മലമുകളിലെ വെളിച്ചം!

മലമുകളിലെ വെളിച്ചം! 1

രാത്രിയേറെകഴിഞ്ഞിരിക്കുന്നു. ഉറക്കം വരുന്നതേയില്ല. ഞാൻ ജനൽ തുറന്നു പുറത്തേക്കു നോക്കി. നല്ല തണുത്തകാറ്റടിക്കുന്നുണ്ട്. നേരിയ നിലാവും. ശരി ടെറസിലൊന്നു കയറാം. തണുത്തകാറ്റ് മൂക്കിലൂടെയും കണ്ണിലൂടെയും കയറിയിറങ്ങി വൻകുടലിലെത്തുമ്പോഴേയ്ക്കും ഉറക്കം വരുമായിരിക്കും. നല്ല കോച്ചുന്ന തണുപ്പിൽ മേമ്പൊടിയായി ലേശം മണ്ണോ പൊടിയോ അടിച്ചാൽ മൂക്കിനകത്ത് രണ്ട് ബൾബ് കത്തിനിൽക്കുന്ന വൃത്തികെട്ട രോഗം ചെറുപ്പം മുതലേയുണ്ട്. ശവക്കുഴിയിൽ ഒരു കൂട്ടായി അതുമാത്രമേ കാണുകയുള്ളൂ എന്നറിയാവുന്നതിനാൽ മകനെപ്പോലെ കൂടെക്കൊണ്ട് നടക്കുകയാണ് . പറയുന്ന രസം അനുഭവിക്കുമ്പോഴില്ലാത്തതിനാൽ ഒരു നേസൽ ഡ്രോപ്പ് കൂടി കയ്യിലെടുത്ത് ഞാൻ മുകളിലേക്ക് ‍ കയറി. ഇതുപോലെ പ്രാകൃതമായി കുത്തനെ ഉണ്ടാക്കിയിട്ടിരിക്കുന്ന പടികളില്‍കാലുകള്‍ എടുത്തെടുത്തു വയ്ക്കുമ്പോഴാണ് എനിക്കു നൂറുകിലോയിൽക്കൂടുതൽ ഭാരമുണ്ടെന്നകാര്യം വലത്തേ കാൽമുട്ട് എന്നെ ഓർമ്മിപ്പിക്കുന്നത്. തൊട്ടുമുമ്പേ കഴിച്ച കപ്പബിരിയാണിയുടെ രുചി ഇപ്പോഴും വായിൽക്കിടക്കുന്നതിനാൽ മുട്ടു പോയാൽപ്പോട്ടെ എന്നു മനസിൽ വിചാരിച്ചു പടികൾ കയറി മുകളിലെത്തി . നല്ല കാറ്റുണ്ട്. മുണ്ടു മടക്കിക്കുത്തുന്നതാണ് കൂടുതൽ രസം. ഞാൻ താഴേക്കുനോക്കി. കെട്ടിടത്തിനു മുൻപിൽ ഇരുട്ടിന്റെ പുടവപുതച്ച് കാടങ്ങനെ നീണ്ടുനിവർന്നു കിടക്കുകയാണ് . അങ്ങകലെ ഏതൊക്കെയോ മലകൾ അവ്യക്തമായി കാണുന്നുണ്ട് . ഈ കാണുന്ന കറുത്ത മേലാപ്പിനുകീഴെ എന്തു നാടകമാവും ഇപ്പോൾ അരങ്ങേറുന്നത് ? രാത്രിഞ്ചരന്മാരായ കാനനവാസികൾ ഇരതേടിയിറങ്ങിയിട്ടുണ്ടാവും! മാനിനോ മുയലിനോ കാട്ടുപന്നിക്കോ മുന്നറിയിപ്പ് കൊടുക്കേണ്ട കിളികൾ ഇലകൾക്കു കീഴെ സുഖനിദ്രയിലാവും .

Advertisements

അങ്ങ് താഴെ ഏതോ അരുവിയൊഴുകുന്ന ശബ്ദം കേൾക്കാം . അതിനിപ്പുറത്തേക്ക് സാധാരണ ആനയിറങ്ങാറില്ല. പക്ഷെ കഴിഞ്ഞയാഴ്ച്ച ഒരെണ്ണം ഈ കെട്ടിടത്തിന്റെ അടുക്കളവാതിലിൽ വരെയെത്തിയിരുന്നു എന്നു രവി പറഞ്ഞു. ഞാൻ താഴേക്കു സൂക്ഷിച്ചുനോക്കി . ഇരുളിന്റെ മറവിൽ ഏതെങ്കിലും ദുഷ്ടമൃഗം എന്നെയും ശ്രദ്ധിക്കുന്നുണ്ടാവും . ഇത്തരം ചിന്തകൾ തോന്നിത്തുടങ്ങിയാൽ മനസ് പിന്നെ കടിഞ്ഞാൺ പൊട്ടിച്ചൊറ്റയോട്ടമാണ് . പണ്ട് നടന്ന സംഭവങ്ങളും, ആളുകൾ പറഞ്ഞുകേട്ട വേട്ടക്കഥകളും എല്ലാം ഒറ്റയടിക്ക് മിന്നിമറയും!

കെട്ടിടത്തിന്റെ പുറകുഭാഗവും നിറയെ മലനിരകളാണ്. വൈകിട്ട് മിന്നാമിനുങ്ങുകൾ പോലെ അവിടവിടെയായി വെളിച്ചം മിന്നിമറിയുന്നുണ്ടായിരുന്നു. ആരൊക്കെയോ കുടിയേറി താമസിക്കുന്നുണ്ട്. പക്ഷെ ഇപ്പോൾ എല്ലാവരും ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു . ഇല്ല, ഒരു കുടിലിൽ മാത്രം വെളിച്ചം കാണുന്നുണ്ട് . അങ്ങകലെ ഒരു കുന്നുണ്ട്. കൃത്യം മലയുടെ നെറുകയിലാണ് ആ വെളിച്ചം കാണുന്നത് . കോടമഞ്ഞുപുതച്ച ആ മല പകൽസമയം ഞാൻ ശ്രദ്ധിച്ചാണ്. എന്തോ അവിടംവരെയൊന്നു പോകണമെന്ന് അപ്പോൾ മുതൽ തോന്നിയതുമാണ്. അവിടെ ആൾതാമസമുണ്ടെന്ന് കരുതിയില്ല . ഇപ്പോഴാണ് വെളിച്ചംകണ്ടത്. നല്ല മഞ്ഞുണ്ട്. അതിനാൽ ഒരു നക്ഷത്രംപോലെ മിന്നിമിന്നിയാണ് ആ പ്രകാശം കാണുന്നത്. എന്താവും അവർ രാവേറെകഴിഞ്ഞിട്ടും ഉറങ്ങാത്തത് ? അവിടെ ആനയിറങ്ങിയിട്ടുണ്ടാവുമോ? അതോ കോഴിക്കൂട്ടിലോ തൊഴുത്തിലോ എന്തെങ്കിലും ശബ്ദം ? അല്ല എനിക്കെന്താണ് വിചാരിക്കാൻ പാടില്ലാത്തത് ? ഒന്നുമുണ്ടാവില്ല . എന്നെപ്പോലെ ഉറക്കം വരാത്ത മറ്റൊരു വട്ടൻ അവിടെയും കാണും അത്രതന്നെ.

ഈ രവി എവിടെപ്പോയികിടക്കുവാണോ? രാത്രിയിൽ കഥപറഞ്ഞിരിക്കാമെന്ന് ഏറ്റിരുന്നതാണ് . ഓട്ടോക്കാരനാണ്. വല്ല രാത്രിയോട്ടവും കിട്ടിക്കാണും . പക്ഷെ വരാതിരിക്കില്ല . ഇല്ലുമിനാറ്റി , അനുനാക്കി തുടങ്ങിയവയാണ് ഇഷ്ടന്റെ പ്രധാന വിഷയം. അവന്റെ ഓട്ടോ പോലും അവരാണത്രെ നിയന്ത്രിക്കുന്നത്! എന്നോട് ഒരുമണിക്കൂർ സംസാരിച്ചശേഷം ഞാൻ ഇല്ലുമിനാറ്റി ആണോയെന്നു സംശയമുണ്ടെന്ന് രവി പറഞ്ഞു. നടപ്പും പെരുമാറ്റവും വർത്തമാനവും അതുപോലാണത്രെ! ഇല്ലുമിനാറ്റിയാകുന്നതു കുറ്റകരമല്ലാത്തതിനാൽ ഞാൻ രക്ഷപെട്ടു. വല്ല മാവോയിസ്റ്റുമായിട്ടാണ് അവനു തോന്നിയിരുന്നെങ്കിൽ കഥ മാറിയേനെ!

തണുപ്പിൽകൂടി അങ്ങോട്ടുമിങ്ങോട്ടും നടന്നുനടന്ന് നെഞ്ചിൻകൂടു തണുത്തു . രണ്ട് ചുമ പുറത്തേയ്ക്കുവിട്ട് അദ്ദേഹം തന്റെ അനിഷ്ടം പ്രകടിപ്പിച്ചു . അരമണിക്കൂർ കഴിഞ്ഞു. കുന്നിന്മുകളിലെ അജ്ഞാതസുഹൃത്തും ഉറങ്ങിക്കഴിഞ്ഞു . രവിയുടെ ഇല്ലുമിനാറ്റി വണ്ടി താഴെവന്ന ശബ്ദംകേട്ടു . “മുകളിലേയ്ക്ക് കയറിപ്പോര് ” ഞാൻ ഒച്ചയിട്ടു. ശബ്ദം ലേശം കൂടിപ്പോയെന്നു തോന്നി . അങ്ങേമലയിലെ ബാലുകരടിവരെ കേട്ടുകാണും . രണ്ടു മിനിട്ടുകൾക്കകം രവി മുകളിലെത്തി . കയ്യിൽ എനിക്കുള്ള ഭക്ഷണവും മറ്റുമുണ്ട്.

“ഞാൻ വിചാരിച്ചു സാർ ഉറങ്ങിക്കാണുമെന്ന്.”

Advertisements

“ഞങ്ങൾ ഇല്ലുമിനാറ്റികൾ രാത്രിയിലാണു വർക്ക് ചെയ്യാറ്” ഞാൻ പരിഹസിച്ചു . രവി മറുപടി പറഞ്ഞില്ല. പകരം അർത്ഥഗർഭമായി ഒന്നു ചിരിച്ചു.

“വഴിയിൽ ആനക്കൂട്ടമുണ്ട്. അതാ താമസിച്ചത് . ഇപ്പോഴാണ് എല്ലാംകൂടി കയറിപ്പോയത്” . രവി കാരണം നിരത്തി. ” ഇവിടുന്നധികദൂരമൊന്നും ഇല്ല. ഇനി വെളുപ്പിനെ പോകാം . അല്ലെങ്കിൽ ഓട്ടോ അവറ്റകൾ ചവിട്ടിക്കൂട്ടും ”

“രവീ , ആ കാണുന്ന മലകളിലൊക്കെ ആൾതാമസമുണ്ടോ ? ” ഞാൻ പിന്നിലേയ്ക്കു ചൂണ്ടി.

“ആ ഇടതുഭാഗത്തു കാണുന്ന മലയിലൊക്കെ ആളുകളുണ്ട്. ഒരു പത്തുമുപ്പതുപേർ കാണും . കുറച്ച് ഈഴവരും, ബാക്കി സാറിന്റെ കൂട്ടരുമാണ്”

“ആര്? ഇല്ലുമിനാറ്റികളോ ?” ഞാൻ ചിരിച്ചു. ”

“അല്ല. ക്രിസ്ത്യാനികള് ” ഇപ്രാവശ്യം രവി വെളുക്കെ ചിരിച്ചു .

“ഈഴവരും, ക്രിസ്ത്യാനികളുമൊക്കെ ഉറങ്ങി . ദേ ആ വലതുഭാഗത്ത് കാണുന്ന മലയിലെ ആളുമാത്രം ഈ രണ്ടു വകുപ്പിലും പെടില്ലന്നു തോന്നുന്നു. കക്ഷി ഇപ്പോഴാണു കിടന്നത് ”

“ഞാൻ ചൂണ്ടിക്കാണിച്ച മലയിലേക്കു നോക്കി രവി ഒരു നിമിഷം നിന്നു. “ഹ ഹ അതുകൊള്ളാം. അവിടാരും താമസില്ല സാറേ”

“അപ്പോൾ ഞാൻ മുമ്പ് വെളിച്ചം കണ്ടതോ ? ”

“വെളിച്ചം കണ്ടെന്നോ ? , ഹെയ് സാറിന് തോന്നിയതാവും. വല്ല നക്ഷത്രവുമാവും”

“രവീ നീ മുകളിലോട്ടു നോക്ക്. നക്ഷത്രമൊന്നും കാണാനില്ല. അത് ആ മലയിലെ വെട്ടമായിരുന്നു. എനിക്കുറപ്പുണ്ട്. ഒന്നുകിൽ ഇപ്പൊഴാവെട്ടം അണച്ചിട്ടുണ്ട് അല്ലെങ്കിൽ മലയിൽ കോടയിറങ്ങിയതിനാൽ നമുക്ക് കാണാനാവാത്തതാണ് ”

രവി അന്തംവിട്ട് വീണ്ടും ആ മലയിലേക്ക് തുറിച്ചുനോക്കി. “അപ്പോൾ ഇതൊക്കെ ഉള്ളതാണല്ലേ ? നാട്ടുകാർ വെറുതെ പറയുന്നതല്ല”

“നാട്ടുകാർ എന്തുപറയുന്നു ? ” ഞാൻ ഡിസ്കവറി ചാനലായി.

“സാറേ അവിടൊരു കുടിലുണ്ട്. അല്ലെങ്കിൽ ഉണ്ടായിരുന്നു. ഒരു പത്തമ്പതു വർഷങ്ങളായിക്കാണും . അവരാണ് ഈ പ്രദേശത്ത് ആദ്യം വന്നത്. ഒരപ്പനും അമ്മയും രണ്ടോ മൂന്നോ മക്കളുമുണ്ടായിരുന്നു. കുറെയേറെ സ്ഥലം അവരുടെ കൈവശം ഉണ്ടായിരുന്നത്രെ! പിന്നീട് അവര്‍ കുടിയേറി വന്നവരുമായി സ്ഥലത്തിന്റെപേരില്‍ എന്തോ തർക്കത്തിലായി. അവസാനം രാത്രിയില്‍ ആരോ അവരുടെ വീടിനു തീയിട്ട് എല്ലാത്തിനെയും ചുട്ടുകൊന്നു! ”

ഞാൻ നീട്ടിയൊരു ശ്വാസമെടുത്തു.

“അതല്ല സാറെ രസം” രവി തുടർന്നു. “ രാവിലെ ആളുകൾകൂടി കരിഞ്ഞ മൃതദേഹങ്ങള്‍ പുറത്തെടുത്തപ്പോൾ ഒരാളുടെ കുറവുണ്ടായിരുന്നു! അവരുടെ ഇളയ മകളുടെ !”

