Welcome to Hell !

Welcome to Hell ! 1

മാനം കറുത്തിരുണ്ടിരിക്കുന്നു ! വെളിച്ചം തീരെയില്ല. മണിക്കൂറുകളായി മഴപെയ്തുകൊണ്ടിരിക്കുകയാണ് . മൊറാഗ് ഇപ്പോൾ നിൽക്കുന്ന ഫാം ഹൌസിൽ നിന്നും നല്ല ദൂരമുണ്ട് ഗുഹയുടെ പ്രവേശനദ്വാരത്തിലേക്ക് . എന്തായാലും അവിടംവരെ പോയിനോക്കാൻ തന്നെ അവൾ തീരുമാനിച്ചു . കാരണം ആ ഗുഹയുടെ ഉള്ളിലേക്ക് കയറിപ്പോയ ആറുപേരിൽ ഒരാൾ അവളെ വിവാഹം ചെയ്യാൻപോകുന്ന ആളാണ് . ക്ഷമ നശിച്ച അവൾ നിർത്താതെ ഓടി . ഗുഹയുടെ ഉള്ളിലേക്ക് ഒഴുകിയിറങ്ങി അവിടെവെച്ച് പാതാളത്തിലെക്ക് അപ്രത്യക്ഷമാകുന്ന മൊസ്ഡെയിൽ ബെക്ക് എന്ന അരുവി കരകവിഞ്ഞിരിക്കുന്നു. ഗുഹാമുഖത്ത് ചെറുതായി വെള്ളം കെട്ടി നിൽപ്പുണ്ട് . മൊസ്ഡെയിൽ സ്കാർ എന്ന മലയുടെ ഉള്ളിലേക്കാണ് അരുവിയും തൻ്റെ പ്രിയതമനും പോയ്‌മറഞ്ഞിരിക്കുന്നത് . ഡേവ് ആഡംസൺ പരിചയസമ്പന്നനായ ഗുഹാപര്യവേഷകനാണ് . അതിനാൽ പേടിക്കാനില്ല . അവൻ ഈ ഗുഹയിൽ ഇതിനുമുൻപും വന്നിട്ടുണ്ട്. സുരക്ഷിതമായി ഇരിക്കാനുള്ള സ്ഥലങ്ങളെക്കുറിച്ച് ഉറപ്പായും ആഡംസണിന് അറിവുണ്ടായിരിക്കും . ഈവിധ ചിന്തകളുമായി അവൾ സാവധാനം തിരിച്ച് ഫാം ഹൌസിലേക്ക് നടന്നു .

Advertisements

മൊറാഗിന് ഉറങ്ങാൻ കഴിഞ്ഞില്ല . ആകാശത്ത് മിന്നൽപിണറുകൾ തലങ്ങും വിലങ്ങും പായുന്നു . മഴകൂടുതൽ ശക്തിയാർജ്ജിക്കുകയാണ് . അവർ ഇതുവരെയും മടങ്ങിവന്നിട്ടില്ല. ക്ഷമനശിച്ച അവൾ വീണ്ടും ആ ചെകുത്താൻമലയുടെ താഴ്വാരത്തിലേക്ക് ഓടി . കാര്യങ്ങൾ മുൻപ് കണ്ടതുപോലെയല്ല . ജലം ഉയർന്ന് ഗുഹാമുഖം അപ്പാടെ മൂടിപ്പോയിരിക്കുന്നു ! അവിടെയൊരു തടാകമാണ് ഇപ്പോഴുള്ളത് !

“ഡേവ് …….!!!!!!!! ” അവൾ ഉറക്കെവിളിച്ചു. പക്ഷെ കനത്തപേമാരിയിലും, ഭ്രാന്തമായി ഒഴുകുന്ന അരുവിയുടെ വന്യമായ ശബ്ദത്തിനുമിടയിൽ അതാര് കേൾക്കാനാണ് ? ഇനി ഒന്നും ആലോചിക്കാനില്ല . രാത്രി ഒൻപതുമണി കഴിഞ്ഞിരിക്കുന്നു. നാല് കിലോമീറ്റർ അകലെയുള്ള യാൺ ബെറി ഫാമിൽ ചെന്നാൽ പോലീസിനെ ഫോൺ വിളിക്കാനാവും . ഒട്ടുംസമയം കളയാതെ നിലവിളിച്ചുകൊണ്ട് അവൾ ഓടി. ആ കിരാതരാത്രിയിൽ താൻ ഒറ്റക്കാണെന്നോ ഇത്രയും ദൂരം ഓടിയെത്താനാകുമോ എന്നൊന്നും അവൾ ആലോചിച്ചതേയില്ല . എങ്ങിനെയൊക്കെയോ ഫാമിലെത്തിയ അവൾ ഉടമസ്ഥനോട് കാര്യങ്ങൾ പറഞ്ഞൊപ്പിച്ചു . ഗൗരവം മനസിലാക്കിയ ആയാൾ ഉടൻതന്നെ പോലീസിനെ വിവരമറിയിച്ചു . അങ്ങിനെ ഏകദേശം പതിനൊന്ന് മണികഴിഞ്ഞപ്പോൾ പോലീസും, രക്ഷാപ്രവർത്തകരും , നാട്ടുകാരും ഗുഹാമുഖത്ത് തടിച്ചുകൂടി. അവിടെ വലിയൊരു തടാകം തന്നെ രൂപപ്പെട്ടിരുന്നതിനാൽ രക്ഷാപ്രവർത്തകർക്ക് ഉള്ളിലേക്ക് കടക്കുവാൻ സാധിക്കുമായിരുന്നില്ല . ഗുഹമുഴുവനും വെള്ളം കയറിയിട്ടുണ്ടാവുമെന്ന് നാട്ടുകാരിൽ ചിലർ അടക്കം പറഞ്ഞു .

