YouTube Content Provider
* Blogger * Translator * Traveler

ആന , ഇരുട്ട് …. ഞാൻ !

by Julius Manuel
91 പേർ വായിച്ചു
🛑 You are not allowed to use this text content for YouTube Videos without permission 🛑

നേരം നന്നേ ഇരുട്ടിയിരുന്നു . ഒരു ചാരായക്കടയാകുമ്പോൾ അടച്ചുകഴിഞ്ഞ് ഗ്ലാസ്സുകളും കഴുകിയിറങ്ങുമ്പോൾ ഇത് പതിവാണ് . വഴിയിൽ തീരെ വിളിച്ചം പോരാ . ഒന്ന് രണ്ടു വീടുകളിൽ വൈദ്യുതിയെത്തിയിട്ടുണ്ടെങ്കിലും വോൾട്ടേജ് ക്ഷാമം കാരണം ശ്രദ്ധിച്ചുനോക്കിയാൽ ഫിലമെന്റ് കാണാം അത്രതന്നെ ! പച്ചാടിക്കവലയിൽ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ വീട്ടിലേക്ക് . പക്ഷെ സ്റ്റാൻലി അളിയന്റെ കയ്യിൽ ഒൻപതേൽ ചാടുന്ന പൂച്ചേടെ നാല് ബാറ്ററിയിടുന്ന ഒരു പൂട്ടുകുറ്റി ടോർച്ചുണ്ട് . അത് നീളത്തിൽ ദൂരേയ്ക്കടിച്ചു നോക്കിക്കൊണ്ട് പറഞ്ഞു. “എടാ കഴിഞ്ഞ ആഴ്ച്ച ഒരുത്തൻ ചാരായവും മോന്തി ടോർച്ചില്ലാതെ നമ്മുടെ ഇഞ്ചിക്കണ്ടത്തിക്കൂടേ പോയതാ , നേരെ ചെന്ന് ആനക്കിട്ടിടിച്ചു. ഭാഗ്യം ചത്തില്ല . ആന വിരണ്ടു കാണും “

ഇതും പറഞ്ഞ് ചിരിച്ചോണ്ട് ഞങ്ങൾ വീട്ടിലേയ്ക്ക് നടന്നു . ഇഞ്ചിക്കണ്ടം എത്തിയിട്ടില്ല . ഞാൻ മുകളിലേയ്ക്ക് നോക്കി . ഒറ്റ നക്ഷത്രം കാണാനില്ല . പപ്പ പറഞ്ഞുതന്നിട്ടുള്ള, വേട്ടക്കാരന്റെ ബെൽറ്റിലെ മൂന്ന് നക്ഷത്രങ്ങളും കാണാനില്ല .

“മഴ പെയ്യോ ? ” ഞാൻ ചോദിച്ചു . ” കുറേ നാളായില്ലേ , ഇന്നെങ്കിലും പെയ്യണം ” ആ വാക്കുകളിൽ ഒരു കൃഷിക്കാരന്റെ പ്രത്യാശയുണ്ടായിരുന്നു .

“മഴ പെയ്താൽ പിന്നെ രാവിലെ കണ്ടത്തിൽ മാനോന്നും വരില്ലായിരിക്കും ല്ലേ ?” ഞാൻ നിരാശയോടെ ചോദിച്ചു .

“അങ്ങനൊന്നും ഇല്ലെടാ … അതുങ്ങൾക്ക് വിശന്നാൽ മഴ കഴിഞ്ഞാൽ അപ്പൊത്തന്നെ പുറത്തിറങ്ങും . നിനക്ക് ഭാഗ്യമുണ്ടെല് രാവിലെ ആനേം വരും ” പിറകെ നിക്കറുമിട്ട് നാലുപാടും നോക്കി വരുന്ന മീശയില്ലാതെ ചെറുക്കനെ നോക്കി അളിയൻ ചിരിച്ചു.

“ഒന്നും കണ്ടില്ലേൽ നാളെ അപ്പാപ്പനും മറ്റും വരുമ്പോൾ നമ്മുക്ക് ആ കൊല്ലിയുടെ അടുത്ത് പോകാം . അവിടെ ചെന്നാൽ എല്ലാം കാണാം . ആനേം , പോത്തും , മാനും …… സകലതും അവിടെക്കാണും ” അളിയൻ എന്നെ ആശ്വസിപ്പിച്ചു .

