സ്ഫിങ്ക്സ് – ദുരൂഹതകൾ ഇനിയും ബാക്കി

സ്ഫിങ്ക്സ് - ദുരൂഹതകൾ ഇനിയും ബാക്കി 1

ഇന്ത്യയെന്ന് കേട്ടാൽ മനസിലെത്തുക ടാജ് മഹലാണെങ്കിൽ , ഈജിപ്‍തെന്ന് കേട്ടാൽ നമ്മുടെ മനസ്സിൽ തെളിയുന്ന ചിത്രം മൂന്ന് പിരമിഡുകളും അതിനുമുന്നിൽ കാവലാളായി നിവർന്ന് കിടക്കുന്ന സ്ഫിങ്ക്സ് എന്ന പ്രതിമയുമാണ് . പക്ഷെ അതോടെ തീർന്നു ഈ പ്രതിമയെപ്പറ്റിയുള്ള നമ്മിൽ പലരുടെയും അറിവ് . ആരാണിത് നിർമ്മിച്ചത് ? ആരുടെ മുഖമാണ് ഇതിനുള്ളത് ? എന്തുകൊണ്ടാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത് ? ഉണ്ടാക്കിയപ്പോൾ ഇതിന്റെ പേരും , പ്രതിമയുടെ നിറവും എന്തായിരുന്നു ? ഇതുപോലെ ഒന്ന് മാത്രമേ നിലവിലുള്ളോ അതോ ഇതിന് ഒരു ഇരട്ട കൂടി ഉണ്ടോ ? ഇങ്ങനെ അനേകം ചോദ്യങ്ങളുടെ ഉത്തരങ്ങൾ നമ്മിൽ പലർക്കും അറിയില്ല .

Advertisements
സ്ഫിങ്ക്സ് - ദുരൂഹതകൾ ഇനിയും ബാക്കി 2

ആദ്യമേ തന്നെ അറിഞ്ഞോളൂ സ്ഫിങ്ക്സ് എന്ന പേര് ഈജിപ്ഷ്യനെയല്ല , മറിച്ച് അതൊരു ഗ്രീക്ക് നാമമാണ് . പ്രാചീന ഗ്രീക്ക് നഗരങ്ങളുടെ കാവലാളായി നിന്നിരുന്ന പകുതി മനുഷ്യനും പാതി മൃഗവുമായിരുന്ന ഒരു സാങ്കൽപ്പിക ജീവിയാണ് സ്ഫിങ്ക്സ് . ചരിത്രകാരനായ ഹെറോഡോട്ടസിന്റെ കാലത്തിന് മുൻപ് തന്നെ അനേകം സ്ഫിങ്ക്സ് പ്രതിമകൾ ഗ്രീസിൽ നിലവിലുണ്ടായിരുന്നു . പെണ്ണിന്റെ മുഖവും, സിംഹത്തിന്റെ ഉടലും , പക്ഷിയുടെ ചിറകുകളുമുള്ള ഒരു ഭീകരരൂപിയായിരുന്നു ഗ്രീക്കുകാരുടെ സ്ഫിങ്ക്സ് . തീബ്സ്നഗരകവാടത്തിൽ വിശ്രമിക്കുന്ന ഈ ജീവി യാത്രക്കാരോട് വിചിത്രങ്ങളായ ചില കടംകഥകൾ ചോദിക്കും . അതിന് ഉത്തരം പറയാനായാൽ അയാൾക്ക് നഗരത്തിൽ പ്രവേശിക്കാം .അല്ലങ്കിൽ സ്ഫിങ്ക്സ് അയാളെ ഭക്ഷണമാക്കും . ഈഡിപ്പസ് എന്ന നാടകത്തിൽ സ്ഫിങ്ക്സ് ചോദിക്കുന്ന ഇത്തരമൊരു കടംകഥ പ്രതിപാദിക്കുന്നുണ്ട് . “ഏത് ജീവിയാണ് നാല് കാലുകളിലും, മൂന്ന് കാലുകളിലും, പിന്നെ രണ്ട് കാലുകളിലുമായി ജീവിക്കുന്നത് ? ” ഈ ചോദ്യത്തിന് “മനുഷ്യൻ എന്ന ഉത്തരം നൽകി ഈഡിപ്പസ് സ്ഫിങ്കിസിനെ പരാജയപ്പെടുത്തി . ഇങ്ങനെ പെണ്ണിന്റെ മുഖവും, പൈശാചികമായ ചെയ്തികളുമുള്ള ഗ്രീക്ക് സ്ഫിങ്ക്‌സിനേക്കാൾ വളരെ വ്യത്യസ്തമായിരുന്നു ഈജിപ്ഷ്യൻ സ്ഫിങ്ക്സ് . ഈജിപ്ഷ്യൻ സ്ഫിങ്ക്സിന് പെണ്ണിന്റെ ഛായയല്ല മറിച്ച് ആണിന്റെ മുഖമാണ് ഉള്ളത് . കൂടാതെ ശാന്തനും, മാന്യനുമാണ് ഈജിപ്ഷ്യൻ സ്ഫിങ്ക്സ് .

