മൂങ്ങകൾ നിർത്തിച്ച കച്ചവടം

മൂങ്ങകൾ നിർത്തിച്ച കച്ചവടം 1

പതിനേഴ് ലക്ഷത്തോളം ഏക്കർ വിസ്താരമുള്ള വനം . അതിൽ പകുതിയും നൂറ്റാണ്ടുകളായി അതേപടി നിലനിൽക്കുന്ന കന്യാവനങ്ങൾ ! ലക്ഷക്കണക്കിന് ഏക്കറുകൾ പടർന്നുകിടക്കുന്ന ഫിർ മരക്കൂട്ടങ്ങൾ . ചരിത്രം പേറുന്ന വില്ലമേറ്റ് നദിയുടെ ഇരുകരകളിലുമായി കണ്ണെത്താദൂരം വ്യാപിച്ചുകിടക്കുന്ന ഈ ഭൂമി,  അഞ്ചോളം വൻമലകൾക്കും സ്ഥലമേകി , പലയിടങ്ങളിലും  ഉയർന്നും താണും  ഒരു മായാവനം പോലെ അനന്തതയിൽ ലയിച്ചു തീരുന്നു . അമേരിക്കയിലെ ഒറിഗോൺ സംസ്ഥാനത്തെ വില്ലമേറ്റ് ദേശീയവനം ഭൂമിയിലെ തന്നെ ഏറ്റവും വലിയ സംരക്ഷിതവനഭൂമികളിൽ ഒന്നാണ് . സംസ്ഥാനത്തെ പ്രധാന വരുമാന സ്രോതസ്സായ കാട്ടുതടികളുടെ കേന്ദ്രമായ ഇവിടം പക്ഷെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ വൻതോതിലുള്ള വനനശീകരണത്തിനും വിധേയമായിരുന്നു . ഒരു വലിയ പ്രദേശത്തെ തടികൾ , ഒരേസമയം വെട്ടി നീക്കി , അവിടെ അതേ  മരങ്ങൾ വീണ്ടും വെച്ചുപിടിപ്പിക്കുന്ന ക്ലിയർ കട്ട് രീതിയായിരുന്നു ഇവിടുത്തുകാർ അവലംബിച്ചിരുന്നത് . ഡഗ്ലസ് ഫിർ എന്ന പൈൻ മരമാണ് ഇവിടുത്തെ പ്രധാന തടി . മുന്നൂറടിയോളം ഉയരംവെയ്ക്കുന്ന ഇവ ഭൂമിയിലെ ഏറ്റവും ഉയരം വെക്കുന്ന മരങ്ങളിലൊന്നാണ് .  ഈ തടിക്ക് രണ്ടുമീറ്ററിന് മുകളിൽ വ്യാസവും ഉണ്ടാവും . പതിനായിരക്കണക്കിനാളുകൾ ഈ തടി വ്യവസായത്തെ പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിച്ച് കഴിഞ്ഞുവന്നിരുന്നു . പക്ഷെ ഇതിനിടയിൽ ഒരു പണി പറ്റി . വടക്കൻ പുള്ളിമൂങ്ങ (northern spotted owl) എന്ന രാത്രിഞ്ചരൻ ആണ് കോടികളുടെ തടി വ്യവസായത്തിന്റെ കടയ്ക്കൽ കൊണ്ട് കത്തിവെച്ചത് .

