടെ ഒരു വിഭാഗം ആണ് ഇന്നത്തെ സെര്ബിയക്കാരുടെയും ക്രൊയേഷ്യക്കാരുടെയും ആദി പിതാക്കള്‍ എന്നാണ് സെര്‍ബിയന്‍ ചരിത്ര ഗവേഷകരുടെ വാദം .

എലാമുകള്‍ ഇന്ത്യയിലേക്ക്‌ ?

ചിതറി തകര്‍ന്ന എലാം ജനത ജീവിക്കുവാന്‍ വേണ്ടി നാനാ ദിക്കുകളിലേക്കും ഓടിക്കാണണം . അങ്ങിനെ പാക്കിസ്ഥാന്‍ വഴി ഇന്ത്യയിലും പിന്നീട് ദക്ഷിണ ഭാരതത്തിലും എത്തിപ്പെടാന്‍ സാധ്യത ഉള്ളതിനാല്‍ ഗവേഷകര്‍ നാം ജീവിക്കുന്ന കേരളത്തിലും തമിഴ്നാട്ടിലും എലാം ജനത അവശേഷിപ്പിച്ചിരിക്കുന്ന എന്തെങ്കിലും ഉണ്ടോ എന്ന് തിരയാന്‍ ആരംഭിച്ചു . തീര്‍ച്ചയായും ഭാഷയില്‍ അവരുടെ എന്തെങ്കിലും സംഭാവന കാണാന്‍ സാധ്യത തെളിഞ്ഞു . അങ്ങിനെ ദക്ഷിണ ഭാരതത്തിലെ പഴമക്കാരില്‍ മുന്‍പന്‍ ആയ തമിഴ് അവരുടെ മുന്‍പില്‍ എത്തി . അപ്പോഴതാ ഏലാം എന്ന പേര് അതേപടി തന്നെ തമിഴില്‍ കിടക്കുന്നു ! Eeelam അല്ലെങ്കില്‍ ilam ( ഈഴം ) എന്നാല്‍ തമിഴില്‍ അര്‍ഥം മാതൃഭൂമി !!! ഇതുപോലെ മറ്റനേകം വാക്കുകള്‍ക്കും സാമ്യം കണ്ടത് , എലാമോ – ദ്രവീഡിയന്‍ ഭാഷ കുടുംബം (Elamo-Dravidian language family) എന്ന hypothesised ലാംഗ്വേജ് ഫാമിലിക്ക്‌ തുടക്കം കുറിച്ചു . ഭാഷാ പണ്ഡിതനായ David McAlpin ആണ് ഇതിന്‍റെ ഉപജ്ഞാതാവ് . അമേരിക്കന്‍ Indologist ആയ Franklin C Southworth ഉം ആയി ചേര്‍ന്നുള്ള പഠനനത്തില്‍ സിന്ധൂനദീതട സംസ്കാരത്തില്‍ പെട്ട ഹാരപ്പയിലെ ഭാഷയും ഇതേ കുടുംബത്തില്‍ ഉള്ളതാണെന്നും സ്ഥിരീകരിച്ചു . 1975 ല്‍ McAlpin നടത്തിയ പഠനത്തില്‍ എലാമൈറ്റ് -ദ്രവീഡിയന്‍ ഭാഷകളിലെ വാക്കുകളില്‍ ഇരുപത് ശതമാനം cognates ആണെന്നും (In linguistics, cognates are words that have a common etymological origin) പന്ത്രണ്ടു ശതമാനം cognates ആകാന്‍ സാധ്യത ഉള്ളതും ആണെന്ന് കണ്ടെത്തി . ദ്രാവിഡ ഭാഷയിലെ “അമ്മ ” എന്ന വാക്ക് അതേ ഉച്ചാരണത്തിലും അതേ അര്‍ത്ഥത്തിലും എലാം ഭാഷയിലും ഉള്ളത് നമ്മെ അത്ഭുതപ്പെടുത്തും ! ഇങ്ങനെ ഒക്കെ ആണെങ്കിലും Georgiy Starostin നെ പോലുള്ളവര്‍ McAlpin ന്‍റെ തിയറിയെ ഭാഗീകമായിട്ടെങ്കിലും എതിര്‍ക്കുന്നുമുണ്ട് . അതായത് സാമ്യങ്ങള്‍ അംഗീകരിക്കുന്നുണ്ട് എങ്കിലും ഇരു ഭാഷകളുടെയും തുടക്കം ഒന്ന് എന്നുള്ള രീതിയെ ആണ് Georgiy Starostin എതിര്‍ക്കുന്നത് . അതായത് എലോമുകളുടെ സ്വാധീനം കാരണം തമിഴ് ഭാഷയില്‍ ഈ വാക്കുകള്‍ പിന്നീട് കയറിക്കൂടിയത് ആവാം എന്നാണ് അദേഹത്തിന്റെ നിഗമനം . Elamo-Dravidian language family യില്‍ ഉള്ള ഭാഷകള്‍ സംസാരിക്കുന്ന സ്ഥലങ്ങളുടെ മാപ്പ് ഒന്ന് നോക്കിയാല്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന മറ്റൊന്നുകൂടി ഇതില്‍ ഉണ്ട് .