ഇരിക്കുമ്പോൾ കാച്ചട്ടയുടെ കുത്തുവിട്ട് കീറുമ്പോഴുണ്ടാകുന്ന മാതിരി ഒരു ശബ്ദം മുകളിൽനിന്നുണ്ടായി . ഒരു തണുത്ത കാറ്റ് വീശി .

“വേഗം നടന്നോ അല്ലെങ്കിൽ മഴവെള്ളം കൊണ്ട് നിനക്ക് പനിപിടിക്കും , എന്നിട്ട് വേണം അപ്പാപ്പൻ വന്നെന്നെ ചീത്തവിളിക്കാൻ ” സ്റ്റാൻലി അളിയൻ നടപ്പിന്റെ വേഗത കൂട്ടി . ഇഞ്ചിക്കണ്ടമെത്തിയതോടെ ഞാൻ നടപ്പിന്റെ വേഗത കുറച്ചു . അങ്ങകലെ നല്ലയിരുട്ട് . അവിടെ ആനയോ മാൻകൂട്ടങ്ങളോ നിൽപ്പുണ്ടാവുമോ ? എന്തൊക്കെയോ അനങ്ങുന്നുണ്ട് . പക്ഷെ നിൽക്കാൻ സമയമില്ല . മഴ തൂളിതുടങ്ങി . മുളങ്കമ്പുകൊണ്ട് തട്ടിക്കൂട്ടിയുണ്ടാക്കിയ വീടിന്റെ മുന്നിൽ കത്തിച്ചുവെച്ചരിക്കുന്ന റാന്തലിന്റെ പിറകിൽ സാലിച്ചേച്ചിയുടെ മുഖം അവ്യക്തമായി കാണാം . കണ്ടത്തിന്റെ ഒരു വശത്ത് ചെറിയൊരു നീർച്ചാലും അതിനപ്പുറം വനവുമാണ് . മറുവശത്ത് മൺതിട്ടകൾക്ക് മുകളിൽ അവിടവിടായി വീടുകളുണ്ട് . എല്ലായിടത്തെയും തിരികൾ അണഞ്ഞുകഴിഞ്ഞു . രാവേറെ ചെന്നിരുന്നു . ഞങ്ങൾ വീടെത്തും മുൻപേ മഴ തുടങ്ങി . ഓടി വീട്ടിൽ കയറിയപ്പോഴേ ചേച്ചിയുടെ സ്വരം കേട്ടു ” ഇന്നും വൈകി “

അളിയൻ മറുപടി പറഞ്ഞില്ല . “ഒരു തോർത്തെടുത്ത് അവന്റെ തല തുടയ്ക്ക് ” .

ഭക്ഷണം കഴിഞ്ഞ് കിടന്നപ്പോൾ ഒരു സമയം ആയി . നല്ല ക്ഷീണമുണ്ടായിരുന്നു . പക്ഷെ ഉറക്കം വന്നില്ല . മനസ്സപ്പോഴും കണ്ടതിന്റെ മറുവശത്തായിരുന്നു . ആ ഇരുട്ടിൽ ആരൊക്കെയുണ്ടാവും ? അതുങ്ങളൊക്കെ ഇപ്പോൾ വയലിൽ ഇറങ്ങിയിട്ടുണ്ടാവും . ആനേം , പോത്തും , മാനും …… ഹോ ! എന്ത് രസമായിരിക്കും !

ഞാൻ മെല്ലെ എഴുന്നേറ്റ് ഒരു വിടവിലൂടെ അകലേക്കു നോക്കി . കണ്ടതിന്റെ പകുതി വരെ കാണാം . ചെറിയ നിലാവുണ്ട് . മേൽപ്പറഞ്ഞ മൃഗങ്ങളൊക്കെ ഒളിച്ചുകളിക്കുകയാണ് . ഒന്ന് രണ്ട് പട്ടികൾ ലക്ഷ്യമില്ലാതെ നടപ്പുണ്ട് . ഞാൻ തിരികെ വന്നു കിടന്നു . മമ്മീടെ പപ്പാ (ഞാൻ അപ്പച്ചീന്നു വിളിക്കും ) പറഞ്ഞു തന്ന കഥകൾ ഓർത്തോണ്ടു കിടക്കാം നല്ല രസമാണ് . ഹോ ! അപ്പച്ചിയെപ്പോലെ വല്ല കാട്ടിലും പണികിട്ടിയാൽ മതിയായിരുന്നു . അങ്ങിനെ കാട്ടുകഥകൾ ഓർത്തോണ്ടു കിടന്നപ്പോൾ പതുക്കെ മയക്കം വന്നു . കണ്ണുകൾ അടഞ്ഞു .