“അത് തലേ ദിവസം ആപെണ്ണ് അമ്മ വീട്ടിൽ പോയിട്ടുണ്ടാവും” ഞാൻ പ്ലാൻ A വിശദീകരിച്ചു .

“ഇല്ല സാറേ എല്ലാവരും ഉണ്ടെന്ന് ഉറപ്പാക്കിയിട്ടാണ് തീവെച്ചതെന്നാ പറഞ്ഞുകേൾവി “

“എങ്കിൽ ശരീരം മുഴുവനും കരിഞ്ഞുപോയിക്കാണും. ഓലപുരയല്ലേ. മുഴുവനും തീർന്നുകാണും.” പ്ലാൻ B ! (ഞാൻ മനസ്സിൽ പറഞ്ഞു )

“ഒരു സാദ്ധ്യതയുമില്ല. ഞങ്ങടെ മുത്തച്ഛനൊക്കെ അവിടുണ്ടായിരുന്ന ആളാ . പുള്ളി പറഞ്ഞത് അവരാപെണ്ണിനുവേണ്ടി ഈ കാടുമുഴുവനും അരിച്ചുപെറക്കിയെന്നാ”

“അപ്പോൾ ഈ തീ വച്ചത് ആരാണ്? “

“അവരെ നാട്ടുകാർ ഇവിടെനിന്നു തല്ലിയോടിച്ചെന്നാ കേട്ടത്” പ്ലാൻ C ക്ക് സ്കോപ്പില്ലാതെ രവി കഥപറഞ്ഞവസാനിപ്പിച്ചു.

കഥയങ്ങിനെ പറഞ്ഞുകൊണ്ടിരുന്നപ്പോൾ രവിയോടു ഞാന്‍ചോദിച്ചു.

“അവിടാരുമില്ലെങ്കിൽ പിന്നെ ആ വെളിച്ചം ? ”

രവിയുടെ മുഖം വിളറി. ” അതാണ് ഞാൻ പറഞ്ഞത് . നാട്ടുകാർ പറയുന്നു അവിടെ ഇപ്പോൾ ആരോ ഉണ്ടെന്ന്. ഒരു വരവും പോക്കും ! രാത്രിയിൽ സാറ് കണ്ടതുപോലെ എന്തോ വെളിച്ചം കാണും. പിന്നെ എന്തോ ശബ്ദവും കേള്‍ക്കും. ആരൊക്കെയോ ഉള്ളതു പോലെ! ആ മലേലോട്ട് ഇപ്പോളാരും കേറാറില്ല സാറേ. പക്ഷെ ഇപ്പോൾ സാറും കൂടെ കണ്ടസ്ഥിതിക്ക് അവിടെയെന്തോ ഉണ്ടെന്ന് എനിക്കുറപ്പായി.

കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. ഏതൊക്കയോ പക്ഷികൾ ചിലയ്ക്കുന്നുണ്ട് . തണുപ്പു കൂടിവരുന്നു. ഇനി താഴോട്ടിറങ്ങാം. അപ്പോൾ അകലെനിന്ന് ആരോ കൂവുന്ന ശബ്ദം കേട്ടു .

“ആനക്കൂട്ടമിറങ്ങി” രവി പറഞ്ഞു. “ഞാൻ മുമ്പേ കണ്ടതാവും. നമുക്കു കിടക്കാം സാറേ. ഞാനിനിപോയാൽ ശരിയാവില്ല”

ഞാൻ സമ്മതിച്ചു. ഇറങ്ങാൻ നേരം ഞാൻ ആ മലയിലേക്കു വീണ്ടും നോക്കി. കോട മാറിയെന്നു തോന്നുന്നു. എന്റെ കണ്ണുകൾ വിടർന്നു.

“രവീ നോക്ക് നോക്ക് !!! “

ആ മലയിൽ വീണ്ടും വെളിച്ചം കണ്ടു !!!


ഇപ്രാവശ്യം രവി കാര്യമായിതന്നെ വിരണ്ടു എന്ന് മുഖഭാവത്തിൽനിന്നു വ്യക്തമായി.

“നാമിത് ആരോടെങ്കിലും പറഞ്ഞാൽ വിശ്വസിക്കുമോ ? ” രവിയുടെ അത്ഭുതം സംശയമായി മാറി.

“എന്റെ രവീ ആ വെട്ടം വരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമായി അറിയാതെ നാമിത് ആരോടും പറയരുത് . ഇതുംകൂടി കേട്ടാൽ ആളുകൾ കൂടുതൽ കഥകൾ മെനെഞ്ഞുണ്ടാക്കും. പലരും അവിടെ പ്രേതമുണ്ട് എന്നുതന്നെ കരുതും ”

“അപ്പോൾ അത് പ്രേതമല്ലെന്നാണോ സാറു പറയുന്നത് ? ”

“രവീ അത് പ്രേതം ടോർച്ചു തെളിച്ചതാണെങ്കിൽ ഉറപ്പായും ബാറ്ററി മേടിക്കുവാൻ നാളെ കവലയിൽ വരും. അല്ലേലും രാത്രിസഞ്ചാരികളായ പ്രേതത്തിനും ഭൂതത്തിനും എന്തിനാണു ലൈറ്റ് ? “

“അപ്പോൾ സാറിനിതിലൊന്നും വിശ്വാസമില്ലേ? രവി ചോദിച്ചു.

“രവീ, എന്റെ വിശ്വാസം എന്തെങ്കിലുമാവട്ടെ, ഞാൻ പറഞ്ഞത് ആ കാണുന്ന വെട്ടം തെളിയിച്ചത് ഉറപ്പായും ഒരു മനുഷ്യനാണെന്നാണ്. മാത്രവുമല്ല അയാൾ നടക്കുന്നുമുണ്ട്. കാരണം മുമ്പു പ്രകാശം തെളിഞ്ഞിടത്തല്ല ഇപ്പോൾ വെട്ടം കാണുന്നത്. എനിക്കുതോന്നുന്നത് ഏതെങ്കിലും കള്ളവാറ്റുകാർ ആയിരിക്കുമെന്നാണ്. “

“സാറേ ആ മല നേരിട്ടുപോയി കണ്ടാൽ ഈ സംശയമൊക്കെ മാറും . അത്ര ചെങ്കുത്താണ്. സാധനങ്ങൾ കയറ്റിയിറക്കാൻ വളരെ പ്രയാസമാണ്. മാത്രവുമല്ല പോത്തും കാട്ടാനയും ധാരാളമുണ്ട്. ഇത്ര റിസ്കെടുത്ത് വാറ്റെണ്ട കാര്യമൊന്നമില്ല . ഇവിടെ അടുത്തുതന്നെ ഇഷ്ടംപോലെ സാധനം കിട്ടും”

ഞാൻ അവന്റെ കയ്യിലെ പൊതിയിലേക്ക് നോക്കി . ” അപ്പോൾ ഇത് നീ ഇവിടെ അടുത്തുനിന്നു പൊക്കിയതാണോ ? “

“അല്ല, എനിക്ക് വീട്ടിൽ ചെറിയൊരു സെറ്റപ്പ് ഉണ്ട് ” രവി ചമ്മിയ ഒരു ചിരി പാസാക്കി .

“രവി പറഞ്ഞതൊക്കെ ഞാൻ സമ്മതിക്കുന്നു. ഞാനവിടെ പോയിട്ടില്ല. ആ മല കയറുവാൻ പ്രയാസവുമാണ്. ശരി എങ്കിൽ പറ, ആ അപ്പനും അമ്മയും മൂന്നു മക്കളെയുംകൊണ്ട് ഇത്രപ്രയാസമുള്ള ഒരു മലയുടെ മുകളിൽ താമസിക്കേണ്ട കാര്യമെന്താണ് ? അതും പെൺമക്കളെയും കൊണ്ട്? ഉറപ്പായും ആ മലയിൽ എത്തിച്ചേരുവാൻ തീരെ പ്രയാസമില്ലാത്ത ഒരു കുറുക്കുവഴിയുണ്ട്. ഞാനതു കണ്ടുപിടിക്കും. അവിടെ പോകുകയും ചെയ്യും ”

അവനെന്നെ തുറിച്ചൊന്നു നോക്കി. ഇല്ലുമിനാറ്റികൾക്കെ ഇത്ര ധൈര്യമുണ്ടാവൂ. ഞാൻ വീണ്ടും മുകളിലേയ്ക്കു നോക്കി. ഇപ്പോൾ പ്രകാശമില്ല. വല്ലാത്തൊരു നിശബ്ദത . എന്താവും അവിടെ? ഇനി ഫോറസ്റ്റുകാർ വല്ലതും ആണോ ? എന്തായാലും വെളുക്കട്ടെ ഒന്നുരണ്ടുപേരെ കാണുവാനുണ്ട്. ഞാൻ സാവധാനം താഴേയ്ക്കിറങ്ങി . രവി കുപ്പിപൊട്ടിച്ച് പണി തുടങ്ങിക്കഴിഞ്ഞു. പക്ഷെ വളരെ അപൂർവ്വമായി മാത്രം തോന്നാറുള്ള ഒരു വല്ലായ്മ അന്നെനിക്ക് അനുഭവപ്പെട്ടു. വേണ്ട. പരിചയമില്ലാത്ത സ്ഥലമാണ്. ഉറക്കത്തിൽ പോലും നല്ല ബോധമുണ്ടാവണം. ഞാൻ പതുക്കെ മുറിയിലേക്ക് പിൻവാങ്ങി .

നേരം പുലരും മുൻപേ തന്നെ കണ്ണുതുറന്നു . ഇങ്ങനെയുള്ള സ്ഥലങ്ങളിൽ രാവിലെ മൂടിപ്പുതച്ചുകിടന്നുറങ്ങരുത് . പരപരാ വെളുക്കുന്നതിനുമുമ്പേ വെളിയിൽ ഇറങ്ങി നിൽക്കണം. എങ്കിലേ പ്രകൃതിയുണരുന്നത് ആസ്വദിക്കാനാവൂ! മലയണ്ണാനുകളുടെ കലപിലകൾ , കാട്ടുകോഴികളുടെ കൂവൽ … ഇതെല്ലാം കൂടി നാലുദിക്കുകളിൽ നിന്നും പ്രതിധ്വനിക്കുമ്പോൾ ഞരമ്പുകൾവഴി എന്തോ ഒന്നു കയറിപ്പോകും! മുറ്റത്തിറങ്ങിയ ഞാൻ ആദ്യമൊന്ന് ഞെട്ടി. രവിയുടെ ഓട്ടോ കാണുന്നില്ല. അവനെന്താണു പറയാതെ പൊയ്ക്കളഞ്ഞത്? ഓ എന്തെങ്കിലും രാവിലത്തേയ്ക്കു മേടിക്കുവാൻ പോയതാവും. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല . ഞാൻ പുറത്തിറങ്ങാനിരുന്നതാണ് . കുറെ സമയം അവിടെയും ഇവിടെയും നടന്നു സമയംകളഞ്ഞു. തോട്ടത്തിൽ കാട്ടുപന്നികളും കൂരമാനും കാട്ടിയും എപ്പോഴുമുണ്ടാവും . ഒറ്റയ്ക്കാണ്. വെറുതെ പണിയാക്കേണ്ട. സമയം എട്ടുമണിയായി . ഞാൻ പതുക്കെ ഒരുങ്ങിയിറങ്ങി. കാറിന്റെ പുറകുനിറയെ ചെളിയാണ് . ഒരു ബക്കറ്റിൽനിന്നു വെള്ളമെടുത്ത് ചെറുതായൊന്ന് കഴുകിത്തുടച്ചു . അപ്പോഴാണ് അതു ശ്രദ്ധിച്ചത്. പിന്നിലെ ഒരു ടയർ പഞ്ചറാണ് . നാശം. രാവിലെ ഓരോ മെനക്കെട്. ഒരു വിധത്തിൽ അതു മാറ്റിയിട്ടശേഷം ഞാൻ വണ്ടിയുംകൊണ്ടു വഴിയിലേക്കിറങ്ങി .

രണ്ടുടയർപാടുകൾ കാണുന്നതാണ് വഴി . അതുനേരെ മറ്റൊരു വഴിയിൽചെന്നുചാടും . അതും നമുക്കുള്ള വഴിയല്ല . ആനത്താരയാണ്. പക്ഷെ വലിയ ചാട്ടമോ, കുലുക്കമോ കൂടാതെ വണ്ടി ഓടിക്കൊള്ളും . ഇതുവഴി ഓട്ടോ ഓടിച്ചുവന്ന രവിയെ സമ്മതിക്കണം . ഉണങ്ങാത്ത ആനപ്പിണ്ടത്തിൽക്കൂടി വണ്ടി കയറിയതോടെ കഴുകിയത് വെറുതേ ആയല്ലോ എന്നോർത്തു . സൂക്ഷം ഒന്നര മണിക്കൂർ ആനത്താരവഴി വണ്ടി ഓടിക്കണം. മംഗളാദേവി മലയിലേക്കുള്ള റോഡും ഇതുപോലെതന്നെയാണ് . കുറച്ചുകഴിഞ്ഞപ്പോൾ ചെറിയൊരു ടാർ റോഡിൽ ചെന്നെത്തി. ഇപ്പോൾ വഴിക്കിരുവശവും ചെറിയ ചെറിയ വീടുകൾ കാണുന്നുണ്ട്. ചുറ്റും മുള്ളുവേലികൾ വലിച്ചിട്ടുണ്ട് . അതിരുകൾ നിറയെ മുള്ളുചെടികൾ പാകിയിരിക്കുന്നു. നല്ല പന്നിശല്യം ഉണ്ടാവണം. വീട്ടിലേക്കുള്ള വഴികൾ സകലതും ഗേറ്റുകൊണ്ടോ ഉരുളൻ തടികൾകൊണ്ടോ ചെക്ക്പോസ്റ്റ് പോലെ അടച്ചിട്ടുണ്ട്. രാത്രിയിൽ ഈ വഴിയും അത്ര സുരക്ഷിതമല്ലെന്നർത്ഥം. ചെറിയൊരു പീടികയുടെ മുന്നിൽ വണ്ടി നിർത്തി. ഇവിടെ കാപ്പിയും കടിയും കിട്ടും .

