A Search 4 the Unknown?

A Search 4 the Unknown? 1

ഇനി വായിക്കുവാൻ പോകുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഇഷ്ടമുള്ളരീതിയിൽ വ്യാഖ്യാനിക്കാം . പക്ഷെ ഇതൊരു സാങ്കൽപ്പിക കഥ മാത്രമാണ് . ചിന്തിക്കുവാനും കൂടെ രസിക്കുവാനും സഹായിക്കുന്ന ഒരു സാങ്കൽപ്പിക കഥ . ഇതുമായി ബന്ധപ്പെട്ട അൻപതോളം പുസ്തകങ്ങളിൽ നിന്നും സമാഹരിച്ച് ഒരൊറ്റ രസച്ചരടിൽ നമ്മിൽ പലർക്കും കേൾക്കാനും അറിയുവാനും താല്പര്യമുള്ള ഒരു വിഷയത്തെക്കുറിച്ചുള്ള രസകരമായ കഥ ! ഇതിൽ ശാസ്ത്രം തരിപോലുമില്ല എന്നോർമ്മിപ്പിക്കുന്നു . പകരം കടിഞ്ഞാണിലാതെ ചിന്തിക്കുന്ന ഒരു തലച്ചോറ് മാത്രം ! . ഇതിൽ എഴുതുന്നയാളിന്റെ വിശ്വാസമില്ല , താല്പര്യങ്ങളില്ല . ഒരു വിഷയം അവതരിപ്പിക്കുവാൻ കണ്ടെത്തിയ രസകരമായ ഒരു വഴി അത്രമാത്രം !

Advertisements

ശരീരമാണോ മനസാണോ ആദ്യമുണ്ടായത് എന്ന ചോദ്യം മനുഷ്യൻ ചോദിക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല . ഒരു പക്ഷെ മനുഷ്യന്റെ ആദ്യ ചിന്തകളിലൊന്ന് ഇതുതന്നെയാവണം . ശരീരമുണ്ടായ ശേഷമെപ്പോഴോ ഒരു നിർണ്ണായക പരിണാമഘട്ടത്തിലാവണം മനസും ചിന്തയും ശരീരത്തിനുള്ളിൽ നാമ്പിട്ടത് എന്ന് ചിലർ വിശ്വസിക്കുമ്പോൾ ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്ത മനസ് എന്ന പ്രഹേളിക ശരീരത്തിന്റെ ഭാഗമേയല്ല എന്ന് വേറൊരു കൂട്ടർ കരുതുന്നു . സമയം പോലും പ്രപഞ്ചത്തിൽ ഇല്ലാതിരുന്ന ഒരു ഘട്ടത്തിൽ സമയത്തിനും മുൻപേ ഒരു മനസ് ഉണ്ടായിരുന്നു എന്നും ആ മനസ്സിൽ ചിന്തകളായി ഉരുത്തിരിഞ്ഞതൊക്കെയും സമയമുൾപ്പടെയുള്ള പ്രപഞ്ചസൃഷ്ടികളായി രൂപപ്പെട്ടതാണ് എന്നും ചില ചിന്തകരും പ്രസിദ്ധിയാർജിച്ചതും രഹസ്യസ്വഭാവമുള്ളതുമായ ചില സംഘങ്ങളും കാലാകാലങ്ങളായി കരുതിപ്പോരുന്നു . ദൃശ്യവും അദൃശ്യവുമായ സകല ചരാചരങ്ങൽക്കും മുൻപ് ഉണ്ടായിരുന്ന ഈ ഏകത , അതാണ് ദൈവത്തിന്റെ മനസ് (Mind of God ) എന്ന് ഇവർ കരുതുന്നു . അതായത് നാമൊക്കെ ജീവിക്കുന്നത് സമുന്നതനായ ഒരാളുടെ മനസിലാണ് . ഇതൊക്കെ ചില പ്രാചീന സംഘങ്ങളുടെ ചിന്തകളാണെങ്കിൽ ഈ നൂറ്റാണ്ടിലെ ചില ചിന്തകളും ഇതിനോട് സമാനമായ എന്നാൽ ആധുനികമായ ചില സങ്കല്പങ്ങളാണ് . ഈ ലോകം ആരോ ഉണ്ടാക്കിയെടുത്ത ഒരു കമ്പ്യൂട്ടർ ഗെയിമോ അല്ലെങ്കിൽ സിമുലേറ്റഡ് വേൾഡോ ആകാൻ സാധ്യതയുണ്ട് എന്നാണ് ചിലർ കരുതുന്നത് . ഇതേ സാങ്കൽപ്പിക ലോകത്തെയാണ് പണ്ടുള്ളവർ ദൈവത്തിന്റെ മനസ്സ് എന്ന് വിശേഷിപ്പിച്ചത് .

