യതി യാഥാർഥ്യമാണോ ?

യതി യാഥാർഥ്യമാണോ ? 1

നിങ്ങൾക്കറിയുമോ ? അന്റാർട്ടിക്ക ഒഴികെയുള്ള സകല വൻകരകളിലും മനുഷ്യസമാനമായ ജീവികളെക്കുറിച്ചുള്ള കഥകൾ നിലനിൽക്കുന്നുണ്ട് . മനുഷ്യൻ സ്ഥിരമായി ജീവിക്കാത്തത് കാരണമാവാം അന്റാർട്ടിക്കിൽ നിന്നും മാത്രം കഥകളൊന്നും വരാത്തത് . ചിമ്പാൻസികളും , ഗൊറില്ലകളും നമ്മുക്ക്കൗതുകമാകുന്നത് അവയുടെ മനുഷ്യസമാനത തന്നെയാണ് .ഇവറ്റകൾ ഒരു യാഥാർഥ്യമെങ്കിൽ എന്തുകൊണ്ട് ഇവയേക്കാൾ കുറച്ചുകൂടി നിവർന്ന് നിൽക്കുകയും , വേഗത്തിൽ സഞ്ചരിക്കുകയും, ചെയ്യുന്ന ബുദ്ധിമാനായ ഒരു ജീവി ഈ ഭൂമിയിൽ ഉണ്ടായിക്കൂടാ ? എല്ലാക്കാര്യങ്ങളിലും മനുഷ്യനും ചിമ്പാൻസിക്കും ഇടയിൽ നിൽക്കുന്ന ഒരു ജീവി . അങ്ങനെയൊന്ന് ഉണ്ടായിക്കൂടെ ? അങ്ങനെയൊന്ന് ഭൂമിയിലെ പലഭാഗങ്ങളിലും ഉണ്ടെന്നാണ് ഒരുകൂട്ടം ആളുകൾ അവകാശപ്പെടുന്നത് . പക്ഷെ തെളിവുകൾ തുലോം കുറവാണ് . ഇതുപോലെ ശാസ്ത്രീയമായ തെളിവുകളൊന്നും ഇല്ലെങ്കിലും ഇങ്ങനെയുള്ള ജീവികൾ ഇപ്പോഴും ഈ ഭൂമിയിൽ വിഹരിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണോ നിങ്ങൾ ? എങ്കിൽ നിങ്ങൾ ഒരു ക്രിപ്റ്റോ സൂവോളജിസ്റ്റാണ് . 1950 കളിലാണ് ഈ വാക്ക് വ്യാപകമായി ഉപയോഗത്തിലായത് . ക്രിപ്റ്റോ സൂവോളജിസ്റ്റുകൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്ന ജീവികളെ ക്രിപ്റ്റിഡ്സ് എന്നാണ് വിളിക്കുന്നത് . ഈകാണുന്ന വിക്കി ലിങ്കിൽ പോയാൽ ഇങ്ങനെ നമ്മുടെ നാവിൻതുമ്പുകളിൽ മാത്രം ജീവിക്കുന്ന എന്നാൽ ആരും ഇതുവരെ ജീവനോടെ കണ്ടിട്ടില്ലാത്ത ജീവികളുടെ ഒരു നീണ്ട ലിസ്റ്റ് കാണാം (https://www.wikiwand.com/en/List_of_cryptids) . നമ്മുടെ യതിയും ഈ ലിസ്റ്റിൽ സ്ഥാനംപിടിച്ചിട്ടുണ്ട് . കല്ലാനയും , കരിങ്കോളിയെന്ന സർപ്പവും ലിസ്റ്റിൽ ഇല്ലെങ്കിൽ പോലും കേരളത്തിൽ നിന്നുള്ള ക്രിപ്റ്റിടുകൾ ആണ് . നഗ്‌ന നേത്രങ്ങൾക്കൊണ്ട് കാണുവാനും, സ്പര്ശിക്കുവാനും , പഠിക്കുവാനും സാധിക്കുന്ന എന്തെങ്കിലും തരത്തിലുള്ള തെളിവുകൾ ലഭിച്ചാൽ ഇവയെല്ലാം ഈ ലിസ്റ്റിൽ നിന്നും പുറത്തുപോകുകയും അവയ്‌ക്കൊക്കെ ശാസ്ത്രീയ നാമങ്ങൾ ലഭിക്കുകയും ചെയ്യും .

