YouTube Content Provider
* Blogger * Translator * Traveler

കടലിൽ നടക്കുന്ന ഒളിച്ചുകളികൾ !

by Julius Manuel
59 പേർ വായിച്ചു
🛑 You are not allowed to use this text content for YouTube Videos without permission 🛑

1831 ജൂൺ 28. സിസിലിയുടെ തെക്കൻ തീരദേശനഗരമായ ഷ്യക്കയിൽ (  Sciacca ) നേരം പുലർന്നു വരുന്നതേ ഉള്ളൂ. അങ്ങകലെ പുറംകടലിൽ നിന്നും പുക ഉയരുന്നതുകണ്ട ജനങ്ങൾ ആകെ ചിന്താകുഴപ്പത്തിലായി. ദൂരെയെവിടെയോ ഏതെങ്കിലും കപ്പലിന് തീപിടിച്ചിരിക്കാം എന്നവർ സംശയിച്ചു. പക്ഷെ കനത്ത പുക തുടർന്നുള്ള ദിവസങ്ങളിലും ദൃശ്യമായതോടേ ആളുകൾ നേരിയ തോതിൽ പരിഭ്രാന്തരായി. ജൂലൈ നാലാം തീയതിയോടുകൂടി സൾഫറിന്റെ രൂക്ഷഗന്ധം പട്ടണത്തിൽ വ്യാപിച്ചു. തങ്ങളുടെ വെള്ളിപ്പാത്രങ്ങൾ കറുത്തുപോയതായി ചിലർ പരാതി പറഞ്ഞു. ജൂലൈ പതിമൂന്നോട് കൂടി ദ്വീപിന്റെ വടക്കൻ ഭാഗങ്ങളിൽ നിന്നുപോലും തൂണുപോലുള്ള പുക ദൃശ്യമായിത്തുടങ്ങി . അന്നേദിവസം ഇതിന് സമീപത്തുകൂടി കടന്നുപോയ ഗുസ്താവോ എന്ന ചെറുകപ്പൽ , കടലിൽ നുരയും പതയും , കുമിളകളും കണ്ടതായി റിപ്പോർട്ട് ചെയ്തു. ഏതോ കടൽവ്യാളി തീ തുപ്പുന്നതായിട്ടാണ് ക്യാപ്റ്റന് തോന്നിയത്. പിറ്റേദിവസം ഇതേ ഭാഗത്ത് ധാരാളം കടൽജീവികൾ ചത്തുപൊങ്ങുന്നതായി മറ്റൊരു കപ്പൽ റിപ്പോർട്ട് ചെയ്തു. അവസാനം ജൂലൈ പതിനേഴിന് സകല ദുരൂഹതകൾക്കും വിരാമമിട്ടുകൊണ്ട് സാമാന്യം വലിയൊരു ദ്വീപ് കടലിൽ നിന്നും ഉയർന്നു വന്നു !

ഏതാണ്ട് അഞ്ചുകിലോമീറ്ററോളം വിസ്താരത്തിൽ കടലിന് മീതെ പ്രത്യക്ഷപ്പെട്ട പുതിയ ദ്വീപിന് കടൽ നിരപ്പിൽ നിന്നും 63 മീറ്റർ ഉയരവും ഉണ്ടായിരുന്നു ! ബ്രിട്ടീഷ് റോയൽ നേവി ഓഫീസർ ആയിരുന്ന ഹംഫ്രി സെൻഹൗസ്, ആഗസ്റ്റ് ഒന്നിന് ദ്വീപ് നേരിൽ കണ്ട് ഉറപ്പിക്കുകയും ഭൂപടത്തിൽ അടയാളപ്പെടുത്തുകയും ചെയ്തു. അദ്ദേഹം അതിന് ഗ്രഹാം ഐലൻഡ് എന്ന് നാമകരണം ചെയ്തു. സമുദ്രം പുതിയൊരു ദ്വീപിന് ജന്മം നല്‌കിയതായുള്ള വാർത്ത യൂറോപ്പിലെങ്ങും പടർന്നു. ട്യുണീഷ്യക്കും, സിസിലിക്കും ഇടയിലുള്ള തന്ത്രപ്രധാനമായ മെഡിറ്ററേനിയൻ സമുദ്രത്തിലെ സിസിലിയൻ ഉൾക്കടലിലാണ് ദ്വീപ് രൂപമെടുത്തിരിക്കുന്നത്. മുക്കുവരും, ഗവേഷകരും, വിവിധരാജ്യങ്ങളുടെ നേവികളും താന്താങ്ങളുടെ സാന്നിധ്യം ദ്വീപിൽ ഉറപ്പിക്കുവാൻ വേണ്ടി ഉടനടി പാഞ്ഞെത്തി. സെൻ ഹൗസ്, താൻ ദ്വീപ് നേരിൽ കണ്ട ദിവസം തന്നെ അത് ബ്രിട്ടന്റെ വകയാണെന്ന് അവകാശവാദം ഉന്നയിച്ചിരുന്നതിനാൽ ഫ്രാൻസും, ഇറ്റലിയും അതിനെ ചോദ്യം ചെയ്തു. പക്ഷെ കരയിലിറങ്ങി ആർക്കും കൊടിനാട്ടുവാൻ പറ്റിയ പരുവത്തിലായിരുന്നില്ല ശൈശവദശയിലുണ്ടായിരുന്ന ആ ദ്വീപ് . അഗ്നിപർവ്വതസ്ഫോടന ഫലമായി ഉണ്ടാവുന്ന തീർത്തും ദുർബലമായ ടെഫ്രാ ( tephra ) എന്ന പദാർത്ഥത്താലായിരുന്നു ദ്വീപ് നിർമ്മിക്കപ്പെട്ടിരുന്നത്. എങ്കിലും ഈ ചെറുദ്വീപിൽ രണ്ട് തടാകങ്ങളും ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നുണ്ട്.

