* Blogger * Translator * Traveler * Vloger

ഞാനൊരു കാപ്പിയിടട്ടെ ?

by Julius Manuel
134 പേർ വായിച്ചു

പതിനാലുവർഷങ്ങൾക്കു മുൻപുള്ള ബാംഗ്ളൂർ. ഒരു ഓസ്ട്രിയൻ എനർജി ഡ്രിങ്ക് കമ്പനിയിലാണ് അന്ന് എനിക്കു ജോലി . താമസം രാമയ്യ കോളേജിന്റെ തൊട്ടു മുമ്പിലുള്ള ഒരു ബോയ്സ് ഹോസ്റ്റലിലും . കമ്പനിയുടെതന്നെ ഒരു വിതരണക്കാരന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോസ്റ്റൽ . അതിനാലാണു താമസം അവിടെയാക്കിയത്. ഞാനൊഴിച്ചു ബാക്കി നിവാസികളെല്ലാം കോളേജ് വിദ്യാർത്ഥികളാണ് . ഭൂരിഭാഗം ഗുജറാത്തികളും മറ്റു വടക്കേഇന്ത്യക്കാരുമാണ് . ഞാൻ മാത്രമേ മലയാളിയായിട്ടുള്ളത്. കൂട്ടത്തിൽ ഏറ്റവും മുതിർന്നവനും ഏക ജോലിക്കാരനും മുതലാളിയുടെ ‘ആളും’ ആയതിനാൽ ആ കെട്ടിടത്തിൽ എനിക്കു പ്രത്യേക പരിഗണനയുണ്ടായിരുന്നു . ഏതു പാതിരാവിലും യഥേഷ്ടം എനിക്കു കയറിയിറങ്ങാം എന്നർത്ഥം . ആരോ വിളിക്കുന്നതുകേട്ടു എല്ലാ ഗുജറാത്തി പയ്യന്മാരും അച്ചായൻ എന്നാണ് എന്നെ വിളിച്ചിരുന്നത് . പിള്ളേരെല്ലാം അത്യാവശ്യം ‘പെഴകളാണ് ‘. പ്രത്യേകിച്ച് എന്റെ മുറിയുടെ തൊട്ടടുത്ത രണ്ടു മുറികളിലുള്ളവര്‍. എനർജി ഡ്രിങ്കിന്റെ കുറെയേറെ സാമ്പിളുകൾ എന്റെ മുറിയിൽ എപ്പോഴുമുണ്ടാവും . എന്നെ സോപ്പിട്ട് അതു കൈക്കലാക്കി വെള്ളമടിച്ചു കിടക്കലാണ് ഇവരുടെ പ്രധാനപണി . വല്ലകാലത്തും ഒന്നു കോളേജിൽ പോയെങ്കിലായി . പക്ഷെ ഇതൊന്നുമല്ലാത്ത , മറ്റൊരു സാഹസിക പ്രവൃത്തികൂടി ഇവർ ചെയ്യാറുണ്ട് . വേറൊന്നുമല്ല , ഇടയ്ക്കിടെ പെണ്ണുങ്ങളെ കൊണ്ടുവരും. ഹോസ്റ്റൽ വാർഡൻ ഒരു കന്നഡക്കാരി പൂതനയാണ് . അവരുടെ കണ്ണുകൾ മുക്കിലും മൂലയിലും ചെല്ലുന്നുണ്ട് എന്നാണ് കക്ഷി സ്വയം കരുതുന്നത് . ക്‌ളീനർ ബോയ് ബീഹാറിപയ്യൻ ചോട്ടുവാണ് അവരുടെ ചാരൻ . വൃത്തിയാക്കുന്നതിനിടയില്‍ അവനു കിട്ടുന്ന ചില “അസംസ്കൃത വസ്തുക്കൾ’ ശേഖരിച്ച് പകൽ മുഴുവനും റിസേർച്ച് നടത്തി, വൈകുന്നേരം ബിൽഡിങ്ങിലെ സകല പെഴകളെയും വിളിച്ചുവരുത്തി ഭീകര കൗൺസിലിംഗ് നടത്തിക്കളയും നമ്മുടെ പൂതന.