അങ്ങിനെയെങ്കിൽ നാം കാണുന്ന ദൃശ്യവും അദൃശ്യവുമായ പ്രപഞ്ചത്തിന് വെളിയിൽ സമയത്തിനും അപ്പുറത്തത് നിലനിൽക്കുന്നതെന്തോ അതാണ് ചിലർക്ക് ദൈവം എന്ന സങ്കല്പം . ആ ദൈവം നാമീകാണുന്ന സകലതിനും അതീതനാകയാലും ചിന്തകൾക്കും , സമയത്തിനും അപ്പുറത്തുള്ള എന്തോ ഒന്ന് ആകയാലും നാമീക്കാണുന്ന പ്രപഞ്ചത്തിലെ ഒരു കാര്യത്തിലും ആ ശക്തി ഇടപെടില്ല എന്ന് ചില ചിന്തകർ കരുതുന്നു . അവിടെയാണ് ഒരു രണ്ടാം ദൈവത്തിന്റെ ചിത്രം അവരുടെ മുൻപിൽ തെളിഞ്ഞുവന്നത് . സർവ്വശക്തനും അത്യുന്നതനുമായവൻ പ്രപഞ്ചത്തിന് വെളിയിൽ ആകയാൽ നാമീക്കാണുന്ന പ്രപഞ്ചത്തിനുള്ളിൽ ഏറ്റവും ശക്തിയുള്ള ജീവൻ ഏതോ അതാണ് ഈ പ്രപഞ്ചംഭരിക്കുന്ന രണ്ടാം ദൈവം ! എന്നാൽ ആ ദൈവം നാമീഭൂമിയിൽ കാണുന്ന ഒരു ജീവിയുമല്ല . കാരണം ഭൂമിയിലെ ഏറ്റവും ശക്തനും ബുദ്ധിമാനും മനുഷ്യനാണ് . നിസാരമൊരു വൈറസിന്റെ ആക്രമണത്തിൽ ചലനമറ്റുപോയേക്കാവുന്ന വെറുമൊരു ജീവി ! ദീർഘദൂരം സഞ്ചരിക്കാൻ യന്ത്രങ്ങളുടെയും മൃഗങ്ങളുടെയും സഹായം ആവശ്യമുള്ള വെറും ഇരുകാലി മൃഗം ! എന്തായാലും നാമീക്കാണുന്ന പ്രപഞ്ചം ഭരിക്കാനൊന്നും അവനാവില്ല . നിശ്ചയമായും ഈ പ്രപഞ്ചനാഥന് എന്നെങ്കിലും നശിപ്പിക്കപ്പെട്ടേക്കാവുന്ന ഒരു ശരീരമുണ്ടാവില്ല . ഉറപ്പായും അവനൊരു ആത്മാവായിരിക്കും . ചിന്തകളുടെ വേഗതയിൽ പ്രപഞ്ചത്തിന്റെ ഏതുകോണിലും ചെന്നെത്തുവാൻ കെൽപ്പുള്ള അദൃശ്യമായ എന്തോ ഒന്ന് . അതാണ് ഈ രണ്ടാം ദൈവം . ഈ രണ്ടാം ദൈവം പ്രപഞ്ചത്തിനുള്ളിലാകയാൽ തന്നെ ആയാൾ സമയത്തിനും ഉള്ളിലാണ് . അതായത് സമയത്തിന് ഒരവസാനമുണ്ടായാൽ ഈ പ്രപഞ്ചത്തോടൊപ്പം ഈ ദൈവവും ആദ്യം പറഞ്ഞ പ്രപഞ്ചത്തിന് വെളിയിലുള്ള ദൈവത്തിന്റ മനസിലെ ഒരു ഓർമ്മ മാത്രമായി മാറും !

ഇത്തരം കണ്ടുപിടുത്തങ്ങൾ മറ്റാരോടും പങ്കുവെയ്ക്കാനാവാതെ ചില പൗരാണിക ചിന്തകർ പരവശരായി . ആരോട് പറയും ? ആര് വിശ്വസിക്കും ? അങ്ങിനെയവർ വീടും , ബന്ധങ്ങളും വിട്ട് സന്യാസിമാരായി അലഞ്ഞു തിരിഞ്ഞു നടന്നു . മലമുകളിലും , നിബിഡ വനങ്ങളിലും അവർ സത്യം തേടിയലഞ്ഞു . എന്താണ് അവർ തേടിയ സത്യം ? പ്രപഞ്ചത്തിന് വെളിയിൽ ആർക്കും എത്തിപ്പെടാനാവാതെ നിലനിൽക്കുന്ന അത്യുന്നതനായ ആ ദൈവമല്ല , അവരുടെ ഉറക്കം കെടുത്തിയത് . നമ്മുടെ നേർക്കുനേർ നമ്മോടൊപ്പം ഈ പ്രപഞ്ചത്തിൽ സഹവസിക്കുന്ന ഈ രണ്ടാം ദൈവം തന്നെയാണ് അവർക്ക് അസ്വസ്ഥത ഉളവാക്കിയത് . നാമുൾപ്പടെയുള്ള സകല ചരാചരങ്ങളും ഈ രണ്ടാം ദൈവത്തിന്റെ സൃഷ്ടിയാണെന്ന് അവരിൽ ചിലർ ചിന്തിച്ചു തുടങ്ങി . കാരണം ഈ സൃഷ്ടികളൊന്നും എന്നെന്നും നിലനിൽക്കുന്നില്ല . ഒന്നിനും ഒരു സ്ഥായിയായ ഭാവമില്ല ! വിരലിലെണ്ണാവുന്നത്ര വർഷങ്ങൾ മാത്രമാണ് ഏറ്റവും ബുദ്ധിമാനായ മനുഷ്യന്റെ പോലും ആയുസ്സ് . മാത്രവുമല്ല ഒന്നും പുതുതായി ഉണ്ടാവുന്നുമില്ല . ഒന്ന് രൂപം മാറി അടുത്തതായി മാറുന്നു അത്രതന്നെ ! രോഗങ്ങളും, കലാപങ്ങളും പ്രകൃതി ദുരന്തങ്ങളും , അശാന്തിയും നിറഞ്ഞ ഈ ലോകം തീർച്ചയായും ആദ്യദൈവത്തിന്റെ സൃഷ്ടിയല്ല . അപൂർണ്ണമായ ഈ ലോകം ഉറപ്പായും രണ്ടാം ദൈവത്തിന്റെ സൃഷ്ടി തന്നെയാണ് . പിതാവ് വാങ്ങിച്ചു കൊടുത്ത പേപ്പർ കൊണ്ട് വിവിധരൂപങ്ങൾ ഉണ്ടാക്കിയെടുക്കുന്ന ഒരു കുട്ടി മാത്രമാണ് ഈ രണ്ടാം ദൈവം ! ആ കുട്ടിയെ മാത്രം കാണുന്നവൻ ആ രൂപങ്ങളുടെ സൃഷ്ടാവായി അവനെ വാഴ്ത്തുന്നു , പ്രശംസിക്കുന്നു . കടലാസ്കൊടുത്ത പിതാവിനെ അവർ അറിയുന്നില്ല . മറ്റൊരു കടലാസ് ഉണ്ടാക്കാൻ കുട്ടിക്ക് അറിയാനും പാടില്ല . ഫലമോ ഒന്ന് നിർമ്മിക്കും , അത് അഴിച്ചുകളയും . വീണ്ടും മറ്റൊന്ന് നിർമ്മിക്കും അങ്ങിനെ ഒരൊറ്റ കടലാസ് വെച്ചുള്ള നിർമ്മാണമാണ് ഈ ലോകം ! നിത്യതയില്ലാത്ത സൃഷ്ടികളുടെ പ്രപഞ്ചം !

