ഉൽക്കാശിലോദ്യാനം – അറ്റക്കാമ

ഉൽക്കാശിലോദ്യാനം - അറ്റക്കാമ 1

ഭൗമാന്തരീക്ഷത്തിന്റെ അത്യുഗ്രകോപത്തിൽ പൂർണ്ണമായും എരിഞ്ഞടങ്ങാതെ ഭൂമിയുടെ തലയിലെ താരൻപോലെ അവിടെയുമിവിടെയുമായി തരികൾപോലെ ചിതറിവീഴുന്ന ഉൽക്കാശകലങ്ങൾക്കായി ഗവേഷകർ ആദ്യംചെല്ലുന്ന സ്ഥലം അന്റാർട്ടിക്കയാണ് . നമുക്കു ലഭിക്കുന്ന ഈ സ്വർഗ്ഗീയമന്നയുടെ ഏതാണ്ട് അറുപതു ശതമാനവും ഭൂമിയുടെ മൂലമായ ദക്ഷിണധ്രുവത്തിൽനിന്നാണ് . ബാക്കിയുള്ളവയാകട്ടെ മറ്റു മരുഭൂമികളിൽനിന്നുമാണ് കണ്ടെത്തിയിട്ടുള്ളത് . എന്നാൽ ഈ അടുത്തകാലത്തു ഗവേഷകർക്ക് ഇതിനോടു കിടപിടിക്കുന്ന മറ്റൊരുസ്ഥലംകൂടി ലഭിച്ചിരിക്കുകയാണ് — ചിലിയിലെ അറ്റാക്കാമാ മരുഭൂമി ! വിചിത്രവും രസകരവുമായ അനേകം പ്രതിഭാസങ്ങൾ അരങ്ങേറുന്ന ഈ വരണ്ട ഭൂവിൽനിന്ന് ഈ അടുത്തകാലത്തായി ഗവേഷകർ ചിക്കിചികഞ്ഞെടുത്തത് അഞ്ഞൂറിൽപ്പരം ഉൽക്കാശിശുക്കളെയാണ് . ഇതോടെ ഉല്‍ക്കകളുടെ എണ്ണത്തിന്റെ നിബിഡതയിൽ അറ്റക്കാമ മറ്റു മരുഭൂമികളെ കടത്തിവെട്ടി .

Advertisements
ഉൽക്കാശിലോദ്യാനം - അറ്റക്കാമ 2

ഭൂമിയിൽ വീണാലും ഉൽക്കകളുടെ ഗതികേട് അവസാനിക്കുന്നില്ല . ഭൂമീദേവിയുടെ മണ്ണ് , കാറ്റ് , ജലം തുടങ്ങിയ സന്താനങ്ങൾ വീണ്ടും ഇവയെ തൊട്ടുംതലോടിയും മർദിച്ചും ഇല്ലാതാക്കിക്കളയും . ഒരു ഭൂവിഭാഗത്തിന്റെ പ്രായം താരതമ്യേന കുറവാണെങ്കിൽ അതിനുമമ്പേ ഭൂമിയിൽവീണ ഉൽക്കകൾ അവിടെനിന്നും ലഭിക്കില്ല . അവിടെയാണ് അറ്റക്കാമ ഗവേഷകർക്കു പ്രിയസ്ഥലമായി മാറുന്നത് . ഏതാണ്ടു പത്തുമില്യൺ വർഷങ്ങൾക്കു മുകളിലുണ്ട് ഈ കിഴവൻ മരുഭൂമിക്ക് പ്രായം ! എൽമേദാണോ എന്ന സ്ഥലത്തുനിന്നു കിട്ടിയ ഉൽക്കാ കഷണങ്ങൾക്ക് ഏതാണ്ട് 710,000 വർഷങ്ങൾ പ്രായമുണ്ടെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത് . ഈ ശിലകൾ ഭൂമിയിൽ വീണിട്ട് അത്രയും വർഷങ്ങൾ ആയിട്ടുണ്ട് എന്നർത്ഥം . കോസ്മോജനിക് ഡേറ്റിങ് ഉപയോഗിച്ചാണ് ഇവർ പ്രായം കണ്ടെത്തിയത് . ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിൽ കടക്കുന്ന സമയം കോസ്മിക് കിരണങ്ങളുമായി ഏറ്റുമുട്ടുമ്പോൾ ബേരിയം 10 , അലുമിനിയം 26 തുടങ്ങിയ ഐസോടോപ്പുകൾ ഭൂജാതമാകുന്നു . ഇവയുടെ അർദ്ധായുസിൽനിന്നുമാണ് ഈ ശിലകൾ ഭൂമിയിൽ വീണ പ്രായം ഗവേഷകർ അനുമാനിച്ചെടുക്കുന്നത് . ചിത്രത്തിൽ കരിഞ്ഞ കൊഴുക്കട്ടപോലെ കിടക്കുന്നത് അറ്റക്കാമയിൽനിന്നു കിട്ടിയ , നൂറ്റാണ്ടുകൾക്ക് മുൻപ് ദഹിച്ചുതീർന്ന ഏതോ ഉലക്കാശിലയുടെ മിച്ചമുള്ള കാമ്പാണ് . Credit: Photo by Jérôme Gattacceca (CEREGE)

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