ധാരാളം ജിയോതെർമൽ ആക്റ്റിവിറ്റിയുള്ള സിസിലിയൻ ഉൾക്കടലിൽ ഒട്ടനവധി അഗ്നിപർവ്വതങ്ങൾ കടലിനടിയിൽ തലഉയർത്തി നിൽപ്പുണ്ട് (seamounts) . പാൻറെല്ലെറിയ ( Pantelleria ) പോലുള്ള ദ്വീപുകളാവട്ടെ ഇത്തരം അഗ്നിപർവ്വതങ്ങളുടെ മുകളിൽ തന്നെയാണ് സ്ഥിതിചെയ്യുന്നതും. ഇക്കൂട്ടത്തിൽ പെട്ട ഒരു അഗ്നിപർവ്വതത്തിന്റെ പ്രവർത്തനഫലമായി ആണ് ഗ്രഹാം ദ്വീപ് രൂപമെടുത്തത്.

സിസിലിയൻ തീരത്തുനിന്നും 30 കിലോമീറ്റർ തെക്ക് മാറി മെഡിറ്ററേനിയൻ കടലിനടിയിൽ സ്ഥിതി ചെയ്യുന്ന എംപെഡോക്ളസ് ( Empedocles ) എന്ന സജീവ അഗ്നിപർവ്വതത്തിന് മുകളിലായിരുന്നു ഗ്രഹാം ദ്വീപിന്റെ പിറവി !

എന്നാൽ ഈ ഭാഗത്തെ വോൾക്കാനിക് ആക്ടിവിറ്റിയുടെ ചരിത്രം ചികഞ്ഞ ഗവേഷകർ സത്യത്തിൽ ചെറുതായൊന്ന് അമ്പരന്നു. കാരണം ഗ്രഹാം ദ്വീപ് ഇതിന് മുൻപും പലതവണ കടലിന് മുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ! പല കപ്പലുകളും ഇവിടൊരു ദ്വീപ് ഉള്ളതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദിവസങ്ങൾ അല്ലെങ്കിൽ മാസങ്ങൾ നീളുന്ന തൻ്റെ ജലോപരിതല ജീവിതം അവസാനിപ്പിച്ച് ഈ ദ്വീപ് ഒട്ടനവധി തവണ സമുദ്രത്തിൽ മറഞ്ഞിട്ടുമുണ്ട്! കഴിഞ്ഞ രണ്ടായിരം വർഷങ്ങളായി തുടരുന്ന ഒളിച്ചുകളിയാണിത്. ക്രിസ്തുവിനും ഇരുന്നൂറ് വർഷങ്ങൾക്ക് മുൻപ് റോമും, കാർത്തേജു൦ തമ്മിൽ നടന്ന യുദ്ധത്തിനിടെ ഈ ദ്വീപ് നാലഞ്ചുതവണ പ്രത്യക്ഷപ്പെട്ടതായി ചരിത്രം പറയുന്നു. ആ സമയം വോൾക്കാനിക് ആക്റ്റിവിറ്റി കാരണം സമുദ്രമാകെ തിളച്ചുമറിയുകയായിരുന്നു എന്നാണ് വിവരിച്ചിരിക്കുന്നത് .

