ഇത്രയും വർഷം മുൻപേ ഉപഭോക്താവും, പരാതിയും, അത് കേൾക്കാനുള്ള വ്യാപാരിയുമൊക്കെ ഉണ്ടോ എന്ന് ചിന്തിച്ചേക്കാം. പക്ഷെ അങ്ങിനെയൊരു പരാതി പുരാവസ്തുഗവേഷകർക്ക് കിട്ടിയിട്ടുണ്ട് എന്നതാണ് രസം ! ക്രിസ്തുവിനും 1750 വർഷങ്ങൾക്ക് മുൻപ് ബാബിലോണിൽ വെച്ച് അന്നത്തെ ക്യൂനിഫോം ലിപിയിലാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. ലോകത്തിലെ ആദ്യത്തെ ഡോക്യുമെന്റഡ് കംപ്ലൈന്റ്റ് ആണിത് ! ഇന്നത്തെ പേർഷ്യൻ ഗൾഫിൽ നിന്നും ചെമ്പ് വാങ്ങിയ ശേഷം അത് മെസപ്പെട്ടോമിയയിൽ കൊണ്ടുചെന്ന് മറിച്ച് വിൽക്കുക എന്നതായിരുന്നു ഇയ നാസിർ എന്നയാളുടെ പ്രധാന കച്ചവടം. നാനി എന്നയാളാണ് നാസിറിന്റെ കയ്യിൽ നിന്നും കോപ്പർ ബാറുകൾ വാങ്ങിയിരുന്നത്. അങ്ങിനെ ഒരു നാൾ നാനി ചെമ്പ് കട്ടകൾ വാങ്ങിച്ചുകൊണ്ടുവരുവാനായി തന്റെ വേലക്കാരനെ നാസിറിന്റെ അടുക്കലേക്ക് അയച്ചു. വേലക്കാരൻ പണം കൊടുത്ത് അത് വാങ്ങി തന്റെ യജമാനനെ ഏൽപ്പിക്കുന്നു. പക്ഷെ വിശദമായ പരിശോധനയിൽ നാനിക്ക് കോപ്പർ ബാറുകളുടെ ശുദ്ധിയിൽ സംശയം തോന്നുന്നു. അത് എടുക്കുവാൻ അയാൾക്ക് മനസ് വന്നില്ല. അതിനാൽ അയാൾ തന്റെ പരാതി അന്നത്തെ അക്കാഡിയൻ ഭാഷയിൽ ക്യൂനിഫോം ലിപികളിൽ എഴുതി നാസിറിന് കൊടുക്കുവാനായി കൊടുത്തു വിട്ടു. തനിക്ക് കിട്ടിയ ചെമ്പിന്റെ നിലവാരമില്ലായ്മയും , ഇതിന് മുൻപൊരിക്കൽ ഇതുപോലൊന്ന് സംഭവിച്ചതായും നാനി തന്റെ പരാതിയിൽ പറഞ്ഞിട്ടുണ്ട്. മാത്രവുമല്ല ചെമ്പ് വാങ്ങിക്കുവാൻ വന്ന തന്റെ വേലക്കാരനോട് നാസിറിന്റെ ആളുകൾ വളരെ മോശമായി ആണ് ഇടപെട്ടതെന്നും നാനി കുറിക്കുന്നു. ഇതെഴുതുന്നത് എന്തിനാണെന്ന് വെച്ചാൽ ഈ ലോഡ് താൻ സ്വീകരിക്കുന്നില്ലെന്നും തന്റെ പണം മടക്കി നൽകണമെന്നും നാനി മാന്യമായി ആവശ്യപ്പെടുന്നു.
സുമേറിയൻ പട്ടണമായ ഉർ നഗരത്തിലെ പുരാതന അവശിഷ്ടങ്ങളിൽ നിന്നുമാണ് ഗവേഷകർക്ക് അമൂല്യമായ ഈ രേഖ ലഭിച്ചത്. ഒരു പക്ഷെ നാസിർ എന്ന ചെമ്പ് കച്ചവടക്കാരന്റെ സ്ഥലമായിരുന്നിരിക്കാം അത് . ഈ പരാതിക്ക് നാസിറിനെ പ്രതികരണം എന്തായിരിക്കും എന്ന ദുരൂഹത അവശേഷിപ്പിച്ചുകൊണ്ട് ഭൂമിയിലെ ആദ്യത്തെ എഴുതപ്പെട്ട പരാതിയെന്ന ഖ്യാതിയും പേറി നാനിയുടെ ഈ ടാബ്ലെറ്റ് ഇപ്പോൾ ബ്രിട്ടീഷ് മ്യൂസിയത്തിൽ ഇരിപ്പുണ്ട്.