പാക്കിസ്താനിലെ ബാലൂചികള്‍ സംസാരിക്കുന്ന ഭാഷ ആയ ബ്രഹൂയി ഒരു ദ്രാവിഡ ഭാഷ ആണ് ! ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബലൂച്ചികള്‍ക്ക് മറ്റു പാക് -അഫ്ഘാന്‍ ജനങ്ങളും ആയുള്ള കാഴ്ചയിലെ വ്യത്യാസം നേരത്തെ തന്നെ മനസ്സില്‍ തോന്നിയിട്ടുണ്ടാവാം . (Balochi എന്ന മറ്റൊരു ഭാഷയും ഇവര്‍ക്കിടയില്‍ ഉണ്ട് ). തമിഴ് ഭാഷയുടെ സെമിറ്റിക് ബന്ധം എലാമില്‍ നിന്നും പിന്നെയും ദൂരെ ഇസ്രായേല്‍ വരെ നീളും . ഉദാഹരണത്തിന് ചെടിയുടെ ഇലക്കു തമിഴില്‍ “ഇലൈ” എന്നാണല്ലോ പറയുന്നത് , എന്നാല്‍ കേട്ടോളൂ ഹീബ്രുവിലും ഇലയ്ക്ക് “എലൈ” എന്നാണ് പറയുന്നത് ! ചിതറിക്കപ്പെട്ട എലാമുകളില്‍ ഒരു വിഭാഗം ഇസ്രായേലില്‍ ഉണ്ടായിരുന്നതായി ബൈബിളിലെ എസ്രാ 4:9–10 ല്‍ പറയുന്നുണ്ട് . തമിഴിലെ എരുമൈ (എരുമ ) ഹീബ്രുവില്‍ Rumai ആണ് . രാത്രി എന്നര്‍ത്ഥം ഉള്ള “ഇരവ് ” ഹീബ്രുവില്‍ അതേ ഉച്ചാരണം തന്നെ ആണ് പക്ഷെ അര്‍ഥം വൈകുന്നേരം എന്നാണെന്ന് മാത്രം ! എന്നാല്‍ എലോമുകള്‍ ഭാഷയില്‍ മാത്രമാണോ സംഭാവന നല്‍കിയത് ? സംസ്ക്കാരത്തിലും മതത്തിലും ഇവരുടെ സ്വാധീനം ഉണ്ടാകില്ലേ ? തീര്‍ച്ചയായും ഉണ്ടാകും , കാരണം ഇറാനിയന്‍ ഭൂമിയിലെ ആദ്യത്തെ സാമ്രാജ്യമായിരുന്നു എലാമുകളുടെത് , കൂടാതെ ആദ്യത്തെ സംസ്ക്കാരവും . ഇത്രയും വികസിച്ച ഒരു ജനത മറ്റു ദേശങ്ങളിലേക്ക് കുടിയേറുമ്പോള്‍ തീര്‍ച്ചയായും അവരുടെ സ്വാധീനം ആ നാട്ടിലെ പില്‍ക്കാല സാംസ്ക്കാരികരംഗങ്ങളില്‍ ഉണ്ടാവും . എന്തായാലും രസമുള്ള ഈ തിയറിയുടെ തുടര്‍ഗവേഷണങ്ങള്‍ ഇപ്പോഴും നടക്കുന്നതേയുള്ളൂ . കിട്ടുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യാന്‍ പരമാവധി ശ്രമിക്കാം .

