പൈത്തിയസ് – ബ്രിട്ടൻ കണ്ടെത്തിയ ഗ്രീക്കുകാരൻ

പൈത്തിയസ് - ബ്രിട്ടൻ കണ്ടെത്തിയ ഗ്രീക്കുകാരൻ 1

ക്രിസ്തുവിനും മുന്നൂറ് വർഷങ്ങൾക്ക് മുൻപ് നമ്മുക്കിന്നും കാര്യമായി പിടിതരാത്ത ഒരു കാലവും , സ്ഥലവും . ഹോക്കസ് എന്നതരം ചെറിയൊരു ഗ്രീക്ക് ചരക്കുകപ്പൽ കാറ്റിനനുകൂലമായി സാവധാനം മുന്നോട്ട് നീങ്ങുകയാണ് . കുറച്ചു ചരക്കുകളും പിന്നെ വിരലിലെണ്ണാവുന്നത്ര നാവികരുമാണ് അതിലുള്ളത്. പായ്കൾ നിറയെ മഞ്ഞുകണങ്ങൾ പൊതിഞ്ഞിട്ടുണ്ട്. പൈത്തിയസ് എല്ലാവരെയും ഒന്ന് നോക്കി . മിക്കവരും പേടിച്ചിരിക്കുന്നു . തണുപ്പ് കൂടിവരികയുമാണ് . ദൂരെക്കാഴ്ച്ച കുറഞ്ഞുകുറഞ്ഞു വരുന്നു . രണ്ട് വലിയ തുഴകളാണ് ഇരുവശവുമായി കപ്പലിനുള്ളത് . തുഴകൾ വീഴുമ്പോഴുള്ള ഇടവേളകൾ കൂടിവരുന്നു . തുഴയുന്നവരും ഭീതിയിലാണ് . പെട്ടന്നൊരു ശബ്ദം കേട്ടു . തുഴകൾ എന്തിലോ ചെന്നിടിച്ചിരിക്കുന്നു ! പൈത്തിയസ് താഴേക്ക് നോക്കി. റൊട്ടിക്കഷ്ണങ്ങൾ പോലെ മഞ്ഞുകട്ടകൾ ! ഒന്നും രണ്ടുമല്ല സമുദ്രം നിറയെ അവ പൊന്തിക്കിടക്കുകയാണ് ! അങ്ങകലെ ആകാശം നിറയെ വർണ്ണരാജികൾ !

Advertisements

“ഹൈപ്പർബോറിയ !!! ” നാവികാരിൽ ഒരാൾ അലറി .

” അതെ , ഉറപ്പായും ഇത് ഭീമന്മാരുടെ നാടാണ് . കരയിൽ നിന്നുമവർ നമ്മെ കാണുന്നുണ്ടാവുമോ ? ”

“ഇല്ല . അടുത്തെങ്ങും കരയില്ല . അതിന് സാധ്യതയില്ല . നിങ്ങൾ ഭയക്കാതിരിക്കൂ ” പൈത്തിയസ് അവരെ ശാന്തരാക്കി .

“പൈത്തിയസ് നമ്മുക്ക് തിരിച്ചുപോകാം . നീ കണ്ടില്ലേ ? അങ്ങകലെ എന്താണ് ആകാശത്ത് കാണുന്നത് ? ഇതൊരു മാന്ത്രികലോകമാണ് . നോക്ക്, പുലർച്ചെ കഴിഞ്ഞിട്ട് മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു . ഇതുവരെയും രാത്രി കഴിഞ്ഞിട്ടില്ല ! ഇപ്പോഴും ഇരുട്ടാണ് . ഇനിയും മുന്നോട്ട് പോയാൽ നമുക്കൊരിക്കലും ഇനി വെളിച്ചം കാണുവാൻ സാധിക്കില്ല ! ”

പക്ഷെ പൈത്തിയസ് അക്ഷോഭ്യനായിരുന്നു . “ഒരു ദിവസ്സം കൂടി ക്ഷമിക്കൂ ” . അവർ പിന്നെ ഒന്നും മിണ്ടിയില്ല . മണിക്കൂറുകൾ കടന്നുപോയി . വിദൂരതയിൽ കോടമഞ്ഞിനുള്ളിൽ വലിയൊരു ധവളപുഷ്പം വിരിയുന്നതുപോലെ ഒരു ഭീമൻ ദ്വീപ് സാവധാനം ദൃശ്യമായി .