നാം സ്ഥിരമായി കാണുന്ന ഗിസായിലെ പടുകൂറ്റൻ സ്ഫിങ്ക്സ് പ്രതിമ മാത്രമല്ല ഈജിപ്തിൽ ഉള്ളത് . ഇത് കൂടാതെ മറ്റ് പല പ്രാചീന ഈജിപ്ഷ്യൻ നഗരങ്ങളിൽ നിന്നും സ്ഫിങ്ക്സ് പ്രതിമകൾ കണ്ടെത്തിയിട്ടുണ്ട് . പക്ഷെ കൂട്ടത്തിൽ ഏറ്റവും വലുത് ഗിസായിലെ ഭീമൻ പ്രതിമതന്നെയാണ് . ഏകദേശം നാലായിരത്തി അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപാണ് ഇത് നിർമ്മിച്ചത് എന്ന് പൊതുവെ കരുതപ്പെടുന്നുവെങ്കിലും അതിലും വളരെയേറെപ്പഴക്കം ഇതിനുണ്ട് എന്നാണ് മറ്റ് ചിലർ അവകാശപ്പെടുന്നത് . ഈജിപ്തിലെ ഗിസാ പീഠഭൂമിയിൽ , നൈലിന് പടിഞ്ഞാറ് ,വിഖ്യാതമായ ഗിസായിലെ മൂന്ന് പിരമിഡുകൾക്ക് മുന്നിൽ കിഴക്കോട്ട് ദർശനമായി ആണ് സ്ഫിങ്ക്സ് നിലയുറപ്പിച്ചിരിക്കുന്നത് . ബിസി രണ്ടായിരത്തി അഞ്ഞൂറുകളിൽ ഫറവോ ആയിരുന്ന ഖഫ്രെ ആണ് ഇത് പണികഴിപ്പിച്ചതെന്നും അദ്ദേഹത്തിന്റെ മുഖമാണ് സ്ഫിങ്ക്സിനുള്ളത് എന്നും ഒരുകൂട്ടം ഗവേഷകർ വാദിക്കുന്നു . എന്നാൽ ഈ പ്രതിമ അതിനും മുൻപേ ഉള്ളതാണെന്നും, പലവുരി അനേകം ഫറോവോമാർ സ്ഫിങ്ക്സിന്റെ മുഖം ഉരച്ചു മിനുക്കി തങ്ങളെപ്പോലെയാക്കി മാറ്റിയിട്ടുണ്ടാവാം എന്നുമാണ് വേറെ ചിലരുടെ വാദം . എന്നാൽ സ്ഫിങ്ക്സിനെ ചുറ്റിപ്പറ്റി ഏറ്റവും ദുരൂഹത ഉളവാക്കുന്ന മറ്റൊരു കാര്യമുണ്ട് . ഈജിപ്തിൽ നിന്നും കണ്ടെടുത്തിട്ടുള്ള പ്രധാനപ്പെട്ട ഒരൊറ്റ രേഖകളിലും ഈ പ്രതിമയെപ്പറ്റി യാതൊരു പരാമർശവും ഇല്ല. അതിനാൽ തന്നെ ഇത് ആര് ? എപ്പോൾ ? എന്തിന് വേണ്ടി പണികഴിപ്പിച്ചു എന്നത് ഇന്നും ആർക്കും അറിയില്ല . ഇത്തരം ദുരൂഹ പശ്ചാത്തലം കാരണം ഇത് ഉണ്ടാക്കിയവർ ഈ പ്രതിമക്ക് എന്ത് പേരാണ് ഇട്ടത് എന്നും നമുക്കറിയില്ല . പിന്നീട് ഗ്രീക്ക് സ്ഫിങ്ക്സിനോടുള്ള സാമ്യം കാരണം ഇതിനും അതെ പേര് തന്നെ നല്കപ്പെടുകയായിരുന്നു .