ഭാരതത്തില്‍ ഇതിനെക്കുറിച്ച്‌ കൂടുതല്‍ ഗവേഷണം നടത്തുന്നത് ബിപിന്‍ ഷാ ആണെന്ന് തോന്നുന്നു.കൂടുതല്‍ അറിയേണ്ടവര്‍ക്ക് ഇത് വായിക്കാം >>
1. http://beeper1520.blogspot.in/…/the-elamite-and-tamil-conne…

2. https://azargoshnasp.net/history/ELAM/elamitedravidian.pdf

യസീദികളും പുരാതന ഭാരതവും ആയുള്ള ബന്ധം ആണ് നാം പറഞ്ഞുകൊണ്ടിരുന്നത് . ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ട ഒന്നാണ് ക്രിസ്തുവിനും ആയിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പേ ഉത്തര ഇറാക്കില്‍ നിലവിലുണ്ടായിരുന്ന Mitanni സാമ്ര്യാജ്യം . ഇന്‍ഡോ – ഇറാനിയന്‍ വംശജര്‍ ആയിരുന്ന രാജാക്കന്മാര്‍ ആണ് ഈ രാജ്യം ഭരിച്ചിരുന്നത് എങ്കിലും അവര്‍ ഉപയോഗിച്ചിരുന്ന ഭാഷ പക്ഷെ Hurrian എന്ന പ്രാദേശിക ഭാഷ ആയിരുന്നു . ഇവരും ഇന്നത്തെ തുര്‍ക്കി ഭരിച്ചിരുന്ന Hittites ളും തമ്മില്‍ ഒപ്പുവെച്ച ഒരു ഉടമ്പടിയാണ് (1380 BC) ഇപ്പോള്‍ സകലരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നത് . ഇരുപക്ഷത്തെയും ദേവന്മ്മാരെ പരാമര്‍ശിക്കുന്ന കൂട്ടത്തില്‍ ഇന്ദ്രനും , വരുണനും , മിത്രനും , അശ്വനിദേവന്മാരും ഉണ്ട് എന്നതാണ് രസകരം . കൂടാതെ പ്രശസ്തമായ The Kikkuli Text ല്‍ ( രഥത്തില്‍ കെട്ടുന്ന കുതിരകളുടെ പരിശീലനം പ്രതിപാദിക്കുന്ന പുസ്തകം ) വേദിക് സംസ്കൃതത്തില്‍ ഉള്ള നമ്പരുകള്‍ അതെ പടി തന്നെയാണ് ഉച്ചരിചിരിക്കുന്നത് ! ഉദാ : aika (ഒന്ന് ), tera (മൂന്ന് ), panza (അഞ്ച് ), satta (ഏഴ് ), na (ഒന്‍പത് ). ഈ പുസ്തകം പ്രാദേശിക ഭാഷ ആയിരുന്ന Hittite ല്‍ ആണ് എഴുതപ്പെട്ടിരിക്കുന്നത് .

ഇതൊക്കെ കൂട്ടി വായിക്കുമ്പോള്‍ അതിപുരാതന ഭാരതത്തിലെ വിശ്വാസങ്ങള്‍ക്ക് ഇറാന്‍ – ഇറാക്ക് പ്രദേശങ്ങളിലെ ചില വിശ്വാസങ്ങളുമായി ബന്ധമുണ്ടായിരുന്നു എന്ന് കാണാം . ഇന്ദ്രനും വരുണനും ഇരുസ്ഥലങ്ങളിലും ഉണ്ടായിരുന്നു എങ്കിലും പിന്നീടു ഉരുത്തിരിഞ്ഞ പല ദേവന്മ്മാരും ( ശ്രീരാമന്‍ ) തികച്ചും ഭാരതീയം തന്നെ ആണ് എന്നതാണ് സത്യം . അതായത് ഇരു സ്ഥലങ്ങളിലെയും ചില വിശ്വാസങ്ങള്‍ക്ക് ഒരു പൊതു ഉത്ഭവം ഉണ്ട് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ് . എന്നാല്‍ പിന്നീട് ഇരു സ്ഥലങ്ങളിലും ഉരുത്തിരിഞ്ഞ ആചാര – വിശ്വാസങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും യാതൊരു ബന്ധവും ഉണ്ടാവാന്‍ സാധ്യത കുറവാണ് . മുരുകനെ കുറിച്ച് പറയുന്ന തമിഴ് പുസ്തകങ്ങളില്‍ ആദ്യത്തേത് ആയ Tolkāppiyam (தொல்காப்பியம்) , മുരുകനെയും ഇന്ദ്രനെയും ഒരുമിച്ചാണ് വര്‍ണ്ണിക്കുന്നത് . അവിടെ മുരുകന്‍ ഒരു യുദ്ധ ദേവന്‍ ആണെങ്കില്‍ പിന്നീടു വന്ന സംഘകാല കൃതികളില്‍ (ബി.സി. 566 മുതൽ എ.ഡി. 250 വരെയുള്ള കാലയളവാണ്‌ സംഘകാലമായി കണക്കാക്കപ്പെടുന്നത്) മുരുകന്‍ നിത്യ യൗവന ദേവനായി മാറുന്നുണ്ട് . ( മയിറച്ചി ഒരിക്കലും കേടാവില്ല എന്ന വിശ്വാസം ഇറാനിലും തമിഴ് നാട്ടിലും ഉണ്ടായിരുന്നു . അതായത് മയില്‍ നിത്യതയുടെ ചിഹ്നം ആണ് ) . മൂന്നാം നൂറ്റാണ്ടില്‍ നിലവില്‍ ഉണ്ടായിരുന്ന Kushan സാമ്രാജ്യത്തില്‍ പെട്ട ഇന്നത്തെ പെഷവാറില്‍ നിന്നും സ്കന്ദദേവന്‍റെ ( മുരുകന്‍ ) ചിത്രങ്ങള്‍ ഉള്ള നാണയങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട് .