നല്ലൊരു കട്ടൻ വാങ്ങി മോന്തിയശേഷം ഞാൻ കടക്കാരനോട് ചോദിച്ചു” ഈ ഇബ്രാഹിമിന്റെ വീടേതാണ്? പണ്ട് ഫോറസ്റ്റിലൊക്കെ ഉണ്ടായിരുന്ന ആളാണ് ”

“ഓ മൂപ്പരെ കാണാനാണോ ? നല്ല പ്രായമായിരിക്കണു. ലേശം കേൾവിക്കുറവുണ്ട്. എങ്കിലും ഇപ്പോഴും നല്ല ഉശിരാണ് . കുറച്ചുകൂടി മുന്നോട്ട് പോയാൽ മണ്ണിട്ട ഒരുവഴി ഇടത്തോട്ടു കാണാം. വണ്ടി അധികം പോവൂല്ല. ഒരു പത്തുമിനിറ്റ് നടന്നാൽ വീടെത്തും. പുഴയുടെ തൊട്ടടുത്താണ്. മൂപ്പര് ഉമ്മറത്ത് തന്നെ കസേരയിൽ കാണും”

പറഞ്ഞതുപോലെ തന്നെ ഇബ്രാഹിം സാഹിബ് പുറത്ത് കസേരയിട്ട് ഇരിപ്പുണ്ട് . ചെന്നപാടെ ഞാൻ പരിചയപ്പെടുത്തി. മൂപ്പരുടെ കൊച്ചുമകളെ കോട്ടയത്താണ് കെട്ടിച്ചുവിട്ടിരിക്കുന്നത് . അവരുടെ ഒരു മകൻ എന്റെ ഫേസ്ബുക്ക് ഫ്രണ്ടാണ്. അവൻ മുഖേനയാണ് ഞാനിവിടെ എത്തിയത്.

“ഓ ഷംസ് എന്നോട് പറഞ്ഞിരുന്നു. കോട്ടയക്കാരൻ മാത്യൂസിന്റേതാണ് ആ കെട്ടിടവും സ്ഥലവുമൊക്കെ. അവരെല്ലാം വെളിയിലാണ് . ഞാനാണ് നോക്കി നടത്തിക്കൊണ്ടിരുന്നത്. ഇപ്പോൾ കൃഷിയൊന്നുമില്ല. നിങ്ങളെപ്പോലെ നേരിട്ടറിയാവുന്നവർക്കു മാത്രം ഇതുപോലെ താമസിക്കുവാൻ കൊടുക്കും. അപകടംപിടിച്ച സ്ഥലമാണ്. തോട്ടം നിറയെ മൃഗങ്ങളാണ് “

സ്ഥലത്തെ ഏറ്റവും മുതിർന്ന ആളോടുതന്നെ ഇന്നലത്തെ മലയുടെ കാര്യം തിരക്കുന്നതാണ് നല്ലത്. കുറച്ചുകൂടി വിവരങ്ങൾ ലഭിച്ചേക്കും . ഞാൻ മനസ്സിലോർത്തു.

“കുഞ്ഞേ ഞാനിവിടുത്തുകാരനൊന്നുമല്ല. പണ്ട് ഫോറസ്റ്റ് ഗാർഡ് ആയിരുന്നപ്പോൾ ഇവിടെ കുറേക്കൊല്ലം ജോലിചെയ്തു. അങ്ങിനെ ഇവിടുന്നുതന്നെ ഒരു പെണ്ണ് തരപ്പെട്ടു. പിന്നെ ഇവിടെ തന്നെ കൂടി. ഇത് അവളുടെ വീടാണ്. എനിക്കും ഒരു കോട്ടയംകാരനുമായിരുന്നു ഇവിടുത്തെ ഡ്യൂട്ടി . അന്ന് ഇതിന്റെയിരട്ടി ആനശല്യമായിരുന്നു ഇവിടൊക്കെ. അന്നുള്ളവരൊക്കെയോ ഇന്നും ഇവിടുള്ളൂ. പുതുതായി അധികംപേരൊന്നും വന്നിട്ടില്ല. അന്നും കുഞ്ഞു പറഞ്ഞ ഈ മലയെപ്പറ്റി ഇതുപോലെ കഥകളുണ്ടായിരുന്നു. ഞങ്ങൾ വാങ്ങുന്നതിന് തൊട്ടുമുമ്പെങ്ങോ ആണ് ഈ പറയുന്ന കൂട്ടകൊലപാതകം നടന്നത് . ആ സ്ഥലം ഇപ്പോൾ വനഭൂമിയല്ല. റവന്യൂ ഭൂമിയാണെന്നാണ് എന്റെ ഓർമ്മ . അതിനാൽ ഞങ്ങളും അങ്ങോട്ടൊന്നും പോയിട്ടില്ല. പക്ഷെ കൂട്ടത്തിലുണ്ടായിരുന്ന കോട്ടയംകാരൻ വർക്കിക്ക് അവിടൊന്നു പോകണമെന്നു പറയുമായിരുന്നു . അവൻ നല്ലതുപോലെ മദ്യപിക്കുമായിരുന്നു. പിന്നെ നല്ല അസ്സല് നാടൻ തെറിയും. അവന്റെ തെറികേട്ട് ഒറ്റയാൻ പോലും മൂത്രമൊഴിച്ചുപോകും എന്നാണ് ഞങ്ങൾ കളിയാക്കി പറഞ്ഞുകൊണ്ടിരുന്നത് . അയാളിപ്പോൾ ഉണ്ടോ എന്നറിയില്ല . ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു.”

“ഈ കൊലപാതകം നടത്തിയവരെ പിന്നെ പിടികൂടിയില്ലേ ?”

“പിന്നെ ഉറപ്പല്ലേ ! ഒരുമാസത്തിനകം കോയമ്പത്തൂരിൽനിന്നോ മറ്റോ പൊലീസ് പൊക്കിയിരുന്നു. അയാളുടെ കൊച്ചുമകനല്ലേ നിനക്കിന്നലെ കൂട്ടിനിരുന്ന രവി ”

അടിപൊളി . വെറുതയല്ല ഞാൻ കാര്യങ്ങൾ ചോദിച്ചപ്പോൾ അവന്റെ മുഖം വിളറിയത്. ഞാൻ കൂടുതൽ ചോദിച്ചു വഷളാക്കാതിരിക്കാനാവും അവൻ രാവിലെതന്നെ മുങ്ങിയത്.

“അപ്പോൾ നിങ്ങളും പിന്നെയവിടെ പോയിട്ടില്ലേ? “

“പോയി. ഒരു പ്രാവശ്യം അബദ്ധത്തിൽ പോയിട്ടുണ്ട്. ഞങ്ങളൊരു കല്യാണംകഴിഞ്ഞശേഷം തിരിച്ചുപോരുകയായിരുന്നു . ഞാനും വർക്കിയും. വർത്തമാനം പറഞ്ഞുകൊണ്ടു നടന്നു വന്നതാണ്. ഒരു വളവ് തിരിഞ്ഞതും ഒറ്റയാന്റെ മുന്നിൽ പെട്ടതും ഒരുമിച്ചു കഴിഞ്ഞു. ഈ ആനയെ ആളുകൾ പറഞ്ഞുപറഞ്ഞു ഞങ്ങൾക്കറിയാമായിരുന്നു. വിറകെടുക്കാൻവരുന്ന പെണ്ണുങ്ങളെ വെറുതെ ഇട്ടോടിക്കും . ഞങ്ങളെയും അതുപോലെതന്നെ ഓടിച്ചു. വർക്കിയുടെ പുറകെ ഞാനും ഓടി. തോർത്തും മുണ്ടുമൊക്ക പറിച്ചിട്ടിട്ടാണ് ഓട്ടം . കുറേയോടിയ ഞങ്ങൾ വേറൊരു സ്ഥലത്തു ചെന്നുപെട്ടു . പക്ഷെ അവിടെ കള്ളത്തടി വെട്ടുകാരുണ്ടായിരുന്നു. അവർ ഒച്ചവെച്ച് ആനയെ ഓടിച്ചു. ഞങ്ങളെ രക്ഷിച്ചതിനാൽ കേസൊന്നും എടുത്തില്ല. നീ ഇപ്പോൾ പറഞ്ഞ സ്ഥലമായിരുന്നത് . അവിടം കാടുപിടിച്ചു കിടക്കുവാണ്”

ഈ കഥകേട്ട് സത്യത്തിൽ എനിക്കുള്ളിൽ ഒരാവേശം തോന്നി. അതിനു കാരണമുണ്ട് . “അപ്പോൾ അങ്ങോട്ടേക്ക് വേറെ എളുപ്പ വഴിയുണ്ടോ ? ” ഞാൻ ചോദിച്ചു .

“ഉണ്ടല്ലോ . പക്ഷെ ഇപ്പോൾ പോകാൻ പ്രയാസമാണ്. ഒരു ജുമായ്ക്കുള്ള ആനയുണ്ടാവും. ജീപ്പാണെങ്കിൽ ചെല്ലും. എന്താ പോണോ ? കവലേൽ നമ്മുടെ പിള്ളേർ ഉണ്ട് . നിങ്ങളെ ചുമന്നാണെങ്കിലും അവിടെ എത്തിക്കും ”

ഞാൻ പതുക്കെ എഴുന്നേറ്റു. “അപ്പോൾ രാത്രിയിൽ കാണുന്ന വെളിച്ചം എന്താണ്?

“അതറിയില്ല. വാറ്റും കഞ്ചാവുമൊന്നും അല്ല ഉറപ്പ് . അതൊന്നും ഇവിടെ നടക്കില്ല. കുഞ്ഞിനി എങ്ങോട്ടാണ് ? “

കവലയ്ക്കുപോകണം. രാത്രി ഷംസ് വരും. ബാക്കി എന്നിട്ടു തീരുമാനിക്കാം. പിന്നെ ഇപ്പോൾ ഒരു കൂട്ടുകാരൻ വർക്കിയുടെ കാര്യം പറഞ്ഞില്ലേ? ഒരു കോട്ടയംകാരൻ? ഞാനാ വർക്കിയുടെ കൊച്ചുമകനാണ്”

അദ്ദേഹം എന്നെ തുറിച്ചൊന്നുനോക്കി.

“ആനയെപ്പേടിച്ചു മരംവെട്ടുകാരുടെ കൂട്ടത്തിലേക്ക് ഓടിക്കയറിയ കഥ ഒരായിരംവട്ടം പറഞ്ഞിട്ടുണ്ട്. അങ്ങിനെയാണ് എനിക്കു നിങ്ങൾ തമ്മിലുള്ള ബന്ധം പിടികിട്ടിയത്” ഞാൻ വിശദീകരിച്ചു .

“വർക്കിയപ്പോൾ ?”

“കോട്ടയത്ത് സിംഹാസനപ്പള്ളിയിലെ കുടുംബകല്ലറയിലുണ്ട്” ഞാൻ പറഞ്ഞു.

അദ്ദേഹം ചിരിച്ചു. പക്ഷെ മുഖം ഉടൻതന്നെ മ്ലാനമായി. “ഞങ്ങൾ ചേരുന്ന കൂട്ടുകാർ ആയിരുന്നു”. പതുക്കെ അടുത്തുവന്ന് എന്റെ ചുമലിൽ കൈവെച്ചിട്ടു പറഞ്ഞു. രാത്രിയിൽ അവിടെ കിടക്കേണ്ട. ഇവിടെ വന്നോണം. മനസിലായോ ? ”

“ഉവ്വ് ” ഞാൻ പതുക്കെ തിരിച്ചു നടന്നു.

നേരെ വണ്ടി വിട്ടു കവലയിൽ എത്തിച്ചേർന്നു . അവിടെത്തിയപ്പോഴുണ്ട് രസം . രവി ഇന്നലത്തെ സംഭവങ്ങൾ സ്വന്തമായി കുറച്ചു പുളിയുംകൂടെയിട്ടു അവിടെ വിളമ്പിക്കഴിഞ്ഞു.

“ഇവിടെല്ലാവരും അവിടുത്തെ വെട്ടം കണ്ടിട്ടുള്ളവരാണ്. പേടിക്കേണ്ട. ശല്യമൊന്നും ഇല്ല. ചത്തുപോയ പെങ്കൊച്ചാണെന്നാണ് പറയുന്നത് . ഇവിടെ ഉള്ളതിൽ കൊളളാവുന്നവൻ രവിയാണ്. അവൻവരെ ഇന്നലെ പേടിച്ചുപോയന്നാണല്ലോ കേട്ടത്? ” ഒരു സോപ്പു മേടിക്കാൻ ചെന്നപ്പോൾ കടക്കാരന്റെ കമന്റ്. ഇൻ ഗോസ്റ്റ് ഹൗസിലെ രംഗം പോലിരിക്കുന്നു . ഇവിടം വരെ വന്നിട്ട് അവിടെപ്പോകാതെ എങ്ങിനെ മടങ്ങും ? അതും വർക്കിയുടെ കൊച്ചുമകൻ !

രാത്രിയിൽ കോട്ടയത്തുനിന്നും ഷംസ് എത്തി. കാര്യങ്ങൾ വെടിപ്പായി പ്ലാൻചെയ്തു . അറിയാവുന്ന രണ്ടുപേരെക്കൂടി കൂട്ടി. ജീപ്പ് ഡ്രൈവർ അശോകനും പിന്നെ യുവതുർക്കി ബെന്നിയും. പിറ്റേന്നു രാവിലെതന്നെ വെള്ളവും മറ്റ് അത്യാവശ്യ സാധനങ്ങളും സുരക്ഷാ ഉപകരണങ്ങളും എടുത്ത് ഞങ്ങൾ പുറപ്പെട്ടു . നാലു വീലുകൾക്കു മുകളിൽ ഒരു വളയവും മഴ നനയാതിരിക്കാനുള്ള എന്തോ ഒരു വസ്തുവും ! അതായിരുന്നു അശോകന്റെ ജീപ്പ്. ആനത്താരകൾ പിന്നിട്ട് ജീപ്പു പതുക്കെ കയറ്റം കയറിത്തുടങ്ങി . വഴിയെന്നു പറയുവാൻ ഒന്നുംതന്നെയില്ല . മരങ്ങളുടെ ഉയരം കുറഞ്ഞു വന്നു. പിന്നെ പുൽമേടുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി . കാട്ടുപോത്തുകളുടെ വിഹാരഭൂമിയാണ്. വണ്ടിയിനി അധികദൂരം പോവില്ല . അവസാനം ഒരിടത്തു വണ്ടി നിർത്തേണ്ടിവന്നു. ഇവിടെ വരെയേ അശോകനും ബെന്നിയും വന്നിട്ടുള്ളൂ. ബൈക്കിലെത്തുന്ന പിള്ളേരുടെകൂടെ ഓഫ് റോഡിനുവേണ്ടി വരുന്നതാണ്. അതിനാൽ ഈ സ്ഥലമൊക്കെ യുട്യൂബിൽ കണ്ടേക്കുമെന്ന് അവർ പറഞ്ഞു.

“അറിയാം” ഞാൻ പറഞ്ഞു .