“അയാളെ വിളിക്ക് …… ആ ബോബിനെ! അയാൾക്ക് മാത്രമേ ഇനി അകത്തേക്ക് പോകുവാൻ സാധിക്കൂ !! ‘ ആരോ ഉറക്കെ വിളിച്ചു പറഞ്ഞു . കേവ്ഡൈവർമാരിൽ ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് ബോബ് ലീകെയ് . ഈ ഗുഹ അദ്ദേഹത്തിന് കയ്യടയാളങ്ങൾ പോലെ സുപരിചിതമാണ് . അപ്പോഴേയ്ക്കും ഗുഹാമുഖത്ത് കെട്ടിക്കിടന്നിരുന്ന ജലം മുഴുവനും വഴിതിരിച്ചുവിടുവാനുള്ള ശ്രമങ്ങൾ ആളുകൾ തുടങ്ങിക്കഴിഞ്ഞിരുന്നു .


1960 കളിൽ ബ്രിട്ടനിൽ ഗുഹാപര്യവേഷണം ചെറുപ്പക്കാരുടെ ഇടയിൽ വല്ലാത്തൊരു ലഹരി തന്നെയായി മാറിയിരുന്നു . ചിലർക്ക് ഭൂമിക്കടിയിലുള്ള മറ്റൊരു ലോകം കാണുവാനുള്ള കൊതി, മറ്റുചിലർക്ക് സാഹസികത, വേറൊരുകൂട്ടർക്ക് പഠനം അങ്ങിനെ പലർക്കും പലകാരണങ്ങളായിരുന്നു പറയുവാനുണ്ടായിരുന്നത് . ഒരു പോത്തോലർ ( potholer- ഗുഹാപര്യവേഷകൻ ) എന്നറിയപ്പെടുവാൻ ചെറുപ്പക്കാർ കൊതിച്ചിരുന്ന ഒരുകാലമായിരുന്നു അത്. അനേകം കേവ് ക്ളബുകളും ഇതിനോടനുബന്ധിച്ച് യൂറോപ്പിലുടനീളം കൂണുകൾ പോലെ മുളച്ചുപൊന്തി . ഇന്നറിയപ്പെടുന്ന പലഗുഹകളും കണ്ടുപിടിച്ചതും , മാപ് ചെയ്യപ്പെട്ടതും ഇതേകാലയളവിലാണ് . ഈ കാലഘട്ടത്തിൽ തന്നെയാണ് കേവ്ഡൈവർമാരുടെ തലതൊട്ടപ്പനായ ബോബ് ലീകെയ് ജീവിച്ചിരുന്നത്. ഇൻഗ്ലണ്ടിലെ യോർക്ക്ഷെയർ ഡെയിൽസിലുള്ള മൊസ്ഡെയ്ൽ ഗുഹ അദ്ദേഹത്തിൻ്റെ പ്രധാനകളിയരങ്ങുകളിൽ ഒന്നുതന്നെയായിരുന്നു . ജലത്തോടുള്ള ഭയം, ഒറ്റക്കൊരു മുറിയിൽ ഇരിക്കുവാനുള്ള പേടി തുടങ്ങി അനേകം മാനസികബുദ്ധിമുട്ടുകൾ ചെറുപ്പം മുതലേ ഉണ്ടായിരുന്ന ബോബ്, ഇതിനെയൊക്ക അതിജീവിക്കുവാനും വെല്ലുവിളിച്ച് തോൽപ്പിക്കുവാനുമാണ് ഗുഹാപര്യവേഷണം തൻ്റെ ജീവിതകലയാക്കി മാറ്റുവാൻ തീരുമാനിച്ചത് .

ചുണ്ണാമ്പ് പാറക്കൂട്ടങ്ങളാൽ നിബിഡമാണ് യോർക്ക്ഷെയർ ഡെയിൽ. അതിനാൽ തന്നെ മഴവെള്ളം കുത്തിയൊഴുകി പാറകൾക്കിടയിലെ മൃദുലഭാഗങ്ങളെ ദ്രവിപ്പിച്ച് വൻവിടവുകളുണ്ടാകാനും, അതുപിന്നീട് ഭീമൻ ഭൂഗർഭഗുഹകളായി പരിണമിക്കുവാനുമുള്ള സാധ്യത ഇവിടുണ്ട് . അങ്ങിനെ നൂറ്റാണ്ടുകൾക്കൊണ്ട് രൂപമെടുത്ത ഒരു ഗുഹാശൃംഗലയാണ് മൊസ്ഡെയ്ൽ ഗുഹ. സമനിരപ്പിൽ നിന്നും കുത്തനെ പുറത്തേക്ക് മലച്ച് നിൽക്കുന്ന മൊസ്ഡെയ്ൽ സ്കാർ എന്ന മലയുടെ അടിത്തട്ടിലുള്ള ചെറിയൊരു വിടവാണ് മൈലുകളോളം, എണ്ണിയാലൊടുങ്ങാത്തത്ര കൈവഴികളുമായി ചുറ്റിപ്പിണഞ്ഞുകിടക്കുന്ന ഈ ഗുഹാശൃംഖലയിലേക്ക് കടക്കാനുള്ള ഏകപ്രവേശന ദ്വാരം. ഇതേ പ്രവേശനകവാടം വഴിതന്നെയാണ് മൊസ്ഡെയിൽ ബെക്ക് എന്ന അരുവി ഗുഹക്കുള്ളിലേക്ക് പ്രവേശിക്കുന്നതും അവിടെവെച്ച് അപ്രത്യക്ഷമാകുന്നതും .