ഒരു ദിവസം ഏറെ വൈകിവന്ന എന്നെയുംകാത്ത് പൂതന ഹോസ്റ്റലിന്റെ വാതുക്കൽ തന്നെ ഉറക്കളച്ച് ഇരിപ്പുണ്ടായിരുന്നു .

“ജൂലിയസ് , നീ വല്ലതും അറിയുന്നുണ്ടോ ? നിന്റെ ഫ്ലോറിലെ ചെറുക്കന്മാരുടെ മുറികളിൽ പെമ്പിള്ളേർ കയറിയിറങ്ങുന്നുണ്ട്”

ഇത്രയും പ്രസ്താവിച്ച ശേഷം CID ചോട്ടു കണ്ടുപിടിച്ച രണ്ടു വെളുത്തവസ്തുക്കൾ അവർ മേശപ്പുറത്തേക്കിട്ടു.

“ഉപയോഗിച്ചിട്ടില്ല” എന്നിലെ ഷെർലോക് ഹോംസ് ഉണർന്നു.

“ഞാൻ പലപ്പോഴും ഇവിടെ ഇല്ലാത്തതാണ് കുഴപ്പം” പൂതന സ്വയം കുറ്റമേറ്റു . “പുറകിലെ മതിലുചാടിച്ചു പെണ്ണുങ്ങളെ അകത്തുകൊണ്ടുവന്നാൽ ഈ പൊട്ടൻ ചോട്ടു കാണില്ല. രാവിലെ ഞാൻ പോയ ശേഷമായിരിക്കും ഇവറ്റകൾ തിരികെ പുറത്തുപോകുന്നത് . നമ്മുടെ പിള്ളേരെല്ലാം എല്ലാം വലിയ വലിയ ആളുകളുടെ മക്കളാണ്. ഒന്നും ചെയ്യാനും പറ്റില്ല ” അവർക്കാകെ നിരാശയായി .

“ജൂലിയസ് , നീ ഒരു കാര്യം ചെയ്യണം. ഒന്നുരണ്ടു ദിവസം കുറച്ചു നേരത്തെ വരണം . എന്നിട്ട് അവന്മാരുടെ മുറികളിൽ എന്തെങ്കിലുമൊക്കെ പറഞ്ഞു കയറി നോക്കണം . നീയാകുമ്പോൾ അവരൊന്നും പറയുകയുമില്ല . സംശയിക്കുകയുമില്ല. “

“മാഡം ഇതൊന്നും എന്റെ പണിയല്ല , എനിക്കു സമയവുമില്ല. മാത്രമല്ല എല്ലാം മുതിർന്ന പിള്ളേരാണ് . ഞാനിതിൽ ഇടപെടില്ല. ഉപദേശിച്ചു നന്നാക്കാനുള്ള അടുപ്പമൊന്നും എനിക്കവരോടില്ല” ഞാൻ പറഞ്ഞൊഴിഞ്ഞു .

“ശരി എങ്കിൽ ഞാൻ എന്റേതായ വഴികൾ നോക്കാം” അവർക്കു വാശിയായി .

ഞാൻ മുകളിലേക്കു നടന്നു. എന്റെ മുറിക്കു മുന്നിൽ രണ്ടെണ്ണം കാവലിരുപ്പുണ്ട്. സാമ്പിൾ എനർജി ഡ്രിങ്ക് വേണം . അതിനാണീ തപസ്സ് .

“നീയൊക്കെ ഇവിടെ പെണ്ണുങ്ങളെ കൊണ്ടുവരുന്നുണ്ടല്ലേ ?” മുറി തുറന്നുകൊണ്ടു ഞാൻ ചോദിച്ചു . ചോദ്യം കേട്ടപാതി രണ്ടു പട്ടേലുമാരും പരസ്പരം നോക്കി കണ്ണുമിഴിച്ചു .