ഊർജ്ജം നിർമ്മിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല എന്ന തിയറിയിലേക്ക് ഗവേഷകർ എത്തുന്നതിനും മുൻപേ ഈ കടലാസ് കഥകൾ ഭൂമിയിലെ ചില മനുഷ്യർക്കും അവരുൾപെടുന്ന ഗ്രൂപ്പുകൾക്കും അറിയാമായിരുന്നു ! ഒരൊറ്റ സംശയം മാത്രം കടലാസുകൊണ്ട് രൂപങ്ങൾ ഉണ്ടാക്കിയവനോ അതോ കടലാസ് അവന് കൊടുത്തവനോ യഥാർത്ഥ ദൈവം ? ഉറപ്പായും ആദ്യത്തെ ആൾ തന്നെ . പക്ഷെ നാം അങ്ങിനെ ചെയ്‌താൽ ഈ രണ്ടാം ദൈവവത്തിന് ഇഷ്ടപ്പെടുമോ എന്നതാണ് പ്രശ്‌നം . ഏത് ദൈവത്തെയാണ് ആരാധിക്കേണ്ടത് എന്ന തർക്കം സംഘങ്ങളുടെ വിഭജനത്തിലേക്കും വിഭാഗീയതകളിലേക്കും നീണ്ടു .

ആദ്യ ദൈവമായ , കാലത്തിനും അതീതനായവനെയാണ് ആരാധിക്കേണ്ടത് എന്ന് വാദിച്ചവർ ആ ദൈവമുമായുള്ള ബന്ധം സ്ഥാപിക്കാനുള്ള വഴികൾ തേടിയലഞ്ഞു . മനുഷ്യന്റെ ശരീര സൃഷ്ടിയിൽ സംശയം തോന്നിയ അവർ ആദ്യം തങ്ങളുടെ ദേഹത്തെ തന്നെ പഠനവിധേയമാക്കി . ഈ ശരീരം രണ്ടാം ദൈവത്തിന്റെ സൃഷ്ടിയെങ്കിൽ നാമൊരിക്കലും ആദ്യ ദൈവത്തെ കണ്ടുപിടിക്കാതിരിക്കാനുള്ള വഴിയും അവൻ നമ്മുടെ ദേഹത്ത് ചെയ്തുവെച്ചിട്ടുണ്ടാവണം . ആ ചിന്ത അവസാനം പഞ്ചേന്ദ്രിയങ്ങളിൽ ചെന്നെത്തി . കണ്ണ് , ചെവി, നാക്ക് , മൂക്ക് , തൊലി തുടങ്ങിയവയെല്ലാം പുറത്തേയ്ക്ക് നോക്കിയിരിക്കുന്ന യന്ത്രങ്ങളാണ് . ശരീരത്തിന് പുറത്ത്, നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങൾ അനുഭവിച്ചറിയാനുള്ള ഈ ഇന്ദ്രിയങ്ങൾ ശരിക്കും രണ്ടാം ദൈവം ചെയ്ത ചതി തന്നെയാണെന്ന് അവർ കണക്ക് കൂട്ടി . കാരണം ഇതൊന്നും നമ്മുടെ ശരീരത്തിനകത്തുള്ള കാര്യങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ തരുന്നതേയില്ല ! അങ്ങിനെയെങ്കിൽ ശരീരത്തിനകത്ത് ആദ്യ ദൈവമുമായി ബന്ധപ്പെടുവാനുള്ള എന്തോ ഒന്നുണ്ട് ! അത് മറയ്ക്കുകയാണ് പഞ്ചേന്ദ്രിയങ്ങളുടെ ലക്‌ഷ്യം .

Advertisements

അങ്ങിനെയെങ്കിൽ സാധിക്കാവുന്ന സകല ഇന്ദ്രിയങ്ങളും അടച്ചുപൂട്ടി മനസിനെ അതിനുള്ളിലേക്ക് തന്നെ കേന്ദ്രീകരിച്ചാൽ രണ്ടാം ദൈവം മറയ്ക്കാൻ ശ്രമിക്കുന്നതെന്തോ അത് മറനീക്കി പുറത്തു വരും . മനസിനെ രഥമായും, ചിന്തകളായും , കുതിരകളെ ഇന്ദ്രിയങ്ങളെയും സങ്കൽപ്പിച്ച അവർ കുതിരകളൊരിക്കലും തിരിഞ്ഞുനിന്ന് തേരാളിയുടെ പുറകിൽ നിൽക്കുന്ന യഥാർത്ഥ ആളെ കാണുന്നില്ല എന്ന് മനസിലാക്കി . അതിനായി അവർ ഇന്ദ്രിയങ്ങളെ അടക്കി നിർത്തി മനസിനെ കടിഞ്ഞാണിട്ട് ഏകാഗ്രത കൈവരുത്തുവാൻ കൊടും വനങ്ങളിലേയ്ക്കും , മലമുകളുകളിലേയ്ക്കും പുറപ്പെട്ടു . രഥത്തിലുള്ള ആളെ (മനസിലുള്ള ), അല്ലെങ്കിൽ രണ്ടാം ദൈവം മറയ്ക്കാൻ ശ്രമിക്കുന്ന വസ്തുവിനെ അവർ ജീവാത്മാവെന്നും , പ്രപഞ്ചത്തിന് പുറത്തുള്ള ആദ്യ ദൈവത്തെ പരമാത്മാവെന്നും വിളിച്ചു . ജീവാത്മാവിനെ , പരമാത്മാവുമായ ബന്ധിപ്പിക്കുവാൻ വർഷങ്ങളോളം അവർ തപസ് ചെയ്തു . അതിനായി രണ്ടാം ദൈവം സൃഷ്ടിച്ച് കൂട്ടിയതെന്ന് അവർ വിശ്വസിക്കുന്ന സകല ലൗകിക സുഖങ്ങളെയും ഉപേക്ഷിച്ചു . 