Advertisements

ബോബ് ലീകെയ് തികച്ചും ഒറ്റയ്ക്ക് തന്നെയാണ് ഈ ഗുഹയിലിറങ്ങി പര്യവേഷണം നടത്തിയിരുന്നത് . തികച്ചും പരുക്കനായ ഒരു ഡെയർ ഡെവിൾ തന്നെയായിരുന്നു ബോബ്. പക്ഷെ മൊസ്ഡെയ്ൽ തൻ്റെ ധൈര്യത്തെ വെല്ലുവിളിച്ച സ്ഥലം തന്നെയായിരുന്നു എന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു . ആകെയുള്ള ചെറുകവാടത്തിലൂടെ ഞുഴഞ്ഞുവേണം അകത്തേക്ക് കയറുവാൻ . പാതാളക്കുഴിയിലേക്ക് അലച്ചുതല്ലി വീഴുന്ന മൊസ്ഡെയ്ൽ ബൈക്കിന്റെ ശബ്ദംകാരണം ആദ്യമേതന്നെ കയറുന്നവരുടെ ചെവിയടഞ്ഞുപോകും . ശേഷം വടക്കോട്ട് മൂന്ന് കൈവഴികളാണുള്ളത് . അതിൽ രണ്ടെണ്ണവും ഭൂമിയുടെ ഗർഭപാത്രത്തിലേക്കുള്ള വഴികളാണ്. ഇരുട്ട് നിറഞ്ഞ മൂന്നാമത്തെ പാതയാണ് സഞ്ചാരി തിരഞ്ഞെടുക്കേണ്ടത് . ചെളിനിറഞ്ഞ ചതുപ്പിലൂടെ കാലുകൾ എടുത്തെടുത്ത് വെച്ചുവേണം നീങ്ങേണ്ടത് . ഈഭാഗം ബുദ്ധിമുട്ടി കടന്നുകഴിഞ്ഞാൽ വിശാലമായ വലിയൊരു ഗുഹ നമ്മുടെ മുന്നിൽ തെളിയും . ഇവിടെ വേണമെങ്കിൽ അൽപ്പം വിശ്രമിക്കാം . ഇനി മുന്നേറുന്നത് നമ്മുടെ ലക്ഷ്യമെന്താണോ അതിനനുസരിച്ചാവണം . വെറുമൊരു സഞ്ചാരിയാണെങ്കിൽ പടിഞ്ഞാറോട്ടു കിടക്കുന്ന ഏതെങ്കിലും വഴികൾ തിരഞ്ഞെടുക്കാം. കുറേദൂരം തിങ്ങിഞെരുങ്ങി യാത്ര ചെയ്‌താൽ ഡെഡ് എൻഡ് ആണ് . മൊസ്ഡെയിൽ സ്കാർ എന്ന മലയുടെ ഉള്ളിലാണ് നാമിപ്പോൾ. ഇനി മുന്നോട്ട് വഴികളില്ല. ഒരു ഗുഹാപര്യവേഷണം നടത്തി എന്ന സംതൃപ്തിയോടെ ആളുകൾക്ക് തിരിച്ചുപോകാം .

Welcome to Hell ! 2

നിങ്ങളൊരു പര്യവേഷകനോ, സാഹസികയാത്രികനോ, കേവ് ഡൈവറോ ആണെങ്കിൽ വീണ്ടും വടക്കോട്ടാണ് നീങ്ങേണ്ടത് . ചതുപ്പ് നിറഞ്ഞ വഴികളിലൂടെ മുന്നേറിയാൽ ചെറിയൊരു ഭൂഗർഭതടാകമായിരുന്നും നമ്മെ വരവേൽക്കുന്നത് . ഇവിടെ നിന്നും ഇടത്തേക്കും വലത്തേക്കും വഴികളുണ്ട്. അതൊക്കെയും താരതമ്യേന സുരക്ഷിതമാണ് . പക്ഷെ ഒരു സാഹസികൻ അങ്ങോട്ടേക്കല്ല പോകേണ്ടത്. അവൻ തൻ്റെ സിമ്മിങ് സ്യൂട്ടെടുത്ത് ധരിച്ച് നേരെ തടാകത്തിലേക്ക് ചാടണം . ശക്തിയേറിയ ഹെഡ് ലൈറ്റ് ഉപയോഗിച്ചാൽ പോലും നിങ്ങളുടെ മൂക്കിനപ്പുറത്തേക്ക് കാണുവാൻ പ്രയാസമാകും . നീർക്കാംകുഴി ഇട്ടശേഷം പൊങ്ങി നോക്കുവാൻ ശ്രമിക്കരുത് . കാരണം ഗുഹയുടെ മേൽഭാഗം ഇപ്പോൾ തടാകത്തിനടിയിലാണ് ! വീണ്ടും മുന്നോട്ട് നീങ്ങിയാൽ ഉയരാൻ പാകത്തിൽ ചെറിയൊരു വിടവുണ്ട് . നേരെ പൊങ്ങിയാൽ ചെന്നുകയറുന്നത് നിങ്ങൾ കരുതുന്നതുപോലെ തടാകതീരത്തേക്കല്ല , മറിച്ച്അടുക്കളയിലെ ചിമ്മിനി പോലെ മുകളിലേക്ക് പോകുന്ന ഒരു ടണലിനുള്ളിലേക്കാണ് ! ആ തുരങ്കത്തിലൂടെ അള്ളിപ്പിടിച്ച് കയറി മുകളിലേക്ക് കയറിയാൽ മറ്റൊരു ഗുഹയിലേക്കാവും ചെന്നെത്തുക ! ബൗൾഡർ ഹാൾ എന്ന പേരുള്ള ഇവിടെ വേണമെങ്കിൽ അൽപ്പം വിശ്രമം ആകാം. പക്ഷെ ഇന്ന് തന്നെ തിരിച്ചുപോരേണ്ടതുണ്ടെങ്കിൽ അതിന് നിൽക്കേണ്ടതില്ല . വീണ്ടും ചതുപ്പ് നിറഞ്ഞ വഴികളിലൂടെ മുന്നോട്ട്. ഒരു കാട്ടുപന്നിക്ക് കഷ്ടിച്ച് കടന്നുപോകാൻ വലിപ്പം മാത്രമുള്ള ചെറുതുരങ്കങ്ങളും, അനേകം കുഴികളും, കുളങ്ങളും താണ്ടി മണിക്കൂറുകൾ ചിലവഴിച്ച് മുന്നേറിയാൽ നീണ്ടുനിവർന്നു കിടക്കുന്ന മാരത്തോൺ ഇടനാഴിയിലാവും നാം ചെന്നെത്തേണ്ടത്. നമ്മുടെ കഥയുടെ ബാക്കി ഭാഗം ഇനി അവിടെ നിന്നും ആരംഭിക്കാം !