Advertisements

“സഹോദരരേ, ഇതാണ് തുലി ! നമ്മുടെ പിതാക്കന്മാർ പറഞ്ഞുപഠിപ്പിച്ച അൾട്ടിമ തുലി ! …… ലോകത്തിന്റെ അവസാനത്തെ ദ്വീപ് !!!! ”

തുഴകളിൽ നിന്നും പിടിവിട്ട് എല്ലാവരും ഓടി പൈത്തിയസിന്റെ അരികിലെത്തി . അങ്ങ് ദൂരെ അവരാ മായക്കാഴ്ച കണ്ടു. അതെ, തങ്ങൾ ലോകത്തിന്റെ അവസാനം വരെ എത്തിയിരിക്കുന്നു! ദേവന്മാർപോലും ഇല്ലാത്ത സ്ഥലം ! അൾട്ടിമ തുലി !!!


പൈത്തിയസ് - ബ്രിട്ടൻ കണ്ടെത്തിയ ഗ്രീക്കുകാരൻ 2

ബി. സി. നാനൂറിന് മുമ്പെങ്ങോ ആവണം പൈത്തിയസും കൂട്ടരും ആർട്ടിക് വൃത്തം ലക്ഷ്യമാക്കി ഈ യാത്ര നടത്തിയത് . കച്ചവടക്കാരനായിരുന്ന പൈത്തിയസ് അറിഞ്ഞോ അറിയാതെയോ നടത്തിയ ആ യാത്ര പക്ഷെ ലോകചരിത്രത്തിലെ തന്നെ ആദ്യ ആർട്ടിക് യാത്രകളിൽ ഒന്നായിരുന്നു . പൈത്തിയസിനു മുൻപ് ഇവിടെയെത്തിയ ഒരാളെയും നമ്മുക്കിപ്പോഴും അറിയില്ല ! പൈത്തിയസ് എന്ന പേരുപോലും ലോകചരിത്രത്തിൽ ചിതറിക്കിടക്കുന്ന പല പ്രാചീനരേഖകളിൽ നിന്നുമാണ് നമ്മുക്ക് ലഭിക്കുന്നത് . “പൈത്തിയസ് പറയുന്നത് ഇങ്ങനെയാണ് ………….. പൈത്തിയസ് പോയവഴി , ………… പൈത്തിയസിന്റെ അഭിപ്രായത്തിൽ …… ” എന്നിങ്ങനെ പ്രശസ്തരായ ലോകചരിത്രകാരന്മാർ കുറിച്ചിട്ട വരികളിൽ നിന്നുമാണ് ഇങ്ങനെ ഒരു സാഹസികൻ ഭൂമിയിൽ ജീവിച്ചിരുന്നു എന്നും , അക്കാലത്ത് ഒരു ചെറിയ ഗ്രീക്ക് ചരക്കു കപ്പലിൽ ആയാൾ ഇന്നത്തെ ഐസ്ലാൻഡ് വരെ ചെന്നിരുന്നുവെന്നും നാമറിയുന്നത് .

കാർത്തേജുകാർ തങ്ങളുടെ സൈനിക ശക്തിയാൽ ‘ഹെർക്കുലീസിന്റെ തൂണുകൾ ‘ (ഇന്നത്തെ ജിബ്രാൾട്ടർ കടലിടുക്ക് ) കൈവശപ്പെടുത്തി അതുവഴി പുറത്ത് അറ്റ്ലാൻറ്റിക്കിലേക്കുള്ള നാവികയാത്ര തടഞ്ഞിരുന്നതിനാൽ അതിനുമപ്പുറത്തേക്കുള്ള ലോകം ഗ്രീക്കുകാർക്ക് അന്ന് അപ്രാപ്യമായിരുന്നു . അതിനമപ്പുറത്തായിരുന്നു സമുദ്രദേവനായിരുന്ന പൊസൈഡോൺ താമസിച്ചിരുന്നത് . അതിനും അപ്പുറത്താണ് പത്തടിയോളം ഉയരം വരുന്ന അതികായന്മാർ ജീവിക്കുന്ന ഹൈപ്പർബോറിയ സ്ഥിതിചെയ്യുന്നത് . അവിടെ ഒരു ദിവസം ഗ്രീക്കുകാരുടെ ഏഴ് ദിനങ്ങളാണത്രെ ! അത്തരമൊരു സ്ഥലത്തേക്കാണ് പൈത്തിയസ് എന്ന മനുഷ്യൻ യാത്രചെയ്തത് . അദ്ദേഹം എന്തിന് യാത്ര ചെയ്തന്നോ, എങ്ങിനെ യാത്ര ചെയ്തന്നോ തുടങ്ങിയ വിവരങ്ങൾ നമ്മുക്കിന്നും ലഭ്യമല്ല . അദ്ദേഹം എഴുതിയത് എന്ന് കരുതപ്പെടുന്ന On the Ocean (Peri tou Okeanou) എന്ന് വിളിക്കുന്ന പുസ്തകത്തിന്റെ ഒരു തുണ്ടുപോലും ഇന്ന് ഭൂമിയിൽ അവശേഷിച്ചിട്ടില്ല . അഥവാ ഉണ്ടെങ്കിൽ തന്നെ നാമിതുവരെയും കണ്ടെത്തിയിട്ടില്ല . അതിനാൽ പൈത്തിയസ് ഇന്നും ജീവിക്കുന്നത് അദ്ദേഹത്തെപ്പറ്റി മറ്റുള്ളവർ എഴുതിയ വരികളിലൂടെയാണ് .

