മഞ്ഞിനെ മനസുകൊണ്ട് കീഴടക്കിയ സാഹസികൻ

മഞ്ഞിനെ മനസുകൊണ്ട് കീഴടക്കിയ സാഹസികൻ 1

അങ്ങ് തെക്ക് തെക്കൊരു ദേശം . അങ്ങിനെയൊരുസ്ഥലമുണ്ടാകാം എന്ന് പലരും കരുതിയിരുന്നൊരു കാലം . വടക്കുള്ള ആർട്ടിക്കിന് നേരെ എതിർവശത്തായതിനാൽ പലരും ആ സ്വപ്നഭൂമിയെ അന്റാർട്ടിക്ക എന്ന് വിളിച്ചു . 1773 ൽ ക്യാപ്റ്റൻ ജെയിംസ് കുക്ക് ഇതിനടുത്തുകൂടെ കടന്നുപോയെങ്കിലും വൻകര കണ്ടില്ല . വീണ്ടും വർഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷം റഷ്യൻ കപ്പിത്താനായിരുന്ന ക്യാപ്റ്റൻ ഫാബിയാൻ വെള്ളിക്കിണ്ണം പോലെ തിളങ്ങുന്ന ആ ഭൂമി ആദ്യമായി ദർശിച്ചു . അധികം താമസിയാതെ തന്നെ നോർവീജിയൻ പര്യവേക്ഷകനായ റോൾഡ് അമുണ്ട്സൺ ആസ്‌ത്രേലിയൻ , യൂറോപ്യൻ ഭൂഖണ്ഡങ്ങളെക്കാൾ വലിപ്പമേറിയ ആ തെക്കൻ വൻകര മനുഷ്യന്റെ കാൽക്കീഴിലാക്കി . 1913 ൽ അവിടൊരു മനുഷ്യക്കുഞ്ഞും പിറന്നു വീണു .

Advertisements
മഞ്ഞിനെ മനസുകൊണ്ട് കീഴടക്കിയ സാഹസികൻ 2

അന്റാർട്ടിക്കൻ മഞ്ഞിന്റെ ശരാശരി ഘനം ഒന്നര കിലോമീറ്ററോളം വരുമെന്ന് നമ്മിൽ പലർക്കും അറിയില്ലായിരിക്കും . പോട്ടെ , അന്റാർട്ടിക്കയുടെ ശരാശരി ഉയരം ഏതാണ്ട് മൂന്ന് കിലോമീറ്റർ ആണ് ! അതായത് ഏതാണ്ട് നമ്മുടെ ആനമുടിയുടെ ഉയരം ! സ്വാഭാവികമായി മനുഷ്യവാസമില്ലാത്ത ഏക ഭൂഖണ്ഡമായ ഇവിടെ ഗവേഷണാവശ്യങ്ങൾക്കായി വിവിധരാജ്യങ്ങളിൽ നിന്നായി ഏതാണ്ട് അയ്യായിരത്തോളം പേർ താൽക്കാലികമായി താമസിക്കുന്നു . വൻകരയുടെ ഏതാണ്ട് നടുവിലൂടെ കടന്നുപോകുന്ന ട്രാൻസ് അന്റാർട്ടിക്ക പർവ്വതനിര ഈ ഭൂഖണ്ഡത്തെ രണ്ടായി വിഭജിക്കുന്നുണ്ട് . ഭൂമിയുടെ മൂട്ടിലെ തീയാണ് റോസ് ദ്വീപിലെ എറിബസ് എന്ന അഗ്നിപർവ്വതം . സംഭരണശേഷിയിൽ ഭൂമിയിലെ ആറാമത്തെ വലിയതടാകം വോസ്തോക് അന്റാർട്ടിക് ഐസ് പാളികൾക്കടിയിൽ പുറംലോകത്തിന്റെ കണ്ണിൽപ്പെടാതെ മറഞ്ഞിരിക്കുന്നു . 230 കിലോമീറ്റർ നീളവും 50 km വീതിയും 800 മീറ്ററോളം ആഴവുമുള്ള വോസ്‌റ്റോക് , പ്രതലവിസ്തീർണ്ണത്തിൽ ഭൂമിയിലെ പതിനാറാമത്തെ വലിയ തടാകമാണ് . ഇതിന് മുകളിൽ സ്ഥിതിചെയ്യുന്ന റഷ്യൻ സ്റ്റേഷനായ വോസ്റ്റോക്കിൽ 1983 ജൂലൈ 21-നു രേഖപ്പെടുത്തപ്പെട്ട താപനില -89.2°c ആണ് !. ഇതിനും പുറമേ , കാടാറു മാസം നാടാറുമാസം എന്ന രീതിയിലാണ് അന്റാർട്ടിക്കിൽ സൂര്യൻ പ്രത്യക്ഷപ്പെടുന്നത് . വല്ലപ്പോഴും വന്നുപോകുന്ന മനുഷ്യനല്ലാതെ , കരയിൽ മാത്രം ജീവിക്കുന്ന നട്ടെല്ലുള്ള വേറെ ജീവികൾ ഈ വൻകരയിൽ ഇല്ല.