1967 ജൂൺ 24 ശനിയാഴ്ച ഉച്ചതിരിഞ്ഞു രണ്ടുമണി . പത്തുപേർ അടങ്ങുന്ന ഒരുസംഘം ചെറുപ്പക്കാർ മൊസ്ഡെയ്ൽ ഗുഹയുടെ മുന്നിൽ എത്തിച്ചേർന്നു. രണ്ടുപെൺകുട്ടികളും അവരുടെ സംഘത്തിൽ ഉണ്ടായിരുന്നു . രണ്ട് വ്യത്യസ്തയൂണിവേഴ്സിറ്റി കേവിങ് ക്ളബുകളിലെ അംഗങ്ങളായിരുന്നു അവർ. ബോബ് ലീകെയുടെ പര്യവേഷണകഥകളിൽ അത്‌ഭുതംകൂറി ഒരുനാൾ രാവിലെ സാഹസികതയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടവരായിരുന്നില്ല അവരിൽ പലരും . സംഘത്തലവനായിരുന്ന ഡേവിഡ് ആഡംസൺ ഈ ഗുഹയ്ക്കുള്ളിൽ പലവട്ടം ഇറങ്ങിയിട്ടുള്ള ആളുമാണ് . 26 വയസുള്ള ആഡംസൺ തന്നെയായിരുന്നു ആ സംഘത്തിലെ ഏറ്റവും മുതിർന്ന ആൾ എന്ന് പറയുമ്പോൾ എത്രത്തോളം ചെറുപ്പക്കാരായിരുന്നു ആ ഗ്രൂപ്പിൽ ഉണ്ടായിരുന്നുവെന്നത് ഊഹിക്കാമല്ലോ . (17 വയസ് പ്രായമുണ്ടായിരുന്ന മൈക്കിൾ റയാൻ ആയിരുന്നു ഏറ്റവും ഇളയ ആൾ ). ഡേവ് ആഡംസൺ ആ സംഘത്തെ രണ്ടായി പകുത്തു. രണ്ടുപെണ്ണുങ്ങൾ ഉൾപ്പെടുന്ന നാലുപേരുടെ ഒരു സംഘവും , ബാക്കിയുള്ള ആറ് ചെറുപ്പക്കാർ ഉൾപ്പെടുന്ന മറ്റൊരു ഗ്രൂപ്പും . ലീഡ്സ് സർവകലാശാലയിൽ നിന്നുള്ള ആഡംസണും, കൂട്ടുകാരൻ ജിയോഫും ഈ പരിപാടിക്ക് ഇന്നിറങ്ങിയത് ഒരൊറ്റ ലക്ഷ്യം മനസിൽ വെച്ചുകൊണ്ടാണ് . ഗുഹയിൽ മാരത്തോൺ ഇടനാഴിക്ക് ശേഷം വളരെ ദൂരെയല്ലാത്ത ഒരു പോയിന്റ് വരെയാണ് ഇപ്പോൾ ആളുകൾക്ക് പോകുവാൻ സാധിക്കുന്നത്. അതിന് ശേഷം കട്ടികുറഞ്ഞ ഒരു കൽഭിത്തി മുന്നോട്ടുള്ള പ്രയാണം തടസപ്പെടുത്തി നിലകൊള്ളുന്നുണ്ട്. സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് അത് തകർത്ത് ഒരടികൂടിയെങ്കിലും മുന്നേറി , ഈ ഗുഹയിൽ ഏറ്റവും കൂടുതൽ ദൂരത്തിൽ എത്തിച്ചേർന്ന ടീമെന്ന ഖ്യാതി തൻ്റെ യൂണിവേഴ്‌സിറ്റിക്ക് കിട്ടണം എന്ന ആഗ്രഹമായിരുന്നു അവർക്ക് രണ്ടുപേർക്കും. ഈ ഗുഹയിൽ ഇതിന് മുൻപ് ഒരുതവണയെങ്കിലും വന്നിട്ടുള്ളത് ഇവർ രണ്ടുപേർ മാത്രമായിരുന്നു . ഇതിൽ, ആഡംസൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയായിരുന്നു മൊറാഗ്. അവൾ നാലുപേർ അടങ്ങുന്ന സംഘത്തിലാണ് ഉണ്ടായിരുന്നത്. ആ സംഘമാകട്ടെ ഒരു വിനോദയാത്ര പോലെ മറ്റൊരു ഇടനാഴിവഴി കുറച്ചുദൂരം പോയശേഷം തിരികെ പോരും. ബാക്കിയുള്ളവർ മടങ്ങുകയും , ആഡംസനെ കാത്ത് മൊറാഗ് മാത്രം തൊട്ടടുത്തുള്ള ഫാമിൽ കാത്തിരിക്കുകയും ചെയ്യും . ഇതായിരുന്നു ആകെയുള്ള പ്ലാൻ .

