Van Life, not Pirate Life!

Van Life, not Pirate Life! 1

പണ്ട് ദീർഘദൂരയാത്രകൾക്ക് പോകുമ്പോൾ അപ്പനൊരു പ്രത്യേക സൂക്കേടുണ്ടായിരുന്നു . എവിടെപ്പോയാലും രാത്രി മുറിയെടുക്കില്ല . വാഴക്കുലയും കഞ്ഞിപ്പാത്രവും കെട്ടിത്തൂക്കിയിട്ടിരിക്കുന്ന ട്രാൿസ് ജീപ്പിന്റെ പിന്നാമ്പുറത്ത് കിടന്നുറങ്ങിക്കോണം . കാശ് ലാഭിക്കാനാണ് ശ്രമം . ഇരവികുളം ഹട്ടിനടുത്തെവിടോ അങ്ങോട്ടുള്ള വഴിയിൽ ആയിരുന്നു ഇത്തരം ആദ്യരാത്രിയുറക്കം . വെളുപ്പിനെ മൂന്നുമണിയോടെ അതിശക്തമായി മൂക്കിൽ തുളഞ്ഞുകയറിയ ആനച്ചൂരാണ് അന്ന് ഞങ്ങളെ ഉണർത്തിയത് . മൂടിക്കെട്ടിയ ജീപ്പിൽ നിന്നും കൊടുംതണുപ്പിലിറങ്ങി നോക്കാൻ അന്നാരും തുനിഞ്ഞില്ല . പക്ഷെ നേരം വെളുത്തപ്പോഴുണ്ട് ജീപ്പിന് ചുറ്റും കാട്ടാനകൾ പിണ്ഡം കൊണ്ട് അത്തപ്പൂ ഇട്ടിരിക്കുന്നു! അന്നതൊരു രസമായി തോന്നിയത് പിന്നീട് പലകുറി ആവർത്തിച്ചു . ഭൂരിഭാഗവും കാട്ടിൽ തന്നെ! സ്റ്റൗവും പാത്രങ്ങളും ആഹാരസാധനങ്ങളൂം എല്ലാമടങ്ങുന്ന ട്രാൿസ് ജീപ്പ് ചെറിയൊരു വീട് തന്നെയായിരുന്നു . തമിഴ്‌നാട്ടിലെ ബെർജാമ് തടാകത്തിനടുത്തെവിടോ ആനത്താരയിൽ കിടന്നതാണ് ആകെ വശക്കേടാക്കിയത് . ഒറ്റതിരിഞ്ഞെത്തിയ ഒരു കാട്ടുപോത്ത് ഡ്രൈവർ സീറ്റിൽ തലയിട്ട് നോക്കിയതോടെ ഞങ്ങൾ വിരണ്ടു . വന്നത് ആനയാണോ കാട്ടിയാണോ എന്നൊന്നും ആദ്യം തിരിച്ചറിയാൻ പറ്റിയില്ല . അവന്റെ കൊമ്പുടക്കി ജീപ്പിന്റെ മൂടി കീറുകയും ചെയ്തു . പിന്നെ ഒരുതരത്തിൽ അവിടെനിന്നും രക്ഷപെട്ടു എന്ന് പറഞ്ഞാൽ മതി . അവസാനം ഒരു രാത്രി മലകപ്പാറയിൽ കടുവയെ മുഖാമുഖം കണ്ടതോടെ തുറന്ന ജീപ്പിലെ രാത്രിയുറക്കം അവസാനിച്ചു . എന്തൊക്കെപറഞ്ഞാലും ഫുൾ സെറ്റപ്പിൽ നല്ലൊരു വാഹനത്തിൽ ദീർഘദൂരം യാത്രചെയ്യുന്നതിന്റെ ത്രില്ല് ഒന്ന് വേറെ തന്നെയാണ് . തമിഴ്‌നാട്ടിൽ ചെന്നാൽ നേരെ അടുത്ത ചന്തയിൽ ചെന്ന് പാകം ചെയ്യാനുള്ള സകലതും മേടിക്കും . എന്നിട്ട് ഒറ്റതിരിഞ്ഞൊരു സ്ഥലം കണ്ടെത്തി വിസ്തരിച്ച് പാകം ചെയ്യും . കാശ് ലാഭം , നല്ല ഭക്ഷണം .

Advertisements

കാലം കഴിഞ്ഞപ്പോൾ യാത്രകൾ കുറഞ്ഞുവന്നു . അപ്പോൾ വേറൊരു വഴികണ്ടെത്തി . വൈകിട്ട് കോട്ടയത്ത് നിന്നും നേരെ വാഗമണ്ണിലേക്ക് പറപ്പിക്കുക . പറ്റിയ ഏതെങ്കിലും മൊട്ടക്കുന്നിന്റെ മുകളിൽ കയറുക . ചാറിപ്പെയ്യുന്ന നൂൽമഴയുടെ അകമ്പടിയോടെ നല്ല ഇറച്ചിയും കപ്പയും വേവിച്ച് കഴിക്കുക . കോടമഞ്ഞും പോത്തിറച്ചിയും! ഇന്നത്തേത് പോലെയല്ല, അന്ന് ആ രാത്രിയിൽ വാഗമൺ കുന്നിൻമുകളിൽ ഞങ്ങൾ മാത്രമേ ഉണ്ടാവാറുള്ളൂ . അന്നവിടെനിന്നും ഏലപ്പാറക്ക് ജീപ്പിൽ പോയാൽ ആണുങ്ങൾ വരെ പ്രസവിച്ച് പോകും ! അത്രക്കുണ്ടായിരുന്നു റോഡിലെ കുഴികൾ!

