Kerala കൂട്ടക്കൊല !

Kerala  കൂട്ടക്കൊല ! 1

കേരളാ കൂട്ടക്കൊല എന്ന് മലയാളത്തിൽ നിങ്ങൾ ഗൂഗിളിൽ തിരഞ്ഞാൽ കിട്ടുക ആലുവായിലെയും മറ്റും വാർത്തകളാവും . എന്നാൽ Kerala massacre  എന്നൊന്ന് തിരഞ്ഞുനോക്കൂ . അധികമാർക്കും അറിവില്ലാത്ത മറ്റൊരു സംഭവം നമ്മുടെ മുൻപിലെത്തും . പക്ഷെ ഈ വാർത്തയിലെ Kerala നമ്മുടെ കേരളമല്ല . അങ്ങ് ദൂരെ അഫ്ഘാൻ മലഞ്ചെരുവുകളിൽ പാക്കിസ്ഥാൻ അതിർത്തിയോടടുത്ത് ഒരു ചെറുഗ്രാമമാണ് സംഭവസ്ഥലം . അതെ , ആ ഗ്രാമത്തിന്റെ പേരും Kerala എന്നാണ് . പാകിസ്ഥാൻ അതിർത്തിയിൽ നിന്നും വെറും പന്ത്രണ്ട് മൈൽ  അകത്തേക്ക് മാറി അഫ്‌ഗാനിലെ കുനാർ പ്രവിശ്യയിലാണ് ഈ രണ്ടാം  Kerala സ്ഥിതിചെയ്യുന്നത് . 1979  ഏപ്രിൽ അവസാനത്തോടെ ഈ ഗ്രാമത്തിൽനിന്നും രക്ഷപെട്ട കുറേപ്പേർ അതിർത്തികടന്ന് പാക്കിസ്ഥാനിൽ എത്തിയതോടുകൂടെയാണ് വലിയൊരു കൂട്ടക്കൊലയുടെ കഥ പുറംലോകമറിയുന്നത് . അയ്യായിരത്തോളം ആളുകൾ പാർത്തിരുന്ന ഒരു കാർഷികഗ്രാമമായിരുന്നു ഈ അഫ്ഘാൻ കെരാലാ (Kerala). അഫ്‌ഗാനിലെ സോവിയറ്റ് അനുകൂല സർക്കാരും  വിമതരും തമ്മിൽ പൊരിഞ്ഞപോരാട്ടം നടക്കുന്ന സമയം. അതേ വർഷം ഏപ്രിൽ പത്തൊൻപത്തിന് തൊട്ടടുത്ത പട്ടണത്തിലെ പട്ടാളക്യാമ്പ് വിമതർ ആക്രമിച്ച് കാര്യമായ നാശനഷ്ടമുണ്ടാക്കിയിരുന്നു . അതിന് പ്രതികാരമെന്നോണം പിറ്റേദിവസം ഏപ്രിൽ ഇരുപതിന്‌  വെള്ളിയാഴ്ച്ച  വിമതരെ തിരഞ്ഞ പട്ടാളം വന്നെത്തിയത് ഈ ചെറുഗ്രാമത്തിലായിരുന്നു !

Advertisements

 ടാങ്കുകളുടെ അകമ്പടിയോടെ ഇരുന്നൂറോളം പട്ടാളക്കാരും , ഏതാനും സോവിയറ്റ് ഉപദേശകരും അടങ്ങിയ സംഘം ഉച്ചയോടെ അവിടെയെത്തി . ഇവർക്ക് അകമ്പടിയായി ഏതാനും ഹെലികോപ്റ്ററുകളും മുകളിൽ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു . ആണുങ്ങളെല്ലാം വിളിച്ചിറക്കി  ഒരിടത്തത് ഒരുമിച്ച് നിർത്തി . പേടിച്ചരണ്ട സ്ത്രീകളും കുട്ടികളും നിലവിളിച്ചുകൊണ്ട് തൊട്ടടുത്ത മസ്ജിദിലേക്ക് ഓടിക്കയറി . ആണുങ്ങളോട് തലേദിവസത്തെ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സൈന്യം ആവശ്യപ്പെട്ടു . പ്രായശ്ചിത്തമെന്നോണം സർക്കാർ അനുകൂല മുദ്രാവാക്യങ്ങൾ ചൊല്ലാനാണ് അവരോടാവശ്യപ്പെട്ടത് . എന്നാൽ മറുപടിയായി “അല്ലാഹ് അക്ബർ ” എന്ന വിളിയാണ് ആ മലയിടുക്കിൽ മുഴങ്ങിയത് . സംസാരം നിർത്തിയ ഉദ്യോഗസ്ഥർ ആണുങ്ങളോട് ടാങ്കുകൾക്ക് അഭിമുഖമായി മുട്ടുകുത്തി നിൽക്കുവാൻ ആവശ്യപ്പെട്ടു . ഇവരെ എന്തുചെയ്യണം എന്ന കാര്യത്തിൽ അവർക്ക് സംശയമുണ്ടായിരുന്നു . പക്ഷെ മുകളിലെ ഹെലിക്കോപ്റ്ററിൽ നിന്നും ഉടനടി ഓർഡർ എത്തി . 