“അച്ചായൻ , അത് പിന്നെ ഞങ്ങൾ റെഗുലറായി ക്ലാസിൽ പോകുന്നില്ലല്ലോ. അപ്പോൾ നോട്ടു തരാൻ വേണ്ടി വരുന്നതാണ് “

“അതു താഴെവന്നു തന്നിട്ടു പോയാൽപ്പോരേ ? എന്തിനാണ് രാത്രി പുറകീലൂടെ വന്നു മുറിയിൽ കയറുന്നത് ? “

“അവരുടെ ഹോസ്റ്റലിൽ പഠിക്കാനുള്ള സൗകര്യമില്ല അച്ചായൻ. ഇവിടെയാകുമ്പോൾ ഒരുമിച്ചിരുന്നു പഠിക്കാമല്ലോ “

കണ്ണ് നനഞ്ഞുപോകുന്ന ആ എക്സ്പ്ലനേഷൻ കേട്ട് ഞാനവനെ അടിമുടിയൊന്നുനോക്കി .

“ശരി, ‘പഠനം ‘ കഴിഞ്ഞു മിച്ചം വരുന്ന സാധനങ്ങൾ അവരുടെ കയ്യിൽ തന്നെ കൊടുത്തുവിടണം. അത്തരം രണ്ടെണ്ണം നിന്റെ മുറി തൂത്തുവാരിയപ്പോൾ ചോട്ടുവിനു കിട്ടിയിട്ടുണ്ട് ”

അവര്‍ പിന്നെ ന്യായീകരിക്കാൻ നിന്നില്ല. എനിക്കറിയാവുന്ന ഈസോപ്പ് കഥകളൊക്കെ ഞാനവരെ പറഞ്ഞുകേൾപ്പിച്ചു . പക്ഷെ എനിക്കറിയാം അതൊന്നും ഈ പ്രായത്തിൽ, ഇവന്മാരുടെ പ്രത്യേക സാഹചര്യത്തിൽ വിലപ്പോകില്ലെന്ന് . പക്ഷെ എന്തെങ്കിലും പറഞ്ഞു എന്നൊരു സമാധാനം എനിക്കും വേണമല്ലോ .

അങ്ങിനെ ഒരുമാസം കടന്നുപോയി . പൂതന പിന്നീടു പരാതികളൊന്നും പറഞ്ഞില്ല . പെണ്ണുങ്ങളുടെ സന്ദർശനം എന്താണ്ടു നിലച്ചു എന്നുതന്നെ ഞാൻ കരുതി . ഒന്നുരണ്ടു ദിവസം അപ്രതീക്ഷിതമായി നടത്തിയ മുറി സന്ദർശനങ്ങളിൽ പ്രത്യേകിച്ചു സംശയിക്കത്തക്ക ഒന്നും കണ്ടുമില്ല . അങ്ങിനെ സമാധാനപൂർണമായ ആ നാളുകളിലൊന്നിലാണ് അതു സംഭവിച്ചത് !

കുറച്ചു പനിയും ദേഹവേദനയുമൊക്കെ തോന്നിയതിനാൽ ഞാനന്നു രാത്രി ഏഴുമണി കഴിഞ്ഞപ്പോഴേ പണിയൊക്കെ നിർത്തി ഹോസ്റ്റലിനു മുന്നിൽ എത്തി . പൂതന പതിവില്ലാതെ കൊടുവാളുമായി സംഹാരഭാവംപൂണ്ടു താഴെത്തന്നെ നിലയുറപ്പിച്ചിട്ടുണ്ട് .

“എന്തുപറ്റി ? ” ഞാൻ ചോദിച്ചു .

“ഇന്നവനെ ഞാൻ പൂട്ടും. ഒരുത്തന്റെ ഒരു മുറിയിൽ ഉറപ്പായും പെണ്ണുണ്ട്. ഞാൻ കയറാൻ അവന്മാർ സമ്മതിക്കുന്നില്ല . അവർക്കു പ്രൈവസി കൊടുക്കുന്നില്ലെന്നു പറഞ്ഞ് അവന്റെ പണക്കാരൻ അപ്പനെയും നമ്മുടെ മുതലാളിയെയും വിളിക്കുമത്രേ ! ഇന്നോടെ എന്റെ ജോലി തെറുപ്പിക്കുമെന്നാണ് ആ കുരുത്തുംകെട്ടവൻ എന്നോടു പറഞ്ഞത് . എങ്കിൽ അവന്റെ ഇവിടുത്തെ പൊറുതി ഞാനിന്ന് അവസാനിപ്പിക്കും. പുറകിൽ ചോട്ടു നിൽപ്പുണ്ട്. ആ പെണ്ണ് എങ്ങിനെ ഇറങ്ങിപ്പോകുമെന്നു കാണണമെല്ലോ “