“ഇനിയങ്ങോട്ട് എന്റെ ഓർമ്മയിൽ ആരും പോയിട്ടില്ല” ബെന്നി പറഞ്ഞു. “എല്ലാരും ഇവിടംവരെ എത്തും. ചിലർ ഫോട്ടോയും വീഡിയോയും ഒക്കെ എടുക്കും. ചിലർ വെള്ളമടിക്കും. പിന്നെ മടങ്ങും . എന്തായാലും ഇനിയങ്ങോട്ട് രസമായിരിക്കും”

“അതെ രസമായിരിക്കും” ഞാൻ മനസ്സിൽ പറഞ്ഞു . “സമയം നട്ടുച്ചയാണ്. ഇനി ഭക്ഷണം കഴിഞ്ഞിട്ടു പോകാം. സ്ഥലം നിശ്ചയമില്ലാത്തതിനാൽ നാം കുറെ കറങ്ങേണ്ടി വരും ”

“ശരിയാണ്” ഷംസ് പറഞ്ഞു.

ഞങ്ങൾ വട്ടംകൂടിയിരുന്നു ഭക്ഷണംകഴിക്കാൻ തുടങ്ങി. ആകാശത്ത് മേഘങ്ങളുടെ എണ്ണവും ഘനവും കൂടിവന്നു . ഒരുമണി ആയപ്പോഴേയ്ക്കും ആരോ ഊതിവിട്ടതുപോലെ കോടമഞ്ഞു എവിടെനിന്നോ വന്നുതുടങ്ങി .

“സാറേ നമ്മൾ വിചാരിച്ചതുപോലല്ല. മഞ്ഞിറങ്ങിയാൽ പിന്നെ തമ്മിൽ കാണാൻപോലും പറ്റില്ല. കൂടുതൽ മുന്നോട്ടു നടക്കാൻപറ്റില്ലെന്നു തോന്നുന്നു. മഴവരുന്നുണ്ട്. തല്‍ക്കാലം തിരിച്ചു ജീപ്പിൽ കയറിയിരിക്കാം”

അരമണിക്കൂറിനുള്ളിൽ ജീപ്പിനുചുറ്റും കോടപൊതിഞ്ഞു . നല്ല തണുപ്പും ചാറ്റമഴയും. മൂടിപ്പുതച്ചിരുന്നിട്ടുപോലും മൂക്കും നഖങ്ങളും തണുത്തു വിറച്ചു.

“നല്ല മഞ്ഞുള്ളപ്പോൾ ആന നടക്കില്ല. എവിടെങ്കിലും ഒരൊറ്റ നില്‍പ്പങ്ങിനെ നിൽക്കും. ഇതു മാറിക്കഴിയുമ്പോൾ എല്ലാം പതുക്കെ പുറത്തുവരും . തൽക്കാലം ചൂരൊന്നും കിട്ടുന്നില്ല. പക്ഷെ ഇത് അത്യാവശ്യം ശല്യമുള്ള സ്ഥലമാണ്” അശോകൻ പറഞ്ഞു.

“അടിപൊളി! ആകെക്കൂടി രസമുണ്ട്. നീയാ ഫ്‌ളാസ്‌ക്കിൽ നിന്നും ഒരു കട്ടൻ കാപ്പി ഒഴിച്ചേ ”

ഷംസ് ആകെക്കൂടി ആവേശത്തിലാണ് . ഞാൻ മുട്ടിലിട്ടിരുന്ന ബാൻഡേജ് ഒന്നുകൂടി വലിച്ചിട്ട് നിവർന്നിരുന്നു .

“അച്ചായാ സമയമുണ്ട് . പണ്ടത്തെ ഒരു വേട്ടകഥ പറയാമോ ? കേൾക്കാൻ പറ്റിയ മൂഡാണ്. ഇതിലും പറ്റിയ സ്ഥലം വേറെ കിട്ടാനില്ല. ” ഷംസ് പറഞ്ഞു.

അതു കേട്ട് എല്ലാവരും ചിരിച്ചു. ഞാൻ പുറത്തേയ്ക്ക് നോക്കി. കോടമാറിയാലുടൻതന്നെ യാത്ര തുടങ്ങണം! എന്തൊക്കെയാവും ഇനി കാണാനുള്ളത് ?


എത്രനേരം ആ തണുപ്പിൽ കോച്ചിവിറച്ചിരുന്നു എന്നറിയില്ല . സാവധാനം പരിസരം തെളിഞ്ഞുവന്നു. ഞങ്ങൾ പുറത്തിറങ്ങി. ആരുടെയോ സംസാരത്തിന്റെ ശബ്ദം കേൾക്കുന്നു. അതെ, താഴെനിന്നും ആരോ കയറി വരുന്നുണ്ട് . ഞങ്ങൾ അവരെയും കാത്തുനിന്നു . അല്പനിമിഷങ്ങൾക്കുള്ളിൽ രണ്ടുപേർ ഞങ്ങളുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടു. ഒന്ന് നമ്മുടെ രവിയാണ്!

“സാറ് നല്ല പണിയാണ് കാണിച്ചത്. പറയാതെ പോന്നുകളഞ്ഞു അല്ലയോ? ” രവി എന്നെ കുറ്റപ്പെടുത്തി .

“രവിയുടെ പേടി കണ്ടപ്പോൾ കൂടെകൂട്ടുന്നത് ബുദ്ധിയല്ല എന്ന് തോന്നി. അതാണ്” ഞാൻ തടിതപ്പി .

“എന്റെ സാറേ പ്രേതത്തെ ആർക്കാണ് പേടിയില്ലാത്തത്? ഇപ്പോൾ പിന്നെ സാറും ഇവരെല്ലാക്കൂടി ഉള്ളപ്പോൾ പിന്നെന്ത് പേടിക്കാനാണ് ? എനിക്കാ സ്ഥലമൊന്ന് കാണണം. കഥയൊക്കെ ഇപ്പോൾ അറിഞ്ഞുകാണുമല്ലോ ?”

“ഉവ്വ്. പക്ഷെ പൂർണ്ണമല്ല. എനിക്കത്ര ദഹിച്ചിട്ടില്ല. അതുകൊണ്ടാണ് വെറുതെയാണെങ്കിലും ആ സ്ഥലമൊന്ന് കാണണം എന്ന് കരുതിയത്. പിന്നെ ഇത്തരം ഒരു യാത്ര നടത്തിയിട്ടും നാളുകളേറെയായി. അല്ല ഒരുകാര്യം , നിങ്ങളെങ്ങിനാണ് ഇത്ര വേഗത്തിൽ നടന്നിവിടെ എത്തിയത് ? ഞങ്ങൾ ജീപ്പിലായിട്ടുകൂടി സമയമൊരുപാടെടുത്തു !”

“ഞാനും ജോണും ബൈക്കിലാണ് വന്നത്. താഴെ ഒരിടത്ത് വെച്ചിട്ടുണ്ട്. മഴതുടങ്ങിയാൽ അതുംകൊണ്ട് മുകളിലേക്ക് കയറാൻ പ്രയാസമാണ് . തെറ്റി താഴെപ്പോകും” രവി വിശദീകരിച്ചു . ഞാൻ ജോണിനെ ഒന്ന് നോക്കി. ജനിച്ചുവീണപ്പോൾ കരഞ്ഞതല്ലാതെ വേറൊരക്ഷരം വായിൽനിന്നും വീഴാത്ത ഒരുനിർവികാരനാണ് അവനെന്ന് എനിക്ക് തോന്നി .

“ശരി ഇനി സമയം കളയേണ്ട. രാത്രിക്ക് മുൻപ് പറ്റിയ ഒരിടത്ത് കിടക്കാനുള്ള സെറ്റ്അപ് ഉണ്ടാക്കണ്ടതാണ് ” അശോകൻ ഓർമ്മിപ്പിച്ചു .

അങ്ങിനെ ഞങ്ങൾ ആറുപേർ കോടമഞ്ഞിനെ വകഞ്ഞുമാറ്റി മുന്നോട്ട് നീങ്ങി . വീണ്ടും മഴയ്‌ക്കുള്ള പുറപ്പാടാണ് . നല്ല കുത്തനെയുള്ള കയറ്റവും. അരമണിക്കൂർ അങ്ങിനെ തന്നെ മുകളിലേയ്ക്ക് കയറി. നിരപ്പായ ഒരു സ്ഥലം പോലുമില്ല. ഇരുകാലുകളും ഒരുപോലെ നിലത്തുചവുട്ടി നിൽക്കുവാൻ പെരുത്ത് മോഹമായിത്തുടങ്ങി . ഒരു ചെറുനിരപ്പെത്തിയപ്പോൾ ഞാൻ വിശ്രമിക്കാൻ ആംഗ്യം കാണിച്ചു.

തോളിലെ ഭാരം ഇറക്കിവെച്ചപ്പോൾത്തന്നെ വലിയൊരാശ്വാസം തോന്നി . രവി എന്നെക്കാൾ ക്ഷീണിതനായാണ് കാണപ്പെട്ടത്. വല്ലതും വലിച്ചുകയറ്റിയിട്ടാവും വന്നിരിക്കുന്നത്. മാത്രവുമല്ല ചെറിയൊരു പുകവണ്ടിയുമാണ്. ഇതുവരെയുള്ള യാത്രകളിൽ പുകവലിക്കാർ വളരെവേഗം ക്ഷീണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . അന്തരീക്ഷത്തിൽ പ്രാണവായു തീരെക്കുറഞ്ഞിരിക്കുന്നു. ഉള്ളതുമുഴുവൻ ഞാൻ വലിച്ചെടുക്കുകയാണെന്ന് ബെന്നി പരിഹസിച്ചു . സംഗതി സത്യമാണ്. ശ്വാസമെടുക്കാൻ മൂക്കും വായും ഒരുമിച്ച് പയറ്റിയിട്ടുപോലും രക്ഷയില്ല .

“അച്ചായോ നല്ല ചൂരുമണക്കുന്നുണ്ട്. ആനക്കൂട്ടം ആണെന്ന് തോന്നുന്നു” അശോകൻ പറഞ്ഞു. വായ വഴി ശ്വാസംവലിക്കുന്ന എനിക്കൊരു മണവും അനുഭവപ്പെട്ടില്ല.

“ശരിയാണ് ” ഏറ്റവും മുന്നിൽ കയറുന്ന ബെന്നി വിളിച്ചു പറഞ്ഞു ” നല്ല ചൂടു പിണ്ഡം ഇവിടെ കിടപ്പുണ്ട്. കുട്ടിയാനയും ഉണ്ട്. തള്ള കുഴപ്പമുണ്ടാക്കും. സൂക്ഷിക്കണം ”

“എന്ത് സൂക്ഷിക്കാൻ ! എന്നെ ബലിയർപ്പിച്ചശേഷം നിങ്ങൾ ഓടി രക്ഷപെട്ടോണം. വേറെ വഴിയൊന്നും കാണുന്നില്ല. ” ഞാൻ പറഞ്ഞു . അതുകേട്ട് എല്ലാവരും ചിരിച്ചു .

“അച്ചായനില്ലാതെ തിരിച്ചുചെന്നാൽ ഇബ്രാഹിം സാഹിബ് ഇവനെ കാച്ചിക്കളയും” ഷംസുവിനെ നോക്കി അശോകൻ പരിഹസിച്ചു .

ആനക്കൂട്ടം മുന്നിലെവിടെയോ ഉണ്ട് . പക്ഷെ അതുപറഞ്ഞു വേറെ വഴിപോകാനോ, അല്ലെങ്കിൽ ഇവിടെ കാത്തിരിക്കുവാനോ പറ്റില്ല .ഇരുട്ടും മുൻപേ മുകളിലെവിടെയെങ്കിലും എത്തിയെ തീരൂ . ഞങ്ങൾ മുന്നോട്ട് നടന്നു . അൽപ്പം കഴിഞ്ഞപ്പോൾ മഴ പൂർണ്ണമായും നിന്നു. കോടമഞ്ഞും തെളിഞ്ഞു. ഇപ്പോൾ പരിസരവും താഴ്‌വാരവും, മുകൾഭാഗവുമെല്ലാം നന്നായി കാണാം . താഴേയ്ക്ക് നോക്കിയ ഞാൻ ഇതുവഴിതന്നെയാണോ കയറി വന്നതെന്ന് സംശയിച്ചു . ഒരു കണക്കിന് കോടയുള്ളതാണ് നല്ലത് . ഇടവും വലവും കണ്ടാൽ മുന്നോട്ടൊരു ചുവടുവെയ്ക്കില്ല . പക്ഷെ ചുറ്റുമുള്ള കാഴ്ച്ചകൾ കാണാതിരിക്കാനാവില്ല. മേഘങ്ങൾക്കിടയിൽ ചെറുദ്വീപുകൾ പോലെ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന മലകൾ. അങ്ങുതാഴെ പാതാളനദിയെപ്പോലെ ഏതോ ഒരു അരുവി വിരൽ വണ്ണത്തിൽ എങ്ങോട്ടോ ഒഴുകുന്നു . തൊട്ടടുത്ത മലയിൽ ഒരൊറ്റ മരം പോലുമില്ല. ഇലവീഴാപ്പൂഞ്ചിറപോലൊരു സ്ഥലം. കയ്യിലിരുന്ന നേസൽ ഡ്രോപ്പ് എടുത്ത് മൂക്കിലൊഴിച്ച് വഴി ക്ലിയർ ചെയ്ത് കൊടുത്തു . കാറ്റിന്റെ ശക്തി കൂടി വരുന്നു . ചുറ്റുമുള്ള മരങ്ങളുടെ എണ്ണവും കുറഞ്ഞുവരികയാണ് . എന്റെ മനസിലെ സംശയങ്ങൾ കൂടിവന്നു . മുന്നോട്ട് പോകും തോറും ഭൂപ്രകൃതിയാകെ അടിമുടി മാറി . ഇപ്പോൾ ചുറ്റും മരമൊന്നുമില്ല . ഒരാൾപ്പൊക്കത്തിലുള്ള ആനപ്പുല്ലാണ് മല നിറയെ . ശ്രദ്ധിച്ചു മുന്നേറിയില്ലെങ്കിൽ പുല്ല് വകഞ്ഞുമാറ്റി ചെല്ലുന്നത് ആനയുടെയോ കാട്ടിയുടെയോ മുന്നിലേക്കാവും .

കുറച്ചുകൂടി കയറിയപ്പോൾ വിശാലമായ പുൽമേടുകളുടെ വരവായി . നോക്കെത്താദൂരത്തോളം നല്ല പച്ചത്തഴപ്പ്. കാറ്റ് കാരണം നാൽപ്പത്തിയഞ്ച് ഡിഗ്രി ചെരിഞ്ഞാണ് മഴപെയ്യുന്നത് . അതും നൂൽമഴ ! ആരും ഒരക്ഷരം പോലും സംസാരിക്കുന്നില്ല. സകലരും പ്രകൃതിയുടെ വിവിധഭാവങ്ങൾ കണ്ട് വിറങ്ങലിച്ച് നിൽപ്പാണ് .

“ഇത്രയും കാലം ഇവിടെ ജീവിച്ചിട്ടും ഇതൊന്നും ഇതുവരെ കണ്ടില്ലല്ലോ ” ബെന്നി പരിതപിച്ചു .