Advertisements
https://youtu.be/mCT53BwHcxI?fbclid=IwAR2Nzc3AzBdJLZD27QD589QBUaZUTK_70OP83SBUecFRBJc3v3t-4IVHz_k

ഇനി നമുക്കൊന്ന് ചിന്തിക്കാം . ഇന്ന് ഭൂമിയിലെ ഏറ്റവും പ്രസിദ്ധനായ ക്രിപ്റ്റിഡ് അമേരിക്കൻ വൻകരയിൽ ഉണ്ടെന്ന് ചിലർ കരുതുന്ന ബിഗ്ഫുട്ട് ആണ് . എന്നുവെച്ചാൽ പെരുങ്കാലൻ എന്നർത്ഥം . കുറച്ചുകൂടി വടക്കോട്ട് പോയാൽ സസ്‌ക്വാച്ച് എന്നാണ് ബിഗ്ഫുട്ട് അറിയപ്പെടുന്നത് . ഏറ്റവും കൂടുതൽ തവണ ആളുകൾ കണ്ടിട്ടുണ്ട് എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ക്രിപ്റ്റിടും ബിഗ്ഫുട്ട് തന്നെയാണ് . 2017 ൽ വാഷിങ്ടൺ സ്റ്റേറ്റിൽ നിന്ന് മാത്രം ബിഗ്ഫുട്ടിനെ കണ്ടതായി 642 റിപ്പോർട്ടുകളാണ് ഉള്ളത് ! (Adamson, 2018). ഇതേ സംസ്ഥാനത്തെ സ്കമാനിയ കൗണ്ടിയിൽ 1984 ലെ ഒരു നിയമപ്രകാരം ബിഗ്ഫുട്ടിനെ വേട്ടയാടുന്നത് നിരോധിച്ചിരിക്കുകയാണ് ! അങ്ങിനെ ചെയ്‌താൽ ജയിൽവാസവും ആയിരം ഡോളർ പിഴയുമാണ് നിങ്ങളെ കാത്തിരിക്കുന്നത് ! (Langley, 2017). ഇല്ലാത്ത ഒരു ജീവിയെ എങ്ങിനെ കൊല്ലും ? ഇതാവും നിങ്ങൾ ചിന്തിക്കുന്നത് . ഇനി എങ്ങാനും ആരെങ്കിലും ബിഗ്ഫുട്ടിനെ കണ്ടാൽ വെടിവെയ്ക്കരുത് എന്നാണ് അർത്ഥം . അതായത് തുടർച്ചയായുള്ള റിപ്പോർട്ടിങ് ആളുകളുടെ മനസിനെ സ്വാധീനിച്ചിരിക്കുന്നു എന്ന് സാരം . ഇരുട്ടത്ത് അൽപ്പം നിവർന്ന് നിൽക്കുന്ന എന്തിനെക്കണ്ടാലും ബിഗ്ഫൂട്ട് ആണെന്നും പറഞ്ഞ് മിക്കവാറും പേർ പോലീസിനെ വിളിക്കുമെന്നാണ് കൗണ്ടി ഷെരീഫ് പറയുന്നത് . ചെന്നാലോ അവിടൊന്നും കാണില്ല . പക്ഷെ ബിഗ്‌ഫൂട്ട് റിപ്പോർട്ടിങ്ങിൽ ഒരെണ്ണവുംകൂടിയാവും എന്നതാണ് രസകരം .