ഇതേ സമയം ലോകത്തിന്റെ മറുകോണിൽ മറ്റൊരു സംഘം വേറൊരു ദിശയിൽ നീങ്ങുകയായിരുന്നു . നമ്മുക്ക് പിടിതരാതെ വെളിയിൽ നിൽക്കുന്ന പരമോന്നതനേക്കാളും പ്രപഞ്ചത്തിനുള്ളിലെ രണ്ടാം ദൈവമാണ് കൂടുതൽ സ്വീകാര്യൻ എന്നവർ കണക്കുകൂട്ടി . അവനെ ആരാധിച്ചാൽ തങ്ങളുടെ കാര്യങ്ങൾക്കുത്തരം ഉടൻ കിട്ടിയേക്കാമെന്നും അവർ കരുതി . എന്നാൽ ഇതിനിയിൽ മറ്റു ചിലർ മുന്നറിയിപ്പുകളുമായി രംഗത്തുവന്നു . രണ്ടാം ദൈവം സമയത്തോടൊപ്പവും , പ്രപഞ്ചത്തോടൊപ്പവും നശിക്കാനുള്ളവനാണെന്നും അവനെ ആരാധിച്ചാൽ നിത്യനാശമായിരിക്കും ഫലമെന്നും അവർ വിളിച്ചു പറഞ്ഞു . പക്ഷെ ബുദ്ധിമാന്മാർ എന്ന് വിശേഷിപ്പിക്കപ്പെട്ട ഇത്തരം ആളുകൾക്ക് ദൈവത്തെക്കുറിച്ചുണ്ടായിരുന്ന ഈ ആശയക്കുഴപ്പം സാധാരണ ജനങ്ങൾക്കില്ലായിരുന്നു . അവർ താങ്കളുടെ സങ്കല്പങ്ങൾക്കപ്പുറമുള്ള സകലതിനെയും ദൈവമായിക്കണ്ട് ആരാധിച്ചു തുടങ്ങി .

ഇതിനിടയിൽ മറ്റൊരുകൂട്ടർ രംഗത്തെത്തി . ഇവിടെ ഒരു ദൈവത്തിന്റെ ആവശ്യകതയെന്ത് എന്നുള്ളതായിരുന്നു അവരുടെ സംശയം . അന്നാരാധിക്കപ്പെട്ടിരുന്ന മിക്ക ദൈവങ്ങൾക്കും മാനുഷിക സ്വഭാവങ്ങൾ ഉണ്ടായിരുന്നു എന്നതാണ് ഈ ചോദ്യത്തിന്റെ കാതൽ . അങ്ങിനെയെങ്കിൽ മനുഷ്യനും ദൈവവും തമ്മിലുള്ള അന്തരമെന്ത് എന്നതായി അവരുടെ ചിന്ത . പക്ഷെ ഭൂമിയിലെ ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങൾക്കുള്ള ഏറ്റവും ലളിതമായ ഉത്തരം എന്ന നിലയിൽ പലരും ദൈവം ഉണ്ട് എന്ന തന്നെ വിശ്വസിച്ചുതുടങ്ങി .

അങ്ങിനെ ഭൂമിയിൽ കൂണുകൾ പോലെ മുളച്ചുപൊങ്ങിയ അനേക ദൈവസങ്കല്പങ്ങൾക്കിടയിലും , നിരീശ്വര ചിന്തകൾക്കിടയിലും നാം മുൻപ് പറഞ്ഞ ഇരുദൈവങ്ങളും മറഞ്ഞുപോയി . പക്ഷെ ഈ കൂട്ടപ്പൊരിച്ചിലിനിടയിൽ ചില ചിന്തകർ വീണ്ടും പഴയ സങ്കല്പം പൊടിതട്ടിയെടുത്തു . പക്ഷെ ഇതിലേതാണ് യഥാർത്ഥ ദൈവം എന്ന ചിന്ത പലരെയും കുഴപ്പത്തിലാക്കി . ഒരാളുടെ ദൈവം മറ്റേയാളുടെ പിശാചായി മാറി . ദൈവത്തിനെതിര്‌ നിൽക്കുന്നതെന്തും പിശാചായി. പ്രപഞ്ചത്തിനുള്ളിലെ രണ്ടാം ദൈവത്തെ ആരാധിക്കുവാൻ തന്നെ ചില രഹസ്യഗ്രൂപ്പുകൾ തീരുമാനിച്ചു . അയാളെ വശത്താക്കിയാൽ ലോകം മുഴുവനും സ്വന്തമാക്കാം , അല്ലെങ്കിൽ സുഖമായി ജീവിക്കാം എന്നൊക്കെയായി കണക്കുകൂട്ടൽ . അപ്പോൾ ചിലർ ഈ രണ്ടാം ദൈവം എങ്ങിനെ ഈ പ്രപഞ്ചത്തിൽ ഉടലെടുത്തു എന്ന് ചിന്തിച്ചു തുടങ്ങി . ന്യൂട്ടന്റെ മൂന്നാം ചലന നിയമപ്രകാരം ഇതിനുത്തരം കണ്ടെത്തിയ സംഘങ്ങൾ വരെ ഇന്നീ ഭൂമിയിലുണ്ട് എന്നതാണ് ഏറ്റവും കൗതുകകരം . പ്രപഞ്ച സൃഷ്ടി തുടങ്ങിയ വേളയിൽ , അത് ദൈവത്തിന്റെ ചിന്തയിലാണെങ്കിൽ ചലന നിയമപ്രകാരം അതിനെതിരെയുള്ള ചിന്ത …. അല്ലെങ്കിൽ സൃഷ്ടിക്കെതിരെയുള്ള മറ്റൊരു എതിർബലം … അതായത് പ്രപഞ്ചസൃഷ്ടിക്കെതിരെയുള്ള എതിർബലം അതാണത്രേ ഈ രണ്ടാം ദൈവം അഥവാ പിശാച് . അവൻ അതിനാൽ തന്നെ സൃഷ്ടിക്കപ്പെട്ടതല്ല സ്വയംഭൂവാണ് . അതായത് മൂന്നാം ചലനനിയമപ്രകാരം പ്രപഞ്ചത്തിലെ ആദ്യ എതിർബലമാണ് പിശാച് !