“അതെങ്ങിനാ ഭൂതം, പ്രേതം , കുന്തം …. ഓരോന്ന് പറഞ്ഞു പറഞ്ഞു വീട്ടുകാർക്ക് ആകെ പേടിയാണ് . അല്ല അച്ചായോ നമ്മൾ അങ്ങ് കയറി മണ്ടയ്ക്ക് ചെന്ന് കഴിയുമ്പോൾ അവിടെ വല്ലതും കാണുമോ ? ” അശോകൻ ചോദിച്ചു.

“നമ്മൾ വിചാരിക്കുന്നതൊന്നും കാണാൻ വഴിയില്ല” ഞാൻ കൺഫ്യൂഷസിനെപ്പോലെ മുഖഭാവം വരുത്തി മറുപടി പറഞ്ഞു .

“രവീ, മലയുടെ അങ്ങേ ചെരുവിൽ കാട് കാണുന്നുണ്ട്. ഇരുട്ടുന്നതിന് മുൻപേ അവിടെ ചെല്ലണം. ഈ വെളിപ്രദേശത്ത് അന്തിയുറങ്ങാൻ പറ്റില്ല” ഷംസ് വിളിച്ചു പറഞ്ഞു .

“ശരിയാണ്. രാവിലെ നോക്കുമ്പോൾ ഇടിവെട്ടേറ്റ് കരിഞ്ഞിരിക്കും ” ബെന്നി പറഞ്ഞു .

നേരം ഇരുട്ടിത്തുടങ്ങി. ഞങ്ങൾ വേഗത വർദ്ധിപ്പിച്ചു . ഇപ്പോൾ മലയുടെ ഏകദേശം മുകളിലായിട്ടുണ്ട്. നല്ല വിശാലമായ പുൽമൈതാനം!

“അച്ചായോ ദേ അങ്ങോട്ട് നോക്ക് ” രവി അകലേക്ക് ചൂണ്ടി. അതിസുന്ദരമായൊരു കാഴ്ച്ച ! ഒരുകൂട്ടം ആനകൾ അങ്ങകലെ പുൽമേട്ടിൽ നിന്ന് മേയുന്നു ! അവ്യക്തമായ കാഴ്ചയാണ് . മങ്ങിയ പ്രകാശവും , നല്ല മഞ്ഞും ! സാരമില്ല ആനക്കൂട്ടമാണ്. അത് അതിന്റെ വഴിക്ക് പൊയ്ക്കോളും. കുറച്ചുനേരം ആ രംഗം കണ്ടാസ്വദിച്ചശേഷം ഞങ്ങൾ മുന്നോട്ട് നടന്നു. ഹാവൂ ! ഭൂമി ഇപ്പോഴാണ് ഒന്ന് നിവർന്ന് കിട്ടിയത്. കാലുകൾക്ക് നന്നേ ഭാരക്കുറവ് അനുഭവപ്പെട്ടു . ഇതി എത്രവേണമെങ്കിലും നടക്കാം. അധികം വൈകാതെ ഞങ്ങൾ സൂക്ഷം മലയുടെ മുകളിലെത്തി . നല്ല നിരപ്പായ പുൽപ്രദേശം . രാത്രിയിൽ ആനകളുടെ സംസ്ഥാന സമ്മേളനം നടക്കുന്ന വേദിയാണിത്. അത്രയ്ക്കുണ്ട് ആനപ്പിണ്ഡത്തിന്റെ ബാഹുല്യം! വളരെ വേഗം നടന്ന് ഞങ്ങൾ മലയുടെ മറുഭാഗത്ത് എത്തിച്ചേർന്നു . നല്ല ഇടതൂർന്ന ചോലക്കാട് താഴേക്കൊഴുകിയിറങ്ങിക്കിടക്കുകയാണ്. പുൽമേട്ടിലെ വെളിച്ചമൊന്നും അതിനുള്ളിൽ ഇല്ല . മലമുകളിലെ മറ്റൊരു ലോകമാണിത്. പക്ഷെ സൂക്ഷിക്കണം. ഇവിടുള്ള മൃഗങ്ങൾക്ക് മനുഷ്യരെ തീരെപരിചയമുണ്ടാവില്ല.

“ദേ ഇവിടൊരു പാറക്കൂട്ടമുണ്ട് . രാത്രി ഇവിടെയാക്കിയാലോ ? ” രവി ചൂണ്ടിക്കാട്ടി. മൂന്നോ നാലോ കൂറ്റൻ കരിമ്പാറകൾ നിലത്തുനിന്നും പുറത്തേയ്ക്ക് മലച്ചുനിൽപ്പുണ്ട് . പറ്റിയ സ്ഥലം തന്നെ. ഇടതൂർന്ന കാടുമാണ് . എന്തായാലും ആനവരുന്ന വഴിയല്ല . ഇനി മീശയുള്ള ആശാന്മാരെ പേടിച്ചാൽ മതിയാവും! . ഒരു വിധത്തിൽപാറയുടെ അടുക്കലെത്തി ഞങ്ങൾ ഭാരങ്ങൾ ഇറക്കിവെച്ചു . മിനിറ്റുകൾക്കുള്ളിൽ ഇരുട്ടാകും . കയ്യിലിരുന്ന എൽഇഡി ലാമ്പുകൾ കത്തിച്ച് പാറയുടെ സകലഭാഗങ്ങളും ഷംസ് പരിശോധിച്ച് ഉറപ്പുവരുത്തി . പാറമുകളിൽ അത്യാവശ്യം വിസ്തരിച്ച് ആർഭാടമായി തന്നെ കിടക്കാം. ഉരുളുന്ന സ്വഭാവമുള്ള ബെന്നി ഏറ്റവും താഴെത്തെ സ്ഥലം തന്നെ ബുക്ക് ചെയ്തു . ഇതിനിടെ പോർട്ടബിൾ ഗ്യാസ് സ്റ്റോവ് എടുത്ത് കത്തിച്ച് അശോകൻ ചോറിന് വെള്ളമിട്ടു കഴിഞ്ഞിരുന്നു . മുളകിട്ടു കൊണ്ടുവന്നിരുന്ന മീൻകൂടെ വറുത്തെടുത്താൽ അത്താഴം കുശാലാകും. കോഫീമാനായ ഞാൻ ഇടവേളയിൽ വെള്ളം തിളപ്പിച്ച് നെസ്‌ലെയുടെ ത്രീൻ ഇൻ വൺ പൊട്ടിച്ചിട്ട് നല്ലൊരു കോഫി തരപ്പെടുത്തി.

‘രാത്രിയിൽ എങ്ങിനാ പരിപാടി ? ” രവി ചോദിച്ചു .

“ഊഴമിട്ട് കാവലിരിക്കണം” ഷംസ് വിശദീകരിച്ചു .

“രണ്ടുമണി വരെ ഞാൻ ഓക്കേ” . സാധാരണ കിടക്കുന്ന സമയം ആയതിനാൽ എനിക്ക് വലിയ ബുദ്ധിമുട്ടില്ല . പിന്നെ ഇതിനിടക്ക് ഒരു നാല് കാപ്പികൂടി കുടിക്കുമെന്നതിനാൽ കണ്ണടയുന്ന പ്രശ്‌നമില്ല . അശോകൻ മീൻ നന്നായി വറുത്തെടുത്തു . ഒരാനയെ തിന്നാനുള്ള വിശപ്പുണ്ട് എല്ലാവർക്കും .അതിനാൽ ചോറ് കൂടുതൽ ഇട്ടിരുന്നു . ഒരു പാറപ്പുറത്തിരുന്ന് വട്ടത്തിലിരുന്ന് അത്താഴം കഴിച്ചു . എല്ലാം കഴിഞ്ഞപ്പോൾ എട്ടര കഴിഞ്ഞിരുന്നു . എല്ലാവർക്കും നല്ല ക്ഷീണമുണ്ട് . അശോകനോടും, ബെന്നിയോടും, ജോണിനോടും നേരത്തെ കിടന്നുകൊള്ളാൻ ഷംസ് പറഞ്ഞു . രവി തീവണ്ടിപോലെ പുകതുപ്പിക്കൊണ്ട് കാട്ടിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടപ്പുണ്ട്.

“ഇവിടെ കരടിയെ കണ്ടതായി റിപ്പോർട്ട് ഉണ്ടോ ? ” ഞാൻ ചോദിച്ചു .

“ഇല്ലന്നാണ് അറിവ് ” ഷംസ് പറഞ്ഞു . ” പക്ഷെ അപ്പുറത്തെ വശത്തുള്ള മലയിലെ പുൽമേടുകളിൽ വരയാടിനെ ഒരിക്കൽ കണ്ടതായി ഫോറസ്റ്റുകാർ പറഞ്ഞിട്ടുണ്ട് . ഈ മല , ഫോറസ്റ്റാണോ, റവന്യൂ ആണോ അതോ വല്ലവരുടെയും തോട്ടത്തിൽ പെടുന്നതാണോ എന്നൊന്നും പിടിയില്ല. ആരെങ്കിലും മുൻപ് ഇവിടെ വന്നതായി കേട്ടിട്ടില്ല”

രവി പതുക്കെ നടന്ന് കുറച്ചുമാറി തൊട്ട് എതിർവശത്തുള്ള ഒരു പാറമേൽ പോയി കിടന്നു.

“രവീ സൂക്ഷിക്കണേ. ആ പാറ ഞാൻ നോക്കിയിട്ടില്ല. ഇഴയുന്നത് വല്ലതും കണ്ടേക്കാം” ഷംസ് ഓർമ്മിപ്പിച്ചു .

“സാരമില്ല ഞാൻ ശ്രദ്ധിച്ചോളാം” രവി വിളിച്ചു പറഞ്ഞു .

“അവനൊരു പ്രത്യേക ടൈപ്പ് ആണ് ” ഷംസ് രവിയെ നോക്കി പറഞ്ഞു . എല്ലാവരുമായും സംസാരിക്കും. പക്ഷെ ആരുമായും വലിയ ബന്ധമില്ല . എവിടെയെങ്കിലും പോയാൽ പിന്നെ ആഴ്ചകളോളം മിസിങ് ആണ് . ഞാനൊരു ജോലി മേടിച്ചു കൊടുത്തതാണ്. പക്ഷെ അവിടെയും നിന്നില്ല. ആകെയുള്ള കൂട്ട് ഈ ജോൺ ആണ് . അവനാകട്ടെ അധികം മിണ്ടാറുമില്ല ”

“ഉം” ഞാൻ മൂളി.

“അച്ചായാ , ഈ മലയും അച്ചായൻ കണ്ട വെളിച്ചവും തമ്മിൽ യോജിക്കുന്നില്ലല്ലോ ? ” ഷംസ് അടക്കം പറഞ്ഞു .

“ഷംസേ അത് തമ്മിൽ യോജിക്കുന്നുണ്ട് . പക്ഷെ യോജിക്കാത്തത് നാട്ടുകാർ പറയുന്ന കഥയും ഈ മലയും തമ്മിലാണ് . വെളിച്ചം കണ്ടത്ത് നാം ഇങ്ങോട്ടുവന്ന പുൽമേട്ടിൽ എവിടെനിന്നെങ്കിലും ആണ് . ഇന്നലെ ആരോ ഇവിടെ ക്യാമ്പ് ചെയ്തിട്ടുണ്ട്. ഉറപ്പാണ് . ഇങ്ങോട്ട് വരുന്ന വഴി ഒരു ഷൂസ് വഴിയിൽ നിന്നും മാറി കിടപ്പുണ്ടായിരുന്നു . നീ കണ്ടില്ലേ ? അത് പഴയതാണ് . അതായത് ഇവിടുള്ള പ്രേതങ്ങൾ നാം വന്ന വഴിയേ ആണ് രാത്രി ഇവിടെ എത്തുന്നത്. കഞ്ചാവ്, ചാരായം, ഇതൊന്നുമല്ലെങ്കിൽ നാം വന്നതുപോലെ ഒരു ഹൈഡ് ഔട്ടിന് വരുന്നവർ അങ്ങിനെയൊക്കെ ഞാൻ ആദ്യം ചിന്തിച്ചു. പക്ഷെ ഇവിടെയെത്തിയപ്പോൾ ആ ചിന്തകളെല്ലാം മാറി . ആരെങ്കിലും ഇവിടെ എത്തുന്നുണ്ടെങ്കിൽ അതിന്റെ ഉദ്യേശം വേറെ എന്തോ ആണ് . പിന്നെ നിന്റെ ഗ്രാൻഡ് പാ ഉൾപ്പടെയുള്ളവർ പറഞ്ഞ കഥ. ആ സംഭവം ഈ പറഞ്ഞവരാരും നേരിട്ട് കണ്ടിട്ടില്ല. അവരാരും ഇവിടെ വന്നിട്ടുമില്ല. അപ്പൂപ്പന്മാരെ ആനയൊടിച്ച് കയറ്റിയത് ഇങ്ങോട്ടല്ല . അവർക്ക് സ്ഥലം തെറ്റിയതാണ് . കല്യാണം കഴിഞ്ഞു തിരിച്ചു വരാൻ പറ്റിയ സ്ഥലമൊന്നുമല്ല ഇത് . ഒന്നുകിൽ അവർക്ക് സ്ഥലം തെറ്റി . അല്ലെങ്കിൽ ആ കൊലപാതക കഥയിലെ സ്ഥലം ഇതല്ല . എന്റെ ഊഹം ശരിയാണെങ്കിൽ ആ കഥ കളവാണ്. അത് കളവാണെങ്കിൽ ഇവിടുത്തെ രഹസ്യം അറിയാവുന്ന ഒരാൾ നമ്മുടെ കൂടെയുണ്ട്. അയാൾ നന്നായി അഭിനയിക്കുകയാണ് . അതുകൊണ്ടാണ് ഞാൻ ഉറങ്ങാതെ ഇരുന്നുകൊള്ളാം എന്ന് പറഞ്ഞത്. നീയും കിടന്നോളൂ. ഞാൻ ഉറങ്ങിയ ശേഷം നീ കാവലിരുന്നാൽ മതി” .

ഷംസ് ഒരു ദീർഘശ്വാസം എടുത്തു. “ഉം പിടികിട്ടി ”

അവൻ ലൈറ്റ് അണച്ച് അടുത്ത പാറയിലേയ്ക്ക് ചാടിക്കയറി. അവിടെക്കിടന്നുറങ്ങി . നല്ലയിരുട്ട്. കുറച്ചകലെ രവിയുടെ ചുണ്ടിലെ സിഗററ്റ് എരിയുന്നത് മാത്രം കാണാം .

“രവീ കുറ്റി കെടുത്തിയിട്ടേ കളയാവൂ. ഞങ്ങളെ കത്തിക്കരുത് ” ഞാൻ ഉറക്കെ പറഞ്ഞു .