“വെരി ഗുഡ് . അവിടെത്തന്നെ നിന്നോ ” ഇത്രയും പറഞ്ഞ ശേഷം ഞാൻ വേഗം മുകളിലേയ്ക്കു കയറി . സൂക്ഷം വാതിൽപ്പടിയിൽ എന്നെയും കാത്ത് പട്ടേൽ കുട്ടി നിൽപ്പുണ്ട് . അവനാകെ വിയർത്തിട്ടുണ്ട് . അപ്പോൾ സംഭവം സീരിയസാണ് .

“അച്ചായൻ …. പ്ലീസ് ഹെല്പ് മി ” അവനു വാക്കുകൾ പുറത്തോട്ടു വരുന്നില്ല.

“നിന്നോടൊക്കെ ഞാൻ പറഞ്ഞതല്ലേ ? കേട്ടില്ലല്ലോ . അനുഭവിച്ചോ . ആ തള്ള വെളുക്കുന്നതുവരെ അവിടെത്തന്നെ കാണും. നീ എന്റെ മുറിയുടെ താക്കോല് താ ”

എന്റെ ഡെസ്ക്ടോപ്പ് നന്നാക്കാൻ ഇന്ന് ആളുവരും എന്ന് പറഞ്ഞിരുന്നതിനാൽ അവന്റെ കയ്യിൽ താക്കോൽ കൊടുത്തിട്ടാണ് ഞാനന്ന് പോയത് .

“അച്ചായൻ , പ്ലീസ് ലിസൺ. ആ പെണ്ണ് ഇപ്പോൾ അച്ചായന്റെ മുറിയിൽ ഉണ്ട് . ആരും നിങ്ങളുടെ മുറിയിൽ കയറില്ല. സംശയിക്കില്ല. അരുതെന്നു പറയരുത്. ആ തള്ള എന്നെ കുടുക്കും എന്നു പറയുന്നത് എന്താണെന്ന്അറിയാമോ ? എന്റെ അങ്കിൾ എന്നെ കാണുവാൻ വരുന്നുണ്ട്. ഇപ്പോൾ എത്തും . ആ പൂതനയോടാണ് അങ്ങേര് വിളിച്ച് വഴിചോദിച്ചത് . അത് മനസിലാക്കിയിട്ടാണ് അവർ അവിടെ കാവൽ നിൽക്കുന്നത് . അങ്കിൾ വന്നാൽ മുറിയിൽ കയറി വരും ഉറപ്പാണ് . അത് വരെ മാത്രം അവളിവിടെ ഇരുന്നോട്ടെ …. പ്ലീസ് ”

അടിപൊളി. കുടുങ്ങി എന്നുതന്നെ പറയാം. വേണമെങ്കിൽ എനിക്കിതു കുളമാക്കാം. പക്ഷെ പിടിവീണാൽ ഇവനും ആ പെണ്ണും കുടുങ്ങും. വേണ്ട പിള്ളേരല്ലേ . എനിക്കപ്പോൾ അങ്ങിനെ തോന്നി .