അങ്ങിനെ പ്രപഞ്ചത്തിലെ സകല സൃഷ്ടികൾക്കും എതിർ സൃഷ്ടികളുണ്ടായി . കുന്നിന് കുഴി അല്ലെങ്കിൽ പോസിറ്റീവിന് നെഗറ്റിവ് ആ രീതിയിൽ സകലതിനും എതിർ ശക്തികളുണ്ടായത്രേ ! അവരാണ് ഈ രണ്ടാം ദൈവത്തിന്റെ അനുചരർ . ഇവരെല്ലാം തന്നെ ശരീരമില്ലാത്ത , ചിന്തകൾ മാത്രമായി നിലനിൽക്കുന്ന അദൃശ്യ ശക്തികളാണ് .

കഴിഞ്ഞ അയ്യായിരം വർഷങ്ങളിലെ മനുഷ്യപുരോഗതിയുടെ മൂല കാരണമായി ഈ രഹസ്യഗ്രൂപ്പുകൾ വാഴ്ത്തുന്നത് ഈ പറഞ്ഞ അദൃശ്യ ശക്തികളെയാണ് . അവരുടെ എതിരാളികളായ മറ്റ് ശക്തികളെ, അതായത് കാറ്റിനെയും , ജലത്തെയും , ആകാശത്തെയും , ഭൂമിയെയും , സൂര്യനെയും , ചന്ദ്രനെയും, നക്ഷത്രങ്ങളെയും നിയന്ത്രിക്കുവാനും വരുതിയിലാക്കുവാനുമുള്ള സാങ്കേതിക വിദ്യകൾ ഇവരാണത്രെ മനുഷ്യർക്ക് പറഞ്ഞു കൊടുത്തത് ! അവരെയാണത്രെ പൗരാണിക ഗോത്രങ്ങൾ ദൈവങ്ങളായി കണ്ടത് . അവരാണ് നാം പറയുന്ന അന്യഗ്രഹജീവികൾ ! അവരെയാണ് നാം ഭൂമിയിലെ പല ഭാഗങ്ങളിലും ഗുഹാചിത്രങ്ങളിൽ കാണുന്നത് !