അല്ല, ഇതൊക്കെ എന്തിനാണ് ഇത്ര വിശദീകരിച്ച് പറഞ്ഞത് എന്നറിയാമോ ? ഇത്രയും വിചിത്രമായ ഈ വെളുത്ത വൻകരയിൽ എന്തൊക്കെയാണ് ഉള്ളത് എന്ന് മനുഷ്യനറിവില്ലാതിരുന്ന ഒരു കാലത്ത് , ഈ ഭൂഖണ്ഡത്തിലെ രഹസ്യങ്ങൾ തേടി യാത്ര ചെയ്ത ഒരുകൂട്ടം മനുഷ്യരെയാണ് നാമിനി കാണാൻ പോകുന്നത് . മനസും , ശരീരവും ജീവിതവും കൊടുത്ത് അവർ കണ്ടെത്തിയതൊക്കെ മനുഷ്യകുലത്തിന് പുത്തനറിവുകളായിരുന്നു . ഇന്ന് മഞ്ഞുപുതഞ്ഞു വിറങ്ങലിച്ച് കിടക്കുന്ന ഈ വൻകര , ഒരുകാലത്ത് വൃക്ഷങ്ങൾ നിറഞ്ഞ നിബിഡവനമായിരുന്നു എന്ന് കണ്ടെത്തിയത് , തന്റെ നാല്പത്തിമൂന്നാമത്തെ വയസിൽ , നോർവേക്കാരൻ റൊവാൾഡ് ആമുണ്ഡ്സെന്നിന് തൊട്ടുപിറകെ ദക്ഷിണധ്രുവം കീഴടക്കി തിരികെ വരുമ്പോൾ മരണപ്പെട്ട റോബർട്ട് ഫാൽക്കൺ സ്‌കോട്ട് ആയിരുന്നു ! ഇരു ധ്രുവങ്ങളും ആദ്യമായി കീഴടക്കിയ സാക്ഷാൽ ആമുണ്ഡ്സെനാകട്ടെ മറ്റൊരു യാത്രക്കിടയിൽ എന്നന്നേയ്ക്കുമായി അപ്രത്യക്ഷനാവുകയാണ് ചെയ്തത് . ഈ രണ്ടുപേരുനോടൊപ്പവും ചേർത്തുവെയ്ക്കാവുന്ന മൂന്നാമനെയാണ് നാം ഇവിടെ പിന്തുടരാൻ പോകുന്നത് . പര്യവേഷകർക്കിടയിലെ ആസ്‌ത്രേലിയൻ ഹീറോ , സർ ഡഗ്ലസ് മോസൺ !

മഞ്ഞിനെ മനസുകൊണ്ട് കീഴടക്കിയ സാഹസികൻ 3

1841 ജനുവരി ഇരുപത്തിയേഴ് . എറിബസ് എന്ന കപ്പൽ ഒച്ചിഴയുംപോലെ മഞ്ഞുകട്ടകൾക്കിടയിലൂടെ ചലിച്ചുകൊണ്ടിരിക്കുന്നു . അന്റാർട്ടിക്കൻ ഐസ് പാളികൾ ഇത്രയ്ക്കടുത്ത് ഇതിനു മുൻപ് മറ്റൊരാളും കണ്ടിട്ടുണ്ടാവില്ല . ഡെക്കിൽ നിവർന്ന് നിന്നുകൊണ്ട് ക്യാപ്റ്റൻ ജെയിംസ് ക്ലാർക്ക് റോസ് ഉറക്കെ പ്രഖ്യാപിച്ചു . ” അത്ഭുതം തന്നെ ! തെക്കൊരു വന്കരയുണ്ടെന്നുള്ളത്‌ സത്യമാണ് !” പക്ഷെ അവരെക്കാത്ത് മാറ്റൊരത്ഭുതം കൂടി അവിടെ കാത്തിരിപ്പുണ്ടായിരുന്നു . വിശാലമായ ആ മഞ്ഞു സാമ്രാജ്യത്തിനിടയിൽ പുകയുന്ന ഒരു അഗ്നിപർവ്വതം ! ഈ കാഴ്ച്ച ചരിത്രത്തിൽ ആദ്യമായി കണ്ടത് തങ്ങളാണെന്ന സത്യം കപ്പലിലുള്ളവർക്ക് രോമാഞ്ചമുണ്ടാക്കി . തങ്ങൾ സഞ്ചരിച്ചുകൊണ്ടിരുന്ന കപ്പലിന്റെ അതേ പേര് തന്നെ അവർ ആ മലയ്ക്ക് നൽകി . മൗണ്ട് എറിബസ് ! മില്യൺ കണക്കിന് വർഷങ്ങൾക്ക് മുൻപേ എരിഞ്ഞു തുടങ്ങിയ എറിബസ് പർവ്വതം , റോസും കൂട്ടരും ആദ്യമായി കാണുമ്പോഴും പുക തുപ്പുന്നുണ്ടായിരുന്നു ! പിന്നീട് അദ്ദേഹത്തിന്റെ തന്നെ പേരിൽ അറിയപ്പെട്ട റോസ് ഐലൻഡിൽ ആയിരുന്നു എറിബസ് സ്ഥിതിചെയ്തിരുന്നത് . സജീവമല്ലെങ്കിലും വേറെയും മൂന്ന് അഗ്നിപർവ്വതങ്ങൾ കൂടി ഇതേ ദ്വീപിൽ തന്നെ ഉണ്ടായിരുന്നു ! ഇന്നും കപ്പലിൽ തെക്കോട്ട് പോയാൽ ക്യാപ്റ്റൻ റോസ് ചെന്ന് നിർത്തിയിടത്ത് തന്നെ നാമും നിൽക്കും . ഇതിനപ്പുറത്തേക്ക് ഇന്നും കപ്പൽ യാത്ര സാധ്യമല്ല . തെക്കോട്ട് കടലിൽക്കൂടി സഞ്ചരിച്ച് നമ്മുക്ക് റോസ് ഐലൻഡ് വരെയേ എത്താനാവൂ . അന്ന് 78 ഡിഗ്രി സൗത്ത് വരെയാണ് അവർ എത്തിയത് . സാക്ഷാൽ ദക്ഷിണ ധ്രുവം 90 ഡിഗ്രി സൗത്തിൽ ആണുള്ളത് !. കണ്ടത്തിയതിനെല്ലാം പേരിട്ട് ക്യാപ്റ്റൻ റോസും കൂട്ടരും തിരികെയെത്തിയതോടെ യാത്രികരുടെ ലോകം ഇളകിമറിഞ്ഞു . സഞ്ചരിച്ചെത്താനും, കണ്ടുപിടിക്കാനും, പേരുകളിടാനും, സ്വന്തമാക്കാനും, റെക്കോർഡുകൾ തീർക്കുവാനും ഇതാ പുതിയൊരു ഭൂമി ! അന്റാർട്ടിക്ക !