അവർ ഗുഹക്കുള്ളിൽ കയറുന്ന സമയം കാലാവസ്ഥ അത്രമോശമല്ലായിരുന്നു. എന്നാൽ ഫോർകാസ്റ്റ് അത്ര സുഖകരമായിരുന്നില്ല. പക്ഷെ എല്ലാം കണക്കുകൂട്ടൽപോലെ നടന്നാൽ കാലാവസ്ഥ മോശമാകും മുൻപ് തന്നെ രണ്ടു ടീമുകൾക്കും പുറത്തുവരുവാൻ സാധിക്കും . സംഘത്തിലുണ്ടായിരുന്ന ഷെപ്പേർഡ് ഇതിനെപ്പറ്റി സൂചിപ്പിച്ചപ്പോൾ , സുരക്ഷിതമായി ഇരിക്കുവാൻ പറ്റിയ ഒന്ന് രണ്ട് സ്ഥലങ്ങൾ തന്ന നേരത്തെ തന്നെ കണ്ടുവെച്ചിട്ടുണ്ട് എന്ന് ആഡംസൺ ഉറപ്പുനൽകി . ആരാണ് ജരാനരകൾ ബാധിച്ച് മരിക്കേണ്ടതെന്നും , ആരൊക്കെയാണ് ചെറുപ്പത്തിലേ തന്നെ ജീവിതത്തിൽ നിന്നും പിൻവാങ്ങേണ്ടതെന്നും വിധി നിർണ്ണയിച്ച നിമിഷങ്ങളായിരുന്നു അത് .

അങ്ങിനെ സംഘം രണ്ടായി തിരിഞ്ഞു. ഡേവ് ആഡംസൺ മറ്റ് അഞ്ചുപേരോടൊപ്പം ഇരുളിൽ മറയുന്നത് മൊറാഗ് ഒരു നിമിഷം നോക്കി നിന്നു . കഷ്ടിച്ച് നാൽപ്പത് മിനിറ്റ് മാത്രം ദൂരം പോയ് വരാനായിരുന്നു നാൽവർ സംഘത്തിന്റെ പ്ലാൻ. ആയാസം കുറഞ്ഞ ആ ട്രിപ്പ് യഥാസമയം പൂർത്തിയാക്കി അവർ വൈകിട്ട് അഞ്ചുമണിയോട് കൂടി ഗുഹയ്ക്ക് പുറത്തിറങ്ങി . നേരത്തെ പറഞ്ഞതുപോലെ കൂടെയുള്ള രണ്ടാമത്തെ പെൺകുട്ടിയെ വീട്ടിലാക്കുവാൻ രണ്ട് ആണുങ്ങളും തിരികെ പട്ടണത്തിലേക്ക് പോകുകയും, മോർഗ് മാത്രം ഡേവിനെയും കാത്ത് ഫാമിൽ ചിലവഴിക്കുകയും ചെയ്തു. അപ്പോഴും കാലാവസ്ഥ അത്ര മോശമായിരുന്നില്ല. എങ്കിലും ആകാശത്തുനിന്നും ഒരു വൻചോർച്ചയുടെ മുന്നോടിയായി ഒന്നു രണ്ട് തുള്ളികൾ താഴേക്ക് പതിച്ചു .

മണിക്കൂറുകൾ പിന്നിട്ട ആയാസകരമായ യാത്രയ്ക്ക് ശേഷം ആഡംസണും സംഘവും മാരത്തോൺ ഇടനാഴിയുടെ മുന്നിൽ എത്തിച്ചേർന്നു . കൗതുകകരമായ മറ്റൊരു ലോകം കണ്ട് സംഘത്തിലെ പുതിയ ചെറുപ്പക്കാർ ആകെ ആവേശഭരിതരായി . കോളേജിൽ ചെന്ന് പറഞ്ഞാൽ ആരെങ്കിലും ഇതൊക്കെ വിശ്വസിക്കുമോ എന്നായി സംശയം . കണക്കുകൂട്ടിയതിലും മുന്നേയാണ് അവർ ഇവിടം വരെ എത്തിയിരിക്കുന്നത്. ആവേശം വാനോളമുയർന്നു. ഉച്ചത്തിൽ ചിരിച്ചും, പരസ്പ്പരം കളിയാക്കിയും അവർ വീണ്ടും മുന്നോട്ട് നടന്നു . പെട്ടന്ന് വിചിത്രമായ ഒരു ശബ്ദം കേട്ട് എല്ലാവരും ഒന്ന് നിന്നു ! എന്താണത് ? എന്തൊക്കെയോ ആർത്തലച്ച് ഉരുണ്ടുവരുന്നതുപോലുണ്ട് .