“ശരി , അങ്കിൾ വന്നു പോയാലുടൻ പെണ്ണിനെ ഇവിടെ നിന്നും മാറ്റിക്കോണം . മാത്രമല്ല, ഇത് അവസാനത്തെയാണ് . ഇനി ആവർത്തിച്ചാൽ നിന്നെ ഞാൻ തന്നെ കയ്യോടെ പിടിക്കും . കേട്ടല്ലോ ”

“ഇല്ല അച്ചായൻ ….. ഇനി ആവർത്തിക്കില്ല … പ്ലീസ് “

“ശരി പോയി അങ്കിളിനെ കൈകാര്യം ചെയ്യ് “

ഞാൻ ഡോർ തുറന്ന് അകത്തേക്ക് കയറി . കമ്പ്യൂട്ടറിന് മുൻപിൽ അങ്ങോട്ട് തിരിഞ്ഞ് ഒരുത്തി ഇരിപ്പുണ്ട് . എന്നെ കണ്ട ഭാവമില്ല . ഞാൻ പതുക്കെ ടോയ്‌ലെറ്റിൽ പോയി ഡ്രസ്സ് മാറി തിരികെ കട്ടിലിൽ വന്നിരുന്നു . ഒരു പത്രമെടുത്ത് വായന തുടങ്ങി . അവളോടു സംസാരിക്കേണ്ട ആവശ്യം എനിക്കില്ലല്ലോ . മേശപ്പുറത്ത് ഒരു മോട്ടോറോള L6 മൊബൈൽ ഇരിപ്പുണ്ട് . അവൻ മേടിച്ചുകൊടുത്തതാവും . പെട്ടന്ന് അതിലേക്ക് ഒരു കോൾ വന്നു. അവളതെടുത്ത് സംസാരിച്ചുതുടങ്ങി .

മലയാളം !!!!!

കൊള്ളാം! പട്ടേല് പൊക്കിയ പെണ്ണ് മലയാളിയാണോ ! മേശപ്പുറത്തിരുന്ന മലയാളം പുസ്തകങ്ങൾ കണ്ടിട്ടാണ് അവൾ പേടിച്ചരണ്ട് പുറംതിരിഞ്ഞിരിക്കുന്നത് . നമ്മുക്കൊക്കെ ഉണ്ടാവുന്ന ആ ചൊറിച്ചിൽ എനിക്കും അനുഭവപെട്ടു. ഇവളാരാണെന്നറിയണം. അമ്പടി ഒരു മലയാളി പെണ്ണേ ! സമ്മതിക്കില്ല ഞാൻ !

“എന്താ നിന്റെ പേര് ? “

കുടുങ്ങി എന്ന് മനസിലാക്കിയ അവൾ പതുക്കെ മുഖം തിരിച്ച് നേരെ എഴുന്നേറ്റ് നിന്നു . അതിസുന്ദരിയായ ഒരു പെൺകുട്ടി . പേടിച്ചരണ്ട കണ്ണുകൾ. ചുണ്ടുകൾ വിറയ്ക്കുണ്ട് . പക്ഷെ നിൽക്ക്! ഞാനീമുഖം എവിടെയോ കണ്ടിട്ടുണ്ട് ! ഓർമ്മവരുന്നില്ല . പക്ഷെ എനിക്കറിയാവുന്ന പെണ്ണാണിത് .

പക്ഷെ ഇതിനോടകം അവളെന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു .

“സാർ ”

കരഞ്ഞുകൊണ്ടു നീട്ടിയാണ് അവളെന്നെ വിളിച്ചത് . അതെ, ഇപ്പോൾ ഓർമ്മ വന്നു . ഞാനിവളെ നാട്ടിലെ പ്ലസ്ടുവിൽ പഠിപ്പിച്ചിട്ടുണ്ട് . ഒരുത്തൻ ശല്യംചെയ്യുന്നു എന്ന പരാതിയുമായി എത്തിയതുമുതലാണ് ആ വലിയ ക്ലാസിൽ ഞാനിവളെ ശ്രദ്ധിക്കുവാൻ തുടങ്ങിയത് . അലസമായി ക്ലാസിലിരുന്ന് സദാസമയവും തന്റെ മുടിയുടെ നീളം നോക്കിക്കൊണ്ടിരുന്നവൾ. മുഖത്തൊരു കാര വന്നതിന്റെ പേരിൽ മൂന്ന് ദിവസം അവധിയെടുത്തവൾ. പലവട്ടം റെക്കോർഡ് ബുക്ക് തിരുത്തിയെഴുതേണ്ടിവന്നവള്‍. അങ്ങിനെ വിശേഷണങ്ങളേറെയുണ്ട് എന്റെ മുന്നില്‍നിന്നു വിറയ്ക്കുന്ന ഈ മലയാളിപ്പെണ്ണിന് .