അങ്ങിനെ ദക്ഷിണധ്രുവപര്യവേഷണങ്ങളുടെ സുവർണ്ണ കാലഘട്ടം ആരംഭിച്ചു . അതൊരു പന്തയം തന്നെയായായിരുന്നു . ആരാദ്യം എത്തും എന്നതായിരുന്നു പ്രശ്‌നം . എന്തായാലും അന്റാർട്ടിക്കയിലേക്ക് ഇത്തരത്തിൽ ആദ്യം ഓടിയെത്തിയത് സാക്ഷാൽ റോബർട്ട് ഫാൽക്കൺ സ്‌കോട്ട് ആയിരുന്നു . ഡിസ്കവറി എക്സ്പഡിഷൻ എന്നായിരുന്നു ആ ഉദ്യമത്തിന്റെ പേര് . മറ്റൊരു പോളാർ ഹീറോ ആയ ഏണസ്റ്റ് ഷാക്കെൾട്ടൻ ഈ സംഘത്തിലെ മൂന്നാം ഓഫീസർ ആയിരുന്നു ! ദക്ഷിണ ധ്രുവത്തിന് 530 മൈൽ അകലെ വരെ എത്തിയ ആ ഉദ്യമം ക്യാപ്റ്റൻ റോസ്സ് സ്ഥാപിച്ച 78 ഡിഗ്രി എന്ന റെക്കോർഡ് 82 ഡിഗ്രി ആക്കി മാറ്റി . പക്ഷെ ശീതപിത്തം പിടിച്ച് അവശനായിപ്പോയ ഷാക്കെൾട്ടൻ, താൻ തിരികെയെത്തി ഈ റെക്കോർഡ് തകർക്കുമെന്ന് മനസ്സിൽ ശപഥം ചെയ്തിട്ടാണ് അന്റാർട്ടിക്ക വിട്ടത് .

തീർച്ചയായും അടുത്തത് ഷാക്കെൾട്ടന്റെ ഊഴമായിരുന്നു . പിന്നീട് വൻദുരന്തമായി മാറിയ , റോബർട്ട് ഫാൽക്കൺ സ്‌കോട്ടിന്റെ രണ്ടാം പര്യവേഷണമായിരുന്ന ടെറാനോവാ പര്യവേഷണത്തിനുള്ള ക്ഷണം നിരസിച്ചാണ് ഷാക്കെൾട്ടൻ താൻ തന്നെ നയിച്ച നിമ്രോദ് എക്സ്പഡീഷന് തുടക്കം കുറിച്ചത് . ചരിത്രത്തിന്റെ ആവർത്തണമെന്നോണം ഈ പര്യവേഷണത്തിലും പിന്നീട് ഹീറോ ആയി മാറിയ മറ്റൊരാൾ ഉണ്ടായിരുന്നു, നമ്മുടെ കഥാനായകൻ സർ ഡഗ്ലസ് മോസൺ !