“നമ്മുടെ മുകളിലൂടെ ഏതെങ്കിലും പുഴ ഒഴുകുന്നുണ്ടോ ? ” ഒരാൾ ആകാംക്ഷയോടെ ചോദിച്ചു .

“അതാ ആ തുരങ്കം വഴി കാറ്റ് വരുന്നു ” മറ്റൊരാൾ പറഞ്ഞു .

അതുകേട്ടതും ആഡംസൺ ഞെട്ടി .

“അത് വെള്ളമാണ് ! ഗുഹയിൽ വെള്ളം കയറിയിരിക്കുന്നു ! ”

ഇതേ സമയം മുകളിൽ ഇടിവെട്ടി മഴപെയ്തു തുടങ്ങിയിരുന്നു . മോർഗ് ഭയപ്പെട്ടതേയില്ല . ഒരുപക്ഷെ അവർ തിരികെ വരുവാൻ ഇനിയും താമസിച്ചേക്കാം. വെള്ളം അധികമായാൽ കയറിയിരിക്കാനുള്ള വഴികളൊക്കെ അവർക്കറിയാമല്ലോ . പക്ഷെ ഫോർകാസ്റ്റിൽ പറഞ്ഞതുപോലായിരുന്നില്ല മഴയുടെ വരവ്. നിമിഷങ്ങൾക്കുള്ളിൽ മൊസ്ഡെയ്ൽ ബെക്കിൽ ജലം നിറഞ്ഞു . ഗുഹാമുഖം വരെ ഒന്ന് പോയ് നോക്കുന്നതാണ് നല്ലതെന്ന് അവൾക്ക് തോന്നി .

ഇതേസമയം അനേകം അടികൾ താഴെ കാര്യങ്ങൾ മറ്റൊരു രീതിയിലായിരുന്നു പൊയ്ക്കൊണ്ടിരുന്നത്. മാരത്തോൺ ഇടനാഴിയിലൂടെ കമഴ്ന്നുകിടന്നു നിരങ്ങിയാണ് അവർ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്. ഒരാൾ കുനിഞ്ഞിരിക്കുവാനുള്ള സ്ഥലം പോലും അവിടില്ല. തലയുടെ തൊട്ടുമുകളിലാണ് ഗുഹയുടെ മുകൾഭാഗം . അതിനു മുകളിലൂടെ ജലമൊഴുകുന്ന ശബ്ദം അവർ വ്യക്തമായി കേട്ടു . തിരികെ നിരങ്ങിയിറങ്ങുന്നത് തീർത്തും സാധ്യമല്ല. മുന്നോട്ട് പോകുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്നുമില്ല . അവർ തങ്ങളുടെ ഇഴച്ചിലിന്റെ വേഗത വർധിപ്പിച്ചു. എങ്ങിനെയും മാരത്തോൺ ഇടനാഴി കടന്നുകിട്ടണം . ഉദിച്ചുയരുന്ന സൂര്യനും, ശുദ്ധവായുവുമൊക്കെ ഇനി ആസ്വദിക്കാനാവുമോ എന്ന് അവരിൽ പലരും സംശയിച്ചു . ഇല്ല ഇനി നമ്മിലാരും പുറംലോകം കാണില്ല. ഈ ഗുഹയാണ് ഞങ്ങളുടെ ശവക്കുഴി !

ഇതേസമയം മുകളിൽ രക്ഷാപ്രവർത്തകർ എത്തിക്കഴിഞ്ഞിരുന്നു . സമയം രാത്രി പതിനൊന്നു മണി കഴിഞ്ഞു . മൊസ്ഡെയ്ൽ ബെക്കിന് കുറുകെ വളരെ വേഗത്തിൽ മണ്ണ്കൊണ്ട് ഒരു തടയണകെട്ടുവാൻ ആളുകൾ തീരുമാനിച്ചു. അല്ലെങ്കിൽ കൂടുതൽ മഴവെള്ളം ഗുഹയ്ക്കുള്ളിലേക്ക് കയറുകയും രക്ഷാപ്രവർത്തനം തീർത്തും അസാധ്യമാക്കുകയും ചെയ്യും ! ഒരു കേവ് ഡൈവർ എപ്പൊഴും മരണം മുന്നിൽക്കണ്ടാണ് മുന്നോട്ട് നീങ്ങുന്നത്. കാരണം, എന്തെങ്കിലും സംഭവിച്ചാൽ അവനെ സഹായിക്കാൻ അവനു മാത്രമേ സാധിക്കൂ . അല്ലെങ്കിൽ പുറത്തുനിന്നും മറ്റൊരു ഡൈവർ ധൈര്യസമേതം എത്തണം ! അതെ സാക്ഷാൽ ബോബ് ലീകെയ് തന്നെ അവസാനം എത്തിച്ചേർന്നു . ഈ ഗുഹയെക്കുറിച്ച് ഇതിൽക്കൂടുതൽ ആർക്കുമറിയില്ല . അപ്പോഴേയ്ക്കും മൊസ്ഡെയ്ൽ ഒരു തടാകമായിമാറിക്കഴിഞ്ഞിരുന്നു . തടാകത്തിനടിയിൽ ഒരു ഗുഹ ! അതിനുള്ളിൽ ആറുപേർ ! തനിക്കറിയാവുന്ന കാര്യങ്ങൾ വെച്ച് ബോബ് ഒരു അനുമാനത്തിൽ എത്തി . വെള്ളത്തിനടിയിലൂടെ മുങ്ങിച്ചെന്നാലും തനിക്ക് മാരത്തോൺ ഇടനാഴിയിലൂടെ മുന്നോട്ട് പോകുവാൻ സാധ്യമല്ല . അവർ അകത്തുകടന്ന സമയം വെച്ച് നോക്കിയാൽ സംഘം ഇപ്പോൾ അതിനും അപ്പുറത്താണ് . എന്നാൽ അവിടെയും വെള്ളം കയറാൻ സാധ്യതയില്ല എന്ന് ബോബ് കരുതുന്ന രണ്ട് സഥലങ്ങളെങ്കിലും ഉണ്ട് . അത് ഒരുപക്ഷെ ആഡംസണും അറിവുണ്ടായിരിക്കും . അവർ അവിടെയുണ്ടെങ്കിൽ മറ്റൊരു വഴിയിലൂടെ അവിടെ ചെന്നാൽ ഒരുപക്ഷെ രക്ഷിക്കാനായേക്കും. പക്ഷെ അവർ അവിടെ തന്നെ ഉണ്ടാവണം !