അല്ല, പറഞ്ഞുവന്നത് ഇതല്ല . വാൻ ജീവിതം (Van Life) അത് പറയാനാണ് വന്നത് . അമേരിക്കയിൽ ഇതൊരു ജിപ്സി സ്റ്റൈൽ ജീവിതമാണ്. സർവ്വവിധ സജീകരണങ്ങളും ഉള്ള ഒരു മിനി വാനിലാണ് കുടുംബം മുഴുവനും കഴിയുന്നത് . ഇക്കൂട്ടർ അങ്ങ് അലാസ്‌ക്ക മുതൽ ചിലി വരെയുള്ള രാജ്യങ്ങളിൽ സഞ്ചരിക്കും . വീട് കൂട്ടത്തിൽ തന്നെയുള്ളതിനാൽ ആധിപിടിക്കേണ്ട കാര്യങ്ങളൊന്നും ഇല്ല . കറണ്ട് , ഗ്യാസ് , വെള്ളം ബില്ലുകൾ ഇല്ല . ആണുങ്ങൾ ഒറ്റയ്ക്കോ , അല്ലെങ്കിൽ ഒരു പെണ്ണിനേയും കൂട്ടിയോ ആവാം ജീവിതം . പ്രസിദ്ധ മലകയറ്റക്കാരൻ അലക്സ് ഹെന്നോൾഡ് ഇത്തരം വാൻ ജീവിതം നയിക്കുന്ന ആളാണ് . അപ്പോൾ എന്താണ് ഇവരുടെ വരുമാനം എന്ന് ചിന്തിച്ചേക്കാം . ഓൺലൈൻ വർക്കുകൾ ചെയ്യുന്നവരാണ് ഭൂരിഭാഗവും . ചെല്ലുന്ന ഇടങ്ങളിലെ കഥകളും മറ്റും യുട്യൂബിൽ ഇട്ട് പ്രചരിപ്പിച്ച് വരുമാനം ഉണ്ടാക്കുന്നവരും , പ്രശസ്തരായ ബ്ലോഗർമാരും ഇക്കൂട്ടത്തിൽ ഉണ്ട് . വേറെ ചിലർ ഏതെങ്കിലും ഒരു പട്ടണത്തിൽ കുറച്ചുമാസം തങ്ങി പലവിധജോലികൾ ചെയ്ത് കാശുണ്ടാക്കി , വീണ്ടും യാത്ര ചെയ്ത് അടുത്ത സ്ഥലത്തെത്തി അങ്ങിനെ അങ്ങിനെ ജീവിക്കും . ഇവരങ്ങിനെ അമേരിക്കയിൽ ഒറ്റതിരിഞ്ഞു നടക്കുന്ന ഭ്രാന്തമാരല്ല , ഇവർക്ക് സംഘടനയും കൂട്ടായ്മയും ഒക്കെയുണ്ട് . ഈക്കഴിഞ്ഞ ആഴ്ച്ച (September 21st to the 23rd, 2018 ) നടന്ന Asheville Van Life Rally അത്തരമൊന്നാണ് . ഇരുന്നൂറോളം വണ്ടികളും ആയിരക്കണക്കിന് ആളുകളുമാണ് ഇവിടെ എത്തിയത് . വലിയ മൈതാനത്ത് വണ്ടികൾ തുറന്നിടും . പിന്നെ അങ്ങോട്ടും ഇങ്ങോട്ടും വണ്ടി സന്ദർശനമാണ് . ട്രിക്കുകളും , ഭക്ഷണക്കൂട്ടുകളും ഈ സമയത്ത് അവർ കൈമാറും . പിന്നീട് ഏതെങ്കിലും വിദൂരദേശത്ത് വെച്ച് വീണ്ടും കാണാനുള്ള ഏർപ്പാടുകൾ ചെയ്യും . വൈകിട്ട് പാർട്ടിയും ആഘോഷവും! അത് കഴിഞ്ഞു വീണ്ടു ഏതെങ്കിലും കാട്ടുമൂലയിലേക്ക്!

ഭാര്യക്ക് ദിവസം ഡബിൾ ഡ്യൂട്ടി പലപ്പോഴും നൈറ്റ് , ഭർത്താവിന് ഓരോ രണ്ടര ദിവസവും തുടർച്ചയായ ഡ്യൂട്ടി , ഇതൊന്നുമില്ലാത്ത ദിവസങ്ങളിൽ ഷോപ്പിങ്ങും വീട്ടിലെ പണിയും . വീട് ലോൺ , വണ്ടി രണ്ടെണ്ണം ലോൺ , മൂന്ന് മൊബൈൽ ബില്ലുകൾ വേറെയും . അങ്ങിനെയൊരു സുഹൃത്തിനോട് ഈ കഥ പറഞ്ഞപ്പോൾ അങ്ങേര് പറയുകയാണ് ലവന്മാർക്ക് വട്ടാണെന്ന്!

Images : http://www.alwaystheroad.com

NB : രാത്രിജീവിതം തീരെയില്ലാത്ത ഇന്ത്യൻ സംസ്ഥാനങ്ങളിൽ വാൻ ലൈഫ് റെക്കമൻഡ് ചെയ്യുന്നില്ല . പക്ഷെ കഞ്ചാവ് പെർമിറ്റ് കിട്ടിയ ശേഷം ഇതും ആലോചിക്കാവുന്നതാണ് .

Advertisements

“Living on the road is amazing and we absolutely love it, but the truth is, it’s just not for everyone”

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