Advertisements
മഞ്ഞിനെ മനസുകൊണ്ട് കീഴടക്കിയ സാഹസികൻ 4

നിമ്രോദ്- പര്യവേഷണം തുടങ്ങുന്നതിന് മുൻപേ ചില കല്ലുകടികൾ ഉണ്ടായി . നേരത്തെ ഡിസ്കവറി പര്യവേഷണത്തിൽ കണ്ടുപിടിച്ച സ്ഥലങ്ങളുടെ മേൽ റോബർട്ട് ഫാൽക്കൺ സ്‌കോട്ട് അവകാശവാദം ഉന്നയിച്ചാണ് കുഴപ്പമായത് . അവസാനം ആ സ്ഥലങ്ങൾ സ്കോട്ടിന്റെ പേരിൽ തന്നെയാണെന്നും താൻ പുതുതായി കണ്ടുപിടിക്കുന്നവ മാത്രമേ തന്റെ പേരിൽ ചേർക്കൂ എന്നും ഉറപ്പ് നൽകിയ ശേഷമാണ് ഷാക്കെൾട്ടൻ യാത്ര ആരംഭിച്ചത് . 1907 ആഗസ്റ്റ് ഏഴിന് ന്യൂസിലാൻഡിൽ നിന്നും നിമ്രോദ് എന്ന കപ്പലിൽ ആ യാത്ര ആരംഭിച്ചു . കൂറ്റൻ ഐസ് പായ്ക്കുകൾക്കിടയിലൂടെ പോകുവാൻ കപ്പലിലെ മുഴുവൻ കൽക്കരികളും ആവശ്യമാകയാൽ ആദ്യ ഹിമാനി കണ്ടെത്തും വരെ മറ്റൊരു ബോട്ട് നിമ്രോദിനെ കെട്ടിവലിക്കുകയാണ് ചെയ്തത് . അടുത്ത വർഷം ജനുവരി പതിനാലിന് കടലിൽ ഐസ് കട്ടകളുടെ എണ്ണം വർദ്ധിച്ചതോട് കൂടി തഗ് ബോട്ട് തിരികെ പോകുകയും നിമ്രോദ് സ്വതന്ത്രമായി പര്യവേഷണം തുടങ്ങുകയും ചെയ്തു . പഴയ റോസ് ദ്വീപിനടുത്തുള്ള മക്മുർഡോ കടലിടുക്കിൽ പ്രവേശിച്ചതോടുകൂടി കടലിലെ ഹിമാനികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു . അങ്ങിനെ എല്ലാവരെയും പോലെ ഷാക്കെൾട്ടനും സംഘവും റോസ്സ് ദ്വീപിൽ നങ്കൂരമിട്ടു .

മഞ്ഞിനെ മനസുകൊണ്ട് കീഴടക്കിയ സാഹസികൻ 5

ഈ ദ്വീപിനെക്കുറിച്ചൽപ്പം കാര്യങ്ങൾ …… . ദക്ഷിണധ്രുവയാത്രികരുടെ ലാൻഡിങ് പോയിന്റാണ് റോസ് ഐലൻഡ് (77°30′S 168°00′E) . ഭൂമിയുടെ ഏറ്റവും തെക്കേ അറ്റത്തെ സജീവ അഗ്നിപർവ്വതമായ മൗണ്ട് എറിബസ് ഉൾപ്പടെ നാല് അഗ്നിപർവ്വതങ്ങൾ ഈ ദ്വീപിൽ നിലയുറപ്പിച്ചിട്ടുണ്ട് . ഇന്ന് അന്റാർട്ടിക്കിലെ ഏറ്റവും വലിയ ഗവേഷണ നിലയമായ അമേരിക്കയുടെ മക്മുർഡോ സ്റ്റേഷനും , ന്യൂസിലൻഡിന്റെ സ്‌കോട്ട് നിലയവും ഇവിടെയാണ് ഉള്ളത് . സ്കോട്ടും , ഷാക്കെൾട്ടനും സ്ഥാപിച്ച മരക്കുടിലുകൾ ഇന്നും ഒരു ചരിത്രസ്മാരകം പോലെ ഈ ദ്വീപിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് . ഭൂമിയിലെ ഉയരംകൂടിയ ദ്വീപുകളിൽ ആറാമനാണ് ഈ തുരുത്ത് . വൻകരയോട് ചേർന്നുള്ള ഭാഗം എപ്പോഴും ഐസ്‌പായ്ക്കിനാൽ മൂടപ്പെട്ടിരിക്കുന്നതിനാൽ ദ്വീപിൽ നിന്നും കരമാർഗ്ഗം തന്നെ വന്കരയിലേക്ക് പ്രവേശിക്കാം .