ഇനി ബിഗ്‌ഫൂട്ട് ഉണ്ടെന്ന് വിശ്വസിക്കുന്നവർ എന്തടിസ്ഥാനത്തിലാണ് ഇത് പറയുന്നത് എന്ന് നോക്കാം . ഒട്ടുമിക്ക റെഡ്ഇന്ത്യൻ നാടോടിക്കഥകളിലും മനുഷ്യസമാനനായ ഒരു ജീവിയെക്കുറിച്ച് പരാമർശമുണ്ട് . ഓരോ റെഡ്ഇന്ത്യൻ വർഗ്ഗക്കാർക്കും വ്യത്യസ്ത കഥകളും ഈ ജീവിക്ക് വിവിധ പേരുകളുമാണ് ഉള്ളത് . പ്രശസ്തമായ സെക്കോയ നാഷണൽ പാർക്കിനടുത്തുള്ള റ്റൂലെ ഗുഹാ ചിത്രങ്ങളിലെ (Tule Reservation Cave Paintings) മനുഷ്യസമാനമായ രേഖാചിത്രം ചിലർ ബിഗ്ഫുട്ടിന്റേതാണ് എന്ന് സമർത്ഥിക്കുന്നു (Rozan, 2018) . എന്നാൽ പിശാചിനെയോ ഭൂതത്തെയോ ആണ് അത് അർത്ഥമാക്കുന്നത് എന്നും പക്ഷമുണ്ട് . കിച്ച് സാബെ (Kitch-sabe) എന്ന റെഡ് ഇന്ത്യൻ ഭൂതമാണ് ഇതെന്നാണ് ഒരു അഭിപ്രായം . എന്തായാലും അമേരിക്കൻ ആദിമ നിവാസികൾക്ക് ഇത്തരമൊരു ജീവിയെക്കുറിച്ച് അറിയാമെന്നാണ് പൊതുവെയുള്ള ധാരണ . അടുത്ത തെളിവ് ദക്ഷിണ അമേരിക്കയിൽ നിന്നാണ് . 1920 ൽ ഫ്രാൻകോയിസ് ഡി ലോയിസ് എന്നൊരാൾ വെനിസ്വലൻ വനങ്ങളിൽ നിന്നും ഒരു കഥയും ഫോട്ടോഗ്രാഫുമായി രംഗത്തെത്തി . സ്പൈഡർ കുരങ്ങിന് സമാനമായ മുഖഭാവത്തോട് കൂടിയ ഒരു ഭീമൻ ആൾക്കുരങ്ങിനെ അയാൾ വെടിവെച്ചിട്ട ശേഷം എടുത്ത ഫോട്ടോ ആയിരുന്നു അത് . രണ്ടെണ്ണം ഉണ്ടായിരുന്നുവെന്നും ഒരെണ്ണം ഓടിക്കളഞ്ഞെന്നുമായിരുന്നു ഡി ലോയിസ്‌ പറഞ്ഞത് (Rozan, 2018) .മറ്റൊന്ന് 1967 ൽ വടക്കൻ കാലിഫോർണിയയിൽ നിന്നും റോജർ പാറ്റേഴ്സൺ പകർത്തിയ വീഡിയോ ആണ്. ബിഗ്ഫുട്ട് വീഡിയോകളിൽ ഇതാണ് ഏറ്റവും പ്രശസ്തം . ഇത്രയധികം പഠനവിധേയമായ വീഡിയോകൾ ചുരുക്കമാണ്. തട്ടിപ്പാണെന്ന് പലരും ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും 1972 ൽ ക്യാൻസർ രോഗബാധിതനായി മരിക്കുന്നതുവരെയും പാറ്റേഴ്സൺ തന്റെ വീഡിയോ സത്യമാണ് എന്ന നിലപാടിൽ ഉറച്ചുനിന്നു .