ഒരു കാര്യം ഉറപ്പാണ് യാസീദികളുടെ മയിലിന് നല്ല പഴക്കം ഉണ്ട് . താവൂസ് മലെക്കിനു മുരുകന്‍റെ ഒരു വിശേഷണം തികച്ചും അനുയോജ്യമാണ് . അനശ്വരര്‍ ആണ് ഇരുവരും , മാത്രമല്ല രണ്ടുപേരും നിത്യ യൗവനം ലഭിച്ചവരും ആണ് . രണ്ടിന്‍റെയും തുടക്കം അതിപുരാതന സൗരാഷ്ട്രിയന്‍ മതത്തില്‍ നിന്നാവാനും സാധ്യത ഉണ്ട് . അവിടെയും ഉണ്ട് ഒരു ദേവാസുര യുദ്ധം പക്ഷെ ദേവന്മ്മാര്‍ വില്ലന്മാര്‍ ആണെന്ന് മാത്രം ! അസ്സീറിയന്‍ ജനത അസുരന്മ്മാര്‍ ആണ് ചിലര്‍ക്ക് .

പക്ഷെ താവൂസ് മലക്കിന്റെ ബാക്കി കഥക്ക് ബന്ധം സെമിറ്റിക് മതങ്ങളോടാണ് . ആദം കടന്ന് വരുന്നതോടെ കാര്യങ്ങള്‍ സെമിറ്റിക് രീതികളിലേക്ക് മാറുന്നു . ഇതിനു കാരണം ഉണ്ട് . ഇറാന്‍ സത്യത്തില്‍ ഒരു അതിര്‍ത്തിയാണ് . സെമിറ്റിക് , പേഗന്‍ വിശ്വാസങ്ങള്‍ പുരാതന സൗരാഷ്ട്രിയന്‍ – ഹിന്ദു വിശ്വാസങ്ങളുമായി കൂട്ടിമുട്ടുന്ന സ്ഥലം . അവിടെയാണ് ഇവരുടെ ഉത്ഭവകേന്ദ്രമായി അവര്‍ തന്നെ പറയുന്നത് . സ്വാഭാവികമായും ഇരു വിശ്വാസങ്ങളും കൂടി കലര്‍ന്നിട്ടുണ്ടാവാം . പക്ഷെ യാസീദികള്‍ക്ക് അവരുടെ ഭാഷ്യത്തില്‍ ഒരു പ്രത്യേകത ഉള്ളവര്‍ ആണ് . നാമെല്ലാം ആദത്തില്‍ നിന്നും ഹൗവ്വയില്‍ നിന്നും ജനനം കൊണ്ട് എന്ന് സെമിറ്റിക് മതങ്ങള്‍ പഠിപ്പിക്കുമ്പോള്‍ യാസീദികള്‍ പറയുന്നത് ഇവര്‍ ആദത്തില്‍ നിന്നും മാത്രം ജനിച്ചവര്‍ ആണെന്ന് ആണ് !!! ( വലിയ കഥയാണ് നെറ്റില്‍ തപ്പി വായ്ച്ചോളൂ ) . അതിനാല്‍ തന്നെ ഒരുവന്‍ ജനനം കൊണ്ടാണ് യസീദി ആകുന്നത് . അതായത് ആരെങ്കിലും മതം മാറി യസീദി ആകാം എന്ന് വിചാരിച്ചാല്‍ നടപ്പില്ല എന്നര്‍ത്ഥം !!! കാരണം നിങ്ങളും ഞാനുമൊക്കെ ഹൗവ്വയില്‍ നിന്നാണ് ജനിച്ചത്‌ !