“അറിയാം” രവിയുടെ ശബ്ദം കനത്തതായിരുന്നു . ഞാൻ ബാഗിൽ തലവെച്ച് ചാരിക്കിടന്നു . കുറച്ചുകഴിഞ്ഞപ്പോൾ രവിയുടെ സിഗരറ്റും അണഞ്ഞു .


കിടപ്പ് ശരിയാവുന്നില്ല. ഞാൻ സാവധാനം എഴുന്നേറ്റു . മഴയ്ക്കുള്ള സാധ്യതയുണ്ട് . അതിന് മുൻപേ ഒരു കാപ്പി ഇടണം .

“രവീ ഒരു കാപ്പിയിടട്ടെ?” ഞാൻ ഉറക്കെ ചോദിച്ചു .

“ആയിക്കോട്ടെ” രവി ഉടനടി പാറപ്പുറത്തുനിന്നും ചാടിയിറങ്ങി . തീവ്രതകുറച്ച് ലാമ്പ് പ്രകാശിപ്പിച്ചശേഷം ഞാൻ വെള്ളം തിളപ്പിച്ചു.

“മഴവന്നാൽ എന്തുചെയ്യും ? രവി ചോദിച്ചു .

“നാലുപേർക്ക് കിടക്കാവുന്ന രണ്ട് ടെന്റുകൾ അശോകനും ബെന്നിയും ചുമന്ന് കൊണ്ടുവന്നിട്ടുണ്ട് . പക്ഷെ ഇതുപോലെ കിടക്കുന്നതിന്റെ സുഖം കിട്ടില്ലല്ലോ. അതുകൊണ്ടാണ് അത് ഉപയോഗിക്കാതിരുന്നത്”

വെള്ളം തിളച്ചു . രണ്ടുകപ്പുകളിൽ പൊടികലക്കി ഞങ്ങൾ ചെറിയൊരു പാറമേൽ ഇരിപ്പുറപ്പിച്ചു .

“സാറേ ഇടുക്കിൽ ആളുകൾ എത്തിത്തുടങ്ങിയിട്ട് എത്രനാളുകളായിട്ടുണ്ടാവണം ? ” രവി ചോദിച്ചു . ചരിത്രവും, ഇല്ലുമിനാറ്റിയുമൊക്കെയാണല്ലോ ഇഷ്ടന്റെ പ്രിയ വിഷയങ്ങൾ.

“നിനക്ക് ചെറുപ്പം മുതലേ ഇത്തരം കാര്യങ്ങളിൽ താൽപ്പര്യമുണ്ടോ?” ഞാൻ തിരിച്ചു ചോദിച്ചു .

“ഉണ്ടോന്നോ !! കൊള്ളാം . അപ്പന് ഇതിലൊക്കെ വലിയ താല്പര്യമായിരുന്നു . അങ്ങേർക്ക് ഇൻഗ്ലീഷും നല്ല പിടിയായിരുന്നു. ഒരു ഷെൽഫ് നിറയെ പുസ്തകങ്ങളാണ് . അതൊക്കെ വായിച്ചാണ് എനിക്കും ഇതിലൊക്കെ താല്പര്യമായത് . കുരിശുയുദ്ധത്തിന് ശേഷം ഈ നൈറ്റ്സ് ടെബ്ളാറുകൾക്ക് ജറുസലേമിൽ നിന്നും എന്തൊക്കെ രേഖകളാണ് കിട്ടിയതെന്ന് എന്തെങ്കിലും ഊഹമുണ്ടോ ? ”

ശെടാ, ഇവൻ രാജമാണിക്യത്തെപ്പോലെ ഇന്റർനാഷണൽ റോമിങ് ആണല്ലോ ! ഞാൻ മനസ്സിലോർത്തു .

” അല്ല, ഇതൊക്കെ നീ എന്നോട് ചോദിക്കാനുള്ള കാരണമെന്താണ് ? ” ഞാൻ സംശയത്തോടെ ചോദിച്ചു .

“അന്ന് രാത്രി സാറിന്റെ മുറിയിൽ ലാപ് ഓണായിക്കിടക്കുവായിരുന്നു . സാർ എഴുതുന്ന ആളാണെന്ന് പിടികിട്ടി. അതുകൊണ്ട് ചോദിച്ചതാണ്. ഇതൊക്കെ ആരോടെങ്കിലും ചർച്ചചെയ്യുന്നത് രസമല്ലേ. ഇവിടാണെങ്കിൽ അതിനുപറ്റിയ ആരും ഇല്ലതാനും” രവി വിശദീകരിച്ചു .

“ആട്ടെ, നിന്റെ അഭിപ്രായത്തിൽ ഇടുക്കിയുടെ കാര്യങ്ങളെങ്ങിനെയാണ് ? ” ഞാൻ അവനെ അളക്കാനൊരു ശ്രമം നടത്തി .

“സാറേ മഹാശിലായുഗത്തിന്റെ കാര്യമൊക്കെ വിട് . ഈ ആദിവാസികളൊക്കെ ഇവിടെ കയറിയിട്ട് നൂറ്റാണ്ടുകളെല്ലേ ആയിട്ടുള്ളൂ . കുറച്ചുപേർ തമിഴ്‌നാട്ടിൽ നിന്നും, പിന്നെ കുറച്ചുപേർ മധ്യകേരളത്തിൽ നിന്നും. പക്ഷെ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ ? ഇവരുടെയെല്ലാം കഥകൾ ഒന്നാണ് “

“എല്ലാവരും ഓരോ രാജാക്കന്മാരുടെ അടുക്കൽ നിന്നാണ് വരുന്നത്. അതാണോ ? ” ഞാൻ ചോദിച്ചു .

“അതുതന്നെ! ഇവരൊക്കെ അവിടെ മാന്യമായി തന്നെ കഴിഞ്ഞിരുന്ന ജനവർഗ്ഗമാണ് . ചിലരെങ്കിലും രാജാവിന്റ അപ്രീതിക്ക് കാരണമായി ഒളിച്ചോടിപ്പോന്നിട്ടുണ്ടാവും. പക്ഷെ എല്ലാം ഇട്ടെറിഞ്ഞിട്ട് ആരെങ്കിലും ഓടിപ്പോരുമോ? . വേറെ ചിലർ പറയുന്നത് അവരെ വനത്തിന്റെ ഫുൾ ചാർജുo കൊടുത്താണ് ഇങ്ങോട്ട് വിട്ടതെന്നാണ് . ഏത് രീതിയിലാണെങ്കിലും ഇവർ വെറുംകയ്യാലെ ഇവിടെത്താൻ സാധ്യതയില്ല . സാറിനറിയാമോ ? ഒരുബുക്കിലും ഇല്ലാത്ത മറ്റൊരു ഇന്ററസ്റ്റിംഗ് കഥകൂടിയുണ്ട് ! “

“അതെന്താണ് ? ” ഞാൻ ആകാംക്ഷയോടെ ചോദിച്ചു .

മഴപെയ്തത് പൊടുന്നനെയായിരുന്നു . ഞാൻ വിളിച്ചുകൂവി എല്ലാത്തിനെയും ഉണർത്തി . പക്ഷെ പെട്ടന്ന് തന്നെ അത് ശമിക്കുകയും ചെയ്തു . അടുത്ത മഴയ്ക്ക് മുൻപ് എല്ലാവരും ചേർന്ന് ടെന്റുകൾ റെഡിയാക്കിയെടുത്തു . വീണ്ടും മഴ ചെറുതായി വീണുതുടങ്ങി . അതോടെ ഞാനും രവിയും , ഷംസുവും കൂടി ഒരു കൂടാരത്തിനുള്ളിലേയ്ക്ക് ചുരുങ്ങിക്കൂടി . പുറത്ത് നല്ല സുന്ദരൻ മഴ! എന്തുരസമാണ് ഇങ്ങനെ ചുരുണ്ടുകൂടി അകത്തിരിക്കുവാൻ.

“ഇപ്പോൾ ആന വരണം ! ” ഷംസ് തന്റെ അവസാന ആഗ്രഹം പറഞ്ഞു .

“എങ്കിൽ ചവുട്ടികൂട്ടുവാൻ എളുപ്പമായി” ഞാൻ പുറത്തേക്ക് ഒളിഞ്ഞു നോക്കി . നല്ല ഇരുട്ടാണ് . പാറയ്ക്ക് നല്ല തണുപ്പ് . ഷംസ് സാവധാനം ചുരുണ്ടുകൂടി കിടന്ന് ഉറങ്ങി. രവിക്ക് എന്തൊക്കെയോ കൂടുതൽ പറയാണെമന്നുണ്ട് എന്ന് തോന്നി . ആള് ചില്ലറക്കാരനല്ല. പക്ഷെ എനിക്ക് നല്ല ക്ഷീണമുണ്ടായിരുന്നു. എപ്പോഴാണ് കണ്ണുകളടഞ്ഞുപോയതെന്ന് ഒരോർമ്മയുമില്ല . പക്ഷെ ഉണർന്നിരിക്കേണ്ടതാണ് എന്ന ഉൾബോധം മനസിലുണ്ടായിരുന്നത് കൊണ്ടാവാം അധികം ഉറങ്ങാൻ പറ്റിയില്ല. പക്ഷെ ഒരു മണിക്കൂറോളം ഗാഢനിദ്ര ലഭിച്ചതിനാൽ ഉറക്കവും ക്ഷീണവും പിന്നെയുണ്ടായില്ല . ഞാൻ കണ്ണുതുറന്നപ്പോൾ രവി ടെന്റിൽ ഉണ്ടായിരുന്നില്ല . മഴ നിലച്ചിരിക്കുന്നു . ഞാൻ ലൈറ്റും തെളിച്ച് സിപ്പ് തുറന്ന് പതുക്കെ വെളിയിലിറങ്ങി . മറ്റേ ടെന്റിൽ ചെന്ന് ബെന്നിയെ പുറത്തുനിന്നും വിളിച്ചു . അവൻ പുറത്തിറങ്ങിയിട്ട് ചോദിച്ചു .” ജോൺ എവിടെ ?”

രവിയും, ജോണും മിസ്സിങ് ആണ് . അവരുടെ ബാഗുകളും കാണുന്നില്ല . ബെന്നി ബാക്കി രണ്ടുപേരെയും വിളിച്ചുണർത്തി .

“ഷംസേ പണി പറ്റിച്ചല്ലോ. അവന്മാർ മുങ്ങി” ബെന്നി പറഞ്ഞു .

“ഈ രാത്രി വഴിയറിയാതെ അവർ എങ്ങോട്ട് പോകാനാണ്? ഇരുട്ടത്ത് മലയിറങ്ങുവാൻ ഒരു സാധ്യതയും ഇല്ല. പുൽമേട്ടിൽ ആനയുണ്ടാവും. പിന്നെ എങ്ങോട്ട് പോയിക്കാണും ? ” അശോകൻ പറഞ്ഞു .

“വീണ്ടും ഉള്ളിലേക്ക് പോയിട്ടുണ്ടാവും ” ഞാൻ പറഞ്ഞു .

“പക്ഷെ വഴിയറിയാതെ എങ്ങോട്ട് ? ” ബെന്നി ചോദിച്ചു .

“വഴിയറിയാം ബെന്നി . അവർക്ക് നന്നായി വഴിയറിയാം. മാത്രവുമല്ല അവർ ആദ്യമായല്ല ഇതുവഴി വരുന്നത് ” ഞാൻ പറഞ്ഞു .

“അച്ചായൻ ഇതെന്ത് വട്ടാണ് പറയുന്നത് ? അവനതിനുള്ള കഴിവോ വിവരമോ ഇല്ല !” ബെന്നിക്ക് വിശ്വാസമായില്ല .

“ബെന്നീ അവനിന്നലെ രാത്രി എന്നോട് സംസാരിച്ചു. നാലോ അഞ്ചോ വാചകമേ പറഞ്ഞുള്ളൂ. പക്ഷെ ബാക്കി ഞാൻ ഊഹിച്ചിട്ടുണ്ട്. നേരം വെളുക്കട്ടെ അപ്പോൾ പറയാം. ഇനിയെന്തായാലും ആരും ഉറങ്ങേണ്ട.” ഞാൻ വിശദീകരിച്ചു .

“എങ്കിലൊരു കട്ടൻചായ ഇട്. കുത്തിയിരുന്നുകളയാം” ഷംസ് പറഞ്ഞു .

ഞങ്ങൾ വീണ്ടും കഥകൾ പറഞ്ഞു തുടങ്ങി . രവിയെപ്പറ്റിയും, ജോണിനെപ്പറ്റിയും എനിക്ക് യാതൊരു പരിഭ്രമവും ഉണ്ടായിരുന്നില്ല . കാരണം അവർക്കീ മലയറിയാം. മറ്റാർക്കുമറിയാവുന്നതിനേക്കാൾ കൂടുതൽ അറിയാം . മലയാറ്റൂരിനടുത്ത് ഇതുപോലൊരു ഭീമൻ കരിമ്പാറയുണ്ട് . സാധാരണപ്പെട്ട ഒരാൾക്കും അതിന്റെ മുകളിൽ കയറാനൊക്കില്ല. പക്ഷെ സ്ഥലത്തെ ചില സുഹൃത്തുക്കൾ അതിനൊരു കുറുക്കുവഴി കണ്ടെത്തിയിട്ടുണ്ട് . അവർ മിക്കവാറും അതിന്റെ മുകളിൽ കയറും ദിവസങ്ങളോളം അന്തിയുറങ്ങും. ആരുമറിയില്ല. ഇത്തരം പല സ്ഥലങ്ങളും ഞാൻ കണ്ടിട്ടുണ്ട് . ഈ സ്ഥലവും അത്തരമൊന്ന് തന്നെ. പക്ഷെ ഇവിടെ മറ്റു സ്ഥലങ്ങളിലില്ലാത്ത ചില പൊരുത്തക്കേടുകൾ ഉണ്ട് . പക്ഷെ രവി ഒരു കഠിനഹൃദയനോ, തീരെ വിഡ്ഢിയോ അല്ല എന്നെനിക്ക് ഉറപ്പുണ്ട് . പക്ഷെ അവനെ കാര്യം പറഞ്ഞു മനസിലാക്കാൻ ബുദ്ധിമുട്ടാവും . കാലാകാലങ്ങളായുള്ള ചില വിശ്വാസങ്ങൾ മനസ്സിൽ വേരുറച്ചു പോകും . രവി എന്താണെന്നും , എന്താണവൻ ഉദ്യേശിക്കുന്നതെന്നും അറിയാതാണെങ്കിലും അവനെന്നോട് പറഞ്ഞു കഴിഞ്ഞു . എനിക്ക് മനസിലായി എന്നവനും പിടികിട്ടിക്കാണും . നേരം വെളുക്കാനാണ് ഞാൻ കാത്തിരിക്കുന്നതെന്ന് അവനറിയാം. അതിനാൽ സൂത്രത്തിൽ മുങ്ങിയതാണ് .