തൊട്ടടുത്തുള്ള കൃഷിയിടങ്ങളിൽ നിന്നും അനേകം ട്രാക്ടറുകൾ സ്ഥലത്തെത്തി. സത്യത്തിൽ ആർക്കും എവിടെ തുടങ്ങണം എന്നറിയില്ലായിരുന്നു . ബണ്ടുകൾ കെട്ടിയും, പുഴയെ വഴിതിരിച്ചുവിടാനും അവർ കാര്യമായി തന്നെ പ്രയത്നിച്ചു . നേരം പുലർന്നപ്പോൾ പത്തടി ഉയരവും, പതിനഞ്ചടി ഘനവുമുള്ള ഒരു തടയണ അവർ കെട്ടിയുയർത്തിയിരുന്നു. പലരും ആവശ്യത്തിന്ആയുധങ്ങൾ കിട്ടാനില്ലാത്തതിനാൽ വെറുംകൈകൾ കൊണ്ടാണ് രാത്രിമുഴുവനും പണിയെടുത്തത് . രക്ഷാപ്രവർത്തകർ പതിനായിരത്തോളം മണൽച്ചാക്കുകൾ നിരത്തി അരുവിയുടെ ഒഴുക്കിനെ വഴിതിരിച്ചുവിട്ടു . പ്രഭാതമായതോടെ പത്തൊൻപത് ഫയർ പമ്പുകളും എത്തിച്ചേർന്നു . അപ്പോഴേയ്ക്കും പ്രശസ്ത കേവ് ഡൈവറായ ജിം ഐറും സ്ഥലത്തെത്തി. ജലനിരപ്പ് സാവധാനം താണുതുടങ്ങി . കുറച്ചുകഴിഞ്ഞപ്പോൾ ബോബ് വെറുംകൈയാലെ തിരികെയെത്തി . അതോടെ ജിമ്മും സംഘവും ഗുഹയിലേക്ക് കയറുവാൻ തീരുമാനിച്ചു. എതിർപ്പുകളെ അവഗണിച്ച് തങ്ങളുടെ കൂട്ടുകാരെ തേടി ആദ്യസംഘത്തിലുണ്ടായിരുന്ന രണ്ട് ചെറുപ്പക്കാരും ജിമ്മിന്റെ കൂടെ ഗുഹയിലേക്ക് ഊളിയിട്ടു .

അവർ മാരത്തോൺ ഇടനാഴിയിൽ എത്തിച്ചേർന്നപ്പോഴേക്കും പ്രളയജലം മുഴുവനും ഒഴുകിപ്പോയിരുന്നു . ഇടനാഴി തീർത്തും വരണ്ടുകിടന്നിരുന്നു . അത് ശ്മശാനത്തിലെ നിശ്ശബ്ദതപോലെ ജിമ്മിന് തോന്നി . തൊള്ളായിരം അടിദൂരം മുട്ടിലിഴഞ്ഞു നീങ്ങിവേണം മാരത്തോൺ ഇടനാഴിയുടെ അപ്പുറത്തെത്തുവാൻ . പകുതി ദൂരം പിന്നിട്ടപ്പോഴക്കും ആദ്യത്തെ രണ്ടുപേരുടെ ശവശരീരങ്ങൾ കണ്ടെത്തി . പേടിച്ച് നിലവിളിക്കുന്ന മട്ടിലായിരുന്നു അവരുടെ മുഖങ്ങൾ . വീണ്ടും മുന്നോട്ട് നീങ്ങിയപ്പോൾ അടുത്ത മൂന്ന് പേരുടെ ശരീരങ്ങൾ കൂടി കണ്ടെത്താനായി . വിറങ്ങലിച്ച് പരസ്പ്പരം കെട്ടിപ്പിടിച്ച നിലയിലായിരുന്നു അവർ . ആറാമത്തെ ആളുടെ ശരീരം അവിടെങ്ങും കാണുവാൻ സാധിച്ചില്ല . ഒരാൾക്ക് മാത്രം കടന്നുപോകുവാൻ സ്ഥലമുള്ള അനേകം ഇടനാഴികളിലൂടെ ഈ ശരീരങ്ങൾ പുറത്തെത്തിക്കാനാവുമായിരുന്നില്ല . നിറകണ്ണുകളോടെ അവരെ അവിടെത്തന്നെ ഉപേക്ഷിച്ച് ജിമ്മും സംഘവും പുറത്തുകടന്നു. ആറാമനായിരുന്ന ജോൺ ഒഗ്‌ടൺ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാവുമോ എന്നവർക്ക് സംശയം ഉദിച്ചു . പരിചയ സമ്പന്നനായ ജോൺ ഏതെങ്കിലും സ്ഥലത്ത് ജീവനോടെ കാണില്ലേ ?