“നീയവിടെ ഇരിക്ക് ” പക്ഷെ അവൾ ഇരിക്കുവാൻ കൂട്ടാക്കിയില്ല .

“ഫിസിക്സ് മാത്രമേ നിന്നെ ഞാന്‍ പഠിപ്പിച്ചിരുന്നുള്ളൂ . അതെന്റെ തെറ്റ് . ക്ലാസിൽ ഞാൻ പലതും പറയേണ്ടിയിരുന്നു. ” ഞാൻ എന്തൊക്കെയോ പറഞ്ഞു . ഭൗതികനിയമങ്ങൾ വിലപ്പോകാത്ത പ്രപഞ്ചത്തിലെ ഏകയിടം നമ്മുടെയൊക്കെ മനസ്സാണ് എന്ന് അന്നു ഞാൻ തിരിച്ചറിഞ്ഞു . ഞാൻ നിന്നെ പഠിപ്പിച്ചത് വെറുതെ ആയല്ലോ എന്നൊന്നും പറയാനുള്ള അവകാശം തൽക്കാലം എനിക്കില്ല.

“സാർ … ഞാനൊരു പിഴച്ചവളൊന്നും അല്ല. എനിക്കവനെ ഇഷ്ടമാണ് “

“ശരിയാണ് ഇഷ്ടമാണെങ്കിൽ പിന്നെ എന്തുകാണിച്ചാലും സാരമില്ല ” ഞാൻ പറഞ്ഞു .

അവൾ തലകുനിച്ചു .

“നീയെന്തിനാണ് ഈ രാത്രി ഇവിടെ വന്നത് ? “

ഉത്തരമുണ്ടായില്ല .

“ഞാൻ തന്നെയാണ് പല രാത്രികളിലും ഇവിടെ വന്നിരുന്നത് . അവൻ വേറെ പെണ്ണുങ്ങളെയൊന്നും ഇവിടെ കൊണ്ടുവരില്ല ”

നല്ല ഉറച്ച ശബ്ദമായിരുന്നു അത് . ഞാനെന്തു പറയാനാണ് . എന്തു ചെയ്യാൻ കഴിയും ?

“ഞാനൊരു കാപ്പിയിടട്ടെ ?” അവൾ കെറ്റിൽ ഓണാക്കി വെള്ളം തിളപ്പിച്ചു . നല്ല കാപ്പി . അവൾ പതുക്കെ കഥ പറഞ്ഞുതുടങ്ങി . അവൻ തന്നെ വിവാഹം ചെയ്യും എന്നുതന്നെയാണ് അവൾ വിശ്വസിക്കുന്നത് . ഞാനെല്ലാം കേട്ടു . മറുപടിയൊന്നും പറഞ്ഞില്ല . അധികം വൈകാതെ കാഥാനായകൻ വാതിലിൽ മുട്ടി അകത്തേയ്ക്ക് വന്നു .

“ഇതെന്റെ സാറാണ് ” വന്നപാടെ അവൾ പറഞ്ഞു . അതുകേട്ട് അവന്റെ പഞ്ചേന്ദ്രിയങ്ങളെല്ലാം ഒരേസമയം പുറത്തേക്ക് തള്ളി വന്നു.

“ശരിക്കും ?”

“അതെ”

അവൻ പിന്നെ ഒന്നും മിണ്ടിയില്ല. അവന്റ അങ്കിൾ തിരികെപ്പോയിരുന്നു. ഇളിഭ്യയായ പൂതന അവിടെ കുറേനേരം കറങ്ങിനിന്ന ശേഷം എങ്ങോട്ടോ വണ്ടിയോടിച്ച് പോയി . അവൻ അവളെയുംകൊണ്ട് ചോട്ടു കാണാതെ പുറത്തിറങ്ങി ഇരുളിൽ മറഞ്ഞു . പിന്നീടവൻ അവളെയും കൊണ്ട് ഹോസ്റ്റലിൽ വന്നിട്ടില്ല . ഇനി കൊണ്ടുവരില്ല എന്നവൻ എന്നോട് പറഞ്ഞിരുന്നു.