സമയം സാവധാനം വെളുത്തുതുടങ്ങി . കാട്ടിലെ പ്രഭാതം എഴുതിയറിക്കാനോ, പറഞ്ഞറിയിക്കാനോ സാധ്യമല്ല. അത് അനുഭവിച്ച് തന്നെ മനസിലാക്കണം. ഷംസ് വിദഗ്ദനായ ഒരു കാടുകയറ്റക്കാരൻ ആണ് . അവന്റെ നിർദേശപ്രകാരം സാധനങ്ങൾ എടുക്കാതെ ഇതുപോലുള്ള യാത്രകളിൽ നേരെ ചാടി പുറപ്പെട്ടാൽ ഇത്തരം കാലാവസ്ഥകളിൽ കാട്ടിൽ കിടന്ന് ചത്തുപോകും .

“ഒരു കുഴികുത്തി കാര്യം കഴിഞ്ഞാൽ മൂടണം” അറ്റം കൂർപ്പിച്ച ഒരു കമ്പെടുത്തു കൊടുത്തിട്ട് ഷംസ് അശോകനോടായി പറഞ്ഞു . അവൻ ഞങ്ങൾ താമസിച്ചിരുന്നതിന്റെ സകല അവശിഷ്ടങ്ങളും പെറുക്കിയെടുത്ത് തന്റെ കയ്യിലിരുന്ന പ്രത്യേക സഞ്ചിയിൽ നിക്ഷേപിച്ചു.

“നാമെത്ര തവണ വന്നുപോയാലും ഈ സ്ഥലം ഇതുപോലെതന്നെയിരിക്കണം ” അവൻ എല്ലാവരെയും ഓർമ്മിപ്പിച്ചു .

“നമ്മുക്കു കുറച്ചുകൂടി ഉൾക്കാട്ടിലേക്ക് കയറാം. ഒന്ന് രണ്ട് കാര്യങ്ങൾ തീർച്ചപ്പെടുത്തുവാനുണ്ട്. എന്നിട്ട് ഉച്ചയോടെ തിരിച്ചിറങ്ങാം. എന്തുപറയുന്നു ? ” ഞാൻ ചോദിച്ചു .

“അങ്ങിനെതന്നെ. ഉച്ചയ്ക്ക് തന്നെ തിരിച്ചിറങ്ങണം. അല്ലെങ്കിൽ മഴവന്നാൽ ഇറക്കം താമസിക്കും. പിന്നെ ഇരുട്ടും ആവും ” ഷംസ് ഓർമ്മിപ്പിച്ചു .

ഞങ്ങൾ വീണ്ടും മുന്നോട്ട് നടന്നു. ഇനി ഇറക്കമാണ്. മലയുടെ മറ്റേ വശമാണിത് . പക്ഷെ നല്ല ഇടതിങ്ങിയ വനം! അടിക്കാട് തീരെക്കുറവാണ്. പക്ഷെ വൃക്ഷങ്ങൾ തമ്മിലുള്ള അകലം തീരെയില്ല . അതിനാൽ നടക്കുവാൻ പ്രയാസമാണ്.

“അച്ചായനെന്താണ് മുകളിലേക്ക് നോക്കി നടക്കുന്നത് ?” അശോകൻ ആരാഞ്ഞു .

“ഒരു ഏറുമാടം കാണാൻ സാധ്യതയുണ്ട് ” ഞാൻ പറഞ്ഞു.

മറ്റുള്ളവർക്ക് കാര്യം പിടികിട്ടിയതിനാൽ മറുപടിയൊന്നും പറഞ്ഞില്ല .

“ഇതെന്താണ് ? ” ബെന്നി ചോദിച്ചു .

“മുനിയറ ആണെന്ന് തോന്നുന്നു. കല്ലൊക്കെ ഇളക്കി മാറ്റിയിട്ടുണ്ട്” ഞാൻ പറഞ്ഞു . “അതെ ഇത് മുനിയറയായിരുന്നു . പക്ഷെ നശിപ്പിക്കപ്പെട്ടിരിക്കുന്നു. ആരോ ഉഴുതുമറിച്ചിട്ടിരിക്കുകയാണ് ”

“ആരോ ശരിക്കുംപണിയെടുത്തിട്ടുണ്ട്. ഈ കല്ലുകൾക്ക് വിലയുണ്ടോ ? ഇനി അതെടുക്കുവാൻ വേണ്ടിയാണോ ” ബെന്നി ചോദിച്ചു .

“തീയിൽ പഴുപ്പിച്ച കരിങ്കല്ലിൽ വെള്ളമൊഴിച്ച് അടർത്തിയെടുക്കുന്ന പാളികളാണ് മുനിയറകളിൽ ഉപയോഗിക്കുന്നത് . തുണിയലക്കാനും , കാല് തേച്ച് വെളുപ്പിക്കാനും കൊള്ളാം” ഞാൻ പറഞ്ഞു. ” ഇതിനൊന്നുമല്ല ഇത് കുത്തിപ്പൊളിച്ചത് .

“ദാണ്ട് ഏറുമാടം !!! ” അശോകൻ മുകളിലേക്ക് വിരൽ ചൂണ്ടി . ആളുകൾ സ്ഥിരമായി കയറിയിറങ്ങുന്നതാണെന്ന് കണ്ടാൽ തന്നെ അറിയാം. അകത്ത് തുണികൾ വിരിച്ചിട്ടിട്ടുണ്ട് . അത്യാവശ്യം മരംകയറ്റം അറിയാമെങ്കിലേ അതിനുള്ളിൽ കയറിപ്പറ്റാനൊക്കൂ. അശോകന് വാശിയായി. അവൻ വാശിക്ക് മരത്തിൽ വലിഞ്ഞുകയറി അതിനുള്ളിൽ ചെന്നെത്തി .

“ഒരു കണ്ണാടി, കുറച്ചുപുസ്തകങ്ങൾ , വലിയ ഒരു ബാറ്ററി , ഒരു സെർച്ച് ലൈറ്റ് പിന്നെ കുറെ തുണികൾ വേറൊന്നുമില്ല ” അശോകൻ വിളിച്ചു പറഞ്ഞു .

“ഒന്നിലും തൊടേണ്ട ഇറങ്ങിപ്പോരേ ” ഞാൻ പറഞ്ഞു .

ഞങ്ങൾ കുറച്ചുകൂടി മുന്നോട്ട് നടന്നു . ഇടയ്ക്ക് ചെറിയൊരു വെളിപ്രദേശം കണ്ടു . ഞങ്ങൾ അവിടെ ഇരിപ്പുറപ്പിച്ചു . ബെന്നിയും, അശോകനും കുറച്ചുകൂടി മുന്നോട്ട് നടന്ന് പരിസരം വീക്ഷിച്ചശേഷം തിരിച്ചുവന്നു .

“കുറച്ചുകൂടി മുന്നോട്ട് നടന്നാൽ വലിയൊരു പാറ മുഴച്ച് പുറത്തേക്ക് നിൽപ്പുണ്ട് . കുത്തനെയുള്ള വഴുക്കുള്ള ചെരിവാണ് . അതുകൊണ്ടാണ് അതുവഴി ആർക്കും കയറുവാൻ സാധിക്കാത്തത്. അവിടെ നിന്നാൽ നമ്മുടെ കവലയും മറ്റും അങ്ങ് ദൂരെ അവ്യക്തമായി കാണാം. എനിക്ക് തോന്നുന്നത് താഴെ ആ തിരുവല്ലാക്കാരുടെ എസ്റ്റേറ്റ് ആണെന്നാണ് . ഞാനവിടെ പോയിട്ടുണ്ട് . ഈ പാറ അവിടെ നിന്നാൽ കാണാം . കുത്തനെ കിടക്കുന്നതിനാലും മുകളിൽ കാടായതിനാലും ആരും അതുവഴി ഇങ്ങോട്ട് വരില്ല ” അശോകൻ വിശദീകരിച്ചു .

“അച്ചായാ പറ . എന്താണിതിന്റെയൊക്കെ അർഥം ? “

“ഒന്ന് പൊളിച്ചെഴുതിയാൽ ഒരു സിനിമക്കുള്ള വകുപ്പുണ്ട് ” ഞാൻ പതുക്കെ പറയുവാൻ തുടങ്ങി .

“മുകളിലെ വെട്ടത്തെക്കുറിച്ച് പറഞ്ഞപ്പോൾ രവിയുടെ മുഖഭാവം ഞാൻ ശ്രദ്ധിച്ചാണ് . അവൻ വിരണ്ടത് മുകളിലെ വെളിച്ചം കണ്ടല്ല. മുകളിലെ വെളിച്ചം ഞാൻ കണ്ടതുകൊണ്ടാണ് അവൻ വിളറിയത് . എന്റെ പറച്ചിലിൽ നിന്നും ഞാനക്കാര്യം അങ്ങിനെ വെറുതെ തള്ളിക്കളയുവാൻ പോകുന്നില്ല എന്നവന് തോന്നി . അതുകൊണ്ടാണവൻ പഴയ കൊലപാതക കഥ പൊടിപ്പും തൊങ്ങലും വെച്ച് എന്നോട് പറഞ്ഞത്. മരിച്ച പെണ്ണിന്റെ ശരീരം കണ്ടില്ല എന്ന ഭാഗം അവൻ കയ്യിൽ നിന്നിട്ടതാണ് . കാരണം നിന്റെ ഗ്രാൻഡ് പാ അത് കേട്ടിട്ടുകൂടെയില്ല . അവന്റെ അച്ഛൻ വീട്ടിലൊക്കെ വെച്ച് ഹോമം നടത്തിയിരുന്ന ആളാണെന്നാണ് ഗ്രാൻഡ്പാ എന്നോട് പറഞ്ഞത്. മാത്രവുമല്ല അവൻ നന്നായി വായിക്കുന്ന ആളാണെന്ന് ഷംസ് എന്നോട് പറഞ്ഞിരുന്നല്ലോ . ഇതൊക്കെ വെച്ച് നോക്കിയപ്പോൾ ആ വെളിച്ചവും അവനുമായി ബന്ധമുണ്ടെന്ന് ഞാൻ ഊഹിച്ചു . നാം ഇങ്ങോട്ട് വരാൻ പ്ലാൻ ചെയ്താൽ ഒന്നുകിൽ അവനത് തടയും അല്ലെങ്കിൽ അവൻ കൂടെ കൂടും അതുറപ്പായിരുന്നു. അതുകൊണ്ടാണ് അവനെ ഇങ്ങോട്ട് കൂട്ടേണ്ട എന്ന ഞാൻ പറഞ്ഞത് . “

“അപ്പോൾ അവനെങ്ങിനാണ് ഇക്കാര്യം അറിഞ്ഞത് ? ” അശോകൻ ചോദിച്ചു .

“ഷംസുവിന്റെ ഗ്രാൻഡ് പാ !” ഞാൻ പറഞ്ഞു . “അവൻ അവിടെ ചെന്ന് നമ്മെപ്പറ്റി തിരക്കിക്കാണും . ഇബ്രാഹിം സാഹിബിന് നമ്മുടെ പ്ലാൻ അറിയില്ലല്ലോ. അദ്ദേഹം ഉള്ളകാര്യം പറഞ്ഞു കാണും. അതുകൊണ്ടാണ് അവൻ വന്നപാടെ കഥകളൊക്കെ അറിഞ്ഞുകാണുമല്ലോ എന്ന് എന്നോട് പറഞ്ഞത്. “

“അപ്പോൾ അവൻ താഴെയുണ്ടായിരുന്ന സമയത്ത് ഇവിടെ വെളിച്ചം കത്തിച്ചത് ആരാണ് ” ബെന്നി ചോദിച്ചു .

“ജോൺ ! അല്ലെങ്കിൽ കൂടെ ഒരാളും കൂടെ ഉണ്ടാവാം. പക്ഷെ എന്റെ ഊഹം ശരിയാണെങ്കിൽ രവിക്ക് ജോൺ അല്ലാതെ വേറെ ആരുമായും ബന്ധമില്ല. ആരോടും ഒട്ടും സംസാരിക്കാത്ത ജോണിനെപ്പോലുള്ളവർ ഇത്തരം കാര്യങ്ങളിൽ ബെസ്റ്റാണ് . “

“അങ്ങിനെയെങ്കിൽ അവർ എന്തിനാണ് ഇവിടെ വന്നുകൊണ്ടിരുന്നത് ? ” ഷംസ് ചോദിച്ചു .

കാര്യങ്ങൾ ഒട്ടൊക്കെ ഞാൻ ഊഹിച്ചെടുത്തിട്ടുണ്ട് . പകുതിയും രവി തന്നെ അബദ്ധത്തിൽ പറഞ്ഞുപോയതാണ്. ഷംസിന്റെ ഗ്രാൻഡ് പാ എന്നോട് പറഞ്ഞത് പണ്ടിവിടെ ഉണ്ടായിരുന്നവരെ ഇപ്പോഴും ഇവിടുള്ളൂ എന്നാണ് . അതായത് അവർ ഇവിടെ ഫോറസ്റ്റിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ആരൊക്കെ ഇവിടെ താമസം ഉണ്ടായിരുന്നോ അവരൊക്കെ തന്നെയാണ് ഇപ്പോഴും ഇവിടുള്ളത് . അതിൽ ഏറ്റവും പ്രായക്കൂടുതലുള്ള ഇവന്റെ ഉപ്പൂപ്പ പറയുന്നത് അങ്ങേര് വരുന്നതിനും മുൻപാണ് കൊലപാതകം നടന്നതെന്നാണ് . അതായത് എല്ലാവരും പറയുന്നത് അവർ വരുന്നതിനും മുൻപാണ് കൊലപാതകം നടന്നതെന്നാണ് . ഇതേക്കുറിച്ച് പത്ത് നാൽപ്പത് വർഷങ്ങൾക്ക് മുൻപ് ഇബ്രാഹിം സാഹിബ് തന്റെ അമ്മായിഅച്ഛനോട് ചോദിച്ചപ്പോഴും ഉത്തരം ഇതുതന്നെ. പണ്ട് നടന്ന സംഭവം . എന്നാൽ ആ സംഭവം കണ്ട ഒരേയൊരാൾ ഈ രവിയുടെ മുത്തച്ഛനാണ്‌ . അതായത് ഈ സംഭവുമായി ഒരേ ഒരാൾക്കേ നേരിട്ട് ബന്ധമുള്ളൂ . അത് രവിയുടെ കുടുംബത്തിനാണ് . “

“അത് ശരിയാണ് . എന്റെ അച്ഛനും പറഞ്ഞത് ഇതേ കാര്യമാണ്. പുള്ളിക്ക് ഇക്കാര്യത്തിൽ അവരെ സംശയമുണ്ടായിരുന്നു” അശോകൻ പറഞ്ഞു .