Advertisements

തടിവ്യവസായം കൊഴുക്കുന്നതിനിടെ ചിലർ ഒരു കാര്യം ശ്രദ്ധിച്ചു . മുൻപ് പറഞ്ഞ പുള്ളിമൂങ്ങയുടെ എണ്ണത്തിൽ സാരമായ കുറവ് വന്നിരിക്കുന്നു ! സംരക്ഷിക്കപ്പെടേണ്ട കന്യാവനങ്ങളിലേയ്ക്കും കോടാലി നീണ്ടതാണത്രേ കാരണം! പിന്നെ സമരമായി,  കലാപമായി അവസാനം കൊടുംവനങ്ങളിലെ കൂപ്പുകളിൽ കുത്തിയിരുപ്പ് സമരം വരെ പ്രകൃതി സംരക്ഷകർ നടത്തി . വടക്കൻ പുള്ളിമൂങ്ങകൾക്ക് ചില ശാഠ്യങ്ങളൊക്കെയുണ്ട് . ഉയരക്കൂടുതലുള്ള മരങ്ങളുടെ പൊത്തുകളിലേ കൂടുകൂട്ടൂ . ജീവിതത്തിലാകെ ഒരൊറ്റ ഭാര്യ മാത്രം ! മാത്രവുമല്ല , ജനിക്കുന്ന പ്രദേശത്തിന്റെ ചുറ്റുവട്ടത്തിൽ മാത്രം ഇരതേടി ജീവിക്കുകയും അവിടെ തന്നെ ചാകുകയും ചെയ്യും . സ്വാഭാവികമായും കാലാകാലങ്ങളായുള്ള ഇവരുടെ ആവാസവ്യവസ്ഥയിൽ കോടാലി വെച്ചാൽ ഇവറ്റകളുടെ കാര്യം പരുങ്ങലിലാവും .  വടക്കൻ പുള്ളിമൂങ്ങകൾ കൽക്കരിഖനിയിലെ കാനറി പക്ഷിയാണെന്ന് (canary in a coal mine)  പരിസ്ഥിതിവാദികൾ വിലപിച്ചു . പണ്ട് ഖനികളിൽ ജോലിചെയ്യുന്നവർ കൂട്ടിലടച്ച ഒരു കാനറി പക്ഷിയെക്കൂടെ  കൊണ്ടുപോകുമായിരുന്നു . ഹാനികരമായ മീഥേനോ , കാർബൺ മോണോക്‌സൈഡോ ഖനിയിൽ സംജാതമായാൽ ഉടൻ തന്നെ കാനറികൾ ചാകും . അതോടെ മനുഷ്യർ അപകടം മുന്നിൽക്കണ്ട് ഖനിയിൽ നിന്നും പുറത്തുകടക്കുകയും ചെയ്യും . ഇവിടെ,  വരാൻ പോകുന്ന പരിസ്ഥിനാശമാണ് മൂങ്ങകളുടെ അവസാനം ചൂണ്ടിക്കാട്ടുന്നത് എന്നായിരുന്നു അവരുടെ വാദം . ( നമ്മുടെ നാട്ടിൽ കമ്യൂണിസ്റ്റ് പച്ചയാണ് കാനറികളുടെ റോളിൽ ഉള്ളത് . മധ്യഅമേരിക്കയിൽ നിന്നുള്ള അധിനിവേശസസ്യമായ ഇവന്റെ സാന്നിധ്യം ആ പ്രദേശത്തെ സ്വാഭാവിക വനത്തിന്റെ മരണം ഉറപ്പുതരുന്നു ) . വീണ്ടും ഒറിഗോണിലേക്ക് തിരികെ വരാം .  നീണ്ട പ്രക്ഷോഭങ്ങൾക്കൊടുവിൽ സർക്കാർ ഒരു പോംവഴി കണ്ടെത്തി . മൂങ്ങകൾ ഉണ്ടെന്ന് കരുതപ്പെടുന്ന വനങ്ങളെ തടിവെട്ടലിൽ നിന്നും ഒഴിവാക്കി പ്രത്യേകസംരക്ഷിതഭൂമിയായി പ്രഖ്യാപിച്ചു . കൂടാതെ വനം വെട്ടലിന് കാര്യമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തി . അതോടെ യന്ത്രങ്ങളുടെ വരവോടെ തൊഴിൽ സാധ്യത നന്നേ  കുറഞ്ഞിരുന്ന തടി വ്യവസായത്തിലെ ജോലി സാധ്യതകൾ തീർത്തും  ഇല്ലാതായി . അപ്പോഴാണ് , പുതിയൊരു കണ്ടുപിടുത്തവുമായി ചിലർ രംഗത്തിറങ്ങിയത് . വടക്ക് തണുത്ത പ്രദേശങ്ങളിൽ നിന്നുമുള്ള മറ്റൊരു മൂങ്ങാവർഗ്ഗമായ ബാർഡ് ഓൾസ് (barred owls) വില്ലമേറ്റ് വനപ്രദേശങ്ങളിൽ സാന്നിധ്യമറിയിക്കാൻ തുടങ്ങിയിരിക്കുന്നു ! പുള്ളിമൂങ്ങകളുടെ ആവാസവ്യവസ്ഥകളും , കൂടുകളും മറ്റും അവറ്റകൾ കയ്യേറാൻ തുടങ്ങിയിരിക്കുന്നു . ചുരുക്കത്തിൽ വടക്കൻ പുള്ളിമൂങ്ങകളുടെ നിലനിൽപ്പ് ആകെ പരുങ്ങലിലായി . അപ്പോൾ ഗവേഷകർ മറ്റൊരു മാർഗ്ഗം അവലംബിച്ചു . പുള്ളിമൂങ്ങകളെ കൂട്ടിലടച്ചു വളർത്തി , മുട്ടയിടീച്ച് , പ്രായപൂർത്തിയായവയെ പഴയ വനങ്ങളിലേക്ക് തന്നെ തിരിച്ചു വിടുക ! കഴിഞ്ഞ കുറെ വർഷങ്ങളായി അവർ വിജയകരമായി തന്നെ ഇത് ചെയ്യുന്നുമുണ്ട് . അതിനാൽ ഈ ചെറു മൂങ്ങാവർഗ്ഗം ഉടനെയെങ്ങും കുറ്റിയറ്റുപോകില്ല എന്നാശിക്കാം .