പിന്നീട് നടന്നത് ഒരു ഭീകര കൂട്ടക്കൊലയായിരുന്നു . കൂട്ടംകൂടിനിന്നവർ ഈയാംപാറ്റകളെപ്പോലെ വെടിയേറ്റ് വീണു . 1,170 തോളം (1,260 – Afghan Report )  ആളുകളാണ് അന്നവിടെ മൃഗീയമായി കൊലചെയ്യപ്പെട്ടത് . തൊട്ടടുത്ത് തന്നെ തയ്യാറാക്കിയ കൂറ്റൻ കുഴിയിൽ മൃതദേഹങ്ങളെല്ലാം കൂട്ടിയിട്ട് ബുൾഡോസറുകൾ അപ്പോൾ തന്നെ അതെല്ലാം മൂടി . സ്ത്രീകളും കുട്ടികളും നിലവിളിച്ചുകൊണ്ട് പല സ്ഥലങ്ങളിലേക്ക് ചിതറിയോടി . എത്രകുട്ടികളെ അന്നവിടെ നഷ്ടമായി എന്നതിന് കണക്കില്ല . ആരൊക്കെയോ അതിർത്തി കടന്ന് പാക്കിസ്ഥാനിലെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത് .

ഇതിന്റെ ബാക്കി കഥ നടന്നത് അങ്ങ് യൂറോപ്പിൽ  ആയിരുന്നു . 2015 ഒക്ടോബറിൽ കൂട്ടക്കൊലയുടെ മുഖ്യകാർമ്മികനായിരുന്ന സാദിഖ് ആലാംയർ (Sadeq Alamyar , 64 ), ഹോളണ്ടിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു . അഫ്ഘാൻ ആർമിയുടെ 444ആം കമാൻഡോ ഫോഴ്‌സിന്റെ കമാണ്ടർ ആയിരുന്നു അയാൾ . ഇതുൾപ്പടെ അനേകം യുദ്ധകുറ്റകൃത്യങ്ങൾ ചുമത്തിയാണ് അയാളെ ഡച്ച് പോലീസ് അറസ്റ്റ് ചെയ്തത് . പക്ഷെ 2017 ഡിസംബറിൽ മതിയായ തെളിവുകളുടെ അഭാവത്തിൽ (മിക്ക യുദ്ധകുറ്റകൃത്യങ്ങളുടെയും അവസ്ഥയിതാണ് ) സാദെക്കിനെതിരായ കേസുകൾ പിൻവലിക്കപ്പെട്ടു .

Image : Pajhwok (https://www.pajhwok.com/en/2016/05/21/kerala-massacre-call-punish-living-perpetrators). എല്ലാവർഷവും ഏപ്രിൽ ഇരുപതിന് ഗ്രാമവാസികൾ നടത്തുന്ന കൂട്ടപ്രാർത്ഥന .

Reference : 

Advertisements
  1. Edward Girardet. A grim chapter in Afghanistan war (February 4, 1980) .  Found at https://www.csmonitor.com/1980/0204/020434.html
  2. The Washington Post. The Kerala Massacre . https://www.washingtonpost.com/archive/politics/1980/02/06/the-kerala-massacre/a89702ef-72e2-4531-a886-5d135b06c34f/?noredirect=on&utm_term=.11d29e731866
  3. Khan Wali Salarzai.   Pajhwok Afghan News. Kerala residents want Sadeq Alamyar sentenced to death (Nov 03, 2015). https://www.pajhwok.com/en/2015/11/03/kerala-residents-want-sadeq-alamyar-sentenced-death
  4. Kate Clark.  A 36-Year Wait for Justice? Dutch arrest suspected Afghan war criminal (1 November 2015). https://www.afghanistan-analysts.org/a-36-year-wait-for-justice-dutch-arrest-suspected-afghan-war-criminal/

ഇനി ഒരു Kerala  കൂടി ഈ ദുനിയാവിൽ ഉണ്ട് . അങ്ങ് ഫിൻലണ്ടിൽ ! (63° 30′ 0″ North, 26° 41′ 0″ East). Kerälä  എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് .ലൊക്കേഷൻ >> Pohjois-Savo, Ita-Suomi, Finland.  കൂടാതെ മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് പഞ്ചായത്തിലും ഉണ്ട് ഒരു കേരള !

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