ഫെബ്രുവരി മൂന്നിന് കുടിലുകളുടെ നിർമ്മാണം പൂർത്തിയായതോട്കൂടി നിമ്രോദിൽ നിന്നും സാധനങ്ങൾ ഇറക്കുവാൻ ആരംഭിച്ചു . ഉശിരുള്ള കുറച്ചു കുതിരകളെയും , മഞ്ഞിലൂടെ ഓടിക്കാൻ പാകത്തിലുള്ള ഒരു മോട്ടോർ വാഹനവും ഷാക്കെൾട്ടൻ കൂടെ കരുതിയിരുന്നു . പക്ഷെ അതിശൈത്യത്തിൽ കുതിരകൾ സംഘത്തിന് അത്രയ്ക്ക് പ്രയയോജനപ്പെട്ടില്ല എന്നതാണ് സത്യം . താപനില അപ്പോൾ തന്നെ -22 ഡിഗ്രി ആയിരുന്നു . ചുറ്റും ഐസ്കട്ടകൾ തിങ്ങിനിറയാൻ തുടങ്ങിയതോട് കൂടി ഫെബ്രുവരി ഇരുപത്തിരണ്ടിന് , നിമ്രോദ് തിരികെ ന്യൂസിലാൻഡിലേക്ക് യാത്ര തിരിച്ചു . ഉടൻ തന്നെ അവർ നിരീക്ഷണങ്ങളും , സർവേകളും , മാപ്പിങ്ങും , മറ്റ് ഗവേഷണങ്ങളും ആരംഭിച്ചു . സംഘത്തിലെ മികച്ച ആറുപേരെയാണ് ഷാക്കെൾട്ടൻ മൗണ്ട് എറിബസിലേക്ക് നിയോഗിച്ചത് . ഡഗ്ലസ് മോസൺ ഉൾപ്പടെ കുറച്ചുപേരെ ഭൂമിയുടെ സൗത്ത് മാഗ്നറ്റിക് പോൾ കണ്ടെത്തി കീഴടക്കാനായി നിയോഗിച്ചു .(ഭൂമിയുടെ കാന്തികബലരേഖകൾ ഉപരിതലത്തിന് ലംബമായി വരുന്ന സ്ഥലമാണ് സൗത്ത് മാഗ്നറ്റിക് പോൾ . ഇതല്ലാതെ സൗത്ത് ജിയോമാഗ്നറ്റിക് പോൾ എന്നൊരു സാങ്കൽപ്പിക കേന്ദ്രവും ഇവിടുണ്ട് . ഇവ രണ്ടും എപ്പോഴും സ്ഥാനം മാറിക്കൊണ്ടിരിക്കും . ചിലപ്പോൾ കടലിലും ആവാം . നിമ്രോദ് പര്യവേഷണം നടക്കുന്ന സമയം സൗത്ത് മാഗ്നറ്റിക് പോൾ കരയിൽ ആയിരുന്നു >>> Read More 
http://www.deshabhimani.com/…/crack-in-earth-magneti…/603613 , https://en.wikipedia.org/wiki/South_Magnetic_Pole ) ഷാക്കെൾട്ടൻ ഉൾപ്പടെയുള്ള ബാക്കിയുള്ളവർ സാക്ഷാൽ ദക്ഷിണധ്രുവം ലക്ഷ്യമാക്കിയും യാത്ര തിരിച്ചു .

സത്യത്തിൽ മോസൺ ഉൾപ്പെട്ട മാഗ്നെറ്റിക് പോൾ പര്യവേഷകർക്ക് ദക്ഷിണധ്രുവത്തിൽ തീരെ മുൻപരിചയം ഉണ്ടായിരുന്നില്ല . കുതിരകളെയോ , നായ്ക്കളെയോ അവരുടെ സംഘത്തിന് അനുവദിച്ച് കിട്ടിയിരുന്നില്ല . ആകെ കിട്ടിയത് ഷാക്കെൾട്ടൻ കൊണ്ടുവന്നിരുന്ന മോട്ടോർ വാഹനമായിരുന്നു . അവർ പോകുന്ന വഴി ബേസ് ക്യാമ്പിൽ നിന്നും പത്തും പതിനഞ്ചും മൈലുകൾ ദൂരെ രണ്ട് ചെറു ക്യാംപുകൾ കൂടി സ്ഥാപിച്ചു . അതിശൈത്യത്തിൽ വണ്ടി പലതവണ കേടായി റിപ്പയർ ചെയ്യേണ്ടി വന്നു . സെപ്റ്റംബർ ആയത്തോടുകൂടി ഭക്ഷണസാധനങ്ങൾ തീർന്നു തുടങ്ങി . പിന്നെ റേഷൻ സമ്പ്രദായം അനുവർത്തിച്ചു . വീണ്ടും മുന്നോട്ട് നടക്കുംതോറും ധ്രുവം അതിന്റെ ശരിയായ രൂപം കാണിച്ചുതുടങ്ങി . ക്രിവാസ് (crevasses) എന്ന കൂറ്റൻ വിടവുകൾ വഴിനീളെ പ്രത്യക്ഷപ്പെട്ടു . ആളും , സാധനങ്ങളും ഇത്തരം കുഴികളിൽ വീണ് പരിക്കുപറ്റുന്നതു പതിവായി . അതോടെ നടത്തത്തിന്റെ വേഗത കുറഞ്ഞു . ഹിമപ്പരപ്പിലെ അമിതമായ പ്രകാശപ്രതിഫലനം താൽക്കാലിക കാഴ്‌ചക്കുറവ്‌ അഥവാ സ്നോ ബ്ലൈൻഡ്നസ് പലർക്കും സമ്മാനിച്ചു . ശീതാധിക്യത്താലുണ്ടാകുന്ന ശരീരവീക്കമായ ഫ്രോസ്റ്റ്ബൈറ്റ് (frostbite) ആയിരുന്നു അടുത്ത പ്രശ്‌നം . വിരലുകളും ചെവികളും ,ചുണ്ടും ചുവന്നു നീരുവന്ന് വീർത്ത് പാറപോലെ ഉറച്ചു . അവസാനം വളരെയധികം ക്ലേശങ്ങൾ സഹിച്ച് 1260 മൈലുകൾ നടന്ന് താണ്ടി അവർ സൗത്ത് മാഗ്നറ്റിക് പോളിലെത്തി ബ്രിട്ടന്റെ യൂണിയൻ ജാക്ക് അവിടെ സ്ഥാപിച്ചു (1909 ജനുവരി 15 ) . രണ്ടു ദിവസങ്ങൾ കഴിഞ്ഞു തിരികെ യാത്രയാരംഭിച്ച അവർക്ക് പക്ഷെ നടത്തത്തിന്റെ വേഗത പത്തിരട്ടിയാക്കേണ്ടി വന്നു . നിമ്രോദ് പറഞ്ഞ സമയത്തിനുള്ളിൽ തിരികെയെത്തിയിട്ടുണ്ടാവണം , അതുപോലെ ബാക്കി രണ്ട് സംഘങ്ങളും . അങ്ങിനെ ദിവസ്സം പതിനേഴ് മൈൽ എന്ന അവിശ്വസനീയമായ വേഗതയിൽ അവർ തിരികെ നടന്നു . അങ്ങിനെ ഫെബ്രുവരി അഞ്ചിന് അവർ ആദ്യം ഉണ്ടാക്കിയ ക്യാംപിൽ എത്തിച്ചേർന്നപ്പോഴേക്കും നിമ്രോദിൽ നിന്നുള്ള വെടിയൊച്ച അകലെ മുഴങ്ങുന്നുണ്ടായിരുന്നു ! പക്ഷെ അതേ സമയം ദക്ഷിണധ്രുവം ലക്ഷ്യമാക്കി നീങ്ങിയിരുന്ന ഷാക്കെൾട്ടനും സംഘവും മറ്റൊരു പ്രശ്‌നത്തെ അഭിമുഖീകരിക്കുകയായിരുന്നു !