എന്തായാലും ഇത്തവണയും ഗ്രഹാം ദ്വീപ് പതിവ് തെറ്റിച്ചില്ല. 1832 ജനുവരിയിൽ ദ്വീപിനെ വീണ്ടും കടലെടുത്തു. കട്ടികുറഞ്ഞ ലാവാജന്യശിലകൾ ശക്തിയേറിയ തിരകളിൽ തകർന്ന് പോകുകയായിരുന്നു . 1863 ൽ വീണ്ടും ഒന്നോ രണ്ടോ ദിവസങ്ങൾ മാത്രം ദ്വീപിന്റെ ചില ഭാഗങ്ങൾ പുറത്തു കണ്ടതായി ചില കപ്പലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതോടു കൂടി ഈ ഭാഗത്തെ അഗ്നിപർവ്വതങ്ങളുടെ പ്രവർത്തനങ്ങൾ ഒരു നീണ്ടകാലത്തേക്ക് നിദ്രപ്രാപിക്കുകയും ചെയ്തു.

അങ്ങിനെ വിസ്‌മൃതിയിലാണ്ട ഗ്രഹാം ദ്വീപ് വീണ്ടും ജനശ്രദ്ധ ആകർഷിച്ചത് രണ്ടായിരാമാണ്ടിലാണ്. മെഡിറ്ററേനിയൻ സമുദ്രത്തിലെ സിസിലിയൻ തീരങ്ങളിൽ വീണ്ടും ജിയോതെർമൽ ആക്റ്റിവിറ്റികൾ ശക്തിപ്രാപിക്കുന്നതായി ഗവേഷകർ അറിയിച്ചു. ഗ്രഹാം ദ്വീപ് വീടും നാടുകാണുവാൻ എത്തിയേക്കാമെന്നുള്ള അഭ്യൂഹങ്ങൾ ശക്തിയാർജ്ജിച്ചു. അതോടുകൂടി രാഷ്ട്രങ്ങൾ ഉണർന്നു. ദ്വീപിൽ ആദ്യം കയറിക്കൂടി അവകാശം ഉറപ്പിക്കുവാൻ അവർ സന്നാഹങ്ങൾ തയ്യാറാക്കി. ദ്വീപ് ജലത്തിന് മുകളിൽ പ്രത്യക്ഷപ്പെടുന്നതിന് മുൻപ് തന്നെ ഇറ്റാലിയൻ ഡൈവർമാർ മുങ്ങിച്ചെന്ന് അതിന് മുകളിൽ തങ്ങളുടെ പതാക സ്ഥാപിക്കുക വരെ ചെയ്തു ! സിസിലിയാവട്ടെ കടൽത്തീരത്ത് വൻ പരിപാടികൾ സംഘടിപ്പിച്ച് തങ്ങൾ ഫെർഡിനാണ്ടിയ എന്ന് വിളിക്കുന്ന ഗ്രഹാം ദ്വീപ് ഉയർന്ന് വരുന്നതും കാത്ത് ലോകശ്രദ്ധ ആകർഷിച്ചു. പക്ഷെ ഇപ്രാവശ്യം ദ്വീപ് ജലത്തിന് മുകളിൽ ഒളിഞ്ഞുനോക്കാൻ വന്നില്ല. വൈകാതെ കടൽ ശാന്തമായതോടുകൂടി കാത്തിരുന്ന ജനങ്ങളും, രാജ്യങ്ങളും തങ്ങളുടെ ആയുസ്സിൽ ഗ്രഹാം ദ്വീപ് കാണാം എന്ന ആഗ്രഹം ഉപേക്ഷിച്ചു .

പക്ഷെ ഇപ്പോഴും കടൽ നിരപ്പിന് ഏതാണ്ട് എട്ട്മീറ്റർ താഴെ ഗ്രഹാം ദ്വീപ് മറഞ്ഞിരിപ്പുണ്ട് എന്നതാണ് സത്യം. അതിനാൽ തന്നെ കപ്പലുകളുടെ സുരക്ഷക്കായി ഇവിടൊരു ദ്വീപ് ഉള്ളതായി തന്നെയാണ് മാപ്പുകളിൽ രേഖപ്പെടുത്തിയിരിക്കുന്നതും . ഇനി ഇത് ഉയർന്നാൽ ഒരു പക്ഷെ നമ്മുക്ക് ലൈവ് ആയിത്തന്നെ കാണുവാൻ സാധിച്ചേക്കും.

(ഇവിടെ കാണുന്നത് 1831 ൽ ദ്വീപ് നേരിട്ട് കണ്ട ഫ്രഞ്ച് ജിയോളജിസ്റ്റ് കോൺസ്റ്റന്റ്റ് പ്രെവോസ്റ്റ് വരച്ച ചിത്രങ്ങളാണ്. )

റഷ്യൻ നാടിക്കഥകളിൽ ഇതുപോലെ കടലിനടിയിൽ ഒളിക്കുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ബുയാൻ എന്നൊരു സാങ്കൽപ്പിക ദ്വീപിനെക്കുറിച്ച് പരാമർശമുണ്ട്.

🛑 You are not allowed to use this text content for YouTube Videos without permission 🛑

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.

MORE POSTS

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More