പൈത്തിയസ് - ബ്രിട്ടൻ കണ്ടെത്തിയ ഗ്രീക്കുകാരൻ 3

സ്റ്റ്രാബൊ , പൊലിബിയസ് , പ്ലീനി ദി എൽഡർ, പിന്നെ ഇറാത്തോസ്തനീസ് തുടങ്ങിയവരാണ് പൈത്തിയസ് ജീവിച്ചിരുന്നു എന്ന് തങ്ങളുടെ രചനകളിലൂടെ നമ്മെ അറിയിക്കുന്നത് . ഇതിൽ ആദ്യത്തെ രണ്ടുപേർ അദ്ദേഹത്തിന്റെ വിമർശകരായിരുന്നു . പൈത്തിയസ് പറഞ്ഞ കഥകൾ അതിശയോക്തിയാകാനേ തരമുള്ളൂ എന്നവർ വാദിച്ചു . അതിനായി സ്റ്റ്രാബൊയാവട്ടെ പൈത്തിയസ് പറഞ്ഞ സ്ഥലങ്ങളും , വിവരണങ്ങളും ഓരോന്നും എടുത്തെടുത്ത് നിരത്തി തന്റേതായ കാരണങ്ങളാൽ അതൊക്കെ തെറ്റാണെന്ന് സമർത്ഥിച്ചു . പക്ഷെ സത്യത്തിൽ ഇന്ന് നമ്മുക്ക് പൈത്തിയസിനെക്കുറിച്ചുള്ള ഏറ്റവും ആധികാരികമായ കുറിപ്പ് സ്റ്റ്രാബൊയുടെ ഈ വിമർശനങ്ങൾ തന്നെയാണ് ! മാത്രവുമല്ല പൈത്തിയസ് പറഞ്ഞ കാര്യങ്ങൾ പലതും സത്യം തന്നെയാണെന്ന് കാലം തെളിയിക്കുകയും ചെയ്തു . അപ്പക്കഷ്ണം പോലെ ചിതറിക്കിടക്കുന്ന ആർട്ടിക് മഞ്ഞുകട്ടകളും (Pancake ice), ആഴ്ചകളോളം സൂര്യനുദിക്കാത്ത നാടുകളും, ധ്രുവദീപ്തികളും ….. അങ്ങിനെ അന്ന് മനുഷ്യരാരും കണ്ടിട്ടില്ലാത്ത മറ്റ് പ്രകൃതിവിസ്മയങ്ങളും പൈത്തിയസ് തന്റെ പുസ്തകത്തിൽ കുറിച്ചപ്പോൾ ആളുകൾ ചിരിച്ചു . ഇതൊക്കെ അദ്ദേഹം തിരികെ ഗ്രീസിൽ വന്ന് പറഞ്ഞപ്പോൾ എന്തൊക്കെ തമാശകളാവും സംഭവിച്ചിട്ടുണ്ടാവുക ? പക്ഷെ കാലം പൈത്തിയസ് എന്ന മഹാനായ സഞ്ചാരിയെ മറന്നില്ല . ആയിരക്കണിക്കിന് വർഷങ്ങൾക്ക് ശേഷം തന്നെ വിമർശിച്ചവരുടെ വരികളിലൂടെത്തന്നെ പൈത്തിയസ് ഉയർത്തെഴുന്നേറ്റു !