ഗിസാ പീഠഭൂമിയിലെ ചുണ്ണാമ്പുകല്ലിൽ വെട്ടിയുണ്ടാക്കിയ ഒറ്റക്കൽ പ്രതിമയാണ് സ്ഫിങ്ക്സ് . ചറ്റുമുള്ള പിരമിഡുകൾ നിർമ്മിക്കാനാവശ്യമായ കല്ലുകളും മണ്ണും ഇതിന്റെ സമീപത്തുള്ള ഭൂമിയിൽ നിന്നും ശേഖരിച്ചിട്ടുണ്ട് . പിരമിഡുകൾക്കാവശ്യമായ ബാക്കി കല്ലുകൾ നൈലിന്റെ തീരത്ത് നിന്നും വെട്ടിയുണ്ടാക്കിയ കനാലുകൾ വഴി വഞ്ചികളിൽ എത്തിക്കുകയായിരുന്നു എന്നാണ് ഏറ്റവും പുതിയ ഗവേഷണങ്ങൾ തെളിയിക്കുന്നത് . ഇത്തരമൊരു കനാൽ സ്ഫിങ്ക്സിന്റെ സമീപം ഉണ്ടായിരുന്നതായി കാണപ്പെടുന്നുമുണ്ട് . ഇന്ന് നാം കാണുന്ന ഗിസാ , നാലായിരം വർഷങ്ങൾക്ക് മുൻപ് ഫറവോമാരുടെ ശവപ്പറമ്പ് ആയിരുന്നു . അതിന്റെ കാവലാളായി പാതാള ദേവനായിരുന്ന അനുബിസിനെ ആണ് സ്ഫിങ്ക്സ് എന്ന രൂപേണ പ്രതിഷ്ഠിച്ചത് എന്നും ഒരുകൂട്ടം ഗവേഷകർ വാദിക്കുന്നുണ്ട് . നിർമ്മിച്ച് ആയിരത്തി അഞ്ഞൂറ് വർഷങ്ങൾക്ക് ശേഷം ഈ സ്ഥലം ഉപേക്ഷിക്കപ്പട്ടു . പിന്നീട് തുത്മോസിസ് നാലാമൻ ഫറവോ ആണ് ക്രിസ്തുവിനും ആയിരത്തി നാനൂറ് വർഷങ്ങൾക്ക് മുൻപ്, താൻ കണ്ട ഒരു സ്വപ്നത്തെ അടിസ്ഥാനപ്പെടുത്തി , സ്ഫിങ്ക്സിനെ മണ്ണിനടിയിൽ നിന്നും വീണ്ടെടുത്തത് . അദ്ദേഹം ആ സംഭവം ഒരു ശിലാഫലകത്തിലാക്കി സ്ഫിങ്ക്സിന്റെ കാലുകൾക്കിടയിലുള്ള ചെറിയ ക്ഷേത്രത്തിനുള്ളിൽ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട് . വീണ്ടും മണ്ണടിഞ്ഞു പോയ പ്രതിമ ആധുനിക കാലഘട്ടത്തിൽ 1930 കളിലാണ് മുഴുവനുമായി മണ്ണിനടിയിൽ നിന്നും വീണ്ടെടുക്കുന്നത് . അതിനും മുൻപേ പ്രതിമയുടെ തലഭാഗം മണ്ണിന് മുകളിൽ ദൃശ്യമായിരുന്നു . 1800 കളിൽ പ്രതിമയുടെ തോൾഭാഗം വരെ മണൽ മൂടിയിരുന്നു എന്ന് രേഖകകൾ സമർത്ഥിക്കുന്നു . അന്ന് നെപ്പോളിയൻ ഇവിടം സന്ദർശിച്ചിരുന്നു . അദ്ദേഹമാണ് ഇന്ന് കാണുന്ന രീതിയിൽ പ്രതിമയുടെ മൂക്ക് തകർത്തത് എന്നൊരു പ്രചാരണം ഉണ്ടായിരുന്നുവെങ്കിലും അതിനും മുൻപ് തന്നെ ഇത് സംഭവിച്ചിരുന്നു എന്ന് ഇപ്പോൾ വ്യക്തമാണ് . പ്രതിമയുടെ തകർന്ന താടിഭാഗം ഇപ്പോൾ ബ്രിട്ടീഷ് മ്യൂസിയത്തിലാണ് ഉള്ളത് .