ഇനി ഇതൊക്കെ സത്യമാണെങ്കിൽ തന്നെ ഇങ്ങനെയൊരു ജീവി ഇവിടെ ഉണ്ടാകാനുള്ള കാരണങ്ങളാണ് മറ്റുചിലർ അന്വേഷിച്ചത് . ബിഗ്ഫുട്ട് റിപ്പോർട്ടുകളെയും സയൻസിനെയും തമ്മിൽ ബന്ധിപ്പിക്കാനാണ് അവർ ശ്രമിച്ചത് . ചരിത്രാതീതകാലത്തെ ഏതെങ്കിലും ഒരു ജീവിയുടെ പിന്മുറക്കാരാവാം ഇതെന്ന് അവർ കണക്ക് കൂട്ടി . ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ജൈജാന്റോപിത്തിക്കസ് (Gigantopithecus) എന്ന ഭീമൻ ആൾക്കുരങ്ങിലേക്കാണ് അവർ വിരൽ ചൂണ്ടിയത് . പക്ഷെ ഹോമോ ഇറക്റ്റസ് ഭൂമി മുഴുവനും വ്യാപിച്ചിരുന്ന സമയത്ത് ഇന്ത്യമുതൽ , ഇന്തോനേഷ്യവരെയുള്ള സ്ഥലങ്ങളിലായിരുന്നു പത്തടിയോളം ഉയരമുണ്ടായിരുന്ന ഈ ആൾക്കുരങ്ങ് ജീവിച്ചിരുന്നത് . അതായത് ജൈജാന്റോപിത്തിക്കസിനെ യതിയുമായി ബന്ധിപ്പിക്കുവാനാണ് കൂടുതൽ സൗകര്യം . അങ്ങിനെയെങ്കിൽ ഹോമോ ഇറക്റ്റസ് പോലെ ഏതെങ്കിലും പ്രാചീന മനുഷ്യവംശമാണ് ഇതെങ്കിലോ എന്നതായി സംശയം . ഒന്നരമില്യൺ വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ആസ്ത്രലോപിത്തിക്കസിനെയായിരുന്നു പ്രതിക്കൂട്ടിൽ കയറ്റിയത് (Paranthropus robustus) . പാറ്റേഴ്സന്റെ വീഡിയോയിലെ ജീവിയുമായുള്ള സാദൃശ്യമാണ് ഇങ്ങനെ ചിന്തിക്കുവാനുള്ള കാരണം . പക്ഷെ ഇവയുടെ ഫോസിലുകൾ ദക്ഷിണാഫ്രിക്കയിൽ നിന്ന് മാത്രമാണ് കണ്ടുകിട്ടിയിട്ടുള്ളത് . അങ്ങിനെ ഒരുതരത്തിലും ബിഗ്ഫുട്ടിനെ ചരിത്രാതീതകാല സത്വങ്ങളുമായി ബന്ധിപ്പിക്കാൻ സാധിക്കാതെ വന്നെങ്കിലും ഇത്തരം തിയറികൾക്കാണ് കൂടുതൽ ജനപ്രീതിയുള്ളത് .

പക്ഷെ വീണ്ടും ചോദ്യങ്ങൾ ഉയരുന്നുണ്ട് . തലങ്ങും വിലങ്ങും ഡ്രോണുകളും മെഗാപിക്സൽ മൊബൈൽ ക്യാമെറകളും ഉപയോഗിക്കുന്ന ഇക്കാലത്ത് എന്തുകൊണ്ട് ഇവറ്റകൾ ഇതിലൊന്നും വന്നുപെടുന്നില്ല ? ഇത്തരം ഒരു ജീവിവർഗ്ഗം എന്തായാലും ഒറ്റയ്ക്ക് നിലനിൽക്കില്ല . ഒരു കുടുംബവും കൂട്ടവും ഉണ്ടാവണം . അങ്ങിനെയെങ്കിൽ ഇക്കാലത്ത് ഇവർ എവിടെ ഒളിച്ചിരിക്കും ? അമേരിക്കയിലെയും ക്യാനഡയിലെയും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നിന്നും പ്രവിശ്യകളിൽ നിന്നും ഇവറ്റകളെ കണ്ടതായി റിപ്പോർട്ട് ഉണ്ട് . അങ്ങിനെയെങ്കിൽ ഇവർ അതിനുമാത്രം എണ്ണം ഉണ്ടാവണം . എങ്കിൽ ശവശരീരമോ എല്ലിൻകഷ്ണങ്ങളോ ലഭിക്കേണ്ടതല്ലേ ? ബിഗ്ഫുട്ടിന്റേത് എന്നും പറഞ്ഞ് ലഭിച്ചിട്ടുള്ള സകല ചിത്രങ്ങളും , വീഡിയോകളും തീരെ വ്യക്തവുമല്ല . പലതും വിദൂരതയിൽ നിന്നും പകർത്തിയതും അനാവശ്യമായി വിറയ്ക്കുന്നതുമായ വീഡിയോകളുമാണ് . ഭൂരിഭാഗം തെളിവുകളും വ്യാജമാണെന്ന് തെളിഞ്ഞിട്ടും ഉണ്ട് . സത്യത്തിൽ കരടിയെ ആണ് വിദൂരതയിൽ നിന്നും ബിഗ്ഫുട്ടായി തെറ്റിദ്ധരിക്കുന്നത് എന്ന് മിക്ക ഗവേഷകരും കരുതുന്നു . ബിഗ്ഫുട്ടിനെ കണ്ടിട്ടുള്ള ഒട്ടുമിക്ക സ്ഥലങ്ങളിലും കരടിയുടെ സാന്നിധ്യവുമുണ്ട് . ചിരങ്ങ്‌(Mange) ബാധിച്ച് രോമം കൊഴിഞ്ഞ കരടിയെക്കണ്ടാൽ ഉറപ്പായുംപലരും തെറ്റിദ്ധരിക്കുവാൻ സാധ്യതയുണ്ട് . എന്തായാലുംബിഗ് ഫുട്ട് ഉണ്ടെന്ന് തെളിയിക്കാനും ഇല്ലെന്ന് തെളിയിക്കാനും ആളുകൾ മത്സരിക്കുമ്പോൾ ഭൂരിഭാഗം മനുഷ്യർക്കും ഇത്തരം കഥകൾ കേൾക്കുവാനും ശരിക്കും ഇല്ലെങ്കിലും ഉണ്ടെന്ന് വിശ്വസിക്കുവാനുമാണ് താൽപ്പര്യം .

ഭൂമിയിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും ഇത്തരം മനുഷ്യസദൃശ്യമായ ആൾക്കുരങ്ങുകളെപറ്റിയുള്ള കഥകൾ നിലനിൽക്കുന്നുണ്ട് . ഇന്തോനേഷ്യയിലെ ഒറാങ് പെൺടക്ക് (Orang Pendek), ആസ്‌ത്രേലിയയിലെ യോവി (Yowie), ഇന്ത്യയിലെയും നേപ്പാളിലെയും യതി (Yeti), മംഗോളിയയിലെ അൽമ (Alma), ദക്ഷിണ അമേരിക്കയിലെ മാപ്പിംഗൗറിയും (Mapingauri) മോണോ ഗ്രാൻഡും (Mono Grande), ചൈനയിലെ യേറാൻ (Yeren), കിഴക്കൻ ആഫ്രിക്കയിലെ അഗോവേ (agogwe) , ജപ്പാനിലെ ഹിബാഗോൺ (Hibagon), ആമസോണിലെ മാറിക്കൊക്സി (Maricoxi), കെനിയയിലെ ചെമോസിറ്റ് (Chemosit), ബോർണിയോയിലെ പേരില്ലാത്ത കാട്ടുമനുഷ്യൻ , നമ്മുടെ മേഘാലയയിലെ മാൻഡെ ബുറാങ് (Mande Burung), ബംഗ്ലാദേശിലെ ബൻ-മനുഷ് (Ban-manush), സ്കോട്ട്ലണ്ടിലെ ഗ്രേ മാൻ , പാക്കിസ്ഥാനിലെ ബാർ മനൗ (Barmanou) തുടങ്ങിയവയൊക്കെ ഇത്തരം ക്രിപ്റ്റിടുകൾ ആണ് . ഇതിൽ മംഗോളിയയിലെ അൽമ , ഏതോ പൗരാണിക മനുഷ്യവംശം കാലത്തെ അതിജീവിച്ച് മംഗോളിയൻ മലനിരകളിൽ നിലനിന്നതാവാം എന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത് . മേല്പറഞ്ഞവയിൽ കൂട്ടമായി ജീവിക്കുകയും , മനുഷ്യനോട് ഏറ്റവും കൂടുതൽ സമാനതകൾ ഉണ്ടെന്ന് കരുത്തപ്പെടുന്നവയും ചെയ്യപ്പെടുന്നത്അൽമ തന്നെയാണ് . ആമസോണിലെ മാറിക്കൊക്സിക്ക് മറ്റൊരു പ്രത്യേകതയുണ്ട് . പ്രശസ്തനായ ഒരാൾ നേരിട്ട് കണ്ട് റിപ്പോർട്ട് ചെയ്ത ക്രിപ്റ്റിഡ് ആണിത് . പിന്നീട് ആമസോൺ വാനന്തരങ്ങളിൽ അപ്രത്യക്ഷനായ പര്യവേഷകൻ പേഴ്സി ഫോസറ്റ് 1914 ൽ ഇവറ്റകളുടെ ഒരു ഗ്രൂപ്പുമായി ഏറ്റുമുട്ടിയെന്നും , അവർ കുന്തങ്ങൾ ഉപയോഗിച്ചിരുന്നു എന്നും , ചെറു ഗ്രാമത്തിലാണ് അവർ താമസിച്ചിരുന്നത് എന്നും , കുരങ്ങുകളെപ്പോലെ ഒച്ചവെച്ചാണ് ആശയവിനിമയം നടത്തിയിരുന്നതെന്നും റിപ്പോർട്ട് ചെയ്തിരുന്നു . അദ്ദേഹം ആമസോണിലെ ഏതോ ഒറ്റപ്പെട്ട ആദിവാസി ഗോത്രവുമായി ആവാം ഏറ്റുമുട്ടിയത് എന്നാണ് പണ്ഡിതമതം .