മഞ്ഞിനെ മനസുകൊണ്ട് കീഴടക്കിയ സാഹസികൻ 6
Alistair Mackay, Professor Edgeworth David , Sir Douglas Mawson എന്നിവർ മാഗ്നറ്റിക് സൗത്ത് പോളിൽ ! (1909 ജനുവരി 15 )

ക്യാപ്റ്റൻ റോസ് യാത്ര ചെയ്ത HMS Erebus എന്ന കപ്പലിന് ദുരൂഹമായ മറ്റൊരു ചരിത്രമുണ്ട് . >> READ

മഞ്ഞിനെ മനസുകൊണ്ട് കീഴടക്കിയ സാഹസികൻ 7
[sociallocker id=”2641″]

1908 ഒക്ടോബർ ഇരുപത്തിയൊമ്പതാം തീയതിയാണ് ഷാക്കെൾട്ടനും സംഘവും ബേസ് ക്യാമ്പ് വിട്ട് യാത്ര ആരംഭിച്ചത് . സംഘത്തിലുണ്ടായിരുന്ന എല്ലാവരും തന്നെ മുൻപ് പല ധ്രുവപര്യവേഷണങ്ങളിലും സഹകരിച്ചിട്ടുള്ളവർ ആയിരുന്നു . കൂടെ കുതിരകളെ കരുതിയിരുന്നുവെങ്കിലും മുന്നോട്ട് പോകും തോറും അവറ്റകൾ ക്ഷീണിതരായി കാണപ്പെട്ടു . കൂട്ടത്തിൽ ആദമിന്റെ മുട്ടിന് പരിക്കുപറ്റി എല്ല് പുറത്തുകാണാവുന്ന പരുവത്തിലുമായി . ഭക്ഷണം കുറവ് വന്നതോടുകൂടി നവംബർ ഇരുപത്തിയൊൻപത്തിന് ഏറ്റവും ക്ഷീണിതനായി കാണപ്പെട്ട കുതിരയെ അവർ വെടിവെച്ച് കൊന്ന് മാംസം ഭക്ഷിച്ചു . വീണ്ടും അഞ്ചു ദിവസങ്ങൾക്ക് ശേഷം ഇതിനു മുൻപ് റോബർട്ട് സ്‌കോട്ട് എത്തിച്ചേർന്ന ദൂരം അവർ മറികടന്നു . അതായിരുന്നു അതുവരെയുള്ള റെക്കോർഡ് (82 ഡിഗ്രി) . ആ യാത്രയിൽ ഷാക്കെൾട്ടനും ഉണ്ടായിരുന്നുവല്ലോ .  വീണ്ടും മുന്നോട്ട് പോകും തോറും ഭക്ഷണം കുറഞ്ഞുവന്നു . അവസാനം രണ്ട് കുതിരകളെക്കൂടി അവർക്ക് വെടിവെച്ച് കൊന്ന് ഭക്ഷിക്കേണ്ടിവന്നു . കരുതിവെച്ചിരുന്ന പ്ലം പുഡിങ്ങുകൾ അങ്ങോട്ടും ഇങ്ങോട്ടും കൈമാറി ഡിസംബർ ഇരുപത്തിയഞ്ചിന് അവർ അന്റാർട്ടിക്കയുടെ അന്തരാളങ്ങളിലെ ആദ്യ ക്രിസ്തുമസ് ആഘോഷം നടത്തി .