നമ്മുടെയൊക്കെ ചിന്തകൾക്കും അപ്പുറമുള്ള ഒരു കാലഘട്ടത്തിൽ എന്തിനുവേണ്ടി, എങ്ങിനെയാണ് ഈ പ്രതിമ നിർമ്മിക്കപ്പെട്ടത് എന്ന കാര്യത്തിൽ ഇപ്പോൾ നിരവധി അനുമാനങ്ങളുണ്ട് . അതിലൊന്നാണ് ഒറിയോൺ തിയറി . ഇതനുസരിച്ച് സ്ഫിങ്ങ്സും , പുറകിലുള്ള ഗ്രേറ്റ് പിരമിഡും കൂടെയുള്ള മറ്റ് രണ്ട് പിരമിഡുകളും നിർമ്മിക്കപ്പെട്ടത് ക്രിസ്തുവിനും 10,500 വർഷങ്ങൾക്ക് മുൻപാണ് . അക്കാലയളവിൽ ഈജിപ്ത് ഇന്ന് കാണുന്നതുപോലെ വരണ്ടതുമായിരുന്നില്ല . അന്ന് ഈജിപ്ഷ്യൻ ഭൂമിയിൽ നിന്നും നോക്കുമ്പോൾ ഓറിയോൺ നക്ഷത്രവ്യൂഹം എങ്ങിനെ , എവിടെ കാണപ്പെട്ടോ അതെ രീതിയിൽ , അതെ അനുപാതത്തിലാണ് മൂന്ന് പിരമിഡുകളും , സ്ഫിങ്ങ്സും നിർമ്മിച്ചത് എന്നാണ് ഈ തിയറി അവകാശപ്പെടുന്നത് . ഇതനുസരിച്ച് ഒറിയോൺ നക്ഷത്രവ്യൂഹത്തിന്റെ അരയിലുള്ള മൂന്ന് നക്ഷത്രങ്ങൾ മൂന്ന് പിരമിഡുകളെയും , തൊട്ടടുത്തുള്ള ലിയോ നക്ഷത്രവ്യൂഹം സ്ഫിങ്സിനെയും , നൈൽ നദി ആകാശഗംഗയെയും പ്രതിനിധാനം ചെയ്യുന്നു . ലിയോ നക്ഷത്രവ്യൂഹമാണ് സ്ഫിങ്ക്സിന്റെ സിംഹരൂപത്തിന് കാരണമെന്നും ഈ തിയറി പറയുന്നു . എന്നാൽ ഇത്രയും വർഷത്തെ പഴക്കം ഇതിനുണ്ടോ എന്നുള്ളതാണ് പലരെയും കുഴയ്ക്കുന്ന പ്രശ്‌നം .