ടൈം ! ഇതാണ് സമയം എന്നും പറഞ് എടുത്തുകാണിക്കാൻ പറ്റാത്ത ഒരു സാധനം . മനുഷ്യൻ എന്നും എപ്പോഴും നിർവചിക്കാൻ പെടാപാട് പെടുന്ന ഒരു മാനമാണിത് . സമയം എത്രയായി എന്ന് ചോദിച്ചാൽ ഒന്നുകിൽ സൂര്യനെ നോക്കണം അല്ലെങ്കിൽ ക്ലോക്ക് നോക്കണം . ഇവരണ്ടുമാവട്ടെ നിരന്തരം ചലിച്ചുകൊണ്ടേയിരിക്കുന്നു . ചലനമില്ലാതെ സമയമുണ്ടാകില്ല എന്നതായിരുന്നു ആദ്യ ചിന്ത . പിന്നീട് അബ്സോലൂട്ട് ടൈമും , ആപേക്ഷിക സമയവും രംഗത്തെത്തി . ഭൂമിയിലെ സമയം നമ്മുക്ക് എളുപ്പം കാണുവാൻ സാധിക്കുന്ന സൂര്യനെ കേന്ദ്രീകരിച്ച് തിട്ടപ്പെടുത്തിയിരിക്കുന്നു . അതായത് നമ്മുടെ സമയം ഭൂമിയുടെയും സൂര്യന്റെയും ചലനത്തെ ആശ്രയിച്ചിരിക്കുന്നു . രാസമെന്താണെന്ന് വെച്ചാൽ ഈ സൂര്യനും ഭൂമിയും ഇല്ലാതിരുന്നകാലം പോലും നാംകണക്കുകൂട്ടുന്നത് ഇതേ അളവുകോൽ വെച്ചാണ് . അതായത് ഇന്ന് നാം കാണുന്നതെന്തോ അതിനെ അപേക്ഷിച്ചാണ്‌ നമ്മുടെ സമയം നിലകൊള്ളുന്നത് . സമയം , ചലനത്തെ ആശ്രയിച്ചിരിക്കുന്നു എങ്കിൽ ഈ പ്രപഞ്ചത്തിലെ സകലവിധ ചലനങ്ങളും ഒരു മണിക്കൂർ നേരത്തേയ്ക്ക് നിശ്ചലമായാൽ അത്രയും സമയം നമ്മുടെ ആയുസ്സിൽ നിന്നും കൂട്ടണോ , കുറയ്ക്കണോ , അതോ ഒന്നും ചെയ്യേണ്ടയോ ? എന്നത് ചിലരെ പുരാതനകാലങ്ങളിൽ നന്നേ കുഴക്കിയിരുന്ന ചോദ്യമായിരുന്നു . മേൽപ്പറഞ്ഞ വാചകത്തിലെ വൈരുധ്യം നിങ്ങൾ ശ്രദ്ധിച്ചുകാണുമല്ലോ അല്ലേ ! അതായത് ഒരു മണിക്കൂർ നിന്നാൽ എന്നാണ് ചോദ്യം . സൂര്യനും ഭൂമിയും കറങ്ങുന്നില്ലെങ്കിൽ ഈ പറഞ്ഞ ഒരുമണിക്കൂർ എങ്ങിനെ കണക്കാക്കും ? അതായത് ഒരു മണിക്കൂറാണ് പ്രപഞ്ചം നിശ്ചലമായെതെന്ന് നാമെങ്ങിനെ അറിയും ? ചുരുക്കത്തിൽ ഈ പ്രപഞ്ചം ഒരു മണിക്കൂറല്ല ഒരു ലക്ഷം വർഷങ്ങൾ നിശ്ചലമായാൽ പോലും നാമറിയില്ല എന്നാണ് ചില ചിന്തകർ വാദിക്കുന്നത് . നാം ഗണിക്കുന്ന കാലമാനത്തിന് പുറത്തുള്ള ഒരു നിരീക്ഷകന് മാത്രമാണ് ഇത് അനുഭവപ്പെടുക . ഒരുലക്ഷം വർഷമൊക്കെ കഴിഞ്ഞു പ്രപഞ്ചം വീണ്ടും ചലിക്കാൻ തുടങ്ങുമ്പോൾ നാമൊക്കെ മരിച്ചുകാണില്ലേ എന്ന് ചിലർ ചിന്തിച്ചേക്കാം . ഒന്നുകൂടി ചിന്തിച്ചാൽ ഉത്തരം എളുപ്പത്തിൽ കിട്ടും .

സമയത്തെ സ്ഥലവുമായി ബന്ധിപ്പിച്ചവരും , സമയത്തിന് മറ്റൊന്നുമായി യാതൊരു ബന്ധവുമില്ല എന്ന് പറയുന്നവരും, സമയം ആപേക്ഷികമാണ് എന്ന് സമർത്ഥിക്കുന്നവരും , സമയം നമ്മുടെ വെറും തോന്നലാണ് എന്ന ചിന്തിക്കുന്നവരും നമുക്കിടയിൽ ഉണ്ട് . പ്രപഞ്ചത്തിലെ വിവിധ പ്രതിഭാസങ്ങൾ വിശദീകരിക്കുവാൻ പലരും സമയത്തെ വിവിധരീതികളിൽ വ്യാഖ്യാനിക്കാറുണ്ട് . സത്യത്തിൽ സമയം എന്താണ് എന്നതിന് ഒരു സാമാന്യ വിശദീകരണം നമുക്കിനിയും ആയിട്ടില്ല . വിവിധ പ്രപഞ്ചങ്ങളിൽ സമയത്തിന്റെ അളവ് വ്യത്യസ്തമാണ് എന്ന അറിവ് നാം ഭാരതീയർക്ക് അന്യവുമായിരുന്നില്ല .