ഇവര്‍ പല ആചാരങ്ങളും മറ്റ് മതങ്ങളില്‍ നിന്നും കടം കൊണ്ടു എന്ന് ചിലര്‍ പറയുന്നുണ്ട് . ഉദാഹരണത്തിന് ക്രിസ്ത്യന്‍ ജ്ഞാനസ്നാനം . ഇത് ക്രിസ്തുമതം ഉണ്ടാവുന്നതിന് മുന്‍പേ നിലവില്‍ ഉണ്ടായിരുന്നു എന്നറിഞ്ഞാല്‍ തീരാവുന്ന പ്രശനമേ ഉള്ളൂ . ജൂദരുടെ Tevilah എന്ന രീതി ഇതിന് സമാനമാണ് . ബാബിലോണ്‍ പ്രവാസകാലതാണ് അവര്‍ ഇത് ആരംഭിച്ചത് എന്നാണ് കരുതപ്പെടുന്നത് . ഒരാള്‍ ജൂതന്‍ ആകണമെങ്കില്‍ അന്ന് Tevilah നടത്തിയാണ് സ്വീകരിച്ചിരുന്നത് . Tevilah ജീവിതത്തില്‍ പല തവണ ചെയ്യാം എന്നാല്‍ ക്രിസ്ത്യന്‍ ജ്ഞാനസ്നാനം ജീവിതത്തില്‍ ഒന്നേ പറ്റൂ . ഇതിന് സമാനമായി ഈജിപ്തിലും മറ്റും വേറെയും ചില രീതികള്‍ ഉണ്ടായിരുന്നു .

യസീദികളുടെ മയില്‍

മയിൽ ഇന്ത്യയിൽ മാത്രം കാണപ്പെട്ടിരുന്നു എങ്കിലും അങ്ങ് ഇസ്രയേൽ വരെയുള്ളവർക്ക് ഈ പക്ഷി പണ്ട് മുതലേ സുപരിചിതമായിരുന്നു എന്നതിത് ധാരാളം തെളിവുകൾ ഉണ്ട് . സോളമൻ രാജാവ് ഇറക്കുമതി ചെയ്ത സാധനങ്ങളുടെ കൂട്ടത്തിൽ മയിൽ ഉണ്ടായിരുന്നു (1 Kings 10.22-23). മയിൽ ഗ്രീസിൽ ഒരു വിശിഷ്ട ഭക്ഷണമായിരുന്നു എന്ന് പ്ലീനി രേഖപ്പെടുത്തിയിട്ടുണ്ട് (Pliny NH 10.45). കൊയിനെ ഗ്രീക്കിൽ മയിലിന്റെ പേര് tahōs എന്നാണ് . അതിനാൽ യസീദികൾക്ക് മയിലിനെ കിട്ടിയത് ഗ്രീക്കിൽ നിന്നാകാനും സാധ്യത ഉണ്ട് . മയിലിനെ അമരത്വവുമായി ആദ്യമായി ബന്ധിപ്പിച്ചത് ഗ്രീക്ക് കാരാണ് . ഇതെല്ലാം ക്രിസ്തുവിനും വളരെ മുൻപ് സംഭവിച്ച കാര്യങ്ങളാണ് . ഗ്രീക്ക് സ്വാധീനം കാരണം ആദ്യകാല ക്രിസ്ത്യാനികളും മയിലിനെ അമരത്വവുമായി ബന്ധിപ്പിച്ചിരുന്നു. അതിനാൽ യസീദികളെ ഇന്ത്യയുമായി ബന്ധിപ്പിക്കാൻ മയിൽ ഒരു കാരണമേ അല്ല . വിളക്കും മറ്റ് ആരാധനാ രീതികളും സൗരാഷ്ട്രിയൻ മതത്തിലും ഉണ്ടായിരുന്നു.

🛑 You are not allowed to use this text content for YouTube Videos without permission 🛑

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.

MORE POSTS

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More