സെയിന്റ് ഹെലീന

സെയിന്റ് ഹെലീന 1

ദക്ഷിണ അറ്റ്ലാൻറ്റിക്കിന്റെ ഏതാണ്ട് ഒത്തനടുവിലാണ് സെയിന്റ് ഹെലിന ദ്വീപിന്റെ സ്ഥാനം . നെപ്പോളിയൻ തടവിൽകഴിഞ്ഞ സ്ഥലമെന്നപേരിൽ നമുക്ക് ഈ ദ്വീപ് നേരത്തേതന്നെ പരിചിതമാണ് . പക്ഷെ അതിനുമപ്പുറം ഈ ദ്വീപിൽ നമുക്കറിയേണ്ടുന്ന ഒരുപാടു കാര്യങ്ങളുണ്ട്. ചിത്രത്തിൽ കാണുന്ന പടുകുഴിയിലാണ് ദ്വീപിന്റെ തലസ്ഥാനമായ ജെയിംസ് ടൗൺ സ്ഥിതിചെയ്യുന്നത് . ഭൂമിയിലെ തികച്ചും ഒറ്റപ്പെട്ട ദ്വീപുകളിൽ ഒന്നാണ് സെയ്ന്റ് ഹെലിന . ജൈവവൈവിധ്യം കാരണം ബ്രിട്ടീഷ് ഗാലപ്പഗോസ് എന്നാണ് ഈ ദ്വീപിനെ ഗവേഷകർ വിളിക്കുന്നത് . ലോകത്തേറ്റവും കൂടുതൽ തിമിംഗലസ്രാവുകളും വിവിധയിനം ഡോൾഫിനുകളും ഈ ദ്വീപിനു സമീപമുള്ള കടലില്‍ കൂട്ടമായി കാണപ്പെടുന്നു . ഭൂമിയിൽ ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും പ്രായമേറിയ ജീവിയായ ജോനാഥൻ (187 വയസ്സ് ) ഇവിടെയാണ് . അൻപതാമത്തെ വയസിൽ ഇവിടെ വളർത്തുവാൻ കൊണ്ടുവന്ന , സീഷെൽസ് ജയന്റ് ടോർട്ടോയിസ് വിഭാഗത്തിൽപ്പെടുന്ന കരയാമയാണ് ജോനാഥൻ അപ്പൂപ്പൻ!

Advertisements
സെയിന്റ് ഹെലീന 2

നെപ്പോളിയനെ എല്ലാവർക്കും അറിയാം . അതിനാൽ കൂടുതൽ പറയുന്നില്ല . പക്ഷെ ഇവിടെ ജയിൽശിക്ഷ അനുഭവിച്ച വീരകേസരികൾ വേറെയുമുണ്ട് . അതിൽ ഒരാളാണ് നാമൊരിക്കലും കേട്ടിരിക്കാൻ സാധ്യതയില്ലാത്ത ഡിനുസുലു എന്ന ആഫ്രിക്കൻ രാജാവ് . (1890 ൽ ഡിനുസുലു ദ്വീപിൽ തടവുകാരനായി എത്തുമ്പോൾ നമ്മുടെ ജോനാഥനും അവിടൊരുമൂലയിൽ ഇഴഞ്ഞുനടപ്പുണ്ടായിരുന്നത്രേ ! നെപ്പോളിയൻ മരിച്ചു പതിനൊന്നു വർഷങ്ങൾക്കുശേഷമാണ് ജോനാഥൻ ജനിക്കുന്നത് ). ആഫ്രിക്കൻ സുലു സാമ്രാജ്യത്തിന്റെ രാജാവായിരുന്നു ഡിനുസുലു. ബ്രിട്ടീഷ് കുതന്ത്രങ്ങളിൽ രാജ്യം നഷ്ടപ്പെട്ട ഡിനുസുലു വീണ്ടും ആളെക്കൂട്ടി ഒരു കലാപത്തിനു ശ്രമിച്ചെങ്കിലും അമ്പേ പരാജയപ്പെട്ട് തടവുകാരനായി പിടിക്കപ്പെട്ടു . പിന്നീട് ദ്വീപിൽനിന്നു മോചിതനായ ഡിനുസുലു വീണ്ടുമൊരു യുദ്ധത്തിനു ശ്രമിച്ചുവെങ്കിലും തോൽക്കേണ്ടിവന്നു . അവസാനം, ഇന്നും നമുക്ക് അജ്ഞാതമായ കാരണങ്ങളാൽ നാല്‍പ്പത്തിയഞ്ചാമത്തെ വയസ്സില്‍ അദ്ദേഹം മരണപ്പെട്ടു .

സെയിന്റ് ഹെലീന 3

ജുറാസിക് കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ആകാശക്കാഴ്ചയാണ് സെയിന്റ് ഹെലിന ദ്വീപിനുള്ളത് . ആയിരത്തയഞ്ഞൂറുകളിൽ മാത്രമാണ് ഈ ദ്വീപ് മനുഷ്യശ്രദ്ധയിൽപ്പെട്ടതുതന്നെ ! അതുകൊണ്ടുതന്നെ മറ്റുസ്ഥലങ്ങളിൽ കാണപ്പെടാത്ത അനേകം സസ്യ -ജീവി വർഗ്ഗങ്ങൾ ഇപ്പോഴും മാന്യമായി ഇവിടെ ജീവിക്കുന്നുണ്ട് . എല്ലാ റോഡുകളും റോമിലേക്ക് എന്നു പറയുംപോലെ ദ്വീപിലെ സകലവഴികളും അവസാനിക്കുന്നത് മലയിടുക്കിലുള്ള ജെയിംസ് ടൗണിലാണ് . ചെറുവണ്ടികളിൽ നമുക്കു ദ്വീപ് ചുറ്റിക്കറങ്ങി കാണാം . നെപ്പോളിയൻ കിടന്ന സ്ഥലങ്ങളുൾപ്പടെ ഈസ്റ്റ് ഇൻഡ്യാ കമ്പനിവക പഴയ തുറമുഖവും കോട്ടകളും ഇവിടെയുണ്ട് . ATM ഇല്ലാത്തതിനാൽ ബ്രിട്ടീഷ് പൗണ്ടുതന്നെ കയ്യിൽ കരുതണം . കടൽ വിഭവങ്ങളാണ് മുഖ്യആഹാരം . ദ്വീപിൽ നിന്നു തൊട്ടടുത്ത വൻകരയിലേക്ക് ഏതു ദിശയിൽ പോയാലും രണ്ടായിരം കിലോമീറ്റർ ദൂരമുണ്ട് ! അതിനാൽ ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലങ്ങളിലൊന്നായി സെയിന്റ് ഹെലിന ദ്വീപിനെ വിശേഷിപ്പിക്കാം.

സെയിന്റ് ഹെലീന 4

NB : ഇവിടുത്തെ ന്യൂസ്‌പേപ്പർ വായിക്കാൻ മോഹമുള്ളവർക്കായി … http://www.independent.sh/wp-content/uploads/2019/05/St-Helena-Independent-20190524.pdf

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