“അപ്പോൾ ഈ കൊലപാതക കഥ ഒരു കെട്ടുകഥയാണെന്ന് ഉറപ്പിക്കാം” ഷംസ് പറഞ്ഞു .

“അതെ. പക്ഷെ രവിയുടെ മുത്തച്ഛൻ എന്തിനാണ് ഈ കഥകൾ ഉണ്ടാക്കിയത് എന്ന് ഒരു അറിവും ഇല്ല. ഇത്തരം കഥകൾ ആളുകളെ പേടിപ്പിച്ചകറ്റാനാണ് ഉണ്ടാക്കിവിടുന്നത്. അതായാത് മറ്റാരും ഈ മലയിൽ വരരുത് . അതാണ് ഉദ്യേശം . പഴയകാലമല്ലേ. ഒരു പക്ഷെ ഈ മുനിയറകളിൽ വല്ല നിധിയും കാണുമെന്ന് അവർ വിചാരിച്ചിട്ടുണ്ടാവാം. രവിയുടെ അച്ഛനും ഇതിലൊക്കെ എന്തോ താൽപ്പര്യം ഉണ്ടായിരുന്നിരിക്കണം . വീട്ടിൽ മന്ത്രവാദമൊക്കെ ഉണ്ടായിരുന്നു എന്നല്ലേ പറഞ്ഞത് ?”

“അതെ . പുള്ളിക്കാരൻ മരിക്കുന്നതുവരെയും ഇതുപോലെ എന്തൊക്കെയോ ചെയ്യുമായിരുന്നു” ബെന്നി സാക്ഷ്യപ്പെടുത്തി .

” ഇനിയാണ് ഈ കഥയുടെ ആധുനിക വേർഷൻ ആരംഭിക്കുന്നത് ” ഞാൻ തുടർന്നു . ” രവി ധാരാളം പുസ്തകങ്ങൾ വായിക്കും . പക്ഷെ പാരമ്പര്യമായി കിട്ടിയ അഭിരുചി കാരണം. പ്രേതം, പിശാച്, ഇല്ലുമിമാറ്റി, അന്യഗ്രഹജീവി തുടങ്ങിയ വിഷയങ്ങളിലാവും അവന്റെ ശ്രദ്ധ കൂടുതൽ പതിഞ്ഞിട്ടുണ്ടാവുക. ഈ മലയിൽ നിധി വല്ലതും ഉണ്ടാവാം എന്ന് അപ്പൻ പറഞ്ഞ അറിവും അവനുണ്ട്. പക്ഷെ കുറച്ചുകൂടി യുക്തിപരമായി ചിന്തിക്കുന്ന അവൻ അങ്ങിനെയെങ്കിൽ ആരാണ് ഇവിടെ നിധി കുഴിച്ചിടാൻ സാധ്യതയുള്ളത് എന്ന് അന്വേഷിച്ചു . അങ്ങിനെയാണ് ഈ ജില്ലയിലെ ആദിവാസികളെക്കുറിച്ച് അവൻ പഠിച്ചിട്ടുണ്ടാവുക . മധുരയിൽ നിന്നും മറ്റു പ്രദേശങ്ങളിൽ നിന്നും കാട്ടുവഴികളിലൂടെ ഇവിടെയെത്തിയവർ വെറും കയ്യാലെ വരില്ല എന്നവൻ ഇന്നലെ രാത്രി എന്നോട് തറപ്പിച്ചു പറഞ്ഞു. രാജാവ് പറഞ്ഞു വിട്ടതാണെങ്കിലും , രാജാവിനെ പേടിച്ച് ഓടിവന്നതാണെങ്കിലും ആദിവാസികളുടെ പൂർവ്വികരുടെ കയ്യിൽ അവരുടെ സ്വത്തും സമ്പാദ്യവും അല്ലെങ്കിൽ അവിടെ നിന്നും കടത്തിക്കൊണ്ട് വന്ന എന്തെങ്കിലുമൊക്കെ കാണുവാൻ സാധ്യതയുണ്ടാവും എന്നവൻ ഊഹിച്ചു . ഇതുപോലൊരു കഥ ഞാൻ മറയൂരിൽ നിന്നും പണ്ട് കേട്ടിട്ടുണ്ട് താനും. രവിയും ഇതുപോലെ ഏതെങ്കിലും ആദിവാസികളുടെ കയ്യിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടാവും “

“പക്ഷെ ഈ കൊടുംകാട്ടിൽ സ്വർണ്ണവും, പണ്ടങ്ങളുംകൊണ്ട് എന്ത് പ്രയോജനം? ഒരു പക്ഷെ പിന്നീടൊരിക്കൽ തിരികെ പോകുമ്പോൾ ഉപകരിച്ചേക്കും എന്ന ധാരണയിൽ അവർ ഇതെല്ലാം എവിടെങ്കിലും കുഴിച്ചുമൂടിക്കൂടേ? ഇതാവും അവൻ ചിന്തിച്ചിട്ടുണ്ടാവുക . അല്ല ഇതുതന്നെയാണ് അവൻ ചിന്തിച്ചത്. ഇവിടുത്തെ ചരിത്രം അത്യാവശ്യം നന്നായി പഠിച്ചിരിക്കുന്ന അവൻ ആദ്യം സംശയിച്ചത് ഈ മുനിയറകളെയാവും. രണ്ടു കാരണങ്ങൾ ഉണ്ട്. ഒന്ന് ആദിവാസികൾ ഇവിടെ എത്തിച്ചേരും മുൻപേ ഈ മുനിയറകൾ ഇവിടുണ്ട് . ഇത് ശിലായുഗ ശേഷിപ്പുകളാണ് . സ്വാഭാവികമായും ഇതിൽ പലതും കാലക്രമേണ മണ്ണിനടിയിൽ പോയിട്ടുണ്ട് . ആദിവാസികളെ സംബന്ധിച്ചിടത്തോളം നിധി ഒളുപ്പിച്ചുവെയ്ക്കുവാൻ പറ്റിയ സ്ഥലം! “

“ഇതെല്ലാം ചിന്തിച്ചുകൂട്ടിയ ഒരു നാളിൽ രവി മിണ്ടാമൃഗമായ ജോണിനെയും കൂട്ടി ഇവിടെ വന്നിട്ടുണ്ടാവും. ഒരു പക്ഷെ കാട്ടിൽ ഇനിയും മുനിയറകൾ കണ്ടേക്കാം . അപ്പൻ പറഞ്ഞ കഥകളും, താൻ സ്വയം കണ്ടെത്തിയ കഥകളും കൂടി തലയ്ക്ക് മത്ത് പിടിച്ച രവി പലപ്പോഴായി ഇവിടെ വന്ന് ഈ മുനിയറകൾ മാന്തി നോക്കിയിട്ടുണ്ടാവാം . എനിക്ക് തോന്നുന്നത് ജോണൊക്കെ സ്ഥിരമായി ഇവിടാവും അന്തിയുറങ്ങുന്നത് എന്നാണ്. ഇതിനായി പണ്ട് മുത്തച്ഛൻ പണ്ട് ഉണ്ടാക്കിയെടുത്ത കൊലപാതക കഥ രവി വീണ്ടും പൊടിതട്ടിയെടുത്തു. അതാകുമ്പോൾ ഇവിടെ ഇടയ്ക്കിടെ വെളിച്ചം കണ്ടാലും ആരും സംശയിക്കില്ലല്ലോ”

“ഈശ്വരാ!!! എന്തൊരു ബുദ്ധിയാണ് ഈ രവിക്ക് !!!! ” അശോകൻ കണ്ണുമിഴിച്ചു. ” ഞാൻ വിചാരിച്ചത് അവൻ ആരോടും മിണ്ടാത്ത ഒരു പാവമാണെന്നാണ് ”

“അവൻ പാവമാണ്. അത്യാവശ്യം വിവേകവുമുണ്ട്. ” ഞാൻ പറഞ്ഞു. ” ഇതിനായി ദുർമന്ത്രവാദമോ , മറ്റ് നീചപ്രവർത്തികൾക്കോ അവൻ പോയിട്ടില്ല. നിധി ഉണ്ടെങ്കിൽ കിട്ടിയാലോ എന്നതായിരുന്നു അവന്റെ ലൈൻ. സത്യത്തിൽ ഇതൊക്കെ എന്നോട് തുറന്നു പറയാനാണ് അവൻ രാത്രിയിൽ അടുത്തുകൂടിയത്. പക്ഷെ മഴവന്നതോടെ അവന്റെ മൂഡും ചിന്തയും മാറി . പിന്നെ നമ്മിൽ നിന്നും എങ്ങിനെയെങ്കിലും ഓടിയൊളിച്ചാൽ മതിയെന്നായി അവന്. പാവമാണ് അവന് ശരിക്കും ചമ്മൽ കാണും ”

“അല്ല അച്ചായാ ശരിക്കും ഇതിനുള്ളിൽ നിധി കാണാനുള്ള സാധ്യത ഉണ്ടോ ? ” അശോകനാണ് ചോദിച്ചത് . എല്ലാവരും ഒരു കൊടിച്ചിപ്പട്ടിയെ നോക്കുന്നതുപോലെ അവനെയൊന്ന് നോക്കി.

“അല്ല , ഞാൻഉദ്യേശിച്ചത് ഇനി ബിരിയാണി ഉണ്ടെങ്കിലോ ?” ഒരൽപം ജാള്യതയോടെ അവൻ പറഞ്ഞു.

അതുകേട്ട് എല്ലാവരും ഉറക്കെ ചിരിച്ചു .” എന്റെ അശോകാ അങ്ങിനെ എന്തെങ്കിലും സാധ്യത ഉണ്ടായിരുന്നെകിൽ ആദിവാസികൾ തന്നെ അതെടുക്കില്ലായിരുന്നോ ? അങ്ങിനായിരുന്നേൽ അവരിങ്ങനെ കിടന്ന് കഷ്ടപ്പെടേണ്ടി വരിലായിരുന്നു . ശരിയല്ലേ ? ” ബെന്നിയുടെ ബുദ്ധി പ്രവർത്തിച്ചു .

“മുനിയറകൾ വെറും അറകൾ മാത്രമാണ്. ചിലായുഗത്തിലെ മനുഷ്യരുടെ സംസ്കാരത്തിന്റെ ശേഷിപ്പുകൾ. ഇങ്ങനെയുള്ള നൂറുകണക്കിന് മുനിയറകൾ ഇതുപോലുള്ള പലരും പല രീതികളിൽ നശിപ്പിച്ചുകഴിഞ്ഞു . അന്ധവിശ്വാസം മാറി ചരിത്രബോധമുണ്ടായാലേ ഇത് സംരക്ഷിക്കപ്പെടുകയുള്ളൂ . ഇവിടിനി ഒന്നും ശേഷിക്കുന്നില്ല. നമ്മുക്ക് തിരികെ പോകാം ” ഞാൻ പറഞ്ഞു .

“അപ്പോൾ രവിയും ജോണും? “

“ഒന്നുകിൽ ഉൾക്കാട്ടിൽ ഉണ്ടാവും അല്ലെങ്കിൽ രാവിലെ തന്നെ മലയിറങ്ങിയിട്ടുണ്ടാവും” ഷംസ് പറഞ്ഞു .

ഞങ്ങൾ തിരികെ നടന്ന് പുൽമേട്ടിൽ എത്തി. ആനകളെയൊന്നും കണ്ടില്ല. ഭാഗ്യം. ഇറക്കം തീർത്തും ദുഷ്ക്കരമായിരുന്നു. മറ്റുള്ളവർ ചാടിയിറങ്ങിയ പാറക്കെട്ടുകൾ ഞാൻ നിരങ്ങിയിറങ്ങി. പാതി വഴിയിൽ വെച്ച് ഞാൻ തിരിഞ്ഞു നോക്കി . മുകളിൽ കോടമഞ്ഞു മൂടിക്കഴിഞ്ഞു. പുൽമേടുകളിൽ ആനകൾ ഇറങ്ങിയിട്ടുണ്ടാവാം. എന്തിനാവും നമ്മുടെ പൂർവ്വികർ ഇതിനുമുകളിൽ കയറിയിട്ടുണ്ടാവുക . തങ്ങളുടെ പരിമിതമായ സൗകര്യങ്ങൾ വെച്ച് അവർ എന്തിനാവും ഇത്തരം അറകൾ നിർമ്മിച്ചത് ? മരിച്ചവരെ എന്തിനാവും അവർ ഇങ്ങനെ അടക്കിയിരുന്നത് ? മഞ്ഞുപുതഞ്ഞ ആ ഇരുണ്ട വനത്തിനുള്ളിലിരുന്ന് രവിയും, ജോണും ഇപ്പോളെന്താവും ചിന്തിക്കുന്നുണ്ടാവുക ? ”

ക്ഷീണം കാരണം ജീപ്പിലിരുന്ന് ഞാനുറങ്ങി . കുണ്ടും കുഴിയുമൊന്നും അറിഞ്ഞതേയില്ല. കണ്ണുതുറന്നപ്പോൾ ഇബ്രാഹിം സാഹിബിന്റെ ചിരിക്കുന്ന മുഖമാണ് എന്നെ വരവേറ്റത് . ഞാൻ വേഗം കുളിച്ച് ഭക്ഷണം കഴിഞ്ഞു ഉറങ്ങാൻ കിടന്നു. ഭക്ഷണമുറിയിൽ ബെന്നിയും, അശോകനും മലമുകളിലെ വിശേഷങ്ങൾ അത്യാവശ്യം എരിവും പുളിയും ചേർത്ത് വിളമ്പുന്നുണ്ടായിരുന്നു . ക്ഷീണത്താൽ നന്നായി ഉറങ്ങി. പിറ്റേന്ന് രാവിലെ തന്നെ തിരിച്ചുപോരുവാനായി ഞാനും ഷംസും ഭക്ഷണം കഴിച്ച് ഒരുങ്ങിയിറങ്ങി. പുറത്തിറങ്ങിയ ഞാൻ വണ്ടിക്കരികിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന രവിയെ കണ്ട് ഒന്ന് ഞെട്ടി!

“സാറേ കോട്ടയത്തോ എറണാകുളത്തോ ചെറിയ പണിവല്ലതും കിട്ടുമോ ? ഇവിടെ നിന്നാൽ ഞാൻ ശരിയാവില്ല അതാ ”

ഞാൻ ഷംസുവിനെ നോക്കി …………..

The End


“ഇങ്ങനെയെഴുതേണ്ടി വരുമ്പോൾ ചെയ്യേണ്ട വെട്ടലും ചുരുക്കലും, പേരുമാറ്റങ്ങളും , മറ്റ് അല്ലറചില്ലറപ്പണികളും ഇതിലും ചെയ്തിട്ടുണ്ട്. ഭാവനയുള്ളവർക്ക് അത് ഊഹിച്ച് എടുക്കാവുന്നതുമാണ്”

ജൂലിയസ് മാനുവൽ

ചിത്രം | ശബരി വർക്കല | Unauthorized use is restricted.

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