ചുറ്റും നല്ലയിരുട്ട് . ഞാൻ കട്ടിലിൽ കിടപ്പാണ് . പുറത്തെന്തോ ശബ്ദം ! …… ഞാൻ ചെവികൂർപ്പിച്ചു . പുറത്തുനിന്നല്ല ശബ്ദം വരുന്നത് , മറിച്ച് മുകളിൽ നിന്നാണ് . എന്തെങ്കിലും പുരപ്പുറത്തുണ്ടോ ? പുലി ! ഹേയ് ആവില്ല . ഉറക്കെ നിലവിളിക്കണമെന്നുണ്ട് . നാവ് പൊന്തുന്നില്ല …. കയ്യും കാലും കെട്ടിയിട്ടപോലെ ! പൊടുന്നനെ മുകളിലെ തട്ടിൽ ഒരു ദ്വാരം വീണു ! അതിലൂടെ നിലാവെളിച്ചം അകത്തേക്കിറങ്ങി .എന്തോ ഒന്ന് താഴേക്കിറങ്ങി വരുന്നു ! പാമ്പാണോ ? എനിക്കനങ്ങാനാവുന്നില്ല . ഞാൻ നിലവിളിക്കുന്നുണ്ട് ശബ്ദം പുറത്തുവരുന്നില്ല ! മുകളിൽ നിന്നും താഴേക്കിഴഞ്ഞിറങ്ങിയ ആ വസ്തു എന്റെ മുഖത്തുവന്നു തൊട്ടു ! അത് പാമ്പല്ല ! ആനയാണ് ! ആനയുടെ തുമ്പിക്കൈയാണ് !

” അയ്യോ !!!!!!!!!!!!!! ……… “

“എടാ എഴുന്നേൽക്ക് …….. എഴുന്നേൽക്കാൻ ! ” അളിയൻ എന്നെ കുലുക്കി വിളിച്ചു . കവിളത്ത് ചെറുതായൊന്ന് തല്ലി . ഞാൻ കണ്ണ് തുറന്നു . “നീ എന്തിനാ നിലവിളിച്ചത് ? ” അളിയൻ ആകാക്ഷയോടെ ചോദിച്ചു .

ഞാൻ ചമ്മലോടെ എഴുന്നേറ്റിരുന്നു . “സ്വപ്‍നം കണ്ടതാ ”

“ഹ ഹ …..” അളിയന് ചിരിപൊട്ടി . “അതുമിതും ആലോചിച്ചോണ്ട് കിടക്കാതെ ഉറങ്ങാൻ നോക്ക് വെളിപ്പിനെ എണീക്കണ്ടതാ ”

വീണ്ടും മൂടിപ്പുതച്ചു കിടന്നു . മലയാറ്റൂരെവിടോ അപ്പച്ചി ഫോറസ്റ്റ് ഗാർഡായി ജോലിനോക്കിയിരുന്ന സമയം നടന്ന സംഭവം ഞാൻ സ്വപ്നത്തിൽ പുനരാവിഷ്‌ക്കരിച്ചതാണ് ! സംഭവം നന്നായിരുന്നു . ഒരു ഫീലോക്കെ കിട്ടീട്ടുണ്ട് . ഇനി കണ്ടത്തിൽ ആനകൂടി ഇറങ്ങിയാൽ ….. ഭേഷായി !

നേരം വെളുക്കാൻ മണിക്കൂറുകൾ ഇനിയുമുണ്ട് . ശരീരം കട്ടിലിലും മനസ് കണ്ടത്തിലുമാണ് . പെട്ടന്ന് അകലെനിന്നും ഒരു സംഗീതം ഒഴുകിയെത്തി ! ഒന്നും മനസിലായില്ല . വീണ്ടും അതുപോലെന്തോ കേട്ടു ! ഇനി ഗന്ധർവ്വൻമാരാണോ ? സ്റ്റാൻലി അളിയൻ ഞെട്ടിയെഴുന്നേറ്റു . നേരെ വന്ന് എന്നെ കുലുക്കി വിളിച്ചോണ്ട് പറഞ്ഞു .