മാറിയ സാഹചര്യത്തിൽ ഒറിഗോണിലെ തടി വ്യവസായം ഒന്ന് മുരടിച്ചെങ്കിലും , ന്യൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മൂങ്ങകളെയും , പരിസ്ഥിതി സ്നേഹികളെയും വേദനിപ്പിക്കാതെ ഇപ്പോഴവർ പഴയ പ്രതാപം വീണ്ടെടുത്തിട്ടുണ്ട് . മൂങ്ങകളറിയാതെ തടിവെട്ടാൻ ഇപ്പോഴവർ ശീലിച്ചുകഴിഞ്ഞു .

ഈ കൃസ്തുമസിനോടനുബന്ധിച്ച് വില്ലമേറ്റ് ഫോറസ്ററ് അധികൃതർ രസകരമായ ഒരു ഗെയിം സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട് . വനത്തിലെ സുരക്ഷിത മേഖലകളിലെ  മരങ്ങളിൽ അവർ ഗ്ലാസുകൊണ്ട് നിർമ്മിതമായ മനോഹരങ്ങളായ ചില ആഭരണങ്ങൾ തൂക്കിയിട്ടിട്ടുണ്ട് . നടന്നും , ചുറ്റുവട്ടം ശ്രദ്ധിച്ചും , മരങ്ങളെ നോക്കിയും ട്രെക്കിങ്ങിങ് നടത്തുന്ന സഞ്ചാരികൾക്ക് ഇവ ലഭിക്കും . അതിൽ രേഖപ്പെടുത്തിയിരിക്കുന്ന നമ്പർ ഓൺലൈനിൽ രെജിസ്റ്റർ ചെയ്‌താൽ ഒട്ടനവധി സമ്മാനങ്ങളാണ് ലഭിക്കുക ! വീട്ടിൽ കുത്തിയിരിക്കാതെ ലോകവും , പരിസ്ഥിതിയും കാണുവാൻ ആളുകളെ പ്രേരിപ്പിക്കുകയാണ് ഇത്തരം രസകരമായ കളികളുടെ ഉദ്യേശം .  ഒക്ടോബറിൽ അവസാനിച്ച ഈ  ജംഗിൾ ഗെയിം വൻ വിജയമായിരുന്നു .

ചിത്രത്തിന്റെ ഉറവിടം : pixabay.com

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