ഇവിടെയാണ് ചില രഹസ്യഗ്രൂപ്പുകൾ ചിന്തിച്ചുതുടങ്ങിയത് . നമ്മുടേത് പോലുള്ള വേറെയും പ്രപഞ്ചങ്ങൾ ഉണ്ടെന്നുള്ള വിശ്വാസം പലർക്കും നൂറ്റാണ്ടുകൾക്ക് മുൻപേ ഉണ്ടായിരുന്നു . അവിടെയെല്ലാം സമയം വ്യത്യസ്തമായിരിക്കുകയും ചെയ്യും . അങ്ങിനെയെങ്കിൽ നമ്മുടേതിനേക്കാൾ വ്യത്യസ്തമായ ഒരു സമയമാനം ഉള്ള പ്രപഞ്ചത്തിൽ ചെന്നെത്തിയാൽ നമ്മുടെ ആയുസ് കൂട്ടാനും കുറയ്ക്കാനും സാധിക്കില്ലേ? എന്നായിരുന്നു അവരുടെ ചിന്ത . ചന്തകൾ കാടുകയറിപ്പോയ നാളുകളൊന്നിൽ അവർ ചിന്തിച്ചു . അപ്പോൾ ദേവന്മാർ എന്നാൽ ഇതാണ് , മറ്റൊരു പ്രപഞ്ചത്തിൽ നമ്മെക്കാൾ ആയുസ് കൂടുതൽ ഉള്ളവർ . ഭാരതീയ ചിന്തകളിൽ നമ്മുടെ ഒരു വർഷം ദേവന്മാരുടെ ഒരു ദിവസം മാത്രമാണ് . അങ്ങിനെയെങ്കിൽ ഇവിടെ നൂറു വർഷം ആയുസുള്ള ഒരാൾ ദേവലോകത്ത് എത്രനാൾ ജീവിച്ചിരിക്കും ! നമ്മുടെ പ്രപഞ്ചത്തിൽ കൂടുതൽ കാലം നിന്നാൽ ആയുസ് കുറയും എന്നതിനാലാണ് ദേവന്മാർ നിമിഷനേരത്തേയ്ക്ക് മാത്രം പ്രത്യക്ഷപ്പെടുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്യുന്നത് . അത് നേരിട്ട് പ്രത്യക്ഷപ്പെടുന്നവരുടെ കാര്യം മാത്രം . ഇവർ സ്വപ്നത്തിലാണ് വരുന്നതെങ്കിൽ ഈ പറയുന്ന ആയുസ് കുറയുന്ന പ്രശ്നവുമില്ല ! പക്ഷെ പൗരാണിക രഹസ്യചിന്തകരുടെ ലക്‌ഷ്യം ഇതൊന്നുമായിരുന്നില്ല . അമരത്വമായിരുന്നു അവരുടെ ഉന്നം . ദേവലോകത്ത് ആയുസ് കൂടുതലെങ്കിൽ അതിനും ഉന്നതിയിലുള്ള ഒരുസ്ഥലത്തുള്ള ആൾ ദേവന്മാരുടെ ദൈവം ആയിരിക്കും . കാരണം ദേവന്മാരെ സംബന്ധിച്ചിടത്തോളം ആയാൾ അമരനാണ് . പോരാ അപ്പോഴും അമരത്വം ആയിട്ടില്ല . വീണ്ടും പോകട്ടെ മുകളിലേയ്ക്ക് ! അവസാനം നമ്മുടെ സകലചിന്തകൾക്കുമപ്പുറത്തുള്ള ഒരു സ്ഥലമായിരിക്കും അത് . മരണമില്ലാത്ത സ്ഥലം ! അങ്ങിനെയെങ്കിൽ ആദ്യമേ തന്നെ അവിടെ സമയം എന്നൊരു വസ്തു ഉണ്ടാകാനേ പാടില്ല . ചലങ്ങളോ , ബലങ്ങളോ ഉണ്ടാവില്ല . ചന്ദ്രനോ, സൂര്യനോ , സമയമോ , ചലനങ്ങളോ ജീവനെ സ്വാധീനിക്കാൻ പാടില്ല . അങ്ങിനെയൊരു സ്ഥലമുണ്ടോ ? അതൊരു സ്ഥലമല്ല , ഒരു അവസ്ഥയാണ് . ആ അവസ്ഥയിലാണ് നാം ആദ്യം പറഞ്ഞ ഒന്നാം ദൈവം കുടികൊള്ളുന്നത് . അവിടെ ചലനമില്ല, സമയമില്ല, ബലങ്ങളില്ല , തൊട്ടറിയാൻ പറ്റുന്നവയോ കണ്ണുകൊണ്ട് കാണാൻ പറ്റുന്നവയോ , മൂക്കുകൊണ്ടോ തൊലികൊണ്ടോ അനുഭവിച്ചറിയുവാൻ പറ്റുന്നവയോ … ഒന്നുമില്ല .

ചുരുക്കത്തിൽ സമയത്തിനും അതീതനായ ഒന്നാം ദൈവം സത്യത്തിൽ ഒരു അവസ്ഥയാണ് . അങ്ങനെയൊരാൾ ഇല്ല . ആ അവസ്ഥയിൽ എത്തിച്ചേർന്നാൽ നാമും ദൈവമാകും ! നമ്മുടെ ഭാരതീയ ചിന്തകളിലെ പരബ്രഹ്മം ഇതിന് സമാനമായ ഒരു അവസ്ഥയാണ് . രൂപമോ , ഭാവമോ, ശരീരമോ , വികാരമോ , ചലനമോ ഒന്നുമില്ലാത്ത ഏറ്റവും ഉന്നതമായ അവസ്ഥ! പുരാതന ചിന്തകരിൽ ചിലർക്ക് ആയുസ്സ് കൂട്ടിക്കിട്ടിയാൽ മതിയായിരുന്നു . ചിലർക്ക് പക്ഷെ അമരത്വം തന്നെയായിരുന്നു ലക്ഷ്യം . പക്ഷെ ഇതിനൊക്കെ ഒരു വഴിയേ ഉള്ളൂ . നമ്മെക്കാൾ മുകളിലെ അവസ്ഥയിൽ ഉള്ളവരോട് ചോദിക്കണം. ശേഷം ഒരുപടികൂടി മുന്നോട്ട് ! അതും കഴിഞ്ഞാൽ വീണ്ടും ഒരു ഘട്ടംകൂടി! … അവസാനം …. അവിടെയാണ് പ്രശ്‌നം ! അവസാനം , അവസാനമില്ലാത്ത ഒരിടമാണ് അവരുടെ ലക്‌ഷ്യം !