മഞ്ഞിനെ മനസുകൊണ്ട് കീഴടക്കിയ സാഹസികൻ 8
ഷാക്കെൽട്ടൻ യാത്രയുടെ തുടക്കത്തിൽ കുതിരകളെ ഉപയോഗിക്കുന്നു .

സമുദ്രനിരപ്പിൽ  നിന്നും 10,200 അടി ഉയരത്തിൽ ആയത്തോടുകൂടി ശക്തമായ ഹിമക്കാറ്റ് ആരംഭിച്ചു . ഫ്രോസ്റ്റ് ബൈറ്റ് കാരണം വിരലുകൾ തീരെ അനക്കാൻ വയ്യെന്നായി . സ്ഥിതിമോശമായിത്തുടങ്ങിയെന്ന് ഷാക്കെൾട്ടന് ബോധ്യമായി . മഞ്ഞുകാറ്റായ ബ്ലിസാർഡ്സ് മൂലം  ദിവസം മുഴുവനും പുറത്തിറങ്ങാതെ സ്ലീപ്പിങ് ബാഗുകളിൽ കഴിയേണ്ട അവസ്ഥയും സംജാതമായി . അവസാനം ജനുവരി  ഒൻപതിന് ഇനിയും മുന്നോട്ട് നീങ്ങാൻ പറ്റില്ല എന്ന് മനസിലാക്കിയ ഷാക്കെൾട്ടൻ തങ്ങൾ കൈവരിച്ച പുതിയായ റെക്കോർഡായ 88 ഡിഗ്രിയിൽ പതാകകൾ സ്ഥാപിച്ചു തൃപ്തിപ്പെട്ടു . ദക്ഷിണ ധ്രുവത്തിലേക്ക് അവിടെനിന്നും 97 മൈൽ ദൂരം ഇനിയും ഉണ്ടായിരുന്നു! നിരാശനായ അദ്ദേഹം തന്റെ ഡയറിയിൽ ഭാര്യക്കിങ്ങനെ എഴുതി .

“ചത്ത സിംഹത്തേക്കാൾ ജീവിച്ചിരിക്കുന്ന കഴുതയാണ് നിനക്ക് നല്ലത് എന്ന് ഞാൻ കരുതി ” 


തിരിച്ചുവരവിൽ അവർക്ക് മറ്റൊരു സൗകര്യം ലഭിച്ചു . ഇങ്ങോട്ടുള്ള വരവിൽ അവർക്കെതിരായിരുന്ന ഹിമക്കാറ്റ് ഇപ്പോൾ അനുകൂലമാണ് . അത് മുതലാക്കി സ്ലെഡ്ജിൽ അവർ ദിവസം 29 മൈൽ എന്ന കണക്കിൽ വേഗത്തിൽ യാത്രതിരിച്ചു . ഇങ്ങോട്ടുള്ള വരവിൽ മിച്ചംവന്ന കുതിരയിറച്ചി ശ്രദ്ധയോടെ കെട്ടി, മഞ്ഞിൽ താഴ്ത്തി അടയാളം വെച്ചിരുന്നതിനാൽ ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടായില്ല . ക്ലേശകരമായ 1700 മൈൽ യാത്രക്കൊടുവിൽ അവസാനം നിമ്രോദിൽ നിന്നുള്ള ചൂളംവിളി അവരുടെ കാതുകളിൽ വന്നലച്ചു .

ഇനി നമ്മുടെ ഡഗ്ളസ് മോസണിന്റെ അവസരമാണ് !