പൈത്തിയസ് - ബ്രിട്ടൻ കണ്ടെത്തിയ ഗ്രീക്കുകാരൻ 4

ഇന്നത്തെ ബ്രിട്ടീഷ് ദ്വീപുകളിൽ ചെന്നെത്തി ഇവിടെ ഇങ്ങൊരു ദ്വീപ് ഉണ്ടെന്നും, അവിടുത്തെ നാടിനെയും, നാട്ടാരെയും പറ്റി ആദ്യമായി ഗ്രീക്ക്, റോമൻ, അറേബ്യൻ ചരിത്രകാരന്മാർക്ക് അറിവ് കൊടുത്തതും പൈത്തിയസ് ആയിരുന്നു. അദ്ദേഹം ആ ദ്വീപ് മുഴുവനും ചുറ്റിയടിച്ചു കണ്ടിരുന്നു എന്നാണ് ഇപ്പോൾ ഗവേഷകർ കരുതുന്നത് . അതായത് ഗ്രീക്ക്കാരേയും റോമാക്കാരെയും , അറബികളെയും സംബന്ധിച്ചിടത്തോളം ബ്രിട്ടൻ കണ്ടെത്തിയ വ്യക്തി സാക്ഷാൽ പൈത്തിയസ് ആണ് !

അദ്ദേഹം എങ്ങിനെ ബ്രിട്ടനിൽ എത്തിച്ചേർന്നു എന്നത് നമുക്കറിയില്ല . കാർത്തേജുകാരുടെ ഉപരോധത്തെ മറികടന്ന് കടൽ വഴിയോ, അല്ലെങ്കിൽ കരയിലൂടെ സ്പെയിനിലോ അല്ലെങ്കിൽ ഫ്രാൻസിലോ ചെന്നെത്തി അവിടെനിന്നും കപ്പലിൽ ബ്രിട്ടീഷ് ദ്വീപുകളിലും , അയർലണ്ടിലും പിന്നീട് വീണ്ടും വടക്കോട്ട് സഞ്ചരിച്ച് ഐസ്ലാൻഡ് വരെയും ചെന്നെത്തിയിരിക്കാം . പൈത്തിയസ് ഐസ്ലാൻഡിൽ ഇറങ്ങിയോ എന്നതിന് രേഖകളില്ല. അദ്ദേഹം ആർട്ടിക്കിനരികെ കണ്ട മഞ്ഞുപുതഞ്ഞ വലിയ ദ്വീപ് ഐസ്ലാൻഡ് തന്നെയാവണം . പക്ഷെ തിരിച്ച് അദ്ദേഹം സ്കാന്ഡിനേവിയൻ തീരങ്ങളിലൂടെയാവാം തെക്കോട്ട് സഞ്ചരിച്ചത് . പിന്നീട് ഫ്രാൻസിൽ എത്തിയ ശേഷം കരമാർഗം തിരികെ ഗ്രീസിൽ എത്തിച്ചേർന്നിരിക്കാം . എന്തൊക്കെ ആയാലും അദ്ദേഹത്തിന്റെ വിവരണങ്ങൾ അങ്ങ് ഈജിപ്‌തുവരെയും എത്തിയിരുന്നു . അലക്‌സാൻഡ്രിയയിലെ ലൈബ്രറിയിൽ നിന്നുമാവാം ഇറാത്തോസ്തനീസിന് പുസ്തകം ലഭിച്ചത് . പിന്നീട് നൂറ്റാണ്ടുകളോളം ബ്രിട്ടീഷ് ദ്വീപുകളെക്കുറിച്ചും , ആർട്ടിക്, ഉത്തര അറ്റ്ലാൻറ്റിക് സമുദ്രങ്ങളെക്കുറിച്ചുമുള്ള ഏക വിവര സ്ത്രോതസ് പൈത്തിയസിന്റെ  On the Ocean തന്നെയായിരുന്നു . ഇപ്പോഴും മണ്ണിനടിയിലെവിടെയെങ്കിലും ഏതെങ്കിലുമൊരു പുരാവസ്തുഗവേഷകനെയും കാത്ത്  പൈത്തിയസിന്റെ പുസ്തകം മറഞ്ഞിരുപ്പുണ്ടാവാം . നമ്മുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ട ആ കാലഘട്ടം അതോടെ ആധുനിക മനുഷ്യന് മുൻപിൽ പുനർജനിക്കും ! …. കൂട്ടത്തിൽ പൈത്തിയസും!

ആദ്യ ഭാഗങ്ങളിലെ വിവരണം ഭാവന മാത്രമാണ്. അക്കാലത്തെ ഗ്രീക്ക് കപ്പലിന്റെ ഏകദേശരൂപം സൈപ്രസിൽ നിന്നും കണ്ടെത്തിയ Kyrenia എന്ന പ്രാചീന ഗ്രീക്ക് കപ്പലിന്റെ രൂപത്തിൽ നിന്നും കടമെടുത്താണ് . ചരക്കുകൾ കയറിക്കഴിഞ്ഞാൽ പിന്നെ പത്തു നാവികർക്കുള്ള സ്ഥലമേ അതിലുള്ളൂ .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