Advertisements

യതിയുടെ കാര്യത്തിലേക്ക് കടക്കും മുൻപ് നമ്മുക്ക് മറ്റൊരു കാര്യം നോക്കാം . അവസാന ഹിമയുഗത്തിന്റെ സമയത്ത് നമ്മുടെ വരയാടും , ഹിമാലയൻ കാട്ടാടും (ഹിമാലയൻ ഥാർ ) ഒരൊറ്റവംശമായി ഇന്ത്യയിലെമ്പാടും ഉണ്ടായിരുന്നത്രെ ! പക്ഷെ ഏതാണ്ട് 11,700 വർഷങ്ങൾക്ക് മുൻപ് ചൂട് വർധിച്ചതോട്കൂടി , കൂടുതൽ തണുപ്പ് തേടി ഇവറ്റകൾ മലമുകളിലേക്ക് കയറിത്തുടങ്ങി . വടക്ക് ഹിമാലയത്തിലും , തെക്ക് പശ്ചിമഘട്ടത്തിലെ ഉയരംകൂടിയ ഭാഗങ്ങളിലും കയറിയ ആടുകൾ മാത്രം പിന്നീട് കാലാവസ്ഥയെ അതിജീവിച്ചു . സമതലങ്ങളിൽ അവശേഷിച്ചവർ വേട്ടയാടപ്പെടുകയും കാലക്രമേണ നശിപ്പിക്കപ്പെടുകയും ചെയ്തു. അങ്ങിനെ ഹിമാലയത്തിലെയും , പശ്ചിമഘട്ടത്തിലെയും കാട്ടാടുകൾ സാവധാനം രണ്ട് വർഗ്ഗങ്ങളായി ഉരുത്തിരിഞ് ഭൂമിയിൽ ജീവിച്ചു . ഇതേ പ്രവൃത്തി , നാം മുൻപ് പറഞ്ഞ ജൈജാന്റോപിത്തിക്കസ് എന്ന ഭീമൻ ആൾക്കുരങ്ങും അനുകരിച്ചു എന്നാണ് ചിലർ പറയുന്നത് . അങ്ങിനെ ഹിമാലയം കയറിയ ഏതോ പ്രാചീന വർഗ്ഗത്തിന്റെ ശേഷിപ്പുകളാണ് യതി എന്നാണ് ചിലരുടെ വിശ്വാസം . 1953 ൽ ഹിലാരിയും , ടെൻസിഗും ഹിമാലയത്തിൽ വിചിത്രമായ ചില കാൽപ്പാടുകൾ കണ്ടതായി റിപ്പോർട്ട് ചെയ്തിരുന്നു . ടെൻസിങ് തന്റെ പിതാവ് രണ്ടുതവണ യതിയെ കണ്ടതായും പിന്നീട് അഭിപ്രായപ്പെടുകയുണ്ടായി (Tenzing, 1955) . എന്നാൽ 1960 ലെ പര്യവേഷങ്ങൾക്ക് ശേഷം ഹിലാരി, യതി ഉണ്ടെന്നുള്ള സകല സാധ്യതകളും തള്ളിപ്പറഞ്ഞു (Rogers, 1960 ) . പലസ്ഥലങ്ങളിൽ നിന്നും അദ്ദേഹം ശേഖരിച്ച യതിയുടെ ഭാഗങ്ങൾ മിക്കതും കരടിയുടെയും, മാനിന്റെയും ആയിരുന്നു .