ഇംഗ്ലണ്ടിലെ യോർക്ക്ഷെയറിൽ ജനിച്ച മോസൻ (5 May 1882), നന്നേ ചെറുപ്പത്തിൽത്തന്നെ ആസ്‌ത്രേലിയയിലേക്ക് കുടിയേറിയിരുന്നു. ജിയോളജി ഇഷ്ടവിഷയമായി തിരഞ്ഞെടുത്ത അദ്ദേഹം പിന്നീട് അധ്യാപകനായും ജോലി ചെയ്തു . പിന്നീട് ഷാക്കെൾട്ടന്റെ  നിമ്രോദ് പര്യവേഷണത്തിൽ പങ്കെടുത്ത് മാഗ്‌നറ്റിക് സൗത്ത് പോളിൽ എത്തിയതോടെ ആസ്‌ത്രേലിയയിൽ അദ്ദേഹം പ്രശസ്തനായി തീർന്നു . അക്കാലയളവിൽ  റോബർട്ട് ഫാൽക്കൺ സ്‌കോട്ട് തന്റെ അടുത്ത ധ്രുവയാത്രയ്ക്ക് മോസനെയും ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹമത് നിരസിച്ചു . ആസ്‌ത്രേലിയയുടെ തെക്കുള്ള വിശാലമായ അന്റാർട്ടിക്കൻ ഭാഗങ്ങൾ ചാർട്ട്  ചെയ്യുന്നതിലായിരുന്നു അദ്ദേഹത്തിന് താൽപ്പര്യം . രണ്ടായിരം മൈൽ വിസ്താരത്തിൽ കിടന്നിരുന്ന ഈ ഭൂവിഭാഗം ചാർട്ട് ചെയ്യുവാൻ Australian Association for the Advancement of Science ന്റെ ധനസഹായവും അദ്ദേഹത്തിന് ലഭിച്ചു . ന്യൂസിലാൻഡ് , ആസ്‌ത്രേലിയൻ സർവ്വകലാശാലകളിൽ നിന്നുള്ളവരായിരുന്നു മോസന്റെ സംഘത്തിലുള്ളവർ . ആസ്‌ത്രേലിയൻ അന്റാർട്ടിക്കൻ  പര്യവേഷണം എന്ന് പേരിട്ട ആ യാത്രക്കായി അറോറ എന്ന കപ്പലും അദ്ദേഹം വിലയ്ക്ക് വാങ്ങി . ഗവേഷണവും , ചാർട്ടിങ്ങും അല്ലാതെ ദക്ഷിണധ്രുവത്തിൽ എത്തുക എന്നത് ഈ യാത്രയുടെ ഉദ്യേശമേ ആയിരുന്നില്ല . സത്യത്തിൽ ഇതേ സമയം ധ്രുവത്തിലെത്തിയ ആദ്യമനുഷ്യൻ റൊവാൾഡ് ആമുണ്ഡ്സെൻ അങ്ങോട്ടേക്കുള്ള തന്റെ യാത്രയിലായിരുന്നു ! തൊട്ടുപിറകെ , മോസൻ ഒഴിവാക്കിയ ദുരന്തയാത്രികൻ റോബർട്ട് ഫാൽക്കൺ സ്കോട്ടും ഉണ്ടായിരുന്നു !

ടാസ്മാനിയയിലെ ഹൊബാർട്ട് തുറമുഖത്തുനിന്നും 1911  ഡിസംബർ രണ്ടിന് അറോറ യാത്രയാരംഭിച്ചു. അക്കാലത്തെ ഇത്തരം  തടിക്കപ്പലിലുള്ള യാത്ര അത്യന്തം ആകാംക്ഷാനിറഞ്ഞതായിരുന്നു . തുടക്കത്തിലേ ഉണ്ടായിരുന്ന  ചെറുകാറ്റ് പിന്നീട് വൻ കൊടുങ്കാറ്റായി രൂപാന്തരപ്പെട്ടു . സൂക്ഷിച്ചുവെച്ചിരുന്ന സാധനങ്ങൾ പലതും ഇളകിയാടി കടലിൽ വീണു . പക്ഷെ ശുദ്ധജലത്തിന്റെ വലിയൊരു ടാങ്ക് നഷ്ടപ്പെട്ടത് മേസണ് തിരിച്ചടിയായി . പിന്നീടങ്ങോട്ട് വെള്ളം റേഷൻ സമ്പ്രദായത്തിൽ കൊടുക്കേണ്ടി വന്നു . രണ്ടുമൂന്ന് ദിവസങ്ങൾക്കൂടി മോശം കാലാവസ്ഥ തുടർന്നു . പലരും തെറിച്ച് കടലിൽ വീണെങ്കിലും ആർക്കും അപായമൊന്നും സംഭവിച്ചില്ല .  അവസാനം ഡിസംബർ പതിനൊന്നിന് മക്വാറെ (Macquarie) ദ്വീപ് ദൃശ്യമായി . ഇതിന് മുൻപ് ആ ദ്വീപിൽ മോശം കാലാവസ്ഥയിൽ തകർന്നുപോയ മറ്റൊരു കപ്പലിലെ ആളുകൾ രക്ഷാനൗകയ്ക്കായി  അവിടെ കാത്തിരിപ്പുണ്ടായിരുന്നു . അറോറയ്ക്ക് തൊട്ട്  പിറകേ ഇവർക്കായുള്ള കപ്പൽ ടോറോവ വരുന്നുണ്ടായിരുന്നതിനാൽ മോസൻ വീണ്ടും മുന്നോട്ട് യാത്ര തുടർന്ന് ബെയ്സ് ക്യാമ്പ് നിർമ്മാണത്തിനായി ദ്വീപിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങി . അവിടെ ക്യാമ്പും ഒരു വയർലസ് സ്റ്റേഷനും അവർ സ്ഥാപിച്ചു . ഇതേ സമയം റൊവാൾഡ് ആമുണ്ഡ്സെൻ സാക്ഷാൽ ദക്ഷിണധ്രുവത്തിൽ (90 ഡിഗ്രി സൗത്ത് ) എത്തിക്കഴിഞ്ഞിരുന്നു ! (14 December 1911).

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