“എണീക്കടാ കണ്ടതിൽ ആനയിറങ്ങീട്ടുണ്ട് …. ഏറുമാടത്തിൽ കിടക്കുന്നവർ കൂവുന്നുണ്ട് ”

കേട്ടപാതി കേൾക്കാത്തപാതി ഞാൻ ഒരു നിമിഷംകൊണ്ട് വാതിലിനടുത്തെത്തി . പട്ടികളുടെ കുര ഉച്ചസ്ഥായിലായിരിക്കുന്നു ! ഇവിടുത്തെ പട്ടികൾ കാട്ടാനകളുടെ കാലിൽക്കയറി കടിക്കും. തലങ്ങും വിലങ്ങും കടികിട്ടി പ്രാന്തായി അവസാനം പുള്ളി സുല്ലിട്ട് തിരിച്ചു കയറിപ്പോകും അതാണ് പാരമ്പര്യം .

ഞാനും അളിയനും കൂടി പതുക്കെ പുറത്തിറങ്ങി . തനിക്കിഷ്ടമുള്ള ഒന്ന് രണ്ട് സ്ഥലങ്ങളിലേ ചന്ദ്രൻ നിലാവിറക്കിയിട്ടുള്ളൂ . ബാക്കിയുള്ള സ്ഥലങ്ങളിലൊക്കെ കൂരിരുട്ടാണ് . അതൊക്കെ ഓരോ ആനയായിട്ടാണ് എനിക്ക് തോന്നിയത് . ഞങ്ങൾ പതുക്കെ വരമ്പത്തൂടെ നടന്നു . അവിടവിടെയായി ടോർച്ചടിയും , റാന്തൽ വിളക്കും അലർച്ചയും കൂവലും , കുരയും ….. ആകെ ബഹളം . ഞങ്ങൾ മുന്നോട്ട് നടന്നു . അളിയൻ ഇഞ്ചികൃഷി ഇട്ടിരിക്കുന്ന സ്ഥലമാണ് ലക്‌ഷ്യം . പകുതിയെത്തിയപ്പോൾ ആള് ഒരൊറ്റ നിൽപ്പ് . ” എടാ നീ തിരികെ കയറിക്കോ …. നല്ല ചൂരടിക്കുന്നുണ്ട് ….. അവനടുത്തെവിടോ ഉണ്ടെന്ന് തോന്നുന്നു .”

ഞാൻ തിരികെപ്പോയില്ല …. ഇനി ആ വഴി വല്ലതും ആന നിൽപ്പുണ്ടെങ്കിലോ ?

“ടോർച്ചടിച്ച് നോക്കിക്കൂടെ ” ഞാൻ ചോദിച്ചു .

“എടാ ടോർച്ചടിച്ചാൽ ചിലപ്പോൾ അവൻ വിരണ്ടേക്കും , നീ മിണ്ടാതെ നിൽക്ക് ”

ഞങ്ങൾ രണ്ട് മൂന്ന് മിനിറ്റ് അനങ്ങാതെ നിന്നു . നായ്ക്കളുടെ ശബ്ദം അടുത്ത് വരുന്നുണ്ട് . ഇറങ്ങിയത് മണ്ടത്തരമായി എന്ന് തോന്നി . പൊടുന്നനെ ഇരുളിനെ നെടുകെ മുറിച്ചുകൊണ്ട് രണ്ട് വെള്ളിത്തേറ്റകൾ പ്രത്യക്ഷപ്പെട്ടു ! അളിയൻ ഓടി വന്നെന്റെ കയ്യിൽ പിടിമുറുക്കി .