ഉയരക്കുറവുള്ള ഹിമാലയൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന, കൈകാലുകൾക്ക് നല്ല നീളമുള്ള ചു-റ്റെ (chu-teh) എന്ന ലംഗൂർ , ടിബറ്റൻ നീലക്കരടി , പിന്നെ ഹിമാലയൻ തവിട്ട് കരടി തുടങ്ങിയ ജീവികളെ യതിയായി തെറ്റിദ്ധരിക്കാൻ വളരെയേറെ സാധ്യതകൾ ഉള്ളതായി വിദഗ്ദർ വിലയിരുത്തുന്നു . ഈ ജീവികളെല്ലാം തന്നെ രണ്ടുകാലിൽ എഴുന്നേറ്റ് നിൽക്കുകയും ചെയ്യും . ഈയടുത്ത കാലത്ത് നടന്ന ഒരു സാമ്പിൾ പഠനം (Lan et al., 2017) ഈ വിലയിരുത്തലുകൾ ശരിവെക്കുകയാണ് ചെയ്തത് . യതിയുടേതെന്ന് മുൻപ് കരുതപ്പെട്ടിരുന്ന മുടി , എല്ല് , പല്ല് , തൊലി , തലയോട്ടി തുടങ്ങി 9 സാമ്പിളുകളിൽ എട്ടെണ്ണവും പരിശോധനയിൽ ഏഷ്യൻ കരടികളുടേ താണെന്ന് തെളിഞ്ഞു . ഒരെണ്ണം നായയുടെയും ആയിരുന്നു !. മറ്റൊരു ബ്രിട്ടീഷ് ഗവേഷകൻ ബ്രിയാൻ സൈക്സ് തനിക്ക് ലഡാക്കിൽ നിന്നും ലഭിച്ച യതിയുടേതെന്ന് പറയപ്പെടുന്ന രോമങ്ങൾ , ധ്രുവക്കരടികളുടേതുമായി സാമ്യമുണ്ടെന്നാണ് അവകാശപ്പെടുന്നത് (Than, 2013) . മുൻപ് പറഞ്ഞ വരയാട് തിയറിയുമായി ആണ് ഇതിന് സാമ്യം . മൺമറഞ്ഞുപോയ ഏതെങ്കിലും ജീവിവർഗ്ഗം നൂറ്റാണ്ടുകൾക്ക് മുൻപ് യതിയുടെയും ബിഗ് ഫുട്ടിന്റെയും സ്ഥാനത്ത് ഉണ്ടാവാൻ സാധ്യതയുണ്ടെങ്കിലും അടുത്തകാലത്തെ ഗവേഷണങ്ങൾ വിരൽ ചൂണ്ടുന്നത് കരടികളിലേയ്ക്ക് മാത്രമാണ് . പക്ഷെ ഇപ്പോഴും യതിയും , ബിഗ് ഫുട്ടും ഉണ്ടെന്ന് വിശ്വസിക്കാനുള്ള സ്വാത്രന്ത്ര്യം നമുക്കുണ്ട് . എങ്കിലും തെളിവുകൾ കിട്ടുന്നതുവരെയും ഇവയെല്ലാം ഭീതിയുണർത്തുന്ന വെറും ക്രിപ്റ്റിടുകൾ മാത്രമായിരിക്കും .

References

Adamson, K. (2018). Searching for sasquatch all over America. Fetched from https://viewfinder.expedia.com/20-places-encounter-bigfoot/
Langley, L (2017). You Can’t Kill Bigfoot in Washington and More Odd Animal Laws. Fetched from https://news.nationalgeographic.com/2017/09/weird-laws-nation-dogs-ferrets-bigfoot/
Native American Bigfoot Figures of Myth and Legend (n.d).Native-Languages. From http://www.native-languages.org/legends-bigfoot.htm
Rozan, D. (2018).Three Native American Links to Bigfoot. Fetched from https://exemplore.com/cryptids/Three-Native-American-Links-to-Bigfoot
Beyond Bigfoot. American Museum of Natural History. Fetched from https://www.amnh.org/exhibitions/mythic-creatures/land/beyond-bigfoot
Tenzing Norgay (told to and written by James Ramsey Ullman) (1955). Man of Everest — The Autobiography of Tenzing. George Harrap & Co, Ltd.
Rogers, P. (1960). ‘Yeti scalp’ fails to convince Hillary. Fetched from https://www.stripes.com/news/yeti-scalp-fails-to-convince-hillary-1.83312
Tianying LanStephanie GillEva BellemainRichard BischofMuhammad Ali Nawaz andCharlotte Lindqvist.(2017). Evolutionary history of enigmatic bears in the Tibetan Plateau–Himalaya region and the identity of the yeti. Fetched from https://royalsocietypublishing.org/doi/full/10.1098/rspb.2017.1804
Ker Than. (2013). Is the Abominable Snowman a Bear?. Fetched from https://news.nationalgeographic.com/news/2013/10/131021-yeti-abominable-snowman-bigfoot-polar-bear-cryptozoology/
If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