ഇത്രയും സമയം ചിന്തകളെ കുതിരകളെപ്പോലെ പായിച്ച പഴയകാല ബുദ്ധിജീവികൾ കുറുക്ക് വഴികൾ തേടുവാനാരംഭിച്ചു . ഈ കാണുന്ന ദൃശ്യപ്രപഞ്ചം ഒരു കുടുക്കാണ് . മനുഷ്യനെ ആരോ സമയമാകുന്ന തടവറയിലിട്ടിരുക്കുന്നതായി അവർക്ക് തോന്നി . പൗരാണിക യഹൂദ ചിന്തകർ (പിന്നീട് കബല്ല എന്നറിയപ്പെട്ട താന്ത്രിക , നിഗൂഢ വിഭാഗം ) ബൈബിളിലെ ആദ്യപുസ്തകങ്ങളിൽ നാം ഒറ്റനോട്ടത്തിൽ വായിച്ചറിയുവാൻ ബുദ്ധിമുട്ടുള്ള തരത്തിൽ നിഗൂഢമായ പലതും ഒളിപ്പിച്ചുവെച്ചിട്ടുണ്ട് എന്ന് കരുതി . നാം വേറൊരു ലോകത്ത് (ഏദൻ ) അമരത്വമുള്ളവരായി ജീവിച്ചിരുന്ന ഒരു വർഗ്ഗമായിരുന്നു എന്നും , അവിടെവെച്ച് എന്തോ ഒരു കുറ്റത്താൽ അതിനും മുകളിലുള്ള ഒരാൾ/ആളുകൾ നമ്മെ ആയുസ് കുറവും, സമയമാനത്തിൽ നന്നേ വ്യത്യസ്തവുമായ ഈ പ്രപഞ്ചമാകുന്ന കാരാഗൃഹത്തിൽ അടച്ചുവെന്നും അവർ കരുതി . ഭൂമിക്ക് മില്യൺ വർഷങ്ങൾ ആയുസ് ഉണ്ടെങ്കിലും , നാമിന്ന് കാണുന്ന മനുഷ്യവർഗ്ഗം ഏതാണ്ട് പതിനായിരം വർഷങ്ങൾക്ക് മുൻപ് ഇപ്പറഞ്ഞ കാരണത്താൽ ഭൂമിയിൽ എത്തിയതാണെന്നും ഇതിൽ ഒരുകൂട്ടർ വിശ്വസിച്ചു . ആദ്യലോകത്തിൽ നാം ആത്മാക്കൾ ആയിരുന്നുവെന്നും ഭൂമിയിലെത്തിയ ശേഷമാണ് നമ്മുക്ക് മനുഷ്യരൂപം കൈവന്നെതെന്നും അവർ ചിന്തിച്ചു . നമ്മെ ഭൂമിയിൽ കൊടുവന്നു തള്ളിയ ആ ശക്തി , അന്നിവിടുണ്ടായിരുന്ന ജീവികളിൽ ഏറ്റവും നല്ല ഒരു രൂപത്തെ അനുകരിച്ച് ( ആൾക്കുരങ്ങുകൾ ) നാം മനുഷ്യർക്ക് ഒരു ശരീരമുണ്ടാക്കിയെന്നുമാണ് അവർ വിശ്വസിക്കുന്നത് .

സത്യത്തിൽ ഇത് തന്നെയാണ് മറ്റൊരു രൂപത്തിൽ ആധുനികകാലത്തെ ഏലിയൻ (അന്യഗ്രഹജീവി ) വിശ്വാസികളും പറയുന്നത് ! . ഏതോ കൂടിയ ഇനത്തിൽപെട്ട അന്യഗ്രഹജീവി , ജനറ്റിക് എൻജിനീയറിങ് വഴി ഏതാണ്ട് പതിനായിരം വർഷങ്ങൾക്ക് മുൻപ് നമ്മെ സൃഷ്ടിച്ചു എന്നാണ് അവരും കരുതുന്നത് . വീടിനും കബല്ലയിലേക്ക് വരാം . ഹീബ്രു ബൈബിളിലെ ആദ്യവാക്ക് “ബെരെഷിറ്റ്” (ആദിയിൽ) ആണ് അവരെ ആകർഷിച്ച ആദ്യ സംഭവം . ആദിയിൽ എന്ന് പറഞ്ഞാൽ എന്തിന്റെ ആദിയിൽ ? ഇതായിരുന്നു അവരുടെ ചോദ്യം . അതായത് എന്തോ ഒന്ന് തുടങ്ങി എന്നാണ് അർഥം . എന്ത് തുടങ്ങി ? സൃഷ്ടി തുടങ്ങി . അങ്ങിനെയെങ്കിൽ അതൊരു പ്രവർത്തിയുടെ ആരംഭമല്ലേ ? അതായത് ചലനം തുടങ്ങി എന്നാണ് അർത്ഥം . അപ്പോൾ ശരിക്കും പറഞ്ഞാൽ എന്താണ് തുടങ്ങിയത് ? സമയം ! അല്ലാതെന്ത് !!! അതായത് ആദിയിൽ എലോഹിം ഭൂമിയും (മാറ്റർ ) ആകാശങ്ങളും (സ്പേസ് ) സൃഷ്ടിച്ചു എന്നാണ് ആദ്യവാചകത്തിന്റെ അർഥം . അതായത് “Elohim created Time, Mattar & Space ” എന്നാണ് ആദ്യവാചകത്തിന്റെ അർഥം എന്നവർ വ്യാഖ്യാനിച്ചു . സത്യത്തിൽ പ്രപഞ്ചത്തിൽ മറഞ്ഞുനിന്നിരുന്ന രണ്ടാം ദൈവത്തിനെ മറനീക്കി പുറത്തുകൊണ്ടുവരാനാണ് അവർ ശ്രമിച്ചത് ! കബല്ല അനുയായികൾ , നൈറ്റ്സ് ഓഫ് റ്റെമ്പ്ലാർ അങ്ങിനെ പേരുള്ളതും ഇല്ലാത്തതുമായ പലരും പലരീതികളിലും രഹസ്യമായും പരസ്യമായും ശ്രമിച്ചുകൊണ്ടിരുന്നത് ഇതുതന്നെയായിരുന്നു എന്നാണ് ചിലർ വിശ്വസിക്കുന്നത് . തങ്ങൾ വിശ്വസിക്കുന്നത് യഥാർത്ഥത്തിൽ ദൈവത്തിനെയാണോ അതോ പിശാചിനെയാണോ എന്ന സംശയമായിരുന്നു ഇവർക്കെല്ലാം ഉണ്ടായിരുന്നത് . അന്വേഷണങ്ങൾക്കൊടുവിൽ പലരും ഇതിലൊന്നിൽ വിശ്വസിക്കുവാൻ ആരംഭിച്ചപ്പോൾ ഒരാൾ മറ്റൊരാളുടെ ശത്രുവായി മാറി ! പക്ഷെ ഇതിനിടയിൽ മറ്റൊരുലോകത്തുനിന്നുമാണ് വരുന്നത് എന്ന് അവകാശപ്പെട്ടുകൊണ്ട് ഒരാൾ രംഗത്തെത്തി !

തുടരും ……

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