“ഓടെടാ !!!!!…. ”

ആരോടാൻ ! .. കാലനങ്ങിയിട്ടുവേണ്ടേ ഓടാൻ ! … ഞാൻ ഓടുന്നില്ല എന്ന് കണ്ടപ്പോൾ ഓടിയ അളിയൻ തിരികെ വന്നു . എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് നിന്നു . ഓടി വന്ന ഒറ്റയാൻ ഞങ്ങളെ കാണാത്ത മട്ടിൽ ഒരു വശം വഴി അലറിക്കൊണ്ട് കടന്നു പോയി . ഞങ്ങൾ വീട്ടിൽ നിന്നും വന്ന അതേ വഴി അവൻ വീടിന്റെ ഭാഗത്തേയ്ക്ക് ഓടിക്കയറി . പിറകെ അസഖ്യം നായ്ക്കളും ! വീടിന്റെ ഒരു വശം വഴി തിട്ടയിടിച്ചുകൊണ്ട് അടുക്കളയുടെ മൂലവഴി നേരെ മുകളിലെ വഴിയിലേക്കവൻ ഓടിക്കയറി . ഞങ്ങളപ്പോഴും അതെ നിൽപ്പായിരുന്നു . ഒന്ന് രണ്ടു മിനിറ്റുകൾക്കുള്ളിൽ രംഗം ശാന്തമായി ….. പട്ടികളൊക്കെ ഡ്യൂട്ടി കഴിഞ്ഞു ഒരു പുച്ഛഭാവത്തോടെ ഞങ്ങളെ നോക്കി തിരികെപ്പോയി . അളിയൻ എന്റെ കയ്യിലെ പിടിവിട്ടില്ല ….. ഞങ്ങൾ ഒരുമിച്ചു തിരികെ നടന്നു ……

വീട്ടിനുള്ളിൽ സാലിച്ചേച്ചി ഇതൊന്നുമറിയാതെ നല്ലയുറക്കമാണ് . ” നീ ഇനി രാവിലെ പെങ്ങളോടിത് പറയാൻ നിൽക്കേണ്ട കേട്ടോ ” അളിയൻ എന്നെ നോക്കി ചിരിച്ചു . “ഇല്ല” ഞാനും വെളുക്കെ ചിരിച്ചു .

പിന്നത്തെ ഉറക്കത്തിനൊരു സുഖമുണ്ടായിരുന്നു . കോട്ടയത്തുനിന്നും അതിരാവിലെ ജീപ്പിലെത്തിയ പപ്പയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ഞാനുണർന്നത് . നേരം എട്ടു കഴിഞ്ഞിരിക്കുന്നു .

“എന്തുറക്കമാണെടാ ഇത് ? നിന്നോട് രാവിലെ എണീക്കണമെന്ന് ഞാൻ പറഞ്ഞിട്ടില്ലേ ? ” പപ്പാ ഗൗരവപ്പെട്ടു .

“ഞങ്ങളിന്നലെ കഥയൊക്കെ പറഞ്ഞിരുന്ന് നേരം പോയി അതാ ….” അളിയൻ എന്നെ നോക്കി ചിരിച്ചു ………

“ഉം അതെ ” എനിക്ക് ചിരിപൊട്ടി ……. “ചേച്ചീ കാപ്പി താ ” ………. ഞാൻ പതുക്കെ അടുക്കളയിലോട്ട് പോയി .

“എന്ത് കഥയാടാ നീയും അളിയനും കൂടെ പറഞ്ഞോണ്ടിരുന്നത് ? ചേച്ചി കുശുമ്പുകുത്തി

“അത് പിന്നെ …… അത് ………..” ഞാൻ ഞരങ്ങി .

” ഉം ഇന്നാ കാപ്പി കുടി “

ഞാൻ പതുക്കെ പുറത്തേക്കിറങ്ങി … അങ്ങകലെ അളിയന്റെ ഇഞ്ചിത്തോട്ടം നശിപ്പിച്ചിട്ടിരിക്കുന്നത് കാണാമായിരുന്നു . പപ്പ പതുക്കെ അടുത്തുവന്നു …..

“ചത്ത പോലെ കിടന്നുറങ്ങിക്കോണം … രാത്രി മാൻകൂട്ടം ഇറങ്ങിയതായിരുന്നു .. നീ വല്ലതും അറിഞ്ഞോ ? “

ഞാൻ ചിരിച്ചോണ്ട് പറഞ്ഞു …. “ഇല്ല പാപ്പാ ”


ഇതുംകൂടി ചേർത്തുവായിക്കൂ …….

🛑 You are not allowed to use this text content for YouTube Videos without permission 🛑

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.

MORE POSTS

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More