പലപ്പോഴായി പല അറ്റകുറ്റപ്പണികളും നടന്നിട്ടുള്ളതിനാൽ കാലനിർണ്ണയം വിഷമംപിടിച്ച ഏർപ്പാടാണ് . മുഖഭാഗത്ത് നേർത്ത് കാണപ്പെട്ട ചുവന്ന പ്രതലം ഒരുകാലത്ത് സ്ഫിങ്ക്സിന് ആകമാനം ചുവന്ന നിറമായിരുന്നു ഉണ്ടായിരുന്നത് എന്ന് തെളിയിക്കുന്നു . പ്രതിമയെ സംരക്ഷിക്കുവാൻ തുത്മോസിസ് ഫറവോ വലിയൊരു മതിൽ ഇതിന് ചുറ്റും നിർമ്മിച്ചിരുന്നു . ഇതിനടിയിൽ ചെറിയ ടണലുകളും ,ചാലുകളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട് . അവയിൽ ചിലതൊക്കെ പഴയകാലത്തെ രഹസ്യവഴികളായിരുന്നു എന്നും ഏതോ രഹസ്യ ലൈബ്രറിയിലേക്കുള്ള തുരങ്കങ്ങളാണെന്നുമുള്ള തിയറികളും പ്രചാരത്തിൽ ഉണ്ട് . മാത്രവുമല്ല ഇതുപോലെ മറ്റൊരു സ്ഫിങ്ക്സ് ഇതിനടുത്തു തന്നെ കണ്ടിപിടിക്കപ്പെട്ടു എന്നും അത് ഇതുവരെയും മാന്തി പുറത്തെടുക്കുവാൻ കഴിഞ്ഞിട്ടില്ല എന്നും ചിലർ പറയുന്നുണ്ട് . എന്നാൽ മിക്ക ഗവേഷകരും ഇതൊക്കെ നിഷേധിക്കുകയാണ് .

Advertisements

എന്തായാലും കാലങ്ങളോളം മണലിനടിയിൽ സുരക്ഷിതമായി ഉറങ്ങിക്കിടന്നിരുന്ന ഈ ജീവി ഇന്ന് കാര്യമായ നാശം നേരിടുകയാണ് . മണൽക്കാറ്റ് കൊണ്ടുണ്ടാവുന്ന ക്ഷതമാണ് ആദ്യത്തേത് . കൂടാതെ ഈർപ്പവും , കൊയ്‌റോ നഗരത്തിൽ നിന്നുള്ള പുകയും സ്ഫിങ്ക്സിന് കാര്യമായ പരിക്കുകൾ ഏൽപ്പിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു . നിലവിലുള്ള പ്രതിമയോട് 2000തിലധികം ചുണ്ണാമ്പ് ബ്ലോക്കുകൾ കൂട്ടിച്ചേർത്താണ് സ്ഫിങ്ക്സിനെ നാം ഇന്ന് കാണുന്ന രീതിയിൽ മിനുക്കിയെടുത്ത് . എന്നാലും പ്രതിമയെ ജരാനരകൾ ബാധിച്ചു കഴിഞ്ഞു . ചരിത്രം തോണ്ടിയെടുക്കുന്നതിലും ശ്രദ്ധ ഉള്ള പ്രതിമ സംരക്ഷിക്കലാണ് എന്ന് ഈജിപ്ഷ്യൻ സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനാൽ സ്ഫിങ്ക്സിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളും, ചരിത്രങ്ങളും കുറച്ചുകാലത്തേക്ക് വിശ്രമിച്ചേ മതിയാവൂ .

Reference

Haughton , B.  (2011). The Mystery of the Great Sphinx. Retrieved from https://www.ancient.eu/article/236/the-mystery-of-the-great-sphinx/
HISTORY.COM EDITORS. (2018). The Sphinx. Retrieved from https://www.history.com/topics/ancient-egypt/the-sphinx

സ്ഫിങ്ക്സ് : പ്രായവും പേരുമില്ലാത്ത ഭൂതം !============ഈജിപ്‍തെന്ന് കേട്ടാൽ നമ്മുടെ മനസ്സിൽ തെളിയുന്ന ചിത്രം മൂന്ന്…

Posted by Julius Manuel on Thursday, June 27, 2019

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