വീണ്ടും ഒരു തവണകൂടി അവർ ഗുഹയിലിറങ്ങി തിരച്ചിൽ നടത്തിയെങ്കിലും ജോണിനെ കണ്ടെത്താനായില്ല . കൈകൊണ്ട് കെട്ടിയുണ്ടാക്കിയ തടയണ ഇതിനോടകം തകർന്നിരുന്നു. വീണ്ടും ഗുഹയ്ക്കുള്ളിൽ ജലം കയറിയത്തോടു കൂടി ജോണിനെ കണ്ടെത്തുവാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കേണ്ടി വന്നു . പക്ഷെ ചൊവ്വാഴ്ച രാത്രിയോടെ ജോണിന്റെ സുഹൃത്തായിരുന്ന ബ്രിയാൻ മറ്റ് ആറുപേരോടൊപ്പം അവസാന ശ്രമമെന്ന നിലയിൽ ഒരിക്കൽക്കൂടി ഗുഹയിലിറങ്ങി . മറ്റുള്ളവരുടെ ശരീരങ്ങൾ കിടന്നിരുന്ന മാരത്തോൺ ഇടനാഴിയും കഴിഞ്ഞു മുന്നേറിയ അവർക്ക് നിലത്തുനിന്നും ജോണിന്റെ മോതിരം ലഭിച്ചു . അവിടം കാര്യമായി തന്നെ പരിശോധിച്ച ബ്രിയാനും സംഘവും അവസാനം ജോണിനെ കണ്ടെത്തുകതന്നെ ചെയ്തു . ഒരുതരി ശ്വാസത്തിനായി മുകളിലേക്ക് ഊളിയിട്ട ജോൺ ഒരു പാറക്കുള്ളിലേക്ക് തലയിട്ട നിലയിലായിരുന്നു കിടന്നിരുന്നത് . അവിടെ കുടുങ്ങിക്കിടന്നിരുന്ന ഒരു എയർ ബബിൾ വലിച്ചെടുക്കാൻ ശ്രമിച്ചതാകാം ജോൺ .

Welcome to Hell ! 3

മൃതശരീരങ്ങൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക് നീണ്ട അഞ്ചുമണിക്കൂർ ദൂരമാണ് ഉണ്ടായിരുന്നത്. പോലീസും, രക്ഷാപ്രവർത്തകരും ചെറുപ്പക്കാരുടെ മാതാപിതാക്കളെ കാര്യങ്ങൾ വിശദമായി ധരിപ്പിച്ചു . മൃതശരീരങ്ങൾ വീണ്ടെടുക്കാനാവില്ല . ഇനിയൊരിക്കലും തങ്ങളുടെ കുട്ടികളെ അവർക്ക് കാണുവാൻ സാധിക്കില്ല. കുട്ടികളുടെ അന്ത്യപ്രാർത്ഥനകൾ ഗുഹാമുഖത്ത് വെച്ച് തന്നെ ചൊല്ലിയ ശേഷം അധികൃതർ സിമന്റുകൊണ്ട് ആകെയുള്ള പ്രവേശനകവാടം കൊട്ടിയടച്ചു . ആളുകൾ പിരിഞ്ഞുതുടങ്ങി . മാതാപിതാക്കൾ പിന്നെയും കുറച്ച്നേരം പ്രാർത്ഥിച്ചും കണ്ണീരൊഴുക്കിയും അവിടെ ചിലവഴിച്ചു . അവസാനം അവരും മടങ്ങി . പക്ഷെ അപ്പോഴും ഗുഹയുടെ വാതിൽപ്പടിയിൽ ഒരു പെൺകുട്ടി ആരെയോ കാത്ത് നിൽപ്പുണ്ടായിരുന്നു ! മൊറാഗിന് അവൻ മരിച്ചു എന്ന് വിശ്വസിക്കുവാൻ കഴിഞ്ഞില്ല അന്നും, ഇന്നും . കുറച്ചുമുൻപല്ലേ അവൻ അകത്തോട്ട് കയറിപ്പോയത് ? തന്നോട് ഇവിടെ കാത്തുനിൽക്കണമെന്നല്ലേ അവൻ പറഞ്ഞിരുന്നത് ?

രണ്ടാം സംഘത്തിലുണ്ടായിരുന്ന നാലുപേരും ഇപ്പോഴും എല്ലാവർഷവും ഇതേ ദിവസം ഈ ഗുഹയിൽ ഒത്തുചേരും . അനുഭവങ്ങൾ പറയും. ശേഷം കണ്ണുകളടച്ച് പ്രാർത്ഥിക്കും . 1970 ൽ ഗുഹ വീണ്ടും തുറന്ന് ആറുപേരുടെയും ഭൗതികാവശിഷ്ടങ്ങൾ തിരികെയെടുത്ത്, ഗുഹക്കുള്ളിൽ, പ്രളയജലം കയറുവാൻ സാധ്യതയില്ലാത്ത മറ്റൊരിടത്ത് വീണ്ടും സംസ്ക്കരിച്ചിട്ടുണ്ട് .

Reference

  1. The Mossdale Tragedy 1967 by Mick Melvin
  2. What lies beneath: Mossdale caving disaster, by Ray Kershaw on www.independent.co.uk

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