ചിരിക്കുന്ന പിരമിഡ്

ചിരിക്കുന്ന പിരമിഡ് 1

ഞാനും നിങ്ങളുമുൾപ്പെടുന്ന ഈ മനുഷ്യവർഗ്ഗത്തിന്റെ തലമണ്ടയിൽ വലിയൊരു വിടവുണ്ട് . ആ വിടവാണ് കഴിഞ്ഞ 4500 വർഷങ്ങളായി ഈജിപ്തിലെ ഗിസാ പീഠഭൂമിയിൽ നമ്മെ ചിരിച്ചുകാണിച്ചുകൊണ്ട് നിലയുറപ്പിച്ചിരിക്കുന്നത് . അയ്യായിരം വർഷങ്ങൾക്ക് മുൻപ് അന്നത്തെ നിലയിൽ ലോകത്തിന്റെ നെറുകയിലിരുന്നിരുന്ന ഒരു ജനത പണിതുയർത്തിയ ശവകുടീരങ്ങൾ പിൽക്കാലത്ത് അവർ മരിച്ചുമണ്ണടിഞ്ഞ അതേഭൂമിയിൽ അതിക്രമിച്ചുകടന്ന ജനതകൾക്ക് അപമാനകരമായും പരിഹാസവുമായും തോന്നി . ആദ്യമെത്തിയ റോമാക്കാർ ആയിരക്കണക്കിന് ചെറുപിരമിഡുകൾ തല്ലിതകർത്ത് ആ കല്ലുകൾ കൊണ്ട് അവരുടെ ദേവന്മാർക്ക് ക്ഷേത്രങ്ങൾ നിർമ്മിച്ചു. വലിയ പിരമിഡുകൾ തകർക്കാനുള്ള പ്രയാസം മനസിലാക്കിയതുകൊണ്ടാവണം അവരതിൽ കൈവെച്ചതേയില്ല . പിന്നീടെത്തിയ യൂറോപ്യൻ ആക്രമണകാരികൾ കപ്പലിൽ കയറ്റാൻ പറ്റുന്നതൊക്കെയും പൊളിച്ചും മോഷ്ടിച്ചും ഇവിടെനിന്നും കടത്തിക്കൊണ്ട് പോയി . പക്ഷെ എല്ലാമറിയാവുന്ന മരുഭൂമി തന്റെ മണൽക്കൈകളാൽ സകലതും മൂടി സംരക്ഷിച്ചു . അവസാനം മഹാനായ സാലാഹുദീന്റെ മകൻ അൽ -അസീസ് ഉത്‌മാന്റെ കാലമെത്തിയപ്പോഴേയ്ക്കും പൊങ്ങിനിന്നതെല്ലാം യൂറോപ്പിലും ബാക്കിയെല്ലാം മണ്ണിനടിയിലുമായി കഴിഞ്ഞിരുന്നു. പക്ഷെ ആകാശംമുട്ടെ ഉയരത്തിൽ ഗർവ്വോടെ തന്നെ കൂറ്റൻ പിരമിഡുകൾ അപ്പോഴും തലയുയർത്തിതന്നെ നിലകൊണ്ടു .

Advertisements

പക്ഷെ ഉത്മാനും വിട്ടുകൊടുത്തില്ല. നൂറുക്കണക്കിന് ജോലിക്കാർ എട്ടുമാസം അഹോരാത്രം പണിയെടുത്ത് ഗിസായിലെ മൂന്ന് പിരമിഡുകളിൽ ഒന്നെങ്കിലും നിലംപറ്റിക്കുവാൻ നോക്കി . പക്ഷെ ദിവസം വെറും ഒന്നോരണ്ടോ കല്ലുകൾ മാത്രമാണ് അവർക്കിളക്കിമാറ്റുവാൻ സാധിച്ചത് . താഴേയ്ക്ക് വീണ കൂറ്റൻകല്ലുകൾ മണലിലാണ്ടുപോയത് മറ്റൊരു തലവേദനയായി. അതുപയോഗിച്ച് വേറെന്തെങ്കിലും നിർമ്മിക്കണമെങ്കിൽ മണ്ണിൽനിന്നും ആ കല്ലുകൾ വീണ്ടെടുക്കണം . അവസാനം ആപ്പുകൾ അടിച്ചുകയറ്റി കല്ലുകൾ പൊട്ടിച്ച് ചക്രങ്ങളിൽ അവിടെനിന്നും നീക്കം ചെയ്തുതുടങ്ങി . പക്ഷെ വൈകാതെതന്നെ തങ്ങൾ ചെയ്യുന്ന പണിയുടെ വ്യാപ്തി അവർക്ക് പിടികിട്ടി . അതോടെ ആ നീക്കം ഉപേക്ഷിച്ചു. അന്നവർ നീക്കം ചെയ്തഭാഗമാണ് താഴെ ചിത്രത്തിൽ നമ്മെ നോക്കി ഇളിച്ചുകാട്ടുന്നത് . ഗിസായിലെ Pyramid of Menkaure യുടെ വടക്കേമുഖമാണിത് . റോമാക്കാർ ഇടിച്ചുനിരത്തിയ Pyramid of Djedefre യുടെ ചിത്രം കമന്റിലുണ്ട്. പക്ഷെ ഇന്ന് ഇതൊക്കെ മാന്യമായ രീതിയിൽ സംരക്ഷിക്കുവാൻ ഈജിപ്തുകാർ പ്രയത്നിക്കുന്നുണ്ട് എന്നത് പ്രശംസനീയമാണ് .

Julius Manuel
ചാനൽ : http://yt.vu/+julius

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