നാളുകൾ കഴിഞ്ഞു. ആ കഥയും കഥാപാത്രങ്ങളും പിന്നീടുണ്ടായ ജീവിതാനുഭവങ്ങളിൽ ചേർന്നലിഞ്ഞില്ലാതായി . വർഷങ്ങൾക്കുശേഷം ഞാൻ ഷാർജയിലെത്തി. പുതിയ ജീവിതം , പുതിയ ജോലി, പുതിയ ആളുകൾ . ബാങ്ക് സ്ട്രീറ്റിന് പുറകിലൊരു മലയാളി ഹോട്ടലുണ്ട് . അവിടെ ചില്ലുകൂട്ടിൽ വിവിധയിനം മത്സ്യങ്ങൾ മുളകുപുരട്ടി വെച്ചിട്ടുണ്ടാകും . നമുക്കിഷ്ടമുള്ളതു പറഞ്ഞാൽ അവർ അതെടുത്ത് പൊരിച്ചുതരും . ആഴ്ചയിലൊന്ന് ഇവിടിരുന്ന് മീൻകഴിക്കുന്നത് കുറച്ചുനാൾ എന്റെ പതിവായിരുന്നു . അങ്ങിനെയൊരുദിവസം വലിയൊരു മീനുമായി ഞാൻ സമരത്തിലേർപ്പെട്ടുകൊണ്ടിരിക്കുമ്പോൾ അവളതാ കയറിവരുന്നു! എന്നെ കണ്ടിട്ടില്ല. സാരിയാണ് വേഷം. നേരെ വന്ന് ചില്ലുകൂടിന്റെ മുൻപിൽ നിന്ന് അവൾ ഏതോ മീൻ ഓർഡർ ചെയ്തു. ഞാനവളെ വിളിക്കാൻ പോയില്ല. ഒരു പക്ഷെ വിവാഹം കഴിഞ്ഞിട്ടുണ്ടാവാം . അങ്ങിനെയെങ്കിൽ എന്നെ കാണുന്നത് അവൾക്കും ഇഷ്ടമുണ്ടാവാൻ തരമില്ല . ഞാൻ തലകുനിച്ചിരുന്നു .

“അച്ചായാ നല്ല ചൂട് പൊറാട്ടയെടുക്കട്ടെ? ” കാസർകോട്ടുകാരൻ പയ്യൻ ഉറക്കെവിളിച്ചു ചോദിച്ചു .

“സാർ !!!!! ”

നാശം ! ഒന്നും പറയേണ്ടല്ലോ . അവളെന്നെ കണ്ടുപിടിച്ചു . “സാറിവിടെ ! ഹ ഹ ഞാനെവിടെ ചെന്നാലും സാറവിടെയുണ്ടല്ലോ !!! ” അവൾക്കു ചിരിയടക്കാനായില്ല .

ഞാനും ചിരിച്ചുകൊണ്ട് എഴുന്നേറ്റു കൈകഴുകി .

“സാറിവിടെ വന്നേ ” അവളെന്റെ കയ്യിൽ പിടിച്ചുവലിച്ച് പുറത്തിറക്കി . അവിടെ വിലകൂടിയൊരു കാറിൽ അവളെയും കാത്ത് കൂളിങ് ഗ്ളാസ് വെച്ചൊരാൾ ഡോറും തുറന്ന് കാത്തിരിപ്പുണ്ടായിരുന്നു . അവളുടെ ഭർത്താവാണ് . മറ്റാരുമല്ല ! നമ്മുടെ പഴയ പട്ടേൽ !!!!

=============

NB : കഥാപാത്രങ്ങളുടെ അനുവാദത്തോടെ പേരും സ്ഥലവും സാഹചര്യങ്ങളും വ്യത്യാസപ്പെടുത്തിയിട്ടുണ്ട് .